പരിവര്‍ത്തന പാതയിലൂടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
കേരളത്തിലെ മുസ്‌ലിം മത സംഘടനകളില്‍ ഏറ്റവും കൂടുതല്‍ അനുയായികളെ അവകാശപ്പെടാവുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അതിന്റെ 90-ാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി രണ്ടാം വാരം ആലപ്പുഴയില്‍ വെച്ച് ഗംഭീരമായി ആഘോഷിച്ചു. സമ്മേളനത്തിലും സമ്മേളന പ്രചാരണ പരിപാടികളിലുമായി സമസ്ത പണ്ഡിതന്മാര്‍, വിശിഷ്യ യുവ പണ്ഡിത നിര അവകാശപ്പെട്ട പ്രധാന കാര്യം അന്ത്യപ്രവാചകനാല്‍ സ്ഥാപിതമായ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ കേരളത്തിലെ യഥാര്‍ഥ പ്രതിനിധാനം സമസ്തയുടേതാണ് എന്നാണ്. മുബ്തദിഉകള്‍ എന്ന് അവര്‍ ആരോപിക്കുന്ന മുജാഹിദ് സംഘടനകള്‍ക്കോ ജമാഅത്തെ ഇസ്‌ലാമിക്കോ തബ്‌ലീഗ് ജമാഅത്തിനോ സമസ്തയിലെ തന്നെ വിഘടിത വിഭാഗത്തിനോ അഹ്‌ലുസ്സുന്നയുടെ ആധികാരിക പ്രാതിനിധ്യം അവകാശപ്പെടാനാവില്ല എന്ന നിലപാടിലാണ് ഔദ്യോഗിക സമസ്ത. അതിലെ ശരിയും തെറ്റും തലനാരിഴ കീറിയ വിശകലനത്തിന് ഈയവസരത്തില്‍ മുതിരുന്നില്ല. എങ്കിലും സമസ്തയുടെ പ്രഖ്യാപിത നിലപാടുകളുടെ വെളിച്ചത്തില്‍ ഈയവകാശവാദം എത്രത്തോളം വസ്തുനിഷ്ഠമാണെന്ന പരിശോധന പ്രസക്തമാണ്.
''സ്വഹാബത്തിന്റെ കാലം മുതല്‍ ഇതഃപര്യന്തം പരിശുദ്ധ ഇസ്‌ലാമില്‍ നടന്നുവരുന്നതും ഖുര്‍ആനും സുന്നത്തും വളച്ചൊടിക്കാത്തവരായ എല്ലാ ഉലമാഉം അംഗീകരിച്ചതുമായ നടപടിക്രമങ്ങള്‍ക്ക് കടകവിരുദ്ധമായ വാദങ്ങളുമായി സമുദായത്തില്‍ ഐക്യസംഘമെന്ന പേരില്‍ അനൈക്യം സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പുത്തനാശയക്കാരുടെ പ്രവര്‍ത്തനങ്ങള്‍ തടയാതെ ഇനിയും കൈയും കെട്ടി നോക്കിനിന്നാല്‍ അത് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അനുവര്‍ത്തിക്കുന്ന കടുത്ത തെറ്റായിരിക്കുമെന്ന് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളാണ് സത്യമെന്ന് വിശ്വസിക്കുന്ന ഉലമാക്കള്‍ മനസ്സിലാക്കി. അവര്‍ പ്രവര്‍ത്തന രംഗത്തിറങ്ങി. അങ്ങനെ 1925-ല്‍ കേരളത്തിലെ ചില പ്രമുഖ ഉലമാക്കളും സമുദായ നേതാക്കളും കോഴിക്കോട് വലിയ ജുമുഅത്ത് പള്ളിയില്‍ ഒരുമിച്ചുകൂടി. നിലവിലുള്ള വിഷയങ്ങളെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്തു, വിലയിരുത്തി. തുടര്‍ന്ന് മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും പാറോല്‍ ഹുസൈന്‍ മുസ്‌ലിയാര്‍ സെക്രട്ടറിയുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പേരില്‍ ഒരു ഉലമാ സംഘടനക്ക് രൂപം നല്‍കി. പിന്നീട് കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി മുതലായ സ്ഥലങ്ങളില്‍ വെച്ചും അതിന്റെ കീഴില്‍ പൊതുയോഗങ്ങള്‍ നടന്നു. 1926-ല്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അനേകം ഉലമാക്കള്‍ സംബന്ധിച്ച ഒരു പൊതുയോഗം കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്നു. സയ്യിദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളായിരുന്നു യോഗാധ്യക്ഷന്‍. മേല്‍പറഞ്ഞ പേരില്‍ തന്നെ പ്രസ്തുത സംഘടനയെ സ്ഥിരീകരിച്ചു'' (കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, സെക്രട്ടറി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് സമസ്ത 70-ാം വാര്‍ഷിക സ്മണിക, 1996).
1933 മാര്‍ച്ച് അഞ്ചിന് ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ ആറാം സമ്മേളനം അംഗീകരിച്ച എട്ടാം പ്രമേയം, സംഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും ശ്രമിച്ച വിശ്വാസാചാരങ്ങള്‍ ഏതൊക്കെയാണെന്നും, 'നവീനവാദികള്‍' അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍നിന്ന് പുറത്തുപോയവരാണെന്ന് വിധിക്കാന്‍ സമസ്ത പണ്ഡിതന്മാരെ പ്രേരിപ്പിച്ച കാര്യങ്ങളെന്താണെന്നും വ്യക്തമാക്കുന്നുണ്ട്: ''കേരളത്തിലെ മുസ്‌ലിംകളില്‍ അനേക കൊല്ലമായിട്ട് നിരാക്ഷേപമായിട്ട് നടന്നുവരുന്നതും ഇപ്പോഴും നടത്തിവരുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ഉലമാക്കളാല്‍ മതാനുസരണങ്ങളാണെന്ന് സ്ഥിരപ്പെട്ടവയാണെന്നും, ഇവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖത്വീബ് സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു:
1. മരിച്ചുപോയ അമ്പിയ, ഔലിയ, സ്വാലിഹീന്‍ ഇവരുടെ ദാത്ത് കൊണ്ടും, ജാഹ്, ഹഖ്, ബര്‍കത്ത് ഇത്യാദി കൊണ്ടും തവസ്സ്വുല്‍ (ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ചു സഹായത്തിന് അപേക്ഷിക്കലും അവരുടെ ആസാറുകളെ കൊണ്ട് ബര്‍കത്ത് മതിക്കലും.
2. മരിച്ചുപോയ അമ്പിയ, ഔലിയ, ഇവര്‍ക്കും മറ്റു മുസ്‌ലിംകള്‍ക്കും കൂലി കിട്ടുവാന്‍ വേണ്ടി ധര്‍മം ചെയ്യലും കോഴി, ആട് മുതലായവ ധര്‍മം ചെയ്യാന്‍ നേര്‍ച്ച ചെയ്യലും അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതലും ഓതിക്കലും മുസ്‌ലിം മയ്യിത്തുകളെ മറവ് ചെയ്തതിനു ശേഷം ഖബ്‌റിങ്കല്‍ വെച്ച് തല്‍ഖീന്‍ ചൊല്ലി കൊടുക്കലും മയ്യിത്തിനു വേണ്ടി ഖബ്‌റിങ്കല്‍ വെച്ചും മറ്റു സ്ഥലത്തുവെച്ചും ഖുര്‍ആന്‍ ഓതലും ഓതിക്കലും.
3. ഖബ്ര്‍ സിയാറത്ത് ചെയ്യലും.
4. ആയാത്ത്, ഹദീസ്, മറ്റു മുഅസ്സമായ അസ്മാഉ, ഇവ കൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതിക്കെട്ടലും പിഞ്ഞാണം എഴുതിക്കൊടുക്കലും വെള്ളം, നൂല് മുതലായവ മന്ത്രിച്ചു കൊടുക്കലും ബുര്‍ദ ഓതി മന്ത്രിക്കലും.
5. ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശൈഖന്മാരുടെ കൈത്തുടര്‍ച്ചയും ഒറ്റക്കും യോഗം ചേര്‍ന്നും നടപ്പുള്ള റാത്തീബും ത്വരീഖത്തിലെ ദിക്‌റുകള്‍ ചൊല്ലലും, ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നവാവി, അസ്മാഉന്നബി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹര്‍ മുതലായ വിര്‍ദുകളെ ചട്ടമാക്കലും, ദിക്‌റുകള്‍ കണക്കാക്കാന്‍ തസ്ബീഹ് മാല ഉപയോഗിക്കലും.
6. മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രിയ്യത്ത് ബൈത്ത്, ബദ്ര്‍ മാല, മുഹ്‌യിദ്ദീന്‍ മാല, രിഫാഇ മാല മുതലായ നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക.
അവതാരകന്‍: ശിഹാബുദ്ദീന്‍ അഹ്മദ് കോയ മൗലവി
അനുവാദകന്‍: വി. കമ്മു മൗലവി (പരപ്പനങ്ങാടി മുദരിസ്)
സര്‍വസമ്മതമായി പാസ്സാക്കി'' (പ്രോസീഡിംഗ്‌സ്: പേജ് 30,31,32. ഉദ്ധരണം: സമസ്ത 70-ാം വാര്‍ഷിക സ്മരണിക).
ഫറോക്ക് എട്ടാം പ്രമേയമെന്ന പേരില്‍ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ഈ നയരേഖ പരിശോധിക്കുക. നബിയും സ്വഹാബത്തും സലഫുസ്സ്വാലിഹുകളും മദ്ഹബിന്റെ ഇമാമുകളും ചലിച്ച പാതയാണ് അഹ്‌ലുസ്സുന്നയുടേത് എന്ന് സമസ്ത നേതൃത്വം ശരിയായിത്തന്നെ വിലയിരുത്തുമ്പോള്‍ ഈ പ്രമേയത്തില്‍ ശരിയെന്ന് ന്യായീകരിച്ച കാര്യങ്ങള്‍ അവരുടെ മാതൃകയാണോ, അതില്‍ മിക്ക കാര്യങ്ങളും അവര്‍ ശരിവെച്ചതാണോ? അല്ലാഹു അല്ലാത്തവരെ- അവര്‍ സാക്ഷാല്‍ പ്രവാചകന്മാര്‍ തന്നെയാവട്ടെ, അവരുടെ ശിഷ്യന്മാരാകട്ടെ- നേരിട്ടോ അല്ലാതെയോ വിളിച്ചു പ്രാര്‍ഥിക്കാമെന്നതിന് വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ ഒരു തെളിവുമില്ലെന്ന് മാത്രമല്ല, പ്രത്യക്ഷമോ പരോക്ഷമോ ആയ ശിര്‍ക്കാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ളതുമാണ്. ഇതേച്ചൊല്ലി ഒട്ടനവധി വാദപ്രതിവാദങ്ങള്‍ കേരളത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവയിലൊന്നും സ്വീകാര്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ വാദം ശരിയെന്ന് സ്ഥാപിക്കാന്‍ സമസ്ത പണ്ഡിതന്മാര്‍ക്ക് കഴിയാത്തതുകൊണ്ടാണ് പുത്തന്‍ ആശയക്കാരെന്ന് സമസ്ത കുറ്റപ്പെടുത്തുന്നവരുടെ ആശയപ്രചാരണം സ്വീകാര്യത നേടിയത്. മഖ്ബറകള്‍ കെട്ടിപ്പടുക്കരുതെന്നും കുമ്മായമിടരുതെന്നും ആരാധനാലയങ്ങളാക്കരുതെന്നും പ്രവാചകശ്രേഷ്ഠന്‍ ശക്തിയായി താക്കീത് ചെയ്ത കാര്യങ്ങളാണ്. വിലക്കപ്പെട്ട ഇത്തരം ചെയ്തികള്‍ സുന്നത്താണെന്ന് കൂടി ന്യായീകരിക്കാന്‍ പോയാല്‍ അത് മഹാ അപരാധമല്ലേ? ഉറുക്ക്, പിഞ്ഞാണമെഴുത്ത് തുടങ്ങിയവ ഫലശൂന്യമായ അനാചാരങ്ങളാണ്. മുല്ലമാര്‍ക്കും പുരോഹിതന്മാര്‍ക്കും ഉപജീവനത്തിനുപകരിക്കും എന്ന ഗുണമേ അതുകൊണ്ടുള്ളൂ. നേര്‍ച്ച അല്ലാഹുവിന്റെ പേരിലേ പാടുള്ളൂ എന്നത് തൗഹീദിന്റെ മൗലിക താല്‍പര്യമായിരിക്കെ സൃഷ്ടികളുടെ പേരിലുള്ള നേര്‍ച്ച-വഴിപാടുകള്‍ ഉറൂസുകളെ കൊഴുപ്പിക്കാനുതകും എന്നല്ലാതെ മതം അംഗീകരിക്കുന്ന ഏര്‍പ്പാടല്ല. ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ എന്നീ ത്വരീഖത്തുകള്‍ക്ക് സാധ്യത നല്‍കിയേടത്തുമുണ്ട്, സമസ്ത തന്നെ ഇപ്പോള്‍ ഉപരോധവും പ്രതിരോധവും തീര്‍ക്കേണ്ടിവന്ന ഒട്ടേറെ വ്യാജ ത്വരീഖത്തുകളിലേക്കുള്ള വാതില്‍ തുറക്കല്‍. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഹൈദരാബാദുകാരനായ നൂരിഷായുടെ ത്വരീഖത്തിനെ ഒടുവില്‍ സമസ്തക്ക് തള്ളിപ്പറയേണ്ടിവന്നുവല്ലോ. എങ്കിലും സ്വൂഫിവര്യനായിരുന്ന ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ പേരില്‍ നിരവധി ത്വരീഖത്തുകളും കള്‍ട്ടുകളും കേരളത്തിലുടനീളം സജീവമാണിപ്പോള്‍. ആലുവാ യൂസുഫ് സുല്‍ത്താനും കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂര്‍ ആസ്ഥാനമാക്കിയുള്ള ആരിഫ് ജീലാനിയും ആലുംതറ ത്വരീഖത്തും അവയില്‍ ചിലത് മാത്രം. ഏതാണ് യഥാര്‍ഥ ത്വരീഖത്ത്, ഏതാണ് വ്യാജം എന്ന് വിശ്വാസികള്‍ക്ക് സുതാര്യമായി ഗ്രഹിക്കാനുതകുന്ന മാനദണ്ഡങ്ങളൊന്നും സമസ്ത നേതൃത്വം വരഞ്ഞുകാണിക്കാത്തതാണ് പ്രശ്‌നം. സമസ്തക്ക് പുറത്തുള്ളവര്‍ ഇത് ചൂണ്ടിക്കാട്ടുമ്പോഴേക്ക് സ്വൂഫിസത്തെ നിരാകരിക്കുന്നു, ആത്മീയ ഗുരുക്കന്മാരെ തള്ളിപ്പറയുന്നു എന്നാരോപിക്കുകയാണ് പതിവ്. ആത്മസംസ്‌കരണത്തിന്റെ അഥവാ തസ്വവ്വുഫിന്റെ വേരുകള്‍ മൂലപ്രമാണങ്ങളില്‍ കണ്ടെത്തുക പ്രയാസകരമല്ല. പൂര്‍വസൂരികളില്‍ പലരും ആത്മവിശുദ്ധിയുടെ ജീവല്‍മാതൃകകളായിരുന്നു താനും. എന്നാല്‍ ഭൗതിക സുഖസൗകര്യങ്ങളുടെ പിറകെ ഓടുന്ന, പണം പിടുങ്ങാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ആളുകള്‍ സ്വൂഫിസത്തിന്റെയും ത്വരീഖത്തിന്റെയും അന്യാദൃശ മാതൃകകള്‍ പാടിപ്പുകഴ്ത്തുന്ന ഇരട്ടത്താപ്പ് ആരുടേതായാലും നഗ്നമായ ആത്മീയ ചൂഷണത്തിന്റെ അശ്ലീല മാതൃകയായേ വിലയിരുത്തപ്പെടൂ.
അതേസമയം, പുതിയ തിരുത്തല്‍ പ്രമേയങ്ങളൊന്നും അംഗീകരിച്ചതായി അറിയില്ലെങ്കിലും മുപ്പതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെയുള്ള കാലഘട്ടത്തിലെ ചിന്തകളും വീക്ഷണഗതികളുമല്ല ഇപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായില്‍ പ്രകടമാവുന്നതെന്ന് ഉറപ്പു പറയാനാവും. ലൗകിക വിദ്യാഭ്യാസത്തെ സമസ്ത മുമ്പേ വിലക്കിയിട്ടില്ല, ദീനിനു വിരുദ്ധമായ വിദ്യാഭ്യാസത്തെ മാത്രമേ എതിര്‍ത്തിരുന്നുള്ളൂ എന്ന കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിന്റെ അവകാശവാദം വിവാദപരമാവാം. ഇന്നെന്തായാലും സര്‍ക്കാര്‍ സിലബസ് പ്രകാരമുള്ള ഒട്ടേറെ പ്രൈമറി, സെക്കന്ററി, യൂനിവേഴ്‌സിറ്റി, പ്രഫഷണല്‍ സ്ഥാപനങ്ങള്‍ പ്രശംസാര്‍ഹമായി നടത്തിക്കൊണ്ടിരിക്കുന്ന വന്‍ വിദ്യാഭ്യാസ ബോഡിയായി സമസ്ത മാറിയിരിക്കുന്നു. ദാറുല്‍ ഹുദാ ചെമ്മാട് ആയിനത്തിലെ എടുത്തു പറയേണ്ട സ്ഥാപനങ്ങളിലൊന്നാണ്. അറബി മലയാളത്തില്‍നിന്ന് മലയാളത്തിലേക്കും അറബി സാഹിത്യത്തിലേക്കും ഇംഗ്ലീഷിലേക്കും ഉര്‍ദുവിലേക്കുമുള്ള വികാസവും വളര്‍ച്ചയും സമസ്തക്ക് സാഭിമാനം എടുത്തുകാട്ടാവുന്നതത്രെ. വിശുദ്ധ ഖുര്‍ആന്റെ ആശയ വിവര്‍ത്തനം ഉള്‍പ്പെടെ ഇസ്‌ലാമിക ഗ്രന്ഥങ്ങളും ധാരാളം ആനുകാലികങ്ങളും ദിനപത്രവും പുറത്തിറക്കുന്ന ആധുനിക പ്രസിദ്ധീകരണാലയങ്ങളുമുണ്ട് സമസ്തയുടേതായി. വിഘടിത വിഭാഗത്തെ അപേക്ഷിച്ച് വീക്ഷണത്തിലെ മിതത്വവും സംവാദങ്ങളിലെ സംയമനവും സമീപനത്തിലെ വിശാലതയും സമസ്തക്ക് സ്വീകാര്യത നേടിക്കൊടുക്കുന്നു. സമുദായ സംഘടനകളുടെ പൊതു ഇടമായ കേരള മുസ്‌ലിം സൗഹൃദവേദിയുടെ രൂപവത്കരണം മുതല്‍ സമസ്ത അതുമായി സഹകരിച്ചിരുന്നു. പുത്തനാശയക്കാരുമായി വേദി പങ്കിട്ടതിനായിരുന്നല്ലോ സെക്രട്ടറിമാരിലൊരാളായിരുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എണ്‍പതുകളുടെ അവസാനത്തില്‍ സംഘടനയെ പിളര്‍ത്തി സ്വന്തമായൊരു സമസ്തക്ക് രൂപം നല്‍കിയത്. സജീവതയിലും വ്യവസ്ഥാപിതത്വത്തിലും സ്ഥാപനങ്ങളുടെ മികവിലും ഒരുവേള കാന്തപുരത്തിന്റെ സമസ്തയാണ് ഒരുപടി മുന്നില്‍ എന്ന് തോന്നാമെങ്കിലും സുന്നി ബഹുജനങ്ങളില്‍ ഭൂരിഭാഗം ഇപ്പോഴും ഔദ്യോഗിക സമസ്തയുടെ പിന്നില്‍ തന്നെയാണുള്ളതെന്ന വിലയിരുത്തലാണ് പൊതുവെ. അതേയവസരത്തില്‍ വിഘടിത വിഭാഗം മുതലെടുക്കുമെന്ന ഭീതിയില്‍ മാറിചിന്തിക്കാന്‍ ധൈര്യപ്പെടാത്ത ചില വിഷയങ്ങളുമുണ്ട് സമസ്തയുടെ അജണ്ടയില്‍. 1926 മുതല്‍ 1947 വരെ പള്ളികളില്‍ മലയാളം മാധ്യമമാക്കിയ ജുമുഅ ഖുത്വ്ബകള്‍ അനുവദിച്ച സമസ്ത '47 മാര്‍ച്ച് 15-17 വരെ ചേര്‍ന്ന 17-ാം സമ്മേളനത്തില്‍ വെച്ചാണ് അറബി അല്ലാത്ത ഭാഷകളില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കുന്നത് വിലക്കിയത്. 'നല്ലതല്ലാത്തതും മുന്‍കറായ ബിദ്അത്തു'മാണെന്നാണ് ഇതിന് പറഞ്ഞ ന്യായം. ആരാധനാ കര്‍മങ്ങളില്‍ ഉച്ചഭാഷിണി പ്രയോജനപ്പെടുത്തുന്നത് നിഷിദ്ധമായി വിധിച്ച ആദ്യകാല പണ്ഡിതന്മാരുടെ നിലപാടില്‍നിന്ന് അറുപതുകളില്‍ നേതൃത്വം മാറിച്ചവിട്ടിയതും- കെ.കെ സദഖത്തുല്ലാ മുസ്‌ലിയാര്‍ പുറത്തുപോയി സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ എന്ന പേരില്‍ സമാന്തര സംഘടന രൂപവത്കരിച്ചത് ഇക്കാരണത്താലായിരുന്നു- സ്ത്രീ വിദ്യാഭ്യാസരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തയാറായതും തദ്ദേശ സ്വയംഭരണ സമിതികളില്‍ സ്ത്രീ പ്രാതിനിധ്യത്തോട് സമരസപ്പെട്ടതുമൊക്കെ പുരോഗമനപരമായ നിലപാടുകളായിരിക്കെ തീവ്ര യാഥാസ്ഥിതികത്വത്തെ ഭയന്ന് ഇനിയും ചില നിലപാടുകളില്‍ അറച്ചുനില്‍ക്കുന്നതില്‍ അര്‍ഥമില്ല. വിശിഷ്യ ലിംഗ നീതിക്കായുള്ള മുറവിളികള്‍ ലോകമെമ്പാടും ശക്തിപ്പെട്ടുവരുമ്പോള്‍, തുല്യനീതിക്ക് ഇസ്‌ലാം എതിരാണെന്ന അടിസ്ഥാനരഹിതമായ പ്രചാരണത്തിന് ശക്തിപകരുന്ന ചലനങ്ങളല്ല മത പണ്ഡിതസഭയില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. 20-25 സ്ഥാനാര്‍ഥികളില്‍ ജനസംഖ്യയുടെ പകുതിയില്‍നിന്ന് ഒരാളെ പോലും പരിഗണിക്കാതിരിക്കാന്‍ മുസ്‌ലിം ലീഗിനെ നിര്‍ബന്ധിച്ചത് സമസ്തയാണെന്ന പൊതു ധാരണ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും തിരുത്തപ്പെടുമെന്ന് കരുതാം. ജനലക്ഷങ്ങള്‍ പങ്കെടുത്ത 90-ാം സമസ്ത വാര്‍ഷിക സമ്മേളനത്തില്‍ ആഇശ-ഫാത്വിമ ബീവിമാരുടെ വര്‍ഗത്തില്‍നിന്ന് ഒരുവള്‍ പോലും ഇല്ലാതെ പോയതിന്റെ ദുഃഖം പങ്കിടുന്നവരല്ലേ സമുദായത്തിലെ പ്രബുദ്ധ വനിതകള്‍? പ്രാമാണികമായി തികച്ചും നീതീകരിക്കപ്പെടാവുന്ന ഇത്തരം ചില തിരുത്തലുകളിലൂടെ പ്രബലമായ മുസ്‌ലിം നവജാഗരണ പ്രസ്ഥാനം മാത്രമല്ല നവോത്ഥാന പ്രസ്ഥാനം തന്നെയായി ഉയരാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് സാധിക്കേണ്ടതാണ്.
Comments