വിശ്വാസത്തിന്റെ തെളിച്ചം കെടുത്തിയ തര്‍ക്കങ്ങള്‍
ഖുര്‍ആനിലെ പ്രഥമ അധ്യായമാണ് അല്‍ഫാതിഹ. ഖുര്‍ആന്റെ ആമുഖമാണത്. പ്രാര്‍ഥനാ രൂപത്തിലാണ് അത് ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ഉത്തമ പ്രാര്‍ഥനയുടെ അത്യുദാത്തമായ മാതൃക. ഫാതിഹയില്‍ അല്ലാഹു മനുഷ്യന്റെ ജീവിതലക്ഷ്യവും അത് സാക്ഷാത്കരിക്കാനുള്ള മാര്‍ഗവും കാണിച്ചുതന്നിരിക്കുകയാണ്. ഈ ജീവിത ലക്ഷ്യവും മാര്‍ഗവും മനുഷ്യന്‍ സ്വയം മനസ്സിലാക്കി അംഗീകരിക്കണം. അതിന് ദൈവികമായ ഉതവി(തൗഫീഖ്)യും ആവശ്യമാണ്. അത് ലഭിക്കാനള്ള വിനയാന്വിതമായ പ്രാര്‍ഥനയാണ് ഫാതിഹ. മനുഷ്യരെയും ജിന്ന് വര്‍ഗത്തെയും അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യാന്‍ സൃഷ്ടിച്ചിട്ടുള്ളതാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (അദ്ദാരിയാത്ത് 56).
മനുഷ്യന്റെ ജീവിതലക്ഷ്യം സന്മാര്‍ഗപ്രാപ്തിയാണ്. അല്ലാഹുവിന് മാത്രമുള്ള ഇബാദത്താണ് അതിന്റെ മാര്‍ഗം. മനുഷ്യന്‍ ഫാതിഹയിലൂടെ 'ഞങ്ങള്‍ നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു, ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുന്നു' എന്നാണ് പ്രാര്‍ഥിക്കുന്നത്.
ഒരു ക്രമപ്രശ്‌നം
അല്ലാഹുവിന് മാത്രമേ വിധേയത്വവും അനുസരണവും പ്രാര്‍ഥനയും (ഇബാദത്ത്) പാടുള്ളൂ, മറ്റാര്‍ക്കുമത് പാടില്ല എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. സഹായാര്‍ഥനയും അങ്ങനെത്തന്നെയാണോ? അത് മറ്റുള്ളവരോടും ആയിക്കൂടേ? ഇതാണ് ക്രമപ്രശ്‌നം. എന്നാല്‍ ഇത്തരം ഒരു ക്രമപ്രശ്‌നം സാധാരണ മുസ്‌ലിംകളെ ബാധിക്കാറില്ല. പണ്ഡിതന്മാരാണ് അതിന്റെ ഇരകള്‍. സ്വഹാബിമാര്‍ക്കിടയില്‍ അങ്ങനെയൊരു ആലോചനയുണ്ടായതിന് തെളിവുകളൊന്നും കാണുകയില്ല. എന്നാല്‍ 'വ ഇയ്യാക നസ്തഈന്‍' എന്ന സൂക്തഭാഗത്തിന് 'അഭൗതികമായ മാര്‍ഗത്തിലൂടെ' എന്ന് ബ്രാക്കറ്റ് നല്‍കി പല പണ്ഡിതന്മാരും തര്‍ജമ ചെയ്തുകാണുന്നു. ഏതാണ്ട് എല്ലാവരും അങ്ങനെ മനസ്സിലാക്കുന്ന ഒരു അവസ്ഥ നിലവിലുണ്ട്. പണ്ഡിതന്മാരുടെ മനസ്സുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ക്രമപ്രശ്‌നത്തിന്റെ ഉല്‍പ്പന്നമാണ് ഈ ബ്രാക്കറ്റെന്നാണ് തോന്നുന്നത്. അതിന് ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നും പിന്‍ബലം കിട്ടുകയില്ല. തെറ്റായ രണ്ട് പ്രേരണകളാണ് അനാവശ്യമായ ഈ വിശദീകരണത്തിലേക്ക് പണ്ഡിതന്മാരെ നയിച്ചത് എന്ന് കരുതുന്നു. ഖുര്‍ആനെ തത്ത്വശാസ്ത്ര ഗ്രന്ഥത്തെയെന്നപോലെ വ്യാഖ്യാനിക്കുന്ന സമ്പ്രദായവും, അതിന് ഖുര്‍ആന്ന് അന്യമായ തര്‍ക്കശാസ്ത്ര രീതി സ്വീകരിക്കുന്ന ദുശ്ശീലവുമാണ് ഒന്നാമത്തേത്. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹുവും, തത്ത്വശാസ്ത്രം അംഗീകരിച്ചുതരുന്ന ദൈവവും രണ്ടാണ്. തഫ്‌സീറുകളെ ഏറെ സ്വാധീനിച്ച യവന തത്ത്വശാസ്ത്രം സമ്മതിച്ചുതരുന്ന ദൈവം ഒരു സൈദ്ധാന്തിക ഉല്‍പ്പന്നമാണ്. ഈ പ്രപഞ്ചം ഉള്ളതുകൊണ്ട്, അല്ലെങ്കില്‍ പ്രപഞ്ചം ഉള്ളതായി മനുഷ്യര്‍ക്ക് അനുഭവപ്പെടുന്നതുകൊണ്ട് മാത്രം താര്‍ക്കികമായി ഉണ്ടെന്ന് സമ്മതിച്ചുതരുന്ന ഒരു ഉണ്മ. അതിലപ്പുറം ദൈവം അവര്‍ക്ക് യാതൊന്നുമല്ല! ആ ഉണ്മയെ അവര്‍ വാജിബുല്‍ വുജൂദ് (ഉണ്ടാവല്‍ നിര്‍ബന്ധമായ ഉണ്മ) എന്ന് നിര്‍വചിക്കുന്നു. മനുഷ്യന്റെ ജീവിതലക്ഷ്യമായ സന്മാര്‍ഗപ്രാപ്തിയും അതിന്റെ മാര്‍ഗമായ ഇബാദത്തും അവരുടെ വിഷയമല്ല.
എന്നാല്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു മനുഷ്യരുടെ നിര്‍വചനങ്ങള്‍ക്ക് വഴങ്ങുന്നവനല്ല. മനുഷ്യരാകട്ടെ അവനെ പോലെ കഴിവും ശക്തിയുമില്ലാത്ത, ഏകനായ അവന്റെ വിനീതദാസന്മാര്‍ മാത്രമാണ്. അല്ലാഹുവിനെ നിര്‍വചിക്കാന്‍ മനുഷ്യന് കഴിയുകയില്ല. അവന്റെ കല്‍പനക്ക് വഴിപ്പെട്ട് അവന്റെ ഇംഗിതപ്രകാരം ജീവിക്കുക മാത്രമാണ് മനുഷ്യന്റെ കര്‍ത്തവ്യം.
രണ്ടാമത്തെ പ്രേരണ, ദീര്‍ഘകാലമായി മുസ്‌ലിംകള്‍ അകപ്പെട്ടിട്ടുള്ള തര്‍ക്കവിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമാണ്. അതില്‍ പ്രാധാനം അല്ലാഹുവിനോടുള്ള ഇടതേട്ടം എന്ന് വ്യവഹരിക്കപ്പെടുന്ന തവസ്സ്വുലും, മരണപ്പെട്ട ഔലിയാക്കളോടുള്ള സഹായവിളിയെന്ന് പറയപ്പെടുന്ന ഇസ്തിഗാസയും തന്നെ. 'ഇസ്തിഗാസ' നല്ല കാര്യമാണെന്ന് വാദിക്കുന്നവര്‍ അല്ലാഹു ഔലിയാക്കള്‍ക്ക് ജീവിതകാലത്തും മരണാനന്തരവും അസാധാരണ സിദ്ധിവിശേഷങ്ങള്‍ പതിച്ചുനല്‍കിയിട്ടുണ്ടെന്ന് വാദിക്കുന്നവരാണ്. അക്കാര്യം സമര്‍ഥിക്കാന്‍ ഇസ്‌ലാം അംഗീകരിക്കാത്ത പല ന്യായവാദങ്ങളും തര്‍ക്കശാസ്ത്ര രീതികളും അവര്‍ കൊണ്ടുവരുന്നതു കാണാം. അതിനെ തിരുത്തുകയും ഖണ്ഡിക്കുകയും ചെയ്യുന്ന പണ്ഡിതന്മാര്‍ ഇസ്തിഗാസ പ്രാര്‍ഥനയാണെന്നും അഭൗതിക മാര്‍ഗേണയുള്ള സഹായാര്‍ഥന പ്രാര്‍ഥനയാകയാല്‍ അത് അല്ലാഹുവിനോടു മാത്രമേ അനുവദനീയമാകൂവെന്നും അല്ലാഹുവല്ലാത്തവരോടുള്ള അഭൗതിക മാര്‍ഗേണയുളള സഹായം തേടല്‍ ശിര്‍ക്കാണെന്നും സ്ഥാപിച്ചുവരുന്നു. ഈ ഉപരിപ്ലവമായ തര്‍ക്കവിതര്‍ക്കങ്ങളുടെ ശേഷിപ്പ് എന്ന നിലയിലാണ് അല്ലാഹുവിനോടുള്ള ഇസ്തിആനത്ത് (സഹായം തേടല്‍) സോപാധികമായി ചുരുങ്ങിപ്പോയത്. അങ്ങനെ 'ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്‍' എന്ന സൂക്തത്തിന് 'ഞങ്ങള്‍ നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം (അഭൗതിക മാര്‍ഗേണ) സഹായം തേടുന്നു' എന്ന് അര്‍ഥം കല്‍പ്പിക്കുകയെന്നത് പണ്ഡിതന്മാരുടെ പതിവുരീതിയായി. 'ശത്രുഹത്യ' ലക്ഷ്യമാക്കി ഓരോ കക്ഷിയും നടത്തിക്കൊണ്ടിരിക്കുന്ന തര്‍ക്കവിതര്‍ക്കങ്ങളും വാദപ്രതിവാദ കോലാഹലങ്ങളും ഇസ്‌ലാമിക അഖീദഃയുടെ തിളക്കം കെടുത്തിക്കളയുന്നതിന്റെ പ്രകടമായ ഉദാഹരണമത്രെ ഇത്.
മതേതരനായ ദൈവം?!
ഈ വാദപ്രതിവാദത്തിന്റെ 'തിരുശേഷിപ്പാ'ണ് അല്ലാഹുവിനോടുള്ള സോപാധിക സഹായാര്‍ഥന എന്ന കാര്യം ഉദ്ദേശ്യപൂര്‍വം പറഞ്ഞിട്ടുള്ളതാണ്. വിശദീകരിക്കാം. നാം ജീവിക്കുന്നത്, ഭൗതികവാദത്തിനും തല്‍ഫലമായി മതേതര ജീവിത ദര്‍ശനത്തിനും അതിന്റെ രാഷ്ട്രീയ ക്രമത്തിനും വല്ലാത്തൊരു 'പവിത്രത'യും 'പാപസുരക്ഷിതത്വ'വും കല്‍പ്പിക്കപ്പെട്ടുപോരുന്ന ചരിത്രഘട്ടത്തിലാണ്. മതവിശ്വാസികളുടെ അജ്ഞതയും ദുഷ്ടതയും വര്‍ഗീയതയും ഈ ദര്‍ശനത്തിന് ന്യായീകരണം ഒരുക്കിക്കൊടുക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. മതേതരത്വത്തിന് ദൈവത്തോട് പ്രത്യേകിച്ച് കാലുഷ്യമൊന്നുമില്ല. പക്ഷേ, ഒരുപാധിയുണ്ട്; ജീവിതത്തില്‍ ദൈവം ഇടപെടരുത്. ഒരു മതവുമില്ലാത്ത, മതനിരപേക്ഷനായ ദൈവം അവര്‍ക്ക് സ്വീകാര്യനാണ്. അല്ലെങ്കില്‍ തത്ത്വശാസ്ത്രം നിര്‍വചിച്ചപോലെ, ഒഴിവാക്കാനാകാത്ത ഒരു ഉണ്‍മയാണ് അവര്‍ക്ക് ദൈവം. പൗരന്മാര്‍ ദൈവത്തെയും മതത്തെയും കൈവിട്ടിട്ടില്ല എന്നതാണ് കാരണം.
കൂടാതെ ഭൗതിക വാദം ഒരു നിഷേധാത്മക ദര്‍ശനമാണ്. ഏതൊരു നിഷേധാത്മക സിദ്ധാന്തത്തിനും വെറുപ്പും ആസക്തിയും സൃഷ്ടിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. അഥവാ, നാഗരികതയെ വളര്‍ത്താനും പിന്നെ തകര്‍ക്കാനുമാണ് അതിന് സാധിക്കുക. മനുഷ്യപ്പറ്റുള്ള, മണ്ണിന്റെ ഗന്ധമുള്ള ഒരു സംസ്‌കാരം വളര്‍ത്താനും നിലനിര്‍ത്താനും അതിന് കെല്‍പ്പില്ല. രാജ്യങ്ങളുടെയും പൗരസമൂഹങ്ങളുടെയും സ്വത്വം വളര്‍ത്താനും ഉറപ്പുവരുത്താനും മതങ്ങളെത്തന്നെ ആശ്രയിക്കണം. ഇവിടെയാണ്, വേണ്ടാത്ത മതം വേണ്ടിവരുന്നത്. മനുഷ്യന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് മൂല്യങ്ങള്‍ ആവശ്യമുണ്ട്. ദാര്‍ശനികരും സാമൂഹിക രാഷ്ട്രീയ നായകന്മാരും ഇതിനെതിരെ മുഖം തിരിച്ചാലും പൊതുസമൂഹം പൂര്‍ണമായും പ്രജ്ഞയറ്റ അവസ്ഥയിലേക്ക് ഒരുമിച്ച് കൂപ്പുകുത്തുകയില്ല. കൂപ്പുകുത്തിയാലോ, അത്തരം ഒരു ജനത ഭൂമിയുടെ മുകളില്‍ ജീവനോടെ അവശേഷിക്കുകയുമില്ല. അതാണ് ദൈവിക ധര്‍മവും മനുഷ്യചരിത്രവും.
അതിനാല്‍ പ്രായോഗികമായി നടന്നുവരുന്നത്, ദൈവവും മതവുമെല്ലാം ഉണ്ടായിക്കൊള്ളട്ടെ പക്ഷേ അവ രണ്ടും രാഷ്ട്രീയത്തിലും സാമൂഹിക, സാമ്പത്തിക, നിയമ കാര്യങ്ങളിലും ഇടപെടാതിരുന്നാല്‍ മതി എന്ന സമീപനമാണ്.
ഇരട്ടത്താപ്പ്
ഇവിടെയാണ് നമ്മുടെ പണ്ഡിതന്മാരുടെ സമീപനം ദുരൂഹമാകുന്നത്. ക്രൈസ്തവ മതപുരോഹിതന്മാരെപ്പോലെയാകാന്‍ അവര്‍ക്ക് ഏതായാലും സാധിക്കുകയില്ല. ഒരു മതമെന്ന നിലയില്‍ ക്രിസ്തുമതം വ്യക്തിഗതമാണ്. സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ അവര്‍ ഇടപെട്ടിരുന്നത് മതാധ്യാപനങ്ങള്‍ക്കനുസൃതമായിട്ടായിരുന്നില്ല. എന്നാല്‍ ഇസ്‌ലാമിന്റെ കാര്യം അങ്ങനെയല്ലാത്തതിനാല്‍, മുസ്‌ലിം പണ്ഡിതര്‍ക്ക് അവരുടെ മാതൃക പിന്തുടരാനാവുകയില്ല. ഖുര്‍ആനും സുന്നത്തും അതനുവദിക്കുകയുമില്ല. എന്നാല്‍, ഇസ്‌ലാം താല്‍പര്യപ്പെടുംവിധം സമ്പൂര്‍ണമായി ഇസ്‌ലാമിനെ പ്രതിനിധീകരിക്കാനും അവര്‍ അശക്തരായിരുന്നു. അല്ലാഹുവും അവന്റെ ദീനും ജീവിതത്തില്‍ ഇടപെടാന്‍ പാടില്ലെന്നോ, മതനിരാസ വ്യവസ്ഥിതിയാണ് ശരിയെന്നോ വിശ്വസിക്കുന്നവരാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. പക്ഷേ, അവരില്‍ ഭൂരിപക്ഷവും കക്ഷികളായി പിരിഞ്ഞ്, ദൈവശാസ്ത്ര പ്രശ്‌നങ്ങളില്‍ വാദപ്രതിവാദങ്ങളില്‍ അഭിരമിച്ച് കാലം കഴിച്ചുകൂട്ടുകയായിരുന്നു. അത് ഇന്നും തുടരുന്നു. ഇതിനിടയില്‍ ഒഴുക്കിനെതിരെ വഞ്ചി തുഴഞ്ഞ് ദൈവനിരാസവ്യവസ്ഥിതിയോട് ഏറ്റുമുട്ടാനുള്ള ധൈഷണികവും പ്രായോഗികവുമായ ശേഷി ഇല്ലാത്തതിനാല്‍ ഇത്രയൊക്കെയേ ഇക്കാലത്ത് നടക്കുകയുള്ളൂവെന്ന മട്ടില്‍ വ്യവസ്ഥിതിയോട് സമരസപ്പെടുകയാണവര്‍ ചെയ്തത്.
മനുഷ്യന്റെ മൊത്തം ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്നതാണ് ദൈവിക സാന്മാര്‍ഗിക പാതയെന്നും, ആ മാര്‍ഗത്തില്‍ സോദ്ദേശ്യപൂര്‍വം സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും വക്താക്കളും പ്രവര്‍ത്തകരുമായി നിലക്കൊള്ളലാണ് ഇബാദത്ത് എന്നതിന്റെ അര്‍ഥമെന്നുമുള്ള കാര്യം മുസ്‌ലിംകള്‍ക്ക് അറിയാത്തതല്ല. പക്ഷേ, പ്രായോഗിക ജീവിതത്തില്‍ ഇസ്‌ലാമും ഇസ്‌ലാമിക പ്രവര്‍ത്തനവുമെന്ന നിലയില്‍ കാലങ്ങളായി മറ്റു പലതിനും മുന്‍ഗണന നല്‍കിപ്പോരുന്ന ശീലമാണ് അവര്‍ക്കുള്ളത്. ഈ ശീലം മാറ്റിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ഇസ്‌ലാമിക തേട്ടമാണ്. അത് സാധ്യമാകണമെങ്കില്‍ വിശ്വാസത്തിന്റെ തെളിച്ചം തുടച്ചുമിനുക്കി വീണ്ടെടുക്കേണ്ടതുണ്ട്. അതിന് നാം പ്രാര്‍ഥനാനിരതമായ മനസ്സോടെ ഖുര്‍ആനിലേക്ക്, അഥവാ, അല്ലാഹുവിലേക്ക് തിരിച്ചുപോകണം.
അല്ലാഹു ഖുര്‍ആനില്‍
ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു അപരിമേയനാണ്. അവനെപ്പോലെ യാതൊന്നുമില്ല. അവന്‍ സര്‍വം കേള്‍ക്കുന്നവനും സര്‍വം കാണുന്നവനുമാകുന്നു (അശ്ശൂറാ 11).
അവന്‍ സര്‍വേശ്വരനും അഖില പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും പരിപാലകനുമാകുന്നു. മനുഷ്യന്റെ തീരുമാനങ്ങളും അവന്റെ ഇഛയും ദൈവിക തീരുമാനത്തിനും ദൈവേഛക്കും വിധേയമാണ്. അല്ലാഹു അര്‍ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കിയ കാര്യമാണത്: ''നിങ്ങളുടെ ഇഛയാല്‍ യാതൊന്നും സംഭവിക്കുന്നില്ല. അല്ലാഹു ഇഛിച്ചാലല്ലാതെ. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ'' (അദ്ദഹ്ര്‍ 30). ''നിങ്ങളുദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും സംഭവിക്കുന്നില്ല. ലോക തമ്പുരാനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ'' (അത്തക്‌വീര്‍ 29).
അതിനാല്‍ ഇബാദത്ത് നിരുപാധികം അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്നതുപോലെ, സഹായാര്‍ഥനയും നിരുപാധികം അല്ലാഹുവിനോട് തന്നെയായിരിക്കണം. ഭൗതികമോ അഭൗതികമോ ആയ ഏത് സഹായവും-സഹായം ലഭ്യമാക്കുന്നതിന്റെ കാര്യകാരണങ്ങള്‍ നമ്മുടെ അറിവിന് വിധേയമാണെങ്കിലും ഇല്ലെങ്കിലും-അല്ലാഹുവില്‍നിന്നുതന്നെയാണ്. അതിനാല്‍ അത് ലഭിക്കാന്‍ ചോദിക്കേണ്ടതും അവനോട് മാത്രമാണ്. ഒരു വ്യക്തി നിങ്ങളെ സഹായിക്കാന്‍ നിങ്ങളിലേക്ക് സഹായ ഹസ്തം നീട്ടിയിരിക്കുന്നു. അത് സ്വീകരിക്കാന്‍ നിങ്ങളുടെ കരം നിങ്ങളും നീട്ടുകയാണ്. ആ നിമിഷാര്‍ധത്തില്‍ അതിന്റെ ആദാനപ്രദാന പ്രക്രിയ നിങ്ങളിരുവര്‍ക്കും, അല്ലെങ്കില്‍ നിങ്ങളില്‍ ഒരാള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധ്യമാണെന്നതിന് ആര്‍ക്കാണ് ഉറപ്പുള്ളത്? ഇല്ലെന്നതാണ് സത്യം. എല്ലാം ദൈവഹിതം. ''അല്ലാഹു തന്നെയാകുന്നു പരമ സത്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു. അവനത്രെ സര്‍വശക്തന്‍'' (അല്‍ഹജ്ജ് 6). ''അതേ ഈ അല്ലാഹു തന്നെയാകുന്നു നിങ്ങളുടെ സാക്ഷാല്‍ നാഥന്‍. പിന്നെ, സത്യത്തിനു ശേഷം ദുര്‍മാര്‍ഗമല്ലാതെ മറ്റെന്താണ് അവശേഷിച്ചിട്ടുള്ളത്?'' (യൂനുസ് 32). ''വിണ്ണില്‍നിന്ന് ജലം വര്‍ഷിക്കുന്നതും അവന്‍ തന്നെയാകുന്നു. അങ്ങനെ അതുവഴി നാം സകല സസ്യവര്‍ഗങ്ങളെയും മുളപ്പിച്ചു. എന്നിട്ട് അതില്‍നിന്ന് ഹരിതാഭമായ വയലുകളും വൃക്ഷങ്ങളും വളര്‍ത്തി. അനന്തരം നാം അതില്‍ ധാന്യമണികള്‍ ഇടതിങ്ങിയ കതിരുകള്‍ ഉല്‍പ്പാദിപ്പിച്ചു. ഈത്തപ്പനയുടെ കൊതുമ്പില്‍ ഭാരത്താല്‍ തൂങ്ങിക്കിടക്കുന്ന പഴക്കുലകള്‍ ഉല്‍പാദിപ്പിച്ചു. സദൃശങ്ങളും എന്നാല്‍ ഓരോന്നിനും വ്യതിരിക്തമായ സവിശേഷതകളുമുള്ള ഫലങ്ങളുണ്ടാകുന്ന മുന്തിരിയുടെയും ഒലീവിന്റെയും ഉറുമാനിന്റെയും തോട്ടങ്ങളുമുണ്ടാക്കി. ഈ ചെടികള്‍ കായ്ക്കുമ്പോള്‍ അതില്‍ കതിരുകളുണ്ടാവുകയും അനന്തരം അവ പാകമാവുകയും ചെയ്യുന്ന പ്രക്രിയ തെല്ല് സൂക്ഷ്മതയോടെ വീക്ഷിക്കുവിന്‍. ഈ സംഗതികളില്‍ തീര്‍ച്ചയായും വിശ്വസിക്കുന്ന ജനത്തിന് ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും ജനം ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളായി സങ്കല്‍പ്പിക്കുന്നു. എന്നാല്‍ അവനാണ് അവരുടെ സ്രഷ്ടാവ്. അറിവില്ലാതെ, അവര്‍ അല്ലാഹുവിന് പുത്രന്മാരെയും പുത്രിമാരെയും വിരചിക്കുന്നു. ഈ ജനം വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നെല്ലാം അതീതനും പരിശുദ്ധനുമത്രെ അവന്‍. വാനഭുവനങ്ങളെ മുന്‍മാതൃകയില്ലാതെ സൃഷ്ടിച്ചവനാകുന്നു അവന്‍. അവന് സഹധര്‍മിണിയില്ലെന്നിരിക്കെ, അവനെങ്ങനെയാണ് പുത്രനുണ്ടാകുന്നത്? സകല വസ്തുക്കളുടെയും സ്രഷ്ടാവ് അവനാണ്. അതിനാല്‍ നിങ്ങള്‍ അവന് വഴിപ്പെടുക (ഇബാദത്ത് ചെയ്യുക). അവന്‍ സര്‍വകാര്യങ്ങളുടെയും ഉത്തരവാദിത്തമേറ്റവനാണ്. ദൃഷ്ടികള്‍ക്ക് അവനെ കാണാനാവില്ല. അവനോ ദൃഷ്ടികളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ അതിസൂക്ഷ്മദൃക്കും അഭിജ്ഞനുമല്ലോ'' (അല്‍ അന്‍ആം 99-103). പരമസത്യമായ ദൈവത്തെ അവന്‍ തന്നെ പരിചയപ്പെടുത്തുന്നത് സൂക്ഷ്മമായി വായിച്ചാല്‍ തനത് ഇസ്‌ലാമിക വിശ്വാസം അതില്‍നിന്ന് ഗ്രഹിക്കാനാവും.
പരിധി പാലിക്കണം
ഭൗതികം, അതിഭൗതികം എന്ന വ്യത്യാസം കൂടാതെ സന്മാര്‍ഗ പ്രാപ്തി ഉള്‍പ്പെടെയുള്ള സര്‍വ അനുഗ്രഹങ്ങളും സഹായങ്ങളും മനുഷ്യന് അല്ലാഹു തന്നെ നല്‍കേണ്ടതാണ്. അതിനുള്ള കഴിവും ശേഷിയും അല്ലാഹു മറ്റാര്‍ക്കും നല്‍കിയിട്ടില്ല. ദൈവികാനുഗ്രഹങ്ങള്‍ക്കും സഹായത്തിനും വേണ്ടി യത്‌നിക്കുന്ന മനുഷ്യര്‍ അത് ലഭ്യമാകാന്‍ പ്രതീക്ഷയര്‍പ്പിക്കേണ്ടത് അല്ലാഹുവില്‍ മാത്രമാണ്. അവനെത്തന്നെ ഭരമേല്‍പ്പിക്കുകയും ചെയ്യണം. ഇബാദത്തെന്ന പോലെ സഹായാര്‍ഥനയും അവനോട് തന്നെയാണ് നടത്തേണ്ടത്. സഹായാര്‍ഥനയെന്ന പ്രാര്‍ഥനയെക്കുറിച്ച് നബി(സ) 'ഇബാദത്തിന്റെ മജ്ജ' എന്നാണല്ലോ വിശേഷിപ്പിച്ചിട്ടുള്ളത്. അതില്‍ ഭൗതികം, അതിഭൗതികം എന്ന വ്യത്യാസമില്ല. സഹായം ലഭ്യമാകുന്നതിന്റെ കാര്യകാരണങ്ങള്‍ നമുക്ക് മനസ്സിലാകുന്നവ, മനസ്സിലാകാത്തവ എന്ന വ്യത്യാസമില്ല. സത്യവിശ്വാസികള്‍ ഒറ്റക്കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത്: ജീവിതത്തിലുടനീളം ദൈവം നിശ്ചയിച്ച പരിധി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ആരാധാനാകര്‍മങ്ങളിലും ജീവിക്കാനുള്ള പ്രയത്‌നങ്ങളിലും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലുമെല്ലാം അല്ലാഹുവിന്റെ ഇംഗിതവും ഇഷ്ടവും നിര്‍ദേശങ്ങളുമാണ് നടപ്പിലാവുന്നതെന്ന ജാഗ്രത ഉണ്ടാവണം.
അല്ലാഹു നിര്‍ണയിച്ച പരിധി പാലിച്ചുകൊണ്ടും ഭക്തിബഹുമാനത്തോടും സ്‌നേഹാദരവോടും കൂടി സുകൃതം ചെയ്യുന്നതാണ് യഥാര്‍ഥ സന്മാര്‍ഗം. അത് പ്രാര്‍ഥനാനിരതമായ മനസ്സോടുകൂടിയാകുമ്പോള്‍, അല്ലാഹുവിനുള്ള ഇബാദത്തുമാണ്. അല്ലാഹു പറയുന്നു: ''അല്ലാഹുവിന് സമ്പൂര്‍ണമായി കീഴ്‌പ്പെടുകയും സുകൃതം അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്കാണ് അവരുടെ തമ്പുരാനില്‍നിന്ന് പ്രതിഫലമുള്ളത്. അവര്‍ക്ക് യാതൊന്നും പേടിക്കാനില്ല. ദുഃഖിക്കാന്‍ ഇടവരികയുമില്ല'' (അല്‍ബഖറ 112).
Comments