Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 8

ടി.കെയുടെ കല്‍പറ്റ പ്രസംഗം

ടി.കെയുടെ ഓര്‍മക്കുറിപ്പില്‍ രണ്ട് പ്രഭാഷണങ്ങള്‍ മാത്രമാണ് അദ്ദേഹം പരാമര്‍ശിച്ചതെങ്കിലും ചരിത്ര പ്രധാനങ്ങളായ ഒട്ടേറെ പ്രഭാഷണങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അവയില്‍ പലതും ഓഡിയോ-വീഡിയോ സംവിധാനങ്ങള്‍ വരുന്നതിനു മുമ്പായത് നമ്മുടെ ഭാഗ്യദോഷം!
ഒരു പ്രത്യേക പ്രഭാഷണം ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ കുറിപ്പ്. 1950-കളില്‍ വയനാട്ടിലെ കല്‍പറ്റയില്‍ ഒരു നബിദിന മഹാസമ്മേളനം നടക്കുകയുണ്ടായി. പി.എം.എ തങ്ങള്‍ കല്‍പറ്റ മുന്‍കൈയെടുത്ത് നടത്തിയ ആ സമ്മേളനത്തില്‍ എക്കാലത്തെയും പ്രഗത്ഭ പ്രസംഗകരായി കേരളം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന പി.പി ഉമ്മര്‍ കോയയും സി.എച്ച് മുഹമ്മദ് കോയയും അഡ്വ. എസ്.കെ കാദര്‍ സാഹിബും ഉണ്ടായിരുന്നു. ഇവരുള്ളതിനാല്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ആദ്യമായി പ്രസംഗിച്ചത് ടി.കെ സാഹിബായിരുന്നു. വയനാടിന്റെ 'സ്വന്ത'മായ ചെറിയ ചാറ്റല്‍ മഴ വകവെക്കാതെ അദ്ദേഹം പ്രസംഗിച്ചു. സൂചി വീണാല്‍ കേള്‍ക്കാവുന്ന വിധം നിശ്ശബ്ദമായ സദസ്സ്. ഘനഗംഭീരം! വശ്യമനോഹരം! ഉജ്ജ്വലം!
മണിക്കൂറിലേറെ നീണ്ട പ്രസംഗം തീര്‍ന്നപ്പോള്‍ സദസ്സ് കോരിത്തരിച്ചിരിക്കുന്നത് കാണാനായി. പേമാരി പെയ്ത് തീര്‍ന്ന പ്രതീതി. അതിന്റെ സൗന്ദര്യവും സ്വാധീനവും വായനക്കാരുമായി പങ്കുവെക്കാന്‍ വാക്കുകളില്ല. പിന്നീട് പ്രസംഗിച്ച സി.എച്ചും പി.പി ഉമ്മര്‍ കോയയും എസ്.കെ കാദറുമൊക്കെ ടി.കെയുടെ പ്രസംഗത്തെ പ്രകീര്‍ത്തിക്കുകയും ഉദ്ധരിക്കുകയും ചെയ്തുകൊണ്ടാണ് പ്രസംഗിച്ചത്. അവര്‍ കുറച്ചു മാത്രമേ സംസാരിച്ചുമുള്ളൂ. ഇത് അന്ന് അവിടെ സന്നിഹിതരായ എല്ലാവര്‍ക്കും വലിയ അനുഭവമായി. പിറ്റെ ദിവസം കല്‍പ്പറ്റക്കടുത്ത ചുണ്ടയിലായിരുന്ന ആ പ്രസംഗം ചര്‍ച്ചാവിഷയമാകുന്ന വേദികളാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.  ആ 'തങ്ങളു'ടെ പ്രസംഗം മറ്റു പ്രാസംഗികരെ ഒന്നുമല്ലാതാക്കി എന്നായിരുന്നു ചില ഭാഷ്യങ്ങള്‍. തലശ്ശേരി, തിരൂര്‍ മേഖലാ സമ്മേളനങ്ങളിലും ദഅ്‌വത്ത് നഗര്‍ സംസ്ഥാന സമ്മേളനത്തിലും മറ്റും ടി.കെ നടത്തിയ പ്രഭാഷണങ്ങളും ആ നിരയില്‍ തന്നെ എണ്ണാവുന്നതാണ്.
ആര്‍.സി മൊയ്തീന്‍ കൊടുവള്ളി


റോഡ് പണിയിലും ജനങ്ങള്‍ക്കൊരു കണ്ണ്
കേരളത്തിലെ നാഷ്‌നല്‍ ഹൈവേകളും ഇട റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ യാത്ര ദുഷ്‌കരമാണ്. കാലാ കാലങ്ങളില്‍ വരുന്ന സര്‍ക്കാരുകള്‍ ഈ രംഗത്ത് ദീര്‍ഘ ദൃഷ്ടിയോടെ പ്രവര്‍ത്തിക്കാത്തത് നിമിത്തം ഓരോ വര്‍ഷവും റോഡില്‍ കുണ്ടുകളും കുളങ്ങളും പിറവിയെടുക്കുന്നു. ഇതേ കുറിച്ച് അന്വേഷിച്ചാല്‍ ഫണ്ടുകളുടെ കുറവ്, ഉദ്യോഗസ്ഥ അനാസ്ഥ, കരാറുകാരന്റെ വന്‍കോഴ, ഇങ്ങനെ പോകുന്നു പരാതികള്‍. പുതുതായി വാഹനം വാങ്ങുന്നവരില്‍ നിന്ന് ഗവണ്‍മെന്റ് ആരംഭത്തില്‍ തന്നെ ഈടാക്കുന്ന റോഡ് ടാക്‌സ് 15 വര്‍ഷത്തേക്കുള്ളതാണ്. എന്നിട്ടും നമ്മുടെ റോഡുകളുടെ കാര്യത്തില്‍ പൊതുജനം പുലര്‍ത്തുന്ന നിസ്സംഗതയാണ് അത്ഭുതം.
ഓരോ പ്രദേശത്തും റോഡ് നിര്‍മിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന മെറ്റീരിയലുകള്‍ എത്രത്തോളം ഗുണത്തിലും അളവിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും അവയില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട കരാറുകാരനെയോ അല്ലെങ്കില്‍ ജോലി നടത്തിപ്പുകാരെയോ ചോദ്യം ചെയ്യാന്‍ സന്നദ്ധമാവുകയുമാണെങ്കില്‍ പ്രാദേശിക റോഡ് നിര്‍മാണ രംഗത്ത് ജനങ്ങള്‍ ഇടപെട്ടിട്ടുള്ള അനുഭവം വെച്ച് നോക്കിയാല്‍ വേണ്ടത്ര ഗുണനിലവാരത്തോടെ വര്‍ക്ക് ചെയ്യിപ്പിക്കാന്‍ കഴിയും. ഇത്തരം ജനകീയ ഇടപെടലുകള്‍ക്ക് സോളിഡാരിറ്റി മുന്‍കൈ എടുക്കുകയാണെങ്കില്‍ ജില്ലകള്‍ തോറുമുള്ള ഏരിയാ ഘടകങ്ങളെ ഉപയോഗപ്പെടുത്തി ഓരോ പ്രദേശങ്ങളിലൂടെയും കടന്നുവരുന്ന റോഡ് പണികളില്‍ നിരീക്ഷണം നടത്താന്‍ പൊതുജന പങ്കാളിത്തത്തോടെ 'റോഡ് സംരക്ഷണ സമിതി' എന്ന പേരില്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാവുന്നതാണ്. മാറി മാറി വരുന്ന ഭരണകൂടങ്ങളെയും കരാറുകാരെയും നേര്‍ദിശയില്‍ ചലിപ്പിക്കാനും ഗുണനിലവാരമുള്ള റോഡ് നിര്‍മാണത്തിനും അത് വഴിയൊരുക്കും.
അബ്ദുര്‍റശീദ് കളമശ്ശേരി

 

ഇസ്‌ലാമിക പ്രവര്‍ത്തകരും വിവാഹധൂര്‍ത്തും
ഈയിടെ കോഴിക്കോട് നഗരത്തിലുണ്ടായ ഒരനുഭവമാണ് ഈ കുറിപ്പിന് ആധാരം. ഗള്‍ഫ് രാജ്യങ്ങളിലൊന്നില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ കോഴിക്കോട്ടെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് കണ്ടുമുട്ടാനിട വന്നു. ഒരാള്‍ തന്റെ സന്തതിയുടെ റിസപ്ഷനുമായി ബന്ധപ്പെട്ട് ക്ഷണിക്കപ്പെട്ടവരെ സ്വാഗതം ചെയ്യുകയായിരുന്നെങ്കില്‍ മറ്റേ സുഹൃത്ത് ഹോട്ടലില്‍ തങ്ങുന്ന അതിഥിയെ കാണാനെത്തിയതായിരുന്നു. സലാം പറഞ്ഞ് സല്‍ക്കാരത്തിനു മുമ്പേ വളരെ വേഗം യാത്രയയക്കാനുള്ള തത്രപ്പാടിലായിരുന്നു സല്‍ക്കാരക്കാരന്‍.
പശ്ചാത്തല സാഹചര്യം മനസ്സിലാക്കി സഹോദരന്റെ അല്‍പത്തത്തില്‍ സഹതപിച്ച് ഹോട്ടലിലെ അതിഥിയുമായുള്ള കൂടിക്കാഴ്ച പിന്നീടൊരവസരത്തിലേക്ക് നീട്ടിവെച്ച് വേഗം സ്ഥലം വിട്ടു.
ഇസ്‌ലാമിക സാഹോദര്യം വിവാഹധൂര്‍ത്തിനു മുമ്പില്‍ പരാജയപ്പെട്ടുപോയ സംഭവത്തിന് ഒരു ഞായറാഴ്ച നട്ടുച്ച സാക്ഷി. സുഹൃത്തിന്റെ മുന്നില്‍ ഒളിപ്പിക്കേണ്ടിവരുന്ന വിവാഹ ധൂര്‍ത്ത് എന്തുമാത്രം സഹതാപാര്‍ഹം. നബി പറഞ്ഞു: ''ധനികന്മാരെ മാത്രം ക്ഷണിക്കുകയും ദരിദ്രന്മാര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന സദ്യയുടെ ഭക്ഷണം വളരെ മോശപ്പെട്ട ഭക്ഷണമാണ്'' (ബുഖാരി, മുസ്‌ലിം).
ഫാഇലുല്‍ഖൈര്‍ കോഴിക്കോട്

 

ശ്രീ പത്മനാഭ ക്ഷേത്രത്തിലെ നിധി കുംഭങ്ങള്‍
ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് കണ്ടെടുത്ത അമൂല്യ നിധിശേഖരത്തെക്കുറിച്ച ജമീല്‍ അഹ്മദിന്റെ  നിരീക്ഷണങ്ങളാണ് (സെപ്റ്റംബര്‍ 10) ഈ കുറിപ്പിനാധാരം. ഇതിലും എത്രയോ ചെറിയ (ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെയല്ല) ജീര്‍ണത (തിരുകേശ വിവാദം) മുസ്‌ലിം സമൂഹത്തില്‍ തലപൊക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അതിനെതിരെ സ്റ്റേജുകളും പേജുകളും പരമാവധി ഉപയോഗപ്പെടുത്തിയ മുസ്‌ലിം സമുദായത്തിന്റെയോ  അവരിലെ അള്‍ട്രാ സെക്യുലരിസ്റ്റുകളുടെ പോലുമോ പ്രാതിനിധ്യം ആ വിഷയത്തില്‍ കണ്ടില്ല എന്ന കാര്യം ശ്രദ്ധിച്ചിരുന്നു. ജമീല്‍ അഹ്മദിന്റെ നിരീക്ഷണം പോലും നിധി സംരക്ഷിക്കാനായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വീണ്ടും കോടികള്‍ ചെലവഴിക്കുന്നതിന്നെതിരില്‍ മാത്രമുള്ള ഒരു മാന്യമായ വിമര്‍ശമായി ചുരുങ്ങി.
സ്വത്ത് ക്ഷേത്രത്തിന്റേതോ ദൈവത്തിന്റേതോ അതല്ല, തലക്കരവും മുലക്കരവും വഴി രാജഖജനാവിലേക്ക് മുതല്‍ക്കൂട്ടിയതോ ഏതുമാവട്ടെ, ഒരു കാര്യം തീര്‍ച്ചയാണല്ലോ: പതിറ്റാണ്ടുകളായി മനുഷ്യോപകാരപ്രദമായ കാര്യങ്ങള്‍ക്കുപയോഗിക്കാതെ ക്രയ വിക്രയങ്ങള്‍ നടത്താതെ കുഴിച്ചുമൂടിക്കിടന്ന ധനമായിരുന്നു അത്.  ഏതു മത സാമൂഹിക ധന തത്ത്വശാസ്ത്രമനുസരിച്ചും ധനം വിനിമയം നടത്താതെ ശേഖരിച്ചു വെക്കുന്നത് മഹാ പാതകമാണ്. ഹിന്ദു ക്ഷേത്രങ്ങളോ മുസ്‌ലിം- ക്രിസ്ത്യന്‍ ആരാധനാലയങ്ങളോ ഇതില്‍ നിന്നൊഴിവല്ല. അതും കോടാനുകോടി മനുഷ്യര്‍ പട്ടിണി കിടക്കുന്ന നമ്മുടേത്‌പോലുള്ളൊരു മൂന്നാം ലോകരാജ്യത്ത്. ഇത് പറയാന്‍ ഇന്ത്യാ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട്. അഥവാ ഉണ്ടായിരിക്കണം.
ഏകാധിപത്യത്തിന്റെ നുകക്കീഴില്‍ കഴിഞ്ഞ രാജാധിപത്യക്കാലത്ത് സംഭവിച്ച പാകപ്പിഴകള്‍ 'അതിവേഗം ബഹുദൂരം' സോഷ്യലിസ്റ്റ്, ജനാധിപത്യ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന നമ്മുടെ സര്‍ക്കാര്‍ ആവര്‍ത്തി ക്കുകയില്ലെന്നും, നിധി കണ്ടെത്തിയത് ക്ഷേത്ര നിലവറകളിലായതു കൊണ്ട് നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരങ്ങളുടെ പട്ടിണി മാറ്റാന്‍ അതുപയോഗിക്കുമെന്നും നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ ആവശ്യമായത് ക്ഷേത്രത്തിലോ മ്യൂസിയത്തിലോ സൂക്ഷിച്ചാലും, ബാക്കിയുള്ളത് തന്നെ കേരളത്തിലെ ഹിന്ദു സമുദായത്തിലെ പട്ടിണി മാറ്റാന്‍ പര്യാപ്തമാവും. ഇനിയും രാജ്യത്ത് ഏതെങ്കിലും മത വിഭാഗത്തിന്റെയോ സംഘടനകളുടെയോ അധീനതയില്‍ ഇത്തരം നിധികളുണ്ടെങ്കില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അവ സ്വസമുദായത്തിന്റെ ക്ഷേമത്തിന് ഉപയുക്തമാക്കണം. ഹിന്ദു സമുദായ സംഘടനകള്‍ക്കും  സംഘ്പരിവാര്‍ സംഘടനകള്‍ക്കും  ഇത് സമ്മതമാണെങ്കില്‍ കൊച്ചു കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെ പട്ടിണി മാറുന്നതില്‍ സഹോദര സമുദായങ്ങള്‍ക്ക്  സന്തോഷമേ ഉണ്ടാവൂ. അതല്ല, മനുഷ്യനുപകരിക്കാത്ത ഈ ഭീമമായ സ്വത്തു സംരക്ഷിക്കാന്‍ ഇനിയും കേരളത്തിലെ പട്ടിണിപ്പാവങ്ങളുടെ ഖജനാവുപയോഗിക്കുകയാണെങ്കില്‍ ചരിത്രം മാപ്പ് നല്‍കില്ല.
സി.എച്ച് മുഹമ്മദ് അലി
കൂട്ടിലങ്ങാടി

 

യുവാക്കളുടെ സംസ്‌കരണത്തില്‍ പള്ളികള്‍ പരാജയപ്പെടുന്നുവോ?
യുവാക്കളുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്നതിലും അവരെ പള്ളിയുമായി അടുപ്പിക്കുന്നതിലും പള്ളിക്കമ്മിറ്റി അംഗങ്ങളും ഖത്വീബും മനസ്സ് വെക്കുകയും വ്യവസ്ഥാപിതമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്താല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഓരോ മഹല്ലിലും വരുത്താന്‍ കഴിയും. ഇന്ന് ഓരോ മഹല്ലിലും വരിസംഖ്യ പിരിക്കുന്നതിലും പള്ളി-മദ്‌റസകളുടെ നടത്തിപ്പിലും മറ്റും കമ്മിറ്റികള്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്നു. എന്നാല്‍, യുവാക്കളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പല മഹല്ലുകളും അമ്പേ പരാജയമാണ്.
ആഴ്ചയിലൊരു ദിവസം പ്രദേശത്തെ യുവാക്കളെ ഒരുമിച്ച് ലഭിക്കുന്ന വെള്ളിയാഴ്ചയിലെ ജുമുഅ ഖുത്വ്ബയിലോ, ഖുത്വ്ബക്ക് മുമ്പോ ശേഷമോ ഇരുപതോ മുപ്പതോ മിനിറ്റ് നേരം അവരെ പല വിഷയങ്ങളിലും ബോധവത്കരിക്കാന്‍ അവസരം പല പള്ളികളിലും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ലെന്നുള്ളത് പള്ളികമ്മിറ്റി അംഗങ്ങളുടെയും ഖത്വീബിന്റെയും വീഴ്ച തന്നെയാണ്. സംഘടനാ സങ്കുചിതത്വങ്ങള്‍ മാറ്റിവെച്ച് മഹല്ലിലും കമ്മിറ്റിയിലും ഉള്ള പ്രാപ്തരായവരെ യുവാക്കളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കണം. നിരന്തരമായ ബോധവത്കരണം തിന്മയില്‍ നിന്നകന്നു നില്‍ക്കാന്‍ പ്രാപ്തരാക്കും.
കമ്മിറ്റി അംഗങ്ങള്‍ ജീവിതവിശുദ്ധി പുലര്‍ത്തുന്നവരും നമസ്‌കാരാദി കര്‍മങ്ങളില്‍ യുവാക്കള്‍ക്ക് മാതൃക കാണിക്കുന്നവരുമായിരിക്കണം. മ്ലേഛ കാര്യങ്ങളില്‍ നിന്ന് മനുഷ്യനെ തടഞ്ഞു നിര്‍ത്തുന്ന നമസ്‌കാരത്തിന്റെ ചൈതന്യം യുവാക്കള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഖത്വീബിനും കമ്മിറ്റി അംഗങ്ങള്‍ക്കും കഴിയണം. ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്കേ പള്ളിപരിപാലനത്തിനും മഹല്ല് ഭരിക്കാനും അര്‍ഹതയുള്ളൂ എന്ന് കമ്മിറ്റി അംഗങ്ങള്‍ മനസ്സിലാക്കിയിരിക്കണം.
ഭക്ഷണം ലഭിക്കാതെ ഒരാട്ടിന്‍ കുട്ടി തന്റെ ഭരണത്തിനു കീഴില്‍ ചത്തുപോയാല്‍ നാളെ ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്ന് ഭയപ്പെട്ട ഉമറി(റ)ന്റെ പിന്മുറക്കാരായ പള്ളിക്കമ്മിറ്റി അംഗങ്ങളും ഖത്വീബും തങ്ങളുടെ മഹല്ലിലെ വല്ല ചെറുപ്പക്കാരും മദ്യത്തിനോ മയക്കുമരുന്നിനോ അടിപ്പെട്ട് വ്യഭിചാരത്തിലോ പലിശയിടപാടിലോ ചൂതാട്ടത്തിലോ കൊലപാതകത്തിലോ അകപ്പെട്ടാല്‍ ആ കുറ്റത്തില്‍ തങ്ങളും പങ്കാളികളായിരിക്കുമെന്നും ദൈവത്തിന്റെ കോടതിയില്‍ സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്നും ഓര്‍ക്കേണ്ടതുണ്ട്.
അബൂ ഹബീബ് വരോട്
ഒറ്റപ്പാലം

Comments