ടിപ്പു വിരോധമല്ലേ രാജ്യദ്രോഹം?
ടിപ്പു സുല്‍ത്താന്റെ ജന്മദിനാചരണം നടത്താനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രഖ്യാപിച്ച കുടക് ജില്ലാ ബന്ദില്‍ പരക്കെ സംഘര്‍ഷമുണ്ടായതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ടിപ്പുവിന്റെ ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത് 'ഹിന്ദുവിരുദ്ധത'യാണെന്നാണ്, ആര്‍.എസ്.എസ്സിനെ നിരോധിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച, സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മജയന്തി ഈയിടെ സമുചിതം ആഘോഷിച്ച സംഘ്പരിവാരങ്ങളുടെ വാദം.
ചരിത്ര വസ്തുതകളെ ആധാരമാക്കി, ഭഗവാന്‍ എസ്. ഗിദ്‌വാനി രചിച്ച് സഞ്ജയ്ഖാന്‍ സംവിധാനം ചെയ്ത 'ടിപ്പുവിന്റെ വാള്‍' എന്ന ടെലി-സീരിയല്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെയും ഹിന്ദുത്വക്കാര്‍ കലാപം അഴിച്ചുവിട്ടിരുന്നു. മഹാ ഭൂരിപക്ഷം കന്നടക്കാരും ടിപ്പുവിനെ ദേശീയ നായകനായാണ് കാണുന്നത്. മൈസൂരിന്റെ നാടോടിക്കഥകളിലും പാട്ടുകളിലും ടിപ്പു സുല്‍ത്താന്‍ ഇന്നും ഹീറോയാണ്. ശിവപ്രസാദിനെ പോലുള്ള കന്നട സാഹിത്യത്തിലെ അതികായര്‍ ടിപ്പുവിനെ നായകനാക്കി നിരവധി ജനപ്രിയ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്.
വീര നായകരായ ശിവജിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും പേരുകള്‍ മുംബൈയിലെയും കൊല്‍ക്കത്തയിലെയും വിമാനത്താവളങ്ങള്‍ക്ക് നല്‍കിയ പോലെ, ബംഗളുരു കെംപ ഗൗഡ വിമാനത്താവളത്തിന് ടിപ്പുവിന്റെ പേര് നല്‍കണമെന്ന് അഭിനേതാവും എഴുത്തുകാരനുമായ ഗിരിഷ് കര്‍ണാട് പറഞ്ഞപ്പോള്‍, തല്‍പര കക്ഷികള്‍ അദ്ദേഹത്തിനെതിരെ വധ ഭീഷണി മുഴക്കിയിരിക്കുകയാണ്. 18-ാം നൂറ്റാണ്ടിലെ മൈസൂര്‍ രാജാവായിരുന്ന ടിപ്പു ഹിന്ദുവായിരുന്നുവെങ്കില്‍, അദ്ദേഹത്തിന് മഹാരാഷ്ട്രയില്‍ മറാത്താ രാജാവ് ഛത്രപതി ശിവജിക്ക് ലഭിച്ചിരുന്ന ആദരവ് ലഭിക്കുമായിരുന്നുവെന്ന് ഗിരിഷ് കര്‍നാടും, ടിപ്പു ഹിന്ദുവായി ജനിച്ചിരുന്നുവെങ്കില്‍ ഛത്രപതി ശിവജിയെ പോലെ കര്‍ണാടകയിലും രാജ്യം മുഴുവനും ആദരവ് ലഭിക്കുമായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പറയുമ്പോള്‍ ടിപ്പുവിന് നേരെയുള്ള സംഘ്പരിവാരങ്ങളുടെ മത വിദ്വേഷ ജടിലമായ എതിര്‍പ്പിന്റെ മനശ്ശാസ്ത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഏറ്റവും ധീരവും ഉജ്ജ്വലവുമായ ചെറുത്തുനില്‍പുയര്‍ത്തിയ ടിപ്പുവിനെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ധീര ദേശാഭിമാനികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, സംഘ്പരിവാരങ്ങളുടെയും അവരുടെ സഹയാത്രികരുടെയും കണ്ണില്‍ ടിപ്പു മതഭ്രാന്തനും അക്രമിയായ പടയോട്ടക്കാരനുമാണ്. 'ധീരന്മാരായ രജപുത്രന്മാര്‍' ഒരൊറ്റ വെടിയും പൊട്ടിക്കാതെ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി യുദ്ധം ചെയ്തുകൊണ്ട് മരണമടഞ്ഞ ഒരേയൊരു ഇന്ത്യന്‍ ഭരണാധികാരി എന്നാണ് പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ. കെ.എന്‍ പണിക്കര്‍ ടിപ്പുവിനെ വിശേഷിപ്പിച്ചത്. കെ.എന്‍ പണിക്കര്‍ എഴുതുന്നത് നോക്കൂ: ''മതപരമായ യാതൊരു വിവേചനവും കൂടാതെ തന്റെ പ്രജകളോട് മുഴുവന്‍ ഒരേ വിധത്തില്‍ പെരുമാറിയ, ഹിന്ദുക്കളുടെ മത സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയ നിഷ്പക്ഷനായ ഭരണാധികാരിയുടെ മുഖമാണത്. അദ്ദേഹം ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ഭൂസ്വത്തുക്കള്‍ ദാനം ചെയ്തുവെന്നും ശൃംഗേരി മഠത്തോട് വളരെ ആദരവോടെ പെരുമാറിയെന്നും ഹിന്ദു ക്ഷേത്രങ്ങളില്‍ ചെന്ന് പതിവായി ദര്‍ശനം നടത്തിയിരുന്നുവെന്നും ഹിന്ദുക്കളെ ഭരണകൂടത്തിന്റെ സുപ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുകയുണ്ടായെന്നുമുള്ളത് സുവിദിതമാണ്'' (ചിന്ത 1990 ജൂലൈ).
156 ക്ഷേത്രങ്ങള്‍ക്ക് ടിപ്പു വാര്‍ഷിക സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നും പ്രാതല്‍ കഴിക്കും മുമ്പ് ശ്രീരംഗ സ്വാമി ക്ഷേത്രത്തില്‍ പോവുക അദ്ദേഹത്തിന്റെ പതിവായിരുന്നുവെന്നും, ശൃംഗേരി മഠത്തിലെ ജഗത് ഗുരു ശങ്കരാചാര്യരുമായി ടിപ്പുവിന് നല്ല ബന്ധമായിരുന്നുവെന്നും ഒറീസ ഗവര്‍ണറായിരുന്ന ബി.എന്‍ പാണ്ഡെ പറയുന്നു. ടിപ്പുവിനെക്കുറിച്ച് രാഷ്ട്ര പിതാവ് ഗാന്ധിജി എഴുതിയതിങ്ങനെ: ''വിദേശ ചരിത്രകാരന്മാര്‍ ടിപ്പു സുല്‍ത്താനെ മതഭ്രാന്തനായും, ഹിന്ദു പ്രജകളെ അടിച്ചമര്‍ത്തി ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അത്തരക്കാരനായിരുന്നില്ല. മറിച്ച്, ഹിന്ദു പ്രജകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തികച്ചും സൗഹാര്‍ദപരമായിരുന്നു. മൈസൂര്‍ പുരാവസ്തു വിഭാഗത്തില്‍ ടിപ്പു, ശൃംഗേരി മഠത്തിലെ ശങ്കരാചാര്യര്‍ക്ക് എഴുതിയ 30-ലേറെ കത്തുകളുണ്ട്. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ടിപ്പു വന്‍തോതില്‍ സ്വത്തുക്കള്‍ ദാനം ചെയ്തു. ശ്രീവെങ്കട്ട രാമെണ്ണ ശ്രീനിവാസം, ശ്രീരംഗ നാഥ് തുടങ്ങിയ ടിപ്പുവിന്റെ കൊട്ടാരങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ ആ മഹാനുഭാവന്റെ സഹിഷ്ണുതയുടെയും വിശാല മസ്‌കതയുടെയും അനശ്വര സ്മാരകങ്ങളാണ്. അല്ലാഹുവിന്റെ ഭക്തനായിരുന്നു മഹാനായ ഈ രക്തസാക്ഷി. അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിയായിരുന്നു. ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള മണിനാദങ്ങള്‍ തന്റെ പ്രാര്‍ഥനകള്‍ക്ക് ശല്യമായി കരുതിയിരുന്നില്ല'' (യംഗ് ഇന്ത്യ 1930 ജനുവരി 23,പേജ് 31).
ടിപ്പുവിന്റെ പ്രധാനമന്ത്രി ബ്രാഹ്മണ ശ്രേഷ്ഠനായ പൂര്‍ണയ്യ. മുഖ്യ പേഷ്‌കാര്‍ സുബ്ബറാവു. പടത്തലവന്‍ കൃഷ്ണ റാവു. പോലീസ് മന്ത്രിയോ ഷാമയ്യ അയ്യങ്കാര്‍. അംഗ രക്ഷകരാവട്ടെ ശൈവ ഭക്തന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളും. ഹിന്ദു വിരോധിയായ ഒരു ഭരണാധികാരിയുടെ പ്രകടനങ്ങളാണോ ഇതൊക്കെ? സി.ഇ 1000-ത്തില്‍ നിര്‍മിച്ച വൈഷ്ണവ ക്ഷേത്രമായ ശ്രീരംഗ നാഥ സ്വാമി ക്ഷേത്രം ടിപ്പുവിന്റെ കൊട്ടാരത്തിന് സമീപം മോടിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. അത് ടിപ്പുവിന്റെ ക്ഷേത്ര ധ്വംസന കെട്ടുകഥകള്‍ക്കുള്ള അര്‍ഥപൂര്‍ണമായ മറുപടിയത്രേ. 'ടിപ്പു വര്‍ഗീയവാദിയായിരുന്നുവെങ്കില്‍ ഈ ക്ഷേത്രത്തിലേക്ക് വില പിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതിന് പകരം, അത് തച്ചു തകര്‍ക്കുകയായിരുന്നില്ലേ ചെയ്യുക' എന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ചോദ്യം (ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍) ക്ഷേത്ര ധ്വംസനവാദികളെ ഉത്തരം മുട്ടിക്കാന്‍ പോന്നതാണ്.
ഹിന്ദുത്വവാദികളുടെ സജീവ സഹയാത്രികനായിരുന്ന പി.വി.കെ നെടുങ്ങാടി പോലും ടിപ്പുവിന്റെ വിവേചനരഹിതമായ മതേതര ചിന്താഗതിയെ സമ്മതിച്ച് പറയുന്നതിതാ: ''ഹൈദരലിയും ടിപ്പുവും മാത്രമല്ല; ഔറംഗസീബും ഹിന്ദുക്കളെ ഉദ്യോഗസ്ഥന്മാരായി നിയമിച്ചിരുന്നു. ടിപ്പു സുല്‍ത്താന്റെ പ്രധാന കാര്യക്കാരന്‍ പൂര്‍ണയ്യ എന്ന ബ്രാഹ്മണനായിരുന്നു. ഔറംഗസീബിന്റെ ഒരു പടനായകന്‍ രജപുത്രനായ ജയിസിംഹനായിരുന്നു'' (കേസരി 26-10-1986).
രാഷ്ട്രത്തിന്റെ അടിത്തറയായ ഹിന്ദു-മുസ്‌ലിം ബന്ധത്തെ തകര്‍ക്കുമാറ് ടിപ്പു സുല്‍ത്താനെ ഹൈന്ദവ വിരോധിയാക്കി അവതരിപ്പിക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പ്രശസ്ത ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ ആഹ്വാനം ചെയ്യുന്നത്. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച 'ടിപ്പു സുല്‍ത്താന്‍ ചരിത്ര സെമിനാര്‍' ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ: ''രാഷ്ട്രത്തിന്റെ അടിത്തറയായ ഹിന്ദു-മുസ്‌ലിം ബന്ധത്തെ തകര്‍ക്കുമാറ് ടിപ്പു സുല്‍ത്താനെ ഹൈന്ദവ വിരോധിയാക്കി അവതരിപ്പിക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. സേനാധിപത്യം കൊണ്ട് നാട് ഭരിച്ച ആളെന്ന നിലക്ക് ടിപ്പുവില്‍ ദൗര്‍ബല്യങ്ങള്‍ കണ്ടെന്നിരിക്കാം. എന്നാല്‍ അതൊരിക്കലും ഹൈന്ദവ വിരോധം കൊണ്ടായിരുന്നില്ല. അതിന് ചരിത്രപരമായ തെളിവോ സാധൂകരണമോ ഇല്ല. മലബാര്‍ ആക്രമണത്തിന് ടിപ്പു സുല്‍ത്താന്‍ തുനിഞ്ഞത് ഹൈന്ദവരെ ആക്രമിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് മനസ്സിലാക്കാവുന്ന രേഖകള്‍ ഒന്നുമില്ല. രാഷ്ട്രത്തിന്റെ ഐക്യത്തെ തകര്‍ക്കുക മാത്രമല്ല, ചരിത്രത്തോട് വികാരപൂര്‍വമായ സമീപനം വെച്ചു പുലര്‍ത്തുക കൂടിയാണ് ഇത്തരം പ്രചാര വേലക്കാര്‍ ചെയ്യുന്നത്'' (മാധ്യമം 16-2-1990).
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ധീരദേശാഭിമാനിയായി അംഗീകരിച്ചാദരിക്കുന്ന ടിപ്പു സുല്‍ത്താനെ ഹൈന്ദവ വിരോധിയും മതഭ്രാന്തനുമായി ചിത്രീകരിച്ച് രാജ്യത്തിലെ മത സൗഹാര്‍ദവും ഐക്യവും തകര്‍ക്കുന്ന പ്രചാരവേലകള്‍ അവസാനിപ്പിക്കണെമന്ന് തന്നെയാണ്, സമുദായ ഐക്യവും സമാധാനവും പുലര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്ന സകലരും സംഘ്പരിവാരങ്ങളോട് ആവശ്യപ്പെടുന്നത്.
Comments