Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

പാരീസ് ഭീകരാക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍

         2015 നവംബര്‍ 13 വെള്ളിയാഴ്ച രാത്രി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലുണ്ടായ ഭീകരാക്രമണം പലതുകൊണ്ടും വേറിട്ടതായിരുന്നു. ഒറ്റ രാത്രി ഇത്രയധികം ആളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഫ്രഞ്ച് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. 129 പേരാണ് മരിച്ചത്. 500-ലേറെ പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷമാദ്യം ഫ്രഞ്ച് ഹാസ്യ മാസികയായ ഷാര്‍ലി എബ്‌ദോവിന്റെ ഓഫീസിലും ജൂതത്തെരുവിലും ആക്രമണം നടന്നിരുന്നു. നിര്‍ണിത വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ആ ആക്രമണമെങ്കില്‍ ഇത്തവണ പൊതു സ്ഥലങ്ങളെയാണ് ഭീകരര്‍ ഉന്നമിട്ടത്. പാരീസിലെ ബറ്റാഇന്‍ തിയറ്റര്‍ ഹാള്‍, സ്റ്റദ് ഡി ഫ്രാന്‍സ് ഫുട്‌ബോള്‍ മൈതാനം, ലാ ബെല ക്വിഷ് ബാര്‍, ലേ കാരിയോണ്‍ ബാര്‍, ലേ പെറ്റി കോം ബോജ് റസ്റ്റോറന്റ്, ലാ കാസനോസ്ട്ര റസ്റ്റോറന്റ് എന്നിങ്ങനെ ആറിടങ്ങളിലായിരുന്നു ഭീകരാക്രമണ പരമ്പര. കൊല്ലപ്പെട്ടവരില്‍ അധികവും കൗമാരക്കാരും യുവാക്കളും. ഭീകരത സൃഷ്ടിക്കുക എന്ന ലക്ഷ്യമേ അക്രമികള്‍ക്കുണ്ടായിരുന്നുള്ളൂവെന്ന് വ്യക്തം.

ആക്രമണം നടത്തിയത് തങ്ങളാണെന്ന് തുടക്കം മുതലേ ഐ.എസ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ഫ്രഞ്ച് അധികൃതരും പിന്നീട് സ്ഥിരീകരിച്ചു. ദയാരഹിതമായി തിരിച്ചടിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വാ ഓലന്‍ഡ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സിറിയയില്‍ ഐ.എസിന്റെ ആസ്ഥാനമെന്ന് കരുതപ്പെടുന്ന റഖയില്‍ ഫ്രാന്‍സ് കനത്ത ബോംബാക്രമണമാണ് നടത്തിയത്. 2004-ല്‍ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ അവിടത്തെ ഗവണ്‍മെന്റിന്റെ പ്രതികരണം മറ്റൊരു തരത്തിലായിരുന്നു. പാശ്ചാത്യ രാഷ്ട്രങ്ങള്‍ നേതൃത്വം നല്‍കുന്ന ഭീകരവിരുദ്ധ മുന്നണിയില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് സ്‌പെയിന്‍ പ്രഖ്യാപിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ സ്‌പെയിന്‍ ഭീകരാക്രമണങ്ങളില്‍ നിന്ന് താരതമ്യേന സുരക്ഷിതമായിരുന്നു. ഐ.എസിനോടുള്ള നിലപാട് ഫ്രാന്‍സ് ഇനിയും കടുപ്പിക്കുമെന്നതിനാല്‍ ഫ്രഞ്ച് കേന്ദ്രങ്ങളെ ഇനിയും അവര്‍ ടാര്‍ഗറ്റ് ചെയ്‌തേക്കും.

പാരീസ് ഭീകരാക്രമണങ്ങളെ മാനവികതക്കെതിരിലുള്ള കടന്നാക്രമണമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വിശേഷിപ്പിച്ചത് വളരെ അര്‍ഥവത്താണ്. വാരാന്ത്യം ചെലവഴിക്കാനായി പൊതു സ്ഥലങ്ങളിലെത്തിയ നിരപരാധികളായ സാധാരണക്കാരെയാണ് ഭീകരര്‍ കൂട്ടക്കുരുതി നടത്തിയത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ദൂരവ്യാപകമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതേറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ അതിര്‍ത്തികളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിറിയന്‍ അഭയാര്‍ഥികളെത്തന്നെയാണ്.  ബശ്ശാര്‍-ഐ.എസ് സംയുക്ത ഭീകരതയില്‍ നിന്ന് രക്ഷ തേടിയാണ് സിറിയന്‍ അഭയാര്‍ഥികള്‍ യൂറോപ്പിലെത്തിയത്. ഇവിടെയും ആ പാവങ്ങളെ കൊല്ലാകൊല ചെയ്യുകയാണ് ഐ.എസ് എന്ന ഭീകരസംഘം. പാരീസില്‍ അവരുതിര്‍ത്ത വെടികള്‍ ഈ അഭയാര്‍ഥികളുടെ നെഞ്ചിലേക്ക് കൂടിയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി അല്‍പ്പാല്‍പ്പമായി തുറന്നു കൊണ്ടിരുന്ന വാതിലുകള്‍ പൂര്‍ണമായി കൊട്ടിയടക്കാന്‍ പാരീസ് ആക്രമണം നിമിത്തമായിരിക്കുകയാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍, പ്രത്യേകിച്ച് ഫ്രാന്‍സില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ ഭാവിയിലും ഇരുള്‍ പരത്തിയിരിക്കുകയാണ് ഈ സംഭവം. കഴിഞ്ഞ ജനുവരിയില്‍ ഷാര്‍ലി എബ്‌ദോ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ്, പോലീസ്, ജുഡീഷ്യറി എന്നിവയുടെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്ന പുതിയ നിയമം ഫ്രാന്‍സ് പാസ്സാക്കിയെടുത്തിരുന്നു. ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇനിയും പുതിയ നിയമങ്ങള്‍ അത്യാവശ്യമായിരിക്കുകയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ കാര്യം. വ്യക്തിയുടെ സകല വിധ സ്വകാര്യതകളിലേക്കും ചൂഴ്ന്നു നോക്കുന്ന അമേരിക്കയിലെ പാട്രിയറ്റ് ആക്ട് പോലുള്ള നിയമങ്ങള്‍ ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ നാടുകളിലും പ്രതീക്ഷിക്കാം. ഫ്രാന്‍സ് ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റുകളാണ് ഭരിക്കുന്നതെങ്കിലും കുടിയേറ്റ വിരുദ്ധ (മുസ്‌ലിം വിരുദ്ധ) നിയമ നിര്‍മാണത്തില്‍ നിന്ന് അവര്‍ക്ക് മാറി നില്‍ക്കാനാവില്ല. തീവ്ര വലതുപക്ഷം ഉണ്ടാക്കുന്ന സമ്മര്‍ദം അത്രക്ക് ശക്തമാണ്. പാരീസ് ആക്രമണത്തോടെ വലതുപക്ഷ അജണ്ടയിലേക്ക് യൂറോപ്യന്‍ പൊതുസമൂഹം ക്രമേണ എത്തിപ്പെടുമോ എന്ന് ഭയപ്പെടണം. 'ആഭ്യന്തര യുദ്ധം', 'സംസ്‌കാരങ്ങളുടെ സംഘട്ടനം', 'പള്ളിവത്കരണം (Mosqueisation) എന്നിങ്ങനെയാണ് പാരീസ് ഭീകരാക്രമണത്തിന് തീവ്ര വലതുപക്ഷങ്ങള്‍ നല്‍കുന്ന വിശേഷണങ്ങള്‍.

ഫ്രാന്‍സിന് അതിന്റെ വിദേശ നയങ്ങള്‍ പുനഃപരിശോധിക്കാനുള്ള അവസരം കൂടിയാണിത്. കൊളോണിയല്‍ ഹാങ്ങോവര്‍ ഇപ്പോഴും ഫ്രാന്‍സിനെ വിട്ടുപോയിട്ടില്ല. മുമ്പ് ഫ്രഞ്ച് കോളനികളായിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തങ്ങള്‍ക്ക് അനഭിമതരായവര്‍ അധികാരത്തില്‍ വരുന്നത് - അത് തെരഞ്ഞെടുപ്പിലൂടെയാണെങ്കിലും- ഫ്രാന്‍സ് സമ്മതിക്കില്ല. 1991-ല്‍ അള്‍ജീരിയയിലെ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുമെന്ന് കണ്ടപ്പോള്‍ പട്ടാളത്തെയിറക്കി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചത് ഫ്രാന്‍സായിരുന്നു. ഇപ്പോള്‍ മാലിയിലും അവര്‍ അതേ കളി തുടരുന്നു. 'ഭീകരതക്കെതിരിലുള്ള യുദ്ധ'ത്തിലും അമേരിക്ക കഴിഞ്ഞാല്‍ പിന്നെ ഫ്രാന്‍സാണ് ഏറ്റവും വലിയ പങ്കാളി. ജോര്‍ജ് ബുഷ് ദുഷ്ട ലാക്കോടെ തുടക്കം കുറിച്ച ഈ സൈനികാക്രമണ പദ്ധതി എന്നോ പാളിപ്പോയിട്ടുണ്ടെന്ന് അമേരിക്കയും ഫ്രാന്‍സും അവരുടെ കൂട്ടാളികളും തിരിച്ചറിയുന്നില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളിലെ സംഭവങ്ങള്‍ തന്നെ നോക്കൂ. ഒരു റഷ്യന്‍ യാത്രാ വിമാനം ഈജിപ്തിലെ സീനായില്‍ തകര്‍ന്നു വീണു. അത് ഐ.എസ് ബോംബ് വെച്ച് തകര്‍ത്തതാണെന്ന് ഇപ്പോള്‍ റഷ്യ സമ്മതിച്ചിരിക്കുന്നു. അതേ ഐ.എസിന്റെ വക ബൈറൂത്ത് നഗര പ്രാന്തത്തില്‍ ഹിസ്ബുല്ല കേന്ദ്രത്തില്‍ മറ്റൊരു ചാവേറാക്രമണം. ഇപ്പോഴിതാ പാരീസ് ആക്രമണവും.

സന്ദേശം വ്യക്തമാണ്. ഭീകരത ഐ.എസിന്റെതായാലും അമേരിക്ക, ഫ്രാന്‍സ് പോലുള്ള പാശ്ചാത്യ ശക്തികളുടേതായിരുന്നാലും അത് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല, വഷളാക്കുകയാണ് ചെയ്യുക. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ നീതിപൂര്‍വം, ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ട് തീര്‍പ്പാക്കാന്‍ ശ്രമമുണ്ടായാല്‍ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂ. അതിന് അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ തയാറല്ല എന്നതാണ് വിഷയത്തിന്റെ മര്‍മം. 

Comments