Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

അബു

അഫ്‌സല്‍ വി.എസ് /കഥ

'അങ്ങ് ഉഗാണ്ടയിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്' ലൈക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചായക്കടക്കാരന്‍ സുധാകരേട്ടന്റെ കമന്റ് അവന്റെ ശ്രദ്ധയില്‍പ്പെട്ടത്.

''അല്ല... അബൂ, നിന്നെ പഞ്ചായത്ത് ഇലക്ഷന് വോട്ടുചെയ്യാന്‍ കണ്ടില്ലല്ലോടാ...?''

അവന്‍ ആ കമന്റ് റിമൂവ് ചെയ്ത് ഹോളിവുഡ് താരദമ്പതികളുടെ വിവാഹ ഫോട്ടോ ഷെയര്‍ ചെയ്യുന്നതിനിടയിലാണ്, തിണ്ണയിലിരുന്ന് പത്രം വായിക്കുന്ന ബാപ്പയുടെ കമന്റ് അവന്റെ ചെവിയിലെത്തിയത്.

''അബൂ... നീയെന്തേ, സക്കീനാമ്മായിയുടെ മോടെ കല്ല്യാണത്തിന് വരാഞ്ഞേ...?''

തൊട്ടുടനെ മെസേജ് ബാറില്‍ ഉമ്മയുടെ വക പുത്തന്‍ മെസേജ്.

''അബൂമോനേ നീയിതെവിടാ... നീയാ അബ്ദൂന്റെ പീടികേ പോയി അരകിലോ ഉള്ളി വാങ്ങീട്ട് വാ...''

ഹോ എന്തൊരു ശല്യം! അവന്‍ ഈര്‍ഷ്യയോടെ വാതിലടച്ച്, ചാറ്റ് ലിസ്റ്റ് ഓഫ് ചെയ്ത് സെര്‍ച്ചിംഗ് തുടര്‍ന്നു.

ബാപ്പ, ഉമ്മ എല്ലാവരും അബൂനെ തെരഞ്ഞുകൊണ്ടേയിരുന്നു. സുധാകരന്റെ ചായക്കടയിലും അബ്ദൂന്റെ പീടികയിലും സത്താറിന്റെ ദുബായ് സലൂണിലും അബൂനെ കണ്ടവരാരുമില്ല.

'അബൂനെ കണ്ടവരുണ്ടോ' പോസ്റ്ററുകള്‍ മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും സ്ഥാനം പിടിച്ചു.

'അബൂക്ക ചൊവ്വയിലുണ്ട്...' എന്ന് പറഞ്ഞത് അപ്പുറത്തെ ഏഴാം ക്ലാസ്സുകാരന്‍ പയ്യനാണ്. കാരണം, അബു മംഗള്‍യാനുമൊത്ത് നില്‍ക്കുന്ന സെല്‍ഫി ഇന്നലെ പോസ്റ്റു ചെയ്തിരുന്നത്രെ.

അബൂനെ വീണ്ടും പലരും കണ്ടു. ചെഗുവേരയോടൊപ്പം അബൂനെ കണ്ടവര്‍, ഈഫല്‍ ഗോപുരത്തിന്റെ മുകളില്‍ അബൂനെ കണ്ടവര്‍...

പക്ഷേ നാട്ടിലാരും തന്നെ അബൂനെ നേരിട്ട് കണ്ടതേയില്ല. അബൂനെ ഓര്‍ത്ത് വിതുമ്പുന്ന ഉമ്മ, വയറ് വിശക്കുമ്പോള്‍ തിരികെ വരുമെന്ന് ബാപ്പ.

''ഇന്ന് ലോകമാതൃദിനം.''

''നമ്മടെ അബു  ജീവനോടൊണ്ടേ...''

അബൂന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി നാട്ടുകാര്‍ ഓടിയെത്തി.

''എന്നെ നൊന്തു പ്രസവിച്ച എന്റെ ഉമ്മക്ക് ഒരായിരം ചുംബനങ്ങള്‍...''

''കണ്ടില്ലേ…അവനെന്നെ മറന്നിട്ടില്ല.'' നിറകണ്ണുകളോടെയുള്ള ഉമ്മയുടെ വാക്കുകള്‍ നിശ്ശബ്ദമായി എല്ലാവരും കേട്ടുനിന്നു. 

Comments