Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

അലീഗഢ്-ജാമിഅ മില്ലിയ്യ ന്യൂനപക്ഷ പദവി വിവാദത്തിന്റെ ചരിത്രവും വര്‍ത്തമാനവും

പ്രഫ. ബദീഉസ്സമാന്‍

ലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അലീഗഢിന് ന്യൂനപക്ഷപദവി ഇല്ലെന്ന 2005-ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ അലീഗഢിന് ന്യൂനപക്ഷ പദവി വേണ്ടെന്ന നിലപാട് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ എടുത്തതാണ് പുതിയ വിവാദങ്ങളുടെ മര്‍മം.

അല്‍പം പിന്നാമ്പുറം

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതോടെ മുസ്‌ലിം സമുദായത്തിനെതിരില്‍ പ്രത്യേകമായ പ്രതികാര നടപടികള്‍ അവര്‍ സ്വീകരിക്കുകയുണ്ടായി. 1837-ല്‍ പേര്‍ഷ്യന്‍ മാറ്റി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായതോടെ സാമൂഹിക പദവികളില്‍നിന്ന് ഭ്രഷ്ടരാക്കപ്പെട്ടുകൊണ്ടിരുന്ന മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് കടുത്ത പരീക്ഷണങ്ങളുടേതായി 1857-നെ തുടര്‍ന്നുള്ള വര്‍ഷങ്ങള്‍. ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ച് സമരം ചെയ്‌തെങ്കിലും പ്രതികാരത്തിന് കൂടുതല്‍ വിധേയരായത് മുസ്‌ലിംകളാണെന്ന് ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ ജവഹര്‍ ലാല്‍ നെഹ്‌റു കുറിക്കുന്നുണ്ട്. മൗലവി അബ്ദുര്‍റഹീം, യഹ്‌യാ അലി, മൗലവി അഹ്മദുല്ലാ എന്നിവര്‍ ജീവപര്യന്തം വിധിക്കപ്പെട്ട് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട 1860-ലെ പാറ്റ്‌നാ വിചാരണ മുസ്‌ലിംകളുടെ അരക്ഷിതബോധം വര്‍ധിപ്പിച്ചു. മുസ്‌ലിംകളെ അധികാരഭ്രഷ്ടരാക്കി ഭരണമേറ്റെടുത്ത ബ്രിട്ടീഷുകാരോട് സഹകരിക്കാനേ പാടില്ലെന്നായിരുന്നു പൊതു മുസ്‌ലിം മനസ്സ്. 1871-ലെ തന്റെ റിപ്പോര്‍ട്ടില്‍, ബംഗാളില്‍ ഒരു ലക്ഷത്തി പതിനായിരം ഹിന്ദു കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ മുസല്‍മാന്മാരില്‍ അത് പതിനാലായിരം മാത്രമാണെന്ന വൈസ്രോയി മയോ പ്രഭുവിന്റെ പ്രസ്താവനയിലുണ്ട് ബ്രിട്ടീഷ് വിദ്യാഭ്യാസത്തോട് മുസ്‌ലിംകള്‍ സ്വീകരിച്ച സമീപനത്തിന്റെ ചിത്രം.

എന്നാല്‍, ബ്രിട്ടീഷ് ഭരണകൂടം ഒരു യാഥാര്‍ഥ്യമാണെന്നും അതിനോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് മുസ്‌ലിംകളെ കൂടുതല്‍ പിറകോട്ടടിപ്പിക്കുകയാണ് ചെയ്യുകയെന്നുമുള്ള പക്ഷക്കാരനായിരുന്നു സര്‍ സയ്യിദ് അഹ്മദ് ഖാന്‍. അതിനാല്‍, മുസ്‌ലിംകളെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ തേട്ടമായി അദ്ദേഹം മനസ്സിലാക്കി (ബ്രിട്ടീഷുകാരും മുസ്‌ലിംകളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ സര്‍ സയ്യിദ് നടത്തിയ പരിശ്രമങ്ങള്‍ മറ്റൊരു ലേഖനത്തിന്റെ വിഷയമാണ്). ഇതിനായി 1864-ല്‍ സ്ഥാപിക്കപ്പെട്ടതാണ് സയന്റിഫിക് സൊസൈറ്റി. 1872-ല്‍ മുസ്‌ലിം വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി ഫണ്ട് കമ്മിറ്റിക്ക് അദ്ദേഹം രൂപം നല്‍കി. ഇതിന്റെ കീഴില്‍ 1875-ല്‍ ഒരു സ്‌കൂള്‍ സ്ഥാപിക്കപ്പെടുകയും 1877-ല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ (എം.എ.ഒ) കോളേജ് സ്ഥാപിക്കപ്പെടുകയും ചെയ്തു. കോളേജ് സ്ഥാപനവുമായി ബന്ധപ്പെട്ട ത്യാഗ പരിശ്രമങ്ങളുടെ കഥകള്‍ ഡേവിഡ് ലെലിവെഡിന്റെ Aligarh's First Generation എന്ന പുസ്തകത്തില്‍ വായിക്കാം. സര്‍ സയ്യിദിന്റെ മരണത്തിന് പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം കോളേജ് അഫിലിയേറ്റഡ് കോളേജുള്ള യൂനിവേഴ്‌സിറ്റിയായി മാറണമെന്ന ആവശ്യമുയര്‍ന്നു. രാജാ ഓഫ് മഹ്മൂദാബാദ്, വിഖാറുല്‍ മുല്‍ക് തുടങ്ങിയവരായിരുന്നു ഇതിന്റെ മുന്‍പന്തിയില്‍.

അങ്ങനെ 1920 ഡിസംബറില്‍ ഒരുപാട് ചര്‍ച്ചകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ എം.എ.ഒ കോളേജ് അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയായി മാറി. 1920-ലെ എ.എം.യു ആക്ടിലെ സെക്ഷന്‍ 3,4 പ്രകാരം എം.എ.ഒ കോളേജ്, മുസ്‌ലിം യൂനിവേഴ്‌സിറ്റി അസോസിയേഷന്‍, മുസ്‌ലിം യൂനിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ കമ്മിറ്റി എന്നിവ ഇല്ലാതാവുകയും, ഈ മൂന്ന് സ്ഥാപനങ്ങളുടെയും സ്ഥാവര ജംഗമ വസ്തുവകകള്‍ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിക്ക് സ്വമേധയാ സംഭാവന നല്‍കുകയും ചെയ്തു. സെക്ഷന്‍ 23 പ്രകാരം യൂനിവേഴ്‌സിറ്റി കോര്‍ട്ട് ആയിരിക്കും യൂനിവേഴ്‌സിറ്റി ഗവേണിംഗ് ബോഡി എന്നും, മുസ്‌ലിംകള്‍ക്ക് മാത്രമേ കോര്‍ട്ട് അംഗങ്ങളായിരിക്കാന്‍ പറ്റൂ എന്നും നിയമമായി.

അലീഗഢ് കോളേജിന്റെ സ്ഥാപിത ലക്ഷ്യങ്ങളിലൊന്ന്, ബ്രിട്ടീഷ് വിരുദ്ധരല്ലാത്ത മുസ്‌ലിംകളെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു (അതിലെ ശരി തെറ്റുകള്‍, അന്നത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് വേറെ വിലയിരുത്തപ്പെടേണ്ടതാണ്). ഇത് ഏറക്കുറെ നേടിയെടുക്കാന്‍ കോളേജിന് കഴിയുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നാം ലോകയുദ്ധാനന്തരം തുര്‍ക്കിയോട് ബ്രിട്ടന്‍ കൈക്കൊണ്ട സമീപനവും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഉദയവും പുതിയ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇസ്‌ലാമിക ഖിലാഫത്തിനെ ഗളഛേദം നടത്തിയ ബ്രിട്ടനുമായി ഒരു നിലക്കും സഹകരിച്ചുകൂടെന്നും അവരില്‍നിന്ന് യാതൊരു സാമ്പത്തികാനുകൂല്യങ്ങളും പറ്റിക്കൂടെന്നും ആവശ്യപ്പെട്ട് മൗലാനാ മുഹമ്മദലിയുടെയും എം.എ അന്‍സാരിയുടെയും ഹകീം അജ്മല്‍ ഖാന്റെയും നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തുവന്നു. മഹാത്മാഗാന്ധിയും മുഹമ്മദലിയും നിസ്സഹകരണത്തിന് പ്രേരണ നല്‍കാന്‍ അലീഗഢില്‍ ക്യാമ്പ് ചെയ്ത് വിദ്യാര്‍ഥികളുമായി സംവദിച്ചു. എന്നാല്‍ ഇത്തരമൊരു കടുത്ത നിലപാട് ആത്മഹത്യാപരമെന്ന് വാദിച്ച് മറ്റൊരു വിഭാഗവും രംഗത്തു വന്നു. തുടര്‍ന്ന് നടന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗില്‍ നിസ്സഹകരണത്തെ അനുകൂലിച്ച മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള യുവതുര്‍ക്കികള്‍ പരാജയപ്പെട്ടു. ഇവര്‍ എം.എ.ഒ കോളേജ് ഓള്‍ഡ് ബോയ്‌സ് ലോഡ്ജും യൂനിവേഴ്‌സിറ്റി പള്ളിയും കേന്ദ്രീകരിച്ച് സംഘടിക്കുകയും ദേശീയ ഇസ്‌ലാമിക താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പുതിയ ഒരു യൂനിവേഴ്‌സിറ്റി ആരംഭിക്കുകയും ചെയ്തു. ഇതാണ് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ. 1925-ല്‍ ഇത് ദല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു.

സ്വാതന്ത്ര്യാനന്തരം

ഇന്ത്യ റിപ്പബ്ലിക്കായതിനെത്തുടര്‍ന്ന് 1951-ലെ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (ഭേദഗതി) നിയമം പാസ്സാക്കി. ഇതു പ്രകാരം 1920-ലെ നിയമത്തിലെ സെക്ഷന്‍ 23-ലെ, മുസ്‌ലിംകള്‍ക്ക് മാത്രം കോര്‍ട്ട് മെമ്പര്‍മാരാകാവുന്ന വ്യവസ്ഥ നീക്കം ചെയ്യുകയും ഏത് സമുദായക്കാരനും കോര്‍ട്ട് മെമ്പറാകാവുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമായിരുന്ന മതപഠനം ഐഛികമാക്കി. 1937-ന് ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ മുസ്‌ലിംലീഗനുകൂല സമീപനം അലീഗഢിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും സ്വീകരിച്ചിരുന്നു. ഇതിനെ മറയാക്കി വിഭജനാനന്തര ഇന്ത്യയില്‍ അലീഗഢ് അടച്ചുപൂട്ടണമെന്ന് ഹിന്ദുത്വ പക്ഷപാതികള്‍ വാദിക്കുകയുണ്ടായി. നെഹ്‌റുവിന്റെയും ആസാദിന്റെയും സാക്കിര്‍ ഹുസൈന്റെയും തന്ത്രപരമായ ഇടപെടലാണ് യൂനിവേഴ്‌സിറ്റിയെ രക്ഷിച്ചെടുത്തത്. അതിനു വേണ്ടിയുള്ള നീക്കുപോക്കുകളുടെ ഭാഗമായി വേണം 1951-ലെ ആക്ടിലെ ചില മാറ്റങ്ങളെ കാണാന്‍. 1948 മുതല്‍ 1957 വരെ സാക്കിര്‍ ഹുസൈനായിരുന്നു എ.എം.യുവില്‍ വൈസ് ചാന്‍സ്‌ലര്‍.

1965-ല്‍ എം.സി ചഗ്ല വിദ്യാഭ്യാസമന്ത്രിയായ കാലത്ത് അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (ഭേദഗതി) നിയമം 1965 പാസ്സാക്കി. ഇതനുസരിച്ച് കോര്‍ട്ടിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും എക്‌സിക്യൂട്ടീവ് കൗണ്‍സിലിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു.

1951-ലെയും '65-ലെയും ഭേദഗതി നിയമങ്ങള്‍ യൂനിവേഴ്‌സിറ്റിയുടെ മുസ്‌ലിം സ്വഭാവം കവര്‍ന്നെടുക്കുന്നെന്നും അതിനാല്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് അസീസ് ബാഷ Vs യൂനിയന്‍ ഓഫ് ഇന്ത്യ കേസുണ്ടാകുന്നത്. 1968-ല്‍ ഇതില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി, മുസ്‌ലിംകള്‍ സ്ഥാപിച്ചത് എം.എ.ഒ കോളേജ് മാത്രമാണെന്നും, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി സ്ഥാപിതമായത് (ബ്രിട്ടീഷ്) ഗവണ്‍മെന്റ് ആക്ട് വഴിയായതിനാല്‍ മുസ്‌ലിംകള്‍ സ്ഥാപിച്ച് നടത്തുന്നതായി കണക്കാക്കാനാവില്ലെന്നും വിധിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 30(1) പ്രകാരമുള്ള Right to Establish and Administer എന്നത് എ.എം.യുവിന് ബാധകമല്ലെന്നും അതിനാല്‍ ആര്‍ട്ടിക്ക്ള്‍ 30 പ്രകാരമുള്ള സുരക്ഷ എ.എം.യുവിന് നല്‍കാനാവില്ലെന്നും വിധിയില്‍ തുടര്‍ന്നു പറയുന്നു.

മുസ്‌ലിം സമൂഹത്തില്‍നിന്ന് ഒരുപാട് പ്രതിഷേധങ്ങളുയര്‍ന്നുവെങ്കിലും പരിഹാരമുണ്ടാവാന്‍ ഇന്ദിരാ ഗാന്ധി ഒരു തെരഞ്ഞെടുപ്പില്‍ തോറ്റ് തിരിച്ചുവരേണ്ടിവന്നു. അടിയന്തരാവസ്ഥയിലൂടെ തന്നില്‍നിന്നകന്ന മുസ്‌ലിം സമുദായത്തെ അടുപ്പിക്കുന്നതിന്റെ ഭാഗമായി, അസീസ് ബാഷ വിധിയുടെ പരിക്കില്ലാതാക്കാന്‍ ഇന്ദിരാ ഗാന്ധി 1981-ല്‍ എ.എം.യു ആക്ടില്‍ ഭേദഗതി കൊണ്ടുവന്നു. അസീസ് ബാഷാ വിധിയിലെ, മുസ്‌ലിംകള്‍ സ്ഥാപിച്ചതല്ലെന്നും ഗവണ്‍മെന്റ് സ്ഥാപിച്ചതാണെന്നുമുള്ള സാങ്കേതികത്വത്തില്‍ പിടിച്ചായിരുന്നു ജഡ്ജിമാരുടെ നിയമക്കളി. 1981-ലെ നിയമത്തില്‍ ഈ പഴുതടച്ച് എം.എ.ഒ കോളേജില്‍നിന്ന് രൂപംകൊണ്ടതാണ് എ.എം.യു എന്ന് വ്യക്തമാക്കി. എം.എ.ഒ കോളേജില്‍നിന്ന് യൂനിവേഴ്‌സിറ്റിയായി രൂപാന്തരപ്പെട്ടു എന്നതിനാല്‍ മാത്രം സ്ഥാപനത്തിന്റെ അടിസ്ഥാന സ്വഭാവം മാറുന്നില്ലെന്നും അലീഗഢ് യൂനിവേഴ്‌സിറ്റി അതിനാല്‍തന്നെ ന്യൂനപക്ഷ സ്ഥാപനമാണെന്നുമായിരുന്നു ഈ നിയമത്തിന്റെ കാതല്‍.

2005-ലെ നരേഷ് അഗര്‍വാള്‍ ആന്റ് അദേഴ്‌സ് Vs യൂനിയന്‍ ഓഫ് ഇന്ത്യാ കേസില്‍ അലീഗഢിന് ന്യൂനപക്ഷ പദവി അവകാശപ്പെടാനാവില്ലെന്ന് അസീസ് ബാഷ കേസിലെ ന്യായമുന്നയിച്ച് അലഹബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചു. നസീം അഹ്മദ് വി.സിയായ സമയത്ത് മെഡിക്കല്‍ പി.ജിയില്‍ പകുതി സീറ്റുകള്‍ മുസ്‌ലിംകള്‍ക്ക് സംവരണം ചെയ്തതായിരുന്നു കേസിനാധാരം. യൂനിവേഴ്‌സിറ്റിയുടെ അപ്പീല്‍ പരിഗണിച്ച അതേ കോടതിയുടെ ഡിവിഷന്‍ ബെഞ്ചാവട്ടെ, ഒരുപടി കൂടി കടന്ന് അസീസ് ബാഷ കേസിലെ സാങ്കേതിക കുരുക്ക് തീര്‍ക്കാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ 1981-ലെ നിയമം തന്നെ നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ചു. ഇതിനെതിരെ ഏഴോളം അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇപ്പോഴുള്ളത്.

പ്രശ്‌നത്തിന്റെ മര്‍മം

അലഹബാദ് കോടതി വിധിക്കെതിരില്‍ രണ്ടാം യു.പി.എ സര്‍ക്കാറും ഒരു അപ്പീല്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ ഹാജരായിക്കൊണ്ടാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി അലീഗഢിന് ന്യൂനപക്ഷ പദവി വേണ്ടെന്നു പറഞ്ഞത്. അലീഗഢിന്റെയും ജാമിഅയുടെയും കാര്യത്തില്‍ ഇതാണ് തങ്ങളുടെ നിലപാടെന്ന് ബി.ജെ.പി നേതാവ് എം.ജെ അക്ബറും പറയുകയുണ്ടായി. കേന്ദ്രം ഭരിക്കുന്ന ഗവണ്‍മെന്റിന് ഒരു സെക്യുലര്‍ സ്റ്റേറ്റില്‍ എങ്ങനെയാണ് ന്യൂനപക്ഷ സ്ഥാപനം അനുവദിക്കാനാവുക എന്നാണ് കോടതിയോട് അറ്റോര്‍ണി ജനറല്‍ ചോദിച്ചത്. അങ്ങനെയെങ്കില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 30 എങ്ങനെ ഒരു മതേതര രാജ്യത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്താനാവും എന്ന ചോദ്യത്തിന് ബി.ജെ.പി ഉത്തരം പറയണം.

ന്യൂനപക്ഷാവകാശം എന്നത് ഒരു ഔദാര്യമാണെന്ന പോലെയാണ് ആര്‍.എസ്.എസ്സും അവര്‍ക്ക് വേണ്ടി ഭരിക്കുന്ന ബി.ജെ.പിയും പെരുമാറുന്നത്. ജനാധിപത്യം സ്വാഭാവികമായും ഭൂരിപക്ഷ താല്‍പര്യങ്ങളോട് ഒരു ചെരിവ് കാണിക്കുമെന്നതിനാല്‍, ജനാധിപത്യ പ്രക്രിയയുടെ വിജയത്തിന്, ന്യൂനപക്ഷ സമൂഹങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ വേണമെന്ന തിരിച്ചറിവില്‍നിന്നാണ് ന്യൂനപക്ഷാവകാശങ്ങള്‍ ഒരു പ്രത്യേക ഇനമായി പരിഷ്‌കൃത സമൂഹങ്ങളില്‍ കണ്ടുവരുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടോ എന്നതാണ് ഒരു സമൂഹം സംസ്‌കൃതമാണോ എന്നതിന്റെ ഏറ്റവും വലിയ അളവുകോല്‍. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയില്‍ ഇതുസംബന്ധിച്ച ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മുസ്‌ലിം താല്‍പര്യങ്ങളോട് പൊതുവെ അനുഭാവരഹിത നിലപാടെടുത്തിട്ടുള്ള ഗോവിന്ദ് ബല്ലഭ് പന്ത് തന്നെ പറഞ്ഞത് ന്യൂനപക്ഷങ്ങള്‍ പൂര്‍ണ തൃപ്തരാവുന്നതുവരെ വികസനം സാധ്യമല്ലെന്നാണ്. ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള തൃപ്തികരമായ പരിഹാരം വഴി മാത്രമേ സ്വതന്ത്ര ഇന്ത്യയുടെ ആരോഗ്യവും ശക്തിയും ഓജസ്സും ഉറപ്പുവരുത്താനാവൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അതായത് നിരവധി മത, സംസ്‌കാര, ഭാഷാ ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന മഹാത്ഭുതത്തിന്റെ നിലനില്‍പിന്റെ ആണിക്കല്ലാണ് ന്യൂനപക്ഷാവകാശങ്ങളെന്ന് ചുരുക്കം. അതിനാല്‍ അവയുടെ നിലനില്‍പിനു വേണ്ടിയുള്ള പരിശ്രമം, രാജ്യത്തിന്റെ നിലനില്‍പിനു വേണ്ടിയുള്ളതാണ്.

അലീഗഢിനോടുള്ള വിരോധം, 1937-'47 കാലഘട്ടത്തിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവരെടുത്ത മുസ്‌ലിംലീഗനുകൂല നിലപാട് കാരണമാണെന്ന് കരുതുന്നവരുണ്ട്. എങ്കില്‍ അലീഗഢ് സ്‌കൂളിന്റെ ബ്രിട്ടീഷ് സേവാ നയത്തോട് യോജിക്കാതെ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട ജാമിഅ മില്ലിയ്യയോടുള്ള വിരോധത്തിന്റെ കാരണമെന്താണ്? ഉത്തരം ലളിതമാണ്. ഓരോ സാമൂഹിക വിഭാഗവും തങ്ങളുടെ സാംസ്‌കാരിക വ്യതിരിക്തത നിലനിര്‍ത്തുന്ന ബഹുസ്വര ഇന്ത്യ, ആര്യ വംശീയാധിപത്യത്തെ താലോലിക്കുന്ന ആര്‍.എസ്.എസ് പരിവാറിന് താല്‍പര്യമുള്ള ഒന്നല്ല. അതിനാല്‍ അത്തരം സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ ഹിറ്റ്‌ലിസ്റ്റിലെ മുഖ്യ ഇനങ്ങളാണ്.

കോടതിയില്‍നിന്ന്  സമൂഹം പ്രതീക്ഷിക്കുന്നത്

അലീഗഢിന്റെയും ജാമിഅ മില്ലിയ്യയുടെയും മുസ്‌ലിം സ്വഭാവം വാദിച്ചു ജയിക്കേണ്ട ഒന്നല്ല; ചരിത്ര യാഥാര്‍ഥ്യങ്ങളാണ്. 1967-ലെ അസീസ് ബാഷാ കേസിലെ പിഴവ് 1981-ല്‍ പാര്‍ലമെന്റ് നിയമത്തിലൂടെ തിരുത്തപ്പെട്ടിട്ടും 2005-ല്‍ വീണ്ടും അതേ സാങ്കേതികത ദുരൂഹ കാരണങ്ങളാല്‍ ഉദ്ധരിക്കുന്നു അലഹബാദ് കോടതി. 1920-ല്‍ അലീഗഢ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കാനിടയായ സാഹചര്യങ്ങളെ കണ്ടില്ലെന്നു നടിച്ച് കോടതിക്ക് തീര്‍പ്പിലെത്താനാവില്ല. 1920-ലെ നിയമത്തില്‍ കോര്‍ട്ടംഗങ്ങള്‍ മുഴുവന്‍ മുസ്‌ലിംകളാവണമെന്ന നിബന്ധന വന്നതെങ്ങനെ? സെക്യുലര്‍ (ബ്രിട്ടീഷ്) ഗവണ്‍മെന്റ് അങ്ങനെയൊരു നിയമം വെച്ചത് വെറുതെയാണോ? 1981-ലെ പാര്‍ലമെന്റ് പാസാക്കിയ എ.എം.യു ആക്ട് എങ്ങനെയാണ് നിയമപരമായി നിലനില്‍പില്ലാത്തതാവുന്നത് എന്ന് സുപ്രീംകോടതി പരിശോധിക്കേണ്ടതുണ്ട്.

സമുദായം ചെയ്യേണ്ടത്

മാപ്പുസാക്ഷിത്വം സ്ഥായീഭാവമാകുന്ന സമൂഹത്തിന് അതിജീവനശേഷിയുണ്ടാവില്ലെന്ന് സമുദായം തിരിച്ചറിയണം. ഇടക്കിടെ ഉയരുന്ന അലീഗഢ്-ജാമിഅ വിവാദങ്ങള്‍ ഒരു കെണിയാണെന്നും അതിന്റെ പിറകില്‍ കൂടേണ്ടെന്നും പറയുന്നവരുണ്ട്. പക്ഷേ അതൊരു കെണി മാത്രമല്ല, ടെസ്റ്റ് ഡോസ് കൂടിയാണെന്നതാണ് നേര്. തങ്ങളെ അരികിലേക്ക് മാറ്റാന്‍ കഠിനാധ്വാനം ചെയ്ത സാമ്രാജ്യത്വ ശക്തിയുടെ കുതന്ത്രങ്ങളെ അഭിമുഖീകരിക്കാന്‍ മുസ്‌ലിം സമൂഹത്തെ പഠിപ്പിച്ച ധീരരുടെ രക്തവും വിയര്‍പ്പുമാണ് അലീഗഢും ജാമിഅയും. നൂറ്റാണ്ടിനിപ്പുറം, അത്തരമൊന്ന് സ്ഥാപിക്കുന്നതുപോകട്ടെ, ആ മഹാരഥര്‍ വിട്ടേച്ചുപോയ മഹദ് സ്ഥാപനങ്ങളെ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസൃതമായി സംരക്ഷിക്കേണ്ട ഉത്തരവാദിത്തമെങ്കിലും ജീവിച്ചിരിക്കുന്ന തലമുറക്കുണ്ട്.

അലീഗഢും ജാമിഅയും കേവലം രണ്ട് സ്ഥാപനങ്ങളല്ല. മറിച്ച്, മുസ്‌ലിം സാംസ്‌കാരിക പരിസരത്തുനിന്നുകൊണ്ട് കഴിഞ്ഞ 150 കൊല്ലക്കാലമായി ഇന്ത്യന്‍ സമൂഹം നടത്തിവരുന്ന അതിജീവന ശ്രമങ്ങളുടെ ചരിത്രമാണ്. അവയുടെ ചരിത്രവും സ്വഭാവവും സംരക്ഷിക്കാനുള്ള, രാജ്യത്തിന്റെ നിലനില്‍പിനു വേണ്ടിയുള്ള സമരമാണ്; സാംസ്‌കാരിക ദേശീയത എന്ന പേരില്‍ ആര്യ മേധാവിത്വം അടിച്ചേല്‍പിക്കാനുള്ള ഇന്ത്യന്‍ ഫാഷിസ്റ്റ് തന്ത്രങ്ങള്‍ക്കെതിരിലുള്ള ചെറുത്തുനില്‍പും. 

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍