Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

സിസ്റ്റം സുരക്ഷിതവും സുഭിക്ഷവുമാക്കിയ സിംഗപ്പൂര്‍

ശൈഖ് മുഹമ്മദ് കാരകുന്ന് /യാത്ര

ന്റെ മകള്‍ ശഹ്‌നാസിന് അര്‍ധരാത്രിയിലും സിംഗപ്പൂരിന്റെ ഏതു ഭാഗത്തും നിര്‍ഭയയായി സഞ്ചരിക്കാം. ആരും ഒന്നും ചെയ്യുകയില്ല. തുറിച്ചുനോക്കുക പോലുമില്ല.'' സിംഗപ്പൂരിലെ ഞങ്ങളുടെ ആതിഥേയന്‍ കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വി.വി ശരീഫ് സാഹിബ് ഇതു പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി. എന്നാല്‍ സത്യം അതാണ്. സിംഗപ്പൂരിന്റെ ഏതു പ്രദേശത്തും പാതിരാവിലും ഏതു  പെണ്ണിനും ആരെയും പേടിക്കാതെ സൈ്വരമായി യാത്രചെയ്യാം. കൊള്ളയില്ല. കൊലയില്ല. മോഷണമില്ല. പിടിച്ചുപറിയില്ല. എങ്ങും ശാന്തിയും സമാധാനവും. തികഞ്ഞ സുരക്ഷിതത്വവും. 

ചിലര്‍ പറയുന്നു, ഇതിനു കാരണം സിംഗപ്പൂരിലെ ജനങ്ങളുടെ മൂല്യബോധമാണെന്ന്. എന്നാല്‍ ഏറെ പേരുടെയും അഭിപ്രായം കര്‍ക്കശമായ നിയമവ്യവസ്ഥയാണെന്നാണ്. കെട്ടിടങ്ങളിലും ഓഫീസുകളിലും തെരുവുകളിലുമെല്ലാം  കാമറകള്‍ ഘടിപ്പിച്ചിരിക്കുന്നു. നിയമലംഘനത്തിന് കടുത്ത ശിക്ഷയുമുണ്ട്. നിയമ വ്യവസ്ഥയില്‍ വധശിക്ഷയും അടിയും തടവുമൊക്കെയുണ്ട്. അഴിമതിയില്ല. ഭരണാധികാരികള്‍ക്ക് വളരെ ഉയര്‍ന്ന ശമ്പളമുള്ളതിനാലാണ് ഇതെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ഒന്നിനും കൈക്കൂലി കൊടുക്കേണ്ട. എന്നല്ല; ഓഫീസുകള്‍ കയറിയിറങ്ങുക പോലും വേണ്ട. എല്ലാം ഇന്റര്‍നെറ്റ് വഴി ശരിയാക്കാം. ഇതൊക്കെയും സാധിതമാകുന്നത് നിയമവ്യവസ്ഥ കൊണ്ടായാലും മൂല്യബോധം കാരണമായാലും ജനം സംതൃപ്തരാണ്, സുരക്ഷിതരാണ്. ചുവപ്പുനാടയൊന്നുമില്ലാത്തതിനാല്‍ സാധാരണക്കാര്‍ ഒട്ടും പ്രയാസമനുഭവിക്കുന്നില്ല. 

ചൈനീസ് വംശജരായ സ്ത്രീകള്‍ വളരെ ഇറക്കം കുറഞ്ഞ ഡ്രസ് ധരിച്ചാണ് എവിടെയും സഞ്ചരിക്കുക. എന്നാലും ആരും ആരെയും തുറിച്ചുനോക്കുകയില്ല. അങ്ങനെ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. അവരിലെ മിക്ക ആണ്‍കുട്ടികള്‍ക്കും പെണ്‍കൂട്ടുകാരും മറിച്ചും ഉണ്ട്. അങ്ങനെ ഇല്ലാതിരിക്കുന്നത് ന്യൂനതയായാണ് ഗണിക്കപ്പെടുന്നത്! ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം നിയമവിരുദ്ധമല്ല. അതുകൊണ്ടുതന്നെ ചൈനീസ് വംശജര്‍ക്കിടയില്‍ അത് വളരെ സാധാരണവും സ്വാഭാവികവുമാണ്. എന്നാല്‍ ബലാല്‍സംഗം വധശിക്ഷക്കു കാരണമാകുന്ന കുറ്റമാണ്. സ്വവര്‍ഗരതിയും ശിക്ഷാര്‍ഹമാണ്. 

വിദ്യാഭ്യാസ കാലത്തു തന്നെ സര്‍ക്കാര്‍ സൈനിക പരിശീലനം നല്‍കുന്നു. ഇത് നിര്‍ബന്ധം പോലെയാണ്. പൊതുമര്യാദകളും പെരുമാറ്റ ക്രമങ്ങളും സ്വഭാവ രീതികളും പൊതു മൂല്യങ്ങളുമാണ് കൂടുതലായും പരിശീലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബസ്സുകളിലും തീവണ്ടികളിലും മുതിര്‍ന്നവര്‍ നില്‍ക്കുമ്പോള്‍ ചെറുപ്പക്കാര്‍ ഇരിക്കുക പോലുമില്ല. മുതിര്‍ന്നവരെ ആദരിക്കുക, ചെറിയവരെ സ്‌നേഹിക്കുക തുടങ്ങിയ ഇസ്‌ലാമിക മൂല്യങ്ങള്‍ കണിശമായി പാലിക്കപ്പെടുന്ന നാടാണ് സിംഗപ്പൂരെന്ന് പറയാം. ക്യൂ പാലിക്കുന്നതില്‍ കണിശത പുലര്‍ത്തുന്നു. 

ഭക്ഷണസാധനങ്ങള്‍ ഒട്ടും പാഴാക്കുകയില്ല. ഹോട്ടലുകളില്‍ കഴിച്ചതിന്റെ ബാക്കി ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോവുക പതിവാണ്. സിംഗപ്പൂരിലെ മലയാളികള്‍ പോലും ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നു. 

ലോകത്തിലെ അതിസമ്പന്ന നാടുകളിലൊന്നാണ് സിംഗപ്പൂരെങ്കിലും റോഡുകളിലെവിടെയും ഗതാഗതക്കുരുക്കില്ല. റോഡുകളുടെ ആധിക്യത്തേക്കാളും വിശാലതയേക്കാളും ഇതിനു കാരണം വാഹനങ്ങളുടെ കുറവാണ്. ഏറെപ്പേര്‍ക്കും കാറില്ല. കാര്‍ വാങ്ങാന്‍ പലര്‍ക്കും സാധ്യവുമല്ല. അത്രയേറെ വിലക്കൂടുതലാണ്. അതിനേക്കാള്‍ കൂടുതലാണ് കൊല്ലത്തില്‍ അടക്കേണ്ടിവരുന്ന വാഹനനികുതി. കാറുകളുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിന്റെ ഭാഗമാണിത്. എന്നാല്‍ യാത്രക്ക് ഒട്ടും പ്രയാസമില്ല. അത്രയേറെ ബസ് സൗകര്യമുണ്ട്. ഒപ്പം മറ്റു യാത്രാസംവിധാനങ്ങളും. 

ഭക്ഷണം നഷ്ടപ്പെടുത്താത്തതുപോലെത്തന്നെ വസ്ത്രങ്ങളും പാഴാക്കുകയില്ല. നവജാത ശിശുക്കള്‍ക്കുള്ള ഡ്രസ്സുകള്‍ പോലും സൂക്ഷിച്ചുവെക്കുന്നു. അയല്‍പക്കത്തോ അടുത്ത ബന്ധുക്കളിലോ കുട്ടി ജനിച്ചാല്‍ അത് എത്തിച്ചുകൊടുക്കുന്നു. ഒരേ വസ്ത്രം ഒരുപാട് ശിശുക്കള്‍ ഉപയോഗിക്കുന്നു. ഇതൊന്നും ആരും പോരായ്മയായി കണക്കാക്കുന്നേയില്ല. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ സിംഗപ്പൂര്‍ മാതൃക ഏറെ അനുകരണീയമത്രെ. 

സിംഗപ്പൂരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം അധ്യാപകര്‍ക്കാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം സിംഗപ്പൂരിനാണ്. ഒന്നാം സ്ഥാനം ഫിന്‍ലന്റിനും. അധ്യാപകരെ കഴിച്ചാല്‍ ഡോക്ടര്‍മാര്‍ക്കും പിന്നെ എഞ്ചിനീയര്‍മാര്‍ക്കുമാണ് ശമ്പളം കൂടുതല്‍. 

ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള നാടുകളിലൊന്നായ സിംഗപ്പൂര്‍ വൃത്തിയുടെ കാര്യത്തില്‍ ഏറെ മികവ് പുലര്‍ത്തുന്നു. പ്രകൃതിയുടെ തനിമയും ഭംഗിയും കാത്തുസൂക്ഷിക്കുന്നതില്‍ ഭരണകൂടം നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്നായ മെറിന ബെ സാന്‍ഡ്‌സി (MARINA BAY SANDS) ന്റെ തൊട്ടടുത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് 250 ഏക്കര്‍ സ്ഥലം മരങ്ങള്‍ക്കും ചെടികള്‍ക്കും വേണ്ടി നീക്കിവെച്ചിരിക്കുന്നുവെന്നത് നേരില്‍ കണ്ടില്ലെങ്കില്‍ വിശ്വസിക്കുമായിരുന്നില്ല. 

പതിനാലു കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍ ഗ്രൗണ്ട് റോഡ് ഏറെ ശ്രദ്ധേയമാണ്. അതോടൊപ്പം കെട്ടിടങ്ങളുടെ ഉയരത്തിന്റെ കാര്യത്തില്‍ കടുത്ത നിയന്ത്രണമുണ്ട്. മഴ കൊണ്ടും നദികള്‍ കൊണ്ടും അനുഗൃഹീതമായ സിംഗപ്പൂര്‍ പ്രകൃതി സൗന്ദര്യത്തിലും മികച്ചുനില്‍ക്കുന്നു. 

സാമ്പത്തിക വളര്‍ച്ച

1965 ആഗസ്റ്റ് ഒമ്പതിനാണ് സിംഗപ്പൂര്‍ മലായ് ഫെഡറേഷനില്‍നിന്ന് സ്വതന്ത്രമായത്. 719 ചതുരശ്ര കി.മീ മാത്രം വിസ്തീര്‍ണമുള്ള സിംഗപ്പൂരിലെ ജനസംഖ്യ 5535000 ആണ്. വംശീയമായി 74 ശതമാനം ചൈനക്കാരും 13.4 ശതമാനം മലായികളും 9.2 ശതമാനം ഇന്ത്യക്കാരും ബാക്കി മറ്റുള്ളവരുമാണ്. 33 ശതമാനം ബുദ്ധമതക്കാരും 18 ശതമാനം ക്രിസ്ത്യാനികളും 17 ശതമാനം മതമേതെന്നറിയാത്തവരും 15 ശതമാനം മുസ്‌ലിംകളും 11 ശതമാനം താവോയിസ്റ്റുകളും 5 ശതമാനം ഹിന്ദുക്കളും ഒരു ശതമാനം മറ്റുള്ളവരുമാണ്. 

രാജ്യത്തെ ആകെയുള്ള 20 മന്ത്രിമാരില്‍ നാലുപേര്‍ ഹിന്ദുക്കളും മൂന്ന് പേര്‍ മുസ്‌ലിംകളുമാണ്. സ്പീക്കര്‍ മുസ്‌ലിം വനിതയാണ്; ഹലീമാ യഅ്ഖൂബ്. ഭൂരിപക്ഷം സ്ത്രീകളും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന സിംഗപ്പൂരിലെ പാര്‍ലമെന്റ് സ്പീക്കര്‍ മുഖമക്കന ധരിച്ച മുസ്‌ലിം സ്ത്രീയാണെന്നത് കൗതുകകരം തന്നെ. 

1965 മുതല്‍ 2015 മാര്‍ച്ച് 23 ന് മരണം വരെ സിംഗപ്പൂരിനെ നയിച്ചത് ലീ ക്വുവാന്‍ യ്വു (LEE KUAN YEW) ആണ്. 2004 വരെ പ്രധാനമന്ത്രിയായിരുന്നു. അതിനുശേഷം മന്ത്രിമാരുടെ മാര്‍ഗദര്‍ശിയും. അദ്ദേഹമാണ് സിംഗപ്പൂരിനെ വികസിത നാടുകളുടെ നിരയിലെത്തിച്ചത്. പെട്രോള്‍ ഒട്ടുമില്ലാത്ത ഈ നാട് പെട്രോള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന നാടുകളിലൊന്നാണ്. പെട്രോള്‍പോലെത്തന്നെ വെള്ളമുള്‍പ്പെടെ പലതിനെയും സിംഗപ്പൂര്‍ സാമ്പത്തിക വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തുന്നു. ലീ ക്വുവാന്‍ യ്വുവിനു ശേഷം മകന്‍ തന്നെയാണ് ഭരണം നടത്തുന്നത്. രാഷ്ട്രപിതാവായി അറിയപ്പെടുന്ന ലീ ക്വുവാന്റെ മരണത്തിനു പോലും ഒരൊറ്റ ദിവസവും അവധി നല്‍കിയില്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെ. അധ്വാന ദിനം നഷ്ടപ്പെടാതിരിക്കാന്‍ സിംഗപ്പൂര്‍ ഭരണകൂടവും ജനതയും പുലര്‍ത്തുന്ന ജാഗ്രതയുടെ ഭാഗമാണിത്. 

മന്ത്രിമാര്‍ സാധാരണക്കാരെപ്പോലെത്തന്നെയാണ് ജീവിക്കുന്നത്. പോലീസിന്റെയോ പട്ടാളത്തിന്റെയോ അകമ്പടിയില്ല. കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി യഅ്ഖൂബ് ഇബ്‌റാഹീം വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം തന്റെ റസ്റ്റോറന്റിന്റെ മുമ്പില്‍ ക്യൂ നിന്ന് മറ്റുള്ളവരെപ്പോലെ കാശ് നല്‍കി ഭക്ഷണം വാങ്ങി ആള്‍ക്കൂട്ടത്തിലിരുന്നാണ് ആഹാരം കഴിക്കാറുള്ളതെന്ന് ആതിഥേയന്‍ ശരീഫ് പറഞ്ഞപ്പോള്‍ വിസ്മയം തോന്നി. നമ്മുടെ നാട്ടിലിത് സങ്കല്‍പ്പിക്കുക പോലും സാധ്യമല്ലല്ലോ. മന്ത്രിമാരുടെ സെക്രട്ടറിമാര്‍ ഓഫീസ് ജോലികളില്‍ മാത്രമേ മന്ത്രിമാരെ സഹായിക്കാറുള്ളൂ. 

ലോകത്തിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ തുറമുഖം സിംഗപ്പൂരിലേതാണെന്നതുതന്നെ ആ നാട് നേടിയ വികസനത്തിന്റെ മികച്ച തെളിവാണ്. 

മുസ്‌ലിംകള്‍

വ്യത്യസ്ത വംശീയതകളും വിവിധ മതങ്ങളുമുള്ള സിംഗപ്പൂരില്‍ വംശീയ കലാപങ്ങളോ വര്‍ഗീയ സംഘട്ടനങ്ങളോ ഒട്ടുമില്ല. എല്ലാവരും പരമാവധി പുരോഗതി നേടാനുള്ള തീവ്രശ്രമത്തിലാണ്. വര്‍ഗീയവും വംശീയവുമായ സ്പര്‍ധയുണ്ടാക്കുന്ന ഏതു പ്രവൃത്തിയും ഗുരുതരമായ കുറ്റമാണ്. 

എഴുപത്തിനാലു ശതമാനം വരുന്ന ചൈനീസ് വംശജര്‍ പൊതുവെ സത്യസന്ധരും ശാന്തപ്രകൃതരുമാണ്. അഹന്തയോ പരദൂഷണമോ ഇല്ല. അവരുടെ വിനയവും അധ്വാനപ്രകൃതവും ഏറെ ശ്രദ്ധേയമാണ്. 

ചൈനീസ് വംശജരുടെ മതവും ആരാധനയും പോലും ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ളവയാണ്. പരേതാത്മാക്കള്‍ ശല്യം ചെയ്യാതിരിക്കാന്‍ കാര്‍ഡ്‌ബോഡ് കൊണ്ട് കാറുള്‍പ്പെടെ ഉണ്ടാക്കി കത്തിക്കുന്ന ആചാരം സാര്‍വത്രികമാണ്. അതിലൂടെ പരേതാത്മാക്കളെ പ്രീതിപ്പെടുത്താമെന്നും അവരുടെ ശല്യമകറ്റാമെന്നുമവര്‍ വിശ്വസിക്കുന്നു. 

ക്രി. 1500 മുതല്‍ 1824 വരെ സിംഗപ്പൂര്‍ ഇസ്‌ലാമിക ശരീഅത്താണ് പിന്തുടര്‍ന്നിരുന്നത്. ബ്രിട്ടീഷ് അധിനിവേശത്തോടെ അത് വ്യക്തിനിയമത്തില്‍ പരിമിതമായി. 1958 ല്‍ ശരീഅത്ത് കോടതി സ്ഥാപിതമായി. അന്നുമുതല്‍ വ്യക്തിനിയമങ്ങളില്‍ സര്‍ക്കാറോ കോടതികളോ ഇടപെടാറില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വഖ്ഫ് തുടങ്ങിയ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ശരീഅഃ കോടതികളാണ്. ശരീഅഃ കോടതിയിലെ പാര്‍ട് ടൈം ജഡ്ജിയും ജയില്‍ കൗണ്‍സലറുമായ ഉസ്താദ് അബ്ദുല്‍ മജീദിനെ കാണാനും ദീര്‍ഘമായി ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. 

എട്ടു ലക്ഷത്തിലേറെ മുസ്‌ലിംകളുള്ള സിംഗപ്പൂരില്‍ 71 പള്ളികളും ആറു മുഴുസമയ മദ്‌റസകളുമുണ്ട്. ഇവയ്ക്ക് നേതൃത്വം നല്‍കുന്നത് ഇസ്‌ലാമിക് റിലീജ്യസ് കൗണ്‍സില്‍ ഓഫ് സിംഗപ്പൂര്‍ ആണ്. 'മജ്‌ലിസ് ഉഗാമ ഇസ്‌ലാം സിംഗപ്പൂരാ' (Majlis Ugama Islam Singapura) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ചുരുക്കപ്പേര്‍ മൂഇസ് (MUIS). ഇത് സര്‍ക്കാറിന്റെ പൂര്‍ണ അംഗീകാരമുള്ള ഭരണകൂടത്തിന്റെ തന്നെ ഭാഗമായ സ്ഥാപനമാണ്. സകാത്ത് ശേഖരിച്ച് വിതരണം നടത്തുന്നതും ഹജ്ജ്, വഖ്ഫ്, ശരീഅഃ കോടതി, മത വിദ്യാഭ്യാസം എന്നിവക്ക് നേതൃത്വം നല്‍കുന്നതും മൂഇസാണ്. സകാത്ത് നല്‍കുന്നവര്‍ക്ക് നികുതിയിളവ് അനുവദിക്കപ്പെടും. സകാത്ത്  സംഭരണത്തിന്റെയും വിതരണത്തിന്റെയും കണക്ക് എല്ലാ മുസ്‌ലിം വീടുകളിലും എത്തിക്കാന്‍ മൂഇസ് ശ്രമിക്കാറുണ്ട്. സകാത്ത് ഖുര്‍ആന്‍ നിശ്ചയിച്ച ഇനങ്ങളില്‍ ആവശ്യമായവര്‍ക്കാണ് വിനിയോഗിക്കാറുള്ളത്. സകാത്ത് കൂടാതെ ജോലിക്കാരായ മുസ്‌ലിംകളെല്ലാം വരുമാനത്തിന്റെ ചെറിയൊരു വിഹിതം മൂഇസിന് നിര്‍ബന്ധമായും നല്‍കണം. അതുപയോഗിച്ചാണ് പുതിയ പള്ളികളുടെ നിര്‍മാണവും, ഉള്ളവയുടെ സംരക്ഷണവും നടക്കുന്നത്. സ്വര്‍ണത്തിന് നൂറ് പവനില്‍ കൂടുതലുണ്ടെങ്കിലേ സകാത്ത് നല്‍കേണ്ടതുള്ളൂ. ഓരോ വര്‍ഷവും പത്തു കോടിയിലേറെ ഡോളര്‍ സകാത്ത് ഇനത്തില്‍ ശേഖരിക്കപ്പെടാറുണ്ട്. 

ഏതാണ്ട് എല്ലാ പള്ളികളോടും അനുബന്ധിച്ച് കോണ്‍ഫറന്‍സ് ഹാള്‍, മദ്‌റസ, റെസ്റ്റാറന്റ്, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, പാര്‍ക്ക് എന്നിവയൊക്കെയുണ്ട്. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. ചില പള്ളികളിലെങ്കിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പ്രവേശന കവാടമോ ഹാളുകളോ ഇല്ല. പുരുഷന്മാര്‍ നില്‍ക്കുന്ന അതേ ഹാളില്‍ പിറകിലായി സ്ത്രീകളും നമസ്‌കരിക്കുന്നു. പള്ളിക്കമ്മിറ്റികളില്‍ സ്ത്രീപങ്കാളിത്തമുണ്ടെന്ന് മാത്രമല്ല, നാല്‍പത്തിയഞ്ചു ശതമാനവും സ്ത്രീകളാണ്. പള്ളി ഭരണ സമിതി ഓഫീസുകളില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ തന്നെ. മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീര ഭാഗം മറയ്ക്കുന്ന വസ്ത്രമാണ് മുസ്‌ലിം സ്ത്രീകളുടെ വേഷം. 

എന്നാല്‍ പള്ളികളില്‍ ധാരാളമായി വരാറുള്ള അമുസ്‌ലിം സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അവിടെയും സന്ദര്‍ശിക്കാറുള്ളത്. ഇങ്ങനെ പള്ളികളില്‍ സന്ദര്‍ശകരായെത്തുന്ന വിദേശികളും സ്വദേശികളുമായവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള സംവിധാനവും പ്രബോധകരും പ്രധാന പള്ളികളിലെല്ലാമുണ്ട്. സിംഗപ്പൂരിലെ ഏറ്റം ഉയരം കൂടിയ കെട്ടിടത്തിന്റെ അടിഭാഗം പള്ളിയാണ്. പരിസരത്തുണ്ടായിരുന്ന പള്ളികള്‍ നഗര നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴുണ്ടാക്കിയ വ്യവസ്ഥയുടെ ഭാഗമായാണ് ഇത് പള്ളിയാക്കി മാറ്റിയത്. ഇവിടത്തെ മുസ്‌ലിംകള്‍ പൊതുവെ ശാഫിഈ മദ്ഹബുകാരാണ്. അതോടൊപ്പം എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നതു പോലെത്തന്നെ ജുമുഅ ഖുത്വ്ബ മാതൃഭാഷയിലുമാണ്. ഇംഗ്ലീഷിലും മലായ് ഭാഷയിലുമെല്ലാം ഖുത്വ്ബകള്‍ നിര്‍വഹിക്കപ്പെടുന്നു. ഇതിന് അപവാദമായുള്ളത് മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള ഏക പള്ളിയാണ്. അവിടെയും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. സിംഗപ്പൂരിലെ ഏറ്റവും പ്രശസ്തമായ പള്ളികളിലൊന്ന് 1824-ല്‍ സ്ഥാപിതമായ സുല്‍ത്താന്‍ ഹുസൈന്‍ ഷാ മസ്ജിദാണ്. അവിടം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. 1928-ലാണ് ഇത് പുനര്‍നിര്‍മിച്ചത്. 

സിംഗപ്പൂരിലെ പണ്ഡിതന്മാരുടെയും മതാധ്യാപകരുടെയും സംഘടനയായ സിംഗപ്പൂര്‍ ഇസ്‌ലാമിക് സ്‌കോളേഴ്‌സ് ആന്റ് റിലീജിയസ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഓഫീസ് സന്ദര്‍ശിക്കാനും അതിന്റെ ഭാരവാഹികളുമായി പരിചയപ്പെടാനും അവസരമുണ്ടായി. 

ഖുര്‍ആന്‍ പഠനവേദി

സിംഗപ്പൂര്‍ മലയാളി മുസ്‌ലിംകളുടെ ഏക പൊതുവേദിയാണ് ഖുര്‍ആന്‍ പഠനകേന്ദ്രം. അതിന്റെ വാര്‍ഷിക കുടുംബ സംഗമത്തില്‍ പങ്കെടുക്കാനാണ് ഈ ലേഖകനും ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ റെക്ടര്‍ അബ്ദുല്ല മന്‍ഹാമും മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആര്‍. യൂസുഫും സിംഗപ്പൂരില്‍ പോയത്. ഏകദിന പഠനക്യാമ്പില്‍ സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങളിലെ ഖുര്‍ആന്‍ പഠിതാക്കളും അവരുടെ കുടുംബങ്ങളും ഒത്തുകൂടി. എല്ലാ വിഭാഗം മലയാളി മുസ്‌ലിംകളും സഹകരിച്ചാണ് ഈ സംരംഭം നടത്തുന്നത്. അതുകൊണ്ടുതന്നെ തികച്ചും മാതൃകാപരവും അനുകരണീയവുമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട്ടുകാരനായ നൗഷാദും കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വി.വി ശരീഫും വളപട്ടണം സ്വദേശി നസ്വീഫ് അബ്ദുല്‍ കരീമുമാണ് ഈ സംവിധാനത്തിന് നേതൃത്വം നല്‍കുന്നത്. ഞങ്ങളുടെ പ്രധാന ആതിഥേയരും ഇവര്‍ തന്നെ. വളരെ ചെറിയ നിലയില്‍ ആരംഭിച്ച ഈ പഠന വേദി ഇപ്പോള്‍ സിംഗപ്പൂരിലെ മലയാളി മുസ്‌ലിംകളുടെ അംഗീകാരവും പിന്തുണയും നേടിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തകര്‍ ഇന്തോനേഷ്യയിലെ ദരിദ്രരെ സഹായിക്കാന്‍ അവിടം സന്ദര്‍ശിക്കാനും സമയം കണ്ടെത്താറുണ്ട്. 

ഇതുകൂടാതെ മൊത്തം മലയാളികളുടെ പൊതുവേദിയായ കേരള അസോസിയേഷനും സിംഗപ്പൂരിലുണ്ട്. 

ദാറുല്‍ അര്‍ഖം

സിംഗപ്പൂരില്‍ മതങ്ങള്‍ക്കിടയില്‍ വിവാദങ്ങള്‍ക്ക് അനുവാദമില്ലെങ്കിലും ഇസ്‌ലാമിക പ്രബോധനത്തിന് സ്വാതന്ത്ര്യമുണ്ട്. മുസ്‌ലിം കണ്‍വര്‍ട്‌സ് അസോസിയേഷനാണ് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്‌ലാമിലേക്ക് കടന്നുവരുന്നവര്‍ക്ക് മത വിദ്യാഭ്യാസം നല്‍കാനും നേതൃത്വം വഹിക്കുന്നത്. തദ്ദേശീയരിലെന്ന പോലെ സന്ദര്‍ശകരിലും ഇസ്‌ലാമിക പ്രബോധനം നടത്താന്‍ Muslim Converts Association ശ്രമിച്ചുവരുന്നു. നൂറോളം വളന്റിയര്‍മാരാണ് ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പണ്ഡിത വേദിയുടെ സഹകരണത്തോടെ ഇസ്‌ലാമിക വിഷയങ്ങളില്‍ സായാഹ്ന കോഴ്‌സുകളും നടത്തിവരുന്നു. 

കൊല്ലംതോറും അഞ്ഞൂറിലേറെ പേര്‍ അസോസിയേഷന്റെ പ്രവര്‍ത്തനഫലമായി ഇസ്‌ലാം സ്വീകരിക്കുന്നു. അസോസിയേഷന്‍ ഓഫീസ് സന്ദര്‍ശിക്കാനും അതിന്റെ ഉപാധ്യക്ഷന്‍ മുഹമ്മദ് മീരാനുദ്ദീനുമായും എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനീസ് മരക്കാറുമായും ബന്ധപ്പെടാനും അവസരം ലഭിച്ചു. അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഏതാനും പുസ്തകങ്ങള്‍ അവര്‍ ഞങ്ങള്‍ക്ക് സമ്മാനിക്കുകയുണ്ടായി. 

ഇസ്‌ലാമിക പ്രബോധന രംഗത്തും സ്ത്രീസാന്നിധ്യം സജീവമാണ്. സിംഗപ്പൂരിലെ മുസ്‌ലിംകള്‍ക്കിടയില്‍ എല്ലാ മേഖലകളിലും പുരുഷന്മാരെപ്പോലെയോ കൂടുതലായോ സ്ത്രീകളും പങ്കുവഹിക്കുന്നു. അവിടെ നിന്നുള്ള മടക്കയാത്രയില്‍ മലേഷ്യ സന്ദര്‍ശിച്ചപ്പോഴും ഇതേ അനുഭവം തന്നെയാണുണ്ടായത്. ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ടുതന്നെ ആരോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദവും കൂട്ടായ്മയും ഇരുരാജ്യങ്ങളുടെയും എടുത്തുപറയേണ്ട സവിശേഷതയാണ്. സ്ത്രീകള്‍ക്ക് മുഖ്യ പരിഗണന നല്‍കുന്നതില്‍ ഭരണകൂടങ്ങളും തികഞ്ഞ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുന്നു. ആദ്യ സന്ദര്‍ശനമെന്ന നിലയില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ സിംഗപ്പൂരിലേക്കുള്ള യാത്ര ഏറെ ഹൃദ്യവും ഒട്ടേറെ പുത്തന്‍ ധാരണകള്‍ നല്‍കുന്നതുമായിരുന്നു. ഒപ്പം ചില ഗുണകരമായ ബോധ്യങ്ങള്‍ സമ്മാനിക്കുന്നതും.   

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍