കമ്യൂണിസത്തില്‍നിന്ന് വന്നവര്‍
വിഭക്ത ഭാരതത്തില്‍ 1948 ല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി സ്ഥാപിതമായതു മുതല്‍ പ്രസ്ഥാനവുമായി തുടക്കം മുതലേ ബന്ധം പുലര്‍ത്തിയ ആളെന്ന നിലയില്‍ ഞാന്‍ ഓര്‍ക്കുന്നത്: മുസ്ലിം സമുദായത്തിലെ രണ്ടു വിഭാഗം ആളുകളാണ് ആദ്യഘട്ടത്തില്‍ ജമാഅത്തില്‍ ആകൃഷ്ടരായത്. ഒന്ന്, കമ്യൂണിസത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്, മാറ്റവും വിപ്ളവവും കൊതിച്ച ഇടത്തരം ബുദ്ധിജീവികളും യുവാക്കളും സാധാരണക്കാരും. രണ്ട്, ഇസ്ലാഹി-മുജാഹിദ് പ്രവര്‍ത്തകര്‍.
കമ്യൂണിസം ലോകമെങ്ങും ഒരു മലവെള്ളപ്പാച്ചല്‍പോലെ വളര്‍ന്ന്, പടര്‍ന്ന് കയറുന്ന കാലഘട്ടമായിരുന്നു അത്. സ്വാഭാവികമായും പുതിയൊരു ജീവിതത്തിന് വേണ്ടി ദാഹിക്കുന്ന കേരള ജനത അതില്‍ വല്ലാതെ ആകൃഷ്ടരായി. വലിയ തോതിലല്ലെങ്കിലും, മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗവും കമ്യൂണിസ്റു പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. അന്നത്തെ കമ്യൂണിസത്തിന്റെ മുന്നേറ്റം കണ്ടാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം, ലോകത്തിന്റെ മിക്കഭാഗങ്ങളും, നമ്മുടെ നാടും തീര്‍ത്തും കമ്യൂണിസ്റാകും എന്ന പ്രതീതിയാണ് ഉളവായിരുന്നത്. കമ്യൂണിസ്റു പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ആകാശത്തോളം ഉയര്‍ന്നതായിരുന്നു. ഉര്‍ദുഭാഷയിലെ ഒരു കമ്യൂണിസ്റ് മുദ്രവാക്യം ഇങ്ങനെ:
ഹമാരി ഖുവ്വത്തോം കാ പൂഛ്നാ ക്യാ
ഹമാരേ ഹാത്മേം ഹെ ലാല് ഝണ്‍ടാ
യെ ഝണ്‍ടാ ജിസ്കൊ ഹം ഊന്‍ചാ കരേംഗെ
(നമ്മുടെ ശക്തിയെകുറിച്ച് എന്തു പറയാന്‍, നമ്മുടെ കൈകളില്‍ ചെങ്കൊടിയാണ്. ഈ ചെങ്കൊടി നാം ആകാശത്തിലേക്കുയര്‍ത്തും). കമ്യൂണിസ്റുകാരുടെ ജീവിതത്തെയും വികാരങ്ങളെയും ഇളക്കി മറിക്കുന്ന പ്രഖ്യാപനമായിരുന്നു ഇത്തരം വരികള്‍. 'ചെങ്കോട്ടയിലും ചെങ്കൊടി പാറും' എന്നു കേരളത്തിലെ സഖാക്കള്‍ മുദ്രാവാക്യം വിളിച്ചത്, ആത്മാര്‍ഥമായ വിശ്വാസത്തോടെ തന്നെയായിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ 1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോഴുള്ള സഖാക്കളുടെ ആഹ്ളാദ പ്രകടനം ഞാന്‍ നേരില്‍ കണ്ടതാണ്. അത് വെറുമൊരു തെരഞ്ഞെടുപ്പ് വിജയാഹ്ളാദമായിരുന്നില്ല; കമ്യൂണിസത്തെക്കുറിച്ച ഭാവി സ്വപ്നങ്ങളുടെ വിളംബരമായിരുന്നു. "ഞെട്ടിപ്പിക്കും, ഞെട്ടിപ്പിക്കും, കുട്ടിസഖാക്കള്‍ ഞെട്ടിപ്പിക്കും'' എന്ന ജയഭേരി കേട്ട് സത്യത്തില്‍ പലരും ഞെട്ടിപ്പോയിരുന്നു. കമ്യൂണിസ്റു മൂല്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടവരായിരുന്നു അന്നത്തെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. ഒരു സമ്പൂര്‍ണ വിപ്ളവത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതില്‍ കമ്യൂണിസ്റ് പ്രസ്ഥാനം വിജയിച്ച് മുന്നേറുകയായിരുന്നു.
വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിക്കുന്ന കാലത്ത് വഴിയോരങ്ങളില്‍ ഒരാള്‍ ഇരിക്കുന്നത് കാണാറുണ്ടായിരുന്നു. കുറേ പുസ്തകങ്ങള്‍ കൂട്ടിനുണ്ടാകും. വലിയ കാര്യഗൌരവത്തിലാണ് ഇരിപ്പ്. അധികമാരും അയാളെ ഗൌനിക്കുന്നുണ്ടാകില്ല. ആരെങ്കിലും സംസാരിക്കാന്‍ ചെന്നാലോ, വലിയ താല്‍പര്യത്തില്‍ വര്‍ത്തമാനം പറയും. കമ്യൂണിസ്റുകാരനായ സാധു അഹ്മദ് കുട്ടിയായിരുന്നു അതെന്ന് പിന്നീടാണ് ഞാന്‍ അറിയുന്നത്. പുസ്തക വില്‍പനയിലൂടെ അദ്ദേഹം കമ്യൂണിസം പ്രചരിപ്പിക്കുകയായിരുന്നു. വലിയ ആളാണെങ്കിലും വഴിയരികിലിരുന്ന് പുസ്തകം വില്‍ക്കുന്നതിലൊന്നും അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെയാണ് കമ്യൂണിസം ജനമനസുകളില്‍ വേരുകളാഴ്ത്തിയത്.
തൊട്ടടുത്ത കാലഘട്ടത്തിലാണ് ജമാഅത്തെ ഇസ്ലാമി ലളിതമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ കാലൂന്നുന്നത്. ചെറിയ പ്രസ്ഥാനമാണെങ്കിലും ഉറച്ച കാല്‍വെപ്പുകളോടെ പുതിയ ഒരു ജീവിത ദര്‍ശനവും വ്യവസ്ഥിതിയും കരുത്തുറ്റ ശൈലിയില്‍ ജനസമക്ഷം സമര്‍പ്പിച്ചുകൊണ്ടാണ് ഓരോ ചുവടും പ്രസ്ഥാനം മുന്നോട്ടു വെച്ചിരുന്നത്. ജമാഅത്തും ഇസ്ലാമും അന്ന് മാര്‍ക്സിസ്റു പ്രസ്ഥാനത്തിന്റെ പ്രഥമ പരിഗണനയില്‍ ഉള്‍പ്പെട്ടിരിക്കുകയില്ല. എന്നാല്‍, കമ്യൂണിസ്റുകാരായ മുസ്ലിം യുവജനത്തില്‍ ജമാഅത്തിന്റെ രംഗപ്രവേശം ചലനവും ആന്തോളനവും സൃഷ്ടിക്കുക തന്നെ ചെയ്തു. ഒരു വിഭാഗം മുസ്ലിം യുവാക്കളും തൊഴിലാളികളും ഇസ്ലാമിക വ്യവസ്ഥയുടെ അവതരണത്തില്‍ ആകൃഷ്ടരായി കമ്യൂണിസ്റു പ്രസ്ഥാനത്തില്‍ നിന്ന് ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് അടര്‍ന്നു വരികയുണ്ടായി. അവരിലൊരാളായിരുന്നു, സാഹിത്യ തല്‍പരനും കുറ്റ്യാടി, വേളം പ്രദേശത്തെ കമ്യൂണിസ്റ് ബുദ്ധിജീവിയുമായിരുന്ന ഇ.ജെ മമ്മു സാഹിബ്.
ആലപ്പുഴയിലെ തൊഴിലാളി നേതാവായ യൂസുഫ് സാര്‍ മറ്റൊരു സജീവ പ്രവര്‍ത്തകനായിരുന്നു. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ പ്രപഞ്ചയാഥാര്‍ഥ്യങ്ങളും ലോകസംഭവങ്ങളും വിലയിരുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രൌഢോജ്വലമായ പ്രഭാഷണം ആലപ്പുഴയിലെ ഒരു സമ്മേളനത്തില്‍ ഞാന്‍ നേരില്‍ കേട്ടതാണ്. മധ്യകേരളത്തില്‍ ജമാഅത്തിലേക്ക് വന്ന ഒരു മാര്‍ക്സിസ്റു പ്രവര്‍ത്തകന്റെ പേര് 'മോസ്കോ മൌലവി' എന്നായിരുന്നു. ജമാഅത്തിലും 'മോസ്കോ മൌലവി' എന്നുതന്നെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അത്രത്തോളം കമ്യൂണിസത്തില്‍ ലയിച്ച ആളായിരുന്നതുകൊണ്ടാകണം ഈ പേര് സിദ്ധിച്ചത്. മാര്‍ക്സിസത്തില്‍നിന്ന് വന്നയാളെന്ന നിലയില്‍ അവസാനം വരെ ആ പേര് നിലനില്‍ക്കുകയും ചെയ്തു. ആലുവ തായിക്കാട്ടുകര സ്വദേശിയായ അദ്ദേഹത്തിന്റെ അസ്സല്‍ പേര് അബ്ദുല്‍ഖാദര്‍ മൌലവി എന്നാണെന്ന് ഓര്‍ക്കുന്നു.
ഓര്‍മയിലുള്ള ഒന്നു രണ്ട് വ്യക്തികളെ സൂചിപ്പിച്ചുവെന്നല്ലാതെ, വളരെ ചെറുതായിരുന്നില്ല ആ സംഘം. ഡസന്‍ കണക്കിന് പ്രവര്‍ത്തകരെ ഈ തരത്തില്‍ എണ്ണിപ്പറയാന്‍ സാധിക്കും. മുമ്പൊരിടത്ത് സൂചിപ്പിച്ചപോലെ, ബീഡിതെറുപ്പുകാരായ കമ്യൂണിസ്റ് തൊഴിലാളികളില്‍ ഒരു വിഭാഗവും പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയുണ്ടായി. ഇതിനൊക്കെ അടിസ്ഥാനമായി വര്‍ത്തിച്ചത് സാമൂഹിക മാറ്റത്തിനും പുതിയൊരു വ്യവസ്ഥിതിക്കും വേണ്ടി അവരുടെ ഉള്ളിലുണ്ടായിരുന്ന അടങ്ങാത്ത ദാഹമായിരുന്നു. ഇസ്ലാമില്‍കൂടിത്തന്നെ പുതിയൊരു ലോകം സാധ്യമാണെങ്കില്‍ പിന്നെന്തിന് ഇസ്ലാമികേതരമോ ഇസ്ലാമിക വിരുദ്ധമോ ആയ പ്രസ്ഥാനത്തിലേക്ക് പോകണം എന്നതായിരുന്നു ജമാഅത്തിന്റെ പ്രബോധനം അവരുടെ മനസില്‍ സൃഷ്ടിച്ച ചോദ്യം. ഇസ്ലാമിനെ പരിമിതാര്‍ഥത്തിലുള്ള ഒരു മതരൂപമായിട്ടല്ല, ആത്മീയതയും സാമൂഹികതയുമുള്‍പ്പെടെ ജീവിതത്തിന്റെ ഒരു സമ്പൂര്‍ണ വ്യവസ്ഥിതിയായിട്ടാണ് ജമാഅത്ത് സമര്‍പ്പിച്ചത്. മതവും ആത്മീയതയും ആ വ്യവസ്ഥയുടെ മുഖ്യഭാഗമായതോടുകൂടിത്തന്നെ, ജീവല്‍ സ്പര്‍ശിയായ ഒരു പ്രസ്ഥാനമെന്ന നിലയിലുള്ള ഇസ്ലാമിന്റെ ആവിഷ്കാരം പരിവര്‍ത്തന ദാഹികളായ മുസ്ലിം യുവസമൂഹത്തെ ഹഠാദാകര്‍ഷിക്കുകയുണ്ടായി. ഇതാണ് ജമാഅത്തെ ഇസ്ലാമിയിലേക്ക് കമ്യൂണിസ്റു പ്രസ്ഥാനത്തില്‍നിന്ന് ധാരാളം പേര്‍ വന്നു ചേരാനുണ്ടായ പ്രചോദനം.
എന്റെ പ്രദേശമായ കുറ്റ്യാടിയില്‍ വളരെ ഹരം പിടിപ്പിക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും ഇസ്ലാമും കമ്യൂണിസവും തമ്മില്‍ അരങ്ങേറിയിട്ടുണ്ട്. അതിന്റെ ഫലമാണ് ഇ.ജെ മമ്മു സാഹിബിനെപോലുള്ളവരുടെ പരിവര്‍ത്തനം.
കുറ്റ്യാടി വടകര മേഖലയിലെ കരുത്തനായ മുസ്ലിം കമ്യൂണിസ്റ് നേതാവും സംഘാടകനും ആയിരുന്നു സഖാവ് ടി.കെ.കെ അബ്ദുല്ല. വളരെ ആത്മാര്‍ഥതയുള്ള കമ്യൂണിസ്റുകാരന്‍. സ്വാതന്ത്യ്ര പ്രസ്ഥാനത്തില്‍ പങ്കാളിയായി ജയില്‍വാസം വരിച്ചിട്ടുണ്ട്. കമ്യൂണിസ്റു പക്ഷത്തുനിന്ന് ജമാഅത്തെ ഇസ്ലാമിയെ വിചാരണ ചെയ്യുന്നവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നു ടി.കെ.കെ അബ്ദുല്ല. ചില ജമാഅത്ത് പരിപാടികളില്‍ അദ്ദേഹം ഉന്നയിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സദസില്‍ മറുപടി പറയാന്‍ സമയം പരിമിതമായതുകൊണ്ട് പ്രബോധനത്തില്‍ കൂടി വിശദീകരണം നല്‍കുകയാണുണ്ടായത്. ഇത്തരം ആശയപരമായ തീവ്രസംവാദവും സൌഹൃദ സമ്പര്‍ക്കങ്ങളും വളരെ ഹൃദ്യമായ അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ആശയപരിവര്‍ത്തനത്തിന് വാതില്‍ തുറന്നു കിട്ടുകയും ചെയ്തു. ജീവിതത്തിന്റെ അന്ത്യനാളുകളില്‍ ടി.കെ.കെ അബ്ദുല്ല ഹാജിയുടെ മനസ് മാറി എന്നത് വ്യാപകമായി അറിയപ്പെടാത്തതും കുറ്റ്യാടി മേഖലയില്‍ അത്തരം കാര്യങ്ങള്‍ അറിയുന്നവര്‍ക്കു നന്നായി ബോധ്യപ്പെട്ടതുമായ വസ്തുതയാണ്. കുറ്റ്യാടി ഇസ്ലാമിയാ കോളേജിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ടി.കെ.കെ ഒരു ലേഖനം അച്ചടിച്ചിറക്കിയിരുന്നു. ജമാഅത്തെ ഇസ്ലാമിയെയും ഹാജിസാഹിബിനെയും കെ.സിയെയും ഇസ്ലാമിയാ കോളേജിനെയും മുക്തകണ്ഠം പ്രശംസിച്ചിരുന്നു അതില്‍. എന്നു മാത്രമല്ല, ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ അന്ത്യകാലത്ത് ടി.കെ.കെ ആഗ്രഹിച്ചിരുന്നതായി എനിക്ക് നേരിട്ടറിയാവുന്നതാണ്. അതിനിടയിലാണദ്ദേഹം മരണപ്പെട്ടത്. എന്നാല്‍ കമ്യൂണിസ്റു വൃത്തങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നില്ല. ഇക്കാര്യം പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ വല്ലാതെ താല്‍പര്യം കാണിച്ചിരുന്നുമില്ല. ആലപ്പുഴയിലെ ഹസന്‍ ബാവ മാസ്റര്‍, തൃശൂരിലെ ബീരാവു, കൊല്ലത്തെ അബ്ദുല്‍ഹകീം ഉള്‍പ്പെടെയുള്ള പലരും ഇങ്ങനെ കമ്യൂണിസത്തില്‍നിന്ന് മാറി വന്നിട്ടുള്ളവരാണ്. അബ്ദുല്‍ ഹകീം സാഹിബിന്റെ അനുഭവങ്ങള്‍ സദ്റുദ്ദീന്‍ വാഴക്കാട് നേരത്തെ പ്രബോധനത്തില്‍ എഴുതിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ആശയസംവാദത്തിലൂടെ കമ്യൂണിസ്റ് മുസ്ലിം യുവാക്കളെ ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി വലിയ പങ്കു വഹിക്കുകയുണ്ടായി എന്നാണ് ഇതെല്ലാം വ്യക്തമാക്കിത്തരുന്നത്. പ്രായോഗിക രാഷ്ട്രീയത്തില്‍ അടിയന്തരാവസ്ഥയിലും മറ്റും പാര്‍ട്ടിക്കൊപ്പം നിന്നപ്പോഴും ആദര്‍ശനിലപാടുകളിലെ വ്യത്യസ്തത ശക്തിയായി ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി.
കമ്യൂണിസ്റുകളുമായി ആദര്‍ശപരമായ ഏറ്റുമുട്ടലുകളും ഇടപെടലുകളും നടത്തിയിട്ടുള്ള മുസ്ലിം സംഘടന ജമാഅത്തെ ഇസ്ലാമിയാണ്. അപൂര്‍വം ചില സംഘടനകള്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ടാകാം എന്നതൊഴിച്ചാല്‍, ഇസ്ലാമിക ജീവിതവ്യവസ്ഥ സമര്‍പ്പിച്ച് കമ്യൂണിസത്തെ സൈദ്ധാന്തിക സംവാദങ്ങളിലൂടെ പ്രതിരോധത്തിലാക്കുന്ന രീതിയൊന്നും ഇതര മുസ്ലിം സംഘടനകള്‍ക്ക് ഉണ്ടായിരുന്നില്ല. വിപ്ളവത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമെന്ന നിലയിലും ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയുടെ വക്താക്കളെന്ന നിലയിലും ഇസ്ലാമിക പ്രസ്ഥാനത്തിനു മാത്രമേ ഒപ്പത്തിനൊപ്പം നിന്ന് അവരോട് സംസാരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മറ്റു മുസ്ലിം സംഘടനകള്‍ മത മേഖല മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. കമ്യൂണിസം മതത്തിന് എതിരാണോ, അല്ലേ എന്ന ചര്‍ച്ച മതസംഘടനകള്‍ നടത്തിയിരുന്നു. 'കമ്യൂണിസ്റുകാര്‍ക്ക് മതമില്ല, ദൈവമില്ല' എന്നൊക്കെ മതപക്ഷത്തുനിന്ന് അവര്‍ പറയും. സോവിയറ്റ് യൂനിയനില്‍ മതവിശ്വാസികളും ആരാധനാലയങ്ങളുമുണ്ടെന്ന് മറുഭാഗത്തുനിന്ന് കമ്യൂണിസ്റുകാരന്‍ വാദിക്കും. ആ തരത്തിലുള്ള ചര്‍ച്ചകളല്ലാതെ, ദാര്‍ശനികവും സൈദ്ധാന്തികവുമായ സംവാദങ്ങള്‍ മതസംഘടനകള്‍ നടത്തിയതായി അറിയില്ല.
കമ്യൂണിസ്റുകാരനായ മായന്‍ മൌലവി ചിരിക്കാനും ചിന്തിക്കാനും വക നല്‍കിയ ഒരു കഥാപാത്രമായിരുന്നു. കണ്ടാല്‍ മൌലവിയെന്ന വിശേഷണം അര്‍ഹിക്കുന്ന യാതൊന്നും അദ്ദേഹത്തിലുണ്ടായിരുന്നില്ല. മുഷിഞ്ഞ ഖദര്‍വസ്ത്രം. ബട്ടനിടാത്ത ഷര്‍ട്ട്. താടിയോ തലപ്പാവോ ഇല്ല. സ്റേജില്‍ കയറിയാല്‍ ഖുര്‍ആന്‍ ആയത്തും ഹദീസും ഓതി, ചേരുംപടി അര്‍ഥം പറഞ്ഞ് കമ്യൂണിസത്തിന് അനുകൂലമായി പ്രസംഗിക്കും. കേള്‍ക്കാന്‍ ബഹുരസമായിരിക്കും. അവതരണത്തിലെ ശരി തെറ്റുകളല്ല ആളുകള്‍ ശ്രദ്ധിക്കുക, അദ്ദേഹത്തിന്റെ ഫലിതങ്ങളും ശൈലികളുമാണ്. വളാഞ്ചേരിക്കടുത്ത തൊഴുവാനൂരില്‍ ഒരു ജമാഅത്ത് യോഗം നടക്കുകയായിരുന്നു. ഹാജി സാഹിബും ഞാനും യു.കെ ഇബ്റാഹിം മൌലവിയുമായിരുന്നു പ്രസംഗകര്‍ (ആ യോഗത്തില്‍ ഏറ്റവും നല്ല പ്രസംഗം യു.കെയുടേതായിരുന്നുവെന്ന് ഇപ്പോഴും ഓര്‍മയിലുണ്ട്). മായന്‍ മൌലവി എങ്ങനെയോ സ്ഥലത്തെത്തി. പ്രസംഗിക്കാന്‍ അവസരം ചോദിച്ചു. സാധാരണ, കമ്യൂണിസ്റ് സ്റേജുകളിലാണ് അദ്ദേഹം പ്രസംഗിക്കാറുള്ളത്. എങ്കിലും ഹാജി സാഹിബ് അദ്ദേഹത്തിന് സമ്മതം നല്‍കി. കമ്യൂണിസ്റുകാരെ മുന്‍ നിറുത്തിയായിരുന്നു മായന്‍ മൌലവിയുടെ പ്രസംഗം. "സഖാക്കളേ, കമ്യൂണിസത്തിനുവേണ്ടി ഞാന്‍ പ്രസംഗിക്കാറുണ്ട്. ഇനിയും പ്രസംഗിക്കും. പക്ഷേ, ഞങ്ങളുടെ ഇസ്ലാമിനോട് കളിക്കണ്ട. കളിച്ചാല്‍ നിങ്ങള്‍ വിജയിക്കില്ല. ഒരു കമ്യൂണിസവും ഇസ്ലാമിനു മുമ്പില്‍ പിടിച്ചു നില്‍ക്കില്ല....'' എന്ന രീതിയിലുള്ളതായിരുന്നു പ്രസംഗം. കേള്‍ക്കാന്‍ നല്ലരസം. വല്ലാതെ നീണ്ടപ്പോള്‍ ഹാജിസാഹിബ് സമയത്തെക്കുറിച്ച് സൂചനകൊടുത്തു. ഉടന്‍ അദ്ദേഹം ഹാജിസാഹിബിലേക്ക് തിരിഞ്ഞു: "ഇസ്ലാം നിങ്ങളുടെയൊന്നും കുത്തകയല്ല. അങ്ങനെ കുത്തകയാക്കാന്‍ നോക്കുകയും വേണ്ട. എല്ലാവരുടെയും ഇസ്ലാമാണിത്'' എന്നുപറഞ്ഞു കുറച്ചു കൂടി പ്രസംഗിച്ചു. സദസ് ചിരിച്ചുകൊണ്ട് അത് കേട്ടുനിന്നു. ഒരിക്കല്‍ എവിടെയോ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍, മൂത്രമൊഴിച്ച് ശുചീകരിച്ചില്ല എന്ന് എതിരാളികള്‍ അദ്ദേഹത്തെ വിമര്‍ശിച്ചുവത്രെ. പ്രസംഗത്തില്‍ വിഷയം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "ഇവിടെ വന്നപ്പോള്‍ കേട്ടത്, ഞാന്‍ മൂത്രമൊഴിച്ച് ശുചീകരിച്ചോ ഇല്ലയോ എന്ന വര്‍ത്തമാനമാണ്. മായന്‍ മൂത്രിമൊഴിച്ചിട്ട് ശുചീകരിച്ചോ എന്ന് 'നോക്കാന്‍' ഇവിടെ ആളുണ്ടായി! എന്നാല്‍ മായന്‍ ചായ കുടിച്ചോ, ചോറ് തിന്നോ എന്നൊന്നും ചോദിക്കാന്‍ ഒരൊറ്റ ഇസ്ലാമിനെയും ഞാന്‍ ഇവിടെ കണ്ടിട്ടില്ല. ഇങ്ങനെയാണോ ഒരു നാട്ടില്‍ വന്നാല്‍ ഒരാളോട് പെരുമാറേണ്ടത്? ആദ്യം നിങ്ങള്‍ വിശപ്പിന്റെ കാര്യമല്ലേ ചിന്തിക്കേണ്ടത്? അതുകൊണ്ടല്ലേ, ഞാന്‍ കമ്യൂണിസ്റുകാരുടെ കൂടെ കൂടിയത്! - മായന്‍ മൌലവി ഇത് പറഞ്ഞുതീരുമ്പോള്‍ വിമര്‍ശകരായ സമുദായ സംഘടനക്കാരുടെ അവസ്ഥയെന്തായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ! മായന്‍ മൌലവി എന്ന ഹാസ്യകഥാപാത്രം ഒരു കാലഘട്ടത്തിന്റെ സാക്ഷിയാണ്.
എന്റെ പ്രായത്തിലുള്ള ചെറുപ്പക്കാര്‍ ആ കാലഘട്ടത്തില്‍ കമ്യൂണിസ്റ് വിപ്ളവ ശൈലികളില്‍ വളരെയധികം തല്‍പരരായിരുന്നു. ആയഞ്ചേരിയില്‍ നിന്ന് നടന്ന് വടകരയില്‍ പോയി, എ.കെജിയുടെയും മറ്റും പ്രസംഗങ്ങള്‍ കേട്ട് പാതിരാത്രിയില്‍ കാല്‍നടയായി തിരിച്ചു വന്ന ഒന്നിലേറെ ഓര്‍മകള്‍ എനിക്കുണ്ട്. രണ്ടു ഭാഗത്തേക്കും കൂടി 26 കി. മീ. നടക്കാന്‍ മാത്രം കമ്യൂണിസ്റ് പ്രസംഗങ്ങളില്‍ താല്‍പര്യം ഉണ്ടായിരുന്ന കാലമാണത്. ഞങ്ങളുടെ നാട്ടില്‍ കേളു വൈദ്യരുടെ കടയില്‍ മാത്രമാണ് ദേശാഭിമാനി വന്നിരുന്നത്. ഞാന്‍ നാട്ടിലുള്ളപ്പോള്‍ ഒഴിവുസമയങ്ങളില്‍ അവിടെ പോയി ദേശാഭിമാനി വായിക്കും. എന്നാല്‍ എനിക്ക് ഇങ്ങനെയൊരു താല്‍പര്യം ഉള്ളതായി കമ്യൂണിസ്റുകാര്‍ക്ക് അറിയുമായിരുന്നില്ല. അതവരെ അറിയിക്കണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നില്ല. അവരുന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് കമ്യൂണിസത്തേക്കാള്‍ മികച്ച പരിഹാരം ഇസ്ലാമാണെന്ന് അപ്പോഴും മനസില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രയോഗത്തില്‍ ഞാന്‍ കമ്യൂണിസത്തില്‍ ആകൃഷ്ടനാകാതിരുന്നത്. ഇസ്ലാമിന്റെ ആശയാടിത്തറ മനസിലുണ്ടായിരുന്നില്ലെങ്കില്‍, കമ്യൂണിസത്തില്‍നിന്ന് തടഞ്ഞുനിര്‍ത്തുന്ന മറ്റൊന്നും ഇല്ലായിരുന്നു. അതാണ് ഇസ്ലാമിക പ്രസ്ഥാനം അന്ന് നിര്‍വഹിച്ച ദൌത്യം.
കടുത്ത ദാരിദ്യ്രവും എരിപിരി കൊള്ളുന്ന ജീവിത പ്രശ്നങ്ങളും മറ്റു മതസ്ഥരെ പോലെ മുസ്ലിംകളെയും അലട്ടിക്കൊണ്ടിരുന്ന അക്കാലത്ത് കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കാനാണ് പ്രത്യേക കാരണം വേണ്ടിയിരുന്നത്. വേണ്ടത്ര മതബോധമില്ലാത്തവരും, മതമുണ്ടെങ്കിലും 'വിമോചന സ്വപ്ന'ങ്ങളില്‍ ആകൃഷ്ടരായവരും മുസ്ലിം കമ്യൂണിസ്റുകളായിത്തീര്‍ന്നു. ചിലരുടെയൊക്കെ മനസ് കമ്യൂണിസത്തിലേക്ക് ചാഞ്ഞുകൊണ്ടുമിരുന്നു. ഇത്തരക്കാരുമായി ജമാഅത്തെ ഇസ്ലാമി ശക്തമായ ആശയസംവാദങ്ങള്‍ തന്നെ നടത്തി. ഇതിന്റെയെല്ലാം ഫലമാകണം, മുസ്ലിം സമുദായത്തില്‍നിന്ന് കമ്യൂണിസത്തിലേക്കുള്ള ഒഴുക്ക് ക്രമത്തില്‍ നിലക്കുകയാണുണ്ടായത്. കമ്യൂണിസ്റു പ്രസ്ഥാനമാകട്ടെ മൂല്യച്യുതി ബാധിച്ച് സ്വയം വശീകരണശേഷി നഷ്ടപ്പെടുത്തുകയും ചെയ്തു. മുസ്ലിം സമൂഹത്തില്‍ പൊതുവായി ഉണ്ടായ ഉണര്‍വും സ്ഥിതിഗതികളില്‍ മാറ്റം വരുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.
മുകളില്‍ വിവരിച്ച സാഹചര്യങ്ങള്‍ക്കെല്ലാം മധ്യേയാണ്, ബഹുമാന്യനായ സി.എന്‍ അഹ്മദ് മൌലവിയുടെ ഇസ്ലാമിലെ ധനവിതരണ പദ്ധതി എന്ന ശ്രദ്ധേയമായ പുസ്തകം പുറത്ത് വരുന്നത്. ഭൂവുടമാവകാശത്തിലും ജന്മികുടിയാന്‍ ബന്ധങ്ങളിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളിലും ഇസ്ലാമിന്റെ പുരോഗമനപരമായ നിലപാടുകള്‍ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ദാരിദ്യ്രനിര്‍മാര്‍ജനത്തില്‍ സകാത്ത് സംവിധാനത്തിന്റെ അപാരമായ സാധ്യതകളും തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഭൂപരിഷ്കരണ നിയമത്തിന്റെയും മിച്ചഭൂമി പിടിച്ചെടുക്കലിന്റെയും തീപാറുന്ന അന്തരീക്ഷത്തില്‍ ഇസ്ലാമിന്റെ ഭാഗത്ത് നിന്നുള്ള ഇതുപോലൊരു രചന ചൂടപ്പംപോലെ ജനപ്രിയമായില്ലെങ്കിലേ അത്ഭുതമുള്ളൂ. സി.എന്‍ ഒരു പണ്ഡിതന്‍ മാത്രമായിരുന്നു. അദ്ദേഹത്തിനു പിന്നില്‍ ഒരു പ്രസ്ഥാനം ഉണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിയാകട്ടെ, ആദര്‍ശ തലത്തില്‍ വേരുറപ്പിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ടെല്ലാം, പ്രയോഗതലത്തില്‍ പുസ്തകത്തിന്റെ ഗുണഭോക്താക്കളാകാന്‍ മാര്‍ക്സിസ്റ് പാര്‍ട്ടിക്കാണ് സാധ്യമായത്.
(വ്യാവസായികമേഖല കൈകാര്യം ചെയ്തില്ല എന്നത് പുസ്തകത്തിന്റെ ദൌര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും അന്നത്തെ സാഹചര്യത്തില്‍ അത് അത്ര പ്രശ്നമായില്ല).
(തുടരും)
Comments