Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 8

ഓണം ആഘോഷിക്കാമോ?

കഴിഞ്ഞ ഒരുമാസക്കാലമായി ബ്ളോഗുകളിലും മറ്റു സോഷ്യല്‍ സൈറ്റുകളിലും കത്തിനിന്ന ഒരു വിഷയമായിരുന്നു മുസ്ലിംകള്‍ക്ക് ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ കൊണ്ടാടാന്‍ പറ്റുമോ എന്നത്. അതില്‍ പങ്കെടുക്കുന്നതും ആശംസകള്‍ കൈമാറുന്നതും സദ്യ ഉണ്ണുന്നതുമൊക്കെ ശിര്‍ക്കിനെ പ്രോത്സാഹിപ്പിക്കലാണെന്നും അതുകൊണ്ടുതന്നെ അത് ഹറാം ആണെന്നും ചിലര്‍ എഴുതുകയുണ്ടായി. സുഹൃത്തേ, നിങ്ങള്‍ക്കൊക്കെ മനോരോഗമാണെന്നാണ് ഇതിനോടൊരു അമുസ്ലിം സുഹൃത്ത് പ്രതികരിച്ചത്. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളില്‍ പങ്ക് കൊള്ളുന്നതിനെ പറ്റി മുജീബിന്റെ അഭിപ്രായമെന്താണ്?
എ. മന്‍സൂര്‍(നവ)


ഓണം ദേശീയോത്സവമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. സമാധാനവും സമൃദ്ധിയും പുലരുന്ന നല്ലകാലത്തെക്കുറിച്ച സ്വപ്നമാണ് ഓണത്തിന്റെ ചൈതന്യം. കേരളീയര്‍ പൊതുവെ ആഘോഷിക്കുന്ന ഓണത്തെ സാമുദായിക സൌഹാര്‍ദം ഊട്ടിയുറപ്പിക്കാനുള്ള അവസരമായി കാണുന്നതിലോ പൂക്കളം തീര്‍ക്കുന്നതിലോ സദ്യയുണ്ണുന്നതിലോ ബഹുദൈവത്വപരമായ എന്തെങ്കിലും മാനമുള്ളതായി കരുതുന്നില്ല. ഇത്തരം പ്രാദേശികാഘോഷങ്ങള്‍ മുസ്ലിം നാടുകളില്‍ പൊതുവെയുണ്ട്. അതൊക്കെ അനിസ്ലാമികമായി പൊതുവെ വിധിയെഴുതിയിട്ടില്ല. അനിസ്ലാമിക നടപടികള്‍ ഇസ്ലാമികാഘോഷങ്ങളില്‍ പോലും കടന്നുവരുന്നത് സൂക്ഷിക്കണം താനും.
ക്രിസ്മസ് യേശുവിന്റെ ജന്മദിനാഘോഷമാണ്. അതിന്റെ ആധികാരികതയില്‍ ക്രൈസ്തവ പണ്ഡിതന്മാര്‍ക്ക് തന്നെ ഭിന്നാഭിപ്രായമുണ്ട്. പ്രവാചകന്മാരുടെ ജയന്തി ആഘോഷം ഇസ്ലാമിലില്ല. എന്നാല്‍, ഒരു സഹോദര സമുദായത്തിന്റെ ആഘോഷവേളയില്‍ സൌഹൃദം പങ്കിടുന്നതോ ആശംസകള്‍ കൈമാറുന്നതോ അനിസ്ലാമികമായി കാണുന്നത് സങ്കുചിതത്വവും മതതീവ്രവാദവുമാണെന്നാണ് 'മുജീബി'ന്റെ അഭിപ്രായം. ഇമ്മാതിരി കാര്യങ്ങളിലെ കടുംപിടുത്തം ബഹുസ്വര സമൂഹത്തിലെ പ്രബോധന സാധ്യതകളെ പ്രതികൂലമായി ബാധിക്കും.

മുഹമ്മദുബ്നുല്‍ അബ്ദില്‍ വഹാബിന്റെ രാഷ്ട്രീയം
 മുഹമ്മദുബ്നു അബ്ദില്‍ വഹാബ് ജീവിതവും ദര്‍ശനവും എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തന്നത് ഇപ്രകാരം: "ഖുര്‍ആനും നബിചര്യയും കൈയൊഴിഞ്ഞ് ബഹുദൈവാരാധനയിലും അന്ധവിശ്വാസങ്ങളിലും ആപതിച്ച തന്റെ പ്രബോധിത സമൂഹത്തെ സമഗ്രമായി പരിഷ്കരിക്കുകയും മാതൃകാ യോഗ്യമായ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയും ചെയ്ത് ശൈഖ് ചരിത്രം സൃഷ്ടിച്ചു.''
രാഷ്ട്ര പുനര്‍നിര്‍മാണം എന്ന സംജ്ഞതന്നെ അവജ്ഞയോടെയും പരിഹാസത്തോടെയും മാത്രം കൈകാര്യം ചെയ്യുന്ന സലഫികള്‍ അല്ലെങ്കില്‍ കേരള മുജാഹിദുകള്‍ അവരുടെ നേതൃസ്ഥാനീയനായ ശൈഖവര്‍കളുടെ മാതൃക തള്ളിക്കളയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇത് വ്യക്തമായ ഇരട്ടത്താപ്പല്ലേ?
ഉസ്മാന്‍ മുഹമ്മദ് പുന്നയൂര്‍ക്കുളം

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പരിഷ്കരണ പ്രസ്ഥാനം പ്രായോഗികമായി വിജയിച്ചത് തന്നെ സഊദ് രാജവംശം അതില്‍ ആകൃഷ്ടരായതുകൊണ്ടും സ്റേറ്റ് രക്ഷാകര്‍തൃത്വം അതിന് ലഭിച്ചത് കൊണ്ടുമാണ്. ദീന്‍ വേറെ, ദുന്‍യാവ് വേറെ എന്ന സങ്കല്‍പമേ സലഫികള്‍ക്കുണ്ടായിരുന്നില്ല. ഇന്നും കേരളത്തിലൊഴിച്ച് മറ്റൊരിടത്തും മതത്തിന്റെ സ്വകാര്യവത്കരണത്തെ സലഫികള്‍ അംഗീകരിക്കുന്നില്ല. പാകിസ്താനിലും ഈജിപ്തിലും കുവൈത്തിലും മറ്റും അവര്‍ രാഷ്ട്രീയം കൈയാളുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്നു. ഇന്ത്യ സെക്യുലര്‍ രാഷ്ട്രമാണെന്നതും അമുസ്ലിം ഭൂരിപക്ഷ രാജ്യമാണെന്നതും ശരി. താത്ത്വിക പ്രബോധനത്തില്‍ ഇസ്ലാമിന്റെ സമഗ്രത തള്ളിപ്പറയാന്‍ അത് കാരണമായിക്കൂടാ. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായ മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. രാജ്യം നേരിടുന്ന ധാര്‍മിക പ്രതിസന്ധിക്ക് പരിഹാരവും അതാണ്. സെക്യുലരിസം നടപ്പാക്കാന്‍ ഒരു പ്രവാചകനും നിയുക്തനായിരുന്നില്ലെന്നും ജീവിതത്തെ ധാര്‍മികമായി സംസ്കരിക്കുക(ഇസ്ലാഹ്)യായിരുന്നു അവരുടെ ലക്ഷ്യമെന്നും മറന്നുകൂടാത്തതാണ്.

ജനാധിപത്യവും സലഫികളും
 ".... ഈജിപ്ത് അടക്കമുള്ള മുസ്ലിം ഭൂരിപക്ഷ നാടുകളില്‍ ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാകാത്ത വിധത്തില്‍ ലൌകിക ജീവിതമേഖലകള്‍ ക്രമീകരിക്കാന്‍ വേണ്ടി ധാരാളം നിയമങ്ങളും ചട്ടങ്ങളും എത്രയോ കാലമായി ഏര്‍പ്പെടുത്തിവരുന്നുണ്ട്. ഏകാധിപത്യ, ജനാധിപത്യ, അര്‍ധ ജനാധിപത്യ ഭരണക്രമങ്ങള്‍  നടപ്പിലുള്ള പല രാഷ്ട്രങ്ങളിലും ഇത്തരത്തിലുള്ള നിയമനിര്‍മാണവും നിയമനിര്‍വഹണവും നിലവിലുണ്ട്.
രാഷ്ട്ര വ്യവഹാരത്തിന്റെ മതവിരുദ്ധമല്ലാത്ത ഈ മേഖലയില്‍ ഇസ്ലാമികേതര ഭരണകൂടങ്ങളുമായി സഹകരിക്കുന്നത് തൌഹീദിന് വിരുദ്ധമാണോ അല്ലേ എന്നതാണ് കേരളത്തിലെ സലഫികളും ജമാഅത്തുകാരും തമ്മില്‍ നിലവിലുള്ള വീക്ഷണവ്യത്യാസം. ഇന്ത്യയിലെയും മറ്റും ജനാധിപത്യ ഭരണകൂടം ത്വാഗൂത്താണെന്നും അതിനെ അനുസരിക്കല്‍ 'ഇബാദത്തുത്ത്വാഗൂത്ത്' ആയതിനാല്‍ തൌഹീദിന് വിരുദ്ധമാണെന്നുമാണ് ആദ്യകാല ജമാഅത്ത് സാഹിത്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ത്വാഗൂത്തീ പഞ്ചായത്തുകളുടെ ഭരണകര്‍ത്താക്കളാകാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക സേവനമാണെന്നാണ് ഇപ്പോള്‍ അവരുടെ നിലപാട്. സലഫികള്‍ മുന്‍ നിലപാടില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്'' (ശബാബ് വാരിക, 2011 സെപ്റ്റംബര്‍ 9, മുഖാമുഖം).
ജനാധിപത്യത്തിന്റെ മിക്ക ഘടകങ്ങളും സ്വീകാര്യമാവുമ്പോഴും അല്ലാഹുവിനു മാത്രമായ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക് നല്‍കുന്നു എന്നത് ഏറ്റവും അപകടകരമാണെന്ന് ഈജിപ്തിലെ സലഫീ പ്രസ്ഥാനത്തിന്റെ വക്താവ് അബ്ദുല്‍ മുന്‍ഇം ശഹ്ഹാത്ത്, അശ്ശര്‍ഖുല്‍ ഔസത്ത് ദിനപത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തെക്കുറിച്ച സലഫീ- ജമാഅത്ത് വീക്ഷണങ്ങളെ താരതമ്യപ്പെടുത്തിശബാബ് നല്‍കിയ മറുപടിയെ മുജീബ് എങ്ങനെ കാണുന്നു?
പി.കെ നുജൈം ഈങ്ങാപ്പുഴ


മൌലിക പ്രശ്നത്തില്‍ നിന്ന് തെന്നിമാറി നടത്തുന്ന ഈ കരണംമറിച്ചിലാണ് യഥാര്‍ഥത്തില്‍ വിവാദത്തിന്റെ കേന്ദ്ര ബിന്ദു. ഒരു രാഷ്ട്രവും അതിന്റെ ഭരണഘടനയും അല്ലാഹുവിനെ പരമാധികാരിയും നിയമനിര്‍മാണത്തെ മുഖ്യ സ്രോതസ്സായും അംഗീകരിച്ചാല്‍ ആ രാഷ്ട്രം ദൈവികവും ഇസ്ലാമികവുമാവും, അഥവാ ഹുകൂമത്തെ ഇലാഹി. ദൈവത്തിന്റെ പരമാധികാരം നിരാകരിക്കുകയും അവന്റെ വിധിവിലക്കുകളെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത്തരം ഭരണവ്യവസ്ഥ ത്വാഗൂത്തുമാവും. പല മുസ്ലിം നാടുകളുടെയും ഭരണവ്യവസ്ഥ ത്വാഗൂത്താവുന്നത് അങ്ങനെയാണ്.
ത്വാഗൂത്തിന്റെ കീഴില്‍ ജീവിക്കുന്ന മുസ്ലിംകള്‍ എങ്ങനെ ജീവിക്കണമെന്നതും ത്വാഗൂത്തിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്നതും മറ്റൊരു പ്രശ്നമാണ്. തൂമ്പായെ തൂമ്പായെന്ന് വിളിക്കാന്‍ ആര്‍ജവം കാട്ടിക്കൊണ്ട് തന്നെ, പരമാവധി സമാധാനപരമായ അതിജീവനത്തിനും ഒപ്പം ശക്തമായ ആദര്‍ശ പ്രബോധനത്തിനും വഴിതേടുകയാണ് മുസ്ലിംകളുടെ ഇസ്ലാമിക ചുമതല. "ജനങ്ങളെ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യാന്‍, ജനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാകുന്നു നിങ്ങള്‍'' എന്ന ഖുര്‍ആന്റെ പ്രഖ്യാപനം ഏതെങ്കിലുമൊരു കാലത്തേക്കോ ലോകത്തേക്കോ രാജ്യത്തേക്കോ പരിമിതമായതല്ല. എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലും താമസിക്കുന്ന വിശ്വാസികള്‍ക്കത് ബാധകമാണ്. ഇത് ജമാഅത്തെ ഇസ്ലാമി ഓര്‍മിപ്പിക്കുമ്പോള്‍ സലഫികള്‍ അതിന്റെ നേരെ എങ്ങനെ പ്രതികരിക്കുന്നു എന്നാണറിയേണ്ടത്. അനിസ്ലാമിക ഭരണകൂടങ്ങളുടെ നിയമങ്ങളില്‍ ചിലത് ഇസ്ലാമിനോട് പൊരുത്തപ്പെടുന്നതാണ്, ചിലത് ഇസ്ലാമിക കാഴ്ചപ്പാടില്‍ തെറ്റില്ലാത്തതാണ്. രണ്ടിനോടും സഹകരിക്കുന്നത് ന്യായം. മൂന്നാമത്തേത് ഇസ്ലാമിനും ധാര്‍മികതക്കും നിരക്കാത്തതാണ്. ഉഭയകക്ഷി സമ്മതത്തോടെയുള്ള വ്യഭിചാരവും സ്വവര്‍ഗരതിയും ഗര്‍ഭഛിദ്രവും പലിശ ഇടപാടുകളും അനുവദിക്കുന്ന നിയമങ്ങള്‍ ഉദാഹരണം. അവയെ ജനാധിപത്യപരമായി എതിര്‍ക്കുന്നു. ഒപ്പം ഇതിനൊക്കെ കാരണമാകുന്ന വ്യവസ്ഥയുടെ മാറ്റത്തിന് ശബ്ദമുയര്‍ത്തുന്നു എന്നതാണ് ജമാഅത്ത് ചെയ്യുന്ന 'തെറ്റ്'. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ മാറ്റത്തിനുള്ള വഴി തെരഞ്ഞെടുപ്പുകളാണ്. മാറ്റം ലക്ഷ്യമാക്കി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാമെന്ന് ജമാഅത്ത് തീരുമാനിച്ചത് അതുകൊണ്ടാണ്. ആര്‍ എങ്ങനെ ഭരിച്ചാലും തങ്ങള്‍ക്ക് പങ്ക് ലഭിച്ചാല്‍ മതി എന്ന ചിന്ത ഇസ്ലാമികമായി ന്യായീകരണമര്‍ഹിക്കുന്നു എന്ന് സലഫി സംഘടനകള്‍ തെളിയിച്ചിട്ടു വേണം.

അക്രമാസക്തമായ വഹാബിസം
 അധികാര സ്ഥാപനത്തില്‍ എന്ന പോലെ സാമൂഹിക ജീവിതക്രമീകരണങ്ങളിലും ഇബ്നു അബ്ദില്‍ വഹാബിന്റെ സ്വാധീനം നാനാ ദിക്കുകളിലേക്കും പടരുകയുണ്ടായി. ഏറിയ അളവിലോ കുറഞ്ഞ അളവിലോ അതിന്റെ മുദ്ര ഭിന്ന രാജ്യങ്ങളിലെ മുസ്ലിം സമൂഹങ്ങളില്‍ കാണുന്നുണ്ട്. ബഹുദൈവാരാധന, ബിംബാരാധന, മധ്യസ്ഥ പ്രാര്‍ഥന, ശവകുടീര പൂജ, വ്യക്തിപൂജ മുതലായവ തീര്‍ത്തും അനിസ്ലാമികം ആണെന്നും ആ മട്ടില്‍ മനസ്സിലാക്കപ്പെടേണ്ട, വിവിധ രാജ്യങ്ങളിലെ പ്രാദേശികമായ അനുഷ്ഠാനങ്ങള്‍ മുസ്ലിം പാരമ്പര്യത്തിലേക്ക് നുഴഞ്ഞുകയറാതെ കാക്കണമെന്നും ഉള്ള കരുതലാണ് ഇപ്പറഞ്ഞ സ്വാധീനത്തിന്റെ ഉള്ളടക്കം. സ്വന്തം നിലപാട് ഏത് അളവില്‍ കര്‍ക്കശമാക്കാനും മടിയില്ല എന്നേടത്താണ് ഈ പരിഷ്കരണ പ്രവണതയുടെ ഹിംസ വെളിപ്പെടുന്നത്. മതത്തിന്റെ ശുദ്ധി വീണ്ടെടുക്കുന്നതിന് വേണ്ടി മരിക്കാന്‍ എന്ന പോലെ കൊല്ലാനും തയാറാകുന്നു എന്നേടത്ത്. ഈ ആദര്‍ശനിഷ്ഠയുടെ വീറും വാശിയും രാജാധിപത്യങ്ങള്‍ ചില കോയ്മകള്‍ക്കെതിരെ നിതാന്ത സമരങ്ങള്‍ നടത്തുവാനും ഉപയോഗിക്കപ്പെട്ടത് സ്വാഭാവികം. ഉത്തരാഫ്രിക്കയില്‍ മത നവീകരണത്തിനും സാമൂഹിക പരിഷ്കരണത്തിനും വേണ്ടി രൂപം കൊണ്ട സനൂസി പ്രസ്ഥാനം (1837), ഒന്നാം ലോക യുദ്ധത്തിന്റെ കാലത്ത് (1914-1918) സയ്യിദ് അഹ്മദി(മരണം 1933)ന്റെ നേതൃത്വത്തില്‍ പാശ്ചാത്യര്‍ക്കെതിരെ പൊരുതുന്ന സംഘമായി രൂപാന്തരപ്പെട്ടതില്‍ കാണുന്നത് വഹാബിസത്തിന്റെ സ്വാധീനമാണ്.
വ്യക്തിപൂജക്കെതിരെ എന്ന പേരില്‍ മക്കയില്‍ മുഹമ്മദ് നബി ജനിച്ച വീട് പൊളിച്ചുകളഞ്ഞ് അവിടെ ഗ്രന്ഥാലയം സ്ഥാപിച്ചത് ഇബ്നു അബ്ദില്‍ വഹാബിന്റെ അനുയായികളാണ്. ഈ ചരിത്ര നശീകരണത്തിന്റെ മുദ്ര ബിംബപൂജക്കെതിരെ എന്ന പേരില്‍ അഫ്ഗാനില്‍ ബാമിയാന്‍ കുന്നിലെ ബുദ്ധ പ്രതിമ തകര്‍ക്കുന്ന താലിബാന്റെ കാര്‍ക്കശ്യത്തില്‍(2001) തെളിയുന്നുണ്ട് (ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു, എം.എന്‍ കാരശ്ശേരി, പേജ് 32).
കേരളത്തിലുള്‍പ്പെടെയുള്ള സലഫികള്‍ ഇസ്ലാമിക നവോത്ഥാനത്തിന്റെ സാരഥികളില്‍ അഗ്രഗണ്യനായി കരുതുന്ന മുഹമ്മദ് ഇബ്നു അബ്ദില്‍ വഹാബിനെക്കുറിച്ച ഈ വിലയിരുത്തലിനെക്കുറിച്ച് എന്തു പറയന്നു?
കെ.ഇ മുഹമ്മദ് നാദാപുരം


ഇസ്ലാമിന്റെ ആധാരശിലയാണ് തൌഹീദ് അഥവാ കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസം. അല്ലാഹു ഒരുവനാണെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ. അവന്റെ സത്തയിലോ ഗുണവിശേഷങ്ങളിലോ അധികാരവകാശങ്ങളിലോ ഒരു സൃഷ്ടിക്കും നേരിയ പങ്കുപോലും ഇല്ലെന്ന് കലവറയില്ലാതെ അംഗീകരിച്ചാലേ തൌഹീദ് പൂര്‍ണവും കുറ്റമറ്റതുമാവൂ. അതിനാല്‍ സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നതും അഭൌമിക സഹായം തേടുന്നതും, മരിച്ചുപോയവര്‍ ഒരുവേള മഹാത്മാക്കള്‍ തന്നെയാണെങ്കിലും അവര്‍ക്ക് ദിവ്യത്വം ആരോപിക്കുന്നും അവരുടെ ശവകുടീരങ്ങള്‍ പണിയുന്നതുമെല്ലാം ശിര്‍ക്കും ശിര്‍ക്കിലേക്ക് നയിക്കുന്ന അനാചാരങ്ങളുമായി വഹാബി പ്രസ്ഥാനം ന്യായമായിത്തന്നെ വിലയിരുത്തി. സമാധാനപരമായ ബോധവത്കരണമാണ് ഇതിന് സ്വീകരിച്ചിരുന്ന മാര്‍ഗം. എന്നാല്‍ വഹാബിസ്റുകളായ സുഊദി രാജവംശം അധികാരത്തിലേറിയതോടെ ശിര്‍ക്കുപരമായ തിന്മകള്‍ ഉന്മൂലനം ചെയ്തതോടൊപ്പം ചരിത്ര സ്മാരകങ്ങളും തകര്‍ത്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സലഫിസ്റ് സ്വാധീനമുള്ള സനൂസി, സയ്യിദ് അഹ്മദിന്റെ പ്രസ്ഥാനം തുടങ്ങിയവ നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതല്ല. ഇന്ത്യയില്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനമൊഴിച്ച് ലോകത്ത് നടന്ന എല്ലാ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും സായുധപോരാട്ടങ്ങള്‍ തന്നെയായിരുന്നു. ഇന്ത്യയില്‍ തന്നെ പോര്‍ച്ചുഗീസ് കോളനിയായ ഗോവയെ മോചിപ്പിക്കാന്‍ സൈനിക നടപടി വേണ്ടിവന്നല്ലോ. സാമാന്യമായി പറഞ്ഞാല്‍, സഹിഷ്ണതയും വിശാല വീക്ഷണവും വിട്ടുവീഴ്ചയുമൊന്നും സലഫി പ്രസ്ഥാനങ്ങളുടെ ദൌര്‍ബല്യങ്ങളല്ല. കാലമോ സന്ദര്‍ഭമോ പരിഗണിക്കാതെ പ്രവാചകവചനങ്ങളുടെ അക്ഷരങ്ങളില്‍ കടിച്ചുതൂങ്ങി, കര്‍ക്കശ നിലപാട് കൈക്കൊള്ളുന്നതിന്റെ സ്വാഭാവിക പരിണതിയാണിത്.

മോഡിക്ക് പാകമാകാത്ത തൊപ്പി
സമാധാനമേറെ പ്രസംഗിച്ചിട്ടും അതും പറഞ്ഞ് മൂന്ന് ദിവസം ഉണ്ണാവ്രതം കിടന്നിട്ടും മുസ്ലിം തൊപ്പിയോട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ചതുര്‍ഥി. സദ്ഭാവനാ മിഷന്‍ എന്ന പേരില്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ വിവിധ ജാതി മത സമുദായ നേതാക്കളെല്ലാം അണിയിച്ച തലപ്പാവുകള്‍ സന്തോഷം സ്വീകരിച്ച നരേന്ദ്രമോഡി ഒരു മുസ്ലിം മൌലവി നല്‍കിയ തലപ്പാവ് മാത്രം നിരസിച്ചു. പകരം മൌലവിയുടെ പച്ച ഷാള്‍ മതിയെന്നും മോഡി പറഞ്ഞു. (വര്‍ത്തമാനം ദിനപത്രം, 20-9-2011). പ്രതികരണം?
പി.വി.സി മുഹമ്മദ് പൊന്നാനി

2002-ലെ മുസ്ലിം വംശഹത്യയുടെ തീരാങ്കളം കഴുകിക്കളയാന്‍, പ്രധാനമന്ത്രിപദം സ്വപ്നം കാണുന്ന നരേന്ദ്രമോഡി ഒപ്പിച്ച വേലയായിരുന്നു കണ്‍വെന്‍ഷന്‍ സെന്ററിലെ ശീതീകരിച്ച മുറിയില്‍ നടത്തിയ 'സദ്ഭാവന' ഉപവാസം. സംഭവത്തിന് കൊഴുപ്പേകാന്‍, തന്നോടൊപ്പം നില്‍ക്കുന്ന ബോഹ്റമാരില്‍ ഒരു വിഭാഗത്തെ അണിനിരത്തി കളിച്ച നാടകമാണ് തൊപ്പി ധാരണത്തിലൂടെ പാളിപ്പോയത്. ആര്‍.എസ്.എസ്സിന്റെ കറുത്ത തൊപ്പി മാത്രം പാകമാവുന്ന മോഡിത്തലയില്‍ 'മുസ്ലിം തൊപ്പി' ധരിപ്പിക്കാന്‍ സാഹസപ്പെട്ടവര്‍ക്ക് കിട്ടേണ്ടതാണ് കിട്ടിയത്. മോഡി പച്ച ഷാള്‍ ധരിച്ചതും ശിവസേനാ ദൈവം താക്കറെ പ്രകോപിപ്പിച്ചു. ഗുജറാത്തിലെ മുസ്ലിംകളെങ്കിലും മോഡിയുടെ മന്ത്രവിദ്യക്കു മുമ്പില്‍ തോറ്റു തൊപ്പിയിടുമോ എന്നാണിനി നോക്കാനുള്ളത്.

Comments