Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

ആത്മവഞ്ചനയിലേക്കുള്ള വഴികള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

         ആത്മരതി അതിരു കടക്കുകയും പരപുഛത്തിലേക്കും അവഹേളനത്തിലേക്കും അതിന്റെ നീരാളിക്കൈകള്‍ പടര്‍ത്തി വ്യക്തിയെ അധഃപതനത്തിന്റെ ആഴങ്ങളിലേക്ക് താഴ്ത്തുകയും ചെയ്യുമ്പോള്‍ അത് തന്നെയും മറ്റുള്ളവരെയും വഞ്ചിക്കുന്ന അവസ്ഥയിലെത്തും. താന്‍ വിമര്‍ശനങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും അതീതനാണെന്ന ചിന്ത വ്യക്തിയില്‍ നാമ്പിടുന്നതോടെയാണ് ഇതിന്റെ തുടക്കം. വ്യക്തി തന്നില്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ സ്വയം കണ്ടെത്തിയെങ്കില്‍ നല്ലത്. അല്ലെങ്കില്‍ അയാളെ തിരുത്താനും ഉണര്‍ത്താനും സഹ പ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ട്. നബി(സ) പഠിപ്പിച്ചു: ''ദീന്‍ ഗുണകാംക്ഷയാണ്. ഞങ്ങള്‍ ചോദിച്ചു: ആര്‍ക്കൊക്കെ? അല്ലാഹുവിനോടും അവന്റെ ഗ്രന്ഥത്തോടും അവന്റെ ദൂതനോടും മുസ്‌ലിംകളുടെ നേതാക്കളോടും അവരിലെ ബഹുജനങ്ങളോടും'' (മുസ്‌ലിം). ''വിശ്വാസി മറ്റൊരു വിശ്വാസിയുടെ കണ്ണാടിയാണ്'' (അബൂദാവൂദ്).

താന്‍ ദീനില്‍ പുലര്‍ത്തുന്ന തീവ്ര നിലപാടുകള്‍ മറ്റുള്ളവരില്‍ കാണാതെ വരുമ്പോള്‍ അവരെ നിസ്സാരരായി ഗണിക്കാനുള്ള മനസ്സ് വളരും ചില പ്രവര്‍ത്തകരില്‍. തന്റെ കര്‍മങ്ങളും അവരുടെ കര്‍മങ്ങളും താരതമ്യം ചെയ്ത് അവരെ കൊച്ചാക്കുകയും അധഃസ്ഥിതരായി ഗണിച്ച് അവഗണിച്ചു തുടങ്ങുകയും ചെയ്യുന്നു അയാള്‍. ദീനില്‍ തീവ്രതയും കാര്‍ക്കശ്യവും കൈക്കൊള്ളുന്നതിനെതിരെ മുന്നറിയിപ്പു നല്‍കിയ പ്രവാചകന്‍ മിതത്വത്തെയും മധ്യമ നിലപാടിനെയുമാണ് പ്രോത്സാഹിപ്പിച്ചത്. പരിവ്രാജകരും വൈരാഗികളും ബ്രഹ്മചാരികളുമായി ജീവിക്കാനുറച്ച യുവാക്കളെ പിന്തിരിപ്പിച്ച നബി ഉപദേശിച്ചു: ''നിങ്ങളില്‍ ഏറ്റവും അല്ലാഹുവിനെ ഭയപ്പെടുന്നവനാണ് ഞാന്‍. ഏറ്റവും തഖ്‌വയോടെ ജീവിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ നോമ്പു നോല്‍ക്കും. നോമ്പ് മുറിക്കും. നമസ്‌കരിക്കും, ഉറങ്ങും, ദാമ്പത്യ ബന്ധത്തില്‍ ഏര്‍പ്പെടും. എന്റെ ജീവിത ചര്യയോട് വൈമുഖ്യം പുലര്‍ത്തിയവന്‍ എന്നില്‍ പെട്ടവനല്ല'' (ബുഖാരി). ''കര്‍ക്കശ സ്വഭാവക്കാര്‍ നശിച്ചു, തീവ്രത പുലര്‍ത്തുന്നവര്‍ നശിച്ചു. മൂന്ന് തവണ നബി(സ) അതാവര്‍ത്തിച്ചു'' (മുസ്‌ലിം). ''ദീനിലെ തീവ്രത നിങ്ങള്‍ സൂക്ഷിക്കണം. മതത്തില്‍ തീവ്ര നിലപാടുകള്‍ പുലര്‍ത്തിയതിനാലാണ് നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചുപോയത്'' (അഹ്മദ്). ''മതം എളുപ്പമാകുന്നു. ദീനില്‍ കാര്‍ക്കശ്യം പുലര്‍ത്തിയവര്‍ തോറ്റിട്ടേയുള്ളൂ. അതിനാല്‍ ലക്ഷ്യവേധിയായ പ്രവര്‍ത്തനങ്ങളില്‍ നിരതരാവുക. ലക്ഷ്യത്തോടടുക്കാന്‍ പരിശ്രമിക്കുക, സന്തോഷം പകരുക'' (ബുഖാരി).

കര്‍മങ്ങളുടെ അകമ്പടിയില്ലാത്ത വൈജ്ഞാനിക അവഗാഹവും ആത്മവഞ്ചനയില്‍ അകപ്പെടുത്തുന്ന കെണിയാണ്. താന്‍ അപൂര്‍വ ഗ്രന്ഥങ്ങളില്‍ നിന്ന് തേടിപ്പിടിച്ചു കൊണ്ടുവരുന്ന അത്യപൂര്‍വ കര്‍മശാസ്ത്ര മസ്അലകളോട് വലിയ താല്‍പര്യവും ആഭിമുഖ്യവും പുലര്‍ത്താത്തവരും തന്റെ നിലവാരത്തിലേക്ക് ഉയരാത്തവരുമായ സഹപ്രവര്‍ത്തകരെ ചെറുതായി കാണുന്ന പ്രവണത വളരും ഇത്തരക്കാരില്‍. പ്രയോജനകരമായ അറിവ് നേടാന്‍ നിഷ്‌കര്‍ഷിച്ച പ്രവാചകന്റെ ഒരു പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ''പ്രയോജനം ചെയ്യാത്ത അറിവില്‍ നിന്നും ഭക്തിയില്ലാത്ത ഹൃദയത്തില്‍ നിന്നും ആര്‍ത്തിയൊടുങ്ങാത്ത ശരീരത്തില്‍ നിന്നും ഉത്തരം കിട്ടാത്ത പ്രാര്‍ഥനയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു'' (മുസ്‌ലിം). വാക്കും പ്രവൃത്തിയും ഒപ്പത്തിനൊപ്പം വേണം. ''വിശ്വാസികളേ, നിങ്ങളെന്തിനാണ് പ്രവര്‍ത്തിക്കാത്തത് പറയുന്നത്? നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നതാണ് അല്ലാഹുവിന് ഏറ്റവും ക്രോധകരമായിട്ടുള്ളത്'' (സ്വഫ്ഫ് 2,3). ''നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ അത് മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?'' (അല്‍ബഖറ 44). റസൂല്‍ (സ) മുന്നറിയിപ്പ് നല്‍കി: ''ഖിയാമത്ത് നാളില്‍ ഒരാളെ കൊണ്ടുവന്ന് നരകത്തില്‍ എറിയും. തീയില്‍ കുടല്‍ മാലകളുമായി കഴുത ആസു കല്ലിന് ചുറ്റം കറങ്ങുന്നത് പോലെ അയാള്‍ വട്ടം ചുറ്റിക്കൊണ്ടിരിക്കും. നരകവാസികള്‍ ഒരുമിച്ചുകൂടി അയാളോട്: 'ചങ്ങാതി, ഇതെന്താണിങ്ങനെ? നിങ്ങള്‍ ഇഹലോകത്ത് നന്മ കല്‍പിക്കാനും തിന്മ തടയാനും മുമ്പിലുണ്ടായിരുന്നുവല്ലോ.' അയാള്‍: ശരി തന്നെ. ഞാന്‍ കല്‍പിച്ച നന്മകള്‍ ഞാന്‍ ചെയ്യുമായിരുന്നില്ല. തടഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ടായിരുന്നു'' (ബുഖാരി).

ദൈവികാധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ തന്നെ, അശ്രദ്ധ കൊണ്ടോ അലംഭാവം കൊണ്ടോ തെറ്റുകളും കുറ്റങ്ങളും മറക്കുന്ന നിലപാടുണ്ടായാലും ആത്മവഞ്ചന വരാം. തങ്ങളുടെ സദ്കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുമോ എന്ന ആശങ്കയോടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിഭാഗത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട് അല്ലാഹു. ''തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും തങ്ങളുടെ രക്ഷിതാവിനോട് പങ്ക് ചേര്‍ക്കാത്തവരും രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിപ്പോവേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരാണ് അതില്‍ മുമ്പേ ചെന്നെത്തുന്നവരും'' (അല്‍മുഅ്മിനൂന്‍ 57-61). ആഇശ(റ) നബിയോട് ചോദിച്ചു: ''ഭയമുള്ളതോടു കൂടി ചെലവ് ചെയ്യുന്നവര്‍ എന്നാല്‍, മോഷ്ടിക്കുകയും വ്യഭിചരിക്കുകയും മദ്യപിക്കുകയും ഒക്കെ ചെയ്ത് അല്ലാഹുവിനെ ഭയപ്പെടുക എന്നാണോ?'' നബി(സ): ''സിദ്ദീഖിന്റെ പുത്രീ, എന്നല്ല. നമസ്‌കരിക്കുകയും നോമ്പു നോല്‍ക്കുകയും ദാനധര്‍മങ്ങള്‍ ചെയ്യുകയുമെല്ലാം ചെയ്യും. അവ സ്വീകരിക്കപ്പെടില്ലേ എന്ന ആശങ്കയോടെയും ഭയപ്പാടോടെയും കൂടിയാണ് അവര്‍ അതെല്ലാം ചെയ്യുക'' (തിര്‍മിദി). ''നിങ്ങളിലാരുടെയും കര്‍മങ്ങള്‍ നിങ്ങളെ രക്ഷപ്പെടുത്താന്‍ ഉതകില്ല''- റസൂല്‍. ''അങ്ങയുടെ സ്ഥിതിയും അതാണോ?''-ജനങ്ങള്‍. ''അതെ, എന്റെ കാര്യത്തിലും കര്‍മം മാത്രം മതിയാവില്ല. അല്ലാഹു തന്റെ കാരുണ്യത്താല്‍ എന്നെ കടാക്ഷിച്ചില്ലെങ്കില്‍'' (ബുഖാരി). ദുഷ്‌കര്‍മങ്ങളെ ഗൗരവതരമായി കാണുന്ന വിശ്വാസിയുടെ സ്വഭാവത്തെക്കുറിച്ച് റസൂല്‍(സ): ''വിശ്വാസി തന്റെ പാപകര്‍മങ്ങളെ കാണുന്നത് തലയ്ക്ക് മുകളില്‍ വീഴാനാഞ്ഞ് നില്‍ക്കുന്ന പര്‍വതത്തെ പോലെയാണ്. അവിശ്വാസിയാവട്ടെ അവയെ കാണുന്നത് മൂക്കത്ത് വന്നിരുന്ന ഒരു ഈച്ചയെ പോലെയും'' (ബുഖാരി).

തങ്ങളറിയാതെ തങ്ങളെ പിടികൂടുന്ന ഭൗതിക ജീവിതാസക്തിയുടെയും തന്മൂലം വന്ന് ഭവിക്കുന്ന ഉദാസീനതയുടെയും അലംഭാവത്തിന്റെയും ഫലമായി ചിലരില്‍ ആത്മവഞ്ചനയെന്ന രോഗം കടന്നുവരും. ഇഹലോക ജീവിതവിജയം മുഖ്യലക്ഷ്യമായി കാണുന്നവരിലാണ് ഇങ്ങനെ സംഭവിക്കുക. ആ വിഭാഗത്തെ അപലപിച്ച് റസൂല്‍(സ): ''ദീനാറിന്റെയും ദിര്‍ഹമിന്റെയും പട്ടുടയാടകളുടെയും ദാസന്‍ നശിച്ചു. കൊടുത്താല്‍ അവന് തൃപ്തിയായി. കിട്ടിയില്ലെങ്കില്‍ കോപാകുലനായി. തലകുത്തി കീഴ്‌മേല്‍ മറിഞ്ഞ് വല്ലാതെയാവും അപ്പോള്‍ അയാള്‍'' (ബുഖാരി).

അലി(റ) പറഞ്ഞു: ''ഇഹലോകം പിന്തിരിഞ്ഞ് പോവുകയാണ്. പരലോകം മുന്നേറിവരികയും. രണ്ടിനുമുണ്ട് അതിന്റേതായ മക്കള്‍. നിങ്ങള്‍ പരലോകത്തിന്റെ മക്കളാവുക. നിങ്ങള്‍ ദുന്‍യാവിന്റെ മക്കളാവരുത്. ഇന്ന് കര്‍മമാണ്. വിചാരണയില്ല. നാളെ വിചാരണയാണ്, കര്‍മമുണ്ടാവില്ല'' (ബുഖാരി). താന്‍ മാതൃകയാക്കുന്ന വ്യക്തിത്വങ്ങള്‍ തന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്ന് കാണുന്ന ചിലര്‍, അവരെക്കാള്‍ ഒരു പടി മുന്നില്‍ തങ്ങളാണെന്ന ആത്മവഞ്ചനയില്‍ അകപ്പെടും. വളരെ ഗോപ്യമായി കര്‍മങ്ങള്‍ അനുഷ്ഠിച്ചും പ്രവര്‍ത്തിച്ചും പോരുന്ന- അതില്‍ നിര്‍ബന്ധമുള്ള- ചിലരെക്കുറിച്ച് അവര്‍ കര്‍മങ്ങളില്‍ തങ്ങളെക്കാള്‍ പിറകിലാണെന്ന് കരുതുന്നവരും വീഴുന്നത് ആത്മവഞ്ചനയില്‍ തന്നെ. നല്ല പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ കാണ്‍കെ ചെയ്യുന്നത് ആക്ഷേപിക്കപ്പെടേണ്ടതല്ല. ''നിങ്ങള്‍ ദാനധര്‍മങ്ങള്‍ വെളിവാക്കിയാല്‍ അത് നല്ലതുതന്നെ. ഇനി അത് രഹസ്യമാക്കുകയും സാധുക്കള്‍ക്ക് കൊടുക്കുകയും ചെയ്താല്‍ അതും ഗുണകരം. നിങ്ങളുടെ പാപങ്ങള്‍ അവന്‍ പരിഹരിക്കും'' (അല്‍ബഖറ 271).

ഒരു വിഭാഗം പ്രവര്‍ത്തകരുടെ വൈകല്യങ്ങളുടെ നേരെ കണ്ണ് ചിമ്മുകയും മറ്റൊരു വിഭാഗത്തിന് നേരെ കണ്ണ് തുറന്ന് പിടിക്കുകയും ചെയ്യുന്ന വിവേചനാപൂര്‍വമായ സമീപനവും ചിലരെ ആത്മ വഞ്ചനയില്‍ പെടുത്തും. നബി(സ)യുടെ രീതികള്‍ വിവരിക്കുന്ന ഹദീസില്‍ ഇങ്ങനെ വായിക്കാം: ''സദസ്യരില്‍ ഓരോരുത്തര്‍ക്കും പ്രവാചകന്‍ അവര്‍ക്ക് വേണ്ട പരിഗണന നല്‍കും. ഒരാള്‍ക്കും തോന്നില്ല, ഒരാള്‍ മറ്റൊരാളേക്കാള്‍ ആദരിക്കപ്പെടുന്നുണ്ടെന്ന്. സമത്വ ദീക്ഷയോടെയായിരുന്നു സമീപനം'' (തിര്‍മിദി). ആത്മവഞ്ചനയുടെ തിക്ത ഫലങ്ങളാണ് തര്‍ക്ക വിതര്‍ക്കങ്ങള്‍. അതിലേര്‍പ്പെടുന്നവര്‍ തന്റെ അഭിപ്രായങ്ങള്‍ മാത്രം ശരിയെന്ന് ശഠിക്കും. ഇത്തരം വ്യക്തികള്‍ സമൂഹത്തിന് അനഭിമതരായിത്തീരും. ഭയപ്പാടിന് മധ്യേയാവണം ജീവിതം. മരണശയ്യയില്‍ സുഖവിവരം ആരാഞ്ഞ സുഹൃത്തിനോട് ഇമാം ശാഫിഈ: ''ദുന്‍യാവില്‍ നിന്ന് പോവുകയാണ്. കൂട്ടുകാരെ പിരിയുകയാണ്, എന്റെ ദുഷ്‌കര്‍മങ്ങള്‍ കണ്ടുമുട്ടാന്‍ പോവുകയാണ്. അല്ലാഹുവിന്റെ സന്നിധിയിലേക്കാണ് യാത്ര. സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ ഈ യാത്രയെന്നറിയില്ല.'' 

ആശയ സംഗ്രഹം: ജെ.എം ഹുസൈന്‍

Comments