Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

ചോദ്യോത്തരം

മുജീബ്

'മൗദൂദി മുതല്‍ ബഗ്ദാദി' വരെ

''സ്വരം നന്നായിരിക്കെ, ഖിലാഫത്തിനെക്കുറിച്ച് മൗദൂദി സംസാരിക്കുമ്പോള്‍ അത് ഇസ്‌ലാമികവും ബഗ്ദാദി പറയുമ്പോള്‍ അത് അനിസ്‌ലാമികവുമാകുന്നതെങ്ങനെയെന്ന ചോദ്യമാണ് ജമാഅത്തിനെ ഇപ്പോള്‍ തുറിച്ചുനോക്കുന്നത്. ഐ.എസ് പുണ്യാളന്മാരുടെ സംഘമെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. മൗദൂദിയില്‍ നിന്ന് ബഗ്ദാദിയിലേക്കും, ജമാഅത്തില്‍ നിന്ന് ഐ.എസിലേക്കും ആശയദൂരം ഒട്ടുമില്ലെന്ന് പൊതുസമൂഹം തിരിച്ചറിയുകയാണ്. കുറ്റം ചെയ്തവരും അതിന് ന്യായം ചമച്ചവരും ഒരേപോലെ വിചാരണ ചെയ്യപ്പെടണം. ചുരുങ്ങിയ പക്ഷം ഐ.എസ് വിഷയത്തില്‍ പ്രേരണാ കുറ്റത്തിനെങ്കിലും ശിക്ഷയേറ്റുവാങ്ങാതെ ജമാഅത്തിന് പൊതുധാരയെ അഭിമുഖീകരിക്കാനാവില്ല.''

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ സിറാജ് പത്രത്തില്‍ (28-9-2015) എഴുതിയ 'അബൂബക്കര്‍ അല്‍ ബഗ്ദാദിയും അബുല്‍ അഅ്‌ലാ മൗദൂദിയും' എന്ന ലേഖനത്തില്‍ നിന്ന്. മറുപടി?

ഉമര്‍ എ. വെങ്ങന്നൂര്‍, പാലക്കാട്

ജമാഅത്തെ ഇസ്‌ലാമിയോടുള്ള അന്ധമായ വിദ്വേഷവും മൗദൂദിവിരോധവും തലക്ക് പിടിച്ചാല്‍ പിന്നെ എഴുതുന്നതിനും പറയുന്നതിനുമൊന്നും സാമാന്യ യുക്തിപോലും ആവശ്യമില്ല. അതിന് മികച്ച ഉദാഹരണമാണ് ചോദ്യത്തിലുദ്ധരിച്ച സിറാജ് ലേഖനത്തിലെ ജല്‍പനങ്ങള്‍. ഖിലാഫത്ത് എന്ന പദമേ ഖുര്‍ആനിലോ സുന്നത്തിലോ ഇല്ലെന്നും ഖിലാഫത്ത് എന്നൊരേര്‍പ്പാട് ഇസ്‌ലാമിക ചരിത്രത്തില്‍ ഉണ്ടായിട്ടേയില്ലെന്നുമാണോ ലേഖകന്റെ വാദം? എങ്കില്‍ സൂറത്തുന്നൂറിലെ 'നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് ഭൂമിയില്‍ ഖിലാഫത്ത് നല്‍കുക തന്നെ ചെയ്യുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് നല്‍കിയ പോലെ' (55) എന്ന സൂക്തത്തെക്കുറിച്ച് എന്തുപറയും? ഖുലഫാഉര്‍റാശിദുകളെ (അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി) എന്ത് പേരിട്ട് വിളിക്കും? പ്രവാചകത്വ മാതൃകയിലുള്ള ഖിലാഫത്ത് എന്ന് ഒട്ടേറെ ഹദീസുകളില്‍ പ്രയോഗിച്ചതിനെ എങ്ങനെ വ്യാഖ്യാനിക്കും? യഥാര്‍ഥത്തില്‍ നൂറ് ശതമാനവും പ്രാമാണികമായ ഖിലാഫത്ത് എന്താണെന്നും എങ്ങനെ പുനഃസ്ഥാപിക്കാമെന്നും ശക്തിയുക്തമായ തെളിവുകളുടെ വെളിച്ചത്തില്‍ വിവരിക്കുകയാണ് 'ഖിലാഫത്തും രാജവാഴ്ചയും' തുടങ്ങിയ ഒട്ടേറെ കൃതികളിലൂടെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ചെയ്തത്. അതിനെ നഖശിഖാന്തം വിമര്‍ശിക്കാം, തള്ളിപ്പറയാം. പക്ഷേ, അദ്ദേഹം എഴുതിയതെന്താണെന്ന് വായിച്ചു നോക്കിയ ശേഷം വേണമെന്ന് മാത്രം. സിറാജ് ലേഖകനും സമാന ചിന്താഗതിക്കാരും ചെയ്യുന്നതോ? ദാഇശ് നേതാവ് അബൂബക്കര്‍ ബഗ്ദാദി താന്‍ ഖലീഫയാണെന്നവകാശപ്പെടുന്നു, അയാളുടെ സംഘം ആ ഖിലാഫത്തിനെ അംഗീകരിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നു, അംഗീകരിക്കാത്തവരെ കൊല്ലുന്നു; അതിനാല്‍ ഖിലാഫത്തിനെക്കുറിച്ച് ആരും ഒന്നും സംസാരിക്കരുത്, മുമ്പ് പറഞ്ഞത് തന്നെ തെറ്റ് എന്ന മട്ടില്‍ കാച്ചിവിടുകയാണ്. അമുസ്‌ലിംകളെപ്പോലും തെറ്റിദ്ധരിപ്പിച്ചാല്‍ അതായല്ലോ. ഒന്നു ചോദിക്കട്ടെ, തൊള്ളായിരത്തി ഇരുപതുകളുടെ തുടക്കത്തില്‍ മൗലാനാ മുഹമ്മദലിയുടെയും ശൗക്കത്തലിയുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ നടത്തിയ ഖിലാഫത്ത് പ്രക്ഷോഭവും തെറ്റായിരുന്നോ? 1921-ല്‍ മലബാറിലെ ഒരു ഭാഗത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ച് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയും ആലി മുസ്‌ലിയാരും സ്ഥാപിച്ച ഖിലാഫത്തിനെക്കുറിച്ച് നിങ്ങളെന്ത് പറയും? അവരൊക്കെയും മൗദൂദിയെ വായിച്ചവരും പിന്‍പറ്റിയവരുമായിരുന്നോ? (മൗദൂദി ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത് തന്നെ 1941-ലാണ്).

സത്യത്തില്‍ യഥാര്‍ഥ ഇസ്‌ലാമിക ഖിലാഫത്തിനെയല്ല ദാഇശും ബഗ്ദാദിയും പ്രതിനിധീകരിക്കുന്നതെന്ന് മനസ്സിലാവണമെങ്കില്‍ പോലും മൗദൂദിയെ പോലുള്ള ആധുനിക ഇസ്‌ലാമിക ചിന്തകരുടെ ഗ്രന്ഥങ്ങള്‍ വായിക്കണം. അതിനൊന്നും മിനക്കെടാതെ ലോകത്തിലെ സകല ഭീകരവാദ പ്രസ്ഥാനങ്ങളുടെയും ഉത്തരവാദിത്തം മൗദൂദിയുടെ മേല്‍ വെച്ചുകെട്ടി ഈറ തീര്‍ക്കുന്നവരുടെ മനസ്സിലിരിപ്പ് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി  മറ്റുള്ളവര്‍ക്ക് വകവെച്ചു കൊടുക്കുന്നതാണ് മര്യാദ. ഇന്ത്യന്‍ ഫാഷിസത്തിനു മുമ്പില്‍ വിനീത വിധേയരായി മുട്ടുമടക്കുന്നവരുടെ തനിനിറം ജനദൃഷ്ടിയില്‍ മറച്ചുവെക്കാന്‍ ഇങ്ങനെയൊക്കെയുള്ള അഭ്യാസങ്ങള്‍ വേണ്ടിവരുന്നതാവാം. 

ജൂത, ക്രൈസ്തവ യുവതികളുടെ വിവാഹ പ്രശ്‌നം

ജൂത, ക്രിസ്ത്യന്‍ സമുദായങ്ങളിലെ സ്ത്രീകളെ മുസ്‌ലിം പുരുഷന് വിവാഹം ചെയ്യാമെന്ന അനുവാദം ഖുര്‍ആനിലുണ്ട്; ഇത് ഇക്കാലക്കാര്‍ക്കല്ല എന്ന് കരുതുന്നവരുണ്ടെങ്കില്‍, എന്ന് മുതലാണ് പ്രസ്തുത അനുവാദം നല്‍കുന്ന ഖുര്‍ആന്‍ വചനം (5:6) റദ്ദാക്കിയത്, അതിന് ആര്‍ക്കാണവകാശം എന്ന് കൂടി വ്യക്തമാക്കാമോ? ഒരു കാര്യം ഹലാല്‍ ആണെന്ന് പറയണമെന്നില്ല, ഹറാമായി പറഞ്ഞതൊഴിച്ചെല്ലാം മതത്തില്‍ അനുവദനീയമാണ് എന്നല്ലേ പണ്ഡിതന്മാര്‍ വെച്ചിട്ടുള്ളത്? മുസ്‌ലിം സ്ത്രീകളെ അഹ്‌ലുല്‍ കിതാബുകാരായ പുരുഷന്മാര്‍ വിവാഹം ചെയ്യുന്നതിനെ 'ഹറാമാക്കി' കൊണ്ട് പ്രത്യേക കല്‍പനയുണ്ടെങ്കിലല്ലേ അതിനെ പാടില്ലാ എന്ന് വെക്കാന്‍ പറ്റൂ? മുശ്‌രികീങ്ങളും മുസ്‌ലിംകളും തമ്മില്‍ ആണോ പെണ്ണോ ആയാലും തമ്മില്‍ വിവാഹം നിഷിദ്ധമാക്കുന്ന വചനം ഖുര്‍ആനിലുള്ള പോലെ, ജൂത, ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ വിവാഹം നിരോധിച്ചുകൊണ്ട് ഖുര്‍ആന്‍ വചനമുണ്ടോ? ഇല്ല എങ്കില്‍, സ്വഹീഹായ ഹദീസില്‍ ഉണ്ടോ? ഒന്നുമില്ലായെങ്കില്‍, ഹലാലായി പ്രോത്സാഹിപ്പിച്ച് പറഞ്ഞത് മുസ്‌ലിം പുരുഷന്‍ ജൂത, ക്രിസ്ത്യന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചാണ് എന്നതുകൊണ്ട് മാത്രം, മറിച്ചാവാന്‍ പാടില്ലാ എന്ന് ധരിക്കുന്നതില്‍ അര്‍ഥമുണ്ടോ?

അബൂ സ്വാദിഖ് നിലമ്പൂര്‍

ഒന്നാമതായി മനസ്സിലാക്കേണ്ടത് ഇസ്‌ലാം വിവാഹത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതാണ്. അത് കേവലം ജീവശാസ്ത്രപരമായ ഒരാവശ്യമോ, ലൈംഗിക വികാര പൂര്‍ത്തീകരണത്തിനുള്ള ഉപാധിയോ അല്ല ഇസ്‌ലാമില്‍. ധാര്‍മികവും സദാചാരപരവുമായ അടിത്തറകളില്‍ കുടുംബം പടുത്തുയര്‍ത്താനുള്ള വിശുദ്ധവും ശക്തവുമായ മാധ്യമമായിട്ടാണ് വിവാഹത്തെ വിശുദ്ധ ഖുര്‍ആനും സുന്നത്തും വിഭാവനം ചെയ്യുന്നത്. അതിനാല്‍ വിവാഹത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ആദര്‍ശ പൊരുത്തത്തിനും മതബോധത്തിനും തന്നെ. തറവാടിത്തത്തിനും സൗന്ദര്യത്തിനും സ്വത്തിനും വേണ്ടി സ്ത്രീയെ വിവാഹം ചെയ്യാറുണ്ട്. എന്നാല്‍ 'നീ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്ത് വിജയം വരിക്കുക' എന്ന പ്രവാചക വചനം പ്രസിദ്ധമാണല്ലോ.

എന്നാല്‍ പൊതു തത്ത്വത്തിന് അപവാദമായ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടിവരും. അത്തരം ഘട്ടങ്ങളില്‍ മൗലിക വാദവും കടുംപിടുത്തവും ഇസ്‌ലാമിന്റെ സംസ്‌കാരമല്ല; പരമാവധി സഹിഷ്ണുതയും വിട്ടുവീഴ്ചയുമാണ് അതിന്റെ സവിശേഷതകള്‍. അപ്പോഴും അടിസ്ഥാന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ നിഷ്‌കര്‍ഷിക്കണമെന്ന് മാത്രം. ഖുര്‍ആനു മുമ്പുള്ള വേദങ്ങളുടെ അവകാശികളായ ജൂതരുടെയും ക്രൈസ്തവരുടെയും പെണ്‍മക്കളെ വിവാഹം ചെയ്യാന്‍ ഖുര്‍ആന്‍ നല്‍കിയ അനുവാദം അതിന്റെ ഭാഗമാണ്. തൗറാത്തും ഇഞ്ചീലും അടിസ്ഥാനപരമായി ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതവും ധാര്‍മികതയിലൂന്നുന്നതുമാണല്ലോ. ആ വേദങ്ങള്‍ അപ്പാടെ തെറ്റാണെന്നോ നിരാകരിക്കേണ്ടതാണെന്നോ ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. അവയിലെ ശരി ചൂണ്ടിക്കാട്ടാന്‍ കൂടിയാണ് ഖുര്‍ആന്‍ അവതരിച്ചതുതന്നെ.

'നിങ്ങള്‍ക്ക് മുമ്പ് ഗ്രന്ഥം നല്‍കപ്പെട്ടവരുടെ പതിവ്രതകളും നിങ്ങള്‍ക്കനുവദനീയമാക്കിയിരിക്കുന്നു' (5:5) എന്ന ഖുര്‍ആന്‍ വാക്യ പ്രകാരം ജൂത, ക്രൈസ്തവ വനിതകളെ മുസ്‌ലിംകള്‍ക്ക് വിവാഹം ചെയ്യാമെന്നത് ആധികാരികമായ വിധിയാണ്. അത് ഒരു പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രം ബാധകമാണെന്നതിന് തെളിവുകളില്ല. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തും ജൂതന്മാരുടെയും ക്രൈസ്തവരുടെയും വിശ്വാസാചാരങ്ങളില്‍ മൗലികമായ വ്യതിയാനങ്ങളുണ്ടായിരുന്നുവെന്നതിന് തെളിവ് ഖുര്‍ആന്‍ തന്നെ. ജൂതര്‍ മാത്രം സത്യത്തില്‍ വിശ്വസിക്കുന്നവരും സ്വര്‍ഗാവകാശികളും എന്ന വംശീയ അവകാശവാദത്തെ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിച്ചത് കാണാം. അല്ലാഹുവിന്റെ മാത്രം അധികാരാവകാശമായ വിധിവിലക്കുകള്‍ പുരോഹിതന്മാര്‍ കൈയിലെടുത്ത് തോന്നിയ പോലെ ഹലാലും ഹറാമും തീരുമാനിക്കുന്നതിനെയും ഖുര്‍ആന്‍ ചോദ്യം ചെയ്തിട്ടുണ്ട്. ക്രൈസ്തവരുടെ ത്രിത്വവാദത്തെയും മനുഷ്യര്‍ പാപികളായി ജനിക്കുന്നുവെന്ന വിശ്വാസത്തെയും, യേശുവിന്റെ മാതാവ് മര്‍യമിന് ദിവ്യത്വം കല്‍പിച്ചതിനെയുമൊക്കെ ഖുര്‍ആന്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആ വിശ്വാസങ്ങള്‍ തന്നെയാണല്ലോ ഇന്നത്തെ യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും. അതിനാല്‍ അന്നത്തെ ജൂത-ക്രൈസ്തവരുടെ പെണ്‍മക്കളുടെ കാര്യത്തില്‍ പരിമിതമല്ല മുസ്‌ലിംകള്‍ക്ക് വിവാഹം ചെയ്യാനുള്ള അനുവാദം. എന്നാല്‍, ഏത് നിലക്കും സന്തതികളെ മുസ്‌ലിംകളായി വളര്‍ത്താനുള്ള സാഹചര്യമുണ്ടെങ്കിലേ ഈ അനുവാദം ഉപയോഗപ്പെടുത്താവൂ എന്ന് വ്യക്തം. അതുകൊണ്ടാണ് മുസ്‌ലിം സ്ത്രീകള്‍ ജൂത-ക്രൈസ്തവ പുരുഷന്മാരെ വിവാഹം ചെയ്യാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കാതിരുന്നതും. മുസ്‌ലിം ഭാര്യമാര്‍ ക്രൈസ്തവ കുടുംബങ്ങളിലെത്തുമ്പോള്‍, അവര്‍ സ്വജീവനേക്കാള്‍ പ്രിയങ്കരനായി കരുതുന്ന മുഹമ്മദ് നബിയെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നത് സഹിക്കേണ്ടിവരുന്ന ദുരനുഭവത്തിനു സാധ്യത കൂടുതലാണ്. മറിച്ച് മുസ്‌ലിം കുടുംബങ്ങളിലെത്തുന്ന ക്രൈസ്തവ ഭാര്യമാര്‍ക്ക് ഈസാ(അ)യെക്കുറിച്ച് അങ്ങനെയൊരനുഭവം ഉണ്ടാവില്ല. മുസ്‌ലിംകള്‍ അദ്ദേഹത്തെ പുണ്യപ്രവാചകനായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് എന്നതാണ് കാരണം. പന്നി മാംസം നിഷിദ്ധമായി കരുതുന്ന മുസ്‌ലിം സ്ത്രീകള്‍ അത് ഭുജിക്കുകയോ അതുമായി ഇടപെടേണ്ടിവരികയോ ചെയ്യുന്ന സാഹചര്യവും ക്രൈസ്തവ ഭവനങ്ങളിലുണ്ടാവാം. 

വാക്കും പ്രവൃത്തിയും തമ്മിലെ വൈരുധ്യം

''ദയ, ക്ഷമ, വിട്ടുവീഴ്ച, ഹൃദയവിശാലത, സ്‌നേഹം തുടങ്ങിയ മഹിതമായ മൂല്യങ്ങളെയാണ് ഇസ്‌ലാം മുറുകെ പിടിക്കുന്നത്. മുഹമ്മദ് നബി ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹി ആയിരുന്നു.'' കഴിഞ്ഞ നബിദിനാഘോഷത്തോടനുബന്ധിച്ച് എസ്.എസ്.എഫ് പ്രദര്‍ശിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡിലെ വരികളാണ് മുകളില്‍ ഉദ്ധരിച്ചത്.

ഇസ്‌ലാമിന്റെ മാനവികമായ കാഴ്ചപ്പാട് എന്താണെന്ന് മാലോകരെ അറിയിക്കാന്‍ വേണ്ടിയായിരുന്നു മുസ്‌ലിംകള്‍ 'മാനവികത ഉണര്‍ത്തുന്നു, കേരളയാത്രയിലൂടെ' എന്ന തലക്കെട്ടില്‍ രണ്ട് വര്‍ഷം മുമ്പ് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ കാമ്പയിനുകള്‍ സംഘടിപ്പിച്ചത്.

ആദര്‍ശപരമായി തന്നോട് കൊടിയ ശത്രുത പുലര്‍ത്തിയിരുന്ന മക്കയിലെ ശത്രുക്കള്‍ക്ക് നബി മാപ്പ് കൊടുക്കുകയും അവരോട് സാഹോദര്യത്തിന്റെയും ഹൃദയ വിശാലതയുടെയും മാതൃകാപരമായ നിലപാട് സ്വീകരിക്കുകയും ചെയ്ത മുഹമ്മദ് നബിയുടെ അനുയായികളായ മുസ്‌ലിംകള്‍(?) തന്നെയാണ് ആദര്‍ശപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ചേകനൂര്‍ മൗലവിയെ നിര്‍ദാക്ഷിണ്യം വധിച്ചത്.

മൗലവി വധക്കേസില്‍ തികച്ചും മൗനം അവലംബിച്ച കേരളത്തിലെ മുസ്‌ലിം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കോ, ഇസ്‌ലാമിന്റെ യഥാര്‍ഥ അനുയായികള്‍ തങ്ങളാണെന്ന് അവകാശപ്പെടുന്ന എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവര്‍ത്തകര്‍ക്കോ പ്രവാചകന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്താനോ അദ്ദേഹത്തിന്റെ മഹനീയ വ്യക്തിത്വത്തെക്കുറിച്ച് വാചാലരാകാനോ ഇപ്പോള്‍ സജീവ ചര്‍ച്ചക്ക് വിഷയീഭവിക്കുന്ന ഐ.എസ് ഭീകരതക്കെതിരെ പ്രതികരിക്കാനോ ധാര്‍മികമായി അവകാശമുണ്ടോ?

ശ്രീധരന്‍ ബാലുശ്ശേരി

വാക്കും പ്രവൃത്തിയും തമ്മിലെ ഭീമവും കുറ്റകരവുമായ അന്തരമാണ് ഇന്ന് മുസ്‌ലിം സംഘടനകളും നേതാക്കളും പണ്ഡിതന്മാരും കാഴ്ചവെക്കുന്ന ഏറ്റവും വലിയ വൈരുധ്യം. സ്‌നേഹം, കാരുണ്യം, സാഹോദര്യം, സഹിഷ്ണുത, വിട്ടുവീഴ്ച, ഹൃദയ വിശാലത തുടങ്ങിയ ഇസ്‌ലാം സര്‍വഥാ പ്രാധാന്യം കല്‍പിച്ച ഗുണങ്ങള്‍ നാമമാത്രമായി പോലും ഇല്ലാതെ അതേക്കുറിച്ചൊക്കെ ദിവസങ്ങളോളം പ്രഭാഷണം നടത്തുന്ന പ്രസംഗകരെയും പണ്ഡിത വേഷധാരികളെയും സുലഭമായി കാണാം. ഐ.എസ് പോലുള്ള ഭീകര സംഘടനകളുടെ തലപ്പത്തിരിക്കുന്നവരും പേരിന് മതപണ്ഡിതന്മാരെന്നെന്നോര്‍ത്താല്‍ വൈരുധ്യത്തിന്റെ ആഴം ബോധ്യപ്പെടും. ഇതുകൊണ്ടൊക്കെ തന്നെയാണ് മുസ്‌ലിം യുവതലമുറ ഇസ്‌ലാമില്‍ നിന്നകലുന്നതും ഇതര സമുദായങ്ങള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുന്നതും.

ചേകനൂര്‍ മൗലവി യഥാര്‍ഥ മുസ്‌ലിം പരിഷ്‌കര്‍ത്താവ് ആയിരുന്നില്ല; പ്രത്യുത അതിന്റെ അടിസ്ഥാന പ്രമാണങ്ങളെയും പൂര്‍വ സൂരികളെയും കഠിനമായി ചോദ്യം ചെയ്ത തിരസ്‌കാര വാദിയായിരുന്നു. എങ്കിലും താന്‍ വിശ്വസിക്കുന്നത് പറയാനും പ്രചരിപ്പിക്കാനും ജനാധിപത്യ ഇന്ത്യയില്‍ അദ്ദേഹത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടേണ്ടതുണ്ടായിരുന്നില്ല. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി ഉന്മൂലനം ചെയ്തവര്‍ മതത്തിന്റെയോ നിയമത്തിന്റെയോ കണ്ണില്‍ ഒരു നീതീകരണവും അര്‍ഹിക്കുന്നുമില്ല. മിക്കവാറും മുസ്‌ലിം സംഘടനകളൊക്കെ തുടക്കത്തിലേ കേസന്വേഷണം ആവശ്യപ്പെടുകയും, കുറ്റവാളികളെ പിടികൂടി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് ശബ്ദുമയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അക്കാര്യത്തില്‍ പ്രക്ഷോഭമൊന്നും നടത്തിയിട്ടില്ലെന്നത് നേരാണ്. നീതിനിഷേധത്തിന്റെ ബലിയാടായി കര്‍ണാടക ജയിലില്‍ ദിവസങ്ങളെണ്ണി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടിയും ആരും പ്രക്ഷോഭമൊന്നും നടത്തിയിട്ടില്ലല്ലോ. ചേകനൂര്‍ മൗലവിക്കായി പ്രക്ഷോഭ രംഗത്തിറങ്ങിയിരുന്ന സി.പി.എമ്മും ബി.ജെ.പിയും താമസിയാതെ ഉള്‍വലിഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യവും പ്രസക്തമാണ്. വൈകിയാണെങ്കിലും ചേകനൂരിന്റെ ഘാതകരെ സി.ബി.ഐ പിടികൂടുകയും കോടതി ഒരാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തുവല്ലോ. എന്നാല്‍, ചേകനൂര്‍ ഘാതകരെ സംരക്ഷിച്ചവരുടെ മനുഷ്യസ്‌നേഹവും നീതിബോധവും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. 

Comments