Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 8

രണ്ട് തിന്‍മകള്‍

മൗലാനാ മൗദൂദി

സാമ്പത്തിക പ്രതിസന്ധിയും തലതിരിഞ്ഞ കാഴ്ചപ്പാടുകളും-3

നിലവിലുള്ള സാമ്പത്തിക ഘടനയുടെ തിന്മകളും അവയുടെ സ്വഭാവവും എന്ത് എന്നാണ് ഇനി നമുക്ക് നോക്കാനുള്ളത്. ഒരു സമ്പദ്ഘടനയില്‍ തിന്മ ആദ്യമായി തലപൊക്കുന്നത്, മനുഷ്യനിലെ പ്രകൃതിജന്യമായ സ്വാര്‍ഥത അതിന്റെ പരിധികള്‍ ലംഘിക്കുമ്പോഴാണ്. സമൂഹത്തില്‍ വളര്‍ന്നു വരുന്ന മറ്റു അധാര്‍മികതകളും ഈ സ്വാര്‍ഥത പുഷ്ടിപ്പെടാന്‍ അവസരമൊരുക്കും. ധാര്‍മിക അടിത്തറയൊന്നുമില്ലാത്ത രാഷ്ട്രീയ സംവിധാനമാണ് നിലവിലുള്ളതെങ്കില്‍ സ്വാര്‍ഥതക്ക് തഴച്ചുവളരാനുള്ള മണ്ണൊരുങ്ങി എന്ന് ഉറപ്പിക്കാം. അങ്ങനെ മനുഷ്യനിലെ സ്വാര്‍ഥത സാമ്പത്തിക ഘടനയെ ഒന്നാകെ തകിടം മറിക്കുക മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ മുഴുവന്‍ അടരുകളെയും വിഷലിപ്തമാക്കുകയും ചെയ്യുന്നു.
വ്യക്തികള്‍ക്ക് സ്വത്തില്‍ ഉടമാവകാശമുണ്ടാകുന്നതോ, ചില വ്യക്തികള്‍ മറ്റുള്ളവരേക്കാള്‍ സാമ്പത്തികമായി സുസ്ഥിതി കൈവരിക്കുന്നതോ തിന്മയല്ലെന്നും തീര്‍ത്തും പ്രകൃതിപരമായ അവസ്ഥകളാണെന്നും ഞാന്‍ നേരത്തെ വ്യക്തമാക്കുകയുണ്ടായി. ശരിയായ വിധത്തില്‍, തുലനം പാലിച്ചുകൊണ്ട് മനുഷ്യന്റെ ധാര്‍മിക ഗുണങ്ങള്‍ക്ക് വളരാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഈ രണ്ട് അവസ്ഥകളിലും തിന്മ തലപൊക്കുകയില്ല. എന്ത് വില കൊടുത്തും, വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ച് തന്നെ എല്ലാവര്‍ക്കും നീതി ലഭ്യമാക്കും എന്ന് പ്രതിജ്ഞയെടുത്ത ഒരു രാഷ്ട്രീയ സംവിധാനം നിലവിലുണ്ടെങ്കില്‍ പ്രത്യേകിച്ചും. പ്രകൃതിപരവും സ്വാഭാവികവുമായ കാരണങ്ങളാല്‍ സാമ്പത്തികമായി സുസ്ഥിതി നേടുന്ന മനുഷ്യന്‍ സ്വാര്‍ഥത, കുടുസ്സായ മനസ്ഥിതി, അസൂയ, അത്യാഗ്രഹം, ദേഹപൂജ, വിശ്വസ്തതയില്ലായ്മ തുടങ്ങിയ ദുര്‍ഗുണങ്ങളുടെ  അടിമയായിത്തീരുമ്പോഴാണ് മനുഷ്യമനസ്സ് തിന്മകള്‍ തഴച്ചുവളരുന്ന ഇടമായി മാറുന്നത്. തന്റെ ആവശ്യങ്ങള്‍ കഴിച്ച് താന്‍ നേടിയ ഈ അധിക സമ്പത്ത് ഈ രണ്ട് രീതികളില്‍ ഉപയോഗിക്കൂ എന്നാണ് മനുഷ്യനോട് പിശാച് മന്ത്രിച്ചുകൊണ്ടിരിക്കുന്നത്:
1. സുഖ ജീവിതത്തിനും ആര്‍ഭാടത്തിനും ഉല്ലാസത്തിനും രമ്യഹര്‍മ്യങ്ങള്‍ പണിയുന്നതിനും അധിക സമ്പത്ത് ഉപയോഗിക്കുക.
2. പുതിയ സമ്പാദന മാര്‍ഗങ്ങള്‍ തുറക്കുന്നതിന് വേണ്ടിയും അധിക സമ്പത്ത് ഉപയോഗിക്കുക. ആ പ്രവൃത്തി മറ്റുള്ളവരുടെ ഉപജീവനമാര്‍ഗങ്ങള്‍ കവര്‍ന്നിട്ടാണെങ്കിലും ശരി. അങ്ങനെ സ്വയം ഒരു കുട്ടിദൈവമായി പ്രതിഷ്ഠ നേടുക.
ഈ രണ്ട് പൈശാചികാശയങ്ങളില്‍ ആദ്യത്തേത് അധികസമ്പത്ത് കൈവശം വെക്കുന്നവനെ ധിക്കാരിയാക്കി മാറ്റുന്നു. സമ്പത്തിന്റെ വിതരണത്തില്‍ വിഹിതം നഷ്ടപ്പെട്ടവന്റെയോ, തന്റെ അത്യാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടത് സമ്പാദിക്കാന്‍ കഴിയാത്തവന്റെയോ സ്വത്തവകാശം ഈ പണക്കാരന്‍ വകവെക്കുന്നേയില്ല. ഈ വിഭാഗമാളുകളെ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും തള്ളിവിടുന്നതില്‍ പണക്കാരന്‍ തെറ്റേതും കാണുന്നില്ല. തന്റെ ഈ ഇടുങ്ങിയ ചിന്താഗതി സമൂഹത്തില്‍ ക്രിമിനലുകളെ വളര്‍ത്തുമെന്നതോ, ബഹുഭൂരിപക്ഷത്തെയും അജ്ഞതയിലും അധമവൃത്തികളിലും തളച്ചിടുമെന്നതോ, നാഗരിക-സാംസ്‌കാരിക വളര്‍ച്ചയില്‍ ഒരു സംഭാവനയും അര്‍പ്പിക്കാനാവാത്തവിധം ഈ അധഃസ്ഥിത വിഭാഗങ്ങളുടെ ബുദ്ധിപരവും കായികവുമായ കഴിവുകള്‍ നിശ്ചലമാക്കപ്പെടുമെന്നതോ, അത് താന്‍ കൂടി അംഗമായ സമൂഹത്തെ മാരകമായി പരിക്കേല്‍പിക്കുമെന്നതോ ഈ ധനികന് പ്രശ്‌നമാവുന്നില്ല. മാത്രമല്ല, ജീവിതത്തിന്റെ യഥാര്‍ഥ ആവശ്യങ്ങള്‍ക്ക് പുറമെ പലതരം ആവശ്യങ്ങള്‍ ഈ സമ്പന്ന വിഭാഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങനെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട സ്വാര്‍ഥ ലക്ഷ്യങ്ങളുടെയും ആവശ്യങ്ങളുടെയും പൂര്‍ത്തീകരണത്തിന് വേണ്ടി, സമൂഹത്തിലെ മറ്റു പലരെയും ഇവര്‍ കൂട്ടുപിടിക്കുന്നു.
ഈ സമ്പന്ന വിഭാഗത്തെ സംബന്ധിച്ചേടത്തോളം വ്യഭിചാരം ഒരു 'അത്യാവശ്യ'മാണ്. പിമ്പുകളും ഇടനിലക്കാരുമായി ഒരു വിഭാഗം ഇതിനായി നിയോഗിക്കപ്പെടുന്നു. ഇതിന്റെ തന്നെ ഭാഗമായി ആഭാസ പാട്ടുകളും അശ്ലീല നൃത്തങ്ങളും അതിനു വേണ്ട സംഗീത ഉപകരണങ്ങളും ആവശ്യമായി വരുന്നു. നര്‍ത്തകിമാരുടെയും പാട്ടുകാരികളുടെയും ഇത്തരമൊരു സംഘവും പണക്കാരുടെ തണല്‍പറ്റി വളര്‍ന്നുവരുന്നു. പിന്നെ സന്തോഷത്തിമര്‍പ്പില്‍ മയങ്ങിക്കിടക്കാന്‍ ഈ ധനികവര്‍ഗത്തിന് കള്ളും കഞ്ചാവും കറുപ്പും മറ്റു പലതരം മയക്കുമരുന്നുകളും വേണം. ചുരുക്കത്തില്‍ പണക്കാരെ ചുറ്റിപ്പറ്റി വളരുന്ന ഇത്തരം സംഘങ്ങള്‍ സമൂഹത്തിന്റെ ധാര്‍മികതയെയും ഭൗതികമായ കഴിവുകളെയും നശിപ്പിക്കുമെന്ന് മാത്രമല്ല, സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത ഇത്തരം ഒട്ടേറെ തൊഴിലുകളിലേക്ക് വലിയൊരു വിഭാഗത്തെ തള്ളിവിടുകയും ചെയ്യുന്നു. നാഗരികത വഴിതെറ്റി അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കുക എന്നതായിരിക്കും ഇതിന്റെ സ്വാഭാവിക ഫലം.
വിഷയം അവിടെ തീരുന്നില്ല. മനുഷ്യന്റെ കര്‍മശേഷി മാത്രമല്ല, കൈവശമുള്ള സമ്പത്തും അവര്‍ ദുരുപയോഗം ചെയ്യും. ആ പണം കൊണ്ട് അവര്‍ കൊട്ടാരങ്ങളും വലിയ ബംഗ്ലാവുകളും തോട്ടങ്ങളും ഉല്ലാസ കേന്ദ്രങ്ങളും നൃത്തശാലകളും മറ്റും നിര്‍മിക്കും. ഈ കുബേരന്‍ മരിച്ചാലും രക്ഷയില്ല. അയാള്‍ക്ക് വേണ്ടി ശവകുടീരം നിര്‍മിക്കാന്‍ ഏക്കര്‍കണക്കിന് ഭൂമിയാണ് നീക്കിവെക്കപ്പെടുക. ഇങ്ങനെ പൊതു സമൂഹത്തിന്റെ അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉപകാരപ്പെടേണ്ട ഭൂമിയും നിര്‍മാണ വസ്തുക്കളും മനുഷ്യാധ്വാനവുമെല്ലാം സുഖത്തിന് പിന്നാലെ പോകുന്ന സമ്പന്നരുടെ ആര്‍ഭാടങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുന്നു. ഇവര്‍ക്ക് മുന്തിയ തരം അപൂര്‍വ ആഭരണങ്ങളും വിലപിടിച്ച തീന്‍ പാത്രങ്ങളും അലങ്കാര പാത്രങ്ങളും അവശ്യവസ്തുക്കള്‍ തന്നെ. സഞ്ചരിക്കുന്ന വാഹനത്തിനും ഒട്ടും പത്രാസ് കുറഞ്ഞുകൂടാ. വിലകൂടിയ കര്‍ട്ടന്‍ തൂങ്ങിയില്ലെങ്കില്‍ അവരുടെ വാതിലുകളും ജനലുകളും തുണി അഴിച്ചിട്ട നിലയിലാവും. ലക്ഷങ്ങള്‍ വിലവരുന്ന കാര്‍പെറ്റ് നിലത്ത് വിരിച്ചില്ലെങ്കില്‍, അതിനേക്കാള്‍ വിലയുള്ള പെയ്ന്റിംഗുകള്‍ ചുമരില്‍ തൂങ്ങിയില്ലെങ്കില്‍ അതും നാണക്കേട് തന്നെ. അപ്പോള്‍ പിന്നെ വളര്‍ത്തുനായയുടെ കാര്യത്തില്‍ വല്ല കുറവും വരുത്താമോ? സ്വര്‍ണം പതിച്ച കോളര്‍ ധരിച്ച് നായ മേത്തരം വെല്‍വറ്റ് കുഷനില്‍ മയങ്ങട്ടെ. അപ്പോള്‍ നോക്കൂ, എത്രായിരം വിശന്ന വയറുകളെ ഊട്ടാനുള്ള, അവര്‍ക്ക് കൂര പണിയാനുള്ള പണമാണ് ഒരൊറ്റ താന്തോന്നിയുടെ സുഖജീവിതത്തിന് വേണ്ടി പൊടിച്ചുകളയുന്നത്!
പൈശാചിക പ്രേരണകളാണ് ഈയൊരു സ്ഥിതിവിശേഷത്തിന് കാരണം. രണ്ടാമത്തെ വിഷയത്തിലാകട്ടെ പ്രശ്‌നങ്ങള്‍ ഇതിനേക്കാള്‍ കുഴഞ്ഞുമറിഞ്ഞതാണ്. തന്റെ യഥാര്‍ഥ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കഴിഞ്ഞതിനു ശേഷവും ഒരാള്‍ക്ക് പണം വാരിക്കൂട്ടാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വന്തമാവുക എന്നതും അതയാള്‍ കൂടുതല്‍ സമ്പാദന മാര്‍ഗങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഉപയോഗിക്കുക എന്നതും ഒറ്റ നോട്ടത്തില്‍ തന്നെ തെറ്റാണെന്ന് ബോധ്യമാവും. ദൈവം ഭൂലോകത്ത് സൃഷ്ടിച്ചുവെച്ചിട്ടുള്ള സമ്പാദന മാര്‍ഗങ്ങള്‍, മുഴുവന്‍ മനുഷ്യരുടെയും യഥാര്‍ഥ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇനി,  വെറും ഭാഗ്യം കൊണ്ട് ഒരാളുടെ കൈവശം തന്റെ ആവശ്യങ്ങള്‍ കഴിഞ്ഞു സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ ഒത്തുവരുന്നുവെങ്കില്‍ അതിനര്‍ഥം മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട വിഹിതങ്ങള്‍ മിച്ചമായി തന്റെ അടുക്കല്‍ എത്തുന്നുണ്ടെന്നാണ്. ആ വിഹിതങ്ങള്‍ അയാള്‍ എങ്ങനെ സ്വന്തത്തിനായി പിടിച്ചുവെക്കും? അയാള്‍ ചുറ്റിലും കണ്ണോടിക്കണം. ഉപജീവനമാര്‍ഗം തേടാന്‍ ശേഷിയില്ലാത്തവരെയും അക്കാര്യത്തില്‍ പരാജയപ്പെട്ടവരെയും മതിയായതിനേക്കാള്‍ എത്രയോ കുറഞ്ഞത് സമ്പാദിക്കുന്നവരെയും അപ്പോള്‍ അയാള്‍ കാണും. തന്റെ കൈകളിലേക്ക് വന്നത് ഈ മനുഷ്യരുടെ വിഹിതമാണെന്ന് അയാള്‍ മനസ്സിലാക്കും. അവര്‍ക്കത് സ്വന്തമാക്കാന്‍ കഴിയാതെ പോയതാണ്. അതിനാല്‍ ആ വിഹിതങ്ങള്‍ അവരെ തിരിച്ചേല്‍പിക്കുകയാണ് വേണ്ടത്. ഇത് ചെയ്യുന്നതിന് പകരം (ഇതാണ് ചെയ്യേണ്ടത്) കൂടുതല്‍ സമ്പാദന മാര്‍ഗങ്ങള്‍ തുറക്കുന്നതിന് വേണ്ടിയാണ് അയാള്‍ ആ സമ്പത്ത് ഉപയോഗിക്കുന്നതെങ്കില്‍, തന്റെ ആവശ്യത്തേക്കാള്‍ എത്രയോ കവിഞ്ഞ സമ്പത്ത് അയാള്‍ക്കുണ്ടാകുമെന്ന് തീര്‍ച്ചയാണല്ലോ. ആ മനുഷ്യന്റെ അത്യാര്‍ത്തിയെ ശമിപ്പിക്കുക എന്ന ഗുണമേ ആ അധികസമ്പത്ത് കൊണ്ട് ഉണ്ടാവുകയുള്ളൂ. തന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനാണ് ഒരാള്‍ തന്റെ സമയവും കഴിവും ഊര്‍ജവും ചെലവഴിക്കുന്നതെങ്കില്‍, അതൊരു നല്ല പ്രവൃത്തിയാണ്. ഇതിനു പുറമെയുള്ള പ്രവൃത്തി അവനെ ഒരു സാമ്പത്തിക മൃഗമായി, അല്ലെങ്കില്‍ പണം ഉല്‍പാദിപ്പിക്കുന്ന യന്ത്രമായി അധഃപതിപ്പിക്കും. ചുരുക്കത്തില്‍, പിശാച് തന്റെ അനുയായികളില്‍ സന്നിവേശിപ്പിച്ച ഈ ചിന്തയും മൗലികമായിതന്നെ വഴിപിഴച്ചതാണ്. ഈ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ വളരെ അഭിശപ്തവും ഭീകരവുമാണ്. അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ശരിയായ ഒരു കണക്കെടുപ്പ് പോലും നടക്കുന്നില്ല.

(തുടരും)

Comments