Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

പുരോഗതിയുടെ പാതയില്‍

ശൈഖ് മുഹമ്മദ് കാരകുന്ന് /യാത്ര-2

        കേരളത്തിലും ശ്രീലങ്കയിലും ഇസ്‌ലാം എത്തിയത് ഒരേ കാലത്താണ്. ഇത് പ്രവാചകന്റെ കാലത്താണെന്ന് ബലാദുരി അജാഇബുല്‍ ഹിന്ദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റാബ്ദം 69-ല്‍ മുഹമ്മദ് ബ്‌നു ഖാസിമിലൂടെയാണ് ഇസ്‌ലാം ശ്രീലങ്കയില്‍ പ്രചരിച്ചതെന്ന് അഭിപ്രായപ്പെട്ട ചരിത്രകാരന്മാരുമുണ്ട്. ശൈഖ് സഹ്‌റുദ്ദീനുബ്‌നു തഖിയുദ്ദീന്‍ ശ്രീലങ്ക സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ചേരമാന്‍ പെരുമാളുമായി സന്ധിച്ചതായി പറയപ്പെടുന്നു. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം വളരെ ചെറിയ ന്യൂനപക്ഷം ശിഈകളായി മാറിയതൊഴിച്ചാല്‍ ബാക്കിയെല്ലാവരും സുന്നികളാണ്; ശാഫിഈ മദ്ഹബുകാരും. മുസ്‌ലിംകളില്‍ അറബ് പാരമ്പര്യമുള്ളവരും മലായക്കാരും ദക്ഷിണേന്ത്യന്‍ കുടിയേറ്റക്കാരുമുണ്ട്. പുരാതന കാലം മുതല്‍ക്കുതന്നെ പലരും ആദം മല സന്ദര്‍ശിക്കാനെത്തുക പതിവായിരുന്നു. അങ്ങനെ ശ്രീലങ്കയിലെത്തി അവിടെ താമസമാക്കിയവരുടെ പിന്‍മുറക്കാരുമുണ്ട്.

തദ്ദേശീയരായ സിംഹളര്‍ വ്യാപാരാവശ്യാര്‍ഥം അവിടെയെത്തിയ മുസ്‌ലിംകളെ സ്‌നേഹപൂര്‍വം സ്വീകരിച്ചാദരിച്ചു. അവര്‍ക്ക് തങ്ങളുടെ മക്കളെ വിവാഹം ചെയ്തു കൊടുക്കുകയും കച്ചവട സൗകര്യമേര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ശ്രീലങ്കയിലെ വ്യാപാരം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായി.

അബ്ബാസി ഭരണാധികാരി ബഗ്ദാദില്‍ നിന്ന് നിയോഗിച്ചയച്ച പ്രമുഖ പണ്ഡിതന്‍ ഖാലിദുബ്‌നു അബൂബാഖിയ കൊളംബോയില്‍ താമസിച്ചിരുന്നു. ക്രി. പത്താം നൂറ്റാണ്ടിലായിരുന്നു ഇത്. പതിനാലാം നൂറ്റാണ്ടില്‍ ഇബ്‌നു ബത്തൂത്ത ശ്രീലങ്ക സന്ദര്‍ശിക്കുകയുണ്ടായി. അക്കാലത്ത് അന്നാട്ടുകാരുടെ വ്യാപാര ബന്ധം ഈജിപ്തുകാരുമായിട്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊളംബോ മുസ്‌ലിം നഗരമായിരുന്നു. 1505-ല്‍ പോര്‍ച്ചുഗീസ് അധിനിവേശമുണ്ടായതോടെയാണ് ഈ അവസ്ഥക്കു മാറ്റമുണ്ടായത്. തുടര്‍ന്ന് മുസ്‌ലിംകള്‍ കൊടിയ പീഡനങ്ങള്‍ക്കിരയായി. പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിംകളെ മൂറുകളെന്നാണ് വിളിച്ചിരുന്നത്. ഗോവയിലെ പോര്‍ച്ചുഗീസ് വൈസ്രോയി കൊളംബോയില്‍ ഒരു മൂറും താമസിക്കാന്‍ പാടില്ലെന്ന് ഉത്തരവിറക്കി. പോര്‍ച്ചുഗീസുകാര്‍ കൊളംബോയില്‍ കോട്ട നിര്‍മിച്ചു. അത് മുസ്‌ലിംകള്‍ക്കെന്ന പോലെ അവിടത്തെ സിംഹള രാജാവിനും വലിയ ഭീഷണിയായി. 1656-ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഡച്ചുകാര്‍ കൊളംബോ പിടിച്ചടക്കി. ഇത് ഫലത്തില്‍ മുസ്‌ലിംകള്‍ക്ക് ആശ്വാസകരമാവുകയാണുണ്ടായത്. ഡച്ചുകാര്‍ മുസ്‌ലിംകളുമായി ഇണങ്ങിയും പിണങ്ങിയും നില കൊണ്ടു. 1796-ല്‍ ബ്രിട്ടീഷുകാര്‍ ഡച്ചുകാരില്‍ നിന്ന് അവിടം കീഴ്‌പ്പെടുത്തി. ആപേക്ഷികമായി ബ്രിട്ടീഷ് ഭരണകാലം മുസ്‌ലിംകള്‍ക്ക് ഗുണകരമായിരുന്നു.

1909-ല്‍ മുസ്‌ലിംകള്‍ കൊളംബോയില്‍ മസ്ജിദുജാമിഇല്‍ അന്‍ഫാര്‍ സ്ഥാപിച്ചു. ഇപ്പോള്‍ കൊളംബോയില്‍ മാത്രം മുപ്പത്തഞ്ചോളം പള്ളികളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ബ്രിട്ടീഷുകാര്‍ പള്ളികളുണ്ടാക്കാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദം നല്‍കിയിരുന്നു.

ഇന്ത്യന്‍ മുസ്‌ലിംകളെപ്പോലെ തന്നെ ശ്രീലങ്കന്‍ മുസ്‌ലിംകളും ഉസ്മാനിയാ ഖിലാഫത്തുമായി ഗാഢമായ ആത്മബന്ധം പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനു വേണ്ടി ജുമുഅ ഖുത്വ്ബകളില്‍ പ്രാര്‍ഥിക്കുക പതിവായിരുന്നു. അവര്‍ തങ്ങളുടെ വീടുകളില്‍ അദ്ദേഹത്തിന്റെ ചിത്രം പതിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുകയും ചെയ്തു.

1948-ലാണ് ശ്രീലങ്ക സ്വാതന്ത്ര്യം നേടിയത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ടി.പി ജയാഹ് വിജയിച്ചു. തുടര്‍ന്ന് മുസ്‌ലിംകള്‍ക്ക് പൂര്‍ണ മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുകയുണ്ടായി. പള്ളികളുടെ നിര്‍മാണത്തിനോ പത്ര പ്രസിദ്ധീകരണങ്ങള്‍ നടത്താനോ ശ്രീലങ്കയില്‍ മതേതര രാഷ്ട്രമായ ഇന്ത്യയിലുള്ള നിയന്ത്രണം പോലുമില്ല.

സംഘര്‍ഷത്തിന്റെ മുപ്പതു വര്‍ഷം

ലിബറേഷന്‍ ടൈഗേഴ്‌സ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ) വിമോചന പോരാട്ടം നടത്തിയ മുപ്പത്ത് വര്‍ഷമാണ് ശ്രീലങ്കന്‍ മുസ്‌ലിംകളുടെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ കാലം. 1980-ലാണ് എല്‍.ടി.ടി.ഇ സമരം ആരംഭിച്ചത്. 1982-ല്‍ അത് ശക്തിപ്രാപിച്ചു. 2009 വരെ ഫലത്തില്‍ അത് നീണ്ടുനിന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷം പേര്‍ വധിക്കപ്പെടുകയും പത്ത് ലക്ഷം പേര്‍ക്ക് നാടുവിടേണ്ടിവരികയും ചെയ്തു. അതോടൊപ്പം തമിഴര്‍ക്കും സിംഹളര്‍ക്കുമിടയിലും ബുദ്ധ, ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമിടയിലും ഗുരുതരമായ അകല്‍ച്ചയും ശത്രുതയും വളരാനും ഇതു കാരണമായി.

ജാഫ്‌ന, മണ്ണാര്‍, മുളളിതീവ്, വാവ്‌നിയ, ക്ലിനോച്ചി എന്നീ അഞ്ചു ജില്ലകളിലാണ് എല്‍.ടി.ടി.ഇക്കാര്‍ തങ്ങളുടെ പോരാട്ടം കേന്ദ്രീകരിച്ചത്. 1990-ല്‍ അവിടെയുണ്ടായിരുന്ന എഴുപത്തയ്യായിരം മുസ്‌ലിംകളെയും അവര്‍ ആട്ടിപ്പുറത്താക്കി. അവരില്‍ മുപ്പത്തഞ്ചു ശതമാനം പേര്‍ മാത്രമാണ് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയത്. അറുപത്തഞ്ചു ശതമാനത്തിന്റെ പുനരധിവാസം ഇപ്പോഴും സാധ്യമായിട്ടില്ല. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ആള്‍പ്പാര്‍പ്പില്ലാത്തതിനാല്‍ ഇടതൂര്‍ന്ന കാടുകള്‍ വളര്‍ന്നുവരികയും, കുറെ ഭാഗം 2012-ല്‍ ഫോറസ്റ്റായി പ്രഖ്യാപിക്കുകയുമുണ്ടായി. കൂടാതെ തീരപ്രദേശങ്ങള്‍ പട്ടാള ക്യാമ്പുകള്‍ക്കായി സര്‍ക്കാര്‍ പിടിച്ചടക്കുകയും അവശേഷിക്കുന്നവയില്‍ തമിഴര്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 2015 ജനുവരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും, 2015 ആഗസ്റ്റില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മുസ്‌ലിംകളുള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ണായക വിജയം ലഭിച്ച സാഹചര്യത്തില്‍ നാടും വീടും നഷ്ടപ്പെട്ട അമ്പതിനായിരത്തോളം വരുന്ന മുസ്‌ലിംകളുടെ പുനരധിവാസ ശ്രമങ്ങള്‍ക്കായുള്ള സമ്മര്‍ദം വര്‍ധിച്ചുവരുന്നു. ഈ പ്രശ്‌നം വിശദമായി പഠിച്ച് ശാഹുല്‍, എച്ച് ഹസബുല്ല തയാറാക്കി പ്രസിദ്ധീകരിച്ച ഗവേഷണ ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. ഈ ലേഖകന്‍ ശ്രീലങ്കയിലായിരിക്കെ 2015 ഒക്‌ടോബര്‍ 31-നാണ് മുസ്‌ലിംകള്‍ പുറന്തള്ളപ്പെട്ടതിന്റെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയായത്.

ഇസ്‌ലാമിക വിദ്യാ സ്ഥാപനങ്ങള്‍

ഭൗതിക വിദ്യാഭ്യാസത്തിലെന്ന പോലെ ഇസ്‌ലാമിക വിദ്യാഭ്യാസത്തിലും ശ്രീലങ്കന്‍ മുസ്‌ലിംകള്‍ മികച്ച അവസ്ഥയിലാണ്. മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും മുസ്‌ലിം നാടുകളിലെ മറ്റു സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ നിരവധി പണ്ഡിതന്മാര്‍ അവിടെയുണ്ട്. മത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും ശ്രീലങ്കന്‍ മുസ്‌ലിംകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ശ്രീലങ്കയില്‍ മുന്നൂറോളം മദ്‌റസകളും പന്ത്രണ്ട് ഉന്നത ഇസ്‌ലാമിക വിദ്യാ സ്ഥാപനങ്ങളുമാണുള്ളത്. എല്ലാ ഇസ്‌ലാമിക കോളേജുകളിലും മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ച പാഠ്യ പദ്ധതിയാണ് സ്വീകരിച്ചുവരുന്നത്. ഇവയില്‍ ഏറെ ശ്രദ്ധേയവും ഒന്നാം സ്ഥാനത്തുള്ളതും ജാമിഅ നിസാമിയ്യയാണ്. സംഘടനാ ഭേദങ്ങള്‍ക്കതീതമായി സമുദായത്തിന്റെ പൊതു സ്ഥാപനമായാണ് ഇതറിയപ്പെടുന്നത്. നളീം ഹാജി എന്ന അത്യുദാരനാണ് ഇത് സ്ഥാപിച്ചതും ഇതിന്റെ നടത്തിപ്പിനാവശ്യമായ വരുമാനത്തിന് ഏറെ സഹായകമായ സ്വത്ത് സംഭാവന ചെയ്തതും. ഓരോ വര്‍ഷവും നാല്‍പത് പണ്ഡിതന്മാരാണ് ഈ സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍ റശീദ് ഹജ്ജുല്‍ അക്ബര്‍ ഉള്‍പ്പെടെ പല നേതാക്കളും ഈ സ്ഥാപനത്തിന്റെ സന്തതികളാണ്. 1973-ലാണ് നിളാമിയ്യ സ്ഥാപിതമായത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഡെപ്യൂട്ടി അമീര്‍ കൂടിയായ ആഗാര്‍ മുഹമ്മദാണ് ഇപ്പോള്‍ ഈ വിദ്യാ കേന്ദ്രത്തിന്റെ ഉപ മേധാവി.  അദ്ദേഹമാണ് നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.

ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ ആദ്യമായി സ്ഥാപിതമായ ഉന്നത ഇസ്‌ലാമിക കലാലയം ഇസ്‌ലാഹിയാ അറബിക് കോളേജാണ്. 1980-കളിലാണ് ഇത് സ്ഥാപിതമായത്. ഇവിടത്തെ വിദ്യാര്‍ഥികളെ അഭിമുഖീകരിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചു. ശ്രീലങ്കയിലെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇസ്‌ലാമിക വിദ്യാ സ്ഥാപനങ്ങളിലൊന്നാണിത്.

ജമാഅത്തിന്റെ കീഴിലുള്ള ഇസ്‌ലാഹിയാ വനിതാ കോളേജ് സന്ദര്‍ശിക്കാനും വിദ്യാര്‍ഥിനികളോട് സംസാരിക്കാനും ഭാരവാഹികള്‍ അവസരമൊരുക്കി. പ്രസംഗാനന്തരം ഒന്നര മണിക്കൂറോളം ചോദ്യോത്തരങ്ങളായിരുന്നു. അറബിയിലും ഇംഗ്ലീഷിലും വിദ്യാര്‍ഥിനികളുന്നയിച്ച ചോദ്യങ്ങള്‍ അവരുടെ ഭാഷാപരമായ യോഗ്യതയും ഒപ്പം വൈജ്ഞാനിക മികവും ലോക പരിചയവും വ്യക്തമാക്കുന്നവയായിരുന്നു.

ജാമിഅ ആഇശ സിദ്ദീഖയും ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള ഉന്നത വനിതാ മത വിദ്യാലയമാണ്. അവിടെയും സന്ദര്‍ശിച്ച് വിദ്യാര്‍ഥിനികളെ അഭിസംബോധന ചെയ്യുകയുണ്ടായി. കൂടാതെ ഫാത്വിമ സുഹ്‌റ, സഅ്ദിയ, ഗഫൂറിയ കോളേജുകളും ജമാഅത്ത് നടത്തിവരുന്നു. ഇവിടങ്ങളിലെല്ലാം ആറു വര്‍ഷ കോഴ്‌സാണ് നിലവിലുള്ളത്.

അനാഥകളുള്‍പ്പെടെ ആയിരത്തോളം വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന കല്ലെളിയ വിമന്‍സ് കോളേജ് മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന പൊതു സ്ഥാപനമാണ്. കൂടാതെ ഭരണകൂടത്തിന്റെ കീഴിലുള്ള സര്‍വകലാശാലകളില്‍ പലതിലും അറബിക് ഡിപ്പാര്‍ട്ട്‌മെന്റും ഇസ്‌ലാമിക് ഹിസ്റ്ററി സ്റ്റഡീസുമുണ്ട്. ഭൗതിക വിദ്യാഭ്യാസ രംഗത്തെന്ന പോലെ മതപഠനത്തിലും പെണ്‍കുട്ടികളാണ് മുന്നില്‍. 1891-ല്‍  കൊളംബോ മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി സ്ഥാപിതമായി. കൊളംബോ സാഹിറ കോളേജ് നടത്തുന്നത് ഈ സൊസൈറ്റിയാണ്. 

മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍

സര്‍ക്കാര്‍ ഉടമയിലുള്ള ദിനപത്രമാണ് തിനകറം. ശ്രീലങ്കയിലെ ഏറ്റവും പ്രചാരമുള്ള ഈ പത്രം മുസ്‌ലിം വാര്‍ത്തകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാറുണ്ട്. തമിഴ് മുസ്‌ലിം വായനക്കാരെ ലക്ഷ്യം വെച്ച് അമുസ്‌ലിംകള്‍ നടത്തുന്ന പത്രമാണ് വീരകേസരി. 1930-കളിലാരംഭിച്ച ഈ പത്രത്തിന് സാമാന്യം നല്ല പ്രചാരമുണ്ട്. വെടിവള്ളി നടത്തുന്നത് അമുസ്‌ലിംകളാണെങ്കിലും മുസ്‌ലിം പത്രമായാണ് അറിയപ്പെടുന്നത്. വായനക്കാരെല്ലാം മുസ്‌ലിംകളാണ്. ഇതിന്റെ പത്രാധിപര്‍ ജമാഅത്തെ ഇസ്‌ലാമി അനുഭാവിയായ മുസ്‌ലിമാണ്. മുസ്‌ലിം ഉടമസ്ഥതയിലുള്ളതും ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യമുള്ളതുമായ പത്രമാണ് നവമണി. സാമാന്യം നല്ല പ്രചാരമുണ്ട് ഇതിന്.

മത പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും പ്രചാരമുള്ളത് ജമാഅത്തെ ഇസ്‌ലാമിയുടെ തമിഴ് മുഖപത്രമായ അല്‍ഹസനാത്ത് മാസികക്കാണ്. 1970-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഇത് ഇസ്‌ലാമിക കുടുംബ മാസികയാണ്. ഇതിന്റെ എല്ലാ ലക്കത്തിലും എന്റെ ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാറുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് 'ദൈവം, മതം, വേദം, സ്‌നേഹസംവാദം' എന്ന പുസ്തകത്തിന്റെ പരിഭാഷയാണ്. കേരളത്തില്‍ താമസിച്ച് മലയാളം പഠിച്ച ഇസ്‌ലാമിക പണ്ഡിതന്‍ കൂടിയായ ജലാലുദ്ദീന്‍ ഇസ്ഹാഖാണ് പരിഭാഷകന്‍.

ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള ഇംഗ്ലീഷ് മാഗസിനാണ്  ദ ട്രന്റ്. മികച്ച നിലവാരം പുലര്‍ത്തുന്ന ഇത് പ്രസിദ്ധീകരണമാരംഭിച്ചത് അഞ്ചു വര്‍ഷം മുമ്പാണ്.

സിംഹള വായനക്കാരെ ഉദ്ദേശിച്ച് ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കുന്ന പ്രബോധയ മാസികക്ക് മുസ്‌ലിംകളല്ലാത്ത വരിക്കാരും വായനക്കാരുമുണ്ട്. അഖ്‌റം കുട്ടികള്‍ക്കായി ജമാഅത്ത് നടത്തുന്ന മാസികയാണ്. കൂടാതെ എങ്കല്‍ ദേശം എന്ന ത്രൈദിന ന്യൂസ് റിവ്യൂവും പ്രസിദ്ധീകരിക്കുന്നു. രണ്ടായിരാമാണ്ടിലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. പ്രബോധയയുടെയും എങ്കല്‍ ദേശത്തിന്റെയും പത്രാധിപര്‍ എം.എച്ച്.എം ഹസ്സനാണ്.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ശ്രീലങ്കന്‍ പതിപ്പായ ജമാഅത്തുസ്സലാമയുടെ മുഖപത്രമാണ് മിള്‍പാര്‍വൈ ദൈ്വവാരിക. കൂടാതെ വൈഹിറൈ ദൈ്വമാസികയും സര്‍വദേശ് പാര്‍വൈ ത്രൈമാസികയും നടത്തുന്നു. സലഫീ സംഘടനയായ അന്‍സാറുസ്സുന്നയുടെ പ്രസിദ്ധീകരണമാണ് ഉണ്‍മൈ ഉദയം മാസിക. ശ്രീലങ്കന്‍ തൗഹീദ് പാര്‍ട്ടിയും സ്വന്തമായി മാസിക നടത്തുന്നുണ്ട്.

കൂടാതെ മുസ്‌ലിം റിവ്യൂ, അസ്സ്വബാഹ്, മുസ്‌ലിം ഗാര്‍ഡിയന്‍, ക്രസന്റ് ഇസ്‌ലാം മിത്ര തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ശ്രീലങ്കന്‍ മുസ്‌ലിംകളുടേതായുണ്ട്. മുസ്‌ലിം ഗാര്‍ഡിയന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഐ.സി.എം അബ്ദുല്‍ അസീസ് സ്ഥാപിച്ചതാണ്. 

ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള പ്രസാധനാലയമാണ് ഇസ്‌ലാമിക് ബുക് ഹൗസ് (ഐ.ബി.എച്ച്). ശ്രീലങ്കയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ പ്രസിദ്ധീകരണ സ്ഥാപനമാണിത്. മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗക്കാരുടെയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഐ.ബി.എച്ച് സ്‌കൂള്‍ പുസ്തകങ്ങളും പൊതു സ്വഭാവത്തിലുള്ള കൃതികളും പുറത്തിറക്കുന്നു. ഓരോ വര്‍ഷവും നൂറിലേറെ പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഐ.ബി.എച്ച് ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നു കൂടിയാണ്.

എന്നാല്‍, സംഘടനാ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇസ്‌ലാമിക് പബ്ലിഷിംഗ് സെന്റര്‍ (ഐ.പി.സി) ആണ്, ഈ സ്ഥാപനം തഫ്ഹീമുല്‍ ഖുര്‍ആന്റെ ആറു വാള്യങ്ങളുടെയും തമിഴ് പരിഭാഷയും തര്‍ജുമാനുല്‍ ഖുര്‍ആന്റെ തമിഴ് വിവര്‍ത്തനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് ജമാഅത്തെ ഇസ്‌ലാമിയുടെ തമിഴ് പ്രസിദ്ധീകരണങ്ങളും ഉപയോഗപ്പെടുത്തുന്നു. 2008-ലാണ് തഫ്ഹീമുല്‍ ഖുര്‍ആന്റെ അവസാന ഭാഗം പുറത്തിറക്കിയത്. 2014-ല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്റെ പരിഭാഷയും പ്രസിദ്ധീകരിച്ചു. കെട്ടിലും മട്ടിലും അച്ചടിയിലുമെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവയാണ് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍.

ശ്രീലങ്കന്‍ മുസ്‌ലിംകളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും വിദ്യാഭ്യാസ രംഗത്തെയും പ്രസാധന മേഖലയിലെയും മികവ് നിര്‍ണായകമായ പങ്കുവഹിക്കുന്നു. അതോടൊപ്പം തരീഖത്തുകാരുടെതുള്‍പ്പെടെ എല്ലാ വിഭാഗത്തിന്റെയും പള്ളികളിലെ ജുമുഅ ഖുത്വ്ബകള്‍ മാതൃഭാഷയിലാണ്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയും.

എല്‍.ടി.ടി.ഇ തുടച്ചുമാറ്റപ്പെട്ടതോടെ കാര്യമായ ബാഹ്യ വെല്ലുവിളികളും അവസാനിച്ചിരിക്കുന്നു. സിംഹളരില്‍ ഒരു ശതമാനത്തില്‍ താഴെ വരുന്നവരുടെ മാത്രം പിന്തുണയുള്ള ബുധുബലസേനയാണ് മുസ്‌ലിം വിരുദ്ധ വംശീയവാദികള്‍. അവര്‍ കടുത്ത മുസ്‌ലിം വിരോധികളാണ്. രാഷ്ട്രീയ പിന്‍ബലമൊട്ടുമില്ലാത്തതിനാല്‍ മുസ്‌ലിംകള്‍ക്കെതിരെ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നു മാത്രം. 

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Comments