അഭിവാദ്യങ്ങള്‍ക്ക് കാലുഷ്യം ഇല്ലാതാക്കാനാവും
മനുഷ്യരുടെ പരസ്പര ബന്ധങ്ങള്‍ ആഹ്ലാദകരമാക്കുന്നതില്‍ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിവാദനരീതികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിശ്വാസികള്‍ പരസ്പരം അഭിവാദനം നടത്തുന്നതിനെ വിശുദ്ധ ഖുര്‍ആനും പ്രവാചകനും നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നല്ല, വിശ്വാസം പൂര്‍ണമാകുന്നതിലും സ്വര്‍ഗലബ്ധി സാധ്യമാക്കുന്നതിലും വരെ അതിന് പങ്കുണ്ട് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത അഭിവാദനരീതികള്‍ക്ക് ഏകദേശം മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യന്‍ സാമൂഹികജീവിതം ആരംഭിച്ച കാലം മുതലേ വൈവിധ്യമാര്‍ന്ന രീതികളും വാക്കുകളുമുപയോഗിച്ച് അവര്‍ പരസ്പരം അഭിവാദ്യം ചെയ്തിട്ടുണ്ടാവാം. സംഭവലോകത്ത് വ്യത്യസ്ത മത-സംസ്‌കാര-ജീവിതരീതികളുമായി ബന്ധപ്പെട്ട് ധാരാളം അഭിവാദന രീതികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ മിക്കതും ഏതോ അര്‍ഥത്തില്‍ പരിമിതികളുള്ളവയാണ്. ഏറെ പ്രചാരമുള്ള 'ഗുഡ് മോണിംഗ്' പോലുള്ളവ ചില പ്രത്യേക സമയങ്ങളില്‍ മാത്രമേ പറയാന്‍ കഴിയൂ. മറ്റു ചിലത് സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നതാണ്. ഇവിടെയാണ് ഇസ്‌ലാമിന്റെ വ്യതിരിക്തമായ അഭിവാദനവാക്യം പ്രസക്തമാകുന്നത്.
ജാതി-മത-വര്‍ണ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യരെല്ലാവരും അടിസ്ഥാനപരമായി സമാധാനകാംക്ഷികളും സുരക്ഷിതത്വം ആഗ്രഹിക്കുന്നവരുമാണ്. സമാധാനം നഷ്ടപ്പെടുന്നതും അരക്ഷിതാവസ്ഥ സംജാതമാവുന്നതും ജീവിതത്തിലെ വലിയ പ്രതിസന്ധികളായാണ് ആളുകള്‍ കാണുന്നത്. ഇങ്ങനെ, മനുഷ്യന്റെ മൗലികാവശ്യമായ സമാധാനവും സുരക്ഷിതത്വവും പരസ്പരം നേരുകയാണ് ഇസ്‌ലാം അതിന്റെ അഭിവാദന വാക്യങ്ങളിലൂടെ. സലാം പറയണമെന്ന് പഠിപ്പിക്കുന്നതോടൊപ്പം ഇടപാടുകളില്‍ അതിന്റെ പ്രാധാന്യം വിവരിക്കുന്നുമുണ്ട് വിശുദ്ധ ഖുര്‍ആന്‍. ഒരു വ്യക്തി മറ്റു വീടുകളില്‍ കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ വിവരിക്കുന്നേടത്ത്, ഒന്നാമതായി നിങ്ങള്‍ സലാം പറയണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വിശ്വാസികളുടെ പരസ്പര ബാധ്യതകള്‍ പ്രതിപാദിക്കുന്ന തിരുവചനങ്ങളില്‍ സലാം പറയുന്നതിന് പ്രഥമസ്ഥാനം നല്‍കിയതായി കാണാം. മുസ്‌ലിംകള്‍ക്കാകമാനം മാതൃകായോഗ്യരായ സ്വഹാബിവര്യന്മാര്‍ സലാം വ്യാപിപ്പിക്കുക എന്ന പ്രവാചകകല്‍പന പ്രയോഗികതലത്തില്‍ ഏറ്റെടുത്തവരായിരുന്നു. പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) സലാം പറയാന്‍ വേണ്ടി മാത്രം വഴിയില്‍ ഇറങ്ങി നടക്കാറുണ്ടായിരുന്നുവെന്നാണ് ചരിത്രം.
പരസ്പരം സലാം പറയുകയെന്നത് മുഹമ്മദ് നബി(സ)യുടെ അനുയായികളായ മുസ്‌ലിംകളുടെ മാത്രം അഭിവാദന രീതിയല്ല. മറിച്ച്, എല്ലാ കാലഘട്ടങ്ങളിലും ഇസ്‌ലാമിന്റെ അഭിവാദനരീതി സമാനമായിരുന്നു എന്ന് മനസ്സിലാക്കാം. ആദം നബി(അ)യുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് അബൂഹുറൈറ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''പ്രവാചകന്‍ പറഞ്ഞു: ആദം നബിയെ സൃഷ്ടിച്ച ശേഷം അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: 'താങ്കള്‍ അവിടെ കൂടിയിരിക്കുന്ന മാലാഖമാരുടെ അടുത്തേക്ക് പോവുകയും അവരോട് സലാം പറയുകയും ചെയ്യുക. അവര്‍ എങ്ങനെയാണ് താങ്കളെ പ്രത്യഭിവാദനം ചെയ്യുന്നതെന്ന് താങ്കള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. അതാണ് താങ്കളുടെയും ഭൂമിയിലെ മുഴുവന്‍ മനുഷ്യരുടെയും അഭിവാദന രീതി.' അപ്പോള്‍ ആദം (അ) മലക്കുകളോട് പറഞ്ഞു: 'അസ്സലാമു അലൈകും'. അവര്‍ പ്രതിവചിച്ചു: 'വ അലൈകുമുസ്സലാം വറഹ്മത്തുല്ലാഹ്'' (ബുഖാരി, മുസ്‌ലിം). ആദ്യ മനുഷ്യനായ ആദം നബി മുതല്‍ ഇസ്‌ലാമിന്റെ അഭിവാദന രീതി സലാം പറയലായിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. പ്രവാചകരില്‍ പ്രമുഖനായ ഇബ്‌റാഹീം നബി(അ)യുടെ അടുക്കല്‍ സന്തോഷവാര്‍ത്തയുമായി വന്ന മലക്കുകള്‍ സലാം പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തതെന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു (51:25). ഇഹലോക ജീവിതത്തിനു ശേഷം നാളെ പരലോകത്തും ഇതേ അഭിവാദനവാക്യം കൊണ്ടാണ് വിശ്വാസികള്‍ അഭിവാദ്യം ചെയ്യപ്പെടുകയെന്ന സൂചനയും വിശുദ്ധ ഖുര്‍ആനില്‍ കാണാം (13:24).
സകല വിവേചനങ്ങള്‍ക്കുമതീതമായി എല്ലാവരോടും മാന്യമായി പെരുമാറണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ മാനവിക സങ്കല്‍പത്തിന്റെ തേട്ടമാണത്. ഒരാളെ നല്ല രീതിയില്‍ സലാം പറഞ്ഞുകൊണ്ട് അഭിവാദ്യം ചെയ്യുന്നതിന് അയാളുടെ മതമോ പ്രായമോ ലിംഗമോ പരിചയമോ ഒന്നും മാനദണ്ഡമാവരുതെന്ന് പ്രവാചകന്‍ പറയുന്നുണ്ട്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് (റ) നിവേദനം ചെയ്ത ഒരു ഹദീസ്: ''ഒരിക്കല്‍ പ്രവാചകസന്നിധിയില്‍ വന്ന് ഒരാള്‍ പറഞ്ഞു: 'ദീനില്‍ ശ്രേഷ്ഠമായ കാര്യങ്ങള്‍ എനിക്ക് അറിയിച്ചുതരിക.' പ്രവാചകന്‍ പറഞ്ഞു: ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുക, നിനക്ക് പരിചയമുള്ളവരോടും പരിചയമില്ലാത്തവരോടും സലാം പറയുക'' (ബുഖാരി, മുസ്‌ലിം). പ്രവാചകന്‍ പള്ളിയുടെ അടുത്തുകൂടി നടന്നു പോവുമ്പോള്‍ ഒരു കൂട്ടം സ്ത്രീകളെ കാണുകയും അവരോട് കൈയുയര്‍ത്തി സലാം പറയുകയും ചെയ്തതായി അസ്മാഅ് ബിന്‍ത് യസീദ് (റ) ഉദ്ധരിക്കുന്നുണ്ട്. എന്നല്ല കുട്ടികളോടു പോലും സലാം പറഞ്ഞാണ് പ്രവാചകന്‍ സംസാരം ആരംഭിച്ചിരുന്നത്. അനസി(റ)ല്‍നിന്ന്: ''നബി (സ) കുട്ടികളുടെ അടുത്തുകൂടെ നടന്നുപോവുമ്പോള്‍ അവരോട് സലാം പറയാറുണ്ടായിരുന്നു.'' (ബുഖാരി, മുസ്‌ലിം). വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഇടപഴകേണ്ടിവരുന്ന എല്ലാ ആളുകളോടും സലാം പറയണമെന്ന സന്ദേശമാണ് ഈ പ്രവാചകമൊഴികള്‍ നല്‍കുന്നത്.
അമുസ്‌ലിംകളോട് സലാം പറയാമോ എന്ന് ശങ്കിച്ചു നില്‍ക്കുന്നവരാണ് പലരും. എന്നാല്‍ പൂര്‍വസൂരികളായ പണ്ഡിതന്മാരിലധികവും അമുസ്‌ലിംകളോട് സലാം പറയാമെന്ന അഭിപ്രായക്കാരാണ്. പ്രവാചകശിഷ്യരില്‍ പ്രമുഖ പണ്ഡിതനായ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ), 'സഹവാസത്തിന്റെ അവകാശ'മായാണ് അതിനെ വിശദീകരിച്ചത്. പ്രവാചകഅനുയായികളില്‍ മറ്റൊരു പ്രമുഖ പണ്ഡിതനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) തന്റെ വേദക്കാരായ സുഹൃത്തുക്കള്‍ക്ക് കത്തെഴുതുന്ന സന്ദര്‍ഭത്തില്‍ ഇസ്‌ലാമികാഭിവാദനം കൊണ്ട് ആരംഭിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 'ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നിങ്ങള്‍ സലാം പറഞ്ഞ് തുടങ്ങരുത്' എന്ന പ്രവാചകനിര്‍ദേശമാണ് ഇതിനെതിരായി ചില പണ്ഡിതന്മാര്‍ ഉന്നയിക്കാറുള്ളത്. എന്നാല്‍ വേദക്കാരായ ചിലയാളുകള്‍ ഇസ്‌ലാമിലെ അഭിവാദന വാക്യം ഉച്ചരിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ നീക്കം ചെയ്ത്, മോശമായ അര്‍ഥം ധ്വനിപ്പിച്ചിരുന്ന ഒരു സവിശേഷ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം പ്രവാചകന്‍ നല്‍കിയത്. അഥവാ, അത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കാത്തിടത്ത്, അമുസ്‌ലിം സുഹൃത്തുക്കളോട് സലാം പറയാമെന്നു സാരം. 'അവരോട് ആദ്യം സലാം പറഞ്ഞ് തുടങ്ങുന്നതിന് വിരോധമില്ല' എന്ന ഉമറുബ്‌നു അബ്ദില്‍ അസീസി(റ)ന്റെ വാക്യവും ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.
സലാം പറയുന്നവര്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. സലാം പറയുന്നവര്‍ അത് പൂര്‍ണരൂപത്തില്‍ പറയുക എന്നതാണ് അതിലൊന്ന്. പൂര്‍ണരൂപത്തില്‍ സലാം പറയുന്നതിന് കൂടുതല്‍ പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. സലാം മടക്കാനും ഈ കല്‍പ്പന ബാധകമാണ്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ അഭിവാദ്യം ചെയ്യപ്പെട്ടാല്‍ അതിനേക്കാള്‍ നല്ലതു കൊണ്ട് പ്രത്യഭിവാദ്യം ചെയ്യുക. അല്ലെങ്കില്‍ സമാനമായതെങ്കിലും തിരിച്ചുകൊടുക്കുക'' (അന്നിസാഅ്:86). സോഷ്യല്‍ മീഡിയയുടെയും ചാറ്റിംഗിന്റെയും കാലത്ത് ഇത്തരമൊരു നിര്‍ദേശത്തിന് വലിയ പ്രസക്തിയുണ്ട്. ടൈപ്പ് ചെയ്യാനുള്ള സൗകര്യത്തിനു വേണ്ടി അഭിവാദന വാക്യം പരമാവധി ചുരുക്കുന്ന നമ്മള്‍, മനസ്സിലെങ്കിലും അത് പൂര്‍ണമായി ഉരുവിടാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നേരിട്ട് ബന്ധപ്പെടാത്ത ആളുകളോട് മറ്റൊരാള്‍ വഴി സലാം പറഞ്ഞയക്കാമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. ആഇശ(റ)യില്‍ നിന്ന്: ''പ്രവാചകന്‍ എന്നോട് പറഞ്ഞു: 'ഇതാ ജിബ്‌രീല്‍ നിന്നോട് സലാം പറയുന്നു.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'വ അലൈഹിസ്സലാമു വറഹ്മത്തുല്ലാഹി വബറകാത്തുഹു'-അദ്ദേഹത്തിനും ദൈവത്തിന്റെ രക്ഷയും സമാധാനവുമുണ്ടാവട്ടെ'' (ബുഖാരി, മുസ്‌ലിം). ഒരാള്‍ തനിക്ക് കഴിയുന്ന എല്ലാ മാര്‍ഗേണയും സലാം പറയണമെന്ന് സാരം.
നാം ജീവിക്കുന്ന സാമൂഹിക-സാംസ്‌കാരിക സാഹചര്യം അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍, ജാതി-മത ഭേദമന്യേ പരസ്പര ബന്ധങ്ങള്‍ ഊഷ്മളമാക്കുക എന്നത് സര്‍ഗാത്മക പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയാണ്. ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും പരസ്പരവിശ്വാസം നഷ്ടപ്പെടുന്ന കെട്ട കാലത്തിന് തിരുത്ത് നല്‍കാനും അഭിവാദ്യങ്ങളെയും ഉപയോഗിക്കാനാവുമോ എന്നും ആലോചിക്കണം.
Comments