Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

അടിയന്തരാവസ്ഥ

പി.കെ റഹീം

ഓര്‍മ-6

1975 ജൂണ്‍ മാസത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടു. അഖിലേന്ത്യാ നേതാക്കളടക്കം എല്ലാ സംസ്ഥാനങ്ങളിലും അറസ്റ്റ് നടന്നു. കേരളത്തില്‍ കെ.സി അബ്ദുല്ല മൗലവി, അബ്ദുല്‍ അഹദ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു; തൃശൂരില്‍ ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം മൗലവി, വൈസ് പ്രസിഡന്റ് ടി.എ ഹമീദ് മാസ്റ്റര്‍, ജില്ലാ സെക്രട്ടറിയായിരുന്ന ഞാന്‍, ജോയിന്റ് സെക്രട്ടറി എന്‍.എ മുഹമ്മദ് എന്നിവരും. മൗലവിയും മാസ്റ്ററും ഇരിങ്ങാലക്കുട സബ്ജയിലിലും ഞാനും മുഹമ്മദും വിയ്യൂര്‍ സബ്ജയിലിലും ആയിരുന്നു. എന്‍. മുഹ്‌യുദ്ദീന്‍ ഷായെ സില്‍ക്ക് പാലസില്‍നിന്നും എന്നെ കാജാ സ്റ്റോറില്‍നിന്നും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ്. അന്ന് ജമാഅത്ത് പ്രവര്‍ത്തകനായിരുന്ന സ്റ്റേഷന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുസ്സമദാണ് അറസ്റ്റ് വിവരം ഞങ്ങളെ അറിയിച്ചത്. രാത്രിയോടെ എസ്.ഐ ജയശങ്കര്‍ സ്റ്റേഷനില്‍ വന്ന് ഞങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു.

''സായിപ്പന്മാര്‍ക്ക് ഭക്ഷണം വേണ്ടേ?'' ഒരു പോലീസുകാരന്റെ ചോദ്യം! 

''അവര്‍ക്ക് ബിരിയാണിയാണ് വേണ്ടത്'' മറ്റൊരു പോലീസിന്റെ കമന്റ്! 

''സര്‍, ഒന്നു ഫോണ്‍ ചെയ്യട്ടേ, ഭക്ഷണം കൊണ്ടുവരാനാണ്'' ഞാന്‍ ചോദിച്ചു. 

ഫോണ്‍ ചെയ്യാന്‍ സമ്മതിച്ചു. ഞാന്‍ കാജയിലേക്ക് ഫോണ്‍ ചെയ്തു. സൈനുദ്ദീനോട്, 'രണ്ട് ബിരിയാണി കൊടുത്തയക്കണം' എന്ന് പറഞ്ഞു. പോലീസുകാര്‍ ഞങ്ങളുടെ മുഖത്ത് നോക്കി. ബിരിയാണി എത്തി. ഞങ്ങള്‍ രണ്ടുപേരും ഭക്ഷണം കഴിച്ചു. പിറ്റേദിവസം രാവിലെ പത്രവുമായി വന്നത് എം.എ ബദ്‌റുദ്ദീന്‍ ആയിരുന്നു. അദ്ദേഹം സ്റ്റേഷനിലേക്കുള്ള പത്രം കൊടുത്ത ശേഷം ബ്രേക്ക് ഫാസ്റ്റിന് എന്താണ് കൊണ്ടുവരേണ്ടത് എന്ന് അന്വേഷിച്ചു. രണ്ടുപേര്‍ക്കുമുള്ള ബ്രേക്ക് ഫാസ്റ്റുമായി വന്നു. ഉച്ച തിരിഞ്ഞ് ഗോപാലകൃഷ്ണന്‍ എന്ന കോണ്‍സ്റ്റബിളിന്റെ നേതൃത്വത്തില്‍ ഞങ്ങളെ കുന്നംകുളം കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അടുത്താണ് ഹാജരാക്കേണ്ടിയിരുന്നത്. അദ്ദേഹം ലീവായിരുന്നതിനാല്‍ ഇന്‍ചാര്‍ജ് കുന്നംകുളം മജിസ്‌ട്രേറ്റായിരുന്നു. ജാമ്യം ലഭിക്കാനുളള എല്ലാ ശ്രമവും ഗോപാലകൃഷ്ണന്‍ സാര്‍ നടത്തിയിരുന്നെങ്കിലും ഇന്‍ചാര്‍ജ് ആയിരുന്നതിനാല്‍ മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തു. ഞങ്ങള്‍ ആറ് മണിയോടെ ജയിലിലെത്തി. ഞങ്ങളോടൊപ്പം ആര്‍.എസ്.എസുകാരായ ആറു പേരുണ്ടായിരുന്നു. ജയിലറുടെ മുറിയില്‍ ഞങ്ങള്‍ നിരന്നുനിന്നു. ആര്‍.എസ്.എസുകാര്‍ അവരുടെ ഷര്‍ട്ടും മുണ്ടും അഴിച്ചുവെച്ചു. പരിശോധന കഴിഞ്ഞ് അവരെ അകത്തേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ഷര്‍ട്ട് അഴിക്കാന്‍ തുടങ്ങിയപ്പോള്‍ ജയിലര്‍ വേണ്ടെന്നു പറഞ്ഞു. പോക്കറ്റിലുള്ളത് മേശപ്പുറത്ത് വെക്കാന്‍ ആവശ്യപ്പെട്ടു. ശേഷം ഈരണ്ട് ജമക്കാളവും ഭക്ഷണം കഴിക്കാനുള്ള അലൂമിനിയം പാത്രവും തന്നു. ഞങ്ങള്‍ രണ്ട് പേരും ഒരു മുറിയിലായിരുന്നു. എപ്പോഴും വെളിച്ചമുള്ള മുറിയായിരുന്നു ഞങ്ങളുടേത്. ഒരു ജമക്കാളം നിലത്തു വിരിച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. രണ്ടാമത്തേത് പുതക്കുകയോ തലക്കുവെക്കുകയോ ചെയ്യാം. 6 മണിക്ക് ഭക്ഷണം വിതരണം കഴിഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് ഭക്ഷണമുണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ 6 മണിക്ക് ജയില്‍ കവാടം തുറന്നു. എല്ലാ സെല്ലുകളിലുംനിന്ന് ആളുകള്‍ പുറത്തിറങ്ങി. അവര്‍ 4 വരികളിലായി മുറ്റത്ത് നിരയായി ഇരിക്കുന്നു. ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ പോലീസ് തടഞ്ഞു. നിങ്ങള്‍ക്ക് അകത്ത് സൗകര്യമുണ്ടെന്ന് പറഞ്ഞു. ടോയ്‌ലറ്റില്‍ പോകാനുള്ള ഇരിപ്പായിരുന്നു അത്. കക്കൂസുകള്‍ക്ക് വാതിലുകള്‍ ഉണ്ടായിരുന്നില്ല (ഇപ്പോള്‍ ജയിലിലെ ലാട്രിനുകളില്‍ അരഡോറുകളാണ് സ്ഥാപിച്ചിട്ടുള്ളത്). മുന്‍വശത്തുകൂടി ഒരു വാര്‍ഡന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ഞങ്ങളുടെ മുറിയിലും അര വാതില്‍ ഉണ്ടായിരുന്നു. 

തലേ ദിവസം സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് പേരെ കണ്ടു. ചന്ദനമുട്ടി കടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടവരായിരുന്നു അവര്‍. രാത്രി അടിവസ്ത്രം മാത്രം ധരിപ്പിച്ച അവരെ ഓരോരുത്തരെയായി അടിക്കുന്ന ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. രണ്ടു പേരെയും അടിച്ച് അവശരാക്കിയ ശേഷം മൂന്നാമത്തെ ആളെ വിളിക്കുന്നതിനു മുമ്പ് അയാള്‍ ഞങ്ങളോട് പറഞ്ഞു: ''സാറേ, എന്റെ കാലില്‍ ആണിയുണ്ട്. നിലത്തൂന്നാന്‍ പ്രയാസമാണ്. ദയവു ചെയ്ത് അടിക്കരുതെന്ന് പറയണം.''  ഞങ്ങള്‍ക്ക് സങ്കടം തോന്നി. 

അയാളെയും അവര്‍ മതിയാവോളം തല്ലി. ഇതിനിടെ  ചാക്ക് കെട്ടുമായി ഒരാളെ കൊണ്ടുവന്നു. ചാക്കില്‍ നിറയെ പുസ്തകമായിരുന്നു. ചാക്ക് തറയില്‍ കൊട്ടി. നിറയെ അശ്ലീല പുസ്തകങ്ങള്‍! ചക്കയില്‍ ഈച്ച എന്നതുപോലെ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ് ബാക്കി പുസ്തകങ്ങള്‍ ചാക്കില്‍ നിറച്ച് രണ്ടടിയും കൊടുത്ത് അയാളെ പറഞ്ഞയച്ചു. 

'മേലില്‍ ഇവിടെ കണ്ടു പോകരുത്' എന്നൊരു ഉപദേശവും! 

എന്റെയും മുഹമ്മദിന്റെയും വീട്ടില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റെയ്ഡ് നടന്നു. ഏതാനും പുസ്തകങ്ങളും ഫയലുകളും കൊണ്ടുപോയി. അഞ്ചാം ദിവസം ഞങ്ങളെ ജാമ്യത്തില്‍ വിട്ടു. അന്ന് മുഖ്യമന്ത്രി കെ. കരുണാകരനാണ്. മാള മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം ജയിച്ചിരുന്നത്. അബ്ദുസ്സലാം മൗലവിയുടെയും ഹമീദ് മാഷിന്റെയും താടി ജയിലധികൃതര്‍ വടിപ്പിച്ചത് ഒച്ചപ്പാടായി. മാളയിലെ അബ്ദുക്കയും വര്‍ഗീസും അലിമാഷും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇരിങ്ങാലക്കുട സ്റ്റേഷനിലെ രണ്ടുപേരെ സസ്‌പെന്റ് ചെയ്തു. ഞങ്ങള്‍ നാല് പേര്‍ക്കും ജാമ്യം അനുവദിക്കുകയും ചെയ്തു. ആഴ്ചതോറും ടൗണ്‍ സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്ന നിര്‍ദേശവും. 

നേതാക്കള്‍ കിടക്കുന്ന ജയിലുകള്‍ ഞാന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് പുതിയറ ജയിലിലും മഞ്ചേരി സബ്ജയിലിലും നേതാക്കള്‍ കിടന്നിരുന്നു. ആര്‍ക്കും പ്രത്യേകം ജയിലുകളൊന്നും അനുവദിച്ചിരുന്നില്ല. എഫ്.ഐ.ആര്‍ പല രീതിയിലാണ് തയാറാക്കിയിരുന്നത്. നിരോധം നിലനില്‍ക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതായിരുന്നു മുഖ്യ ആരോപണം. 

ഒരു ദിവസം പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ടൗണ്‍ സബ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് സമീപത്തായിരുന്നു പോലീസ് ക്ലബ്ബ്. ഞാന്‍ സൈക്കിളിലാണ് അവിടെ എത്തിയത്. പുറത്ത് ഉന്നത ഓഫീസര്‍മാര്‍ ഉണ്ടായിരുന്നു. എഴുത്തഛന്‍ എന്ന ഒരാള്‍ എന്നെ വിളിപ്പിച്ച കാര്യം പറഞ്ഞു. ക്ലബ്ബിനകത്ത് ടേബിള്‍ ടെന്നീസ് കളിക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ടൗണ്‍ എസ്.ഐയും ഹെഡ്‌കോണ്‍സ്റ്റബിളും ഉണ്ടായിരുന്നു. വൈറ്റ് പേപ്പറിലെഴുതിയ ഒരു സാക്ഷ്യപത്രം എനിക്ക് വായിക്കാന്‍ തന്നു. മരക്കാര്‍ എന്ന പേരില്‍ ഒപ്പിട്ടതായിരുന്നു അത്. എന്നെ അറിയും എന്നും എനിക്ക് പണം ആവശ്യമുള്ളപ്പോള്‍ അലങ്കാര്‍ ഹോട്ടലിലുള്ള ഹാജിയാരുടെ അടുത്തേക്ക് എന്നെ അയക്കുകയും ആവശ്യമുള്ള സംഖ്യ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നത് മരക്കാരാണ് എന്നതുമായിരുന്നു സാക്ഷ്യപത്രത്തിന്റെ ചുരുക്കം. അതുപോലെ ഒരെണ്ണം എന്നോട് എഴുതാന്‍ ആവശ്യപ്പെട്ടു. 

''മരക്കാറിനെ എനിക്കറിയാം. എന്റെ സഹപ്രവര്‍ത്തകനാണ്. എനിക്ക് പണം ആവശ്യമുള്ളപ്പോള്‍ എല്ലാം വി. കുഞ്ഞുമൊയ്തീന്‍ ഹാജിയെന്ന അലങ്കാര്‍ ഹാജിയാണ് സഹായിച്ചിരുന്നത്. എനിക്കാവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം പണം തന്ന് എന്നെ സഹായിച്ചിട്ടുണ്ട്. മരക്കാറിന്റെ പക്കല്‍ കത്ത് കൊടുത്തുവിട്ടാല്‍ അദ്ദേഹം പണം കൊടുത്തയക്കും. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. ബോംബെയില്‍ കള്ളക്കടത്തുകാരന്‍ ആയിരുന്നു. അവിടെ നിന്ന് പണം സമ്പാദിച്ച് നാട്ടില്‍ വന്ന് കച്ചവടം തുടങ്ങിയതാണ്. വിദേശ രാജ്യങ്ങളുമായി ധാരാളം ഇടപാടുകള്‍ ഉണ്ടായിരുന്നു.'' ഇതാണ് ഞാന്‍ സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. 

അലങ്കാര്‍ ഹാജി ജയിലിലായിരുന്നു. 'കൊഫോപോസ', 'മിസ' എന്നീ കരിനിയമങ്ങളാണ് ഹാജിയുടെ പേരില്‍ ചുമത്തിയിരുന്നത്. ഒരാരോപണവും അദ്ദേഹത്തിന്റെ മേല്‍ ഉന്നയിക്കാന്‍ തെളിവുണ്ടായിരുന്നില്ല. തെളിവിനായിരുന്നു എന്റെ സാക്ഷ്യപത്രം ആവശ്യപ്പെട്ടിരുന്നത്. ഒപ്പിടുകയില്ല എന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. എഴുത്തച്ഛനും എസ്.ഐയും നല്ല വാക്കുകള്‍ പറഞ്ഞ് എന്നെ പ്രേരിപ്പിച്ചു. റെയ്ഡ് ചെയ്ത വീടുകള്‍ സീല് വെക്കാന്‍ സര്‍ക്കാറിന്റെ ഉത്തരവുണ്ടായിരുന്നു. ആ ഉത്തരവ് പ്രകാരം വീട് സീല്‍ വെക്കേണ്ടതായിരുന്നു. റെയ്ഡ് ചെയ്ത സ്ഥലം ഓഫീസല്ലെന്നും കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളാണെന്നും അതിനാല്‍ വീടുകള്‍ സീല് വെക്കരുതെന്നും കലക്ടര്‍ക്ക് ഞാനും മുഹമ്മദും അപേക്ഷ കൊടുത്തിരുന്നു. അപേക്ഷ അനുസരിച്ച് സീല് വെക്കുകയുണ്ടായില്ല. ഇതിനെല്ലാം സഹായിച്ചത് എഴുത്തച്ഛനും എസ്.ഐയും ആയിരുന്നു. ആ ഔദാര്യത്തിന് പ്രത്യുപകാരമായാണ് സാക്ഷ്യപത്രത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടത്.

അതില്‍ പറഞ്ഞിട്ടുള്ളതെല്ലാം സത്യവിരുദ്ധമാണെന്നും സത്യവിരുദ്ധമായി ഒരു സാക്ഷ്യപത്രത്തിലും ഞാന്‍ ഒപ്പിടില്ലെന്നും പകരമായി വീട് സീല് വെക്കുന്നതിന് എനിക്ക് വിരോധമില്ലെന്നും തറപ്പിച്ചുപറഞ്ഞു. വീണ്ടും വീണ്ടും അവര്‍ ആവശ്യപ്പെട്ടു. എഴുത്തച്ഛന്‍ പുറത്തുപോയി ഓഫീസര്‍മാരുമായി സംസാരിച്ചു. എസ്.ഐ രൂക്ഷമായി എന്നെ നോക്കി. 'ഒപ്പിടുന്നതാണ് നല്ലതെ'ന്ന് ഭീഷണിപ്പെടുത്തി. എഴുത്തച്ഛന്‍ വീണ്ടും അകത്തു വന്ന് ഒരിക്കല്‍ കൂടി ഉപദേശിച്ചു. ഒപ്പിടില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ എന്നോട് പോകാന്‍ പറഞ്ഞു.

* * * * *

അടിയന്തരാവസ്ഥയുടെ മറവില്‍ അയ്യന്തോള്‍ മസ്ജിദ് കൈയേറാന്‍ യാഥാസ്ഥിതിക വിഭാഗങ്ങള്‍ ശ്രമം നടത്തിയിരുന്നു. സംഘടിതരായി 60 ഓളം പേര്‍ ഒരു വെള്ളിയാഴ്ച പള്ളിയിലെത്തി. പോലീസ് പ്രൊട്ടക്ഷനോടുകൂടിയായിരുന്നു അവരുടെ വരവ്. പള്ളി അവര്‍ക്ക് അവകാശപ്പെട്ടതാണെന്നും നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ താവളമായി പള്ളി ഉപയോഗിക്കുകയാണെന്നും അതിനാല്‍ അവര്‍ക്ക് പ്രവേശിക്കാനുള്ള അനുവാദം നല്‍കണമെന്നുമായിരുന്നു വാദം. ഇതിനുള്ള ഉത്തരവോടുകൂടിയാണ് അവര്‍ വന്നത്. പോലീസ് പ്രൊട്ടക്ഷന്‍ അവര്‍ക്കായിരുന്നു. വെള്ളിയാഴ്ച ആയിരുന്നതിനാല്‍ ഞാനും എം.എ ബദ്‌റുദ്ദീനും എം.എ മുഹമ്മദ് സുലൈമാനും (ഖത്തര്‍) പി.വൈ ബദ്‌റുദ്ദീനും അയ്യന്തോള്‍ പള്ളിയില്‍ നേരത്തേ ഹാജരായിരുന്നു. കൂടെ കെ.വി മുഹമ്മദ് മൗലവിയും ഉണ്ടായിരുന്നു. 

ജുമുഅ ആരംഭിക്കുകയാണ്. 'മആശിറ' വിളിക്കാന്‍ അവര്‍ കൊണ്ടുവന്ന മുഅദ്ദിന്‍ എഴുന്നേറ്റുനിന്നു. കൈയില്‍ വടിയുണ്ടായിരുന്നു. മആശിറ തുടങ്ങിയതോടെ കെ.വി മിമ്പറില്‍ കയറി. അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അടുത്ത വെള്ളിയാഴ്ചയും അവര്‍ സംഘം ചേര്‍ന്ന് പള്ളിയിലെത്തി. പോലീസ് വാനുകള്‍ പുറത്ത് കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നാലു പേര്‍ മാത്രമാണുണ്ടായിരുന്നത്. സമയമായപ്പോള്‍ മആശിറ ഇല്ലാതെത്തന്നെ അവര്‍ കൊണ്ടുവന്ന കെ.പി.കെ തങ്ങള്‍ മിമ്പറില്‍ കയറാന്‍ ഒരുങ്ങി. എം.എ സുലൈമാന്‍ അദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ പിടിച്ച് പുറകോട്ട് വലിച്ചു. ശക്തമായ പിടിയായിരുന്നു സുലൈമാന്റേത്. മമ്മുണ്ണി മൗലവി മിമ്പറില്‍ കയറുകയും ചെയ്തു. ഖുത്വ്ബ ആരംഭിച്ചതോടെ കുറേപേര്‍ ഇറങ്ങിപ്പോയി. മൂന്നാം വെള്ളിയാഴ്ച മാളയില്‍നിന്ന് പതിനഞ്ചോളം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ എത്തിച്ചേരുകയും കൊക്കാലെ ജുമുഅ മസ്ജിദില്‍ ഖത്വീബായിരുന്ന കുഞ്ഞു മുഹമ്മദ് മൗലവി ഖുത്വ്ബ നിര്‍വഹിക്കുകയും ചെയ്തു. ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ പ്രശ്‌നം പരിഹരിക്കാന്‍ കൊക്കാലെ ജമാഅത്ത് നിയോഗിച്ചതായിരുന്നു കുഞ്ഞുമുഹമ്മദ് മൗലവിയെ. അദ്ദേഹം മലയാളത്തില്‍ ഖുത്വ്ബ നിര്‍വഹിച്ചു. നമസ്‌കാരശേഷം പള്ളിയുടെ ആധാരവും ബിനാമിയായി വാങ്ങിയ രേഖയും പള്ളിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകളും ഞാന്‍ സദസ്സിനു മുമ്പാകെ സമര്‍പ്പിച്ചു. അതോടെ കുപ്രചാരണങ്ങള്‍ക്ക് അറുതിയായി. അടുത്ത ദിവസം തന്നെ ഫ്രൈഡേ ക്ലബ്ബിന്റെ നിര്‍ദേശമനുസരിച്ച് പള്ളി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു. ഞാന്‍ മുതവല്ലിയായാണ് രജിസ്‌ട്രേഷന്‍ നടന്നത്. ഇപ്പോഴും അതേ പേരിലാണ് തുടരുന്നത്. '63 മുതല്‍ തൃശൂരില്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ സ്വദേശിയായ എം.പി അഹ്മദ് സാഹിബാണ് ഇപ്പോള്‍ സെക്രട്ടറി. 1963-ല്‍ സ്മാള്‍ സ്‌കെയില്‍ ഇന്റസ്ട്രീസിന്റെ കീഴില്‍ ഫുട്‌വെയര്‍ സ്ഥാപനത്തില്‍ പരിശീലനത്തിനു വന്നവരായിരുന്നു എം.പി അഹ്മദും ഖാസിമും. പരിശീലനം കഴിഞ്ഞ് ഇവിടെ തന്നെ ചെരുപ്പ് നിര്‍മാണ കമ്പനി തുടങ്ങിയിരുന്നു അദ്ദേഹം. ഇപ്പോഴും അതേ ബിസിനസ്സ് തുടരുകയും പ്രസ്ഥാനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അയ്യന്തോളില്‍ തന്നെയാണ് താമസം. തൃശൂര്‍ സകാത്ത് കമ്മിറ്റിയുടെ ഓഡിറ്ററും നല്ലൊരു അക്കൗണ്ടന്റുമാണ് അദ്ദേഹം. 

(അവസാനിച്ചു)

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍