Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

ആരെങ്കിലുമുണ്ടോ വിവേകശാലികള്‍?

ഇഹ്‌സാന്‍

ന്ത്യന്‍ റിപ്പബ്ലിക്കിന്റെ വായ മൂടിക്കെട്ടാനുള്ള ഏതോ ഭരണഘടനാ സ്വാതന്ത്ര്യമുപയോഗിച്ചാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഗുണ്ടായിസം നടത്തുന്നതെന്ന് തോന്നും ചില ദേശീയ ചാനലുകള്‍ കാട്ടിക്കൂട്ടുന്നത് കണ്ടാല്‍. രാജ്യത്തിന്റെ താല്‍പര്യം പോയിട്ട് ബി.ജെ.പിയുടേതുപോലും ഏതാണ്ട് സം'പൂജ്യ'മാകുന്ന ദുരന്തനാടകത്തിലേക്കാണ് ഈ സംഘടനകളും അവരെ താങ്ങിനിര്‍ത്തുന്നവരും ഇന്ത്യയെ കൊണ്ടുപോകുന്നത്. മാധ്യമങ്ങള്‍ ഇതുപോലെ സര്‍ക്കാറിന്റെ പുറം ചൊറിഞ്ഞ് നശിപ്പിച്ച കാലമുണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രിയെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തെ ഉന്മാദമെന്ന് ഒരു നിമിഷം ആലോചിച്ചാല്‍ മനസ്സിലാകും ഈ വ്യത്യാസം.

ഉദാഹരണത്തിന് ദല്‍ഹിയെ തന്നെ എടുക്കുക. മഹാനഗരത്തിലെ വോട്ടര്‍മാരോട് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജനാധിപത്യവിരുദ്ധമായ രീതിയില്‍ അരിശം തീര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് നൂറു തവണ എഴുതേണ്ട സാഹചര്യം കഴിഞ്ഞു. അംബാനിയുടെ സ്വകാര്യ ഇലക്ട്രിസിറ്റി കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കുന്നത് കെജ്‌രിവാളാണെന്ന ഒറ്റക്കാരണം കൊണ്ട് ഓരോ തവണയും മാധ്യമങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനോടും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോടും ഏറ്റവുമൊടുവില്‍ ബി.ജെ.പി ഭരിക്കുന്ന ദല്‍ഹി കോര്‍പ്പറേഷനോടുമൊപ്പം നിന്നു. കെജ്‌രിവാളിന്റെ ഭരണം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ എന്തൊക്കെ വാഗ്ദാനങ്ങള്‍ പാലിച്ചു എന്നല്ല, എന്തൊക്കെ പാലിച്ചില്ല എന്നാണ് മാധ്യമങ്ങളിലെ ചര്‍ച്ച. ഭരണഘടന ദുരുപയോഗം ചെയ്ത് ദല്‍ഹി സര്‍ക്കാറിനെ തകര്‍ക്കാവുന്ന പുതിയ രീതികള്‍ കേന്ദ്രസര്‍ക്കാര്‍ ഗവേഷണം ചെയ്തു കണ്ടെത്തുമ്പോഴൊക്കെ അതിനെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ മീഡിയ തൂക്കമൊപ്പിച്ചുനിര്‍ത്തി; മുഖ്യമന്ത്രിയുടെ ഓഫീസൊക്കെ ഒരു ഓഫീസാണോ എന്ന മട്ടില്‍. അതുകൊണ്ട് സി.ബി.ഐയെ കേന്ദ്രം അഴിഞ്ഞാടാന്‍ വിട്ടു. എല്ലാറ്റിനുമൊടുവില്‍ ആ റെയ്ഡിന്റെ രഹസ്യം ആരുടെ കെട്ടു മണക്കുന്ന അഴിമതി ഫയലുകള്‍ പിടിച്ചെടുക്കാനായിരുന്നെന്ന് കെജ്‌രിവാള്‍ വിളിച്ചുപറഞ്ഞ് കേന്ദ്ര സര്‍ക്കാറിന് മാനക്കേടുണ്ടാക്കിയപ്പോള്‍ അരുണ്‍ ജയ്റ്റ്‌ലിയുടെ വാദങ്ങള്‍ക്കായി മീഡിയ കൂടുതല്‍ അച്ചുനിരത്തി.

രാജ്യത്തിന്റെ നാല് സുപ്രധാന സൈനിക താവളങ്ങളിലൊന്നായ പത്താന്‍കോട്ട് ആക്രമിക്കപ്പെട്ടതിനു ശേഷം ഹെഡ്‌ലിയുടെ കെട്ടിയെഴുന്നള്ളത്ത് ആഘോഷമാക്കാനായിരുന്നു ബി.ജെ.പിക്കു തിടുക്കം. സ്വാഭാവികമായും മീഡിയ മുംബൈയെ കുറിച്ചു മാത്രം വീണ്ടും വീണ്ടും പറയാന്‍ തുടങ്ങി. മുംബൈയില്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഈ നരാധമനെയാണ് പാകിസ്താനെതിരെ തെളിവുണ്ടാക്കാനായി കേന്ദ്രം മാപ്പുസാക്ഷിയാക്കിയത്. അപ്പോള്‍ ഇതുവരെ ആരോപിച്ചതിനൊന്നും തെളിവുണ്ടായിരുന്നില്ലേ, ഇത്രയും വലിയ വിട്ടുവീഴ്ച ചെയ്ത് ഹെഡ്‌ലിയില്‍നിന്ന് തന്നെ തെളിവ് ശേഖരിക്കാന്‍? ഈ ഹെഡ്‌ലി അമേരിക്കക്കാരന്‍ ആയിരുന്നില്ല എന്നു വിചാരിക്കുക. അയാള്‍ക്കെതിരെ മാത്രമല്ല അയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഒരു രാജ്യമുണ്ടെങ്കില്‍ അവര്‍ക്കെതിരെ പോലും അന്താരാഷ്ട്ര കോടതിയില്‍ കേസ് കൊടുക്കാനാവും. എന്നിട്ടാണ് അയാളെ അമേരിക്കയിലെ ജയിലില്‍നിന്നും പുറത്തിറക്കാന്‍ മോദി സര്‍ക്കാര്‍ ഈ നാടകത്തിന് കൂട്ടു നില്‍ക്കുന്നത്. ലാഭമോ? അമിത് ഷായെ വിശുദ്ധനാക്കാന്‍ ഈ ഹെഡ്‌ലി കുറേ മൊഴികള്‍ നല്‍കും. അതേസമയം ഇശ്‌റത്ത് ജഹാന്‍ എന്ന ഒരു നിരപരാധി പെണ്‍കുട്ടിയെ വ്യാജ 'ഏറ്റുമുട്ടല്‍' നടത്തി വധിച്ച കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാന്‍ മുംബൈ കോടതിയുടെ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം ഇരന്നു വാങ്ങിയ ആ മൊഴിയുടെ മറുവശം ആരും ചര്‍ച്ചക്കെടുത്തില്ല. നിയമപരമായി ഇന്ത്യന്‍ കോടതിയില്‍ ഇതുവരെ തെളിയിക്കാനായിട്ടില്ലാത്ത ഈ ആരോപണം സത്യപ്പെടുത്തുക വഴി അതുവരെ പാകിസ്താനെതിരെ ഹെഡ്‌ലി പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനുള്ള അവസരമല്ലേ ഇന്ത്യ ഒരുക്കിക്കൊടുത്തത്?

പത്താന്‍കോട്ട് ആക്രമണം രാജ്യത്തെ നാണം കെടുത്തിയിട്ടും മാധ്യമങ്ങള്‍ മോദി സര്‍ക്കാറിനെ വെറുതെവിട്ടു. ബി.ജെ.പി മുന്നണി ചേര്‍ന്ന് ഭരിക്കുന്ന ഒരു സംസ്ഥാനത്തെ തലമൂത്ത പോലീസ് സൂപ്രണ്ടിനെ ആക്രമണത്തിനു ശേഷം പിടികൂടേണ്ട ഗതികേടുണ്ടായ രാജ്യത്ത് ലശ്കറെ ത്വയ്യിബയെയോ ജയ്‌ശെ മുഹമ്മദിനെയോ കുറ്റം പറയാനുള്ള മിനിമം അവകാശം പോലും ഇല്ലാതാവുകയല്ലേ ഉണ്ടായത്? ഇത്രയും കഴിവുകെട്ട ഒരു സര്‍ക്കാര്‍ ഇതിനു മുമ്പ് എപ്പോഴാണ് രാജ്യം ഭരിച്ചത്? മന്‍മോഹന്‍ സിംഗിന് 'പോളിസി പരാലിസിസ്' ഉണ്ടായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ മാധ്യമങ്ങള്‍ രണ്ടു കൊല്ലം കൊണ്ട് അദ്ദേഹത്തിന്റെ കാലത്തേക്കാളും മൂല്യം കെട്ടുപോയ ഇന്ത്യന്‍ രൂപയെ കുറിച്ച് എന്തേ മിണ്ടുന്നില്ല? ഏറ്റവുമൊടുവില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും മന്‍മോഹന്റെ കാലത്തെ മോദി പിന്നിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദ് യൂനിവേഴ്‌സിറ്റി സംഭവം ബി.ജെ.പിക്ക് ഉണ്ടാക്കാന്‍ പോകുന്ന ആഘാതം പാര്‍ട്ടി തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ. മധ്യവര്‍ഗ സമൂഹങ്ങള്‍ ഇതിനകം മോദിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിന്നാക്ക വര്‍ഗ വിഭാഗങ്ങള്‍ കണ്ണു തുറന്നത് രോഹിത് വെമുല സംഭവത്തിന് ശേഷമായിരുന്നു. രാജ്യത്ത് ഇനി വരാനുള്ള തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് യു.പി, ബംഗാള്‍ തെരഞ്ഞെടുപ്പുകളില്‍ പതിവ് കുതന്ത്രങ്ങള്‍ സഹായിക്കുന്നില്ലെങ്കില്‍ ഈ ദലിത് വോട്ടുബാങ്ക് ആയിരിക്കും ബി.ജെ.പിയുടെ ചരമക്കുറിപ്പ് എഴുതുക. ഈ വിഷയത്തില്‍ പാര്‍ട്ടി കൂടുതല്‍ തലതിരിഞ്ഞ നിലപാടുകളിലേക്കാണ് എത്തിപ്പെടുന്നതും. ഹൈദരാബാദ് സംഭവം രാജ്യത്തെ മറ്റു യൂനിവേഴ്‌സിറ്റികളിലേക്ക് പടരാതിരിക്കാന്‍ ബി.ജെ.പി കണ്ടെത്തിയ ന്യായമായിരുന്നു ജെ.എന്‍.യുവിലെ സെമിനാര്‍. അഫ്‌സല്‍ ഗുരുവിനെ കുറിച്ച ചര്‍ച്ച ദേശദ്രോഹമാണെങ്കില്‍ എത്ര മാധ്യമങ്ങള്‍ക്കെതിരെ ഈ സര്‍ക്കാര്‍ ആദ്യം കേസെടുക്കണം? അന്തരിച്ച മുഫ്തി മുഹമ്മദ് സഈദ് ഈ വിഷയമുന്നയിച്ച് കഴിഞ്ഞ കശ്മീര്‍ തെരഞ്ഞെടുപ്പു കാലത്ത് നടത്തിയ ഏതെങ്കിലുമൊരു റാലിക്കെതിരെ മോദി സര്‍ക്കാര്‍ കേസെടുത്തിരുന്നോ? അഫ്‌സല്‍ ഗുരു സെമിനാറില്‍ ആര് പാകിസ്താന് സിന്ദാബാദ് വിളിച്ചു എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. സ്വന്തം രാജ്യത്തെ പരമോന്നത സര്‍വകലാശാലയുടെ കാര്യത്തില്‍ ഒരു ആഭ്യന്തരമന്ത്രി പറയേണ്ട വര്‍ത്തമാനമാണോ രാജ്‌നാഥ് സിംഗ് പറഞ്ഞത്? സ്വാഭാവികമായും ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് സഈദ് ആഭ്യന്തരമന്ത്രിയെ കവിളത്ത് തോണ്ടുന്ന കാലമെത്തി. അല്ല, വിവേകമുള്ള ആരുമില്ലേ ഇക്കൂട്ടത്തില്‍? 

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍