Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 8

അധികാരത്തിന്റെ ചൂരടിക്കുമ്പോഴേക്കും....

ഇഹ്‌സാന്‍

പ്രായം 87 കടന്നു. അധികാര കസേരകളോടുള്ള എല്‍.കെ അദ്വാനിയുടെ ആര്‍ത്തി എന്നിട്ടും അവസാനിക്കുന്ന മട്ടില്ല. അദ്ദേഹമുടനെ നടത്തുമെന്നും ഇല്ലെന്നും പറയുന്ന ആ യാത്രയുടെ പിന്നില്‍ അജണ്ട ഒന്നേയുള്ളൂ. ഏകദേശം മണം കിട്ടിത്തുടങ്ങിയ ദല്‍ഹിയിലെ അധികാര കേസരയില്‍ എന്നാല്‍ പിന്നെ താന്‍ തന്നെയങ്ങ് ഇരുന്നു കളയാം എന്ന മോഹം. പണ്ട് വാജ്‌പേയിയുടെ കിഡ്‌നിയും കരളും അടിച്ചുപോയെന്ന് അലക്‌സ് പെറിയെ കൊണ്ട് ടൈംസ് വാരികയില്‍ ലേഖനമെഴുതിച്ചാണ് ഉപപ്രധാനമന്ത്രി കസേര തരപ്പെടുത്തിയത്. വാജ്‌പേയിയെ മറിച്ചിട്ട് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ കാലം അവസരം നല്‍കിയില്ല. അന്ന് കുറിച്ചിട്ട തീയതിയാണ് 2014-ലെ പൊതുതെരഞ്ഞെടുപ്പ്. എന്‍.ഡി.എ ഭരണമൊഴിഞ്ഞതിനു തൊട്ടു പിന്നാലെ അദ്വാനി അങ്ങനെയൊരു പ്രസ്താവന നടത്തിയത് ഇപ്പോഴാരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ? അതായത് ഇനി ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി മടങ്ങിയെത്തുന്നത് 2014-ലായിരിക്കുമെന്ന്. എന്‍.ഡി.എയുടെ എല്ലാ തെരഞ്ഞെടുപ്പു വിജയങ്ങളിലും തന്റെ പങ്ക് ആവര്‍ത്തിച്ചുറപ്പിച്ച അന്നത്തെ പ്രസംഗം കേട്ടവര്‍ മനസ്സില്‍ കുറിച്ചിട്ടതാണ്, ആശാന്‍ കട്ടയും പടവും മടക്കാന്‍ പോകുന്നില്ലെന്ന്.
പോയ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ലോക്‌സഭയില്‍ പിന്നീടദ്ദേഹം പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വേണ്ടെന്നുവെച്ചതെന്ന് മാധ്യമങ്ങള്‍ ഈയടുത്ത കാലം വരെയും പ്രചരിപ്പിച്ചു നടന്നു. പിന്നീടു കേട്ടു, ആഗ്രഹമുണ്ടായിട്ടല്ല, ആര്‍.എസ്.എസ് ഇടപെട്ടതു കൊണ്ടാണ് അദ്വാനി സ്ഥാനമൊഴിഞ്ഞതെന്ന്. അങ്ങനെയാണ് വാജ്‌പേയിയുടെ കാലശേഷം വളര്‍ച്ച മുരടിച്ച ബി.ജെ.പിയില്‍ പുതിയൊരു നേതൃനിര ഉയര്‍ന്നുവരാന്‍ തുടങ്ങിയതും പാര്‍ട്ടിക്ക് പതുക്കെ പതുക്കെ ജീവന്‍ വെക്കാനാരംഭിച്ചതും. പക്ഷേ, ജീവന്റെ ആദ്യ അങ്കുരണം നാമ്പെടുത്തപ്പോഴേക്കും ബി.ജെ.പി തനിനിറം കാണിച്ചു തുടങ്ങി. ഒരു ഭാഗത്ത് തമ്മിലടി. മോഡിക്ക് മുഖ്യമന്ത്രിപ്പണി മടുത്തു. പതുക്കെ ദല്‍ഹി പിടിക്കണം. സത്യഗ്രഹ കാലത്ത് മോഡിക്ക് അദ്വാനിയുടെ പിന്തുണ ലഭിച്ചുവെങ്കിലും രഥയാത്രയുടെ കാര്യത്തില്‍ ഈ പിന്തുണ തിരികെ കൊടുക്കുന്നതിന്റെ ഒരു സൂചനയും മോഡി കാണിച്ചിട്ടില്ല. ഒരു കാലത്ത് അദ്വാനിയുടെ തലോടലിനു വേണ്ടി കാത്തുകെട്ടിക്കിടന്ന സുഷമ-ജയ്റ്റ്‌ലി-നായിഡു പ്രഭൃതികളും വരിഷ്ട നേതാവിന്റെ പടപ്പുറപ്പാടില്‍ ഒട്ടും ആവേശം കാണിക്കുന്നില്ല.
യു.പി.എ രണ്ടാം ഗവണ്‍മെന്റ് അധികാരത്തിലേറിയതിനു ശേഷം പൊതുവെ മതേതരത്വ മുഖമുള്ള  വിഷയങ്ങള്‍ മാത്രമാണ് സംഘ്പരിവാര്‍ ഏറ്റുപിടിച്ചത്. എന്‍.ഡി.എ ഘടകകക്ഷികളുടെ താല്‍പര്യങ്ങള്‍ക്കും അവര്‍ അമിതമായ പ്രാമുഖ്യം നല്‍കി. തെലുഗുദേശം, ജെ.ഡി.യു തുടങ്ങിയ മുന്‍കാല സുഹൃത്തുക്കള്‍ ഒപ്പം നില്‍ക്കുകയും ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ മുതലായവര്‍ പുറമെ നിന്ന് പിന്തുണ നല്‍കുമെന്നും കണക്കുകൂട്ടിയാണ് പാര്‍ട്ടി തന്ത്രങ്ങള്‍ മെനയുന്നത്. അണ്ണാ ഹസാരെ മുന്നോട്ടുവെച്ച ലോകായുക്ത ബില്‍ തത്ത്വത്തില്‍ ബി.ജെ.പിയുടെ വിശാല താല്‍പര്യങ്ങള്‍ക്ക് എതിരാവുമെന്ന് കണ്ടിട്ടുപോലും ആര്‍.എസ്.എസ് ഏറ്റുപിടിക്കുകയാണുണ്ടായത്. എങ്ങനെയെങ്കിലും കോണ്‍ഗ്രസ്സിനെ താഴെയിറക്കുക ഇപ്പോള്‍ മറ്റാരെക്കാളും ആര്‍.എസ്.എസ്സിന്റെ ആവശ്യമായാണ് മാറിയിട്ടുള്ളത്. ഭീകരാക്രമണങ്ങളുടെ ദിശ തങ്ങള്‍ക്കെതിരെ തിരിച്ചുവിട്ട കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കാന്‍ ആരുമായും കൂട്ടുകൂടാനും ഏതറ്റം വരെയും പോകാനും ആര്‍.എസ്.എസ് ഒരുങ്ങിക്കഴിഞ്ഞു. ചിദംബരത്തിനെതിരെ ഓരോ ഘട്ടത്തിലും മുറുകി വരുന്ന കുരുക്കിനു പിന്നില്‍ കോണ്‍ഗ്രസ്സിലെ സംഘികള്‍ കൂട്ടത്തോടെയുണ്ടെന്നാണ് ദല്‍ഹിയിലെ അരമനരഹസ്യം. അദ്വാനിയുടെ കാലത്ത് വലതുപക്ഷ പിന്തിരിപ്പന്മാരുടെ കൂടാരമായി മാറിയ ആഭ്യന്തരമന്ത്രാലയം ഇപ്പോള്‍ ആര്‍.എസ്.എസ്സിന് വളരെയൊന്നും പ്രതീക്ഷയില്ലാത്ത ഒരു സ്ഥാപനമാണ്. ഇന്ത്യാ ചരിത്രത്തിലെ അഭൂതപൂര്‍വമായ ലുക്കൗട്ട് നോട്ടീസുകളിലൊന്ന് കഴിഞ്ഞ മാസം ഈ മന്ത്രാലയത്തിന്റെ അറിവോടെ എന്‍.ഐ.എ പുറത്തുവിട്ടിരുന്നു. ബോംബാക്രമണ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ ആര്‍.എസ്.എസ് പ്രചാരകന്മാരുടെ തലക്ക് 10 ലക്ഷം മുതല്‍ വിലയിട്ടുകൊണ്ടുള്ള ഈ നോട്ടീസ് ചിദംബരവും സംഘികളും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലെ  ഒടുവിലത്തെ  അധ്യായം.
അദ്വാനിയുടെ യാത്രക്ക് താന്‍ കൊടി വീശുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ പറയുന്നു. ഉള്ളിലൂടെ മോഡിക്കിട്ട് ഒരു കുത്തും. ഈ ലക്കം മാറ്റൊലി എഴുതുന്ന പിറ്റേ പക്കമാണ് ദല്‍ഹിയില്‍ ബി.ജെ.പിയുടെ നാഷ്‌നല്‍ കൗണ്‍സില്‍ യോഗം. ഏതൊക്കെ സംസ്ഥാനങ്ങളിലൂടെ റാലി കടന്നു പോവണമെന്നും എങ്ങനെയൊക്കെ പാര്‍ട്ടി ഘടകങ്ങള്‍ യാത്രയെ സ്വീകരിക്കണമെന്നും ഈ യോഗമാണ് അന്തിമമായി തീരുമാനിക്കേണ്ടത്. ഗുജറാത്തില്‍ യാത്രക്ക് തണുപ്പന്‍ സ്വീകരണം ഉറപ്പാക്കുന്നവരുടെ കൂട്ടത്തില്‍ നരേന്ദ്ര മോഡിയുണ്ടാവുമെന്ന് ഇതിനകം തീര്‍ച്ചയായിട്ടുണ്ട്. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മോഡി പങ്കെടുക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ വിവരം. അഹ്മദാബാദില്‍ മോഡി നടത്തിയ സത്യഗ്രഹത്തോട് ബി.ജെ.പിയുടെ രണ്ടാംനിര നേതാക്കള്‍ പൊതുവെ മുറുമുറുപ്പായിരുന്നു. പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് സ്വയം ഉയര്‍ത്തിക്കാട്ടുക വഴി അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ മോഡി ദുര്‍ബലമാക്കിയെന്നാണ് ഇവരുടെ പരാതി.
അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും എന്‍.ഡി.എ അധികാരത്തിലേറണമെങ്കില്‍ ആരായിരിക്കണം പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നതാണ് ബി.ജെ.പി നേരിടുന്ന സുപ്രധാന ചോദ്യം. മോഡിയും അദ്വാനിയുമൊക്കെ എന്‍.ഡി.എയുടെ മുഖങ്ങളായി തുടര്‍ന്നാല്‍ നിധീഷ് മുതല്‍ ജയലളിത വരെയുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാനാവണം ദല്‍ഹി ദേശീയ നിര്‍വാഹക സമിതി യോഗം ഗൃഹപാഠം ചെയ്തത്. മോഡി പ്രധാനമന്ത്രിയാവണമെന്ന് സംഘിന് ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിന്റെ കേസുകള്‍ അവസാനിച്ചിട്ടില്ലെന്ന് അവരിലെല്ലാവര്‍ക്കും ബോധ്യമുണ്ട്. ഈ രണ്ടാളുകളുടെ പേരും കേട്ടതുപാതി കേള്‍ക്കാത്തതു പാതി ഇന്ത്യയിലെ സാധാരണക്കാരായ വോട്ടര്‍മാര്‍ തിരിഞ്ഞു കുത്തുന്നതും ബി.ജെ.പി കാണുന്നുണ്ട്. 'ഒരു നിശ്ചയവുമില്ലായൊന്നിനും' എന്ന അവസ്ഥ മാത്രമാണ് പാര്‍ട്ടിക്ക് തീര്‍ച്ചയുള്ളതെന്ന് തോന്നുന്നു

Comments