Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 8

അന്ധന്‍

ആഖിബ് മിസ്ബാഹ്

താമസസ്ഥലത്തുനിന്ന് അല്‍പം ദൂരമുള്ള പള്ളിയിലേക്ക് വേഗത്തിലെത്താമെന്ന് കരുതിയാണ് വാഹനത്തില്‍ പുറപ്പെട്ടത്. ടാറിട്ട റോഡിലേക്ക് കയറിയപ്പോള്‍ തന്നെ അടുത്ത കോണില്‍ വെള്ളിക്കെട്ടുള്ള ഊന്നുവടിയുമായി നില്‍ക്കുന്ന ആ വൃദ്ധനെ കണ്ടു. പ്രായം ചെന്ന്, താടിയും മുടിയും നര ബാധിച്ചിട്ടുണ്ട്. റോഡിന്റെ എതിര്‍ സൈഡിലാണ് വൃദ്ധന്‍. അദ്ദേഹത്തെ കൂടെ കൊണ്ടുപോകാമെന്ന് മനസ്സില്‍ കരുതി. അദ്ദേഹം പള്ളിയിലേക്ക് നടന്ന് ക്ലേശിക്കേണ്ടല്ലോ.
വാഹനത്തിന്റെ ശബ്ദം കേട്ട് അയാള്‍ കൈ ഉയര്‍ത്തി. വാഹനത്തിലിരുന്ന് നോക്കിയപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, അദ്ദേഹം അന്ധനാണ്. ഇറങ്ങിച്ചെന്ന് റോഡ് മുറിച്ചുകടക്കാനും ഡോര്‍ തുറന്ന് വാഹനത്തില്‍ കയറാനും സഹായിക്കണമെന്ന് ഭാവിച്ചപ്പോഴേക്കും ഞൊടിയിടകൊണ്ട് റോഡ് കടന്ന് അദ്ദേഹം വാഹനത്തിനകത്തെത്തി.
കണ്ണുകളുടെ ഭാഗത്ത് ചര്‍മം മാത്രം. നീലയോ ചുവപ്പോ നിറമില്ല; ചര്‍മം മാത്രം. പൂര്‍ണ അന്ധന്‍. സീറ്റില്‍ കയറിയിരുന്ന് വാതില്‍ ഒന്നുകൂടി തുറന്നടച്ചു. അദ്ദേഹത്തിന്റെ മേല്‍ വസ്ത്രത്തിന്റെ അഗ്രം അതിനകത്ത് പെട്ടിരുന്നത് അദ്ദേഹം അറിഞ്ഞിരുന്നു എന്ന് അതില്‍നിന്നെനിക്ക് ബോധ്യമായി. ഹസ്തദാനത്തിന് എന്റെ നേരെ കൈ നീട്ടിക്കൊണ്ട് സ്വയം പരിചയപ്പെടുത്തി. കൂട്ടത്തില്‍ പറഞ്ഞു: ''മകന്‍ ജോലിക്ക് പോയതാണ്. പള്ളിയിലേക്ക് കൂട്ടാന്‍ സഹോദരന്റെ മകന്‍ വരാമെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ അവന്റെ മൊബൈല്‍ സ്വിച്ച് ഓഫാണ്. എന്ത് സംഭവിച്ചു എന്നറിയില്ല. അവന്‍ സാധാരണ അത് ഓഫാക്കാറില്ല.''
ഞാനയാളെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു: ''ഒന്നും സംഭവിച്ചിരിക്കില്ല. എന്തെങ്കിലും തിരക്കില്‍ പെട്ടതിനാല്‍ നിവൃത്തിയില്ലാതെ ഓഫാക്കിയതായിരിക്കും.''
''നമ്മള്‍ പള്ളിയിലെത്താന്‍ വൈകിയിട്ടുണ്ടാവില്ലെന്ന് കരുതാം. നമസ്‌കാരം കഴിഞ്ഞിട്ടുണ്ടാവില്ലെന്നും'' ഞാന്‍ പറഞ്ഞു.
''ഖുത്വ്ബ കേള്‍ക്കുന്നില്ലേ, നാം സമയത്തിന് തന്നെ എത്തിയിട്ടുണ്ട്''- വൃദ്ധന്‍.
അന്ധനാണെങ്കിലും അയാള്‍ വാഹനത്തില്‍ നിന്നിറങ്ങി വാതിലടച്ച് നേരെ പള്ളിയിലേക്ക് നടന്നു. കൈ പിടിക്കാമെന്ന് ഭാവിച്ച എന്റെ ഒരു വാര മുന്നില്‍ അദ്ദേഹം പള്ളിയിലെത്തിയിരുന്നു. അപ്പോഴും ഞാന്‍ ഓര്‍ത്തു. കാഴചക്കുറവ് മാത്രമാണോ അതോ പൂര്‍ണ അന്ധനോ?
നമസ്‌കാരം കഴിഞ്ഞ് അല്‍പസമയം പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടി ഞാന്‍ വൃദ്ധനെ പ്രതീക്ഷിച്ച് നിന്നു. പുറത്ത് അദ്ദേഹം എന്നെ കാത്ത് നില്‍ക്കുന്നുണ്ടാവുമോ? അതോ മറ്റാരുടെ കൂടെയെങ്കിലും തിരിച്ചുപോയോ? ഞാന്‍ മാത്രമല്ലല്ലോ വാഹനമുള്ളയാള്‍! മറ്റുള്ളവരെ സഹായിക്കുന്ന മനസ്സുള്ളത് എനിക്ക് മാത്രമല്ലല്ലോ!
''നിങ്ങള്‍ തിരിച്ച് വീട്ടിലേക്ക് തന്നെയല്ലേ?'' ഈ ചോദ്യം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. അപ്പോഴും അദ്ദേഹം അന്ധന്‍ തന്നെയോ എന്ന സംശയം എന്നില്‍ ശക്തിപ്പെട്ടു.
വെള്ള വടിയും ഊന്നി നടക്കുന്ന വൃദ്ധന്റെ കൂടെ നടന്ന് ഞാന്‍ ശ്രദ്ധയില്ലാതെ എന്റെ വാഹനവും കടന്ന് പോകുമെന്നായപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു: ''ഇവിടെയാണ് നിങ്ങളുടെ കാറുള്ളത്; പിന്നെ എവിടെപ്പോകുന്നു?''
വാഹനത്തില്‍ കയറിയ വൃദ്ധന്റെ കണ്ണുകളുടെ ഭാഗത്ത് ചര്‍മം മൂടി നില്‍ക്കുന്നത് ഒരിക്കല്‍ കൂടി നോക്കി ഉറപ്പുവരുത്തിയ ഞാന്‍ മനസ്സില്‍ പറഞ്ഞു: ''ഞാനാണ് അന്ധന്‍; എന്റെ ചിന്തകളും.''

ഃഃ ഃഃ ഃഃ ഃഃ
സുഡാനിലെ യുവകഥാകൃത്താണ് ആഖിബ് മിസ്ബാഹ്. നിരവധി കഥകളുടെ കര്‍ത്താവായ ആഖിബ് കവിതകളും എഴുതാറുണ്ട്. 1980-ല്‍ ജനിച്ചു. ബ്ലോഗിലും നെറ്റിലും സൃഷ്ടികള്‍ പ്രകാശിപ്പിക്കുന്ന ഇദ്ദേഹത്തിന്റേതായി കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്.
വിവ: അസ്ഹര്‍

Comments