Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

മൂര്‍ഖന്‍ പാമ്പുകള്‍ പത്തിവിടര്‍ത്തുമ്പോള്‍

കെ.പി ഇസ്മാഈല്‍, കണ്ണൂര്‍

'കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി' എന്ന ചൊല്ല് കുട്ടിക്കാലത്ത് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടിരുന്നു; അതെങ്ങനെ സംഭവിക്കുമെന്ന്. എന്നാല്‍ ഇന്ന് അത് അനുഭവത്തില്‍ വന്നിരിക്കുന്നു. കോണ്‍ഗ്രസ് ഭരിച്ച് ഭരിച്ച് മതേതര ഇന്ത്യയെ ഇല്ലാതാക്കി. ഇന്ത്യ ഫാഷിസ്റ്റുകളുടെ കൈയില്‍ വീണു. കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മ കൊണ്ടാണ് ജനങ്ങള്‍ക്ക് കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവന്നത്. എന്നാല്‍, ബി.ജെ.പി അധികാരത്തിലേറിയ ഉടനെത്തന്നെ ഫാഷിസം അതിന്റെ തനിനിറം വെളിവാക്കാന്‍ തുടങ്ങി. വര്‍ഗീയ മൂര്‍ഖന്‍ പാമ്പുകള്‍ പത്തിവിടര്‍ത്തിയാടി. എഴുത്തുകാര്‍ക്ക് പേന ഉറയിലിടേണ്ടിവന്നു. മുസ്‌ലിം എഴുത്തുകാര്‍ രാമായണത്തെക്കുറിച്ച് ഇനിയൊരക്ഷരം കുറിച്ചുപോകരുതെന്ന കല്‍പന പത്രമോഫീസിലെത്തി. വിമര്‍ശകന്മാരായ പെരുമാള്‍ മുരുകന്മാര്‍ സ്വന്തം ഭാവനയെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചുകൊന്നു. 

ജനങ്ങള്‍ക്ക് സുശക്തമായ ഭരണം ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ മാത്രം ബാക്കി. മുതലാളിമാര്‍ക്ക് പണമുണ്ടാക്കാനുള്ള സൗകര്യങ്ങളൊരുക്കി. ന്യൂനപക്ഷങ്ങളും ദലിതരും പേടിയോടെ കഴിയേണ്ട അവസ്ഥ വന്നു. രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയപ്പോള്‍ അവനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ദുശ്ശക്തികളെ പിടികൂടുന്നതിനു പകരം അവന്റെ ജാതിയുടെ അടിവേര് അന്വേഷിക്കാന്‍ പോയി. വീട്ടില്‍ പശുമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് അഖ്‌ലാഖിനെ ഭ്രാന്തന്‍നായയെ എന്ന പോലെ അടിച്ചുകൊന്നപ്പോള്‍ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിനു പകരം ഇറച്ചി ലാബിലയച്ച് പരിശോധിപ്പിക്കാനായിരുന്നു തിടുക്കം. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ച്, ദരിദ്രരായ കോടിക്കണക്കിന് ജനങ്ങളുടെ നാടാണ് ഇന്ത്യ എന്ന യാഥാര്‍ഥ്യം അവഗണിച്ച്, ആഭ്യന്തരമായ അസ്വസ്ഥതകളും അക്രമങ്ങളും നിസ്സാരമാക്കിത്തള്ളി ലോകരാജ്യങ്ങള്‍ക്കിടയില്‍ പേരും പെരുമയും നേടാനായിരുന്നു ശ്രമം. കെട്ടുറപ്പുള്ള, സമ്പല്‍സമൃദ്ധമായ, സ്‌നേഹത്തിലും സാഹോദര്യത്തിലും ഊട്ടിയുറപ്പിക്കപ്പെട്ട ഒരു രാഷ്ട്രമല്ല, മതത്തിന്റെയും ജാതിയുടെയും പേരില്‍ തമ്മിലടിക്കുന്ന ഒരു ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്നു തോന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചാല്‍.  

മനുഷ്യനായി ജനിച്ചവന്‍ നല്ല മനുഷ്യനായി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരിടമായി നമ്മുടെ നാട് എന്നാണ് പുരോഗമിക്കുക? എല്ലാ മനുഷ്യര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്ന ഒരു ക്ഷേമരാഷ്ട്രം ആരു ഭരിച്ചാലാണാവോ ഉണ്ടാവുക?

കാഴ്ചയുടെ ഇസ്‌ലാമിക പക്ഷം

സുഹൈല്‍ ഹുദവി എഴുതിയ 'ചാനല്‍, സിനിമ: കാഴ്ചയുടെ ഇസ്‌ലാമികപക്ഷം' എന്ന പഠനം കാലഘട്ടത്തിന്റെ ആവശ്യത്തെ ധീരമായി അഭിമുഖീകരിക്കുന്നതായിരുന്നു. കാഴ്ചക്കു പുറമെ പാട്ടിന്റെയും സംഗീതത്തിന്റെയും സാധുത കൂടി ചര്‍ച്ച ചെയ്ത പ്രസ്തുത ലേഖനം മുസ്‌ലിം പക്ഷത്തുനിന്ന് ഒന്നിലധികം ചാനലുകള്‍ രംഗപ്രവേശം ചെയ്ത ഈ കാലഘട്ടത്തില്‍ കേരളീയ മുസ്‌ലിം യുവതയുടെ ഒരുപാട് സംശയങ്ങള്‍ ദൂരീകരിക്കാന്‍ പര്യാപ്തമായിരുന്നു.

സിനിമയെ ഇപ്പോഴും 'മദ്യം, പലിശ, ചൂതാട്ടം' എന്നിവയോടൊപ്പം കൂട്ടിക്കെട്ടുന്ന മലയാളി മുസ്‌ലിംകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണീ പഠനം. പുരോഗമനോന്മുഖ ആശയങ്ങള്‍ പുലര്‍ത്തുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന് മേല്‍ക്കൈയുള്ള ചാനലിനു പോലും ഈ നടപ്പുരീതിയില്‍നിന്ന് കാര്യമായി മാറി ചിന്തിക്കാന്‍ കഴിയുന്നില്ല എന്നത് എന്തു മാത്രം പരിതാപകരമാണ്! സിനിമയെ മുസ്‌ലിം സമൂഹം വിലയിരുത്തുന്ന രീതിയെ അവരും ഭയപ്പെടുന്നുവെന്നല്ലേ ഇതിനര്‍ഥം? മലയാളത്തില്‍ മോശം സിനിമകളുള്ളതോടൊപ്പം തന്നെ കുടുംബ, സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന നല്ല സിനിമകളും ഉണ്ടാവുന്നുണ്ട്. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ എന്തിനധികം, അവയുടെ പരസ്യം നല്‍കാന്‍ പോലും തയാറാവാത്ത ഈ ഘട്ടത്തില്‍ സുഹൈലിന്റെ പഠനം ഏറെ പ്രസക്തമാണ്. 

ഇത്തരം ആര്‍ട്-കൊമേഴ്‌സ്യല്‍ സിനിമകളെ സെലക്ടീവ് ആയി പ്രക്ഷേപണം ചെയ്യുന്നത് ഇപ്പോള്‍ ഈ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന മറ്റു പല പരിപാടികളേക്കാളുമേറെ ധാര്‍മികത പുലര്‍ത്തുന്നതും ഉപകാരപ്രദവുമാകും. 

സി.എച്ച് മുഹമ്മദലി കൂട്ടിലങ്ങാടി

രക്തസാക്ഷ്യവും സത്യസാക്ഷ്യവും

ദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ 'രക്തസാക്ഷ്യവും സത്യസാക്ഷ്യവും' (ലക്കം 2936) പഠനാര്‍ഹമായിരുന്നു. രക്തസാക്ഷിയാവാന്‍ സന്നദ്ധതയുള്ള നിരവധി പേരെ കണ്ടേക്കാം. എന്നാല്‍ സത്യസാക്ഷ്യ നിര്‍വഹണത്തിന് താല്‍പര്യമുള്ളവര്‍ വിരളം. സത്യസാക്ഷ്യ നിര്‍വഹണം അതീവ പ്രയാസകരവും രക്തസാക്ഷ്യം പ്രയാസരഹിതവുമായതിനാലാണിത്. രക്തസാക്ഷിയെ നമുക്ക് വിമാന യാത്രക്കാരനോട് ഉപമിക്കാം. സത്യസാക്ഷിയെ കാല്‍നടക്കാരനോടും. വിമാന യാത്രക്കാരന്‍ കാര്യമായ പ്രയാസമില്ലാതെ ഏതാനും മണിക്കൂറുകള്‍ യാത്രചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നു. എന്നാല്‍ കാല്‍നടക്കാരനാവട്ടെ ദീര്‍ഘകാലം നടന്ന് നിരവധി പ്രയാസങ്ങള്‍ സഹിച്ചാണ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്. രക്തസാക്ഷിക്ക് കേവലം മനോധൈര്യം ഉണ്ടായാല്‍ മതി. ദൈവവിശ്വാസവും പരലോക ബോധവും ഇല്ലാത്തവര്‍ പോലും ഭൗതിക വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നദ്ധരാവുന്നത് ഈ മനോധൈര്യത്താലാണല്ലോ.

ഈമാനിക ബോധം, സ്വയം സന്നദ്ധത, അറിവ്, ആരാധനാ കര്‍മങ്ങളിലുള്ള കൃത്യനിഷ്ഠ, വാക്കും പ്രവൃത്തിയും ഒന്നായിരിക്കല്‍, എതിരാളികളെ വൈജ്ഞാനികമായി നേരിടാനുള്ള ബുദ്ധിയും വിവേകവും എന്നിങ്ങനെ ഒട്ടനവധി സവിശേഷ ഗുണങ്ങള്‍ ആര്‍ജിച്ചവര്‍ക്കേ സത്യസാക്ഷ്യനിര്‍വഹണം സാധ്യമാവുകയുള്ളൂ.

രക്തസാക്ഷികളെ സൃഷ്ടിക്കുക എന്നത് ഭൗതിക വിപ്ലവ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും രീതിയാണ്. രക്തസാക്ഷികള്‍ അവര്‍ക്ക് ഉപകരണവും ഉപജീവന മാര്‍ഗവുമാണ് എന്ന ലേഖകന്റെ വരികള്‍ പ്രസക്തമാണ്. എതിര്‍ പാര്‍ട്ടിക്കാരാല്‍ സ്വന്തം പാര്‍ട്ടി  പ്രവര്‍ത്തകര്‍ മരിക്കാന്‍ കാത്തിരിക്കുകയാണോ എന്ന് തോന്നിപ്പോകും ചില   രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നിലപാടുകള്‍ കാണുമ്പോള്‍. എന്നിട്ടു വേണം അവര്‍ക്ക് വിലാപ യാത്ര നടത്താന്‍, രക്തസാക്ഷി മണ്ഡപങ്ങള്‍ നിര്‍മിക്കാന്‍, രക്തസാക്ഷി ദിനം  ആചരിക്കാന്‍.... അങ്ങനെ സഹതാപം സൃഷ്ടിച്ച് പാര്‍ട്ടി വളര്‍ത്താനും വോട്ട് നേടാനുമുളള  ഉപകരണം തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ രക്തസാക്ഷ്യം. 

അബ്ദുല്‍ ഖാദിര്‍ നായരങ്ങാടി

സിനിമാ ചിത്രീകരണം: ഒരു മഹല്ലനുഭവം

പ്രബോധനം ലക്കം 2935-ല്‍ സുഹൈല്‍ ഹുദവി എഴുതിയ സിനിമയടക്കമുള്ള, ദൃശ്യമാധ്യങ്ങളോടുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ നിലപാടിനെക്കുറിച്ച ലേഖനത്തിന്റെ ഉള്ളടക്കം നമ്മുടെ പണ്ഡിതന്മാരും മുസ്‌ലിം സംഘടനാ നേതൃത്വങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യണം.

ഈയിടെ ഉണ്ടായ ഒരനുഭവം പറയാം. മലപ്പുറം ജില്ലയിലെ ഒരുള്‍ഗ്രാമത്തില്‍ സുഹൃത്ത് സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മഹല്ല് സംസ്‌കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം പശ്ചാത്തലത്തിലുള്ള കഥയാണ്. പളളിയുടെ കുറച്ചകലെ ഒരു വീട്ടിലും മറ്റുമായാണ് ഷൂട്ടിംഗ് നടക്കുന്നത്. ഒരാഴ്ചത്തെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ തന്നെ പ്രദേശം മുഴുവന്‍ സിനിമാ ചിത്രീകരണം ചര്‍ച്ചയായി. അടുത്ത വെള്ളിയാഴ്ച പള്ളിയിലെ ഖത്വീബ് സിനിമക്കെതിരെ പ്രസംഗിച്ചു. നാട് നശിപ്പിക്കാനും മഹല്ല് നിവാസികളെ സിനിമയിലേക്ക് ആകര്‍ഷിക്കാനും ഇറങ്ങിയവരെ കരുതിയിരിക്കണമെന്ന് ആഹ്വാനമുണ്ടായി. രസകരമായ കാര്യം, പള്ളിയില്‍നിന്നിറങ്ങിയ ചില യുവാക്കള്‍ പറഞ്ഞതത്രെ; 'സ്വന്തം സംഘടനയുടെ ചാനല്‍ ആദ്യം പൂട്ടാന്‍ പറഞ്ഞശേഷം പോരേ ഇതൊക്കെ'. ഇത് കേട്ടപ്പോള്‍ ഓര്‍മ വന്നത് കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന്റെ സമയത്ത് അതിനെതിരെ പ്രസംഗിച്ച ഖത്വീബിനെതിരെ ഉയര്‍ന്ന ബോര്‍ഡാണ്-'മൊയ്‌ല്യാരെന്തൊക്കെ പറഞ്ഞാലും കപ്പ് ബ്രസീലിന് തന്നെ!' 

മാറുന്ന സമൂഹത്തെക്കുറിച്ച് യാതൊരു  ധാരണയുമില്ലാത്ത, കാലികമായ പ്രവര്‍ത്തന പദ്ധതികളില്ലാത്ത, ഇസ്‌ലാമിലെ ഹിക്മത്തിനെക്കുറിച്ച് ചിന്തിക്കാത്ത ഇത്തരമാളുകള്‍ സംഘടനാ, മഹല്ല് നേതൃത്വങ്ങളില്‍ ഉള്ളത് സമുദായത്തിന്റെ മുരടിപ്പിന് കാരണമാണ്. ഇവിടെ ചിത്രീകരിക്കുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് സിനിമയുടെ വിശദാംശങ്ങളെക്കുറിച്ച് എന്തെങ്കിലും ചോദിക്കുകയോ, സഹകരിക്കുന്ന ആളുകളോട് അതേക്കുറിച്ച് സംസാരിക്കുകയോ പോലും ചെയ്യാതെയാണ് ഇത്തരം കഥയില്ലാ വിമര്‍ശന പ്രസംഗം നടത്തിയത്. പ്രദേശവാസികളില്‍ നല്ലൊരു ശതമാനം ആളുകള്‍ അനുകൂലിക്കുന്ന ഒരു സംരംഭത്തോട്- പ്രത്യേകിച്ച് ഭൂരിപക്ഷം വീടുകളിലും ടി.വി ഉപയോഗിക്കുന്ന ഒരു നാട്ടില്‍- യുക്തിപൂര്‍വമായ നിലപാട് സ്വീകരിക്കാന്‍ സാധാരണ വിശ്വാസികളോട് നേരിട്ട് ഇടപെടുന്ന മഹല്ല് നേതൃത്വത്തിന് കഴിയാതെ പോകുന്നത്, ഇവരെ നിയന്ത്രിക്കുന്ന പണ്ഡിത സംഘടനാ നേതൃത്വങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളിലുള്ള അജ്ഞതയും പഴയ കാലഘട്ടങ്ങളില്‍ അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുറപ്പെടുവിക്കപ്പെട്ട ചില ഫത്‌വകളില്‍ കടിച്ചുതൂങ്ങുന്ന നിലപാടുകളും കാരണമാണ്. ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അടക്കമുള്ളവ തങ്ങളുടെ ആശയം പ്രചരിപ്പിക്കാനും മറ്റുള്ളവരെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനും നിരന്തരം ഉപയോഗിക്കുന്നവര്‍ തന്നെ മറ്റുള്ളവരുടെ കാര്യത്തില്‍ ചിത്രങ്ങളും ഫോട്ടോയും വരെ ഹറാമാക്കിക്കളയുന്നത് വിരോധാഭാസമാണ്. 

അബൂ റശീദ്‌

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍