വിദൂരമലമടക്കുകള്‍ താണ്ടി ദൈവഗേഹത്തിലേക്ക്
ഇബ്‌റാഹീമിനു വേണ്ടി അല്ലാഹു ഇടപെട്ടു. നമുക്കു വേണ്ടിയും അവനിടപെടും. അതിന് നാം ഇബ്‌റാഹീമാവണം. അതിന് സാധിക്കുമോ? ബലിക്ക് തിരക്കു കൂട്ടുന്ന ഹാജി ആത്മവിചാരം ചെയ്യണം. ഞാന്‍ ബലി നല്‍കുകയാണോയെന്ന്. ബലി നല്‍കേണ്ടത് ഇസ്മാഈലിനെയാണ്. ഏതാണ് താങ്കളുടെ ഇസ്മാഈല്‍, സ്വന്തം പദവിയോ, സമ്പാദ്യമോ, ഭൗതിക കാമനകളോ, അഹങ്കാരമോ, സമയമോ? താങ്കള്‍ ബലി നല്‍കാനാഞ്ഞത് സ്വന്തം ഇസ്മാഈലിനെത്തന്നെയോ? ഇസ്മാഈലിനെ നല്‍കുന്നതാണ് ബലി. ബലിക്കു വേണ്ടി ആടിനെ അറുക്കുന്നത് കശാപ്പ് മാത്രമാണ്. കേവലമായ കശാപ്പ് ഇബ്‌റാഹീമീ മില്ലത്തിലില്ല.
മനുഷ്യജന്മം നിര്‍മലമായി പൂത്തുനിന്ന ദീര്‍ഘത്തിലെങ്ങും ആത്മീയാന്വേഷണത്തിന്റെ രാജരഥ്യയുണ്ട്. ആത്മീയതയുടെ പൂര്‍ണത പക്ഷേ പരസമൂഹങ്ങളില്‍ കേവലാനുഷ്ഠാനത്തിലേക്ക് ന്യൂനീകരിക്കപ്പെടുന്നു. അങ്ങനെ ഭൗതിക ജീവിതത്തിലെ സ്ഖലിതം തീര്‍ക്കാന്‍ തീര്‍ഥാടനത്തിന്റെ കുറുക്കുകള്‍ പെരുകി.
എന്നാല്‍, ഇസ്‌ലാമിക ജീവിതസംഹിത മുന്നോട്ടുവെക്കുന്ന സാംസ്‌കാരികാന്വേഷണത്തില്‍ കേവലാനുഷ്ഠാനത്തിന്റെ തൊങ്ങലുകളില്ല. ജീവിതത്തെ വിഭാജിതമല്ലാത്ത ഏകകമായി കാണുന്ന ഇസ്‌ലാം അനുഷ്ഠാന മണ്ഡലങ്ങള്‍ക്കും കൃത്യമായ ലക്ഷ്യനിര്‍ണയം നടത്തിയിട്ടുണ്ട്. വിശ്വാസ ജീവിതത്തിലെ കര്‍മകാണ്ഡങ്ങളില്‍ സകലതിനും ഈ നിര്‍ണിത ലക്ഷ്യങ്ങള്‍ കാണാം. ഈമാന്‍ കേവലമായ അറിവ് മാത്രമാവുകയും ഇസ്‌ലാം ആരാധനകളില്‍ മാത്രം സമൃദ്ധമാവുകയും ചെയ്തതോടെ ഈ മഹിത ലക്ഷ്യങ്ങളത്രയും നിറം കെട്ടുപോയി.
വീണ്ടുമൊരു ഹജ്ജ് കാലമെത്തി. ആയിരത്താണ്ടുകള്‍ക്കപ്പുറത്ത് ഇബ്‌റാഹീം പ്രവാചകന്‍ ചെയ്ത വിളംബരത്തെ പുണര്‍ന്ന് വിശ്വാസികള്‍ വിദൂര മലമടക്കുകള്‍ താണ്ടി ദൈവഗേഹത്തിലേക്കൊഴുകുകയായി. ഇതഃപര്യന്ത ജീവിതത്തിലെന്നും അവരെ ത്രസിപ്പിച്ച അനുഷ്ഠാന യാത്ര. ഓരോ വിശ്വാസിയും തന്റെ ഈമാനിക ബോധ്യത്തിന്റെ ശുഭദിനം തൊട്ട് മനസ്സില്‍ കനവ് കണ്ട സ്വപ്നയാത്ര. സര്‍വ പാപങ്ങളും കുടഞ്ഞെറിഞ്ഞ് നവജാത ശിശുവിന്റെ പാല്‍പ്പത പുഞ്ചിരിയില്‍ ജീവിതം കഴുകി മറുലോകത്തേക്ക് സര്‍വൈശ്വര്യ കൈവല്യങ്ങളും തരപ്പെടുത്തി തിരിച്ചെത്തുന്ന ശുഭദിനം.
ഹജ്ജ് യാത്ര മനസ്സില്‍ പാകപ്പെടുമ്പോള്‍ തന്നെ അയാള്‍ തന്റെ പരിചിത പരിസരം ഉപേക്ഷിക്കുന്നു. കാരണം ഹജ്ജ് ലക്ഷ്യരാഹിത്യമല്ല. അത് ലക്ഷ്യവും മാര്‍ഗവുമാണ്. സ്വന്തം വീട് ഉപേക്ഷിക്കുകയും അല്ലാഹുവിന്റെ വീട് ലക്ഷ്യമാക്കുകയും ചെയ്യുന്നു. അഥവാ സ്വന്തത്തെ നിരാകരിക്കുകയും അല്ലാഹുവിനെ സ്വീകരിക്കുകയും ചെയ്യുന്നു. ഭൂമിയോടുള്ള കെട്ടുപാടുകള്‍ അറുത്തുകളയുകയും അവയത്രയും ആകാശത്തിലെ വിശുദ്ധ തല്‍പത്തിലേക്ക് ഉയര്‍ത്തി നിര്‍ത്തുകയും ചെയ്യുന്നു. അപ്പോള്‍ അയാള്‍ ജീവിക്കുകയല്ല, പുനര്‍ജനിക്കാന്‍ തീരുമാനിക്കുകയാണ്. കുടുംബത്തെയും ബന്ധുജനങ്ങളെയും പിരിഞ്ഞു എല്ലാവരോടും വിനീതമായി യാത്ര പറയുന്നു. ബാധ്യതകളത്രയും പൂര്‍ത്തീകരിച്ചു, മിത്രങ്ങളോടും ശത്രുക്കളോടുമുള്ള സ്‌നേഹകോപങ്ങള്‍ കത്തിച്ചുകളയുന്നു. എല്ലാതരം ഇടപാടുകളും ചിട്ടപ്പെടുത്തുന്നു. കൃത്യമായ വസ്വിയ്യത്തുകള്‍ പ്രമാണം ചെയ്യുന്നു. ഹജ്ജ് കഴിയുന്നതുവരെ വിശ്വാസിക്കിനി ഭൂമിയില്‍ ഒന്നുമില്ല. അയാള്‍ മരണത്തിലേക്കുള്ള യാത്രയിലാണ്. പുതിയൊരു ജന്മം തേടുകയാണ്. ആസക്തിയുടെ പഞ്ജരം തകര്‍ത്ത് വിശുദ്ധിയുടെ ആകാശത്തില്‍ അനശ്വരത തേടുന്ന മിഅ്‌റാജിലാണ്. നന്മയിലേക്ക്, കര്‍മത്തിലേക്ക്, പരിപൂര്‍ണതയിലേക്ക്, സൗന്ദര്യത്തിന്റെ അപാര ഗിരിശൃംഗത്തിലേക്ക്. അയാള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കാണ് മടക്കവും.
തന്റെ സമൂഹിക പരിസരത്ത് വര്‍ണാഭിമുഖ്യത്തിന്റെ പ്രതീകമായ പ്രൗഢ വസ്ത്രങ്ങള്‍ സ്വന്തം കൈകൊണ്ടുതന്നെ മീഖാത്തില്‍ ഉരിഞ്ഞെറിയുന്നു. സ്വന്തത്തെ പ്രകടിപ്പിക്കാനുള്ള ആര്‍ഭാടങ്ങളൊന്നുമില്ലാതെ വെളുത്ത കഫനും ചുറ്റി ഒരു ജലബിന്ദുവായി ഹജ്ജിന്റെ മഹാ സമുദ്രത്തില്‍ അലിയുന്നു. അവിടെ തന്റെ നശ്വരതയും നിസ്സഹായതയും തിരിച്ചറിയുന്നു. സ്വന്തം മൃതദേഹം കാണുന്നു. സ്വന്തത്തിന്റെ അന്ത്യയാത്രക്ക് സാക്ഷിയാകുന്നു. ഒടുവ് നാള്‍ പോലെയാണത്. ആര്‍ക്കും ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല. മോക്ഷപ്രചോദിതമായ ആത്മാക്കള്‍ മാത്രം. അവരൊക്കെയും തങ്ങളുടെ മലിന ദേഹങ്ങളെ മീഖാത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു. അവര്‍ക്ക് പേരുകളില്ല. അംഗവസ്ത്രങ്ങളോ അംശവടികളോ ഇല്ല. മറ്റു കുറിമാനങ്ങളൊന്നുമില്ല. അങ്ങനെ ദുല്‍ഹജ്ജ് എട്ടിനു സമാരംഭിച്ച് ദുല്‍ഹജ്ജ് പതിമൂന്നിന് അല്ലാഹുവിന്റെ ഭവനത്തോട് അവസാനമായി വിടചൊല്ലിപ്പിരിയുന്നതോടെ പരിസമാപിക്കുന്നു ഈ മഹത്തായ സാക്ഷാത്കാരം.
കറക്കവും ഓട്ടവും നടത്തവും ഉറക്കവും ഉറക്കൊഴിക്കലും കല്ലേറും മുടിയെടുപ്പും ബലിയും ഇതിനിടയില്‍ ഒരിക്കലും നിര്‍ത്താത്ത പ്രകീര്‍ത്തന മന്ത്രവും. സര്‍വതും കഴിഞ്ഞ് മക്ക വിടുമ്പോളയാള്‍ മറ്റൊരു ഇബ്‌റാഹീമായി പരകായ പ്രവേശം തേടണം. എങ്കില്‍ ഹജ്ജ് സാര്‍ഥകമായി.
''നിന്നെ മാത്രമാണ് ഞങ്ങള്‍ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുക.'' അകം നൊന്തുള്ള ഈയൊരു പ്രാര്‍ഥന, അത്യാഗ്രഹം കൊണ്ടു ചെയ്തുപോയ കര്‍മദോഷങ്ങളുടെ സമ്പൂര്‍ണമായ നിരാസമാണ്. അയാളുടെ പ്രണാമം അഹംബോധത്തിന്റെ സിംഹാസനങ്ങള്‍ക്ക് മുമ്പില്‍, ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്. ഈ സാത്വികഭാവം കൂടുതല്‍ എളിമയിലേക്ക് അയാളെ ഉയര്‍ത്തുന്നു. പ്രാണികളെപ്പോലും കൊല്ലരുത്, കാട്ടുചെടികള്‍ പോലും പിഴുതെറിയരുത്, നായാടരുത്, പ്രേമചേഷ്ടകള്‍ കാട്ടരുത്, ശാപവചനമോ പാരുഷ്യമോ അരുത്, കെട്ടിയൊരുങ്ങരുത്, ആയുധങ്ങള്‍ ധരിക്കരുത്, പാപ്പാസുകള്‍ ഉപേക്ഷിക്കുക, മുടി മുറിക്കരുത്, നഖം വെട്ടരുത്. ഇനി ശരീര ലാളനകള്‍ക്ക് സമയമില്ല. ഹജ്ജ് ആരംഭിക്കുന്നു.
അയാള്‍ ഹറമിലെത്തിക്കഴിഞ്ഞു. ഇത് അല്ലാഹുവിന്റെ വീടാണ്. ഭൂമിയില്‍ നാം പിടയുന്നത് തലമുറകള്‍ക്ക് വേണ്ട വീടും ആസ്തികളും പണിയാനാണ്. ഇബ്‌റാഹീം പക്ഷേ പണിതത് അല്ലാഹുവിന്റെ ഭവനമാണ്. അതാകട്ടെ ലളിത സുഭഗമായ നിര്‍മിതി, പരുപരുത്ത കല്ലടുക്കി വെച്ച, അകം ശൂന്യമായ ഒരു ചതുരം. അതിന് ശില്‍പ ചാതുരിയില്ല. കുംഭഗോപുരങ്ങളില്ല. പക്ഷേ, ശ്ലഥബദ്ധവും ആപേക്ഷികവുമായ ലോകത്ത് പ്രാപിക്കാന്‍ കഴിയാത്ത ഒരപാര വിസ്മയം ഇവിടെയുണ്ട്. ഘനചതുരമാണ് കഅ്ബ. ഘനചതുരത്തിന് സത്യത്തില്‍ ആറ് വശങ്ങളുണ്ട്. അത് എല്ലാ ദിക്കുകളെയും പ്രതീകവത്കരിക്കുന്നു. സര്‍വ ദിക്കുകളും ഒന്നാവുമ്പോള്‍ ദിക്കുകള്‍ തന്നെ ഇല്ലാതാവുന്നു. കഅ്ബയിലേക്കല്ല സഞ്ചരിക്കേണ്ടത്, അല്ലാഹുവിലേക്കാണ്. അതാകട്ടെ അന്ത്യമല്ല, തുടക്കമാണ്. അവിടെ അല്ലാഹുവും ഇബ്‌റാഹീമും മുഹമ്മദും സംഗമിക്കുന്നു. അത് വിശ്വാസിയുടെ സ്വന്തം വീടായി മാറുന്നു. അതുകൊണ്ടാണ് കഅ്ബയില്‍ എത്തുമ്പോള്‍ നമസ്‌കാരം പോലും ഹ്രസ്വ(ഖസ്‌റ്)മാക്കാന്‍ പാടില്ലാത്തത്. അത് വിശ്വാസിയുടെ വീടാണ്. സ്വന്തം വീട്ടിലെന്തിനാണ് ഇളവുകള്‍! അവിടെ അയാള്‍ തന്റെ പിതാമഹനും വിപ്ലവകാരിയുമായ ഇബ്‌റാഹീം പ്രവാചകനെ അഭിമുഖീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ, അവരുടെ മഹത്തായ ത്യാഗത്തെ. ഒരു പിതാവിനെ, ഒരു മാതാമഹിയെ, ഒരു പുത്ര നിയോഗത്തെ, പരമമായ സമര്‍പ്പണത്തെ.
ഇബ്‌റാഹീം കൊട്ടാര പ്രാന്തങ്ങളില്‍ വളര്‍ന്ന ഉന്നത കുലജാതന്‍. അദ്ദേഹത്തിന്റെ കിടപ്പറ പകുത്തതോ കറുത്ത്, ചുണ്ടുകള്‍ തടിച്ച ഏറെ ദരിദ്രയായ ഒരു എത്യോപ്യന്‍ അടിമപ്പെണ്ണും. രണ്ട് വൈരുധ്യങ്ങളെ എത്ര മനോഹരമായാണ് അല്ലാഹു ഒന്നിപ്പിച്ചത്. ഹാജറയുടെ വീടും കഅ്ബയുടെ ഭാഗമാണ്. വിശ്വാസികള്‍ അതിനെയും പരിക്രമണം ചെയ്യുന്നു. കാരണം, മഹത്തായ ചരിത്ര നിയോഗത്തിനു അല്ലാഹു തെരഞ്ഞെടുത്തത് അവരെയാണ്. സൃഷ്ടികളില്‍ വെച്ചൊരു മനുഷ്യനെ. മനുഷ്യരില്‍ ഒരു സ്ത്രീയെ. സ്ത്രീകളില്‍ ഒരടിമയെ. മനുഷ്യഗണത്തിലെ ഏറ്റവും പതിതക്ക് അല്ലാഹുവിന്റെയടുക്കല്‍ സ്ഥാനവും വീട്ടില്‍ ഇടവും നല്‍കി. അവിശ്വാസത്തിന്റെ അപാര വിദൂരതയില്‍ നിന്ന് വിശ്വാസത്തിന്റെ സ്വസ്ഥമുക്തിയിലേക്കാണ് ഹാജറ സഞ്ചരിച്ചത്. ഹാജറയില്‍ 'പലായനം ചെയ്തവള്‍' എന്നൊരു ധ്വനിയുണ്ടല്ലോ. അതുകൊണ്ടുതന്നെ ഹാജറയുടെ വീട്ടിലെത്തുന്നവര്‍ നിഷേധത്തിന്റെ മായികതയില്‍ നിന്ന് സമര്‍പ്പണത്തിന്റെ വ്യക്തതയിലേക്ക് ഹിജ്‌റ ചെയ്യണം. അപ്പോഴേ ഹാജറയെ കണ്ടുമുട്ടൂ. അല്ലാഹുവിന്റെ കഅ്ബയും ഹാജറയുടെ വീടും. ഈ സംഗമം സുന്ദരമാണ്. അഹം ചിന്തയില്ലാതെ ഇത് രണ്ടും പരിക്രമണം ചെയ്യണം. സമര്‍പ്പണം കൊണ്ടുവേണം ഇത് നേടാന്‍.
ത്വവാഫില്‍ നാം പ്രപഞ്ച വ്യവസ്ഥയുടെ ഭാഗമാവുകയാണ്. വലതുകൈ കൊണ്ട് കറുത്ത കല്ലിനെ ചൂണ്ടി നാം അല്ലാഹുവിനോട് ചെയ്ത ആദി വാഗ്ദാനം പുതുക്കുന്നു. 'നിനക്ക് പങ്കുകാരില്ല.' ഇത് വാക്കുകൊണ്ട് പ്രഖ്യാപിക്കുന്നു. ഇനിയത് ജീവിതം കൊണ്ട് സാക്ഷാത്കരിക്കണം. അല്ലാഹുവിന്റെ കഅ്ബയില്‍, ഹാജറയുടെ വീട്ടുപരിസരത്ത് വെച്ച് അല്ലാഹുവുമായി ഏര്‍പ്പെട്ട കരാറില്‍ നിന്ന് എങ്ങനെയാണയാള്‍ ഇനി ജീവിതം കൊണ്ട് പിന്മാറുന്നത്?
ത്വവാഫില്‍ നാം കാണുന്നതും അനുഭവിക്കുന്നതും അല്ലാഹുവിനെ മാത്രമാണ്. സ്‌നേഹത്തോടെ, പ്രതീക്ഷയോടെ,സമ്പൂര്‍ണമായസമര്‍പ്പണത്തോടെ പൂവിനു ചുറ്റും കറങ്ങുന്ന ചിത്രശലഭത്തെപ്പോലെ. ഏഴുതവണ വട്ടമെത്തുമ്പോള്‍ എവിടെ വെച്ചു തുടങ്ങിയോ അവിടെ നിന്നുതന്നെ പുറത്തുവരുന്നു. മരണാനന്തര ജീവിതം പോലെ. ആസറിന്റെ വീട്ടില്‍ നിന്ന് പുറപ്പെട്ടുപോയ ഇബ്‌റാഹീമിനെപ്പോലെ. ഇവിടെ അയാള്‍ ഇബ്‌റാഹീമിനെ അനുസ്മരിക്കണം. വിഗ്രഹങ്ങളും നംറൂദുമായുള്ള സമരം. അഗ്നിപ്രവേശത്തിലെ പീഡാനുഭവങ്ങള്‍, പുത്രനഷ്ടത്തിന്റെ സങ്കടം, നിരന്തരവും സ്‌തോഭജനകവുമായ പലായനം. കൊടൂരമായ ഏകാന്തത. ഈ കനല്‍രഥ്യകള്‍ താണ്ടിയാണ് പ്രവാചകത്വത്തില്‍ നിന്ന് ഇമാമത്തിലേക്കും വ്യക്തിയില്‍നിന്ന് സമഷ്ടിയിലേക്കും വിനയത്തോടെ ഇബ്‌റാഹീം ഇറങ്ങി നിന്നത്.
ബലിയില്‍ നിന്ന് വിമോചിതനായ പിതാവും പുത്രനും പിന്നീട് പുരാതന മന്ദിരത്തിന്റെ ശില്‍പികളാവുന്നു. ഒരു വീട്. തനിക്കല്ല, തന്റെ പുത്രനുമല്ല. മനുഷ്യര്‍ക്കു വേണ്ടി. ജനങ്ങളുടെ രക്ഷിതാവിനു വേണ്ടി, ജനങ്ങള്‍ക്കും അവരുടെ യഥാര്‍ഥ രാജാവിനും വേണ്ടി, ജനങ്ങള്‍ക്കും അവരനുസരിക്കുന്ന നാഥനും വേണ്ടി. കേവലം ഒരു കൂട്ടര്‍ക്കല്ല. രണ്ടു പേര്‍ക്കും കൂടി. അതുകൊണ്ടാണ് കഅ്ബയില്‍ അടിമയും ഉടമയും ഒന്നാവുന്നത്. ഏകത്വത്തിന്റെ പ്രതീകമാണിവിടം. രൂപങ്ങള്‍, വര്‍ണങ്ങള്‍, അളവുകള്‍ എല്ലാം ചോര്‍ന്നു പോവുന്നു. ശേഷിക്കുന്നത് കേവലനായ അടിമയും അവന്റെ സ്‌നേഹനിധിയായ ഉടമയും മാത്രം.
സ്വഫയില്‍ എത്തുമ്പോള്‍ വീണ്ടുമയാള്‍ ഹാജറയെ കണ്ടെടുക്കണം. ഒരു വീട്ടമ്മയുടെ നിയോഗം. വിധേയത്വത്തിന്റെ മഹിത മാതൃക. അലഞ്ഞലഞ്ഞന്വേഷിച്ചു, വേദനയും പേറി പരിഭ്രമിച്ചു, നിരാലംബയായി കുന്നുകള്‍ക്കിടയില്‍ തളര്‍ന്നോടി. കുടിജലം തേടി. സഅ്‌യ് തീര്‍ച്ചയായും പരിശ്രമമാണ്. ആകാശത്തേക്ക് പുണര്‍ന്നു നില്‍ക്കുന്ന ഭൂമിയിലെ പരിശ്രമം. അല്ലാഹുവിനെ വിളിച്ച് ഹാജറ പ്രാര്‍ഥിച്ചതും പ്രവര്‍ത്തിച്ചതും മകനു വേണ്ടിയാണ്. മാതൃ പുത്ര ബന്ധം ഒരര്‍ഥത്തില്‍ തീര്‍ത്തും ഭൗതികവും ജഡികവുമാണ്. ഈ ജഡിക ബന്ധത്തെ ആകാശബോധ്യം കൊണ്ട് ഹാജറ വിശുദ്ധമാക്കി.
ത്വവാഫ് കേവല സ്‌നേഹമാണെങ്കില്‍ സഅ്‌യ് പ്രജ്ഞയാണ്. ത്വവാഫില്‍ അവനാ(അല്ലാഹു)ണെങ്കില്‍, സഅ്‌യില്‍ നീ(അടിമ)യാണ്. ഹാജറ ഓട്ടത്തിന്റെ പാരവശ്യത്തില്‍ ലക്ഷ്യം കണ്ടു. ഹാജറ ഇത് കണ്ടെത്തിയത് പരിശ്രമം കൊണ്ട് മാത്രമല്ല, പ്രാര്‍ഥനയും സമര്‍പ്പണവും കൊണ്ടു കൂടിയാണ്. അവരുടെ പ്രയാണം വിശ്വാസത്തിന്റെ തേരിലാണ്. അത് കേവല യുക്തിക്കപ്പുറമാണ്. താങ്കള്‍ക്ക് ഹാജറയെ കാണാനാവുമോ, യുക്തിക്കപ്പുറമുള്ള മഹാ സാക്ഷ്യത്തിലേക്ക് സമര്‍പ്പിക്കാന്‍ കഴിയുമോ, എങ്കില്‍ താങ്കളുടെ സഅ്‌യ് ആകാശത്ത് സ്വീകരിക്കപ്പെടുകയും ഭൂമിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
കറക്കവും നെട്ടോട്ടവും പിന്നിട്ടയാള്‍ അറഫയിലേക്ക് കുതിക്കുന്നു. കൂടു മാറിപ്പോകുന്ന തേനീച്ചകളെപ്പോലെ. നനുനനുത്ത ചരല്‍ക്കല്ലുകള്‍ ചിതറിയ വിജനമായ താഴ്‌വര. ഒരു ദിവസം മാത്രം നിലനില്‍ക്കുന്ന വിസ്മയ നഗരം. വിശ്വാസികളുടെ അസ്തമയ പ്രാര്‍ഥനയോടെ ഇവിടം വിജനതയിലേക്ക് പ്രത്യക്ഷമാവുന്നു. അതിര്‍ത്തികളില്ലാത്ത രാഷ്ട്രം പോലെ, ചക്രവാളം തൊട്ടു ചക്രവാളം വരെ. ഉച്ചനീചത്വങ്ങളോ പ്രതാപ മഹിമകളോ ഇല്ലാതെ. വിശ്വാസികളുടെ മഹാ സംഗമം. ജ്ഞാനദേശമാണ് അറഫ. ആദമും ഹവ്വയും ഭൂമിയില്‍ കണ്ടുമുട്ടിയ സംഗമദേശം ഇതത്രെ. പാപം ചെയ്യുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്ത ആദിമ മനുഷ്യനാണ് ആദം. പരിത്യക്തനായ ആദം ഭൂമിയില്‍ തടവുകാരനെപ്പോലെ സങ്കടപ്പെട്ടു. ജ്ഞാനലബ്ധിയോടെ പശ്ചാത്താപ വിവശനായ ആദം തന്റെ ജീവിതനിയോഗം തിരിച്ചുപിടിച്ചു. അതുകൊണ്ടുതന്നെ ഹാജി അറഫയില്‍ ആദമിനെ പോലെ പശ്ചാത്താപ വിവശനാകണം. ആദമും ഹവ്വയും അറഫയില്‍ വെച്ച് വ്യക്തികളല്ലാതായി. കുടുംബമായി, സമൂഹമായി. അതിനാല്‍ ഹാജിയും അറഫയില്‍ വെച്ചു വരുംജീവിതം സാമൂഹികമായി ചിട്ടപ്പെടുത്താനുള്ള മാര്‍ഗവും തീരുമാനവും ചികയേണ്ടതുണ്ട്. ഇതിനുള്ള ശേഷിയായിരിക്കണം അറഫയില്‍ വെച്ചയാള്‍ സംഭരിക്കേണ്ടത്. പ്രയോഗതലത്തില്‍ വിജയിക്കാനുള്ള നൈപുണിയാണത്. ഇത് നേടിയോ എങ്കില്‍ ഹജ്ജ് സമ്പൂര്‍ണമായി, അറഫയും. കാരണം ഹജ്ജ് അറഫയാണ്. അറഫയാകട്ടെ പശ്ചാത്താപവും തിരിച്ചറിവുമാണ്. കുടുംബമാണ്, സ്വസ്ഥതയാണ്, സാമൂഹിക ജീവിതത്തിന്റെ ആദ്യാങ്കുരമാണ്.
അറഫയില്‍ പകലാണ് പാര്‍പ്പ്. മുസ്ദലിഫയില്‍ രാത്രിയും. അറഫ ജ്ഞാനമാണ്, സാമൂഹിക യാഥാര്‍ഥ്യങ്ങളുമായുള്ള വസ്തുനിഷ്ഠബന്ധമാണ്. മുസ്ദലിഫ, ബോധമണ്ഡലവും. രാത്രിയുടെ അടങ്ങിപ്പാര്‍പ്പില്‍ ചിന്താകേന്ദ്രീകരണത്തിന് സന്ദര്‍ഭമുണ്ട്. ചിന്തകള്‍ ഉരസിയെടുക്കുന്ന ബോധത്തിനു വെളിച്ചം വേണ്ട. ഇരുട്ടിനെ ഭയക്കുകയും വേണ്ട. ഹാജിയുടെ മാര്‍ഗം തന്നെ വെളിച്ചമാണ്. ഇരുട്ടില്‍ നിന്നയാള്‍ സഞ്ചരിക്കുന്നത് വെളിച്ചത്തിലേക്കാണ്. മുസ്ദലിഫയില്‍ വെച്ചയാള്‍ ചിന്തിച്ചുവോ? അല്ലാഹുവെ കണ്ടെത്തിയോ? കേവലനായ അല്ലാഹുവിനെയല്ല, ജനങ്ങളുടെ നാഥനും രക്ഷിതാവും യജമാനനുമായ അല്ലാഹുവെ. തന്റെ സ്വന്തം സാമൂഹിക പരിസരത്ത് നിന്നാണയാള്‍ അല്ലാഹുവിനെ അന്വേഷിക്കേണ്ടത്. ഈ അന്വേഷണമാണ് മുസ്ദലിഫ. വിശ്വാസികളുടെ രാത്രികള്‍ അല്ലെങ്കിലും മുസ്ദലിഫയാണല്ലോ. ഉറങ്ങുന്ന, വിശ്രമിക്കുന്ന, തന്നെയും തന്റെ നാഥനെയും കണ്ടെത്താനുള്ള അന്വേഷണം ഇരമ്പുന്ന മുസ്ദലിഫ.
വെളിച്ചം പരക്കുന്നതോടെ മിനയിലെത്തണം. ഹജ്ജിലെ മഹത്തായ കര്‍മങ്ങളിനിയും ബാക്കിയുണ്ട്. ജംറകളില്‍ എറിയണം. ജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും ശുഭകേന്ദ്രങ്ങളായ അറഫയും മുസ്ദലിഫയും വിട്ടു അയാള്‍ മിനായിലെത്തുന്നു; ശത്രുവിന്റെ മസ്തകം തകര്‍ക്കാനുള്ള സര്‍വായുധങ്ങളുമായി. കണ്ണുകള്‍ ഉഴറുകയായി; കുഞ്ഞുകല്ലുകള്‍ തേടി. അതുമതി. അതുകൊണ്ടാണ് അല്ലാഹുവിന്റെ പക്ഷികള്‍ അബ്‌റഹത്തിന്റെ സന്നാഹങ്ങളെ കശക്കിയെറിഞ്ഞത്. അതിന് അപാര വിസ്‌ഫോടന ശേഷിയുണ്ട്. ഖുദ്‌സിന്റെ പരിസരങ്ങളില്‍ ഇന്നും അബ്‌റഹത്തിനെതിരെ വിശ്വാസികളുടെ ആയുധം കല്ലുകള്‍! ഈ കല്ലുകള്‍ കൊണ്ടുതന്നെയാണ് നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം, തന്നെയും പുത്രനെയും ദുര്‍മന്ത്രണങ്ങള്‍ കൊണ്ടകറ്റാന്‍ ശ്രമിച്ച ദേഹേഛയെ ഇബ്‌റാഹീം പ്രവാചകന്‍ എറിഞ്ഞുകൊന്നത്. ഇത്രയേറെ കൊടും പരീക്ഷണങ്ങളെ സംബോധന ചെയ്ത വൃദ്ധപിതാവില്‍ ദേഹേഛയുടെ പിശാച് വിജയിക്കുകയോ?! ഇബ്‌റാഹീം വിശ്വാസിയാണ്. വിശ്വാസത്തെ കര്‍മം കൊണ്ട് സാക്ഷാത്കരിച്ചയാള്‍.
ജംറകള്‍ പ്രതീകവത്കരിക്കുന്നത് ജഡത്തിന്റെ മലിന മോഹങ്ങളെയാണ്. അതിനാല്‍ ഹാജി കല്ലെറിയേണ്ടത് അയാളുടെ ഉള്ളിലെ ജംറകളിലേക്കാണ്. അങ്ങനെ എറിഞ്ഞുവോ? തന്റെ ശ്വാസവായുവില്‍ പോലും പിടിമുറുക്കിയ പിശാച് ഏതെന്നയാള്‍ പരതണം. താന്‍ ശ്രമപ്പെട്ട് എറിഞ്ഞാട്ടുന്ന പിശാച് തന്നിലേക്ക് തന്നെ ഒളിച്ചു കടക്കുന്നുവെങ്കില്‍ അയാളുടെ മിനാ നിരര്‍ഥകമാണ്. അങ്ങനെയല്ലാതിരിക്കണമെങ്കില്‍ എറിഞ്ഞു തകര്‍ക്കേണ്ടത് സ്വന്തം ഉള്ളിലെ പിശാചുക്കളുടെ ഒളിത്താവളത്തെയാണ്. അങ്ങനെ സംഭവിച്ചുവെങ്കില്‍ ഹാജി ഭയപ്പെടേണ്ടതില്ല.
ബാക്കിയുള്ളത് ബലിയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട ക്ലേശജീവിതം. ഏതു മനുഷ്യനിലെയും ആഗ്രഹമാണ് പിന്തുടര്‍ച്ച. ഇത് ഇബ്‌റാഹീമിനും ബാധകമാണ്. പ്രാര്‍ഥനയുടെ ഉഷ്ണത്തിനൊടുവില്‍ പ്രതീക്ഷയുടെ മഴവില്ല് കണ്ടു. ഇബ്‌റാഹീം പിതാവായി. ഇസ്മാഈല്‍.... തന്റെ ക്ലേശം പിടിച്ച നാളുകളില്‍ മകന്‍ കൂടെ നടന്നു. അത് രണ്ടുപേരിലും സന്തോഷം കൊണ്ടുവന്നു. അപ്പോഴാണ് ബലിക്കുള്ള കല്‍പന. അന്ന് ഇബ്‌റാഹീം അക്ഷോഭ്യനായി നിന്നു. എന്തു ചെയ്യും? പിതാവാവുകയോ അതോ പ്രവാചകനാവുകയോ? ഇബ്‌റാഹീം ഒരശരീരി കേട്ടുകാണും. ദേഹമോഹങ്ങള്‍ക്ക് വിധേയനാവാതിരിക്കാന്‍ മാത്രം ശക്തനാണോ താങ്കള്‍, താങ്കള്‍ക്കിപ്പോഴും മണ്ണുമായാണോ ബന്ധം അതോ വിണ്ണുമായോ? അനുസരണം ക്ലേശകരമാണ്. പക്ഷേ, ക്ലേശത്തിന് ശേഷം എളുപ്പമുണ്ട്. ഇബ്‌റാഹീം അനുസരിച്ചു. അദ്ദേഹം പ്രവാചകനായി. മകനെ കാട്ടാടിനെപ്പോലെ നിലത്ത് നിരക്കിയിട്ടു. കാലുകള്‍ പാദങ്ങള്‍ കൊണ്ട് ചവിട്ടിപ്പിടിച്ചു. തലമുടി കൂട്ടിപ്പിടിച്ചു കണ്ഠധമനിയില്‍ കത്തിവെച്ചു. അദ്ദേഹത്തിന് എല്ലാം പെട്ടെന്നു തീരണമെന്നുണ്ടായിരുന്നു. ഇബ്‌റാഹീമിനു വേണ്ടി അല്ലാഹു ഇടപെട്ടു. നമുക്കു വേണ്ടിയും അവനിടപെടും. അതിന് നാം ഇബ്‌റാഹീമാവണം. അതിന് സാധിക്കുമോ? ബലിക്ക് തിരക്കു കൂട്ടുന്ന ഹാജി ആത്മവിചാരം ചെയ്യണം. ഞാന്‍ ബലി നല്‍കുകയാണോയെന്ന്. ബലി നല്‍കേണ്ടത് ഇസ്മാഈലിനെയാണ്. ഏതാണ് താങ്കളുടെ ഇസ്മാഈല്‍, സ്വന്തം പദവിയോ, സമ്പാദ്യമോ, ഭൗതിക കാമനകളോ, അഹങ്കാരമോ, സമയമോ? താങ്കള്‍ ബലി നല്‍കാനാഞ്ഞത് സ്വന്തം ഇസ്മാഈലിനെത്തന്നെയോ? ഇസ്മാഈലിനെ നല്‍കുന്നതാണ് ബലി. ബലിക്കു വേണ്ടി ആടിനെ അറുക്കുന്നത് കശാപ്പ് മാത്രമാണ്. കേവലമായ കശാപ്പ് ഇബ്‌റാഹീമീ മില്ലത്തിലില്ല.
വലം വയ്പും അവസാനത്തെ ഓട്ടവും പിന്നിട്ട് മക്ക വിടാനൊരുങ്ങുന്ന അയാള്‍ യഥാര്‍ഥ ഇബ്‌റാഹീമീ മില്ലത്തിലെത്തണമെങ്കില്‍ ഹജ്ജിന്റെ ആന്തര ദത്തങ്ങളെ ശിഷ്ട ജീവിതത്തിലെ പ്രയോഗതലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. അതിനു കൂടി സാധിച്ചാല്‍ ഹജ്ജ് പൂര്‍ത്തിയായി. ഹജ്ജ് എന്ന മഹത്തായ സംഘബോധ പ്രവര്‍ത്തനത്തിനു ആത്മീയേതരമായ മാനങ്ങളുണ്ട്. ഇസ്‌ലാമില്‍ കേവലാത്മീയതയില്ല. അല്ലാഹുവിന്റെ വീട്ടില്‍ മാത്രമല്ല, അല്ലാഹുവിന്റെ അതിഥികള്‍ വരുന്ന സമസ്ത നാടുകളിലും നിര്‍ഭയത്വവും സമൃദ്ധിയും നിറയണം. അതിന് ഇബ്‌റാഹീം പ്രവാചകനെപ്പോലെ അധ്വാനിക്കാന്‍ ഓരോ ഹാജിക്കും ബാധ്യതയുണ്ട്. കേവലാനുഷ്ഠാനത്തിന്റെ മൂഢധാരണയെ ഇവിടെ കനിവോടെ നമുക്ക് തിരുത്തേണ്ടതുണ്ട്.ഏകാന്തതയില്‍ വ്യക്തിനിഷ്ഠമായി അനുഷ്ഠിക്കേണ്ട ചടങ്ങല്ല ഹജ്ജ്. ഓരോരുത്തരെയുമാണ് അല്ലാഹു ക്ഷണിക്കുന്നതെങ്കിലും എത്തിച്ചേരുന്നത് മഹാ പ്രവാഹ സംഗമമാണ്. കര്‍മങ്ങളാവട്ടെ സമഷ്ടിയും.
കര്‍മപഥത്തിന്റെ കേന്ദ്രമാണ് കഅ്ബ. ലോകം തന്നെ ഒരു വര്‍ത്തുള പ്രവാഹമായി അതിനു ചുറ്റും ഇരമ്പണം. അതിന്റെ സമ്പൂര്‍ണ ശോഭയില്‍ ഇബ്‌റാഹീമിന്റെ സ്ഥാനത്തെത്തിയ ഹാജി സ്വന്തം നാടിനെയും ഹറമിനെപ്പോലെ രക്ഷാബോധത്തിലേക്ക് നയിക്കണം. സര്‍വ ജീവജാലങ്ങളെയും വിശപ്പില്‍നിന്ന് വിമോചിപ്പിക്കണം. ജീവിതകാലം ഇഹ്‌റാമിലെപ്പോലെ നിര്‍മലവും ലളിതവുമായിരിക്കണം. ത്വവാഫിലും സഅ്‌യിലുമെന്ന പോലെ ചലനാത്മകമായിരിക്കണം. അറഫയെപ്പോലെ ജ്ഞാനിയാകണം. മിനയിലെന്ന പോലെ പോരാളിയാകണം. സ്വന്തം ജീവിത പരിസരത്തെ ഇഛകളുടെ ഇസ്മാഈലിനെ ബലി നല്‍കണം. മക്കയിലെ കര്‍മങ്ങള്‍ സ്വന്തം ജീവിതമണ്ഡലത്തില്‍ പ്രയോഗവത്കരിക്കണം. അപ്പോഴേ ഭൂമിയിലെ ഹജ്ജ് ആകാശത്ത് സ്വീകരിക്കപ്പെടൂ. ഇതിനാണ് ഇബ്‌റാഹീം ഊറിന്റെ വിദൂരതയില്‍ നിന്ന് മക്കയുടെ പാരുഷ്യത്തിലേക്ക് ദീര്‍ഘപ്രയാണം ചെയ്തത്. അതിനാണ് കഅ്ബ പണിതത്. വരുംകാല തലമുറയെ മക്കയിലേക്ക് വിളിച്ചത്. ഇതിന് തന്നെയാണ് പ്രവാചകനായ മുഹമ്മദ് മക്കാ പ്രാന്തത്തിനു ചുറ്റും വെപ്രാളപ്പെട്ടത്. യസ്‌രിബിലേക്ക് ഒളിച്ചുകടന്നത്. തിരിച്ചു വന്ന് മക്കയെ വിമോചിപ്പിച്ചത്. ഹാജി ഇത് തിരിച്ചറിയണം. എങ്കില്‍ ഹജ്ജ് ഒന്നു മതിയാവും.
Comments