Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

പാരീസ് ഭീകരാക്രമണത്തിന്റെ പിന്നാമ്പുറങ്ങള്‍

ആബിദ് റഹ്മാന്‍ കൊടക്കാടന്‍ /വിശകലനം

ണ്ടാംലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കടന്നാക്രമണത്തിനാണ് ഫ്രാന്‍സ് കഴിഞ്ഞാഴ്ച സാക്ഷിയായത്. ദാഇശ് എന്ന ഐ.എസ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പാരീസിനെ മാത്രമല്ല ലോകത്തെയാകെ നടുക്കിക്കളഞ്ഞ ആക്രമണങ്ങളെ തുടര്‍ന്ന് ജനം ഭീതിയില്‍ നിന്ന് മാത്രമല്ല സംശയങ്ങളില്‍ നിന്നും മുക്തരാവില്ല. ഭീതി പരത്തുക അക്രമികളുടെ ലക്ഷ്യം തന്നെയായിരുന്നു. സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ പോകുന്നു. പാരീസ് നഗരത്തിന്റെ ഹൃദയ ഭാഗത്തും പരിസരങ്ങളിലും ആക്രമണം നടന്നതിന് ശേഷം, സോഷ്യല്‍ മീഡിയയില്‍ ചിലയാളുകള്‍ നേരത്തേ തന്നെ സ്‌ഫോടനാത്മകമായി നില്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തെ കൂടുതല്‍ ധ്രുവീകരിക്കുന്നതിനു വേണ്ടി തീ കൊണ്ടുള്ള കളി ആരംഭിച്ചുകഴിഞ്ഞു.

സംഭവങ്ങളെ കുറെക്കൂടി വിശാലമായ പരിപ്രേക്ഷ്യത്തില്‍ കാണേണ്ടിയിരിക്കുന്നു. ഫ്രഞ്ച് സമൂഹത്തെ പൊതുവായും ഫ്രഞ്ച് മുസ്‌ലിംകളെ പ്രത്യേകമായും അതെങ്ങനെ ബാധിക്കുമെന്ന് പഠിക്കണം. 'സ്വാതന്ത്ര്യം, സമത്വം, സഹോദര്യം' എന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രമാണ വാക്യമാണെന്നതൊക്കെ നേര്. പക്ഷേ, ഫ്രഞ്ച് ചരിത്രത്തില്‍ ഹിംസയുടെ വിളയാട്ടത്തിന് യാതൊരു കുറവുമില്ല. ഫ്രഞ്ച് വിപ്ലവം തന്നെയാണ് 'ഭീകര വാഴ്ച'(Reign of Terror)ക്കും ജന്മം നല്‍കിയത്. ഇരുപത്തയ്യായിരം പേരാണ് അതില്‍ കൊലക്കത്തിക്ക് ഇരകളായത്. കൊളോണിയല്‍ ഭരണത്തിന് തിരശ്ശീല വീണെങ്കിലും ഫ്രാന്‍സിന്റെ കൊളോണിയല്‍ അതിക്രമങ്ങള്‍ തുടരുകയാണ്; റുവാണ്ട, ഐവറി കോസ്റ്റ്, അള്‍ജീരിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റിടങ്ങളിലും.

അതേസമയം ഫ്രഞ്ച് ഭരണകൂടത്തെയും ഫ്രഞ്ച് ജനതയെയും ഒരേപോലെ കാണരുത്. പൊതുവെ ഫ്രഞ്ച് ജനത സമാധാന പ്രേമികളുടെ ഒരു കൂട്ടമാണ്. അവരെ നിങ്ങള്‍ക്ക് സ്‌നേഹിക്കാതിരിക്കാനാവില്ല. ലോകത്തെ സകല ജന വിഭാഗങ്ങളുടെയും ഒരു പരിഛേദം നിങ്ങള്‍ക്കിവിടെ കാണാം. പലതരം വംശീയ വിഭാഗങ്ങള്‍ ഇവിടെ ഒന്നിച്ചു കഴിയുന്നു. ഈ സമൂഹത്തെ നയിക്കുന്ന മൂല്യബോധം നമ്മുടെ പ്രശംസയും ആദരവുമര്‍ഹിക്കുന്നു. പാരീസിലും മറ്റേതൊരു ഫ്രഞ്ച് നഗരത്തിലും നിങ്ങള്‍ അനുഭവിച്ചറിയുന്ന സാമൂഹിക ജീവിതം മാഞ്ഞുപോകാത്ത ഒരുപാട് നല്ല ഓര്‍മകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. എവിടെ ചെന്നാലും ആളുകള്‍ നിങ്ങളെ അഭിവാദ്യം ചെയ്യും. അത് ചിലപ്പോള്‍ ബസ് ഡ്രൈവറാകാം, അല്ലെങ്കില്‍ തെരുവില്‍ നിങ്ങള്‍ കടന്നുപോകുന്ന ഏതോ അപരിചിതനാകാം. ശാന്തതയാണ് പൊതുവെ അവരുടെ സ്ഥായീഭാവം. എടുത്തുചാട്ടമില്ല. ആളുകള്‍ അടിപിടികൂടുന്നത് വളരെ അപൂര്‍വമായേ നിങ്ങള്‍ കാണൂ. ഈ പരിഷ്‌കൃത സാമൂഹിക മനോഭാവം കാത്തുസൂക്ഷിക്കുന്നതില്‍ അവര്‍ ശ്രദ്ധാലുക്കളുമാണ്. കാലിലൊന്ന് ചവിട്ടിപ്പോയാല്‍ അവര്‍ മൊഴിയുന്ന ക്ഷമാപണ വാക്കുകളും മറ്റു മാന്യമായ പെരുമാറ്റ രീതികളും സ്വന്തം നാട്ടിലെത്തിയ പ്രതീതി സമ്മാനിക്കുന്നു. ഈ സൗഹൃദവും സല്‍ക്കാരവും ഇനിയധികം കാലം ഉണ്ടാവാന്‍ ഇടയില്ല. ഇസ്‌ലാമേയില്ലാത്ത ദാഇശും അതിന്റെ പ്രചാരണ സംവിധാനവും ഉണ്ടാക്കിവെക്കുന്ന പിളര്‍പ്പ് അത്രക്കും വലുതാണ്.

ഐ.എസിന്റെ കടന്നുവരവ്

പാരീസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.എസ് സാമൂഹിക ജീവിതത്തിന് വലിയൊരു ഭീഷണിയായിത്തീര്‍ന്നിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. വിദ്വേഷ പ്രചാരണമാണ് അതിന്റെ സ്ട്രാറ്റജി. ഈ ഭീകര ഗ്രൂപ്പിന്റെ ജന്മത്തെക്കുറിച്ച് പലതരം വ്യാഖ്യാനങ്ങളുണ്ടാവാം. അതൊന്നും ഈ ഭീഷണിയുടെ ഗൗരവം കുറച്ചുകാണാന്‍ കാരണമാവരുത്. ഇസ്‌ലാമിക സംജ്ഞകളെയും ഇസ്‌ലാമിനെത്തന്നെയും അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഇസ്‌ലാമിക സന്ദേശത്തെ വികൃതമാക്കുക മാത്രമല്ല, ഫ്രാന്‍സ് പോലുള്ള അതിബൃഹത്തായ ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് അപമാനകരമായി മനസ്സിലാക്കപ്പെടാനും അത് ഇടവരുത്തും.

ദാഇശ് ഐഡിയോളജിക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ദാഇശിന് ഒരു ഐഡിയോളജിയും ഇല്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഡീഡിയര്‍ ഫ്രാങ്‌സ്വാ എന്ന ഫ്രഞ്ച് പത്രപ്രവര്‍ത്തകനെ ഐ.എസ് പത്ത് മാസം ബന്ദിയാക്കി വെച്ചിരുന്നു. പിന്നീട് വിട്ടയച്ചു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്, മതത്തില്‍ ഐ.എസുകാര്‍ക്ക് യാതൊരു താല്‍പര്യവുമില്ല എന്നാണ്. അല്‍ഖാഇദക്കാരും നടത്തുന്നത് കടുത്ത ദുര്‍വ്യാഖ്യാനമാണെങ്കിലും, അവര്‍ക്ക് മതവുമായി ചില അടുപ്പങ്ങളൊക്കെയുണ്ട്. ഐ.എസില്‍ കാണുന്നത് നഗ്നമായ രാഷ്ട്രീയ സ്വേഛാധിപത്യമാണ്. ''മത പ്രമാണങ്ങളെക്കുറിച്ച ചര്‍ച്ച തന്നെ നടക്കുന്നില്ല. നടക്കുന്നത് രാഷ്ട്രീയ ചര്‍ച്ചയാണ്. അവര്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുകയാണ്. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ അവര്‍ മുതിരുന്നില്ല. കാരണം അവര്‍ പറയുന്നതൊന്നും ഖുര്‍ആനില്‍ ഇല്ലല്ലോ. ഞങ്ങള്‍ തടവുകാര്‍ക്ക് ഒരു ഖുര്‍ആന്‍ കോപ്പി പോലും അവര്‍ തന്നില്ല.'' ഫ്രാങ്‌സ്വാ സി.എന്‍.എന്നുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഫ്രഞ്ച് മുസ്‌ലിം ജീവിതം

യൂറോപ്പില്‍ ധാരാളം മുസ്‌ലിംകളുണ്ട്, ഏറ്റവും കൂടുതലുള്ളത് ഫ്രാന്‍സിലാണ്. പാരീസ് ആക്രമണത്തില്‍ ഫ്രഞ്ച് പൗരനും മറ്റു യൂറോപ്യന്‍ നാടുകളിലെ പൗരന്മാര്‍ക്കും പങ്കുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സമാധാന പ്രേമികളായ ഫ്രഞ്ച് പൗരന്മാര്‍ എന്തുകൊണ്ടാണ് തങ്ങളെ തീറ്റിപ്പോറ്റുന്ന രാഷ്ട്രത്തിനെതിരെ ആയുധമെടുക്കുന്നത്? ഫ്രാന്‍സിലെ മുസ്‌ലിം സമൂഹം മുഖ്യമായും രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് അധിനിവേശത്തിന്റെ ഫലമായിട്ടായിരുന്നു എന്നു കാണാന്‍ കഴിയും. ഉദാഹരണത്തിന്, അള്‍ജീരിയ ഫ്രഞ്ച് അധിനിവേശത്തിലായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ആ അധിനിവേശം രക്തപങ്കിലമായിരുന്നു. അധിനിവേശം പുറന്തള്ളിയ അള്‍ജീരിയന്‍ കുടിയേറ്റക്കാര്‍ മെച്ചപ്പെട്ട ജീവിതമാര്‍ഗം അന്വേഷിച്ചാണ് ഫ്രാന്‍സില്‍ എത്തിയത്.

ഇങ്ങനെ എത്തിച്ചേര്‍ന്നവരെ ഇപ്പോള്‍ കുടിയേറ്റക്കാര്‍ എന്നു വിളിക്കാന്‍ കഴിയില്ല. കാരണം ആദ്യ കുടിയേറ്റക്കാരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയാണ് ഇപ്പോഴുള്ളത്. അവര്‍ ഫ്രാന്‍സില്‍ തന്നെ ജനിച്ചവരും ഇവിടെ ജോലിയെടുക്കുന്നവരും നികുതി കൊടുക്കുന്നവരും തന്നെയാണ്. അവരുടെ ഉദ്ഗ്രഥനം പൂര്‍ണമായിട്ടുണ്ട് എന്നര്‍ഥം. കുടിയേറ്റക്കാരുടെ ആദ്യ തലമുറയില്‍ ചില നിഷേധാത്മക പ്രവണതകള്‍ കണ്ടിരിക്കാമെങ്കിലും, പുതിയ തലമുറയുടെ ഫ്രഞ്ച് പൗരത്വം തീര്‍ത്തും സ്വാഭാവികമായി സംഭവിച്ചിട്ടുള്ളതാണ്. ഭരണകൂടം തങ്ങളെ ഇവിടെ അതിഥികളായി സ്വീകരിച്ചിരിക്കുകയാണ് എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകേണ്ടതില്ല. ഇത് അവരുടെ കൂടി ഭൂമിയാണ്. സ്വത്വ പ്രതിസന്ധി സൃഷ്ടിക്കുന്നതും ഇതുതന്നെ.

ഫ്രഞ്ച്, മുസ്‌ലിം സ്വത്വങ്ങള്‍ പരസ്പരം ഒത്തുപോകില്ലെന്ന ധാരണയാണ് പൊതുവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇടത്-വലത് ധാരകള്‍ ഒരുപോലെ ഫ്രഞ്ച് പ്രവാസി സമൂഹങ്ങളില്‍ അന്യവത്കരണ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എത്രമാത്രം ഇഴുകിച്ചേര്‍ന്നാലും അവര്‍ക്ക് 'വിദേശി' മുദ്ര ബാക്കിയാവും. എല്ലാവരെയും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ ഫ്രാന്‍സ് വിസമ്മതിക്കുന്നതുകൊണ്ടാണിത്. യഥാര്‍ഥ യൂറോപ്യന്‍ ആവണമെങ്കില്‍ മുസ്‌ലിം വസ്ത്രധാരണ രീതിയും, മതസ്വത്വവുമായി ബന്ധപ്പെട്ട അതുപോലുള്ള അടയാളങ്ങളും കൈയൊഴിക്കണമെന്ന് വന്നിരിക്കുന്നു. പൊതു സ്ഥലങ്ങളിലെ മുസ്‌ലിം വസ്ത്രധാരണ രീതിയെ ഉന്നം വെച്ച് ഫ്രാന്‍സ് ഇടക്കിടെ നിയമങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ടല്ലോ. വിദ്യാലയങ്ങളില്‍ മതചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന നിയമം എല്ലാ മതക്കാര്‍ക്കും ബാധകമാണെങ്കിലും മുസ്‌ലിംകളെയാണ് അത് കാര്യമായി ബാധിക്കുക. ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താനായി ഇടതുപക്ഷവും മുസ്‌ലിംകള്‍ ഇഴുകിച്ചേര്‍ന്നത് പോരാ എന്ന് വാശി പിടിക്കുന്നു. കറകളഞ്ഞ വംശീയതയോളമെത്തുന്നുണ്ട് അവരുടെ ഫ്രഞ്ച് സംസ്‌കാര സ്‌നേഹം. അതായത് യൂറോപ്യന്‍ സംസ്‌കാരവുമായി നിങ്ങള്‍ പുലര്‍ത്തുന്ന എന്തു വ്യത്യസ്തതകളും നിങ്ങളെ ഇവിടെ പൊരുത്തപ്പെടാത്തവനാക്കി മാറ്റും.

ഷാര്‍ലി എബ്‌ദോ

ഇടതുപക്ഷ ഹാസ്യ മാസികയായ ഷാര്‍ലി എബ്‌ദോക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ മതത്തിനെതിരെ പരിഹാസ ശരങ്ങള്‍ നിരന്തരമായി വന്നു. അത് യൂറോപ്യന്‍ പാരമ്പര്യത്തില്‍ അന്തര്‍ലീനമായ രാഷ്ട്രീയ എതിര്‍ സ്വരത്തിന്റെ പ്രകാശനമാണ് എന്ന ന്യായീകരണമാണുണ്ടായത്. ചില വിവരദോഷികള്‍ ഷാര്‍ലി എബ്‌ദോ കടന്നാക്രമിച്ചു എന്ന നിലക്കല്ല വിശകലനമുണ്ടായത്; ഫ്രഞ്ച് മുസ്‌ലിംകള്‍ അക്രമാസക്തരായ തീവ്രവാദികളാണ് എന്ന നിലക്കാണ്. ഫ്രഞ്ച് സമൂഹത്തില്‍ ജീവിക്കുന്ന ഒരു മുസ്‌ലിമിന്റെ ആത്മാഭിമാനത്തെയും ആത്മവീര്യത്തെയും ഇതെത്രത്തോളം മുറിപ്പെടുത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നേരത്തെ പറഞ്ഞ പോലെ ഇടതും വലതും പക്ഷങ്ങള്‍ ഒരുപോലെ ഫ്രഞ്ച് മുസ്‌ലിംകളെ അന്യവത്കരിക്കുകയാണ്; അവരില്‍ 'അപരനെ' കണ്ടെത്തുകയാണ്. ഈ  'അപരന്‍' എത്രമാത്രം അക്രമാസക്തമാകുമെന്ന വിവരണങ്ങളും ധാരാളം. ഇങ്ങനെ സ്വത്വ പ്രതിസന്ധിയും പരമത വിദ്വേഷ വായ്ത്താരികളും ഒരു ഫ്രഞ്ച് മുസ്‌ലിമിന്റെ ജീവിതം അതീവ ദുസ്സഹമാക്കുന്നു.

ഒരു സമൂഹത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ. പോലീസ് നിരന്തരം അവരെ നോട്ടമിടുന്നു. വളരെ ആസൂത്രിതമായി അവര്‍ക്ക് തൊഴിലുകള്‍ നിഷേധിക്കപ്പെടുന്നു. പൊതുയിടങ്ങളില്‍ അന്യവത്കരിക്കപ്പടുന്നു. പൊതു സ്വീകാര്യത ലഭിക്കുന്നില്ല. രാജ്യത്ത് നിന്ന് ചിവിട്ടിപ്പുറത്താക്കപ്പെടുമെന്ന് അവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകളോളം ഒരു വിഭാഗത്തോട് ഇതാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെങ്കില്‍, ആ സമൂഹത്തിലെ ചെറുപ്പക്കാര്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും ആശയറ്റവരുമായിത്തീരുമെന്ന് ഉറപ്പാണ്. ഈയൊരു പശ്ചാത്തലവും കൗമാരത്തിന്റെ അവിവേകവുമാണ് ഇത്തരം അകം പൊള്ളയായ പ്രത്യയശാസ്ത്ര യുദ്ധങ്ങള്‍ക്ക് ഇന്ധനമായിത്തീരുന്നത്.

പാരീസ് ആക്രമണങ്ങള്‍

നവംബര്‍ 13 വെള്ളിയാഴ്ച രാത്രി ഫ്രഞ്ചുകാര്‍ക്ക് നിരാശയുടെ രാത്രിയായിരുന്നു. ചാവേര്‍ ജാക്കറ്റണിഞ്ഞ അക്രമികള്‍ പാരീസിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തി. ജര്‍മന്‍-ഫ്രഞ്ച് ഫുട്‌ബോള്‍ ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം നടന്നുകൊണ്ടിരുന്ന സ്റ്റേഡിയം തകര്‍ക്കാനും അവര്‍ ശ്രമിച്ചിരുന്നു. മരിച്ചവര്‍ 129, പരിക്കേറ്റവര്‍ 500. ഫ്രാന്‍സില്‍ താമസിക്കുന്ന ഏതൊരാള്‍ക്കുമത് ഹൃദയ വേദനയുടെ രാത്രിയായിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വാ ഓലന്‍ഡ് ആക്രമണങ്ങളെ ഐ.എസിന്റെ 'യുദ്ധ നീക്കം' എന്നാണ് വിശേഷിപ്പിച്ചത്. അതായത് ഐ.എസുമായി ഫ്രാന്‍സ് ഔപചാരികമായിത്തന്നെ യുദ്ധത്തിലാണ്. ഫ്രഞ്ച് രാഷ്ട്രത്തലവന്‍ ഇത്ര കടുത്ത പ്രയോഗങ്ങള്‍ അടുത്ത കാലത്തൊന്നും നടത്തിയിട്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നതിന്റെ അര്‍ഥം, ഫ്രാന്‍സ് ഊറ്റം കൊള്ളുന്ന പൗരസ്വാതന്ത്ര്യങ്ങള്‍ക്ക് വിലക്ക് വീഴും എന്നു തന്നെയാണ്. പോലീസ് നിരീക്ഷണം ഇനിമേല്‍ ശക്തമാകും. അതിനെ ചോദ്യം ചെയ്യാനാവുകയില്ല. ഇപ്പോള്‍ തന്നെ വ്യാപകമായ രീതിയില്‍ റെയ്ഡ് നടക്കുകയാണ്. ഹൈവേകളില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നു. ഇതെഴുതുമ്പോള്‍ 300 റെയ്ഡുകള്‍ നടന്നുകഴിഞ്ഞു. ഇരുപത് പേര്‍ അറസ്റ്റിലായി. ബ്രിട്ടനുമായും അമേരിക്കയുമായും തട്ടിച്ചു നോക്കുമ്പോള്‍ അത്രയധിക സുരക്ഷാ പരിശോധനകളൊന്നും ഫ്രാന്‍സില്‍ ഉണ്ടായിരുന്നില്ല. അതിന് മാറ്റം വന്നു കഴിഞ്ഞു. ഒന്നേകാല്‍ ലക്ഷത്തോളം സൈനികരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.

ഇതൊക്കെ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക തങ്ങളുടെ വേഷഭൂഷകളില്‍ (താടി, ശിരോവസ്ത്രം പോലുള്ളവ) സ്വത്വത്തെ അടയാളപ്പെടുത്തുന്ന ജനങ്ങളെയായിരിക്കും. അതേസമയം ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ നല്ല ജാഗ്രത പുലര്‍ത്തുന്നുണ്ട്. സുരക്ഷാ പരിശോധനകള്‍ വംശീയ തരംതിരിവായി മാറാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും, പുതിയ സാഹചര്യത്തില്‍ 'അപരന്മാര്‍' അല്ലാത്ത വെള്ളക്കാരായ ഫ്രഞ്ചുകാരില്‍ അവരറിയാതെയാണെങ്കിലും ഇത്തരം മനോഭാവങ്ങള്‍ വളര്‍ന്നുവന്നേക്കാം.

തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ വിദ്വേഷ പ്രചാരണങ്ങളില്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും വീണുപോയിട്ടില്ല എന്നതാണ് വാസ്തവം. അവര്‍ വിവേകമുള്ളവരാണ്. തങ്ങളുടെ പെരുമാറ്റ രീതികളെ നിര്‍ണയിക്കുന്നത് വിദ്വേഷമാകരുത് എന്നവര്‍ക്ക് നിര്‍ബന്ധമുണ്ട്. എന്നാലും, മുസ്‌ലിം ടൂറിസ്റ്റുകള്‍ക്കെതിരെയും മറ്റും ചില കോണുകളില്‍ നിന്ന് അക്രമാസക്തമായ പ്രതികരണങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല.

മറ്റൊരു പ്രശ്‌നം യൂറോപ്പിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ്. വരുന്ന ആഴ്ചകളില്‍ അക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കണം. അക്രമികളില്‍ ഒരാള്‍ ആഴ്ചകള്‍ക്ക് മുമ്പ് ഗ്രീസ് വഴി ഫ്രാന്‍സിലെത്തിയ ഒരു സിറിയന്‍ അഭയാര്‍ഥിയാണെന്ന് കരുതപ്പെടുന്നു. അഭയാര്‍ഥികളെ ഇരു കൈയും നീട്ടി സ്വീകരിച്ചവരുടെ മനസ്സില്‍ വെറുപ്പും പ്രതികാര ചിന്തയും വളര്‍ത്തുകയില്ലേ ഇത്? തുര്‍ക്കിയുമായും ജര്‍മനിയുമായും ചേര്‍ന്ന് ഒരു പുനരധിവാസ പദ്ധതി തയാറായി വരികയായിരുന്നു. അതിന്റെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. മരീന ലി പെന്നിന്റെ നേതൃത്വത്തിലുള്ള നാഷ്‌നല്‍ ഫ്രന്റ് എന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. യൂറോപ്പിലെയും മറ്റിടങ്ങളിലെയും ദുര്‍ബലമായ രാഷ്ട്രീയ സമവാക്യങ്ങളെ അത് തകിടം മറിക്കാനും ഇടയുണ്ട്. 

(മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ ലേഖകന്‍ ഫ്രാന്‍സിലെ സാക്‌ലേ പാരീസ് യൂനിവേഴ്‌സിറ്റിയില്‍ സ്‌പെയ്‌സ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്)

Comments