Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

സംവരണ വിരുദ്ധ രാഷ്ട്രീയത്തിന് ഇനി ഇന്ത്യയിലിടമില്ല

ഡോ. ഫസല്‍ ഗഫൂര്‍/അഭിമുഖം

മോദി കാലത്ത് ശക്തിപ്പെടുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങള്‍, സംവരണത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍, ജാതിരാഷ്ട്രീയം എന്നിവയോട് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പ്രതികരിക്കുന്നു.

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ച് അനര്‍ഹമായി പലതും വിലപേശി നേടുന്നുവെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. വെള്ളാപ്പള്ളി നടേശന്‍ മുതല്‍ കാനം രാജേന്ദ്രന്‍ വരെ പല സ്വരത്തില്‍ ഇതാവര്‍ത്തിക്കുന്നു. ശക്തിപ്പെട്ടു വരുന്ന ഈ സംഘടിത പ്രചാരണത്തിന്റെ യാഥാര്‍ഥ്യമെന്ത്?

ന്യൂനപക്ഷങ്ങള്‍ ബോധപൂര്‍വം വിചാരിച്ചാല്‍ പോലും ഭൂരിപക്ഷത്തിന്റെ അവകാശം കവരാനോ വല്ലതും അനര്‍ഹമായി നേടിയെടുക്കാനോ സാധ്യമാവുന്ന ഒരിടം കേരളത്തിലില്ല എന്നതാണ് യാഥാര്‍ഥ്യം. ക്രിസ്ത്യാനികളും മുസ്‌ലിംകളും മുഴുവന്‍ സംഘടിച്ചാല്‍ പോലും ഇവിടത്തെ ഭൂരിപക്ഷത്തെ മറിച്ചിടാന്‍ സാധിക്കില്ല (അങ്ങനെയൊരു ഐക്യം സാധ്യമല്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം). മുസ്‌ലിം സംഘടിത രാഷ്ട്രീയ വിലപേശല്‍ ശക്തി എന്ന് പറയപ്പെടുന്ന മുസ്‌ലിം ലീഗിന് പോലും കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ 30 ശതമാനത്തിന്റെ പിന്തുണയേ ഉള്ളൂവെന്നാണ് സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദ് തന്നെ പറയുന്നത്. അത് തന്നെ മലബാറില്‍ മാത്രം. ബാക്കിയുള്ള 70 ശതമാനവും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണക്കുന്നവരാണ്. പിന്നെ മുസ്‌ലിംകള്‍ ഒന്നടങ്കം രാഷ്ട്രീയമായി സംഘടിക്കുന്നുവെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? സമുദായത്തിലെ പകുതിയാളുകള്‍ പോലും സാമുദായികമായി സംഘടിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് കുടിയാണല്ലോ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പ്രഗത്ഭരായ കുഞ്ഞാലിക്കുട്ടിയും മുനീറുമെല്ലാം തോറ്റ ചരിത്രമുണ്ടാവുന്നത്. പിന്നെ ഏറെ ഒച്ചപ്പാടുണ്ടാക്കിയ അഞ്ചാം മന്ത്രി വിവാദം. ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയുമൊക്കെ ഇടപെട്ട് എന്തോ വിലപേശി നേടി എന്നാണല്ലോ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ വരുത്തിത്തീര്‍ത്തത്. യഥാര്‍ഥത്തില്‍ ഒരു കാറും ഒരു ബംഗ്ലാവുമല്ലാതെ അഞ്ചാം മന്ത്രി എന്താണ് സ്വന്തമായി നേടിയിട്ടുള്ളത്? പുതിയ ഒരു വകുപ്പു പോലും അഞ്ചാം മന്ത്രിക്ക് കിട്ടിയിട്ടില്ല. ലീഗിലെ വ്യത്യസ്ത മന്ത്രിമാര്‍ നേരത്തെ കൈകാര്യം ചെയ്ത ചില വകുപ്പുകള്‍ അഞ്ചാം മന്ത്രിക്ക് കൊടുക്കുകയാണ് ചെയ്തത്. ഇതാണ് ഫലത്തില്‍ സംഭവിച്ചത്. പക്ഷേ, മീഡിയ പ്രചാരണവും തല്‍പ്പര കക്ഷികളുടെ കോലാഹലവും മൂലം അനര്‍ഹമായതെന്തോ മുസ്‌ലിം ലീഗ് വിലപേശി വാങ്ങി എന്ന പ്രതീതിയാണുണ്ടായത്. 

സമുദായത്തിന് അര്‍ഹമായതുപോലും നേടിയെടുക്കാന്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ മുസ്‌ലിംലീഗിന് ത്രാണി നഷ്ടപ്പെട്ടുവെന്നതാണ് അഞ്ചാം മന്ത്രി വിവാദം കൊണ്ട് സംഭവിച്ചത്. ഇടതുപക്ഷം അധികാരത്തിലുള്ള കാലത്ത് രൂപം കൊടുത്ത പാലോളി കമ്മീഷന്റെ തീരുമാനത്തില്‍ പെട്ടതായിരുന്നു അറബിക് സര്‍വകലാശാല. അത് നടപ്പാക്കാനുള്ള ആര്‍ജവം പോലും ലീഗിനുണ്ടായില്ല. സ്വന്തം പോക്കറ്റ് മതസംഘടനകളെ തെരുവിലിറക്കി 'അറബിക് സര്‍വകലാശാല സ്ഥാപിക്കുക' എന്ന മുദ്രാവാക്യം മുഴക്കേണ്ട ഗതികേടിലേക്ക് അവരെത്തി. മലബാറില്‍ ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിക്കപ്പെട്ട സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി കാമ്പസുകളൊന്നും മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്കായില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഏരിയ ഇന്‍സന്റീവ് പ്രോഗ്രാമിന് കീഴിലുള്ള സ്‌കൂളുകളെ ജനറലൈസ് ചെയ്യുന്നതില്‍ പോലും കാലവിളംബം ഉണ്ടാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ സമുദായം അര്‍ഹിച്ചത് പോലും രാഷ്ട്രീയമായി നേടിയെടുക്കാന്‍ ലീഗിന് സാധിച്ചിട്ടില്ല. 

പിന്നെ മുസ്‌ലിം സമുദായം വല്ല പുരോഗതിയും നേടിയെന്ന് പറയാവുന്നത് വിദ്യാഭ്യാസ രംഗത്താണ്. അത് ഒരു സര്‍ക്കാറിന്റെയോ രാഷ്ട്രീയ സംഘടനയുടെയോ തണലില്‍ നേടിയതുമല്ല. മുസ്‌ലിംകള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നേറിയത് യഥാര്‍ഥത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ രംഗത്താണ്. അവര്‍ക്ക് കാര്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതും അവരില്‍ നിന്നധികം പേര്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതും ഈ മേഖലയില്‍ ആണ്. സമുദായം സ്വന്തമായി പണം നല്‍കി സ്ഥാപിച്ചതും അറിവ് നേടുന്നതുമായ വിദ്യാഭ്യാസ സംരംഭമാണിത്. സര്‍ക്കാര്‍ സഹായമോ യു.ജി.സി ഗ്രാന്റുകളോ ഈ സ്വാശ്രയ മേഖലയിലില്ല. പഠിക്കാനാവശ്യമായ ഫീസും, കൊടുക്കാനാവശ്യമായ ശമ്പളവും സമുദായം തന്നെയാണ് കണ്ടെത്തുന്നത്. 

സര്‍ക്കാര്‍ ഗ്രാന്റും ശമ്പളവും നല്‍കുന്ന എയ്ഡഡ് മേഖലയില്‍ മുസ്‌ലിംകള്‍ക്ക് വളരെ കുറച്ച് സ്ഥാപനങ്ങളേയുളളൂ. കേരളത്തില്‍ എയ്ഡഡ് മേഖലയില്‍ 155 നടുത്ത് കോളേജുകളാണുള്ളത്. ഇതില്‍ 75 കോളേജുകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റേതാണ് (ഇവയില്‍ ഭൂരിപക്ഷവും സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് സ്ഥാപിതമായതാണ്). ബാക്കിയുള്ളവയില്‍ 44 എയ്ഡഡ് കോളജുകള്‍ ഹിന്ദു മാനേജ്‌മെന്റിന്റേതാണ്. അതില്‍ തന്നെ 22 എണ്ണം എന്‍.എസ്.എസിന്റെതും 16 എണ്ണം എസ്.എന്‍.ഡി.പിയുടേതുമാണ്. കേരള വര്‍മ, സാമൂതിരി കോളജ് പോലുള്ളവയാണ് മറ്റ് മാനേജ്‌മെന്റുകള്‍. വെറും 25 എണ്ണം മാത്രമാണ് മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ളത്. സ്‌കൂളുകളുടെ കണക്കെടുത്താലും മുസ്‌ലിം സമുദായം തന്നെയാണ് ഏറ്റവും പിറകിലുള്ളത്. ഏകദേശം അയ്യായിരത്തിനടുത്ത് സ്‌കൂളുകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നിയന്ത്രിക്കുമ്പോള്‍ മൂവായിരത്തോളം സ്‌കൂളുകള്‍ ഹിന്ദു മാനേജ്‌മെന്റിന് കീഴിലാണ്. ആയിരത്തിനടുത്ത് സ്‌കൂളുകള്‍ മാത്രമാണ് മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ളത്. അത് തന്നെ മലബാര്‍ മേഖലയില്‍ മാത്രവും. തെക്ക് അപൂര്‍വം ചില സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം മുന്നേറ്റം പറയുമ്പോള്‍ ഈ സര്‍ക്കാര്‍ സഹായ സ്ഥാപനങ്ങളുടെ കണക്കുകള്‍ മൂടിവെക്കുകയാണ് പലരും ചെയ്യുന്നത്. 

ഭൂരിപക്ഷ മതക്കാര്‍ അവഗണിക്കപ്പെടുന്നു, അതിനാലവര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ജാതി ഭേദം മറന്ന് സംഘടിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആഹ്വാനത്തെ കുറിച്ച്? 

വെള്ളാപ്പള്ളി നടേശന്‍ കേവലമൊരു കച്ചവടക്കാരന്‍ മാത്രമാണ്. ഇത് ഈഴവ സമുദായത്തിലടക്കമുള്ള ഹിന്ദുക്കള്‍ക്ക് എന്നേ ബോധ്യപ്പെട്ട കാര്യമാണ്. 72 പിന്നാക്ക വിഭാഗങ്ങള്‍ ചേര്‍ന്ന് സമുദായ സംവരണ മുന്നണി എന്ന പൊതുവേദിയുണ്ടായിരുന്നു കേരളത്തില്‍. വെള്ളാപ്പള്ളി നടേശനായിരുന്നു ആ വേദിയുടെ പ്രസിഡന്റ്. സെക്രട്ടറി ഞാനായിരുന്നു. വെള്ളാപ്പള്ളി ധിക്കാരപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി മിക്ക ഹിന്ദു സംഘടനകളും ആ വേദിയുടെ മീറ്റിംഗില്‍ പങ്കെടുക്കാറില്ലായിരുന്നു. അങ്ങനെ വെള്ളാപ്പള്ളി പങ്കെടുക്കില്ല എന്നു മനസ്സിലാക്കിയ ഒരു യോഗത്തില്‍ എല്ലാവരും വന്നു. എന്നിട്ട് അവരെല്ലാം ചേര്‍ന്ന് ആ വേദിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ ഒഴിവാക്കി. പകരം ധീവര സഭയുടെ ദിനകരനെ പ്രസിഡന്റാക്കി. ഇതൊക്കെ ചരിത്രമാണ്. വെള്ളാപ്പള്ളി നടേശന്റെ ഹിന്ദു ഐക്യ മുറവിളിക്ക് ആരും ചെവികൊടുക്കാന്‍ പോകുന്നില്ല. ഒരു രാഷ്ട്രീയ മുന്നണിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാകാനും പോകുന്നില്ല. ഒരാളും അയാളെ പിന്തുണക്കുകയുമില്ല. അയാളുടെ കുടുംബാധിപത്യ പ്രവണതയും, ട്രസ്റ്റുകളിലെയും സ്ഥാപനങ്ങളിലെയും സുതാര്യതയില്ലായ്മയും ഇതിനകം തന്നെ പുറത്ത് വന്നതാണ്. 

എസ്.എന്‍.ഡി.പിയുടെ പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതെല്ലാമുള്ളത് വെള്ളാപ്പള്ളി കുടുംബ സ്വത്താക്കി വെച്ച എസ്.എന്‍ ട്രസ്റ്റിന്റെ പേരിലാണ്. എയ്ഡഡ് കോളേജുകളും സ്‌കൂളുകളുമെല്ലാമുള്ളത് എസ്.എന്‍ ട്രസ്റ്റിന്റെ കീഴിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആയിരത്തിനടുത്ത് അപ്പോയ്‌മെന്റുകള്‍ എസ്.എന്‍ ട്രസ്റ്റ് നടത്തിയിട്ടുണ്ട്. ഇതുവഴി 250 കോടിയോളം അവര്‍ സമ്പാദിച്ചിട്ടുണ്ട്. എം.ഇ.എസ് പ്രസിഡന്റ് എന്ന നിലക്ക് എത്ര സീറ്റുകളില്‍ അപോയ്‌മെന്റും നടന്നെന്നും എത്ര കാശ് മിനിമം കിട്ടിയിരിക്കുമെന്നും എനിക്കറിയാം. ഞങ്ങളും നിയമനത്തിന് കാശ് വാങ്ങുന്നുവെന്ന് വാര്‍ത്തയുണ്ടല്ലോ. അങ്ങനെ കിട്ടുന്ന കാശ് എം.ഇ.എസ് എന്തുചെയ്യുന്നുവെന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് കൃത്യമായ മറുപടിയുണ്ട്. മെഡിക്കല്‍ കോളേജും എഞ്ചിനിയറിംഗ് കോളേജുമടക്കം ഒട്ടേറെ സ്വാശ്രയ സ്ഥാപനങ്ങള്‍ എം.ഇ.എസിനുണ്ട്. അവ നടത്താനും സ്ഥാപിക്കാനുമൊക്കെയാണ് എം.ഇ.എസ് ആ കാശ് ഉപയോഗിക്കുന്നത്. അതല്ലാതെ ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ പോക്കറ്റിലേക്ക് അത് പോകുന്നില്ല. ഇന്ന് എം.ഇ.എസ് സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുന്ന രീതിയില്‍ അപാകതയുണ്ടെങ്കില്‍ അടുത്ത തലമുറക്ക് അത് തിരുത്തുകയും ചെയ്യാം. എം.ഇ.എസ് ഈ സമുദായത്തിന്റെതാണ്. അതിന്റെ ഘടനയും അങ്ങനെയാണ്. എന്നാല്‍ എസ്.എന്‍. ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ നിന്ന് നിയമനം വഴി ലഭിച്ച കോടികള്‍ എവിടെ? അവര്‍ക്കൊരു സ്വാശ്രയ കോളേജ് പോലുമില്ല. ആ ചോദ്യത്തിന് കൃത്യമായി ഉത്തരമില്ലാത്തത് കൊണ്ടാണ് വി.എസ് അച്യുതാനന്ദന്റെ വാര്‍ത്താ സമ്മേളനത്തിന് മുന്നില്‍ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ മോഹങ്ങള്‍ സ്തംഭിച്ചു പോയത്. കൃത്യമായ പോയന്റിലാണ് വി.എസ് കൈവെച്ചത്. അതിനാല്‍ വെറുമൊരു കച്ചവടക്കാരനായ വെള്ളാപ്പള്ളിക്ക് കേരളത്തില്‍ ഒരു രാഷ്ട്രീയ മുന്നേറ്റമോ ഹിന്ദു ഐക്യമോ ഉണ്ടാക്കുക സാധ്യമല്ല. അന്ധമായ ന്യൂനപക്ഷ വിരോധം അദ്ദേഹത്തിന് വേണമെങ്കില്‍ കരഞ്ഞു തീര്‍ക്കാമെന്നു മാത്രം. 

സംവരണമാണല്ലോ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് കരുത്തു പകര്‍ന്ന ഒരു സാമൂഹിക ഘടകം. സംവരണ വിരുദ്ധതക്ക് സംവരണത്തോളം തന്നെ പഴക്കമുണ്ട്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് മുതല്‍ സുപ്രീംകോടതി വരെ പല ഭാഷയില്‍ അടുത്തിടെ സംവരണ വിരുദ്ധ നിലപാട് ആവര്‍ത്തിച്ചിരുന്നു. സംവരണമേര്‍പ്പെടുത്തി അനേക വര്‍ഷം പിന്നിട്ടിട്ടും അതവസാനിപ്പിക്കാനായില്ലേ എന്ന ചോദ്യത്തെ എങ്ങനെ കാണുന്നു? 

68 വര്‍ഷമായിട്ടും സംവരണം നിര്‍ത്താറായില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് സംവരണത്തിന്റെ ചരിത്രമറിയില്ല എന്നതാണ് വാസ്തവം. എസ്.സി/എസ്.ടി വിഭാഗത്തിനേര്‍പ്പെടുത്തിയ സംവരണത്തിനേ അര നൂറ്റാണ്ടിന്റെ ചരിത്രമുള്ളൂ. മുസ്‌ലിംകളടക്കമുള്ള ഒ.ബി.സി വിഭാഗത്തിന് ദേശീയാടിസ്ഥാനത്തില്‍ സംവരണം ലഭിച്ചിട്ട് പതിറ്റാണ്ടുകള്‍ മാത്രമേ ആയിട്ടുള്ളൂ. 1955-ല്‍ കാകാ കലേല്‍കര്‍ കമീഷന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് സംവരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ തന്നെ താന്‍ ഒ.ബി.സി സംവരണത്തിന് എതിരാണെന്ന് നെഹ്‌റുവിനോടദ്ദേഹം സൂചിപ്പിച്ചിരുന്നു. അങ്ങനെ ഒ.ബി.സി സംവരണം നെഹ്‌റു തടഞ്ഞുവെച്ചു.  പിന്നീട് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ 1979-ല്‍ മൊറാര്‍ജി ദേശായി ഗവണ്‍മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒ.ബി.സി സംവരണമെന്ന നിര്‍ദേശം വീണ്ടും ഉയര്‍ന്നു വന്നത്. ഹിന്ദു സമുദായത്തില്‍ എത്ര ശതമാനം ഒ.ബി.സിയുണ്ടോ അത്രയും ശതമാനം മുസ്‌ലിംകള്‍ക്കിടയിലും ഒ.ബി.സിയുണ്ടെന്ന നിലപാടാണ് മണ്ഡല്‍ സ്വീകരിച്ചത്. പക്ഷേ, ആ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴേക്കും മൊറാര്‍ജി ദേശായി ഗവണ്‍മെന്റ് പോയി പകരം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നു. നെഹ്‌റുവിനെ പോലെ ഇന്ദിരാഗാന്ധിയും ഒ.ബി.സി സംവരണം നടപ്പിലാക്കാതെ ആ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചു. പിന്നീട് 1990-ല്‍ വി.പി സിംഗിന്റെ ജനതാ ഗവണ്‍മെന്റാണ് മണ്ഡല്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നത്. അങ്ങനെ അത് പഠിച്ച് സംസ്ഥാന തലങ്ങളില്‍ നടപ്പിലാക്കാന്‍ കമീഷനുകള്‍ നിലവില്‍ വന്നു. അവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. അങ്ങനെ 1994-'95ലാണ് ആദ്യമായി ഒ.ബി.സി സംവരണം പ്രായോഗികമായി നടപ്പാക്കുന്നത്. അപ്പോള്‍ ഒ.ബി.സി സംവരണം നടപ്പിലാക്കിയിട്ട് വെറും ഇരുപത് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നു ചുരുക്കം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒ.ബി.സിക്ക് സംവരണം നടപ്പിലാക്കിയത് 2006 ല്‍ അര്‍ജുന്‍സിംഗ് മാനവ വിഭവശേഷി മന്ത്രിയായിരിക്കുമ്പോള്‍ ആണ്. കേവലം പത്ത് വര്‍ഷം മുമ്പ് മാത്രം. അപ്പോള്‍ അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് പറയുന്ന സംവരണം എസ്.സി/എസ്.ടി വിഭാഗക്കാരുടേത് മാത്രമാണ്. ഇത് ബോധപൂര്‍വം മറച്ചുവെച്ചാണ് കഴിഞ്ഞ 68 വര്‍ഷമായി സംവരണം തന്നില്ലേ എന്ന ചോദ്യം സംവരണ വിരുദ്ധര്‍ ഉയര്‍ത്തുന്നത്. ഈ കുറഞ്ഞ കാലയളവില്‍ ഈ സംവരണം കൊണ്ട് പിന്നാക്ക വിഭാഗക്കാര്‍ എവിടെ എത്തി എന്ന കണക്കും പരിശോധിക്കേണ്ടതാണ്. അവസാന റിപ്പോര്‍ട്ട് പ്രകാരം 54 ശതമാനമുള്ള ഇന്ത്യയിലെ സംവരണ പിന്നാക്ക വിഭാഗങ്ങള്‍ വെറും എട്ട് ശതമാനം മാത്രമാണ് ഉദ്യോഗ തലങ്ങളില്‍ എത്തിയത്. ഏറ്റവും ചുരുങ്ങിയത് 54 ശതമാനമെങ്കിലും അവര്‍ നേടിയെടുക്കാന്‍ ഇനിയും പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്ന് സാരം. 

സംവരണം വഴി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് എത്തുന്നവര്‍ ഒട്ടും മെറിറ്റില്ലാത്തവരാണെന്ന പ്രചാരണത്തിന്റെ യാഥാര്‍ഥ്യമെന്താണ്? 

സംവരണത്തിന്റെ പിന്‍ബലത്തില്‍ വിദ്യാഭ്യാസ സീറ്റുകള്‍ നേടുന്ന ഒ.ബി.സിക്കാര്‍ മെറിറ്റ് സീറ്റ് ലഭിക്കുന്ന മുന്നാക്ക വിഭാഗക്കാരോട് കിടപിടിക്കുന്നവരാണ് എന്നതാണ് യാഥാര്‍ഥ്യം. ഈ വിഷയത്തില്‍ മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന വിപുലമായ ഒരു പഠനം ഈയിടെ ഇന്ത്യാടുഡേ പുറത്ത് വിട്ടിരുന്നു. എഫിഷ്യന്‍സി, മെറിറ്റ്, പംങ്ച്വാലിറ്റി എന്നീ സ്റ്റാറ്റസുകള്‍ മുന്നില്‍ വെച്ച് നടത്തിയ ആ പഠനം ഒ.ബി.സിയും മറ്റുള്ളവരും തമ്മില്‍ ഒരു മാറ്റവുമില്ലെന്ന് തെളിയിച്ചിട്ടുണ്ട്. 

കേരളത്തിലെ എം.ബി.ബി.എസ് ലിസ്റ്റില്‍ മെറിറ്റ് വഴി ഇടം നേടിയ വിദ്യാര്‍ഥിയും, സംവരണം വഴി സീറ്റു നേടുന്ന വിദ്യാര്‍ഥിയും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ലാസ്റ്റ് അഡ്മിറ്റഡ് ലിസ്റ്റില്‍ നായര്‍ വിദ്യാര്‍ഥിക്ക് 94 മാര്‍ക്കാണെങ്കില്‍, മുസ്‌ലിം സംവരണ വിദ്യാര്‍ഥിക്ക് 90 മാര്‍ക്ക് ആണ്. അല്ലാതെ 60 മാര്‍ക്കു പോലുമല്ല. സംവരണത്തിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സീറ്റ് നേടുന്ന ഒ.ബി.സിക്കാര്‍ മെറിറ്റില്‍ തന്നെ ക്വാളിഫൈഡ് ആണ് എന്നര്‍ഥം. 80 ശതമാനത്തിലധികം മാര്‍ക്കുള്ളവരേ ഒ.ബി.സി സംവരണം വഴി ഉന്നത വിദ്യാഭ്യാസ രംഗത്തെത്തുന്നുള്ളൂ. വിവരമില്ലാത്തവരാണ് സംവരണത്തിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വരുന്നതെന്നത് തെറ്റായ പ്രചാരണമാണെന്ന് ചുരുക്കം. 

പരസ്യമായി സംവരണ വിരുദ്ധ നിലപാടെടുക്കാന്‍ ഇന്ന് ബി.ജെ.പിക്ക് പോലും സാധ്യമല്ല. പിന്നാക്ക വിഭാഗങ്ങളെയും അവരുടെ ആവശ്യങ്ങളെയും അവഗണിച്ച് മുന്നോട്ട് പോകാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമല്ലാത്ത വിധം മണ്ഡലാനന്തര ഇന്ത്യന്‍ രാഷ്ട്രീയം മാറിയിട്ടുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഗുജ്‌റാത്തിലെ പട്ടേല്‍ വിഭാഗക്കാര്‍ ഉയര്‍ത്തുന്ന, സംവരണ മുറവിളികളുടെ രാഷ്ട്രീയമെന്താണ്? 

ഹിന്ദു പിന്നാക്ക വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന സംവരണത്തിനെതിരെ മുന്നാക്ക ഹിന്ദു വിഭാഗക്കാര്‍ നടത്തുന്ന കരച്ചിലാണ് ഗുജ്‌റാത്തില്‍ നിന്ന് കേള്‍ക്കുന്നത്. സംവരണ വിരുദ്ധത കൊണ്ട് ഇനി മുന്നോട്ട് പോകാനാവില്ലെന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരാള്‍ക്കും ഇനി സംവരണത്തില്‍ തൊടാനാവില്ല. കോടതിക്ക് വേണമെങ്കില്‍ അഭിപ്രായമുന്നയിക്കാമെന്നല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതേറ്റെടുക്കാന്‍ തയാറാകില്ല. കാരണം ജാതിരാഷ്ട്രീയം ഇന്ത്യയിലിന്ന് നിര്‍ണായക ശക്തിയാണ്. ഒടുവില്‍ പുറത്ത് വന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയം അത് അരക്കിട്ടുറപ്പിച്ചിരിക്കുന്നു. ജാതി രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് സംവരണം. അത് തൊട്ടാല്‍ ഇന്ത്യയൊന്നാകെ ഇളകും. മണ്ഡലൈസേഷനു ശേഷം സംവരണ ജാതികളാണ് ഇന്ത്യയില്‍ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്നത്. 14 ശതമാനം മാത്രമേ ബിഹാറില്‍ മുന്നാക്ക ജാതിക്കാരുള്ളൂ. ലാലുവിനും നിതീഷിനും പിന്നില്‍ അണിനിരക്കുന്നത് മറ്റുള്ള സംവരണ സമുദായങ്ങളാണ്. 18 ശതമാനം മുന്നാക്ക വിഭാഗക്കാരെ മാറ്റി നിര്‍ത്തിയാല്‍ ഉത്തര്‍പ്രദേശിന്റെയും അവസ്ഥയിതാണ്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിന് ശേഷം ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരെല്ലാവരും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നു മാത്രമുള്ളവരാണെന്ന വസ്തുത മതി ആ രാഷ്ട്രീയത്തിന്റെ നിര്‍ണായക റോള്‍ മനസ്സിലാക്കാന്‍. മുലായംസിംഗ് യാദവ് (ഒ.ബി.സി), മായാവതി (എസ്.എസി/എസ്.ടി), കല്യാണ്‍ സിംഗ് (ഒ.ബി.സി), അഖിലേഷ് യാദവ് (ഒ.ബി.സി) ഇങ്ങനെ മണ്ഡല്‍ റിപ്പോര്‍ട്ടിന് ശേഷം മുന്നാക്ക ജാതിക്കാരെ മുഖ്യമന്ത്രി പോലും ആക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നു. തൊണ്ണൂറുകള്‍ക്ക് മുമ്പ് ബിഹാര്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ഉണ്ടായ നാല് മുഖ്യമന്ത്രിമാരും മുന്നാക്ക ജാതിക്കാരായിരുന്നു. ആ കാലത്താണ് ഭഗത്പൂര്‍ കലാപം നടന്നത്. ആയിരത്തിലേറെ മുസ്‌ലിംകളാണ് അതില്‍ കൊല്ലപ്പെട്ടത്. അതോടെ മുസ്‌ലിംകളും യാദവരും ചേര്‍ന്ന രാഷ്ട്രീയ അലയന്‍സ് രൂപം കൊണ്ടു. അങ്ങനെയാണ് ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ശക്തി പ്രാപിക്കുന്നത്. അതോടെ 15 കൊല്ലം ആര്‍.ജെ.ഡി ബിഹാര്‍ ഭരിച്ചു. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ലാലുവും ലാലുവിന്റെ ഭാര്യയുമാണ് മുഖ്യമന്ത്രിയായത്. അതിനുശേഷം വന്ന നിതീഷ് കുമാറും ജിതിന്‍ റാം മാഞ്ചിയുമെല്ലാം സംവരണ വിഭാഗത്തില്‍ പെട്ടവരാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ പിന്നാക്കക്കാരനായിരിക്കും മുഖ്യമന്ത്രിയെന്ന് ബി.ജെ.പിക്ക് പോലും പ്രഖ്യാപിക്കേണ്ടി വന്നു. ഇന്ത്യയുടെ പൊളിറ്റിക്‌സില്‍ പിന്നാക്കക്കാരെ മാറ്റിനിര്‍ത്താന്‍ പറ്റില്ലെന്ന് ചുരുക്കം. ജാതി രാഷ്ട്രീയത്തെയും അവരുടെ അവകാശമായ സംവരണത്തെയും തൊട്ടാല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നര്‍ഥം. ഒരു ജഡ്ജിയോ കോടതിയോ വിചാരിച്ചാല്‍ പോലും ഈ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കെ അത് മാറ്റിയെഴുതാനാവില്ല. 

ഹര്‍ദിക് പട്ടേല്‍ ഈ രാഷ്ട്രീയ തിരിച്ചറിവ് നേടിയ പട്ടേല്‍ സമുദായത്തിലെ പുതുതലമുറക്കാരനാണ്. അതിനാല്‍ തന്നെ മുന്നാക്കത്തില്‍ പിന്നാക്കക്കാര്‍ക്കും സംവരണം വേണമെന്ന തന്ത്രപരമായ മുദ്രാവാക്യമാണദ്ദേഹം മുന്നോട്ടു വെക്കുന്നത്. ഒ.ബി.സികള്‍ക്കും മുസ്‌ലിംകള്‍ക്കും മറ്റ് പിന്നാക്കക്കാര്‍ക്കും സംവരണം കൊടുത്തുകൊള്ളട്ടെ. ഞങ്ങള്‍ക്കതില്‍ പ്രശ്‌നമില്ല. എന്നാല്‍ അതോടൊപ്പം മുന്നാക്കത്തില്‍ പിന്നാക്കമായവര്‍ക്കും 10 ശതമാനം സംവരണം അനുവദിക്കണമെന്ന കോംപ്രമൈസ് രാഷ്ട്രീയമാണ് അണിയറയില്‍ രൂപം കൊള്ളുന്നത്. ആര്‍.എസ്.എസിന്റെ പിന്തുണയും സ്വാഭാവികമായി ഇതിനുണ്ടാകും. ഒരുപക്ഷേ കേരളത്തിലെ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമെല്ലാം ഈ വിഷയത്തില്‍ കോംപ്രമൈസില്‍ എത്താം. മായാവതിയും അതിനെതിരാവുമെന്ന് തോന്നുന്നില്ല. മോഹന്‍ ഭഗവതിന്റെെയല്ലാം നീക്കം ഇനി ഈ വഴിക്കാവും. അത് ഒരു രാഷ്ട്രീയ സമ്മര്‍ദ്ദമായി രൂപം കൊണ്ടാല്‍ കോണ്‍ഗ്രസ് പോലും അത് സമ്മതിച്ച് കൊടുത്തേക്കാം. ആ വഴിക്കുള്ള നീക്കമായിട്ടു വേണം ഹര്‍ദിക് പട്ടേലിന്റെ സംവരണ സമരത്തെ വിലയിരുത്താന്‍. 

ജാതിയും സംവരണവും രാഷ്ട്രീയ യാഥാര്‍ഥ്യമാവുമ്പോഴും സാമ്പത്തിക സംവരണമാണ് നടപ്പാക്കേണ്ടതെന്ന സി.പി.എം അടക്കമുള്ളവരുടെ വാദങ്ങളോ?

സി.പി.എം നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ജാതിയുടെയും മതത്തിന്റെയും നിര്‍ണായക സാന്നിധ്യത്തെയും അതിന്റെ രാഷ്ട്രീയ ശേഷിയെയും ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ വളര്‍ച്ചയുടെ ഒട്ടേറെ സാധ്യതകളുണ്ടായിട്ടും രാഷ്ട്രീയമായി ഓരോ വര്‍ഷം കഴിയുമ്പോഴും പിന്നാക്കം പോവാനാണ് അവരുടെ വിധി. ഇതവര്‍ സ്വയം ക്ഷണിച്ചുവരുത്തുന്നതുമാണ്. 1950 കളില്‍ ആന്ധ്രപ്രദേശില്‍ 8 എം.പിമാര്‍ അവര്‍ക്കുണ്ടായിരുന്നു. അവരെല്ലാം എവിടെപ്പോയി എന്നന്വേഷിക്കുന്നത് നല്ലതാണ്. ഇവിടങ്ങളില്‍ ശക്തി പ്രാപിച്ച ജാതി രാഷ്ട്രീയത്തിലേക്കാണവരെല്ലാം പോയത്. കടപ്പയില്‍ 4 തവണയാണ് സി.പി.എം ജയിച്ചത്. വൈ.എസ് രാജശേഖര റെഡ്ഡിയുടെ പോക്കറ്റ് മണ്ഡലമായി പിന്നീടത് മാറി. അദ്ദേഹം ആരെ നിര്‍ത്തുന്നോ അവരാണവിടെ വിജയിക്കുക. ഇന്ത്യയിലെ ജാതി-മത യാഥാര്‍ഥ്യങ്ങളെ പ്രതീകാത്മകമായെങ്കിലും ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിന് സാധിച്ചില്ലെങ്കില്‍ അതിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാവിയുണ്ടാവില്ല. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അടക്കമുള്ള നേതൃതലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയങ്ങളിലും ഈ മത-ജാതി ഘടകത്തെ അവഗണിച്ചാണവര്‍ മുന്നോട്ട് പോകുന്നത്. മെറിറ്റിനൊപ്പം ജാതിയും മതവും ഉള്‍ക്കൊളളാന്‍ സി.പി.എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ മതക്കാരെയും ജാതിക്കാരെയും ഉള്‍ക്കൊള്ളാന്‍ കമ്യൂണിസ്റ്റുകാരായ തങ്ങള്‍ക്കാവുമെന്ന നിലപാടാണ് അവരിപ്പോഴും എടുക്കുന്നത്. ഗാന്ധിയോട് അംബേദ്കര്‍ പറഞ്ഞ മറുപടിയാണ് അവരോട് പങ്കുവെക്കാനുള്ളത്. ഹിന്ദുക്കളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും മുസ്‌ലിംകളുടെയുമെല്ലാം പ്രതിനിധിയായി സംസാരിക്കാന്‍ ഞാനില്ലേ എന്ന ഗാന്ധിയുടെ ചോദ്യത്തിന് 'ഞങ്ങളെ നിങ്ങള്‍ പ്രതിനിധീകരിക്കേണ്ട. അതിന് ഞങ്ങള്‍ക്കിടയില്‍ തന്നെ ആളുണ്ട്' എന്നായിരുന്നു അംബേദ്കര്‍ മറുപടി പറഞ്ഞത്. ഞങ്ങളില്‍ ജാതിയും മതവുമില്ലെന്നും ഞങ്ങള്‍ എല്ലാവരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും പറഞ്ഞ് മുന്നോട്ടു പോകുന്നത് സി.പി.എമ്മിന് രാഷ്ട്രീയമായി ഗുണം ചെയ്യില്ല. പ്രത്യേകിച്ച് പാര്‍ട്ടിക്കകത്തും നേതൃ രംഗത്തുമൊക്കെ പ്രത്യേക ജാതിയും മതവുമുള്ളവരാണ് മേധാവിത്വം പുലര്‍ത്തുന്നത് എന്നത് ഒരു യാഥാര്‍ഥ്യമായിരിക്കെ.  

Comments