'ഇസ്ലാംഭീതി'യെ ഫ്രാന്സ് മുന്നില്നിന്ന് നയിക്കുമ്പോള്
''കഴിഞ്ഞ വര്ഷം പതിനൊന്ന് ദശലക്ഷമാളുകള് അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി തെരുവിലിറങ്ങിയ നാട്ടില്നിന്നാണ് ഞാന് വരുന്നത്. പക്ഷേ, ഇന്ന് താരിഖ് റമദാനുമായി സംവാദം നടത്താന് പാരീസില് ഒരിടവും എനിക്ക് ലഭിക്കില്ല എന്ന് വന്നിരിക്കുന്നു'' ഫ്രഞ്ച് പത്രപ്രവര്ത്തകന് അലെന് ഗ്രഷിന്റെ വാക്കുകളാണിത്. തുറന്ന അഭിപ്രായ പ്രകടനത്തിന് ശക്തമായ സൈദ്ധാന്തിക പിന്ബലവും പ്രായോഗിക മാതൃകയും സമര്പ്പിക്കുന്ന നാട് എന്നതാണല്ലോ ഫ്രാന്സിനെക്കുറിച്ച് പതിറ്റാണ്ടുകളായി നാം പരിപാലിച്ചുപോരുന്ന ധാരണ. അത് തിരുത്താന് സമയമായിരിക്കുന്നു എന്നാണ് അലെന് ഗ്രഷ് പറയുന്നത്. ഹാസ്യ മാസികയായ ഷാര്ലെ എബ്ദോക്കു നേരെയും പാരീസിലെ പ്രമുഖ നഗരകേന്ദ്രങ്ങള്ക്ക് നേരെയുമുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഫ്രഞ്ച് ഭരണകൂടവും സമൂഹവും വളരെയേറെ മാറിയിരിക്കുന്നു. ശുദ്ധ സെക്യുലരിസ്റ്റുകളില് വരെ ഈ മാറ്റം പ്രകടമാണ്. ഇസ്ലാമിനെതിരെയും മുസ്ലിംകള്ക്കെതിരെയും ഫ്രഞ്ച് ഭരണകൂടവും സെക്യുലര് ബുദ്ധിജീവികളും തീവ്ര വലതുപക്ഷ വിഭാഗങ്ങളും ഇപ്പോള് ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. മുസ്ലിം വീടുകളിലും സ്ഥാപനങ്ങളിലും യാതൊരു മുന്നറിയിപ്പുമില്ലാതെ റെയ്ഡുകള് നടക്കുന്നു. സുരക്ഷയുടെ മറവില് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണ് നടക്കുന്നത്.
താരിഖ് റമദാനെ ഭരണകൂടം പാരീസില് കാലുകുത്താന് അനുവദിക്കാത്തത് അദ്ദേഹം ഭീകരവാദിയായതുകൊണ്ടല്ല. ഭീകരവാദികളോട് യാതൊരു അനുഭാവവും അദ്ദേഹം പുലര്ത്തുന്നുമില്ല. യൂറോപ്പില് നടന്ന സകല ഭീകരാക്രമണങ്ങളെയും അദ്ദേഹം കടുത്ത ഭാഷയില് അപലപിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന് മുസ്ലിംകളോട് വേറിട്ടുനില്ക്കാനല്ല, യൂറോപ്യന് പൊതുസമൂഹത്തിന്റെ ഭാഗമായി നിലകൊള്ളാനാണ് എന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രശ്നം അദ്ദേഹത്തിന്റെ ചില നിലപാടുകളാണ്. ഷാര്ലി എബ്ദോ ആക്രമണമുണ്ടായ സന്ദര്ഭത്തില്, ഫ്രഞ്ച് കലാകാരന് ജോയിം റോന്സിന് 'ഞാന് ഷാര്ലി എബ്ദോ' എന്നൊരു ലോഗോ രൂപകല്പന ചെയ്തിരുന്നു. ഭീകരാക്രമണത്തില് കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ആ ലോഗോ അണിഞ്ഞുകൊണ്ടാണ് പലരും വന്നിരുന്നത്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അത് മാറുകയും ചെയ്തു. ഇതിനോടുള്ള ഒരു ബൗദ്ധിക പ്രതികരണം എന്ന നിലക്ക് 'ഞാന് ഷാര്ലി എബ്ദോ അല്ല' എന്ന് റമദാന് പറഞ്ഞിരുന്നു. അതിനുള്ള ന്യായവും അദ്ദേഹം മുന്നോട്ടുവെച്ചു. അങ്ങനെയൊരു മുദ്രാവാക്യം ഏറ്റെടുക്കുക വഴി ഷാര്ലി എബ്ദോ പത്രം ചെയ്തതൊക്കെ ശരിയായിരുന്നുവെന്നും, താനതിനെ അംഗീകരിക്കുന്നുണ്ടെന്നും അര്ഥം വരും. ഷാര്ലി എബ്ദോ നടത്തിയ പ്രവാചകനിന്ദയെ തനിക്കൊരിക്കലും അംഗീകരിക്കാനാവില്ല. അതേസമയം അതിലെ കാര്ട്ടൂണിസ്റ്റുകളെ ഭീകരര് കൂട്ടക്കൊല ചെയ്തതിനെ തനി കാടത്തമായി താന് കാണുകയും ചെയ്യുന്നു. അതോടൊപ്പം, ഈ ഹാസ്യ മാസികയുടെ ഇരട്ടത്താപ്പിനെയും റമദാന് ചോദ്യം ചെയ്തിരുന്നു. മുന് ഫ്രഞ്ച് പ്രസിഡന്റ് സര്ക്കോസിയുടെ മകന് ജൂതായിസത്തിലേക്ക് മതം മാറിയതിനെ പരിഹസിച്ചുകൊണ്ട് സിനെ എന്ന കലാകാരന് കാര്ട്ടൂണ് വരച്ചപ്പോള് അയാളെ പിരിച്ചുവിടുകയായിരുന്നു മാസികയുടെ അധികൃതര്. പ്രവാചകനെ നിന്ദിച്ച് കാര്ട്ടൂണ് വരച്ചവരെയാകട്ടെ പൂച്ചെണ്ടുകള് നല്കി ആദരിക്കുകയും ചെയ്യുന്നു. ഇതിന് മറുപടി പറയാനാകാതെ വന്നപ്പോള് കൂടിയാണ് ഫ്രഞ്ച് അധികൃതരും അവിടത്തെ ബുദ്ധിജീവി കൂട്ടായ്മകളും താരിഖ് റമദാനെതിരെ പ്രതികാരബുദ്ധിയോടെ തിരിയുന്നത്.
ഇതൊരു വ്യക്തിക്കെതിരെയുള്ള ഒറ്റപ്പെട്ട നീക്കമല്ല. ഇസ്ലാമോഫോബിയയുടെ പലതരം രൂപങ്ങള് ഫ്രഞ്ച് അധികൃതരുടെ നീക്കങ്ങളിലും പ്രസ്താവനകളിലും മറനീക്കി പുറത്തുവരുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ഒരു ഫ്രഞ്ച് മന്ത്രി ഹിജാബ് ധരിച്ച സ്ത്രീകളെ 'അടിമത്തം സ്വീകരിച്ച നീഗ്രോകള്' എന്നാണ് വിശേഷിപ്പിച്ചത്. ഫ്രഞ്ച് ബുദ്ധിജീവികള് മുസ്ലിംകളെ ഫ്രാന്സില്നിന്ന് 'കയറ്റിയയക്കുന്ന'തിനെക്കുറിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ഫ്രാന്സില് താമസിക്കണമെന്നുണ്ടെങ്കില് ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ മൂല്യങ്ങളുമായി ഒത്തുപോകാത്ത ഇസ്ലാമില്നിന്ന് പുറത്തുകടക്കണമെന്നും അവര് ശഠിക്കുന്നു.
ഇനി, ജെ.എന്.യു വിദ്യാര്ഥി പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ കനയ്യ കുമാര് മാര്ച്ച് അവസാനം നടത്തിയ ഒരു പ്രസ്താവനയിലേക്ക് വരാം. കനയ്യയുടെ വാക്കുകള്: ''നമ്മുടെ കാലഘട്ടം ഇസ്ലാമോഫോബിയയുടെ കാലഘട്ടമാണ്. ടെററിസം, ടെററിസ്റ്റ് എന്നിവ ഇസ്ലാമിലേക്ക് ചേര്ക്കപ്പെടുന്ന പദങ്ങളായി മാറിയിരിക്കുന്നു. ഈ പദങ്ങള് കേള്ക്കുന്ന മാത്രയില് നിങ്ങളുടെ മനസ്സില് ഒരു മുസ്ലിമിന്റെ മുഖം തെളിഞ്ഞുവരികയായി.'' ഇടതുപക്ഷ ബുദ്ധിജീവികള് തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു കനയ്യയുടെ പ്രസംഗം. ഇന്നുവരെ അവരുടെ മുഖ്യ പരിഗണനയിലേക്ക് വന്നിട്ടില്ലാത്ത ഒരു വിഷയത്തിന്റെ ഗൗരവം സൂചിപ്പിച്ചതാവാം അദ്ദേഹം. ഇങ്ങനെയൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചതില് മീഡിയക്കുള്ള പങ്ക് ആര്ക്കും നിഷേധിക്കാനാവില്ല. എവിടെ സ്ഫോടനം നടന്നാലും അതിന്റെ പാപഭാരം മുഴുവന് മുസ്ലിംകളുടെ തലയില് വെച്ചുകെട്ടാന് മാധ്യമങ്ങള് മത്സരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ ഇന്ത്യന് മുഖ്യധാരാ പത്രപ്രവര്ത്തനത്തില് കാണാനാവുക. സ്ഫോടനം ഹിന്ദുത്വര് നടത്തിയാലും പഴി മുസ്ലിംകള് തന്നെ കേള്ക്കണം. ദിനംപ്രതി തിടം വെക്കുന്ന ഒരു ആഗോള പ്രവണതയാണിത്. അമേരിക്കയിലെ റിപ്പബ്ലിക്കന് സ്ഥാനാര്ഥി ഡൊണാള്ഡ് ട്രംപിന്റെ തുടര്ച്ചയായ മുസ്ലിം വിരുദ്ധ പരാമര്ശങ്ങള് കേവലം വാചകമടിയായി കാണാന് കഴിയില്ല. മറ്റു സ്ഥാനാര്ഥികളും അല്പാല്പമായി അതേറ്റെടുക്കുന്നതായാണ് കാണുന്നത്. മുസ്ലിം സമൂഹങ്ങളുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തില് വളരാനിടയുള്ള ഇസ്ലാമിനെതിരെയുള്ള ഈ കള്ളപ്രചാരണങ്ങളെ എങ്ങനെ നേരിടുമെന്നത് കക്ഷി വിഭാഗീയതകള്ക്കതീതമായി ചര്ച്ച ചെയ്യേണ്ട വിഷയമാണ്.
Comments