Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 8

റബ്ബാനി വധം അഫ്ഗാനില്‍ അശുഭങ്ങള്‍ അവസാനിക്കുന്നില്ല

വി.എ കബീര്‍

ഇനിയും അവസാനിച്ചിട്ടില്ലാത്ത അഫ്ഗാന്‍ ദുരന്തത്തിന്റെ ഒരു ചൂണ്ടുപലകയാണ് സെപ്റ്റംബര്‍ 20-ന് നടന്ന അഫ്ഗാന്‍ സമാധാന കൗണ്‍സില്‍ തലവനും മുന്‍ പ്രസിഡന്റുമായ ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ വധം. ജന്മദിനത്തില്‍ ജീവന്‍ വെടിയാനായിരുന്നു സോവിയറ്റ് അധിനിവേശത്തിനെതിരെ പോര്‍ നയിച്ച മുജാഹിദ് സംഘടനകളിലൊന്നായ ജംഇയ്യത്തെ ഇസ്‌ലാമിയുടെ ഈ മുന്‍നിര നേതാവിന്റെ വിധി. 1940 സെപ്റ്റംബര്‍ 20-ന് അഫ്ഗാനിസ്താനിലെ ബദഗ്ശാനിലാണ് റബ്ബാനിയുടെ ജനനം. അഫ്ഗാനിസ്താനില്‍ സുസ്ഥിരത വീണ്ടെടുക്കാന്‍ താലിബാനുമായി സംഭാഷണം നടത്തുന്നതിന് കഴിഞ്ഞ വര്‍ഷമാണ് കര്‍സാഇ ഭരണകൂടം സമാധാന കൗണ്‍സിലിന്റെ തലവനായി അദ്ദേഹത്തെ നിയമിച്ചത്. താലിബാനെ സംഭാഷണമേശക്ക് മുന്നിലേക്ക് ആനയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. അഫ്ഗാന്‍ പ്രസിഡന്റ് കര്‍സാഇയുടെ ഈ നീക്കത്തോട് ചിലര്‍ക്ക് നേരത്തെത്തന്നെ യോജിപ്പുണ്ടായിരുന്നില്ല. താലിബാനും റബ്ബാനിക്കുമിടയിലെ ശത്രുത പുരാതനമാണെന്നതായിരുന്നു അവരുടെ നിലപാടിന്നടിസ്ഥാനം. സമാധാന കൗണ്‍സിലിന്റെ അധ്യക്ഷ പദവി മറ്റാര്‍ക്കെങ്കിലും നല്‍കുന്നതാണ് ഉചിതമെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. താലിബാന്‍ നേതാക്കളുമായുള്ള സംഭാഷണത്തിന് ദുബായിലായിരുന്നു രംഗവേദിയൊരുക്കിയിരുന്നത്. റബ്ബാനി ദുബൈ സന്ദര്‍ശിച്ചു മടങ്ങി എത്തിയ ഉടനെയാണ് ദാരുണമായ വധം. താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ ഒരു സന്ദേശവുമായി റബ്ബാനിയെ കാണാന്‍ ഒരാള്‍ ആഗ്രഹിക്കുന്നതായി റബ്ബാനിക്ക് വിവരം നല്‍കപ്പെട്ടു. സമാധാന കൗണ്‍സില്‍ അംഗങ്ങളായ റഹ്മത്തുല്ല വാഹിദ്‌യാറും മഅ്‌സൂം സതാന്‍ക്‌സഇയുമാണ് അദ്ദേഹത്തെ ഈ വിവരം അറിയിക്കുന്നത്. കര്‍സാഇ മന്ത്രിസഭയിലെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്ന സതാന്‍ക്‌സഇ കര്‍സാഇയുടെ ഉപദേഷ്ടാക്കളിലൊരാളാണ്. വാഹിദ്‌യാറാകട്ടെ താലിബാന്‍ ഭരണകൂടത്തിലെ മുന്‍ ഡെ. മന്ത്രിയും ഇപ്പോള്‍ കര്‍സാഇ ഭരണകൂടത്തെ അംഗീകരിച്ച് രണ്ട് വര്‍ഷമായി കാബൂളില്‍ സ്ഥിരവാസിയുമാണ്. അന്നിലക്ക് താലിബാന്‍ സന്ദേശവാഹകനെ സംശയിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇസ്മത്തുല്ല എന്ന് പരിചയപ്പെടുത്തിയ അയാള്‍ വാഹിദ്‌യാറിന്റെയും സതാന്‍ക്‌സഇയുടെയും വാഹനത്തിലാണ് റബ്ബാനിയെ കാണാനെത്തിയത്. അതിനാല്‍ സെക്യൂരിറ്റി പരിശോധനയില്ലാതെ റബ്ബാനിയുടെ വീട്ടിനകത്തേക്ക് പ്രവേശിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. അകത്ത് കടന്നതോടെ അയാള്‍ പൊട്ടിത്തെറിക്കുകയും റബ്ബാനി അതില്‍ കൊല്ലപ്പെടുകയും ചെയ്തു. വാഹിദ്‌യാറിനും സതാന്‍ക്‌സഇക്കും ഗുരുതരമായ പരിക്കേറ്റു. ആത്മഹത്യാ ബോംബായിരുന്നു അയാള്‍.
റബ്ബാനി വധത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ആരുടേതാണ്? അനുരഞ്ജന പ്രക്രിയ പരാജയപ്പെടുത്താനുള്ള താലിബാന്റെ തന്നെ ആസൂത്രിത നീക്കമാണെന്നാണ് പൊതുവെ വാര്‍ത്താ ഏജന്‍സികളും ഔദ്യോഗിക വൃത്തങ്ങളും നല്‍കുന്ന സൂചന. അഫ്ഗാനിസ്താനില്‍ നിന്ന് യു.എസ് സേന പിന്‍വാങ്ങാത്ത കാലത്തോളം ഒരു സംഭാഷണത്തിനും സന്നദ്ധമല്ലെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, റബ്ബാനി വധത്തിനു പിന്നില്‍ തങ്ങളാണെന്ന ആരോപണത്തെ 'ഇമാറത്തെ ഇസ്‌ലാമിയ്യ അഫ്ഗാനിസ്താ'ന്റെ (സ്വന്തം ഭരണപ്രദേശത്തെ അങ്ങനെയാണ് താലിബാന്‍ വിശേഷിപ്പിക്കുന്നത്) വക്താവ് ദബീഹുല്ല മുജാഹിദ് ശക്തിയായി നിഷേധിക്കുകയുണ്ടായി. വധകൃത്യം താലിബാനില്‍ ആരോപിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്ത റോയ്‌ട്ടേഴ്‌സിനോട് നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്താനും ദബീഹുല്ല ആവശ്യപ്പെടുകയുണ്ടായി.

റാഞ്ചപ്പെട്ട പോരാട്ടം
സോവിയറ്റ് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തില്‍ റബ്ബാനിയുടെ സംഭാവന ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. എന്നാല്‍, അമേരിക്കന്‍ അധിനിവേശത്തിന് അരിക് ചേര്‍ന്നുകൊണ്ടായിരുന്നു അതിന്റെ കലാശം. റബ്ബാനിയുടെ ജീവചരിത്രം കുറിക്കുമ്പോള്‍ അതും ഓര്‍ക്കേണ്ടിവരുമെന്നത് അദ്ദേഹത്തിന്റെ നിര്‍ഭാഗ്യങ്ങളിലൊന്നാണ്. അത് റബ്ബാനിയുടെ മാത്രം കുറ്റവുമല്ല. അഫ്ഗാന്‍ മുജാഹിദ് വിഭാഗങ്ങളെല്ലാം ഈ കുറ്റം പങ്കിട്ടെടുക്കേണ്ടവരാണ്. സമകാലീന ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായമാണ് സോവിയറ്റ് അധിനിവേശക്കരടിയെ കൊന്നുമൂടിയ അഫ്ഗാന്‍ ജിഹാദ്. മുസ്‌ലിം ലോകം, വിശിഷ്യാ അറബ് യുവത എത്ര ആവേശത്തോടെയാണ് ആ ജിഹാദില്‍ പങ്കാളിയായത്! അതില്‍ ജീവന്‍ പൊലിഞ്ഞവര്‍ എത്രയോ പേര്‍! ജീവന്‍ ബാക്കിയായവര്‍ 'അറബ് അഫ്ഗാനികള്‍' എന്ന് ചാപ്പ കുത്തപ്പെട്ടു, അമേരിക്ക തീവ്രവാദികളാക്കിയതിനാല്‍ സ്വന്തം മാതൃരാജ്യങ്ങള്‍ തന്നെ അവര്‍ക്ക് മുമ്പില്‍ കവാടം കൊട്ടിയടച്ചു. അങ്ങനെ ആര്‍ക്കും ആഘോഷിക്കാന്‍ കഴിയാതെപോയ ആ ജിഹാദി വിജയം തോറാബോറയില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വിതറി കാബൂളിലെത്തിയ യു.എസ് അധിനിവേശ സേനക്കാണ് ആഘോഷിക്കാനായത്. നാറ്റോ പട കാബൂളിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ റബ്ബാനിയടക്കമുള്ളവരുടെ വടക്കന്‍ സേന അതിന് അകമ്പടിയായുണ്ടായിരുന്നു. തങ്ങളുടെ അധികാരം തട്ടിത്തെറിപ്പിച്ച താലിബാനെ തോല്‍പിക്കുക എന്ന പ്രതികാര ചിന്തയില്‍ അഫ്ഗാനിസ്താന്റെ ഭാവിയും ദീര്‍ഘകാല താല്‍പര്യങ്ങളും അവര്‍ വിസ്മരിച്ചു. ഹിസ്‌ബെ ഇസ്‌ലാമിയുടെ ഹിക്മതിയാര്‍ മാത്രമേ ഇതിന് അപവാദമായുണ്ടായുള്ളൂ. പക്ഷേ, അധികാരത്തിനു വേണ്ടി റബ്ബാനിയോട് കലഹിച്ച ഹിക്മതിയാറിനും രാജ്യത്തിന്റെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി സങ്കുചിതത്വം ഉപേക്ഷിക്കാനായില്ല. ജിഹാദ് പ്രസ്ഥാനങ്ങള്‍, തമ്മില്‍ തല്ലിയപ്പോള്‍ അപ്പം കുരങ്ങന്‍ കൊണ്ടുപോയതാണ് അഫ്ഗാനിസ്താന്റെ ദുരവസ്ഥ. അതില്‍ റബ്ബാനിക്കും സിബ്ഗത്തുല്ല മുജദ്ദിദിക്കും അബ്ദുറബ്ബ് റസൂല്‍ സയ്യാഫിനും യൂനുസ് ഖാലിസിനുമുള്ള പോലെ ഒരു പങ്ക് ഹിക്മതിയാറും ഏറ്റെടുക്കേണ്ടിവരും; അമേരിക്കന്‍ അധിനിവേശത്തിന് കയ്യാളായില്ല എന്ന് അഭിമാനിക്കാമെങ്കിലും.
അഫ്ഗാന്‍ ജിഹാദ് പ്രസ്ഥാനങ്ങളുടെ പടലപ്പിണക്കമായിരുന്നു ഇങ്ങനെയൊരു ദുരവസ്ഥയുടെ മൗലിക കാരണം. അഫ്ഗാന്‍  ജിഹാദ് നല്‍കുന്ന ഏറ്റവും വലിയ പാഠവും അതുതന്നെ. ആഘോഷിക്കാവുന്ന ഒരു വിജയം എങ്ങനെ പരാജയത്തിന്റെ പതനത്തിലെത്താമെന്ന പാഠം. പോരാളി സംഘടനകള്‍ക്ക് പൊതുവെ സംഭവിക്കാറുള്ളതാണ് ഇമ്മട്ടിലുള്ള പര്യവസാനം. വിജയം കരഗതമാകുമ്പോള്‍ തോക്കുകള്‍ കൊണ്ട് തീരുമാനമെടുക്കുന്നത് നിര്‍ത്താന്‍ അവര്‍ മറന്നുപോവുന്നു.
അഫ്ഗാന്‍ ജിഹാദിന്റെ തുടക്കത്തിലേ പോരാളി സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായിരുന്നുവെന്നതാണ് വാസ്തവം. മുസ്‌ലിം മീഡിയ ഈ സത്യം സദുദ്ദേശ്യത്തോടെ മൂടിവെക്കുകയായിരുന്നു. അഫ്ഗാന്‍ ജിഹാദില്‍ ആവേശം കൊണ്ട, അഫ്ഗാനിസ്താന് പുറത്തുള്ളവരില്‍ പിന്നീട് വലിയ ഇഛാഭംഗമുണ്ടാക്കി എന്നതായിരുന്നു ഇതിന്റെ വിപരീത ഫലം.
ഭരണകക്ഷിയായ കമ്യൂണിസ്റ്റുകളും വിഭാഗീയതില്‍ നിന്ന് മുക്തമായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഖല്‍ഖ്-പര്‍ച്ചം വിഭാഗീയത സോവിയറ്റ് യജമാനന്മാര്‍ക്ക് വലിയ തലവേദനയായിരുന്നു. ഗോത്ര താല്‍പര്യങ്ങളായിരുന്നു ഈ വിഭാഗീയതയുടെ അടിസ്ഥാനം. ഖല്‍ഖില്‍ പ്രാമുഖ്യം പഷ്തൂണുകള്‍ക്കാണെങ്കില്‍ താജിക്കുകള്‍ക്കായിരുന്നു പര്‍ച്ചമില്‍ സ്വാധീനം. ഇതുതന്നെയായിരുന്നു ഏതാണ്ട് ജംഇയ്യത്തെ ഇസ്‌ലാമി നേതാവ് റബ്ബാനിയുടെയും ഹിസ്‌ബെ ഇസ്‌ലാമി നേതാവ് ഹിക്മതിയാറിന്റെയും അവസ്ഥ. റബ്ബാനി താജിക് വംശജനാണ്. ഹിക്മതിയാറിന്റെ പാര്‍ട്ടിയിലാകട്ടെ പഷ്ത്തൂണുകള്‍ക്കാണ് പ്രാമുഖ്യം.

നിയാസിയുടെ ശിഷ്യന്മാര്‍
ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയും ഗുലാബദീന്‍ ഹിക്മതിയാറും അബ്ദുര്‍റബ് റസൂല്‍ സയ്യാഫുമൊക്കെ അഫ്ഗാനിസ്താനില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത മുഹമ്മദ് ഗുലാം നിയാസിയുടെ ശിഷ്യന്മാരായിരുന്നു. നിയാസി സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിയായിരുന്നു ഇവരുടെയെല്ലാം മാതൃപ്രസ്ഥാനം. 1951-ല്‍ ഈജിപ്തില്‍ ഉപരിപഠനത്തിന് പോയ നിയാസി അല്‍ അസ്ഹര്‍  സര്‍വകലാശാലയില്‍ നിന്ന് ശരീഅത്തില്‍ മാസ്റ്റര്‍ ബിരുദമെടുത്ത ശേഷം 1958-ല്‍ സ്വദേശത്തേക്ക് തിരിച്ചുവന്നത് ഈജിപ്തിലെ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ആശയങ്ങളാല്‍ പ്രചോദിതനായിട്ടായിരുന്നു. കാബൂള്‍ യൂനിവേഴ്‌സിറ്റിയിലെ ശരീഅത്ത് ഫാക്കല്‍റ്റി പ്രഫസറായി നിയമിതനായ നിയാസി സര്‍വകലാശാലയെ കേന്ദ്രീകരിച്ച് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന രൂപവത്കരിച്ചു. റബ്ബാനി, ഹിക്മതിയാര്‍, സയ്യാഫ് തുടങ്ങിയ ധാരാളം വിദ്യാര്‍ഥി യുവജനങ്ങള്‍ നിയാസിക്ക് ചുറ്റും കൂടി. അഫ്ഗാനിസ്താനില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രാദേശികമായൊരു ആധികാരികത സൃഷ്ടിച്ചെടുത്തത് നിയാസിയായിരുന്നു. അതിന് മുമ്പ് അഫ്ഗാനിസ്താനിലെ യുവജനം പാകിസ്താനിലെ മൗദൂദിയുടെയും ഈജിപ്തിലെ ഹസനുല്‍ ബന്നായുടെയും ഇറാനിലെ അലി ശരീഅത്തിയുടെയും ചിന്തകളെയായിരുന്നു ആശ്രയിച്ചിരുന്നത്. നീതി, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി കമ്യൂണിസ്റ്റാശയം യുവഹൃദയങ്ങളെ വശീകരിച്ച കാലത്ത് ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര കരുത്തിലൂടെ അഫ്ഗാന്‍ യുവത്വത്തെ തിരിച്ചുപിടിക്കുന്നതില്‍ നിയാസിയുടെ പങ്ക് എന്നും സ്മരിക്കപ്പെടും. 1973-ല്‍ ദാവൂദ് ഭരണകൂടത്തിനെതിരെ നടന്ന അട്ടിമറിയില്‍ നിയാസി പിടിക്കപ്പെടുകയും ആറു വര്‍ഷത്തെ തടവിന് ശേഷം വധിക്കപ്പെടുകയും ചെയ്യുന്നതുവരെ ഇസ്‌ലാമിക പ്രസ്ഥാനം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏകീകൃതവും സുസംഘടിതവുമായി നിലനിന്നു. നിയാസിയോടൊപ്പം അന്ന് ശിഷ്യന്മാരായ റബ്ബാനിയും സയ്യാഫും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.  ഹിക്മതിയാറാകട്ടെ അഫ്ഗാനിസ്താനില്‍ നിന്ന് ഒളിച്ചോടുന്നതില്‍ വിജയിച്ചു. ഇതോടെയാണ് പ്രസ്ഥാനം അഫ്ഗാനിസ്താനില്‍ ജിഹാദിന്റെ സായുധ പാതയിലേക്ക് പ്രവേശിക്കുന്നത്.

ജംഇയ്യത്തെ ഇസ്‌ലാമി
1974-ല്‍ ഭരണകൂടത്തിന്റെ കണ്ണ് വെട്ടിച്ച് പാക് അതിര്‍ത്തി പട്ടണമായ പെഷവാറിലേക്ക് ഒളിച്ചുകടക്കുന്ന റബ്ബാനി അതേ വര്‍ഷം അവിടെ വെച്ചാണ് തന്റെ സംഘടനയായ ജംഇയ്യത്തെ ഇസ്‌ലാമി രൂപവത്കരിക്കുന്നത്. നിയാസി സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാഭാവിക നീള്‍ച്ചയാണ് ജംഇയ്യത്ത് എന്നത്രെ പ്രസ്തുത സംഘടനയുടെ അവകാശവാദം. ജയിലിലടക്കപ്പെടുന്നതിന് മുമ്പ് റബ്ബാനിക്ക് സംഘടനയുടെ നേതൃത്വം നിയാസി കൈമാറിയിരുന്നെന്ന് ഇവര്‍ വാദിക്കുന്നു. അതിനാല്‍ ജിഹാദി പ്രസ്ഥാനങ്ങളുടെ മാതൃസംഘടനയായാണ് അനുയായികള്‍ ജംഇയ്യത്തിനെ കാണുന്നത്. ഹിക്മതിയാറുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാന ബിന്ദുക്കളിലൊന്നും ഇതുതന്നെ.
കാബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ യുവജന പ്രസ്ഥാനത്തിന് അടിത്തറ പാകിയ റബ്ബാനിക്ക് അഫ്ഗാനിസ്താനിലെ ഏറ്റവും മുതിര്‍ന്ന ഇസ്‌ലാമിക പ്രസ്ഥാന നായകന്‍ എന്ന പരിഗണനയുണ്ട്. 1963-ല്‍ കാബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക പഠനത്തില്‍ ബിരുദമെടുത്ത റബ്ബാനി 1966-ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഇസ്‌ലാമിക ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദം നേടി. ഈജിപ്തിലെ പഠനകാലത്ത് ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധപ്പെട്ട അദ്ദേഹം സയ്യിദ് ഖുത്വ്ബിന്റെ ചില കൃതികള്‍ ആദ്യമായി ഫാര്‍സിയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. കാബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ ലഭിച്ച അധ്യാപക നിയമനം യുവജനങ്ങളെ ഇസ്‌ലാമിന്റെ ബാനറില്‍ സംഘടിപ്പിക്കുന്നതില്‍ ഏറെ സൗകര്യപ്പെട്ടു.
ദാവൂദ് ഭരണകൂടത്തോട് സ്വീകരിക്കേണ്ട നിലപാടിനെ ചൊല്ലിയാണ് ഹിക്മതിയാറുമായുള്ള റബ്ബാനിയുടെ അഭിപ്രായഭിന്നത തുടങ്ങുന്നത് (സാഹിര്‍ഷാ രാജാവിനെ അട്ടിമറിച്ച് ഭരണത്തിലെത്തിയ ദാവൂദ്, രാജാവിന്റെ സ്യാലനായിരുന്നു. പില്‍ക്കാലത്ത് ദാവൂദിനെ അട്ടിമറിച്ച തറാക്കിക്ക് സൈനിക പിന്തുണ നല്‍കിയ സോവിയറ്റ് യൂനിയന്‍ ദാവൂദ് ഭരണകൂടത്തിനും പിന്തുണ നല്‍കിയിരുന്നു). ഹിക്മതിയാര്‍ സായുധ ചെറുത്ത് നില്‍പിനോട് ചായ്‌വ് പുലര്‍ത്തിയപ്പോള്‍ സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് റബ്ബാനി മുന്‍ഗണന നല്‍കിയത്. അഫ്ഗാനിസ്താനിലെ വംശീയ ന്യൂനപക്ഷങ്ങളധികവും റബ്ബാനിയുടെ ജംഇയ്യത്തിനോടാണ് അനുഭാവം പുലര്‍ത്തിയത്. കാരണം, ഭൂരിപക്ഷമായ പഷ്ത്തൂണ്‍ വംശജരായിരുന്നു ഇതര ജിഹാദി സംഘടനകളുടെയൊക്കെ തലപ്പത്തുണ്ടായിരുന്നത്. ജംഇയ്യത്ത് നേതാവായ റബ്ബാനി താജിക് വംശജനായിരുന്നു. പഷ്തൂണ്‍ മേല്‍ക്കോയ്മയെ ചെറുക്കാനുള്ള പരിചയായി ന്യൂനപക്ഷങ്ങള്‍ ജംഇയ്യത്തിനെ കണ്ടു. ജംഇയ്യത്തിന്റെ സൈനിക മേധാവിയായ, പഞ്ചശീര്‍ താഴ്‌വരയിലെ സിംഹമെന്നറിയപ്പെടുന്ന അഹ്മദ് ഷാ മസ്ഊദ്, ഉസ്‌ബെക്-തുര്‍ക്കുമാന്‍ ന്യൂനപക്ഷങ്ങളുമായി സഖ്യം ചെയ്തതോടെ ജംഇയ്യത്തിന്റെ കരുത്ത് വര്‍ധിച്ചു. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഹിക്മതിയാറില്‍ നിന്ന് ഭിന്നമായി താരതമ്യേന അയവുള്ള നിലപാടുകള്‍ ലിബറലുകള്‍ക്കിടയിലും റബ്ബാനിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. നജീബുല്ല ഭരണകൂടത്തിലെ അവശിഷ്ടങ്ങളും റബ്ബാനിയുടെ സംഘടനയിലാണ് പ്രതീക്ഷയര്‍പ്പിച്ചത്. ഹിക്മതിയാറില്‍ നിന്നുണ്ടായേക്കാവുന്ന പ്രതികാര നടപടികളെ റബ്ബാനിയില്‍നിന്ന് ഭയപ്പെടേണ്ടിവരില്ല എന്ന് അവര്‍ കണക്ക് കൂട്ടി. നജീബുല്ല സര്‍ക്കാറിനെ പിന്തുണച്ച അബ്ദുര്‍റശീദ് ദോസ്തമുമായി അഹ്മദ് ഷാ മസ്ഊദ് ഉണ്ടാക്കിയ സഖ്യം ഈ പ്രതീക്ഷയെ സാധൂകരിക്കുന്നതായിരുന്നു. യുദ്ധപ്രഭുവായ ദോസ്തമിന്റെ നിലപാടുകള്‍ക്ക് ഒരിക്കലും ആദര്‍ശപരമായ സ്വഭാവമുണ്ടായിരുന്നില്ല. മുജാഹിദുകളുടെ ഭാഗത്തും പാവ സര്‍ക്കാര്‍ ഭാഗത്തും അവസരത്തിനൊത്ത് ചാഞ്ചാടുന്നതായിരുന്നു ദോസ്തമിന്റെ നിലപാട്. സ്വന്തത്തോടല്ലാതെ മറ്റൊരാശയവുമായും അയാള്‍ക്ക് കൂറുണ്ടായിരുന്നില്ല. അഫ്ഗാന്‍ ജനതയുടെ രക്തം പുരണ്ട കൈകളിലേക്ക് സ്വന്തം കൈ നീട്ടിയവരോട് എങ്ങനെയാണ് തനിക്ക് സഹകരിക്കാന്‍ കഴിയുക എന്ന് ഹിക്മതിയാര്‍ സ്വന്തം നിലപാടിനെ ന്യായീകരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
കാബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ നിയാസിയുടെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആദ്യകാല വിദ്യാര്‍ഥികളില്‍ മസ്ഊദുമുണ്ടായിരുന്നു. മറ്റുള്ളവരൊക്കെ അഫ്ഗാനിസ്താന്റെ പുറത്ത് നിന്ന് ജിഹാദ് നയിച്ചപ്പോള്‍ റബ്ബാനിയുടെ സേനാ നായകനായ മസ്ഊദ് അകത്തുനിന്നാണ് യുദ്ധം നയിച്ചത്. പഞ്ചശീര്‍ താഴ്‌വരയില്‍ സ്വതന്ത്ര ഭരണകൂടം തന്നെ ഉണ്ടാക്കുന്നതിലും മസ്ഊദ് വിജയിച്ചു. കാബൂളിലേക്കുള്ള സോവിയറ്റ് വഴികള്‍ തടയുന്നതിലും മസ്ഊദ് വിജയിച്ചു. അവസാനം ആ വഴികള്‍ തുറന്ന് കിട്ടുന്നതിനായി മസ്ഊദുമായി യുദ്ധവിരാമ കരാര്‍ ചെയ്യാന്‍ സോവിയറ്റ് യൂനിയന്‍ നിര്‍ബന്ധിതമായി. മസ്ഊദിനെതിരെയുള്ള ഹിക്മതിയാറിന്റെ ചാര്‍ജ് ഷീറ്റുകളിലൊന്നും ഇതുതന്നെയാണ്. അഫ്ഗാന്‍ താല്‍പര്യം ഒറ്റു കൊടുക്കുന്നതിന് തുല്യമായാണ് ഹിക്മതിയാര്‍ ഇത് കണ്ടത്.

നജീബുല്ല സര്‍ക്കാറിന്റെ പതനം
ഹിക്മതിയാര്‍ കാബൂളില്‍ പ്രവേശിക്കും മുമ്പ് അവിടെ എത്താന്‍ കഴിഞ്ഞുവെന്നതാണ് മസ്ഊദിന്റെ വിജയം. ഇത് റബ്ബാനിയുടെ ജംഇയ്യത്തിന് മുന്‍കൈ ലഭിക്കാന്‍ സഹായകമായി. 1992 ഏപ്രില്‍ 16-ന് കാബൂളില്‍ നജീബുല്ല ഭരണകൂടത്തിന്റെ പതനം സംഭവിക്കുന്നത് ഭരണകക്ഷിയായ അഫ്ഗാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പര്‍ച്ചം വിഭാഗത്തില്‍ പെട്ട ജനറല്‍മാര്‍ നടത്തിയ ധവള വിപ്ലവത്തിലൂടെയാണ്. താജിക്, പഷ്തൂണ്‍, തുര്‍ക്കുമാന്‍ വംശങ്ങളില്‍ നിന്നുള്ള ഈ ജനറല്‍മാര്‍ക്ക് പിന്നില്‍ ചരടു വലിച്ചത് മസ്ഊദാണെന്നാണ് പറയപ്പെടുന്നത്. ഡെ. പ്രതിരോധമന്ത്രി ജന. മുഹമ്മദ് നബീ അസീമി, ജന. ബാബാജാന്‍, ജന. ആസിഫ് ദിലാവര്‍, ജന. അബ്ദുല്‍ മുഅ്മിന്‍ എന്നിവരാണ് നജീബിനെ അധികാര ഭ്രഷ്ടനാക്കിയത്. നജീബുല്ല സര്‍ക്കാറിലെ വിദേശകാര്യമന്ത്രി അബ്ദുല്‍ വകീലാണ് പ്രസിഡന്റ് അധികാരഭ്രഷ്ടനായ വാര്‍ത്ത പ്രഖ്യാപിക്കുന്നത്. പഞ്ചശീറില്‍നിന്ന് മസ്ഊദും മസാര്‍ശരീഫില്‍നിന്ന് ദോസ്തമും തക്ക സമയത്ത് കാബൂളിലെത്തി. ഭരണം കൈയേല്‍ക്കാന്‍ പെഷവാറില്‍ നിന്ന് മുജാഹിദുകളും അഫ്ഗാന്‍ ആസ്ഥാനത്തെത്തിച്ചേര്‍ന്നു. ഈ അവസരത്തില്‍ ഇടഞ്ഞുനിന്ന ഹിക്മതിയാറിനെ ഒറ്റപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ തന്നെ നടന്നതായാണ് അറിയപ്പെടുന്നത്. കാബൂള്‍ ഹിക്മതിയാറുടെ കൈകളിലെത്തുന്നതില്‍ പാശ്ചാത്യ ശക്തികള്‍ക്കും പാകിസ്താനും ആശങ്കയുണ്ടായിരുന്നു. ഉടനെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ബഹുജന പിന്തുണയുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു ഹിക്മതിയാറുടെ മുഖ്യ ആവശ്യം. ഇതിനു വേണ്ടത്ര പരിഗണന കിട്ടുകയുണ്ടായില്ല. സിബ്ഗത്തുല്ല മുജദ്ദിദിയെ താല്‍ക്കാലിക പ്രസിഡന്റാക്കി മുജാഹിദുകളുടെ ഒരു സമിതി ഭരണമേറ്റെടുക്കുകയായിരുന്നു. രണ്ട് മാസമായിരുന്നു സിബ്ഗത്തുല്ല മുജദ്ദിദിയുടെ കാലാവധിയെങ്കിലും അത് നീട്ടിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കാതെയല്ല. മുജദ്ദിദിയില്‍നിന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ബുര്‍ഹാനുദ്ദീന്‍ റബ്ബാനി '96 വരെ നാലു വര്‍ഷം പദവിയില്‍ തുടര്‍ന്നു. അതിനിടെ അഫ്ഗാനിസ്താനില്‍ ആഭ്യന്തര യുദ്ധം മൂര്‍ഛിച്ചു.
താലിബാന്റെ അരങ്ങേറ്റം
നാലു വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ അറുപതിനായിരം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോവിയറ്റ് അധിനിവേശത്തിനെതിരെ പൊരുതിയവര്‍ പിന്നെ വംശീയമായി വേര്‍തിരിഞ്ഞു പോരാടി. ഈ ആഭ്യന്തര യുദ്ധത്തിനിടയില്‍ തന്റെ സൈനിക ധിഷണയും പ്രതിരോധ മന്ത്രിയുമായ മസ്ഊദ് കൊല്ലപ്പെട്ടത് റബ്ബാനിക്ക് വലിയ ക്ഷീണമായി. ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ അക്കാദമിക-ഇസ്‌ലാമിക വ്യക്തിപ്രഭാവവും ആഭ്യന്തര യുദ്ധം മൂലം വലിയ തോതില്‍ ഇടിഞ്ഞു. ഇതിനിടെയാണ് താലിബാന്‍ രംഗപ്രവേശം ചെയ്യുന്നത്. ആഭ്യന്തരയുദ്ധം കൊണ്ട് പൊറുതിമുട്ടിയ അഫ്ഗാനിസ്താനിലെ ദക്ഷിണ ഭാഗത്തെ ജനം ചെറുത്തുനില്‍പൊന്നും കൂടാതെ അവരെ സ്വാഗതം ചെയ്തു. താലിബാന്‍ ഖന്ദഹാറില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ റബ്ബാനിയുടെ കാബൂള്‍ സര്‍ക്കാര്‍ അവരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി പറയപ്പെടുന്നുണ്ട്. അക്കാലത്ത് സര്‍ക്കാര്‍ റേഡിയോ തന്നെ താലിബാന്റെ മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. റബ്ബാനിയുടെ പ്രതിനിധി സംഘങ്ങളും താലിബാനുമായി ധാരാളം കൂടിക്കാഴ്ചകളും ഇക്കാലത്ത് നടന്നിരുന്നു. താലിബാന്‍ ഹിസ്‌ബെ ഇസ്‌ലാമിയെ ശരിപ്പെടുത്തി കഴിഞ്ഞാല്‍ പിന്നീട് അവരുമായി ധാരണയിലെത്താമെന്നായിരുന്നു റബ്ബാനിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഹിസ്‌ബെ ഇസ്‌ലാമി തന്ത്രപൂര്‍വമാണ് ഇതില്‍ ഇടപെട്ടത്. അവര്‍ താലിബാന്റെ മുന്നേറ്റത്തെ തടുക്കാന്‍ പോയില്ല. അതോടെ കാബൂളിലേക്കുള്ള പാത അവര്‍ക്ക് സുഗമമായി. അപ്പോഴും താലിബാനെ സായുധമായി നേരിടാന്‍ റബ്ബാനി ഉദ്ദേശിച്ചില്ല. അവരുമായി സംഭാഷണം നടത്താനാണ് താല്‍പര്യമെടുത്തത്. താലിബാനെ സ്വാഗതം ചെയ്തുകൊണ്ട് വടക്കന്‍ സഖ്യത്തിന്റെ നേതാവ് അന്ന് കാബൂളിലെത്തുകയുണ്ടായി. അതിനിടെ ഒരു ദിനം താലിബാന്റെ മേല്‍ സര്‍ക്കാര്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി. ഓര്‍ക്കാപ്പുറത്തെ ഈ ആക്രമണത്തില്‍ 250 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. പ്രകോപിതരായ താലിബാന്‍ കാബൂള്‍ കീഴടക്കി റബ്ബാനിയെ അവിടെ നിന്ന് പുറത്താക്കി. കാബൂള്‍ താലിബാന്റെ നിയന്ത്രണത്തിലായ ശേഷവും അന്താരാഷ്ട്ര സമൂഹം റബ്ബാനി ഭരണകൂടത്തെ തന്നെയാണ് അംഗീകരിച്ചിരുന്നത്. ഏത് രാജ്യത്ത് ചെന്നാലും അഫ്ഗാന്‍ പ്രസിഡന്റ് എന്ന പദവിയിലായിരുന്നു അദ്ദേഹത്തിനുള്ള സ്വീകരണം. 2001-ല്‍ ബിന്‍ലാദിന്‍ വേട്ടയുടെ ഭാഗമായി നടത്തിയ അഫ്ഗാന്‍ ആക്രമണത്തില്‍ താലിബാന്‍ ഭരണകൂടം നിലം പതിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ബുര്‍ഹാനുദ്ദീന്‍ റബ്ബാനി ഇടക്കാല പ്രസിഡന്റായി. 2005-ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജന്മദേശമായ ബദഗ്ശാന്‍ പ്രതിനിധിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കര്‍സാഇ സര്‍ക്കാറിനെതിരെയുള്ള ഏറ്റവും വലിയ പ്രതിപക്ഷ കൂട്ടായ്മയായ 'യുനൈറ്റഡ് നാഷ്‌നല്‍ ഫ്രന്റി'ന്റെ തലവനായിരുന്നെങ്കിലും അഫ്ഗാന്‍ വിമോചന പോരാട്ടത്തിലെ റബ്ബാനിയുടെ സംഭാവനകള്‍ കര്‍സാഇക്കും അവഗണിക്കാന്‍ സാധിക്കുമായിരുന്നില്ല. ആ സ്വീകാര്യതയുടെ തെളിവാണ് താലിബാനുമായുള്ള സംഭാഷണത്തിന് സമാധാന കൗണ്‍സിലില്‍ അദ്ദേഹത്തിന് ലഭിച്ച അധ്യക്ഷ പദവി. പക്ഷേ, ലക്ഷ്യം നേടുന്നതിന് മുമ്പ് ജീവന്‍ വെടിയാനായിരുന്നു അദ്ദേഹത്തിന്റെ ദുര്യോഗം. അഫ്ഗാനിസ്താന്‍ ഒരു ദുരന്ത നാടകമായി പരിണമിക്കുന്നതില്‍ ബോധപൂര്‍വമല്ലെങ്കിലും റബ്ബാനിക്കുണ്ടായ അനവധാനത വിമര്‍ശിക്കപ്പെടാം. ഒരു കണക്കിന് മറ്റു മുജാഹിദ് നേതാക്കളെ പോലെ അദ്ദേഹവും ആ വിഷയത്തില്‍ സാഹചര്യങ്ങളുടെ തടവുകാരനായിരുന്നു. എങ്കിലും അഫ്ഗാനിസ്താന്റെ സമാധാനത്തിനു വേണ്ടിയായിരുന്നു തന്റെ ജീവദാനമെന്നതില്‍ അദ്ദേഹത്തിന്റെ ആത്മാവിന് ചാരിതാര്‍ഥ്യമടയാം.
[email protected]

Comments