Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 8

പിതൃത്വം പുണ്യമാകുമ്പോള്‍

ഹമീദ് മലപ്പുറം

ഭൂമിയുടെ പുറമ്പോക്കില്‍ ഹ്രസ്വമായ ഒരു യാത്രയിലാണ് മനുഷ്യരഖിലവും. യാത്രാ ദൈര്‍ഘ്യം പലര്‍ക്കും പലവിധമാണ്. തനിയെ വന്ന മനുഷ്യന്‍ തനിയെ തന്നെ തിരിച്ചുപോകുന്നു. ഒറ്റക്ക് നടത്തുന്ന ഈ യാത്രയില്‍ ഒറ്റപ്പെടല്‍ അനുഭവിക്കാതിരിക്കുന്നതിന്റെ കാരണം മനുഷ്യനിലുള്ള സംഘബോധമാണ്. കുടുംബമാണ് സംഘത്തിന്റെ പ്രഥമ വൃത്തം. മാതാവ്, പിതാവ്, കൂടെപ്പിറപ്പുകള്‍ ഇവര്‍ വഴി യാത്രയുടെ ആനന്ദവും സൌരഭ്യവും നുകരാന്‍ മനുഷ്യനു കഴിയുന്നു. പ്രാരംഭദശയില്‍ അമ്മിഞ്ഞപ്പാലിലൂടെയും മാതൃലാളനയിലൂടെയും മനുഷ്യന്‍ അവന്റെ മാതാവിനെ കണ്ടെത്തുന്നു. മാതാവിനെയും തന്നെയും താങ്ങി നിര്‍ത്തുന്ന ശക്തമായ തൂണാണ് പിതാവെന്ന് വഴിയെ അവന്‍ തിരിച്ചറിയുന്നു. തന്റെ സ്വത്വവും സ്വഭാവവും രൂപപ്പെടുത്തി ബാല്യത്തില്‍ ആന്തരികമായ ചട്ടക്കൂടാണ് പ്രധാനമായും മാതാവ് നിര്‍മിക്കുന്നതെങ്കില്‍ അതിനുള്ള ബാഹ്യ  പശ്ചാത്തലമാണ് പിതാവ് ഒരുക്കുന്നത്.
മാതൃത്വവും പിതൃത്വവും പകരം വെക്കാനില്ലാത്ത രണ്ട് സ്ഥാപനങ്ങളാണ്. ഉമ്മയുടെ മൃദുവാര്‍ന്ന കരസ്പര്‍ശങ്ങളും അവാച്യമായ സ്നേഹമസൃണങ്ങള്‍ പൊഴിക്കുന്ന ചുംബനങ്ങളുമാണ് ശിശുശരീരത്തിന്റെ ശരിയായ വളര്‍ച്ചയുടെ രാസത്വരകം. എന്നാല്‍, അത്രതന്നെ പ്രാധാന്യമുള്ളതാണ് പിതാവിന്റെ പരുപരുത്ത കൈകള്‍ കൊണ്ടുള്ള തലോടലും ആര്‍ദ്രമായ ആലിംഗനങ്ങളും ശിക്ഷണമാര്‍ന്ന ശാസനകളും. മക്കളുടെ വ്യക്തിത്വം കരുപ്പിടിപ്പിക്കുന്നതിലും ജീവിതരീതി രൂപപ്പെടുത്തുന്നതിലും പിതാവിനു തന്നെയാണ് വലിയ പങ്കുള്ളത്. ഭാവിയില്‍ ഒറ്റക്കുള്ള യാത്രയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയും തന്റേടവും നല്‍കുന്നത് പിതാവിന്റെ നയസമീപനങ്ങളും നായകത്വവുമാണ്. താരതമ്യ വിഷയത്തില്‍ രണ്ട് പണത്തൂക്കം മാതാവിനോടാഭിമുഖ്യം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും മാതാവിനു പിതാവാകാനോ പിതാവിനു മാതാവാകാനോ സാധ്യമല്ല. രണ്ട് പേരും വ്യതിരിക്തമായ വ്യക്തിത്വങ്ങളായി നിലകൊണ്ടുതന്നെ ഒന്നായിത്തീരുകയും ബാധ്യതകളൂം അവകാശങ്ങളും പരസ്പരം കൈമാറ്റം ചെയ്യുകയും അങ്ങനെ ഏകസ്ഥാപനമായി വര്‍ത്തിക്കുകയും ചെയ്യുന്നേടത്താണ് ഉത്തമരായ സന്താനങ്ങള്‍ സമ്മാനിക്കപ്പെടുന്നത്.
അനുഭവിക്കുന്ന ഏതൊന്നിന്റെയും വില നാം മനസ്സിലാക്കുന്നത് പിന്നീടത് തിരിച്ചു കിട്ടാനാവാത്തവിധം നഷ്ടപ്പെടുമ്പോഴാണ്. മാതാവിന്റെ വിയോഗത്തോടെ മക്കള്‍ക്ക് നഷ്ടമാകുന്നത് നിസ്വാര്‍ഥമായ സ്നേഹത്തിന്റെ അവസാനവാക്കാണ്. പിതാവിന്റെ വേര്‍പാടോടെ നഷ്ടപ്പെടുന്നത് സ്വന്തം മേല്‍വിലാസവും. ഇവര്‍ രണ്ട് പേരും യാത്രയാകുന്നതോടെ, സര്‍വൈശ്വര്യത്തിനിടയിലും അനാഥത്വമാണത് മക്കള്‍ക്ക് നല്‍കുക. രണ്ട് വ്യക്തികളെന്ന നിലയില്‍ മാതാവിനെയും പിതാവിനെയും സംബന്ധിച്ച സമൂഹത്തിന്റെ വായന വ്യത്യസ്തമാകാം. എന്നാല്‍ മാതൃത്വവും പിതൃത്വവും വിശകലനം ചെയ്യപ്പെടുമ്പോള്‍ മക്കള്‍ക്കവര്‍ എങ്ങനെ അനുഭവപ്പെടുന്നു എന്നതാണ് മര്‍മപ്രധാനം.
സാധാരണഗതിയില്‍ മക്കള്‍ ഏറെ വാചാലരാവുക മാതാവിനെ സംബന്ധിച്ച് തന്നെ. അതിനര്‍ഥം പിതാവിനെക്കുറിച്ച് ഒന്നും പറയേണ്ടതില്ല എന്നല്ല. എന്നാല്‍ പിതാവിനെക്കുറിച്ചു കാര്യമായൊന്നും പറയാനില്ലാത്തവിധം തെന്നിമാറുന്ന പ്രകൃതമായിരിക്കാം ചിലപ്പോഴെങ്കിലും പിതാവിന്റേത്. മക്കള്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പെ പുറപ്പെടുകയും മക്കള്‍ ഉറങ്ങിയതിനു ശേഷം തിരികെ വരികയും ചെയ്യുന്ന വഴിയാത്രക്കാരായ പിതാക്കന്മാരെക്കുറിച്ച് മക്കള്‍ എന്ത് പറയാനാണ്! പരസ്പരം നേരെ ചൊവ്വേ ആശയ സംവാദം സാധ്യമാകാത്ത പിതാക്കന്മാരും മക്കളുമുണ്ട് എന്ന വസ്തുതയും മറച്ചുവെക്കേണ്ടതില്ല. പലപ്പോഴും ഇരുവരും മാതാവിനെയോ ഭാര്യയെയോ മധ്യവര്‍ത്തികളാക്കിക്കൊണ്ടായിരിക്കും കാര്യങ്ങള്‍ സാധിക്കുക.
ഇവിടെ ഞങ്ങള്‍ മക്കള്‍ നന്നായനുഭവിച്ച ഒരു പിതാവിനെക്കുറിച്ചാണ് ഈ കുറിപ്പ്. പിതാവ് പരലോകം പൂകിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ച ഗൃഹാതുര ഓര്‍മകളാണ് ജീവിതത്തിന്റെ ഊടുവഴികളില്‍ ഞങ്ങള്‍ക്ക് വെട്ടവും ദീപവുമാകുന്നത്. ദീര്‍ഘമായ ഒരനുസ്മരണക്കുറിപ്പ് തയാറാക്കാന്‍ മാത്രം പൊതു ഇടങ്ങളില്‍ മുഖം കാണിച്ച വ്യക്തിയായിരുന്നില്ല പിതാവ്. എങ്കിലും ചുരുങ്ങി ചുരുങ്ങി ഉണങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, വികസിച്ച് വികസിച്ച് അസാധാരണമാം വിധത്തില്‍ വലുതായിപ്പോയ ഒരു കുടുംബത്തിന്റെ നായകന്‍ എന്ന ഖ്യാതി തന്നെ മതി പിതാവിനെ വ്യതിരിക്തനാക്കാന്‍. ഉപഭോഗസംസ്കാരത്തിന്റെയും സ്വാര്‍ഥതയുടെയും അണുകുടുംബ ലോകത്തിന് ഈ പിതാവൊരിക്കലും മാതൃകയല്ല!
ഒരു വ്യക്തിയെ നാം ആദരിക്കുന്നതെപ്പോഴാണ്? അദ്ദേഹത്തിന്റെ വ്യക്തിത്വം അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതെപ്പോഴാണ്? എപ്പോഴായിരിക്കും ഒരു പിതാവിനു തന്റെ മക്കളില്‍ കുടിയിരിക്കുവാന്‍ കഴിയുക? സംശയമില്ല, ജീവിത സംശുദ്ധിയും ഉയര്‍ന്ന സ്വഭാവവും ആദര്‍ശാധിഷ്ഠിത നിലപാടുകളുമാണ് വ്യക്തികള്‍ക്ക് നമ്മുടെ മനസ്സുകളില്‍ സ്ഥായിയായ സ്ഥാനവും അംഗീകാരവും ആദരവും നല്‍കാന്‍ പ്രേരിപ്പിക്കുന്നത്. പിതാവിന്റെ വിഷയത്തിലും ജനിതക സാങ്കേതികത്വം മാത്രം മതിയാവില്ല. ഭക്ഷണവും പാര്‍പ്പിടവും ഒരുക്കുന്ന കേവലമായ ബാധ്യതാ നിര്‍വഹണം നടത്തിയതുകൊണ്ട് മാത്രവും പിതാവ് മാതൃകാ പുരുഷനാകുന്നില്ല. അതിനപ്പുറം പിതാവിന്റെ സ്വഭാവവും പ്രകൃതവും മക്കള്‍ ചെറുപ്പത്തില്‍ തന്നെ മണത്തറിയുന്നുണ്ട്.
ആകാംക്ഷയും അന്വേഷണത്വരയും അലതല്ലുന്ന  അഞ്ചാം വയസ്സിന്റെ സംഭവബഹുലതകളില്‍ ഒരു സംഭവം ഇന്നും മനോമുകുരത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാറിലെ മാപ്പിളമാര്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെ വീരോചിതകഥകള്‍ വലിയുമ്മ ഒരു ദൃക്സാക്ഷിയെപ്പൊലെ ഞങ്ങള്‍ കുട്ടികള്‍ക്ക് വിവരിച്ച് തരുമായിരുന്നു. പോലീസും പട്ടാളവും പീരങ്കിയുമൊക്കെ അന്നുമുതല്‍ മനസ്സിന്റെ അകത്തളത്ത് കോറിയിട്ടിരുന്ന അപായ ചിഹ്നങ്ങളായിരുന്നു. പഞ്ചാരമാങ്ങയുടെയും പറങ്കിമാങ്ങയുടെയും സുലഭതക്ക് നടുവില്‍ മുഖ്യാഹാരമായ അരിച്ചോര്‍ കഴിക്കാന്‍ വിമ്മിഷ്ടപ്പെടുമ്പോള്‍ ഉമ്മയും വലിയുമ്മയുമൊക്കെ എടുത്തുപയോഗിക്കാറുള്ള ആയുധം 'പോലീസ് വരും, പട്ടാളം വരും' എന്ന കനപ്പിച്ച വര്‍ത്തമാനങ്ങളായിരുന്നു. കൌതുകങ്ങളുടെയും ആകാംക്ഷകളുടെയും ഈ ബാല്യത്തിനിടയിലാണ് ഒരിക്കല്‍ അരോഗദൃഢഗാത്രരായ രണ്ട് പോലീസുകാര്‍ മുണ്ടന്‍ വടിയുമായി മലപ്പുറത്തെ പൈത്തിനികുന്നിലെ ഞങ്ങളുടെ വീടിന്റെ മുറ്റത്തെത്തുന്നത്.
കഞ്ഞിവെള്ളത്തില്‍ മുക്കി കല്‍ക്കരിയുടെ ആവിയില്‍ തേച്ച് ചുളിവ് വീഴ്ത്താതെ നിവര്‍ന്ന് നില്‍ക്കുന്ന ട്രൌസറും ചെത്തിക്കൂര്‍പ്പിച്ച പെന്‍സിലിന്റെ ആകൃതിപോലുള്ള തൊപ്പിയും മുളയില്‍ നിന്ന് കടഞ്ഞെടുത്ത ഉരുളന്‍ വടിയും വളഞ്ഞ് തിരിഞ്ഞ് നില്‍ക്കുന്ന കൊമ്പന്‍ മീശകളും ഏത് കുട്ടിയിലും അന്ന് മൂത്രശങ്ക വരുത്തുമായിരുന്നു. "വാളന്‍ മാഷെവിടെ?'' - പോലീസിന്റെ ശബ്ദം കനത്തപ്പോള്‍ ഉമ്മയുടെ കോന്തലക്ക് പിടിച്ച് ഞാനും കൊച്ചനുജത്തിയും വല്ലാതെ വിരണ്ടു. ധൈര്യവും ഭയവും ഒരുപോലെ കലര്‍ന്ന ശബ്ദത്തില്‍ ഉമ്മപറഞ്ഞു "താഴെ പോയതാണ്.''
"ഉം...'' ഒന്നമര്‍ത്തിമൂളി. നടവരമ്പിലൂടെ, പരുക്കന്‍ ഷൂ പരപരാ ശബ്ദവീചികള്‍ പുറപ്പെടുവിച്ച് അവരെത്തിയ വേഗത്തില്‍ തന്നെ തിരിച്ചുപോയി. കാക്കിക്കുപ്പായക്കാര്‍ ഞങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് മാഞ്ഞുപോയി എന്നുറപ്പാക്കിയശേഷം ഉമ്മയോട് ചോദിച്ചു..,
"എന്തിനാണുമ്മാ പോലീസ് ഉപ്പയെ ചോദിച്ചത്? ഉപ്പയെ പിടിക്കാനാണോ?''
"മക്കളേ.. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയാണിപ്പോള്‍.. ജമാഅത്തിനെ നിരോധിച്ചിരിക്കുകയാണ്. നിങ്ങളുടെ ബാപ്പ ജമാഅത്തുകാരനായതുകൊണ്ട് പിടിക്കാന്‍ വന്നതായിരിക്കും..'' ഉപ്പ നേരത്തെ നല്‍കിയ വിവരം വെച്ച് ഉമ്മ വിശദീകരിച്ചപ്പോള്‍ അന്ന് ഞങ്ങള്‍ക്ക് ഒന്നും പിടികിട്ടിയിരുന്നില്ല. പക്ഷേ, ബാപ്പാക്ക് ഞങ്ങളുടെ ഇളം മനസ്സിലന്ന് തന്നെ പെരുത്ത സ്ഥാനവും മഹത്വവും നല്‍കാന്‍ ആ സംഭവം കാരണമായി. എല്ലാവരും നല്ലത് പറയുന്ന പിതാവില്‍ പോലീസ് പിടിക്കാന്‍ പോന്ന തെറ്റുകളൊന്നുമില്ലെന്നും അന്നേ ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നിട്ടുമെന്തേ കുറ്റവാളിയെപ്പോലെ മഞ്ചേരി ജയിലിനകത്ത് ദിവസങ്ങളോളം  കിടക്കേണ്ടി വന്നു എന്ന വലിയ ചോദ്യത്തിന്റെ ഉത്തരം വഴിയേ മാത്രമേ ഞങ്ങള്‍ക്ക് മനസ്സിലായുള്ളൂ.
ഇരുപത്തിയഞ്ചാം വയസ്സില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഘടനക്കകത്ത് നിലയുറപ്പിച്ച പിതാവ് മരണം വരെ പ്രസ്ഥാനത്തിന്റെ സന്തതസഹചാരിയായിരുന്നു. പ്രസ്ഥാനത്തിന്റെ മലപ്പുറത്തെ ചരിത്രം തുന്നിച്ചേര്‍ക്കുമ്പോള്‍ ഹ്രസ്വമെങ്കിലും ചില വരികള്‍ ഈ പിതാവിന്റേതായി ഉണ്ടാകും. സ്വന്തം ജീവിതപരിസരത്ത് പ്രസ്ഥാനത്തിന്റെ ശബ്ദവും വെളിച്ചവും നിലച്ചുപോകാതിരിക്കാനും അണയാതെ സജീവമായി നിലനിര്‍ത്താനും ജാഗ്രത്തായ സേവനങ്ങള്‍ അര്‍പ്പിക്കാനും പിതാവിനു കഴിഞ്ഞു.  
സംഘടനാ ചുമരുകള്‍ക്കതീതനായ സമുദായ സേവകനും സര്‍വസമ്മതനും ജനക്ഷേമ തല്‍പരനുമായിരുന്നു പാണക്കാട്ടേ മര്‍ഹൂം പൂക്കോയതങ്ങള്‍. മലപ്പുറത്തെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്ന് ടി.ടി.സി പൂര്‍ത്തിയാക്കിയിറങ്ങിയ ഉപ്പ മുണ്ടുപറമ്പിലെ മലപ്പുറം സര്‍ക്കാര്‍  കോളേജിനു അഭിമുഖമായി നില്‍ക്കുന്ന മാനേജ്മെന്റ് അപ്പര്‍ പ്രൈമറി സ്കൂളില്‍ അധ്യാപകനായി നിയമിതനാകുന്നത് പാണക്കാട്ടെ പൂക്കോയതങ്ങളുടെ ശുപാര്‍ശക്കത്തും കൊണ്ടായിരുന്നു. "ഈ കത്തുമായി വരുന്ന കുട്ടി നല്ലവനാണ്. ഒരു ജോലി നല്‍കണം'' - സ്കൂള്‍ മാനേജര്‍ക്ക് തങ്ങളെഴുതിയ കത്തില്‍ രണ്ട് വരികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ ഉപ്പയുടെ മൌദൂദി ബന്ധം 'സബ്ഉല്‍ മൂബിഖാത്തായി' മനസ്സിലാക്കിയ ചിലര്‍ പാരകളുമായി മാനേജ്മെന്റില്‍ കാര്യമായി തന്നെ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മാനേജറുടെ ശബ്ദം ഉറച്ചതായിരുന്നു. "ഇനി നമ്മുടെ സ്കുളിനാവശ്യം ഒരു മൌദൂദിയെയാണ്.''
മൌദൂദിസത്തിന്റെ പേരില്‍ തുടക്കത്തില്‍ അകലം പാലിച്ചിരുന്ന സഹാധ്യാപകര്‍ക്ക് പിന്നീട് ഉപ്പ വേണ്ടപ്പെട്ടവനായി. അവരില്‍ ജീവിച്ചിരിക്കുന്നവര്‍ ഉപ്പയുടെ ആശുപത്രിവാസക്കാലത്ത് വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞ കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. സ്കൂളിന്റെ പഠനനിലവാരം ഉയര്‍ത്തുന്നതിലും അച്ചടക്കപൂര്‍ണമായ കലാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഉപ്പ വലുതായ പങ്ക് വഹിച്ചിരുന്നുവെന്ന് സഹാധ്യാപകര്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. അധ്യാപനത്തോടൊപ്പം പിതൃതുല്യമായ വാത്സല്യങ്ങളും മൂല്യങ്ങളും കുട്ടികളില്‍ പകര്‍ന്നുനല്‍കിയ ഗുരുവായിരുന്നു മാസ്റ്ററെന്ന് ശിഷ്യന്മാരും ഓര്‍ക്കുന്നു.
കുടുംബ സംസ്കരണ രംഗത്ത് രചനാത്മകമായ മാറ്റം ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് കുടുംബത്തില്‍ നമസ്കാരം സ്ഥാപിക്കുകയാണെന്ന് ഉപ്പ പറയുമായിരുന്നു. നമസ്കാരം അതിന്റെ ലക്ഷ്യവും ആത്മാവും മനസ്സിലാക്കി നിര്‍വഹിച്ചാല്‍ ബാക്കിയെല്ലാ കാര്യങ്ങളും വഴിയെ ശരിയാകുമെന്നും ഉപ്പ സ്വാനുഭവങ്ങളിലൂടെ കുടുംബത്തെ പഠിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ വൈകിയെത്തുന്നതിനു മക്കള്‍ക്ക് എക്സ്ക്യൂസുകള്‍ അനുവദിച്ച പിതാവിനു പള്ളിയില്‍ വൈകിയെത്തുന്നതിനുള്ള ന്യായീകരണങ്ങള്‍ സ്വീകാര്യമായിരുന്നില്ല. വിശിഷ്യാ സുബ്ഹ് നമസ്കാരത്തിന്. കര്‍ക്കശമായ നിലപാടായിരുന്നു ഈ വിഷയത്തില്‍ പുലര്‍ത്തിയിരുന്നത്.
കുടുംബ സംസ്കരണ രംഗത്ത് വിപ്ളവകരമായ മാറ്റമുണ്ടാക്കാന്‍ പ്രാപ്തിയുള്ളതാണ് പ്രസ്ഥാനം രുപകല്‍പന ചെയ്ത ഗൃഹയോഗമെന്ന് പ്രയോഗത്തിലൂടെ പിതാവ് തെളിയിച്ചു. ഏകപക്ഷീയമായ ഓര്‍ഡറുകള്‍ നല്‍കുന്ന സ്വേഛാധിപതിയായ ഒരു ഭരണാധികാരിയല്ല പിതാവെന്നറിയാന്‍ ഏറെ സഹായകമാണ് ഗൃഹയോഗങ്ങള്‍. ആഴവും പരപ്പുമുള്ള സമുദ്രത്തിലൂടെ തിരമാലകളെയും കൊടുങ്കാറ്റുകളെയും വകഞ്ഞുമാറ്റി ഒരു കപ്പലിനെ സുഗമമായി മുന്നോട്ട് നയിക്കുന്ന കപ്പിത്താനാണ് പിതാവെന്ന് ഗൃഹയോഗം മനസ്സിലാക്കിത്തരും.
ബാല്യം, കൌമാരം, യുവത്വം തുടങ്ങിയ വൈവിധ്യവും സങ്കീര്‍ണതകള്‍ നിറഞ്ഞതുമായ ഘട്ടങ്ങളിലൂടെ മക്കള്‍ സഞ്ചരിക്കുമ്പോള്‍ സ്വാഭാവികമായും സാഹചര്യങ്ങളുടെയും വ്യവസ്ഥിതിയുടെയും സ്വാധീനങ്ങള്‍ അവരെ പിടികൂടും. ഇത്തരം പ്രതിസന്ധികളെ സംയമനത്തോടെയും തികച്ചും മനഃശാസ്ത്രപരമായുമാണ് പിതാവ് സമീപിച്ചിരുന്നത്. ഒരിക്കല്‍ മക്കളില്‍ ഒരാള്‍ മറ്റൊരാളെക്കുറിച്ച് ഉപ്പയോട് പരാതി പറഞ്ഞൂ. മലപ്പുറത്തെ സിനിമാ ടാക്കീസില്‍ പോയി സിനിമ കണ്ടെന്നായിരുന്നു സഹോദരനെക്കുറിച്ച ആരോപണം. രണ്ടു പേരേയും അടുത്ത് വിളിച്ച് ഉപ്പ പറഞ്ഞു: "ഞാനും നിങ്ങളുടെ പ്രായത്തില്‍ സിനിമ കണ്ടിട്ടുണ്ട്. പക്ഷേ, എന്നെപ്പോലെയുള്ള ഒരാള്‍ക്ക് പറ്റിയ പണിയല്ല ഇത് എന്ന് അധികം താമസിയാതെ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. അതുപോലെ നിങ്ങള്‍ നിങ്ങളോട് തന്നെ ഫത്വ ചോദിക്കുക. ശരിയല്ലാ എന്ന് തോന്നുമ്പോള്‍ അതില്‍ നിന്ന് പിന്മാറുകയും ചെയ്യുക.''
വലിയൊരു കുടുംബത്തെ പോറ്റാന്‍ പിതാവൊരിക്കലും വഴിവിട്ട് സഞ്ചരിച്ചിരുന്നില്ല. മക്കളെ ഹറാം ഭക്ഷിപ്പിക്കരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഗള്‍ഫിന്റെ പരിമളം അറേബ്യന്‍ സമുദ്രം കടന്ന് കേരളക്കരയാകെ തഴുകിത്തലോടി സൌരഭ്യം പരത്തിയ എണ്‍പതുകളുടെ ആദ്യം. കുടുംബ പ്രാരാബ്ധങ്ങളുടെയും തൊഴില്‍പ്രതിസന്ധികളുടെയും നടുവില്‍ നിന്ന് കേരളീയന്റെ വിമോചനപ്രഖ്യാപനം കൂടിയായിരുന്നു അത്. മലപ്പുറത്തെ ആരോഗ്യമുള്ള ചെറുപ്പക്കാരെല്ലാം ലോഞ്ച് കടന്ന് അക്കരെ കടന്നു. അവര്‍ തിരികെ വന്നത് തുടുത്ത് മൊഞ്ച് വെച്ച ആപ്പിളിന്റെ വര്‍ണത്തിലായിരുന്നു. കള്ളിപ്പെട്ടി നിറയെ സാധനങ്ങളും. ഓരോ ഗള്‍ഫുകാരനും അവന്റെ വീട്ടുകാരും വലിയ പത്രാസിലായിരുന്നു അന്ന് നടന്നിരുന്നത്. മലപ്പുറത്തെ പെണ്ണുങ്ങള്‍ ഗള്‍ഫ്മാരനെ സ്വപ്നം കണ്ട് മനസ്സില്‍ മണിയറ ഒരുക്കുകയും കൂടി ചെയ്തപ്പോള്‍ ചെറുപ്പക്കാര്‍ക്കെല്ലാം എങ്ങനെയെങ്കിലും അക്കരെ കടന്നാല്‍ മതി എന്നായി.  അങ്ങനെ ഗള്‍ഫ് അതൃപ്പത്തിന്റെ സുന്ദര കാലഘട്ടത്തിലാണ് മൂത്തമകനെ അക്കരെകടത്താന്‍ നാട്ടുകാരും ബന്ധുക്കളും ഉപ്പയെ ചട്ടംകെട്ടുന്നത്. വിസ ഏതാണ്ട് ശരിപ്പെട്ടെങ്കിലും മകനു പാസ്പോര്‍ട്ടുണ്ടായിരുന്നില്ല. കാരണം പാസ്പോര്‍ട്ടെടുക്കാനുള്ള പ്രായത്തിനു ഇനിയും രണ്ട് വര്‍ഷം കാത്തിരിക്കണം. വയസ്സ്കൂട്ടി പാസ്പോര്‍ട്ടെടുക്കാന്‍ സമ്മര്‍ദമുണ്ടായി. പക്ഷേ, ഉപ്പയുടെ തീരുമാനം ഉറച്ചതായിരുന്നു: "പാസ്പോര്‍ട്ടിനു വേണ്ടി വയസ്സ് കൂട്ടാനും കുറക്കാനും ആയുസ്സിന്റെ ഖജനാവ് നമ്മുടെ കൈയിലല്ല. അതിനാല്‍ പാസ്പോര്‍ട്ട് അതിന്റെ സമയം വരുമ്പോള്‍ എടുത്താല്‍ മതി, അന്ന് ഗള്‍ഫുണ്ടെങ്കില്‍ പോകാം. അല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളുണ്ടാകും.''
അധ്യാപനവൃത്തിയില്‍ നിന്ന് പിതാവിനു ആദ്യകാലങ്ങളില്‍ ലഭിച്ചിരുന്ന മാസാന്ത ശമ്പളം അറുപത് രൂപയായിരുന്നു. ഒരു പക്ഷേ, ഇന്നത്തെ ആറായിരം രൂപയുടെ വിലയുണ്ടായിരിക്കണം അന്നത്തെ അറുപതിന്. സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ അവസാനം വാങ്ങിയ മാസാന്ത ശമ്പളം 3500 രൂപയും. വലിയൊരു കുടുംബത്തെ യാതൊരു കുറവും വരുത്താതെ തുച്ഛമായ ഈ ശമ്പളം കൊണ്ട് എങ്ങിനെ പോറ്റി വളര്‍ത്തി എന്ന് ഇന്നാലോചിക്കുമ്പോള്‍ വലിയ അത്ഭുതം തോന്നുന്നു. കുടുംബത്തിന്റെ ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ, വസ്ര്തം തുടങ്ങി അടിസ്ഥാനാവശ്യങ്ങള്‍ക്ക് തീര്‍ച്ചയായും ഇവ അപര്യപ്തമായിരിക്കണം. അതിനാല്‍ ആദ്യകാലങ്ങളില്‍ പാര്‍ട് ടൈം ജോലികളിലും വ്യാപൃതനായിരുന്നു. എന്നാലും അതിനൊരു പരിമിതിയുണ്ടല്ലോ. ഉപ്പ പറയാറുള്ള ഒരു കാര്യം എത്ര കിട്ടുന്നു എന്നതല്ല; എങ്ങനെ ചെലവാക്കുന്നു, എങ്ങനെയൊക്കെ ചെലവായിപ്പോകുന്നു എന്നതാണ് പ്രധാനം. പടച്ചവന്‍ ഒരാളെ അനുഗ്രഹിക്കുക എന്നതിനര്‍ഥം കണക്കില്ലാതെ നല്‍കുക എന്ന് മാത്രമല്ല, ലഭ്യമാകുന്നതില്‍ സുഭിക്ഷതയോടെ കഴിഞ്ഞുകൂടാനുള്ള ഒരു അവസ്ഥ സംജാതമാക്കുക എന്ന് കൂടിയാണ്. ഇതിനാണ് വരുമാനത്തിലുള്ള ബര്‍ക്കത്ത് എന്ന് പറയുന്നത്.
മക്കള്‍ നല്ലവരായി വളരണം എന്നതിന്നപ്പുറം മക്കളുടെ പ്രൊഫഷനും തൊഴിലും ഇന്നതേ ആകാവൂ എന്ന് അധ്യാപകനായ പിതാവിനു യാതൊരു നിര്‍ബന്ധവുമുണ്ടായിരുന്നില്ല. കൂട്ടത്തില്‍ അധ്യാപകവൃത്തിയില്‍ താല്‍പര്യമുള്ള മക്കളെ അങ്ങനെ വളര്‍ത്തി. ബിസിനസ്സ് മേഖല തെരഞ്ഞെടുത്തവര്‍ക്ക് മലപ്പുറത്ത് ബിസിനസ്സ് നടത്താനുള്ള സാഹചര്യവും സാമ്പത്തിക സപ്പോര്‍ട്ടും നല്‍കി. ഗള്‍ഫ് തൊഴില്‍ മേലയില്‍  പരീക്ഷണങ്ങള്‍ക്കായി പുറപ്പെട്ടവര്‍ക്ക് ധാര്‍മികപിന്തുണയും നല്‍കി. അതേസമയം വിവാഹിതരായ ഗള്‍ഫുകാരോട് കുടുംബവുമായി അധിക കാലം വിട്ട് നില്‍ക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. നമ്മുടെ നാടാണ് നമ്മുടെ കുട്ടികള്‍ക്കും നമുക്കും നല്ലതെന്ന് സുഊദി അറേബ്യയും യു.എ.ഇയും സന്ദര്‍ശിച്ച പിതാവ് പറയാറുണ്ടായിരുന്നു.
ഒരുമ്മയും പതിനേഴ് മക്കളും.... സത്യത്തില്‍ മക്കള്‍ ഇത്ര വേണം എന്നൊക്കൊ പിതാവിന്റെയും മാതാവിന്റെയും ആസൂത്രണത്തിന്റെ ഭാഗമായി സംഭവിച്ചതാണോ? അതല്ല കണക്കുകൂട്ടലുകള്‍ തെറ്റിയതാണോ? സ്വാഭാവിക സംശയം ജീവിതത്തിന്റെ അവസാന നാളുകളില്‍ ഉപ്പയുമായി പങ്കുവെച്ചു. ഉപ്പയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
"എല്ലാം പടച്ച തമ്പുരാന്‍ തന്നപ്പോള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചതാണ് മകനേ, പടച്ച തമ്പുരാന് ഇഷ്ടക്കുറവുണ്ടാകുമോ എന്ന ഭയത്താല്‍ മറ്റൊന്നും ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. അങ്ങനെ  വര്‍ഷമോ, ഒന്നര വര്‍ഷമോ പരമാവധി രണ്ട് വര്‍ഷത്തിനുള്ളിലോ ഒരു പുതിയ അംഗം എന്ന നിലയില്‍ നമ്മുടെ കുടുംബം വലുതായിക്കൊണ്ടിരുന്നു. പതിനേഴ് മക്കളെയും നിങ്ങളുടെ ഏക ഉമ്മ തന്നെ പ്രസവിച്ചതാണ്. ആശുപത്രിയില്‍ അല്ല, നമ്മുടെ വീട്ടില്‍ തന്നെ. കൂട്ടിനു ഒരസ്സാത്തിയുണ്ടായിരിക്കും. ഓപ്പറേഷന്റെ ഭീതിയില്ല, എല്ലാം സുഖപ്രസവം. പതിനേഴ് പേരില്‍ നിങ്ങള്‍ പതിനഞ്ച് പേര്‍ ഇപ്പോള്‍ ഹയാത്തിലുണ്ട്. രണ്ട് പേരെ അല്ലാഹു നേരത്തെ തന്നെ തിരിച്ചെടുത്തു. എല്ലാവര്‍ക്കും മിനിമം വിദ്യാഭ്യാസം നല്‍കി. ഉപജീവനമാര്‍ഗവുമായി. എല്ലാവരെയും വിവാഹം കഴിപ്പിച്ചു. താമസിക്കാന്‍ ഇടവുമായി. എല്ലാവര്‍ക്കും മക്കളായി, മക്കള്‍ക്ക് മക്കളുമായി. ഇവരൊക്കെ ഇസ്ലാമികമായി തന്നെ ജീവിക്കുന്നു. ഇതൊക്കെ പടച്ചവന്റെ വലിയൊരു അനുഗ്രഹം തന്നെയല്ലേ?''
പ്രിയപ്പെട്ട വായനക്കാരേ, ഈ മാതാപിതാക്കള്‍ക്ക് അവരുടെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കാന്‍ ഇന്ന് പതിനഞ്ച് മക്കളും അതിനേക്കാളേറെ പേരമക്കളും ജീവിച്ചിരിക്കുന്നു. പക്ഷേ, നമുക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആരാണുള്ളത്? നമ്മുടെ മക്കളുണ്ടാകുമോ? അവരുടെ എണ്ണം എത്രയാകട്ടെ, ആ തരത്തിലാണോ നാം അവരെ വളര്‍ത്തുന്നത്?

Comments