Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

'ചീനവല'യില്‍ കുടുങ്ങുമോ പെന്റഗണ്‍ മോഹങ്ങള്‍?

ഡോ. നസീര്‍ അയിരൂര്‍ /അന്താരാഷ്ട്രീയം

തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ ദക്ഷിണ ചൈനാകടലില്‍ ചൈനയുടെ രാജ്യാന്തര അതിര്‍ത്തി ലംഘിച്ച് യു.എസ് യുദ്ധ കപ്പല്‍ യു.എസ്.എസ് ലാസ്സന്‍ കടന്നുപോയത് അന്താരാഷ്ട്ര മേഖലയില്‍ സജീവ ചര്‍ച്ചയാവുകയുണ്ടായി. ചൈനീസ് പ്രതിരോധ മന്ത്രി ഷാംഗ് വാംഗുവന്‍, അമേരിക്കന്‍ നാവിക സേനാ മേധാവി ജോണ്‍ റിച്ചാര്‍ഡ്‌സനെ കടുത്ത ഭാഷയില്‍ തന്റെ ആശങ്കയറിയിക്കുകയും ചെയ്തു. ചൈനയുടെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള വെല്ലുവിളിയായി ഇത്തരം നടപടികളെ അദ്ദേഹം വിശേഷിപ്പിച്ചു. ഭാവിയില്‍ ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പെന്റഗണ്‍ ചൈനീസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഈ പ്രകോപനപരമായ നടപടിക്ക് വലിയ പ്രാധാന്യവും ഉള്ളതായി രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

അമേരിക്കയുടെ മധ്യ പൗരസ്ത്യ നയങ്ങള്‍ എട്ടു നിലയില്‍ പൊട്ടിയ സാഹചര്യത്തില്‍ മേല്‍ സംഭവം അമേരിക്കയുടെ ഒരു ചുവടുമാറ്റമായി കാണുന്നവരുണ്ട്. നാളിതുവരെയുള്ള അമേരിക്കന്‍ നയങ്ങള്‍ പരിശോധിക്കുമ്പോള്‍, നന്നായി ഗൃഹപാഠം ചെയ്ത ശേഷം കൃത്യമായ ലക്ഷ്യത്തോടെ നടത്തുന്ന നീക്കമായി ഇതിനെ മനസ്സിക്കാം. ഇതിനോട് ചേര്‍ത്തുവായിക്കാന്‍ പറ്റുന്ന നിരവധി നീക്കങ്ങള്‍ ഒബാമ ഇക്കഴിഞ്ഞ മാസങ്ങളില്‍ നടത്തിയതായി മനസ്സിലാക്കാം.

മധ്യ പൗരസ്ത്യ മേഖലയിലെ അമേരിക്കയുടെ രാഷ്ട്രീയ ഇടപെടല്‍ കാരണം പ്രാധാന്യം കുറഞ്ഞുപോയിരുന്ന 'ഏഷ്യന്‍ നയങ്ങള്‍'(Asia Pivot)ക്ക് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ പരിഗണന ലഭിക്കാനിടയുണ്ട്. ഏഷ്യന്‍ രാജ്യങ്ങളുടെ സത്വര പുരോഗതി സൂക്ഷ്മ നിരീക്ഷണം നടത്തുകയും അതിന് തടയിടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 'ഏഷ്യന്‍ നയങ്ങള്‍'ക്ക് രൂപം കൊടുത്തിട്ടുള്ളത്. ഒന്നുകില്‍ അധിനിവേശത്തിലൂടെ സ്ഥിരത നഷ്ടപ്പെടുത്തി കൈയടക്കുക. അല്ലെങ്കില്‍ വാണിജ്യ മേഖല പിടിച്ചടക്കി അമേരിക്കന്‍ വരുതിയില്‍ വരുത്തുക. ഏഷ്യയിലെ മുന്‍കിട രാജ്യങ്ങളെയാണ് നിരീക്ഷണ വിധേയമാക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക. ചൈന അമേരിക്കയുടെ വാണിജ്യ മേഖലയിലെന്ന പോലെ മറ്റു മേഖലകളിലും കണ്ണിലെ കരടായി നില്‍ക്കുമെന്ന ദൂരക്കാഴ്ച ചൈനയെ നോവിക്കുന്ന നീക്കങ്ങള്‍ നടത്താന്‍ പെന്റഗണിനെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. മധ്യ പൗരസ്ത്യ ദേശത്തെ അധിനിവേശം പലതും പറഞ്ഞ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും ഏഷ്യന്‍ മേഖലയില്‍ ഒരു നിരീക്ഷണ വലയം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് സംശയിക്കാം. വര്‍ധിച്ചുവരുന്ന 'ചൈനാ ഫോബിയ' തന്നെയാണ് ദക്ഷിണ ചൈനാ കടലിലേക്കുള്ള അമേരിക്കന്‍ കടന്നുകയറ്റത്തിന്റെ കാരണം. അന്താരാഷ്ട്ര കപ്പല്‍ ചാനലായ ദക്ഷിണ ചൈന കടല്‍ മേഖലയില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നുള്ള മുടന്തന്‍ ന്യായം കൊണ്ട് വിമര്‍ശനങ്ങളെ തടുക്കാന്‍ വൈറ്റ് ഹൗസ് ശ്രമിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള ജല, വ്യോമ, ഭൗമ ഗതാഗത മാര്‍ഗങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി വേണമെന്ന ലളിതമായ യാഥാര്‍ഥ്യം മറന്നുകൊണ്ടുള്ള ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ അന്താരാഷ്ട്ര മര്യാദകളെ പരിഹസിക്കലാണ്.

1958 യു.എന്‍ കണ്‍വെന്‍ഷന്‍ നിയമമനുസരിച്ച്, കരയുടെ 24 നോട്ടിക്കല്‍ മൈല്‍ വരെ അതതു രാജ്യങ്ങള്‍ക്ക് അധികാര പരിധി നിശ്ചിയിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്ക പറയുന്നത് 12 നോട്ടിക്കല്‍ മൈല്‍ മാത്രമേ പരിധിയായി നിശ്ചയിച്ചിട്ടുള്ളൂ എന്നാണ്. അമേരിക്കയിലെ പ്രശസ്തമായ മന്‍ഹാട്ടന്‍ ദ്വീപുകള്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനപ്പുറത്ത് ചൈനീസ് യുദ്ധ കപ്പല്‍ പോയിട്ട് ഒരു യാത്രാ കപ്പലെങ്കിലും അനുമതിയില്ലാതെ അബദ്ധത്തില്‍ പ്രവേശിച്ചാല്‍ എന്തായിരിക്കും അമേരിക്കയുടെ പ്രതികരണം! 

ദക്ഷിണ ചൈനാ കടലിലേക്കുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിന്റെ കൃത്യമായ ലക്ഷ്യമെന്തായിരുന്നുവെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ ഇതുവരെ വ്യക്തമാക്കാത്തതിനാല്‍ ഉദ്ദേശ്യം ദുരൂഹമായിത്തന്നെ തുടരുകയാണ്.പക്ഷേ, ഒന്ന് വ്യക്തം. മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള മനപ്പൂര്‍വമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍. ബ്രിട്ടനിലെ ചൈനീസ് അംബാസഡര്‍ അഭിപ്രായപ്പെട്ടത് ഇത്തരം ചെയ്തികള്‍ മേഖലയെ സൈനികവത്കരിക്കാന്‍ മാത്രമേ സഹായിക്കൂ എന്നാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കുന്ന ഏത് സ്ഥലത്തും, കരയായാലും കടലായാലും അമേരിക്ക ഇത്തരം ഓപ്പറേഷനുകള്‍ നടത്തുക തന്നെ ചെയ്യുമെന്ന് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ പറയുമ്പോള്‍ വെളിപ്പെടുന്നത് ധിക്കാരവും ധാര്‍ഷ്ട്യവുമാണ്. ദക്ഷിണ ചൈനാ കടലില്‍ നടത്തിയതും ഇത്തരം ഒരു ഓപ്പറേഷനാണ്. പക്ഷേ, ഇത് ചൈനയെ ചൊടിപ്പിക്കാനും അയല്‍ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുമുള്ള ഒരു ചെപ്പടി വിദ്യ മാത്രം. ദക്ഷിണ ചൈനാ കടലില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളിയെ ചെറുക്കാനാണ് നാവിക നിരീക്ഷണം നടത്തിയത് എന്ന് ഫോറിന്‍ പോളിസി മാഗസിന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോറിന്‍ റിലേഷന്‍സ് കൗണ്‍സില്‍ പ്രതികരിക്കുകയുണ്ടായി. 'വാഷിംഗ്ടന് നേരെയുള്ള വെല്ലുവിളി' എന്നതിനെ നമുക്ക് തിരുത്തി വായിക്കാം.

'ചൈനാ പേടി' കാരണം ഒബാമ അടുത്തകാലത്ത് ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഉഭയ കക്ഷി ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമായി പറഞ്ഞതെങ്കിലും അത് ചൈനയെ ഒതുക്കാന്‍ പിന്തുണ തേടിയുള്ള സന്ദര്‍ശനമായിരുന്നു എന്നതാണ് വസ്തുത. പസഫിക് മഹാ സമുദ്രത്തിന്റെ മറ്റു ഭാഗത്തേക്കും അമേരിക്കന്‍ താല്‍പര്യങ്ങളുടെ വികാസം സാധ്യമാക്കുകയാണ് യഥാര്‍ഥ ലക്ഷ്യം. 2013-ല്‍ ഹിലരി ക്ലിന്റന്‍ 'അമേരിക്കന്‍ പെസഫിക് സെഞ്ച്വറി' എന്ന തലക്കെട്ടില്‍ ഏഷ്യ-പെസഫിക് മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിലെ രാജ്യങ്ങളുമായി പുലര്‍ത്തേണ്ടുന്ന സൗഹൃദ ബന്ധത്തിന്റെ അനിവാര്യതയെക്കുറിച്ചും എടുത്തു പറയുകയുണ്ടായി. മേല്‍ പറഞ്ഞ ഉഭയകക്ഷി സൗഹാര്‍ദത്തിനപ്പുറം അമേരിക്കയുടെ 'ഏഷ്യന്‍ നയങ്ങള്‍' രാജ്യങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദയും മാത്സര്യവും വളര്‍ത്താന്‍ മാത്രമേ ഉതകൂ എന്ന് ആഴത്തില്‍ പഠിച്ചാല്‍ മനസ്സിലാകും. അതുകൊണ്ടാണ് ചൈനയെ ഒഴിവാക്കി അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിദ്വേഷത്തിന്റെ വിത്തു പാകാന്‍ ശ്രമിച്ചത്. സിംഗപ്പൂര്‍, തായ്‌വാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി സൗഹാര്‍ദം സ്ഥാപിക്കുന്നതിലൂടെയും അമേരിക്ക ലക്ഷ്യമിടുന്നത് ചൈനയെ വരുതിയില്‍ നിര്‍ത്തുകയും പ്രകോപനങ്ങളിലൂടെ മേഖലയെ അസ്വസ്ഥമാക്കി അതിനെ ആയുധമണിയിക്കുകയുമാണ്.

മേഖലയിലെ പല രാജ്യങ്ങളുമായും ചൈനക്ക് തര്‍ക്കങ്ങളുണ്ട്. ചൈനയുടെ പിടിച്ചടക്കല്‍ നയങ്ങളും ധിക്കാരപരമായ ഇടപെടലുകളും കാരണം അയല്‍ രാജ്യങ്ങള്‍ മിക്കവയും ചൈനയുടെ ശത്രുക്കളാണ്. ദക്ഷിണ ചൈനാ കടലിലെ ചില ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചൈന കലഹിക്കുന്നു. ഈ തര്‍ക്കങ്ങളില്‍ തന്ത്രപരമായി ഇടപെട്ട് ചൈനക്കെതിരില്‍ ഇവരെ സഹായിക്കാനുള്ള തന്ത്രങ്ങളാണ് വൈറ്റ് ഹൗസ് മെനയുന്നത്. ചൈനയെ ഒറ്റക്ക് നേരിടാന്‍ കഴിയാത്ത ഏഷ്യന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ ചിറകിനടിയില്‍ സുരക്ഷിതത്വം തേടുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ ജല ഗതാഗത മാര്‍ഗങ്ങളിലൊന്നായ ദക്ഷിണ ചൈനാ കടല്‍ പാത ചൈനയെ സംബന്ധിച്ചേടത്തോളം അതിപ്രധാനമാണ്. ഈ മേഖലയെ 'The Nine Dash Zone'  എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. ഇതിലെ ആധിപത്യം മറ്റൊരാള്‍ക്കും ചൈനീസ് ഭരണകൂടം കൈമാറുകയില്ല. ഇത്തരം കടന്നുകയറ്റങ്ങളെ ചൈന എന്ത് വിലകൊടുത്തും പ്രതിരോധിക്കുകയും ചെയ്യും. ഇത് മേഖലയിലെ സൗഹൃദ രാഷ്ട്രീയത്തെ തകിടം മറിക്കും. ഈയിടെ ഉരുത്തിരിഞ്ഞ് വരുന്ന റഷ്യ-ചൈന രാഷ്ട്രീയ സൗഹൃദത്തില്‍ പെന്റഗണ്‍ തീര്‍ത്തും അസ്വസ്ഥമാണ്.

ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയാണ് ഇത്തരം അഭ്യാസങ്ങള്‍ നടന്നതെന്നത് ഏറെ കൗതുകമാണ്. ചൈന-അമേരിക്ക ഉഭയകക്ഷി ബന്ധത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ച നിരവധി സംഭവങ്ങളുണ്ട്. 2001-ല്‍ ചൈനയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ (ഇ.ഇ.സെഡ്) അമേരിക്കന്‍ സൈനിക നിരീക്ഷണ യന്ത്രങ്ങള്‍ എത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 1999-ല്‍ ബെല്‍ഗ്രേഡിലെ ചൈനീസ് എംബസി അമേരിക്ക ബോംബിട്ടതും, 2001-ല്‍ ചൈനീസ് എഫ്8 ഫൈറ്റര്‍ ജെറ്റ് അമേരിക്കയുടെ ഇ.പി-3 വിമാനവുമായി കൂട്ടിയിടിച്ചതും ഉദാഹരണങ്ങള്‍.

ഇരുകൂട്ടരും പ്രകോപനപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ഏഷ്യന്‍ മേഖല അസ്വസ്ഥമാവുക സ്വാഭാവികം. മധ്യ പൗരസ്ത്യ ദേശത്തെപ്പോലെ അത്ര എളുപ്പമാവില്ല ഇവിടെ കാര്യങ്ങള്‍. കൊമ്പു കോര്‍ക്കാനുള്ള ശ്രമങ്ങള്‍ 'ചീനവല'യില്‍ കുടുങ്ങുമെന്ന് അനുമാനിക്കേണ്ടിവരുന്നു.

Comments