Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

'നീതി' എന്ന രണ്ടക്ഷരം കേവലമൊരു വാക്കല്ല

അബ്ദുസ്സത്താര്‍ പൂക്കാടംചേരി, എടത്തനാട്ടുകര

'നീതി' എന്ന രണ്ടക്ഷരം 
കേവലമൊരു വാക്കല്ല

മാലിക് ശബാസ് കെ എഴുതിയ 'നീതിയുടെ സാക്ഷികളാവുക' (ലക്കം 2922) ലേഖനം വളരെ ശ്രദ്ധേയമായി. നീതി എന്ന രണ്ടക്ഷരം കേവലം ഒരു വാക്കിനെയല്ല സൂചിപ്പിക്കുന്നത്. ഭൂലോകത്തിന്റെ അസ്തിവാരത്തെ തന്നെ അത് ഉള്‍ക്കൊള്ളുന്നു. സമാധാനത്തിലേക്കും സ്വാസ്ഥ്യത്തിലേക്കും തുറക്കുന്ന വാതിലാണ് നീതി. നീതിയാണ് താക്കോല്‍. നന്മയുടെ ഏത് ഖജനാവും അതുകൊണ്ടേ തുറക്കാനൊക്കൂ.

അണ്ഡകടാഹത്തിന്റെയും അതിലെ അസംഖ്യം ഘടകങ്ങളുടെയും ജീവജാലങ്ങളുടെയുമെല്ലാം നിലനില്‍പ് നീതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. സന്തുലിതാവസ്ഥയെ പ്രാപിച്ചുകൊണ്ടല്ലാതെ ക്ഷേമം കൈവരിക്കാനാവില്ല. അസന്തുലിതാവസ്ഥ അരാജകത്വത്തിലേക്കും ക്രമേണ ശാശ്വത നാശത്തിലേക്കും നയിക്കുന്നു. സന്തുലിതാവസ്ഥ നീതിയും നീതി സന്തുലിതാവസ്ഥയുമാകുന്നു. വാനലോകത്തിനൊരു ഭൂമണ്ഡലം, കുന്നിനൊരു താഴ്‌വാരം, കടലിനൊരു കര, രാവിനൊരു പകല്‍, ഇറക്കത്തിനൊരു കയറ്റം...

മാനവന്റെ ഉറക്കം കെടുത്തുന്നത്, നീതിക്ക് വേണ്ടിയുള്ള ആര്‍ത്ത നാദമാണ്. കാരണം, നീതി നിര്‍വഹണമാണ് ഏറ്റവും വലിയ നന്മ. രാഷ്ട്രവും രാഷ്ട്രീയവും ഭരണസിരാ കേന്ദ്രങ്ങളും എല്ലാം ഈ മഹനീയ ലക്ഷ്യ സാധ്യത്തിനുള്ള ഉപകരണങ്ങള്‍. മര്‍ദിതരും പീഡിതരും അവശരും അശരണരും എവിടെയും തേടുന്നത് നീതി മാത്രം.

നീതിക്ക് വേണ്ടിയുള്ള ദാഹമില്ലെങ്കില്‍ ശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും സമരങ്ങളും വിപ്ലവങ്ങളുമില്ല. നീതിയാണ് ഏറ്റവും വലിയ യാഥാര്‍ഥ്യം. ദൗര്‍ഭാഗ്യവശാല്‍ മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നവും നീതി തന്നെ.

സര്‍വ മേഖലകളിലും സദാ സമയവും നീതി മുറുകെ പിടിക്കണമെന്നാണ് ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്, മര്‍ത്ത്യനെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നത്.

നമ്മുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും എതിരായിരുന്നാലും നീതി മുറുകെ പിടിക്കണമെന്നാണ് ഖുര്‍ആന്റെ ശാസന. 'ഒരു ജന വിഭാഗത്തോടുള്ള വിരോധം അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ; നിങ്ങള്‍ നീതി ചെയ്യുക, അതാണ് ദൈവ ഭക്തിയോട് ഏറ്റം അടുത്തത്' എന്ന് വേദഗ്രന്ഥം  പ്രസ്താവിക്കുന്നുണ്ട്. ആകാശത്ത് നിന്ന് പ്രപഞ്ചനാഥന്‍ ഗ്രന്ഥവും തുലാസും ഇരുമ്പും മനുഷ്യര്‍ക്കായി ഇറക്കിയിരിക്കുന്നുവെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. ദൈവദത്തമായ വിജ്ഞാനം പ്രയോജനപ്പെടുത്തിയും നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതത്തെ ശാക്തീകരിച്ചും നീതിന്യായ നിര്‍വഹണം സാധിക്കാനാണ് മനുഷ്യന്‍ ഭൂമുഖത്ത് പ്രയത്‌നിക്കേണ്ടത്.

അബ്ദുസ്സത്താര്‍ പൂക്കാടംചേരി, എടത്തനാട്ടുകര

കളിയും കാര്യവും ഒരേ തുലാസിന്റെ ഇരുവശങ്ങളാണ്

മാനസികോല്ലാസം ഏതൊരു വ്യക്തിയുടെ ജീവിതത്തിലും പല  തരത്തിലുള്ള നിമിഷങ്ങളായിരിക്കും സമ്മാനിക്കുക. ആബാല വൃദ്ധം ജനങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാവുക സ്വാഭാവികം മാത്രം; പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍. പഠനസമയത്ത് നന്നായി പഠിക്കുക. ഒഴിവു സമയമാണെങ്കില്‍ വിനോദവും വിജ്ഞാനവും പകരുന്ന പ്രവൃത്തികളിലേര്‍പ്പെടുക. ഇതൊക്കെ വളരെ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കിയെടുക്കേണ്ട ചര്യകളാണ്.

ചരിത്രത്തിന്റെ താളുകള്‍ പരിശോധിക്കുമ്പോള്‍ പ്രശസ്തരായ പലരും സ്വന്തം ഇഛാശക്തിയും കഠിനാധ്വാനവും കൊണ്ട് ഉയര്‍ന്നുവന്നിട്ടുള്ളവരാണെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ജീവിതകഥയുടെ ചുരുളഴിക്കുമ്പോള്‍ തന്നെ നമുക്കിത് ബോധ്യമാകും.

പഠനം, വിനോദം, വിജ്ഞാനം ഈ തത്ത്വസംഹിതകളിലൂന്നി സഞ്ചരിക്കുന്ന ആരും മറ്റു ദോഷകരമായ പ്രവണതകള്‍ക്കടിമപ്പെടുകയില്ല.

ശിക്ഷണം എന്നാല്‍ കേവലം നേരമ്പോക്കല്ല; നേരായ വഴിയിലേക്കുള്ള ചൂണ്ടുപലകയാണ്. മാനസികോല്ലാസം വികസിപ്പിച്ചെടുക്കാന്‍ വിവിധ വഴികളുണ്ട്. കളിയും കാര്യവും സമന്വയിക്കുമ്പോഴേ പുതിയൊരു സംസ്‌കാരം ഉടലെടുക്കൂ. ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണെന്ന ചിന്ത എല്ലാവര്‍ക്കും വേണം. പ്രബോധനം ലക്കം 2924-ല്‍ ഡോ. ജാസിമുല്‍ മുത്വവ്വ കുറിച്ചിട്ട 'കളിയും കാര്യവും' ഇന്നത്തെ ന്യൂജനറേഷന്‍ ഗൗരവത്തിലെടുക്കേണ്ട നല്ലൊരു കുറിപ്പായി.

ആചാരി തിരുവത്ര, ചാവക്കാട്

നിര്‍മിക്കപ്പെടുന്ന ജനവിധി

രണം നടത്തിയിരുന്നവരുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയും. പുതുതായി മത്സരിക്കുന്നവരുടെ വരുംകാലത്തേക്കുള്ള വാഗ്ദാനങ്ങള്‍ വിശകലനം ചെയ്തും കൂടുതല്‍ മികച്ചവരെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പുകളിലൂടെ രാജ്യത്തെ പൗരന്മാര്‍ക്ക് കൈവരുന്നത്. കാര്യക്ഷമത കൊണ്ടും നടത്തിപ്പിലെ സുതാര്യത കൊണ്ടും ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വ്യവസ്ഥ ഏറെ മികവുറ്റതാണ്. എന്നാല്‍, പൗരബോധത്തിന്റെ കുറവിനാലും ഉത്തരവാദിത്ത നിര്‍വഹണത്തിലെ ഉദാസീനത മൂലവും തങ്ങളുടെ സമ്മതിദാനാവകാശം അര്‍ഹിക്കുന്ന ഗൗരവത്തോടെയും ശ്രദ്ധയോടെയും വിനിയോഗിക്കാന്‍ അധിക വോട്ടര്‍മാര്‍ക്കും സാധിച്ചില്ലെന്ന് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പറയാന്‍ കഴിയും.

ഓരോ നാടിന്റെയും അടിസ്ഥാന പ്രശ്‌നങ്ങളും അവ പരിഹരിക്കുന്നതിന് ഭരിച്ചിരുന്നവര്‍ നടത്തിയ ഇതഃപര്യന്തമുള്ള ശ്രമങ്ങളും ചര്‍ച്ചക്ക് വെക്കാതെ വോട്ടര്‍മാരെ സമര്‍ഥമായി കബളിപ്പിക്കുന്ന സമീപനമാണ് പ്രചാരണ രംഗത്ത് മുഖ്യധാരാ പാര്‍ട്ടികള്‍ മുന്നണി ഭേദമന്യേ സ്വീകരിച്ചത്. പരസ്പരം മത്സരിക്കുകയോ അത്തരം ഒരു പ്രതീതി സൃഷ്ടിക്കുകയോ ചെയ്ത പാര്‍ട്ടികളും മുന്നണികളും, രാഷ്ട്രീയ -ഭരണ രംഗങ്ങളുടെ ശുദ്ധീകരണം ലക്ഷ്യം വെച്ചിറങ്ങിയ നവ രാഷ്ട്രീയ പാര്‍ട്ടികളെ തുരത്തുന്നതില്‍ ഒറ്റക്കെട്ടായിരുന്നു. വോട്ടര്‍മാരെ സാമ്പത്തികവും മറ്റുമായ പ്രലോഭനങ്ങളില്‍ വീഴ്ത്താനും വൈകാരികമായ വിഷയങ്ങളില്‍ തളച്ചിടാനും അവര്‍ ബദ്ധശ്രദ്ധരായിരുന്നു. ഫലമോ കാലങ്ങളായി തങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരുടെ ഭരണ നുകത്തിന് കീഴില്‍ ഒതുങ്ങി ഏന്തിവലിയുന്നത് തുടരുക എന്ന ദുര്‍വിധി തന്നെ വീണ്ടും.

ഫാത്വിമ ഹസി, പടിഞ്ഞാറങ്ങാടി

'അന്താരാഷ്ട്ര ബദല്‍ വേദി'

ലോക രാഷ്ട്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ ഐക്യരാഷ്ട്രസഭക്ക് ആവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞു. ഇനിയൊരു പുതിയ ബദലാണ് വേണ്ടത്. അതിന് നേതൃത്വം കൊടുക്കാന്‍ ശേഷിയുള്ളവര്‍ മുന്നോട്ടുവരേണ്ട സന്ദര്‍ഭമാണിത്.

അബ്ദുല്‍ മലിക് മുടിക്കല്‍

ബഹുമത സംസ്‌കാരമാണ് 
ഇന്ത്യയുടെ ശക്തി

ലോകത്തിന് മാതൃകയായി എടുത്തു പറഞ്ഞിരുന്ന മതേതര രാഷ്ട്രമായിരുന്ന ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി എന്താണ്? മത വിശ്വാസങ്ങളുടെ പേരിലോ ആദര്‍ശങ്ങളുടെ പേരിലോ രക്തച്ചൊരിച്ചിലില്ലാത്ത ഒരു ദിവസമെങ്കിലും ഇന്ന് ഇന്ത്യയില്‍ കടന്നുപോകുന്നുണ്ടോ?

നുഷ്യവംശത്തിന്റെ നിലനില്‍പു തന്നെ സമാധാനത്തിലും സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമാണ്. എല്ലാ മതങ്ങളും ഇതിനു വേണ്ടി തന്നെയാണ് നിലകൊള്ളുന്നത്. ഇതിന്റെ ധ്വംസനം രക്തച്ചൊരിച്ചിലിലാണ് കലാശിക്കുന്നത്. നാനാ മതസ്ഥര്‍ നൂറ്റാണ്ടുകളായി ഒരുമയോടെ കഴിഞ്ഞിരുന്ന ഇടമാണ് ഭാരതം.

പ്രഫ. എ. നബീസത്ത് ബീവി

എതിര്‍ ശബ്ദങ്ങളുടെ ഭാവി

സഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിലെത്തിയിരിക്കുന്നു. കല്‍ബുര്‍ഗിയുടെ വധത്തിനു ശേഷം ദലിത് എഴുത്തുകാരനായ ഹുഛംഗി പ്രസാദിന്റെ കൈവെട്ടി മാറ്റിയിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ ശക്തി പ്രയോഗിച്ച് നിശ്ശബ്ദമാക്കാമെന്നാണ് ഫാഷിസ്റ്റുകള്‍ വിചാരിക്കുന്നത്. അത് വ്യാമോഹം മാത്രമാണെന്ന് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന പ്രതികരണങ്ങള്‍ തെളിയിക്കുന്നു.

ജെസല്‍ കമറുദ്ദീന്‍, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ്

Comments