ഒ.എന്‍.വിയും അക്ബര്‍ കക്കട്ടിലും മനുഷ്യപ്പറ്റിന്റെ മലയാളാക്ഷരങ്ങള്‍
എന്നേക്കുമായസ്തമിച്ചുപോയ്
ഇന്നിനി നമ്മിലൊരാളിന്റെ
നിദ്രയ്ക്ക് മറ്റെയാള്‍
കണ്ണിമ ചിമ്മാതെ കാവല്‍നിന്നീടണം
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക
-ഒ.എന്‍.വി
കോളേജില്‍ പഠിക്കുന്ന കാലത്ത് വായനക്കിടയിലെ നല്ല വരികളെല്ലാം കുറിച്ചുവെക്കുന്ന ശീലമുണ്ടായിരുന്നു. ആ വരികളിലേറെയും കവിതകളാവുക സ്വാഭാവികം. ഫലസ്ത്വീന്‍ പ്രശ്‌നം കത്തിനില്‍ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് പോരാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒ.എന്‍.വിയുടെ കവിത ഒരു ആനുകാലികത്തില്‍ വായിക്കുന്നത്. കോളേജ് ലൈബ്രറിയില്‍ ലഭ്യമായ ഒ.എന്‍.വിയുടെ മുഴുവന്‍ കവിതാ സമാഹാരങ്ങളും വായിച്ചുതീര്‍ക്കുന്നതിലേക്കാണ് ആ വരികളോടുള്ള സ്‌നേഹമെത്തിച്ചത്. അവയില്‍ മിക്കതും ഡയറിയില്‍ ഇന്നും പച്ചപിടിച്ച് കിടപ്പുണ്ട്. ദുര്‍ബലരോടും പീഡിതരോടുമുള്ള ഐക്യദാര്‍ഢ്യവും അവര്‍ക്കു വേണ്ടി പോരാടുന്നവര്‍ക്കുള്ള ഊര്‍ജസംഭരണിയും അദ്ദേഹത്തിന്റെ കവിതകളിലാവോളമുണ്ടായിരുന്നു. എല്ലാവിധ ചൂഷണങ്ങള്‍ക്കുമെതിരെ അദ്ദേഹം തൂലിക ചലിപ്പിച്ചു. മനുഷ്യന്‍ മാത്രമല്ല, ഭൂമിയും പുഴയും കാടുമെല്ലാം കവിതകളായി അവരനുഭവിക്കുന്ന വ്യഥകള്‍ വിളിച്ചുപറഞ്ഞു. ചിലത് രോഷവും മറ്റു ചിലത് നിലവിളിയുമായിരുന്നു.
ആഗോളതലത്തില്‍ സാമ്രാജ്യത്വത്തിന്റെ ഇരകളായവര്‍ക്ക് വേണ്ടിയും കവി ശബ്ദിച്ചു. ഫലസ്ത്വീനെക്കുറിച്ച് ഒരുപക്ഷേ ഇത്രയധികം വാചാലനായ മലയാള കവി വേറെയുണ്ടാവില്ല. 'സ്വാതന്ത്ര്യത്തിന്റെ വില' എന്ന അദ്ദേഹത്തിന്റെ കവിതയിലെ ചില വരികള്‍ ഇങ്ങനെ:
ആരോ ചവിട്ടിച്ചതച്ചൊരു മുന്തിരിആരാന്റെ ഭൂപടത്തില്‍ പതിക്കുന്നു.
ചോരയില്‍ മുക്കി വരച്ചതുപോലതില്‍
ചോടെ 'പലസ്തീനെ'ന്നാരോ കുറിക്കുന്നു.
നിന്റെ ശബ്ദം പലസ്തീന്‍! പത്ര പംക്തികള്‍
തിന്നുതുപ്പും വെറും വാര്‍ത്തയായ് മായുമോ?
ഉത്തരം കാലം പറയട്ടെയെങ്കിലും
ഇത്രമാത്രം ഞാനിവിടെ കുറിക്കട്ടെ
നീ തനിച്ചല്ല പലസ്തീന്‍! ഒരു വീര-
ഗാഥയായെന്നില്‍ പടരുകയാണു നീ.
2014-ല്‍ ഇസ്രയേല്‍ ഫലസ്ത്വീനില്‍ നരനായാട്ട് നടത്തിയ സന്ദര്‍ഭത്തിലും ഒ.എന്‍.വി ചെറുത്തുനില്‍പ്പു പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കവിത എഴുതിയിരുന്നു. സമരവീര്യം തുളുമ്പുന്ന അതിലെ ചില വരികളിങ്ങനെ:
പുണ്യഭൂമിയാം പാലസ്തീന്‍ പെറ്റ കിടാങ്ങളെകണ്ണീരായുരുകിത്തീരേണ്ടവരല്ലാ നിങ്ങള്‍
തളര്‍ന്നുവീണൊരമ്മ സിംഹത്തെ കണ്ടു,
താണു പറന്നു കൊക്കു നീട്ടിയടുക്കും കഴുകനെ
ഒന്നിച്ചൊരമറലാല്‍ പേടിപ്പിച്ചകറ്റുന്ന
സിംഹക്കുട്ടികളാകൂ!
എതിര്‍ക്കാന്‍ വരും ശത്രുഗോത്രത്തെ വീഴ്ത്തും
കാട്ടുകടന്നല്‍ക്കൊമ്പാവുക!
'ഗോലിയാത്തി'നെ വീഴ്ത്തും
കവണക്കല്ലാവുക.
സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് അജണ്ടകള്‍ സാംസ്‌കാരിക രംഗത്തടക്കം ഇരുട്ട് പരത്തുന്ന ഈ അസഹിഷ്ണുതാകാലത്ത് എന്നും സാമ്രാജ്യത്വ-ഫാഷിസ്റ്റ്‌വിരുദ്ധ പക്ഷത്ത് നിന്നിരുന്ന ഒരു കവിയാണ് ഒ.എന്‍.വിയുടെ മരണത്തോടെ ഇല്ലാതാവുന്നത്.
ഒ.എന്‍.വിയെക്കുറിച്ചുള്ള ഈ കുറിപ്പ് എഴുതവേയാണ് പ്രമുഖ കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ മരണവാര്‍ത്ത എത്തുന്നത്. വടക്കേ മലബാറിന്റെ ഭാഷയും സംസ്‌കാരവും തനിമയുമെല്ലാം മലയാളസാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കഥാകൃത്തായിരുന്നു അക്ബര്‍ കക്കട്ടില്‍. ഒരു അധ്യാപകനെന്ന നിലയില്‍ പുതിയ തലമുറയോടും വിദ്യാര്‍ഥികളോടും എപ്പോഴും അദ്ദേഹം സംവദിച്ചുകൊണ്ടേയിരുന്നു. ന്യൂജനറേഷന്റെ ജീവിത കാഴ്ചപ്പാടുകള്‍ അടുത്തറിയുന്ന എഴുത്തുകാരനെന്ന നിലയില്‍ അവസാന കാലത്തെ ചില കഥകളെല്ലാം പുതിയ ചെറുപ്പത്തിന്റെ ജീവിതപരിസരം പ്രമേയമാക്കുന്നതായിരുന്നു. ഫേസ്ബുക്കും ചാറ്റിംഗുമെല്ലാം ആ കഥകളില്‍ നിറഞ്ഞുനിന്നു. മനുഷ്യപ്പറ്റുള്ള സാംസ്‌കാരിക വ്യക്തിത്വത്തെയും മികച്ച കഥാകൃത്തിനെയുമാണ് അക്ബര്‍ കക്കട്ടിലിന്റെ വിയോഗത്തോടെ മലയാളത്തിന് നഷ്ടമാകുന്നത്. ഭാവിയില്‍ 2016 ഫെബ്രുവരി ഓര്‍മിക്കപ്പെടുമ്പോള്‍ മലയാളത്തിന്റെ നഷ്ടമായി ഒ.എന്‍.വിയും അക്ബര്‍ കക്കട്ടിലുമാവും അടയാളപ്പെടുത്തപ്പെടുക.
Comments