അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ അധ്യാപക പരിശീലന ക്യാമ്പ്
കുവൈത്ത് സിറ്റി: കെ.ഐ.ജി വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ അബ്ബാസിയ, ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ എന്നിവിടങ്ങളില്‍ നടക്കുന്ന അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയിലെ അധ്യാപകര്‍ക്കുവേണ്ടി പരിശീലന ക്യാമ്പ് നടത്തി. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി, സന്ദര്‍ശനാര്‍ഥം കുവൈത്തില്‍ എത്തിയ പ്രഫ. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക മൂല്യങ്ങളും ധാര്‍മിക വിദ്യാഭ്യാസവും കുരുന്നു മനസുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ആവശ്യമായ അറിവുകള്‍ അധ്യാപകര്‍ കരസ്ഥമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വബോധവും ധാര്‍മിക അടിത്തറയുമുള്ളവരായി തലമുറകളെ വളര്‍ത്തുന്നതോടൊപ്പം അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ട ഒരു ജോലി കൂടിയാണ് അധ്യാപകര്‍ നിര്‍വഹിക്കുന്നത്. ഖുര്‍ആനും ഹദീസും ഇസ്ലാമിക അധ്യാപനങ്ങളും ജീവിതത്തില്‍ മുറുകെപിടിച്ച് സമൂഹത്തെ നയിക്കേണ്ടവരായി കുട്ടികളെ വളര്‍ത്തിയെടുക്കേണ്ടത് അധ്യാപകരുടെ ബാധ്യതയാണെന്ന് അദ്ദേഹം ഉണര്‍ത്തി.
ഖുര്‍ആന്‍ പഠനം, ഇസ്ലാമിക കര്‍മശാസ്ത്രം എന്നീ വിഷയങ്ങളില്‍ യഥാക്രമം അനീസ് അബ്ദുസ്സലാം, ഫൈസല്‍ മഞ്ചേരി എന്നിവര്‍ മോഡല്‍ ക്ളാസ് നടത്തി. ക്ളാസുകള്‍ ഫലപ്രദമായി എങ്ങനെ നടത്താമെന്ന വിഷയത്തിലുള്ള ഗ്രൂപ്പ് ചര്‍ച്ച കെ.ഐ.ജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ നയിച്ചു.
എസ്.എ.പി ആസാദ് അധ്യക്ഷത വഹിച്ചു. പി.ടി ഷാഫി സ്വാഗതവും സുബൈര്‍ ആലുവ ഖിറാഅത്തും നടത്തി.
കെ.ഐ.ജിയുടെ കീഴിലുള്ള എല്ലാ മദ്റസകളും വെക്കേഷനു ശേഷം സെപ്റ്റംബറില്‍ ആദ്യ വാരത്തില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അന്വേഷണങ്ങള്‍ക്ക് അബ്ബാസിയ- 97209438, ഫഹാഹീല്‍- 99715489, ഫര്‍വാനിയ- 97884736, സാല്‍മിയ- 97177495 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഖുര്‍ആന്‍ വെളിച്ചത്തിലേക്ക് നയിക്കുന്ന വേദഗ്രന്ഥം: ഡോ. മുഹമ്മദ് അഷ്റഫ് മലൈബാരി
മദീന: മാനവസമൂഹത്തെ വെളിച്ചത്തിന്റെ വഴിയിലേക്ക് നയിക്കുന്ന വേദഗ്രന്ഥമാണ് ഖുര്‍ആനെന്ന് പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ് അഷ്റഫ് മലൈബാരി അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ സ്റഡിസെന്റര്‍ ദാര്‍ഹിറ മദീനയില്‍ സംഘടിപ്പിച്ച പഠനക്ളാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ വായിക്കുകയും പഠിക്കുകയും ചെയ്യാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ജീവിതത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നു എന്നതാണ് ഇതര ഗ്രന്ഥങ്ങളില്‍നിന്ന് ഖുര്‍ആനിനെ വ്യത്യസ്തമാക്കുന്നത്. വേദഗ്രന്ഥത്തെ മാറ്റിവെച്ചുകൊണ്ടോ അവഗണിച്ചുകൊണ്ടോ ഒരു സമൂഹത്തിനും വിജയിക്കുക സാധ്യമല്ല- അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ സ്റഡിസെന്റര്‍ രക്ഷാധികാരി അലി അക്ബര്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജഅ്ഫര്‍ പുലാപ്പറ്റ സ്വാഗതവും ജഅ്ഫര്‍ എളമ്പിലാക്കോട് നന്ദിയും പറഞ്ഞു. യൂസുഫ് അലിഷാന്‍ ഖിറാഅത്ത് നടത്തി. ദാര്‍ഹിറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.
കെ.ഐ.ജി പ്രതിനിധി സംഘം ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ്, യൂത്ത് ഇന്ത്യ, ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ കുവൈത്തില്‍ പുതിയതായി ചുമതലയേറ്റ ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി മെഹ്തയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.
വീട്ടു ജോലിക്കാരുടെയും ലേബര്‍ തൊഴിലാളികളുടെയും പ്രശ്നങ്ങളും എംബസ്സിയില്‍ എത്തുമ്പോള്‍ വേണ്ട പരിഗണന ലഭിക്കാതെ പോകുന്നതും മറ്റും അംബാസഡറെ ബോധ്യപ്പെടുത്തി. മലയാളികളോടുള്ള എയര്‍ഇന്ത്യയുടെ നിരുത്തരവാദപരമായ സമീപനങ്ങളും സംഘം ചൂണ്ടിക്കാട്ടി.
ഏറ്റവും അര്‍ഹരും നിസ്സഹായരുമായ തൊഴിലാളികള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റ് അടക്കമുള്ള സഹായങ്ങള്‍ നല്‍കാന്‍ എംബസ്സി സന്നദ്ധമാണെന്നും, അനീതിക്ക് വിധേയരാകുന്ന തൊഴിലാളികള്‍ക്ക് എംബസിയെ സമീപിക്കാമെന്നും, ഷെല്‍റ്റര്‍ സംവിധാനം ഉപയോഗപ്പെടുത്തി വേണ്ട നിയമ സഹായങ്ങള്‍ നല്‍കാമെന്നും അംബാസഡര്‍ ഉറപ്പുനല്‍കി. കെ.ഐ.ജിയും അതിന്റെ യുവജന, വനിതാ വിഭാഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കെ.ഐ.ജി എക്സിക്യുട്ടീവ് അംഗങ്ങളായ അഷ്റഫ് മുഹമ്മദ്, അന്‍വര്‍ സഈദ്, വി.എസ് നജീബ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് ഖലീല്‍ റഹ്മാന്‍, ഐവ പ്രസിഡന്റ് വര്‍ദ അന്‍വര്‍, സെക്രട്ടറി സമിയ ഫൈസല്‍, ട്രഷറര്‍ നിഷ അഷ്റഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
യൂത്ത് ഇന്ത്യ ജിദ്ദ നോര്‍ത്ത് സോണ്‍
ജിദ്ദ: ക്രിയാത്മകവും നിര്‍മാണാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യൌവനത്തിന്റെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് ഇന്ത്യയുടെ ജിദ്ദ നോര്‍ത്ത് സോണ്‍ ചാപ്റ്റര്‍ രൂപം കൊണ്ടു. പ്രസിഡന്റായി ഫസല്‍ കൊച്ചിയെ തെരഞ്ഞെടുത്തു. കെ. അറഫാത്താണ് സെക്രട്ടറി. പ്രവര്‍ത്തക സമിതിയംഗങ്ങളായി സാജിദ് പാറക്കല്‍, അബ്ദു സുബ്ഹാന്‍, നിസാര്‍ ഇരട്ടി, സിറാജ് അബ്ദുല്ല, ഷമീര്‍ മാഞ്ഞാലി, അബ്ദുല്‍ ഖാദര്‍, അജ്മല്‍, അബ്ദുല്‍ ഗഫൂര്‍, യൂസുഫ് ഒലിപ്പുഴ എന്നിവരെ തെരഞ്ഞെടുത്തു.
Comments