Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

ഡോ. എന്‍.എ കരീം വിയോജിപ്പുകള്‍ ശത്രുതയാക്കാതെ

ഷഹ്‌നാസ് ബീഗം

ബുദ്ധിജീവികളിലെ ആക്ടിവിസ്റ്റും ആക്ടിവിസ്റ്റുകളിലെ ബുദ്ധിജീവിയുമായിരുന്നു കഴിഞ്ഞ ഫെബ്രുവരി 5ന് ജീവിതത്തോട് വിട വാങ്ങിയ ഡോ.എന്‍.എ കരീം. ബഹുകാര്യ തല്‍പരനായ ആ കര്‍മയോഗി ഇടപെട്ട മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സ്‌ലറായിരുന്ന കരീം സാഹിബിന് വിദ്യാഭ്യാസ വിഷയത്തില്‍ തനതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ആ മേഖലയില്‍ സ്വന്തമായ സംഭാവനകളര്‍പ്പിച്ച അദ്ദേഹം കേരളത്തിലെ അറിയപ്പെട്ട ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്നു. എന്നാല്‍ ആ ബഹുമുഖ പ്രതിഭ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ഒതുങ്ങിക്കൂടാതെ രാഷ്ട്രീയത്തിലും സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങളിലുമെല്ലാം സ്വതന്ത്രമായി വ്യാപരിച്ചത് സ്വാഭാവികമായിരുന്നു. ആപല്‍ക്കരവും സാഹസികവുമായ ജീവിതം തെരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ ഉല്‍സുകനായിരുന്നു അദ്ദേഹം. കോളേജ് വിദ്യാഭ്യാസ കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ആവേശത്തില്‍ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി. വിദ്യാര്‍ഥി കോണ്‍ഗ്രസ്സിലൂടെയാണ് കരീം സാഹിബ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. എറണാകുളത്തെ മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായിരിക്കെ യൂനിയന്‍ ജാക്കിന് പകരം ദേശീയ പതാക ഉയര്‍ത്തിയ സാഹസത്തിന് വലിയ വിലകൊടുക്കേണ്ടിവന്നു അദ്ദേഹത്തിന്. കോളേജില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു അതിന്റെ ഫലം. തുടര്‍ വിദ്യാഭ്യാസത്തിനായി അക്കാലത്ത് പല വാതിലുകളിലും ചെന്ന് മുട്ടിയ കഥകള്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍, ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ അദ്ദേഹമെഴുതിക്കൊണ്ടിരുന്ന 'ഒരു കാലഘട്ടത്തിന്റെ കൈയൊപ്പ്' എന്ന ആത്മകഥാ പരമ്പരയില്‍ വിസ്തരിച്ചിട്ടുണ്ട്. അടുത്ത ബന്ധുവായ സീതിസാഹിബിന്റെ സഹായത്താലാണ് പിന്നീട് ഫാറൂഖ് കോളേജില്‍ ചേര്‍ന്ന് അദ്ദേഹം ബിരുദമെടുത്തത്. ഉപരിവിദ്യാഭ്യാസത്തിന് ഉത്തരേന്ത്യയിലെത്തിയ കരീം സാഹിബിന് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയില്‍ ഡോ. സാക്കിര്‍ ഹുസൈന്റെ ശിഷ്യനാകാനും ദേശീയ രംഗത്ത് പ്രശസ്തരായ നിരവധി വ്യക്തികളുമായി സമ്പര്‍ക്കപ്പെടാനും അവസരമുണ്ടായി. 

എത്ര വിപുലമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിസമ്പര്‍ക്കമെന്ന് മുന്‍ചൊന്ന ആത്മകഥാ പരമ്പര വായിച്ചവര്‍ക്കൊക്കെ അറിയാവുന്നതാണ്. പഴയ തലമുറയിലെ മണ്‍മറഞ്ഞുപോയ സാഹിത്യകാരന്മാര്‍, കവികള്‍, പുതിയ തലമുറക്ക് പ്രായേണ അജ്ഞരായ കെ.എസ്.പി നേതാവ് മത്തായി മാഞ്ഞൂരാനെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍, കെ.പി.സി.സി പ്രസിഡന്റും ആന്ധ്ര ഗവര്‍ണറുമായിരുന്ന കെ.സി എബ്രഹാം തുടങ്ങി നെടിയൊരു നിര തന്നെ അതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അറുപതുകള്‍ വരെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു മാഞ്ഞൂരാന്‍. മുന്നണി രാഷ്ട്രീയത്തിലെ പ്രധാന കളിക്കാരില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി. പേരും കുറിയും പോലും അവശേഷിക്കാത്ത വിധം കേരളരാഷട്രീയത്തില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു ഇന്ന് ആ പാര്‍ട്ടി. വളരെ വിപ്ലവാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു മത്തായി മാഞ്ഞൂരാന്‍. ഔത്തരാഹ രാഷ്ട്രീയ പ്രഭുക്കന്മാര്‍ സ്വന്തം കോളനിയാക്കിവെച്ചിരിക്കുന്ന കേരളത്തിന് വികസിക്കണമെങ്കില്‍ അവരുടെ അടിമത്തനുകം വലിച്ചെറിയണമെന്ന വാദക്കാരനായിരുന്നു അദ്ദേഹം. ആ വാദം രാഷ്ട്രീയമായി സമര്‍ഥിക്കുന്ന ഒരു കൃതിയും അക്കാലത്ത് അദ്ദേഹം രചിച്ചിരുന്നു. ഇന്നായിരുന്നുവെങ്കില്‍ അതിന്റെ പേരില്‍ യു.എ.പി.എ ചുമത്തി രാജ്യദ്രോഹത്തിന് അദ്ദേഹത്തെ ഭരണൂകൂടം ജയിലിലിടുമായിരുന്നു. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം മുതല്‍ക്കേ മാഞ്ഞൂരാനെപ്പോലുള്ളവരുമായി ബന്ധപ്പെട്ടായിരുന്നു കരീം സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് ഇടതുപക്ഷ-സോഷ്യലിസ്റ്റ് ചായ്‌വ് സൃഷ്ടിക്കുന്നതിന് പ്രേരകമായിരിക്കണം. പില്‍ക്കാലത്ത് ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമായിരുന്നില്ലെങ്കിലും ഈ ഇടതുപക്ഷ വീക്ഷണം ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തിപ്പോരുകയുണ്ടായി. 

നവതി പിന്നിട്ട ശേഷമാണ് കരീം സാഹിബ് ആത്മകഥ എഴുതുന്നത്. ആ പ്രായത്തിലും വിദ്യാഭ്യാസ കാലം മുതല്‍ സമീപകാലം വരെയുള്ള സംഭവങ്ങള്‍ കൃത്യമായി ഓര്‍ത്തെടുത്ത് എഴുതാന്‍ കഴിയുന്നു എന്നത് ഒരു അത്ഭുതമാണ്. ഓര്‍മയിലോ വിവരണങ്ങളിലോ എവിടെയും അദ്ദേഹത്തിന് പിശകിപ്പോകുന്നില്ല. വളരെ താല്‍പര്യത്തോടും കൗതുകത്തോടും കൂടി വായിച്ചുകൊണ്ടിരുന്ന ആ ആത്മകഥാ പരമ്പരയില്‍ ദല്‍ഹിയില്‍ ക്ലൗഡ് മഖ്‌സ്വൂദുമായുണ്ടായ സമ്പര്‍ക്കത്തിന്റെ അനുഭവ വിവരണത്തില്‍ മാത്രമേ ചെറിയൊരു പിശക് സംഭവിച്ചോ എന്ന് സംശയം തോന്നിയുള്ളൂ. മഖ്‌സ്വൂദിനെ പി.എല്‍.ഒ പ്രതിനിധിയായാണ് അദ്ദേഹം അതില്‍ വിശേഷിപ്പിച്ചുകണ്ടത്. ദല്‍ഹിയിലെ അറബ് ലീഗ് പ്രതിനിധിയായാണ് മഖ്‌സ്വൂദിനെക്കുറിച്ച് ഇതെഴുതുന്ന ആളുടെ ഓര്‍മ. അക്കാലത്ത് അറബ് ലീഗ് പ്രസിദ്ധീകരിച്ചിരുന്ന ഇംഗ്ലീഷ് മാഗസിന്റെ എഡിറ്റര്‍ കൂടിയായിരുന്നു മഖ്‌സ്വൂദ് എന്ന് ഓര്‍ക്കുന്നു. പതിവായി ആ മാഗസിന്‍ വായിക്കാറുണ്ടായിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഓര്‍മ. എങ്കില്‍പോലും മറ്റ് കാര്യങ്ങളിലുള്ള കരീം സാഹിബിന്റെ ഓര്‍മയുടെ കണിശത പരിഗണിക്കുമ്പോള്‍ എന്റെ ഓര്‍മയുടെ ബലത്തില്‍ സംശയിച്ചുപോവുകയാണ്. 

ഉറച്ച മതേതരവാദിയും പുരോഗമന-സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമായിരുന്നുവെങ്കിലും സ്വസമുദായത്തിന്റെ മുഖ്യധാരയില്‍നിന്നുള്ള വിഛിന്നതയാണ് പൊതുസമ്മതിക്ക് അഭികാമ്യമെന്ന വിശ്വാസക്കാരനായിരുന്നില്ല അദ്ദേഹം. സ്വന്തം കാഴ്ചപ്പാടുകളോട് രാജിയാകാതെ തന്നെ മുസ്‌ലിം സമുദായത്തിലെ സംഘടനകളോട് അദ്ദേഹം സഹകരിച്ചു. മനുഷ്യാവകാശ-പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കൊക്കെ മത-ജാതി പരിഗണനകളില്ലാതെ പിന്തുണ നല്‍കി. ആ വക വിഷയങ്ങളില്‍ ഏത് വേദി പങ്കിടുന്നതിലും 'പ്രതിഛായാ നഷ്ട'ത്തെക്കുറിച്ച വേവലാതികള്‍ അദ്ദേഹത്തെ ബാധിച്ചില്ല. പ്രബോധനത്തില്‍ തന്നെ ഗ്രന്ഥ നിരൂപണങ്ങളായും അല്ലാതെയുമുള്ള പല ലേഖനങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. സയ്യിദ് മൗദൂദിയോടും ജമാഅത്തെ ഇസ്‌ലാമിയോടും വിയോജിപ്പുകള്‍ നിലനില്‍ക്കെത്തന്നെ, വിയോജിപ്പുകളെ ശത്രുതയാക്കി മാറ്റുകയും വിദ്വേഷവമനം നടത്തുകയും ചെയ്യുന്ന പതനത്തില്‍ അദ്ദേഹം ചെന്നുപെടുകയുണ്ടായില്ല. കാള്‍ മാര്‍ക്‌സിനെ പോലെ മൗദൂദിയും 'തോറ്റ ദൈവ'മാണെന്ന വീക്ഷാഗതിക്കാരനായിരുന്നു കരീം സാഹിബ്. എന്നിട്ടും ജമാഅത്തെ ഇസ്‌ലാമിയുടെ 'കാപട്യത്തെ തുറന്നുകാണിക്കു'ന്നതിനായി സമാഹരിക്കപ്പെട്ട ഒരു പുസ്തകത്തിന് അവതാരിക എഴുതിയപ്പോള്‍ ചില സംവരണങ്ങള്‍ പാലിക്കാന്‍ അദ്ദേഹം കാണിച്ച വിവേകം ശ്രദ്ധേയമത്രെ. അതിലൊരിടത്ത് അദ്ദേഹം ഇങ്ങനെ കുറിക്കുകയുണ്ടായി: 'ആയുധബലത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കുകയും ശക്തിയുപയോഗിച്ച് സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ചതിയും ഗൂഢാലോചനകളും അക്രമങ്ങളും വര്‍ധിക്കും. അപ്പോള്‍ അവിടെ യഥാര്‍ഥ ഇസ്‌ലാമികാദര്‍ശങ്ങള്‍ പുലരുകയില്ല. ആദ്യം വേണ്ടത് വ്യക്തികള്‍ നല്ല വിശ്വാസികളും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരുമായിത്തീരുകയാണ്. ഏത് വ്യവസ്ഥയിലും ഏറക്കുറെ എല്ലാവര്‍ക്കും നല്ല മുസ്‌ലിമായി ജീവിക്കാന്‍ കഴിയും. അത്തരം അനുകരണീയമായ ജീവിത മാതൃകകള്‍ സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. ഈ അഭിപ്രായമാണ് മൗലാനാ മൗദൂദി അവസാന കാലത്ത് ചികിത്സാര്‍ഥം ലണ്ടനില്‍ വന്നപ്പോള്‍ സിയാവുദ്ദീന്‍ സര്‍ദാറിന് നല്‍കിയ അഭിമുഖത്തില്‍ പ്രകടിപ്പിച്ചത്. തന്റെ മാര്‍ക്‌സിയന്‍ സിദ്ധാന്തരീതിയിലുള്ള സായുധവിപ്ലവവും രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുകയും അങ്ങനെ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കുകയും ചെയ്യുകയെന്ന പരിപാടിയും അതിനകം മൗദൂദി ഉപേക്ഷിച്ചിരുന്നുവെന്ന് വേണം ന്യായമായും അനുമാനിക്കാന്‍. മാത്രമല്ല മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തമനുസരിച്ചുള്ള, വ്യക്തികളുടെ പരിവര്‍ത്തനത്തില്‍ കൂടിയുള്ള സമൂഹത്തിന്റെ മോചനവും ക്ഷേമവുമെന്ന മാര്‍ഗമാണ് ഇസ്‌ലാമിന്റെ ലക്ഷ്യങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമായിട്ടുള്ളതെന്ന അഭിപ്രായം അദ്ദേഹം ഗാന്ധിയുടെ പേര് പറയാതെ തന്നെ തുറന്നു പ്രകടിപ്പിക്കുകയുണ്ടായി. ഈ നിര്‍ണായകമായ തെളിവിന്റെ മുമ്പില്‍ മതരാഷ്ട്രവാദത്തെ സംബന്ധിച്ച മൗദൂദിയുടെ നിലപാടിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ കഴിയുകയില്ലേ?'' 

മൗദൂദി സ്വന്തം സംഘടന രൂപീകരിച്ചപ്പോള്‍തന്നെ അതിന്റെ ഭരണഘടനയില്‍ ലക്ഷ്യം നേടാന്‍ സമാധാനപരമായ മാര്‍ഗങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്ന് എഴുതിയിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഹൈദരാബാദ് പോലീസ് ആക്ഷനുണ്ടായപ്പോള്‍ വിഘടനവാദി നേതാവ് ഖാസിം രിസ്‌വിക്ക് മൗദൂദി പാകിസ്താനില്‍നിന്ന് എഴുതിയ സുദീര്‍ഘമായ കത്ത് ഫാള്‍ ഓഫ് ഹൈദരാബാദ് എന്ന കൃതിയില്‍ ഉമര്‍ ഖാലിദി ഉദ്ധരിച്ചിട്ടുണ്ട്. സായുധ ഏറ്റുമുട്ടല്‍ ഒഴിവാക്കി ഇന്ത്യന്‍ യൂനിയനുമായി സംഭാഷണം നടത്തി പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ അംഗീകരിപ്പിച്ച് ഇതര ന്യൂനപക്ഷങ്ങളെക്കൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും അങ്ങനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുമാണ് പ്രസ്തുത കത്തില്‍ രിസ്‌വിയെ മൗദൂദി ഉപദേശിക്കുന്നത്. പാകിസ്താനില്‍ അധികാരികളുടെ പ്രേരണയാല്‍ ജനം ഇന്ത്യന്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്ത സന്ദര്‍ഭത്തിലാണ് ഇതെന്ന് കൂടി ഓര്‍ക്കണം. 

മുന്‍ചൊന്ന അതേ അവതാരികയല്‍ മറ്റൊരിടത്ത് കരീംസാഹിബ് എഴുതിയ വരികള്‍ കൂടി ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അതിങ്ങനെ: ''മറ്റൊരു കാര്യം ഇവിടെ ഓര്‍ക്കേണ്ടതായിട്ടുണ്ട്. ഇന്ന് ഏകശിലാ രൂപത്തിലുള്ള മൗദൂദിസം ഇല്ല എന്നുള്ള സത്യമാണത്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസം ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതും നടപ്പാക്കിയതും. സ്റ്റാലിന്റെ ഉരുക്കുപോലെ പ്രബലമായ നേതൃത്വത്തില്‍ കമ്യൂണിസം ലോകത്തിന്റെ ആറിലൊന്ന് ഭാഗത്ത് ഭരണസമ്പ്രദായമായിരുന്നു. ആ കാലത്ത് പോലും സോവിയറ്റ് യൂനിയന്റെ ഔദ്യോഗിക ലൈന്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ തന്റെ സ്വന്തം സിദ്ധാന്തമനുസരിച്ച് വ്യാഖ്യാനിച്ചാണ് യൂഗോസ്ലാവിയയില്‍ മാര്‍ഷല്‍ ടിറ്റോ മാര്‍ക്‌സിസം നടപ്പാക്കിയത്. മിലോവന്‍ ഡിജിലാസിന്റെ New Class (പുതിയ വര്‍ഗം) എന്ന പുസ്തകവും, ജെയിംസ് ബേണ്‍ ഹാമിന്റെ മാനേജീരിയല്‍ റവല്യൂഷന്‍ (Managerial Revolution) എന്ന പുസ്തകവുമൊക്കെ അന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതു വളരെക്കാലം സ്റ്റാലിനും ടിറ്റോയും തമ്മിലുള്ള സംഘര്‍ഷത്തിലും ഒടുവില്‍ യൂഗോസ്ലാവ്യയുടെ പുറത്താക്കലിലും കലാശിക്കുകയുണ്ടായി. ഇന്നിപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ  കമ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും മാര്‍ക്‌സിസ്റ്റ് കമ്യൂണിസമല്ല, മാര്‍ക്കറ്റ് കമ്യൂണിസമാണെന്ന് ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ പറയുന്നു....

''അനുഭവങ്ങളും സമകാലിക രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളും പ്രത്യയശാസ്ത്ര കാര്യങ്ങളില്‍ മാത്രമല്ല മതസിദ്ധാന്തങ്ങളില്‍പോലും മാറ്റം വരുത്താതിരിക്കുകയില്ല. ഉദാഹരണമായി കശ്മീരിലെയും കേരളത്തിലെയും ജമാഅത്തെ ഇസ്‌ലാമി രൂപത്തിലും ഭാവത്തിലും വ്യത്യസ്തങ്ങളാണ്. ഒരു കമ്യൂണിസ്റ്റുകാരനും മാര്‍ക്‌സിനെ പാടെ തള്ളിപ്പറയുകയില്ല. അതുപോലെ ഒരു ജമാഅത്തുകാരനും മൗദൂദിയെ പാടെ നിരാകരിക്കുകയില്ല; നാമമാത്രമായ ഒരു സാര്‍വദേശീയ നേതൃത്വമോ, ദേശീയാതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് സംഘടനാപരമായി അയവുള്ള ഒരു സംവിധാനമോ ഉണ്ടായെന്നു വരാം....

''ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ബ്രിട്ടീഷ് ചരിത്രകാരനായ ആര്‍ണള്‍ഡ് ടോയിന്‍ബിയുടെ 'വെല്ലുവിളിയും പ്രതികരണവും' സിദ്ധാന്തമനുസരിച്ച് ഏത് വെല്ലുവിളിയെയും ബുദ്ധിപൂര്‍വം ക്രിയാത്മകമായി നേരിടുന്ന പ്രസ്ഥാനങ്ങള്‍ അതിജീവിക്കും, വളരും, നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ ക്രിയാത്മകമായ മാറ്റം കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രകടമാണെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ മൗലാനാ മൗദൂദിയുടെ മതരാഷ്ട്രവാദമടക്കമുള്ള എല്ലാ സങ്കുചിതങ്ങളും അപകടകരങ്ങളുമായ സിദ്ധാന്തങ്ങളെയും പുരപ്പുറത്ത് കയറിനിന്ന് തള്ളിക്കളയുന്നതുവരെ അവരെ വിശ്വസിക്കാന്‍ കഴിയുകയില്ലെന്നുള്ള നിലപാട് ന്യായീകരിക്കാനാവാത്തതാണ്....

''കേരളത്തിലെ ജീവിതത്തിന്റെ പല രംഗങ്ങളിലും അവര്‍ ഇന്ന് നടത്തുന്ന മിക്ക പ്രവര്‍ത്തനങ്ങളും സമൂഹത്തിനു പൊതുവെ അംഗീകരിക്കാനും പിന്തുണക്കാനും കഴിയുന്നതാണ്.'' 

ഡോ. എന്‍.എ കരീമിന്റെ ജീവിക്കുന്ന സ്മാരകം ഒരുപക്ഷേ, അദ്ദേഹം തന്നെ തിരുവനന്തപുരത്ത് കെട്ടിപ്പടുത്ത വക്കം മൗലവി ഫൗണ്ടേഷനായിരിക്കും. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് അടിസ്ഥാന ശിലയിട്ട മഹാന്മാരില്‍ ഒരാളായിരുന്നു വക്കം മൗലവി. അതിന്റെ തുടര്‍ച്ച മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം അവസാന കാലത്ത് വക്കം മൗലവി ഫൗണ്ടേഷനില്‍ കരീം സാഹിബ് തന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത്. കരീം സാഹിബിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ഭാരവാഹികള്‍ക്ക് ഇനി ചെയ്യാനുള്ള ദൗത്യം. 

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍