ഹാഫിള് പി.പി ഉവൈസ്
കേരളത്തിലെ തബ്‌ലീഗ് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ ഹാഫിള് പി.പി ഉവൈസ് ഹാജിയുടെ (57) വിയോഗം വഴി ഉത്തമനായ ഒരു ദീനീസേവകനെയാണ് സമുദായത്തിന് നഷ്ടപ്പെട്ടത്.
തബ്‌ലീഗ് ജമാഅത്തിന്റെ നേതാവായിരുന്ന മര്‍ഹൂം പി.കെ സുബൈര്‍ ഹാജിയുടെ മൂത്ത പുത്രനാണ് ഉവൈസ്. പന്ത്രണ്ട് വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഉവൈസ് ചെറുപ്പം മുതലേ ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ചു. ബാംഗ്ലൂരിലെ സബീലുര്‍റശാദ് മദ്‌റസയില്‍നിന്നായിരുന്നു മതവിദ്യാഭ്യാസം. ദീനീവിഷയങ്ങളില്‍ അവഗാഹമുണ്ടായിരുന്നു. സ്വപ്രയത്‌നത്തിലൂടെ ഭൗതിക വിഷയങ്ങളിലും അദ്ദേഹം അറിവ് സ്വായത്തമാക്കി. ജീവിതത്തിലുടനീളം ദീനീവ്യക്തിത്വം നിലനിര്‍ത്താന്‍ അദ്ദേഹം നിതാന്ത ജാഗ്രത പാലിച്ചു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിര്‍ക്കാന്‍ ഒട്ടും മടിച്ചില്ല. അതേസമയം ദീനിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ സാധ്യമായ സഹകരണവും പരമാവധി സൗഹാര്‍ദവും പുലരണമെന്ന ആഗ്രഹം പലപ്പോഴും ഈയുള്ളവനോട് പങ്കുവെച്ചിരുന്നു.
മേഫീല്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു. വ്യാപാരവ്യവസായ മേഖലകളില്‍ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചിരുന്നതിന്റെ പേരില്‍ പില്‍ക്കാലത്ത് കുറേ തിരിച്ചടികള്‍ നേരിട്ടിരുന്നുവെങ്കിലും, ഒരു സമുദായമെന്ന നിലക്ക് മുസ്‌ലിംകള്‍ വ്യാപാര വ്യവസായ മേഖലകളില്‍ ശ്രദ്ധയൂന്നേണ്ടതിന്റെ ആവശ്യകത ഉവൈസ് പലപ്പോഴും ഊന്നിപ്പറയുമായിരുന്നു. പലിശാധിഷ്ഠിത വ്യവസ്ഥിതിയില്‍ സാമ്പത്തിക മാന്ദ്യം, മൂല്യശോഷണം എന്നിവയെ അതിജീവിക്കാന്‍ വ്യാപാരമാണ് ഏറെ സഹായകമെന്ന ഉറച്ച അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. ആരോഗ്യം ക്ഷയിച്ചതിനാലും ചില തിരിച്ചടികള്‍ നേരിട്ടതിനാലും തന്റെ നിലപാടുകളുമായി ഫലപ്രദമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നു. പ്രയാസഘട്ടത്തിലും അദ്ദേഹം മറ്റുള്ളവരോട് പരമാവധി ഉദാരത പുലര്‍ത്താന്‍ ശ്രമിച്ചു.
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയില്‍ ഒന്നിലധികം തവണ അംഗമായിരുന്ന പരേതന്‍ ഹാജിമാര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്നതില്‍ അതീവ തല്‍പരനായിരുന്നു. അല്‍ അമീന്‍ എജുക്കേഷ്‌നല്‍ ട്രസ്റ്റിലെ അംഗമായിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ സംസ്ഥാന ഉപാധ്യക്ഷനും ഒട്ടേറെ ദീനീരംഗങ്ങളെ കൈയയച്ച് സഹായിച്ച വ്യക്തിയുമായിരുന്നു. തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ ആലുവ എടത്തലയിലെ കൗസരിയ്യ മസ്ജിദിന്റെയും മൂന്നര ദശകത്തിലേറെക്കാലമായി നല്ല നിലയില്‍ നടന്നുവരുന്ന കൗസരിയ്യ കോളേജിന്റെയും മുതവല്ലിയായിരുന്നു പരേതന്‍. എടത്തലയിലെ സബീലുര്‍റഹ്മ സകാത്ത് കമ്മിറ്റിയിലും അദ്ദേഹം സജീവമായി സഹകരിച്ചു. പെരിങ്ങാടിയിലും ആലുവയിലും അദ്ദേഹത്തിന്റെ ജനാസയില്‍ പങ്കെടുത്ത അഭൂതപൂര്‍വമായ ജനാവലി പരേതന്റെ ബഹുമുഖ നന്മകളുടെ നിദര്‍ശനമായിരുന്നു.
എ.പി സുഹ്‌റാബി
കോഴിക്കോട് ജില്ലയിലെ ചക്കുംകടവ് ജമാഅത്തെ ഇസ്‌ലാമി വനിതാ ഹല്‍ഖയിലെ പ്രവര്‍ത്തകയായിരുന്നു എ.പി സുഹ്‌റാബി. ചക്കുംകടവ് കടലോര പ്രദേശങ്ങളിലെ വീടുകളില്‍ ജമാഅത്തിന്റെ റിലീഫ് സേവനങ്ങള്‍ എത്തിക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇവിടെ സ്ത്രീകള്‍ക്ക് പഠനക്ലാസുകളും പൊതു ക്ലാസുകളും സംഘടിപ്പിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. പരിപാടികളില്‍സ്ത്രീകള്‍ ഉത്സാഹത്തോടെ പങ്കെടുത്തിരുന്നത് അവര്‍ക്കുണ്ടായിരുന്ന വിപുലമായ വ്യക്തിബന്ധങ്ങള്‍ കാരണമായിരുന്നു.
പ്രവര്‍ത്തകരെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നല്‍കുന്നതില്‍ അതീവ താല്‍പര്യം കാണിച്ചിരുന്ന സുഹ്‌റാബി അവശ്യ ഘട്ടങ്ങളില്‍ വീടുകളില്‍ സഹായത്തിനായി ആദ്യം ഓടിയെത്തുകയും ചെയ്തിരുന്നു. ആരോടും അസ്വാരസ്യങ്ങളോ അനിഷ്ടങ്ങളോ പ്രകടിപ്പിക്കാതെ, നല്ല സ്വഭാവഗുണങ്ങള്‍ക്ക് മാതൃകയായിരുന്നു അവര്‍. സൗകര്യങ്ങളുടെ കുറവുകള്‍ക്കിടയിലും പ്രവര്‍ത്തക സംഗമങ്ങള്‍ക്കും പഠനക്ലാസുകള്‍ക്കും വീട്ടില്‍ ഇടം നല്‍കാനും അവര്‍ സന്മനസ്സ് കാണിച്ചു. ഭര്‍ത്താവ്: ഇ.പി അനസ്. മക്കള്‍: സവാദ്, സഹദ്, ഷംലിയ, മരുമകന്‍: അനീഷ്.
സീനത്ത് എ. കല്ലായി
Comments