Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

നിങ്ങളുടെ തോന്നല്‍ തെറ്റാണെങ്കിലോ?

ഡോ. ജാസിമുല്‍ മുത്വവ്വ

യാള്‍ പറഞ്ഞു തുടങ്ങി: ''വിവാഹത്തിന്റെ ആദ്യരാത്രിയില്‍ തന്നെ ഞാനൊരു ഗുരുതര കാര്യം കണ്ടുപിടിച്ചു. ആദ്യരാത്രിക്ക് ശേഷം മൂന്ന് ദിവസം കഴിഞ്ഞിട്ടേയുള്ളൂ. ഞാനിപ്പോള്‍ എന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ ആഗ്രഹിക്കുകയാണ്. ആദ്യരാത്രി തന്നെ വെളിപ്പെട്ട കാര്യമെന്തെന്നു വെച്ചാല്‍ അവള്‍ കന്യകയായ ഒരു പെണ്‍കുട്ടിയല്ല! ഇനി ഞാനെന്താണ് ചെയ്യുക? ഞാന്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യും? ഞാന്‍ എന്റെ തോന്നലുകള്‍ അവളോട് തുറന്നുപറയുകയോ? അപ്പോള്‍ അവള്‍ അവളുടെ ഭൂതകാലത്തെക്കുറിച്ച് തുറന്നടിച്ചാല്‍ ഞാന്‍ എന്തുചെയ്യും?'' 

ഞാന്‍ പറഞ്ഞു: ''ആദ്യം നിങ്ങള്‍ നിങ്ങളുടെ വെപ്രാളവും അങ്കലാപ്പും മാറ്റിവെച്ച് ശാന്തനാകൂ. അല്ലാഹുവിനോട് സഹായം തേടുക. ഞാന്‍ താങ്കളോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കട്ടെ.'' 

ഞാന്‍ ചോദിച്ചുതുടങ്ങി: ''നിങ്ങളുടെ ഭാര്യ കന്യകയല്ലെന്ന് നിങ്ങള്‍ക്ക്  എങ്ങനെ തോന്നി? നിങ്ങള്‍ ആ വിഷയത്തില്‍ ഒരു വിദഗ്ധനാണോ?'' 

അല്‍പം ശങ്കയോടെ അയാള്‍: ''ഞാന്‍ ഒരു വിദഗ്ധനൊന്നുമല്ല. എനിക്ക് അങ്ങനെയൊരു തോന്നല്‍.'' 

ഞാന്‍: ''എങ്കില്‍ നിങ്ങള്‍ ധൃതിപ്പെടരുത്. നിങ്ങളുടെ തോന്നല്‍ തെറ്റായിരിക്കാം. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ അവളോടൊന്നിച്ചുള്ള തുടര്‍ജീവിതം നിങ്ങള്‍ക്ക്  സാധ്യമാണോ? പ്രത്യേകിച്ച് നിങ്ങളുടെ സംശയം ബലപ്പെടുത്തുന്ന വസ്തുതകള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ അതല്ലേ വേണ്ടത്?'' 

അയാള്‍: ''സാധ്യമല്ല. കാരണം എന്റെ മനസ്സ് എന്നോട് അങ്ങനെ മന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഞാനാണെങ്കില്‍ മതനിഷ്ഠയുള്ള ഒരു യുവാവ്. കെട്ട ഭൂതകാലമുള്ള ഒരു പെണ്‍കുട്ടിയുമായി ജീവിക്കാന്‍ എനിക്ക് വയ്യ.'' 

ഞാന്‍: ''എങ്കില്‍ നിങ്ങള്‍ അവളോട് തുറന്നു പറയണം. അതിന് നിങ്ങള്‍ സന്നദ്ധനാണോ?''

അയാള്‍: ''സന്നദ്ധനാണ്. പക്ഷേ എങ്ങനെ, എപ്പോള്‍?'' 

ഞാന്‍: ''കന്യകയല്ലാത്ത പെണ്‍കുട്ടികളൊക്കെ വ്യഭിചരിച്ചവരാണെന്ന് നിങ്ങള്‍ ധരിക്കരുത്. ഒരുവേള കുരുന്നുപ്രായത്തില്‍ മാനഭംഗത്തിനിരയായിരിക്കാം. അല്ലെങ്കില്‍ കായിക വിനോദങ്ങളാല്‍ സ്വാഭാവികമായി സംഭവിച്ചതാവാം കന്യാചര്‍മഭേദനം. ഇതാണ് കാരണമെന്ന് അവള്‍ നിങ്ങളോട് തുറന്നു പറഞ്ഞെന്നിരിക്കട്ടെ. അവളെ വിശ്വസിക്കാന്‍ നിങ്ങള്‍ തയാറാകുമോ? രണ്ടാമത്, കന്യാചര്‍മം പലവിധമാണ്. യഥാര്‍ഥത്തില്‍ അവള്‍ കന്യകയായിരിക്കെത്തന്നെ നിങ്ങള്‍ക്ക് അങ്ങനെ തോന്നാവുന്ന വിധത്തിലാവാം അതിന്റെ ഘടനയും സ്വഭാവവും. ഒരു ഡോക്ടര്‍ അങ്ങനെ സാക്ഷ്യപ്പെടുത്തിയാല്‍ നിങ്ങള്‍ അവളെ വിശ്വാസത്തില്‍ എടുക്കാന്‍ തയാറാവുമോ? നിങ്ങളുടെ തെറ്റായ തോന്നല്‍ കൈയൊഴിക്കാന്‍ നിങ്ങള്‍ സന്നദ്ധനാകുമോ? മൂന്നാമതായി, തനിക്ക് കയ്പുറ്റ ഒരു ഭൂതകാലമുണ്ടായിരുന്നെന്നും ഒരു തെറ്റ് സംഭവിച്ചുപോയെന്നും പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങിയെന്നും അവള്‍ നിങ്ങളോട് സമ്മതിച്ചു പറഞ്ഞെന്ന് വെക്കുക. അപ്പോള്‍ അവളെ നിങ്ങള്‍ വിശ്വസിക്കുമോ? ഇപ്പോള്‍ നിങ്ങള്‍ തന്നെ പറഞ്ഞുവല്ലോ; ദീനീനിഷ്ഠയുള്ളവളാണ് അവളെന്ന്. അവളുടെ പൂര്‍വപാപങ്ങളെല്ലാം പൊറുത്ത്, കഴിഞ്ഞതെല്ലാം മറന്ന്  അവളുമായി ദാമ്പത്യബന്ധം തുടരാന്‍ താങ്കള്‍ക്കാകുമോ?'' 

അയാള്‍: ''ഈ മൂന്ന് സാധ്യതകളും നേരിടാന്‍ തയാറാണ് ഞാന്‍. പക്ഷേ ഇത് ഞാന്‍ എങ്ങനെ അവളോടു പറയും? എപ്പോള്‍ പറയും?'' 

ഞാന്‍: ''എങ്ങനെ, എപ്പോള്‍ എന്ന് ഞാന്‍ പറഞ്ഞുതരാം. സംസാരം തുടങ്ങേണ്ടത് 'എനിക്ക് തോന്നുന്നു' എന്ന് പറഞ്ഞാണ്. ഉറപ്പിച്ചു പറയാന്‍ നിങ്ങളുടെ വശം തെളിവൊന്നുമില്ലല്ലോ. സംസാരിക്കാന്‍ യുക്തമായ നേരം തെരഞ്ഞെടുക്കുക. മുമ്പ് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവള്‍ തീര്‍ത്തുപറഞ്ഞാല്‍ പിന്നെ നിങ്ങളുടെ  മുമ്പില്‍ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ അവളുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുക. നിങ്ങള്‍ക്ക് മനഃസമാധാനം കിട്ടും. അല്ലെങ്കില്‍ ഒരു ഡോക്ടറുടെ അടുത്ത് പോവാന്‍ നിര്‍ദേശിക്കുക. പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ പിന്നെ നിങ്ങള്‍ക്കിടയില്‍ പിശാചിന് ദുഷ്ചിന്തകളുമായി കടന്നുവരാന്‍ ഒക്കില്ലല്ലോ. സംശയസാധ്യതകളെ സുസ്ഥിര സത്യങ്ങളാല്‍ തള്ളുക. ഇനി ഒരു ഡോക്ടറെ സമീപിക്കാന്‍ അവള്‍ വിസമ്മതിച്ചുവെന്നിരിക്കട്ടെ, അതിനര്‍ഥം അവള്‍ ഒരിക്കല്‍ വ്യഭിചരിച്ചുപോയി എന്നല്ല. പതിവ്രതകളായ പല പെണ്‍കുട്ടികളും ഡോക്ടറുടെ അടുത്ത് പോവാന്‍ വിസമ്മതിക്കുന്നത് സ്വാഭാവികമാണ്. അവളോടുള്ള സമീപനത്തില്‍ നല്ല നയവും യുക്തിയും വേണം. സ്ത്രീയുടെ ലജ്ജാശീലത്തിനും വിശ്വാസ്യതക്കും പോറലേല്‍പ്പിക്കുന്ന വളരെ സെന്‍സിറ്റീവായ വിഷയമാണിതെന്ന് നിങ്ങള്‍ക്കറിയാമല്ലോ?'' 

അയാള്‍: ''ആദ്യത്തെ സംസാരത്തില്‍ തന്നെ അനുകൂലമായി പ്രതികരിക്കാന്‍ അവള്‍ തയാറാവുന്നില്ലെങ്കില്‍?'' 

ഞാന്‍: ''ധൃതി കാട്ടരുത്. അവധാനത വേണം. നിങ്ങള്‍ കരുതുന്ന പോലെ അത്ര എളുപ്പമല്ല കാര്യം. പിന്നീട് ഒരവസരത്തിലേക്ക് മാറ്റിവെക്കുക; തദ്‌സംബന്ധമായ ചര്‍ച്ചകള്‍.'' 

അയാള്‍: ''അവള്‍ക്ക് നേരത്തേ ഏതെങ്കിലും യുവാവുമായി ബന്ധമുണ്ടായിരുന്നെന്നും അതിപ്പോഴും അഭംഗുരം തുടരുന്നുവെന്നും അവള്‍ പശ്ചാത്തപിച്ചിട്ടില്ലെന്നും എന്നോടെങ്ങാനും പറയാന്‍ ഇടവന്നാല്‍ പിന്നെ അതെന്നില്‍ ഏല്‍പ്പിക്കുന്ന ആഘാതം എനിക്ക് താങ്ങാനാവുന്നതില്‍ കൂടുതലായിരിക്കും.'' 

ഞാന്‍: ''അവള്‍ ഇത്രത്തോളം എത്തിയവളാണെങ്കില്‍പിന്നെ നിങ്ങള്‍ വേര്‍പിരിയുകയാണ് അഭികാമ്യം.'' 

അയാള്‍: ''ഇങ്ങനെ ഒരു ബന്ധത്തിനു ശേഷം അവള്‍ പശ്ചാത്തപിച്ചു മടങ്ങി എന്നു പറഞ്ഞാലും അവളോടൊത്തുള്ള ജീവിതം തുടരാന്‍ എനിക്ക് സാധ്യമാവില്ല. എനിക്കത് സഹിക്കാന്‍ പറ്റില്ല.'' 

ഞാന്‍: ''ആറ് മാസം കഴിഞ്ഞേ അവളെ വിവാഹമോചനം ചെയ്യാവൂ. കാരണം വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ത്വലാഖ് ചൊല്ലി എന്ന് വന്നാല്‍ ജനങ്ങള്‍ അതുമിതും പറഞ്ഞുകൊണ്ടിരിക്കും. അവളുടെ പാതിവൃത്യത്തെക്കുറിച്ച സംശയമായിരിക്കും കേള്‍ക്കുന്നവരുടെയെല്ലാം മനസ്സില്‍. അതിന് വഴിവെക്കരുത്. അതോടൊപ്പം കുഞ്ഞുങ്ങളുണ്ടാവാതെയും നോക്കണം. ആറ് മാസം കഴിഞ്ഞ് വിവാഹമോചനം നടന്നാലും നിങ്ങളിരുവരും തീരുമാനിച്ചുറച്ച കാരണമേ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാവൂ. കാരണം അവള്‍ക്ക് ഒരു ഭര്‍ത്താവിനെ ആവശ്യമാവുമല്ലോ.'' 

അയാള്‍: ''താങ്കള്‍ക്ക് നന്ദി. എന്റെ മനസ്സില്‍ വന്ന ദുഷ്ചിന്തകളും സംശയങ്ങളുമെല്ലാം അസ്ഥാനത്താവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. കാരണം അവളെ അത്രകണ്ട് ഞാനങ്ങ് സ്‌നേഹിച്ചുപോയി.'' 

ഞാന്‍: ''ഒരു തെറ്റ് സംഭവിച്ചുപോയി. അവള്‍ തൗബയും  ചെയ്തു. അല്ലാഹു അത് മറച്ചുവെച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് അവളെ ഇഷ്ടവുമാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അവളുമായുള്ള ദാമ്പത്യബന്ധം തുടരുക തന്നെ വേണമെന്നാണ് എനിക്ക് പറയാനുള്ളത്. അത് അവളെ നന്മ നിറഞ്ഞ ഒരു ഭാവി ജീവിതത്തിന് പ്രാപ്തയാക്കും.'' 

അയാള്‍ പോയി. പിന്നെ എന്ത് സംഭവിച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍