സംവരണത്തിന്റെ സാമൂഹിക പ്രസക്തി
1991 ആഗസ്റ്റിലെ ഒരു മഴ നനഞ്ഞ ദിവസം. കോഴിക്കോട് എം.എസ്.എസ് ഇന്‍സ്റ്റിറ്റിയൂട്ട് കോച്ചിംഗ് സെന്ററില്‍ എന്റെ ആദ്യ ദിനം. യൂസുഫലി സാര്‍ ഓര്‍ഗാനിക് കെമിസ്ട്രിയുടെ ക്ലാസ് തകര്‍ത്തെടുക്കുന്നു. ക്ലാസ്സിനിടയില്‍ ഇടയ്ക്കിടെ 'ദിസ് വാസ് ആന്‍ ഐഐടി ക്വസ്റ്റ്യന്‍' എന്ന് ആവര്‍ത്തിക്കുന്നത് കേട്ട് തൊട്ടടുത്തിരുന്ന റിയാസ് അഹ്മദിനോട് ചോദിച്ചു, എന്താ ഈ ഐഐടി? എന്നെയൊന്നുഴിഞ്ഞു നോക്കി അവന്‍ പറഞ്ഞു: നമ്മുടെ ആര്‍.ഇ.സിയെക്കാള്‍ വലിയ എഞ്ചിനീയറിംഗ് കോളേജാണ്.
മെറിറ്റിനെക്കുറിച്ചും സംവരണത്തെക്കുറിച്ചും ചര്‍ച്ചചെയ്യുമ്പോള്‍ എപ്പോഴും മനസ്സിലോടിയെത്താറുള്ളത് ഈ അനുഭവമാണ്. സ്‌കൂളില്‍ മികച്ച മാര്‍ക്കോടെ പാസ്സാവുകയും പ്രസംഗ-ക്വിസ് മത്സരങ്ങളില്‍ ധാരാളം സമ്മാനങ്ങള്‍ നേടുകയും ചെയ്ത ഞാന്‍ ഐ.ഐ.ടി എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത് ആ ക്ലാസ്സില്‍ വെച്ചാണ്. അതിനര്‍ഥം പത്താം തരത്തില്‍ 17 ശതമാനം വിജയമുണ്ടായിരുന്ന ഞങ്ങളുടെ സ്‌കൂളില്‍ മറ്റാരും അതറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്ന് കൂടിയാണ്.
സംവരണം, ഇന്ത്യന്‍ സാമൂഹിക ശരീരത്തില്‍ ഒരു ദഹനക്കേടായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. 1950-കളുടെ തുടക്കത്തിലെ ഒന്നാം ഭരണഘടനാ ഭേദഗതി വഴി പരിഹാരം കാണേണ്ടിവന്ന ചമ്പകം ദൊരൈ രാജന്‍ കേസ് മുതല്‍ അതാരംഭിക്കുന്നു. ഏറ്റവുമവസാനം ഗുജറാത്തിലെ പട്ടേല്‍ സമരവും, ഒക്‌ടോബര്‍ അവസാനം സുപ്രീം കോടതിയിലെ ദീപക് മിശ്ര, പി.സി പന്ത് ബെഞ്ചിന്റെ നിരീക്ഷണവും വരെ അത് എത്തി നില്‍ക്കുന്നു. 1984-ലെ പ്രദീപ് ജയ്ന്‍ v/s ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ കേസില്‍, മെഡിക്കല്‍ സൂപ്പര്‍ സെപ്ഷാലിറ്റി കോഴ്‌സുകള്‍ക്ക് മെരിറ്റ് മാത്രമേ പ്രവേശന മാനദണ്ഡമാക്കാവൂ എന്ന് സുപ്രീം കോടതി നല്‍കിയ വിധി 30 വര്‍ഷങ്ങള്‍ക്ക് ശേഷവും നടപ്പിലാവാത്തതെന്തെന്ന് ആരാഞ്ഞ മിശ്ര, പന്ത് ജഡ്ജിമാര്‍ സംവരണമെന്ന പേരില്‍ ചില പ്രത്യേകാവകാശങ്ങള്‍ 68 വര്‍ഷത്തിനു ശേഷവും തുടരുന്നത് എന്ത് എന്ന് അത്ഭുതം കൂറുന്നു. മൂവായിരത്തോളം വര്‍ഷമായി നിലനില്‍ക്കുന്ന ജാതീയ അസമത്വങ്ങളുടെ കാലദൈര്‍ഘ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 68 വര്‍ഷമെന്നത് ഒരു കാലമേയല്ലെന്ന് മറുപക്ഷം തിരിച്ചടിക്കുന്നു.
സംവരണം-നാള്‍വഴികള്‍
ദക്ഷിണേന്ത്യയെ സംബന്ധിച്ചേടത്തോളമെങ്കിലും 1831-ലെ മദ്രാസ് പ്രസിഡന്‍സിയിലെ തുടക്കത്തോളം പഴക്കമുണ്ട് സംവരണത്തിന്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മഹാരാഷ്ട്രയിലും തിരുവിതാംകൂറിലുമെല്ലാം വ്യത്യസ്ത പിന്നാക്ക സാമൂഹിക വിഭാഗങ്ങള്‍ അധികാര പങ്കാളിത്തമാവശ്യപ്പെട്ട് സമ്മര്‍ദങ്ങള്‍ രൂപപ്പെടുത്തുകയും ഗുണഫലങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. 1891-ലെ മലയാളി മെമ്മോറിയല്‍, 1896-ലെ ഈഴവ മെമ്മോറിയല്‍ തുടങ്ങിയവ ഉദാഹരണം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്തിയിരുന്നെങ്കിലും ജാതീയ വിഭജനത്തില്‍ സവര്‍ണ മേല്‍ജാതിക്കും ദലിതര്‍ക്കുമിടയില്‍ വരുന്ന പിന്നാക്ക സമുദായങ്ങള്‍ക്ക് (ഇവര്‍ മറ്റു പിന്നാക്ക സമുദായം-ഒബി.സി, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍-എസ്.ഇ.ബി.സി തുടങ്ങി പല പേരുകളില്‍ വിളിക്കപ്പെടുന്നു) ദേശീയാടിസ്ഥാനത്തില്‍ സംവരണമുണ്ടായിരുന്നില്ല. വിവിധ സംസ്ഥാന സര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതത് സംസ്ഥാനത്തെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് സംവരണം തുടര്‍ന്നുവന്നിരുന്നു. ഈഴവര്‍ക്കും മുസ്‌ലിംകള്‍ക്കും സംവരണം ഉണ്ടായിരുന്ന കേരളം ഉദാഹരണം. വിവിധ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒന്നാം പിന്നാക്ക കമീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത് 1953 ജനുവരി 29-നാണ്. കാക്കാ സാഹിബ് കലേല്‍ക്കറുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി 1955 മാര്‍ച്ച് 30-ന് തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നാക്കക്കാര്‍ക്ക് സാങ്കേതിക പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ 70 ശതമാനം സംവരണം ശിപാര്‍ശ ചെയ്ത കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഭൂരിഭാഗം ജനതയെയും പിന്നാക്കക്കാരായി കണക്കാക്കി, അവരെ സംവരണ പരിധിയില്‍ കൊണ്ടുവരാനുള്ള ശിപാര്‍ശ സംവരണത്തിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുമെന്നായിരുന്നു ഗവണ്‍മെന്റ് ന്യായം. പിന്നാക്കാവസ്ഥ നിര്‍ണയിക്കാന്‍ സാമ്പത്തികാവസ്ഥ കൂടി മാനദണ്ഡമാക്കിക്കൊണ്ടുള്ള രീതി സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണെന്നും കേന്ദ്രം നിര്‍ദേശിച്ചു.
1978 ഡിസംബര്‍ 20-ന് മൊറാര്‍ജി ദേശായിയുടെ ജനതാ പാര്‍ട്ടി ഗവണ്‍മെന്റാണ് രണ്ടാം പിന്നാക്ക കമീഷനെ നിയമിക്കുന്നത്; ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തില്‍. രാജ്യ ജനസംഖ്യയുടെ 52 ശതമാനം പിന്നാക്ക വിഭാഗങ്ങളാണെന്ന് നിരീക്ഷിച്ച മണ്ഡല്‍, കേന്ദ്ര സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം പിന്നാക്കക്കാര്‍ക്ക് മാറ്റിവെക്കാന്‍ ശിപാര്‍ശ ചെയ്തു. ശേഷം വന്ന രണ്ട് കോണ്‍ഗ്രസ് സര്‍ക്കാറുകളും പരിഗണിക്കാതിരുന്ന റിപ്പോര്‍ട്ട് വി.പി സിംഗ് ഭരണകാലത്ത് 1990 ആഗസ്റ്റ് ഏഴിന് സ്വീകരിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തെക്കുറിച്ച് മൗനം പാലിച്ച് കൊണ്ട്. സംവരണ വിരുദ്ധ സമരങ്ങളാലും ഗവണ്‍മെന്റ് തകര്‍ച്ചകളാലും നിയമ നടപടികളാലും പ്രക്ഷുബ്ധമായ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1992 നവംബര്‍ 16-ന്റെ ഇന്ദിരാ സാഹ്‌നി v/s ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ കേസ് വിധി പ്രസ്താവത്തോടെ ചില്ലറ ഭേദഗതിയോടെയാണെങ്കിലും പിന്നാക്ക സംവരണത്തിന് നിയമാനുമതിയായി. 2006-ല്‍ ഒന്നാം യു.പി.എ സര്‍ക്കാറില്‍ അര്‍ജുന്‍ സിംഗ് മാനവ വിഭവശേഷി മന്ത്രിയായിരിക്കെ 93-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ബി.സി സംവരണം വരുന്നത്.
സംവരണം എന്തിന്?
പൊതുവെ മേലാളരാല്‍ നിയന്ത്രിക്കപ്പെടുന്ന പൊതുബോധത്തില്‍ നിന്ന് ചര്‍ച്ച ചെയ്യുമ്പോള്‍, സംവരണത്തെ സാമ്പത്തികാവസ്ഥയുമായി ചേര്‍ത്തുകെട്ടാന്‍ സംവരണത്തെ എതിര്‍ക്കുന്നവര്‍ ശ്രമിക്കാറുണ്ട്. മുന്നാക്ക സമുദായങ്ങളിലെ ചിലരനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങളെ വൈകാരികമായി അവതരിപ്പിച്ച് തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്ക് പിന്തുണയാര്‍ജിക്കാനും ഇക്കൂട്ടര്‍ ശ്രമിക്കാറുണ്ട്. സംവരണം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനോ സാമ്പത്തികാഭിവൃദ്ധിക്കോ ഉള്ള ഒരു സ്‌കീമല്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയെപ്പോലെ സാമൂഹിക വൈജാത്യങ്ങളുള്ള ഒരു രാജ്യത്ത് മുഴുവന്‍ വിഭാഗങ്ങള്‍ക്കും അധികാര നിര്‍വഹണത്തില്‍ പങ്കാളിത്തമുണ്ടാവുക എന്നത് രാജ്യ പുരോഗതിക്കും അതിന്റെ നിലനില്‍പിന് തന്നെയും അത്യന്താപേക്ഷിതമാണ്. പ്രവേശന മത്സരങ്ങളില്‍- അത് ഉദ്യോഗത്തിനുള്ളതാവട്ടെ, വിദ്യാഭ്യാസ സ്ഥാപന പ്രവേശങ്ങള്‍ക്കുള്ളതാവട്ടെ- ചില സാമൂഹിക വിഭാഗങ്ങള്‍ എപ്പോഴും പിറകിലായിപ്പോകുന്ന അവസ്ഥ സാമൂഹികാരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവില്‍ നിന്നാണ്, സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ദലിത്-പിന്നാക്കക്കാര്‍ക്ക് സംവരണമെന്ന ആശയം തന്നെ വരുന്നത്.
മൊത്തം തൊഴിലവസരങ്ങളുടെ അഞ്ച് ശതമാനത്തോളം മാത്രമാണ് സംവരണമുള്ള പൊതു മേഖലയില്‍ വരുന്നത്. അപ്പോള്‍ അവ കൊണ്ട് മാത്രം ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സാധ്യമല്ലെന്നിരിക്കെ സംവരണം വഴി നഷ്ടപ്പെടുന്ന തൊഴിലവസരങ്ങളെക്കുറിച്ച് പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. വരുമാനം മാത്രമാണ് സര്‍ക്കാര്‍ ജോലി ഒരാള്‍ക്ക് തരുന്നതെങ്കില്‍ മുഴുവന്‍ സര്‍ക്കാര്‍ ജോലികളും പാവപ്പെട്ടവര്‍ക്ക് മാത്രമായി സംവരണം ചെയ്യണമെന്ന് ആവശ്യമുയരണമല്ലോ.
ഇന്ത്യയിലെ സാമൂഹിക മുന്നാക്ക/പിന്നാക്കാവസ്ഥകളുടെ ഏറ്റവും പ്രധാന കാരണം ജാതി തന്നെയാണ് എന്ന ശരിയായ വായനയുടെ അടിസ്ഥാനത്തിലാണ്, ആ കാരണം തന്നെയാവണം സാമൂഹിക നീതി സംവിധാനമായ സംവരണത്തിന്റെയും അടിസ്ഥാനം എന്ന തീരുമാനം ഉണ്ടാവുന്നത്. ആശയത്തിലും ആദര്‍ശത്തിലും ജാതി വേര്‍തിരിവുകളെ അംഗീകരിക്കാത്ത സെമിറ്റിക് മതങ്ങളെ പോലും സ്വാധീനിക്കാവുന്നത്ര ശക്തമായ ജാതി സ്വാധീനം നിലനില്‍ക്കുന്ന സ്ഥലമാണ് നമ്മുടെ ഉപഭൂഖണ്ഡം. 'ഏക സമൂഹമായി നിലകൊള്ളാന്‍ കല്‍പിക്കപ്പെട്ട ശേഷവും നിങ്ങള്‍ രജപുത്രനും മുഗളനും ജാട്ടുമായി നിലകൊള്ളുകയാണ്' എന്ന് പഞ്ചാബ് മുസ്‌ലിംകളെ അഭിസംബോധന ചെയ്ത് സയ്യിദ് മൗദൂദി പറഞ്ഞ 1930-കളില്‍ നിന്ന് ഇപ്പോഴും ഭിന്നമല്ല ഇന്ത്യന്‍ മുസ്‌ലിം ഭൂമിക പോലും. ജാതി ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യമായി തുടരുന്നേടത്തോളം ജാത്യാധിഷ്ഠിത സംവരണവും തുടരേണ്ടിവരും.
സംവരണം മെറിററിനെ അട്ടിമറിക്കുന്നുവോ?
സംവരണ വിരുദ്ധര്‍, സംവരണ ക്വാട്ടയില്‍ വരുന്ന ആളുകളെ അധമബോധത്തിലകപ്പെടുത്താന്‍ ഉപയോഗിക്കുന്ന പദങ്ങളാണ് മെറിറ്റ്, കഴിവ് തുടങ്ങിയവ. കഴിവും മാര്‍ക്കും കുറഞ്ഞവരാണ് സംവരണ ക്വാട്ടയില്‍ വരുന്നതെന്നും അത് സ്ഥാപനങ്ങളുടെയും സര്‍വീസുകളുടെയും ഗുണമേന്മയെ ബാധിക്കും എന്നുമാണ് വാദം. സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണത്തിലും ഇതുണ്ട്. മെറിറ്റ്/കഴിവ് എന്നത് കേവലം മാര്‍ക്കിനെ മാത്രം ആശ്രയിച്ച് തീരുമാനിക്കാവുന്ന ന്യൂട്രലായ ഒരു കാര്യമല്ല (അങ്ങനെയെങ്കില്‍ പോലും യോഗ്യതാ പരീക്ഷയും പ്രവേശന പരീക്ഷയുമാണോ മെറിറ്റെന്ന മറ്റൊരു ചോദ്യമുണ്ട്). ഒരാളുടെ സാമൂഹിക, സാമ്പത്തിക, പ്രാദേശിക, വിദ്യാഭ്യാസ പശ്ചാത്തലങ്ങളുടെയും, മറ്റു പല ഘടകങ്ങളുടെയും സ്വാധീനമുള്ളതാണ് ഇപ്പറയപ്പെടുന്ന മെറിറ്റ്. എന്‍.ഐ.ടിയില്‍ എം.ടെകിന് പഠിക്കുന്ന സമയത്താണ് ഹൈദരാബാദ്, കോട്ട (രാജസ്ഥാന്‍) പോലുള്ള നഗരങ്ങളില്‍ സ്‌കൂളിലെ 7,8 ക്ലാസ് മുതല്‍ ഐ.ഐ.ടി കോച്ചിംഗിന് പോകുന്നവരായിരുന്നു, കൂടെ പഠിക്കുന്ന അവിടത്തുകാര്‍ എന്നറിയുന്നത്. അവരും, കോച്ചിംഗ് ക്ലാസ്സില്‍ വെച്ച് ആദ്യമായി ഐ.ഐ.ടി കേള്‍ക്കുന്നവരും തമ്മിലുള്ള മത്സരത്തില്‍ ആര്‍ക്കാവും മേല്‍ക്കൈ? ഷെര്‍വാനില്‍ നിന്നും ഗിലാനില്‍ നിന്നും ബുഖാറയില്‍ നിന്നും കുടിയേറി വന്ന് 21 വല്യുപ്പമാരുടെ പേര് അറിയാമെന്ന് മേനി നടിക്കുകയും വല്യുപ്പ വരെ ഓക്‌സ്ഫഡില്‍ ഉപരിപഠനം നടത്തുകയും ചെയ്യുന്ന ആളുകളോടാണ്, വല്യുപ്പാന്റെ വല്യുപ്പയുടെ പേരറിയാത്ത നമ്മള്‍ മത്സരിക്കുന്നതെന്ന് അലീഗഢില്‍ വെച്ച് ഒരു സുഹൃത്ത് പറഞ്ഞതിലും മെറിറ്റിനെക്കുറിച്ച് ചിലതുണ്ട്. ദേശീയ പദ്ധതികളുടെ വിതരണത്തില്‍ ഹിന്ദി ബെല്‍റ്റിലുള്ളവര്‍ക്കും, സംസ്ഥാനതലത്തില്‍ തിരുവിതാംകൂര്‍ ഭാഗത്തുള്ളവര്‍ക്കും ലഭിക്കുന്ന മേല്‍ക്കൈക്കും മെറിറ്റ് മാത്രമാണോ കാരണം? ഭാഷാപരമായും ഭൂമിശാസ്ത്രപരമായുമുള്ള സ്വാധീനം മെറിറ്റിനുണ്ടെന്നര്‍ഥം.
എഞ്ചിനീയറിംഗിന് 2800 സീറ്റുകളാണ് 1991-ല്‍ കേരളത്തിലുള്ളത്. അന്ന് ജനറല്‍ ക്വാട്ടയില്‍ സീറ്റ് കിട്ടാന്‍ 2000ത്തിന് മുകളില്‍ റാങ്കുള്ള ഒരാള്‍ക്ക് സാധ്യത നന്നേ വിരളം (മെഡിക്കല്‍, ഐ.ഐ.ടി, ആര്‍.ഇ.സി ഒക്കെ കഴിഞ്ഞതിന് ശേഷം വരുന്നത് വെച്ചാണിത്). അതേസമയം ഇപ്രാവശ്യം ഏറ്റവുമധികം ഡിമാന്റുള്ള ബ്രാഞ്ചുകളിലൊന്നായ സിവില്‍ എഞ്ചിനീയറിംഗില്‍ ഗവ. കോളേജില്‍ സ്റ്റേറ്റ് മെറിറ്റില്‍ ജൂലൈ 20 വരെ പ്രവേശിപ്പിച്ച അവസാന റാങ്ക് 5076. അതായത് കോളേജുകളുടെ എണ്ണക്കൂടുതല്‍ 5000-ാമത് റാങ്ക് കിട്ടിയവനെ മെറിറ്റുകാരനാക്കുന്നു.
കേരളത്തില്‍ സീറ്റ് കിട്ടാത്തവര്‍, മണിപ്പാലിലും മറ്റും മെഡിസിന് ചേരുന്ന പ്രവണത നേരത്തെ തന്നെയുണ്ട്. 2011-ലെ യു.ജി.സി കണക്കനുസരിച്ച് രാജ്യത്തെ കോളേജുകളുടെ 58 ശതമാനം സ്വകാര്യ അണ്‍ എയ്ഡഡ് മേഖലയിലാണ്. കോളേജ് വിദ്യാര്‍ഥികളുടെ 37.9 ശതമാനം ഇവയെ ആശ്രയിക്കുന്നു. പക്ഷേ, കോര്‍പറേറ്റ് നിയന്ത്രണത്തിലുള്ള ഇത്തരം സ്ഥാപനങ്ങളെ ചൂണ്ടി കഴിവില്ലായ്മ/മെറിറ്റില്ലായ്മ പ്രശ്‌നം ഉന്നയിക്കപ്പെട്ട് കാണാറില്ല.
68 വര്‍ഷമായി; നിര്‍ത്താനായില്ലേ..?
ഇതാണ് കോടതിയുടെ ചോദ്യം. മറുപടി പറയുന്നത് കണക്കുകളാണ്. അതിന് മുമ്പ് ഒരു കാര്യം. 68 വര്‍ഷമായി സംവരണമുള്ളത് ദേശീയതലത്തില്‍ പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അത് കിട്ടിത്തുടങ്ങുന്നത് 1993 സെപ്റ്റംബര്‍ മുതല്‍ മാത്രം- 22 വര്‍ഷം. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒ.ബി.സി സംവരണമാകട്ടെ 2006-ലും. പത്ത് വര്‍ഷമാകുന്നേയുള്ളൂ. ഈ പത്ത് വര്‍ഷത്തെ അവസ്ഥ പോസിറ്റീവായ സൂചനകള്‍ നല്‍കുന്നുണ്ട്. കേന്ദ്ര സ്ഥാപനങ്ങളില്‍ അപേക്ഷിക്കാന്‍ തന്നെ മടിച്ചിരുന്ന പഴയകാലത്തില്‍ നിന്ന് മാറി, വേണമെങ്കില്‍ ഒ.ബി.സി ക്വാട്ടയില്‍ കിട്ടാമല്ലോ എന്ന തോന്നലില്‍ മടി, ഭയം എന്നീ രണ്ട് എന്‍ട്രി ബാരിയേഴ്‌സിനെ മറികടക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ കാര്യം. ഇതാണല്ലോ സംവരണം കൊണ്ടുദ്ദേശിക്കുന്ന ശാക്തീകരണത്തിന്റെ പ്രഥമ ഘട്ടം. രാജ്യത്തെ എണ്ണം പറഞ്ഞ യൂനിവവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും, അവയെ അപ്രാപ്യ സ്ഥാനങ്ങളായി കണ്ട് മാറി നിന്നിരുന്ന സാമൂഹിക വിഭാഗങ്ങളിലുള്ളവര്‍ ഇന്ന് മടിയേതുമില്ലാതെ കടന്ന് ചെല്ലുന്നുവെങ്കില്‍, 2006-ല്‍ അര്‍ജുന്‍ സിംഗ് നല്‍കിയ കൈത്താങ്ങിനോട് അവര്‍ കടപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണര്‍ഥം; ശതവര്‍ഷങ്ങളുടെ അനീതിക്ക് ഒരു ചെറിയ പ്രായശ്ചിത്തം മാത്രമേ അതാകുന്നുള്ളൂ എങ്കിലും.
2014-ലെ ഐ.ഐ.ടി-ജെ.ഇ.ഇ പരീക്ഷയില്‍ ലഭ്യമായ 2641 ഒ.ബി.സി സീറ്റുകളിലേക്ക് യോഗ്യരായത് 4085 പേരായിരുന്നു എന്നു കൂടി അറിയുമ്പോഴാണ് സംവരണം നല്‍കുന്ന മനോബലം നാം അറിയുക.
പക്ഷേ, എത്താനുള്ള വഴിദൂരവുമായി വെച്ച് നോക്കുമ്പോള്‍ ഒരു സാമൂഹിക വിഭാഗമെന്ന നിലയില്‍ മുസ്‌ലിംകളുടെ പ്രകടനം ഉന്നത വിദ്യാഭ്യാസ രംഗത്ത് ദയനീയമായിത്തുടരുന്നു എന്നതാണ് വസ്തുത. കോളേജില്‍ പോകുന്ന 18-23 പ്രായപരിധിയില്‍ പെട്ടവരില്‍ അത് ചെയ്യുന്നവരുടെ നിരക്കാണ് ഗ്രോസ് എണ്‍റോള്‍മെന്റ് റേഷ്യോ (ജി.ഇ.ആര്‍). 20.4 ആണ് ദേശീയ ശരാശരി. ജനസംഖ്യയില്‍ എസ്.സി വിഭാഗം 16.6, ജി.ഇ.ആര്‍- 12.5, എസ്.ടി വിഭാഗം 8.6, ജി.ഇ.ആര്‍ 4.2. ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളില്‍ ജി.ഇ.ആര്‍ 4.5 ശതമാനം മാത്രം. എസ്.സി അധ്യാപകര്‍ 7.28 ശതമാനം ഉള്ളപ്പോള്‍ മുസ്‌ലിംകളില്‍ 3.12 ശതമാനം മാത്രം (അവലംബം: യു.ജി.സിയുടെ 2011 സെന്‍സസ് ആധാരമായ കണക്കുകള്‍). അതായത് ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന്റെ അടുത്തൊന്നുമില്ല മുസ്‌ലിം സാന്നിധ്യം എന്നര്‍ഥം.
സമുദായം ശ്രദ്ധിക്കേണ്ടത്
മത സംവരണമെന്ന കീറാമുട്ടിയില്‍ തട്ടിയാണ് മുസ്‌ലിം പ്രാതിനിധ്യ ശ്രമങ്ങള്‍ തകരുന്നത്. ഉപരാഷ്ട്രപതി മജ്‌ലിസെ മുശാവറ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗം സമുദായത്തിന്റെ കണ്ണ് തുറപ്പിക്കണം. നിലവിലെ ദയനീയ പ്രാതിനിധ്യം വെച്ച് രാഷ്ട്ര നിര്‍മാണത്തില്‍ തങ്ങളുടെ ദൗത്യം വേണ്ട അളവില്‍ നിര്‍വഹിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷത്തിന്റെ സാമൂഹിക സുസ്ഥിതി, രാജ്യത്തിന്റെ സാമൂഹികാരോഗ്യത്തിന്റെ പ്രധാന മുന്നുപാധിയാണെന്ന് സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാവേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തുണ്ടായ ഉണര്‍വും താല്‍പര്യവും വേണ്ട അളവിലേക്കുയര്‍ത്താനും ഉദ്യോഗ-അധികാര മേഖലകളിലെ പ്രാതിനിധ്യമാക്കി മാറ്റാനും നമുക്കാവണം. കഴിഞ്ഞ 20 വര്‍ഷത്തിനകം സമുദായം ആരംഭിച്ച സ്ഥാപനങ്ങളെ കുറിച്ച പഠനത്തിനും ഓഡിറ്റിംഗിനും ഇനിയും വൈകിക്കൂടാ. സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയില്‍ അവയുടെ സംഭാവനകള്‍ രൂപീകരണ ലക്ഷ്യങ്ങളോട് എത്രത്തോളം നീതി പുലര്‍ത്തി എന്ന് പഠനം നത്തുകയും അതില്‍ നിന്ന് പുതിയ ദിശാ ബോധം രൂപപ്പെടുകയും വേണം. കൂടുതല്‍ കൃത്യതയാര്‍ന്ന ലക്ഷ്യബോധവും അതിനു വേണ്ട ആസൂത്രണവും ജീവിത സങ്കല്‍പങ്ങളിലെ മാറ്റിപ്പണിയലുകളും കൊണ്ടേ നമ്മളും നാടും രക്ഷപ്പെടൂ.
Comments