Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

എനിക്ക് എന്റെ മതം

അബ്ദുല്‍ ജബ്ബാര്‍ കൂരാരി

നീ പ്രഖ്യാപിക്കുക, അല്ലെയോ സത്യനിഷേധികളേ! നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നതിനെ ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ല. ഞാന്‍ ഇബാദത്ത് ചെയ്യുന്നതിനെ ഇബാദത്ത് ചെയ്യുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ ഇബാദത്ത് ചെയ്തതിനെ ഇബാദത്ത് ചെയ്യുന്നവനല്ല ഞാന്‍. ഞാന്‍ ഇബാദത്ത് ചെയ്യുന്നതിനെ നിങ്ങളും ഇബാദത്ത് ചെയ്യുന്നില്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം'' (വിശുദ്ധ ഖുര്‍ആന്‍: 109). 
പ്രവാചകന്റെ മക്കാ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. നബി(സ)യുടെ പ്രബോധനവുമായി പൊരുത്തപ്പെടാന്‍ ശത്രുക്കള്‍ സന്നദ്ധരായിരുന്നില്ല. എതിര്‍പ്പിന്റെ കൊടുങ്കാറ്റ് നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താന്‍, പലവിധ സന്ധി നിര്‍ദേശങ്ങളുമായി ശത്രുപക്ഷം പ്രവാചകനെ സമീപിക്കുക സ്വാഭാവികം. 
ഒരിക്കല്‍ ഖുറൈശികള്‍, നബി (സ)യോട് പറഞ്ഞു: ''മുഹമ്മദേ, മക്കയിലെ ഏറ്റവും വലിയ സമ്പന്നനാകാന്‍ ആവശ്യമുള്ളത്ര ധനം ഞങ്ങള്‍ താങ്കള്‍ക്ക് തരാം. അതല്ലെങ്കില്‍, താങ്കള്‍ക്കിഷ്ടമുള്ള ഏത് യുവതിയെയും കല്യാണം കഴിപ്പിച്ചുതരാം. താങ്കള്‍ ഞങ്ങളുടെ ഒരു ഉപാധി മാത്രം സ്വീകരിച്ചാല്‍ മതി.'' 
''അതെന്താണ്?'' നബി ചോദിച്ചു. 
അവര്‍ പറഞ്ഞു: ''ഞങ്ങളുടെ ദൈവങ്ങളെ വിമര്‍ശിക്കരുത്. അങ്ങനെയെങ്കില്‍, ഞങ്ങള്‍ ഒന്നടങ്കം താങ്കളെ പിന്തുണക്കുന്നതാണ്. ഇത് അസ്വീകാര്യമാണെങ്കില്‍ ഞങ്ങളുടെ മറ്റൊരു നിര്‍ദേശവും താങ്കള്‍ കേള്‍ക്കണം.'' 
''പറയൂ കേള്‍ക്കട്ടെ'' -നബി.
അവര്‍ പറഞ്ഞു: ''ഒരു കൊല്ലം ഞങ്ങള്‍ താങ്കളുടെ ദൈവത്തെ ആരാധിക്കാം. ഒരു വര്‍ഷം താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളെ അഥവാ ലാത്തയെയും ഉസ്സയെയും ആരാധിക്കണം.''
ഈ തീര്‍പ്പ് ഫോര്‍മുലക്ക് അല്ലാഹു കൊടുത്ത മറുപടിയാണ്, ഖുര്‍ആനിലെ അല്‍കാഫിറൂന്‍ അധ്യായം. 
ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര വീക്ഷണങ്ങളാണ് തൗഹീദും ശിര്‍ക്കും; തീയും വെള്ളവും പോലെ. ഇവക്കിടയില്‍ ഒത്തുതീര്‍പ്പ് അസാധ്യം. 
മൂല്യാധിഷ്ഠിതമായ ഒരാദര്‍ശത്തിന്റെ വക്താക്കളാണ്, മുസ്‌ലിംകള്‍. തൗഹീദില്‍ വെള്ളം ചേര്‍ത്ത് മലീമസമാക്കാന്‍ ഒരിക്കലും മുസ്‌ലിംകള്‍ തയാറാവുകയില്ല. വിട്ടുവീഴ്ചയും മതസൗഹാര്‍ദ്ദവും ഏത് സമൂഹത്തിലും പുലരണം. അത് മുസ്‌ലിംകളുടെയും ബാധ്യതയാണ്. അതിന് സര്‍വഥാ സന്നദ്ധരുമാണവര്‍. പക്ഷെ, ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും അവര്‍ തയാറാവുകയില്ല. ഇതാണ് ഇസ്‌ലാമിന്റെ ഉറച്ച നിലപാട്. 
സമ്പത്ത് തരാം, സ്ഥാനമാനങ്ങള്‍ നല്‍കാം എന്നൊക്കെ പറഞ്ഞു ശത്രുക്കള്‍ സമര്‍പ്പിച്ച സമാധാന ഫോര്‍മുല തള്ളിക്കളഞ്ഞതിലൂടെ പ്രവാചകന്‍ പ്രകടിപ്പിച്ച ആദര്‍ശ ധീരത മതനേതാക്കളുടെയും പ്രബോധകരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. 
തൗഹീദും ശിര്‍ക്കും ഒരിക്കലും സന്ധിക്കുകയില്ല. അവ കൂട്ടിക്കുഴച്ചു ഒരു ഒത്തുതീര്‍പ്പിനും സാധ്യമല്ലെന്ന സന്ദേശമാണ് അത് ലോകത്തിന് നല്‍കുന്നത്. ശത്രുപക്ഷത്തെ സന്ധി നിര്‍ദേശത്തിനുള്ള മറുപടിയാണിത്: ''എനിക്ക് എന്റെ മതം. നിങ്ങള്‍ക്ക് നിങ്ങളുടെ മതം.'' 

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍