വാക്കുകള്‍ പാവങ്ങളല്ല
ഈപംക്തിയിലെ കഴിഞ്ഞ ഒന്നു രണ്ടുലേഖനങ്ങളില്‍ 'ഷണ്ഡത്വം' എന്ന വാക്ക് പ്രതിലോമസ്വരത്തില്‍ സൂചിപ്പിച്ചതിനെ ഒരു സുഹൃത്ത് കാര്യമായി വിമര്‍ശിച്ചു. അപ്പുറത്തും ഇപ്പുറത്തും നില്‍ക്കാത്ത അഴകൊഴമ്പന്‍ നിലപാടിനെ കളിയാക്കുക എന്ന ശാന്തമായ ഉദ്ദേശ്യമേ ആ വാക്കിനെ സ്വീകരിച്ചപ്പോള്‍ എനിക്കുണ്ടായിരുന്നുള്ളൂ. എങ്കിലും, സ്വന്തം കുറ്റത്താലല്ലാതെ അങ്ങനെയായിപ്പോയ ഒരു ന്യൂനപക്ഷ വിഭാഗത്തെ അപഹസിക്കുന്നുവെന്ന അപരാധം ആ പ്രയോഗത്തിലുണ്ടെന്ന് ഞാന്‍ ഉടനെ സമ്മതിച്ചു. വാക്കുകളുടെ ഉപയോഗത്തില്‍ അത്രയും സൂക്ഷ്മത അനിവാര്യമാണെന്ന സന്ദേശം ആ സുഹൃത്തിന്റെ വിമര്‍ശനത്തിലും എന്റെ കുറ്റസമ്മതത്തിലുമുണ്ട്. ഇത് പുതിയ ഭാഷാചിന്തകളും സാമൂഹിക ബോധവും നമ്മുടെ ധാരണകളിലുണ്ടാക്കിയ വെളിച്ചമാണ്. ഈ വെളിച്ചത്തിലാണ് കേരളത്തിലെ മുസ്‌ലിം വ്യവഹാരഭാഷയില്‍ ഇനിയും ഉണ്ടാകേണ്ട വേറെയൊരു സൂക്ഷ്മരാഷ്ട്രീയത്തെ നേടിയെടുക്കേണ്ടത്.
മറ്റൊരുദാഹരണം ഓര്‍മവരുന്നു. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു സെമിനാറാണ് വേദി. മാപ്പിളസമരങ്ങളെ ചരിത്രപുസ്തകങ്ങള്‍ മുന്‍വിധിയിലൂന്നിയ തീര്‍പ്പുകളോടെയാണ് കൈകാര്യം ചെയ്തത് എന്നാണ് യുവ ഗവേഷകന്‍ തന്റെ പ്രബന്ധത്തില്‍ ആഞ്ഞ് വാദിച്ചത്. അതിന്റെ തെളിവാണ് 'മാപ്പിളകലാപം' എന്ന പേരുപോലും. മുസ്‌ലിം ചരിത്രകാരന്മാര്‍ വരെ ആ വാക്കിന്റെ രാഷ്ട്രീയം മനസ്സിലാക്കാതെ ഏറ്റെടുത്തുവത്രെ. എന്നാല്‍ ഇതിനിടയില്‍ പ്രബന്ധാവതാരകന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യം' എന്ന് പലവട്ടം പരിചയപ്പെടുത്തി. ബ്രിട്ടീഷ് അധികാരമോഹികള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന, മലബാര്‍ അടക്കമുള്ള മണ്ണാണല്ലോ ഈ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം. ആ വീണ്‍വാക്ക് അവര്‍ക്കു സമ്മതമായിരിക്കാം. നാമത് എന്തിനേറ്റെടുക്കുന്നു? മാപ്പിള എന്ന പേരുപോലും മുസ്‌ലിംകള്‍ തങ്ങള്‍ക്ക് സ്വയമേവ നല്‍കിയതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. മുഹമ്മദീയന്‍, ജോനകന്‍, വരത്തന്‍ തുടങ്ങി പല പേരിലും കേരളക്കരയില്‍ മുസ്‌ലിംകള്‍ അറിയപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിലൊന്നുമാത്രമാണോ മാപ്പിളയും? ഇത്തരം സന്ദേഹങ്ങള്‍ വ്യവഹാരഭാഷയില്‍ നിരന്തരം ഉന്നയിക്കപ്പെടേണ്ടതുമുണ്ട്. കാരണം, പല പേരുകളും വാക്കുകളും അതിന്റെ രാഷ്ട്രീയ ലക്ഷ്യമറിയാതെ ഇരകള്‍പോലും സ്വന്തമാക്കി ഉപയോഗിക്കുന്നതു കാണുന്നു. ഇപ്പോഴും 'വിമോചന സമരം' എന്ന് പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാരുണ്ടല്ലോ.
ഒരു വാക്കും വെറും വാക്കല്ല. ആ വാക്കിനു പിന്നില്‍ അതുണ്ടായതു മുതലുള്ള ചരിത്രവും സമൂഹവും സംസ്‌കാരവും കെട്ടിവെച്ച പൂര്‍വഭാരങ്ങളുണ്ട്. ആരാണോ ആ വാക്ക് നിര്‍മിച്ചത് അവരുടെ ആഗ്രഹങ്ങളും നിലപാടുകളും പ്രതിഫലിപ്പിക്കുന്ന അര്‍ഥഭാരങ്ങളുണ്ട്. ദേശവും ദിശയും നല്‍കുന്ന സൂചനകളുണ്ട്. ആ കെട്ടുപാടുകള്‍ ഇറക്കിവെച്ച് വാക്കിനെ മാത്രം പരിചരിക്കാനാവില്ല. സവിശേഷമായ രാഷ്ട്രീയ ബോധങ്ങളുള്ള ഒരു സാമുദായിക വിഭാഗത്തിനാകട്ടെ ഈ സൂക്ഷ്മത കൂടുതല്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ മലയാളത്തിലെ ദലിത്, സ്ത്രീവാദ, മതേതര എഴുത്തുകാര്‍ ഇത്തരം വ്യവഹാര ഭാഷയെ കൂടുതല്‍ തിരിച്ചറിയുകയും കരുതി ഉപയോഗിക്കുകയും ചെയ്യുന്ന പൊതുസംസ്‌കാരം രൂപപ്പെട്ടിട്ടുണ്ട്. 'കാടന്‍' എന്നത് തെറിയല്ല എന്നും 'ചെറ്റ' എന്നത് കുറവല്ല എന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 'ആണത്തം' എന്ന വാക്ക് കേമത്തത്തിന്റെ പര്യായമല്ല എന്ന് പെണ്ണെഴുത്തുകാരികള്‍ മനസ്സിലാക്കിയിരിക്കുന്നു.
എന്നാല്‍, മുസ്‌ലിം സമുദായത്തിന്റെ വ്യവഹാര ഭാഷയിലും അവരുടെ പത്രപ്രസാധന ഭാഷയിലും ഈ സൂക്ഷ്മത തുലോം കുറവായി കാണുന്നു. സംസ്‌കൃതജടിലമായ പഴയ മലയാളമാണ് കൂടുതല്‍ മികച്ചതെന്ന് അവര്‍ ഇപ്പോഴും കരുതുന്നു. സംസ്‌കൃതം മോശമല്ല, മലയാളവും മോശമല്ലല്ലോ. സംസ്‌കൃതത്തിലോ ഇംഗ്ലീഷിലോ പറഞ്ഞാല്‍ കൂടുതല്‍ കേമവും മാന്യവും സാഹിതീയവുമാവും എന്ന തോന്നല്‍ തീര്‍ത്തും പഴയതുതന്നെ. 'കഅ്ബ പ്രദക്ഷിണം ചെയ്തു' എന്നും 'ദല്‍ഹി മുസ്‌ലിംകള്‍ക്ക് ശനിദശ' എന്നും മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ വന്ന തലക്കെട്ട് നാം വായിച്ചു. പ്രമുഖ മുസ്‌ലിം മലയാള പത്രത്തില്‍, സമുന്നതനായ മുസ്‌ലിം രാഷ്ട്രീയ നേതാവിന്റെ ചരമാന്തരം വന്ന തലക്കുറി 'സഈദിന് ബാഷ്പാഞ്ജലി' എന്നായിരുന്നു. അഞ്ജലി കൂപ്പുകൈ ആണെന്ന് തിരിച്ചറിയുന്ന ഏതൊരു പത്രാധിപരും അത് തിരുത്തുമായിരുന്നു.
മലയാളം പൊതുവെ ഇന്ത്യയിലെ മറ്റു ഭാഷകളേക്കാളും സാംസ്‌കാരിക വ്യതിരിക്തത കൂടുതലുള്ള ഭാഷയാണ്. പല പല സംസ്‌കാരങ്ങളും മതങ്ങളും രാഷ്ട്രീയാധികാരങ്ങളും കയറിയിറങ്ങിയ മണ്ണാണിത്. അതുകൊണ്ടുതന്നെ ഓരോ മലയാള വാക്കിനും പല അടരുകളിലേക്കും വേരുകളുള്ള ചരിത്രവും സംസ്‌കാരവുമുണ്ടാകും. മലയാള വാക്ക് എന്ന പദം പോലും സൂക്ഷ്മമല്ല. മലയാളത്തിന് സ്വന്തമായ വാക്കുകളേ കുറവാണ്. ഉള്ളവക്കുതന്നെ തമിഴാണ് തായ്‌വേര്. ആധുനികാനന്തരമുണ്ടായ സാമൂഹിക വിശകലനങ്ങളുടെ പ്രധാന സന്തോഷം, അന്നോളം മാറ്റിനിറുത്തിയ ശബ്ദങ്ങളെ അവ കൂടുതല്‍ വ്യക്തമായി കേള്‍പ്പിക്കുന്നു എന്നതാണ്. ശബ്ദം എന്നതിന് വാക്ക് എന്നും നിഘണ്ടുവില്‍ സൂചനയുണ്ട്. ജാതി- ലിംഗ- മത- സമൂഹ സംബന്ധിയായ പുതിയ ഇടങ്ങള്‍ സമാന്തരമായ വ്യവഹാര മാര്‍ഗത്തില്‍ വന്നിരിക്കുന്നു. അതിനാല്‍ കൂടുതല്‍ ശ്രദ്ധിച്ചേ ഇനി വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയൂ. 'എഴുത്തുകാരന്‍' എന്ന് എഴുതുമ്പോള്‍ എഴുത്തുകാരികള്‍ അതില്‍ പെടില്ലേ എന്ന് ചോദ്യമുണ്ടാകുന്ന കാലമാണ് ഇത്. അത്തരം ചോദ്യങ്ങളെ നേര്‍ക്കുമ്പോളാണ് ഭാഷ കൂടുതല്‍ കരുത്തുറ്റതാകുക.
മറ്റൊരു തലംകൂടി ഈ സൂക്ഷ്മതക്കു കാരണമായുണ്ട്. ആഗോള മുതലാളിത്ത തന്ത്രങ്ങള്‍ ഭാഷയെ കൂടുതല്‍ ആയുധമണിയിച്ചിരിക്കുന്നു. അത്രയും സൂക്ഷ്മത വാക്കുകളുടെ വിതരണത്തില്‍ അവര്‍ പുലര്‍ത്തുന്നുണ്ട്. ആദ്യകാലത്ത് നിരന്തരം ഉപയോഗിച്ചിരുന്ന 'ഇസ്‌ലാമിക മതമൗലികവാദം' എത്ര പെട്ടന്നാണ് 'തീവ്രവാദവും' 'ഭീകരവാദവും' ആയിത്തീര്‍ന്നത്. ജിഹാദും ഹര്‍ബും വാളും എത്ര എളുപ്പത്തിലാണ് അവര്‍ തങ്ങളുടെ അര്‍ഥത്തിലേക്ക് മാറ്റിയെടുത്തത്. അതേ ബോധം സാമൂഹിക കാര്യത്തിലും മതേതര വ്യവഹാരങ്ങളില്‍ ആധുനികാന്തര വ്യവഹാരഭാഷ പുലര്‍ത്തുന്നു. 'വികലാംഗന്‍' ഫിസിക്കലി ചലഞ്ച്ഡ് പേഴ്‌സണും, ഡിഫറന്റ്‌ലി ഏബ്ള്‍ഡ് പേഴ്‌സണും ആയതങ്ങനെയാണ്. ഓരോ മാറ്റത്തിനു പിന്നിലും മാറിവന്ന ചില ആശയതലങ്ങള്‍കൂടിയുണ്ട്. വേശ്യ 'ലൈംഗികത്തൊഴിലാളി'യായി മാറിയതും സാമ്രാജ്യത്വ മുതലാളിമാര്‍ തങ്ങളുടെ ആശയങ്ങളുടെ വ്യാപനംകൊണ്ട് പ്രാദേശിക ഭാഷകളില്‍ വരുത്തിയ മാറ്റങ്ങളിലൊന്നാണ്. ദാഹിക്കുമ്പോള്‍ അവര്‍ നില്‍കുന്ന പാനീയം വേണ്ട എന്നു തീരുമാനിക്കുന്നതുപോലെ പ്രധാനമാണ് പറയുമ്പോള്‍ അവര്‍ നിരത്തിവെക്കുന്ന വാക്കുകള്‍ വേണ്ട എന്നു തീരുമാനിക്കുന്നതും. കൊക്കക്കോളക്കു പകരം മോരുംവെള്ളം വെക്കുന്നതുപോലെ തണുപ്പും രുചിയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഈ ബദല്‍ ഭാഷാ പ്രചാരണത്തിലൂടെ ഇനി നാം കൈവരിക്കേണ്ടത്.
പിന്‍വാതില്‍ - ലോകത്ത് ഒരേ ഭാഷയുടെ വിഭിന്ന വ്യവഹാര രീതികളില്‍ പെരുമാറുന്ന മുസ്‌ലിം സമൂഹം, ഭൂവിസ്തീര്‍ണവും ജനസംഖ്യയും വെച്ചുനോക്കുമ്പോള്‍ കേരള മുസ്‌ലിംകളായിരിക്കണം. എത്രയെത്ര പത്രങ്ങള്‍, പ്രഭാഷണവേദികള്‍, സംവാദവിഷയങ്ങള്‍, പ്രബോധന രംഗങ്ങള്‍, ചാനലുകള്‍, സൈബര്‍ഇടങ്ങള്‍..... എല്ലാം ഭാഷയില്ലാതെ നടന്നുപോകുമോ? ഒരര്‍ഥത്തില്‍ കേരളമുസ്‌ലിംകള്‍ ഇന്ന് രൂപവത്കരിക്കുന്ന മലയാളമായിരിക്കണം കേരളത്തിന്റെ നാളത്തെ വ്യവഹാരഭാഷ. മലയാള സാഹിത്യത്തിലും സാംസ്‌കാരിക ജീവിതത്തിലും കേരളമുസ്‌ലിം ചെറുപ്പം കാണിക്കുന്ന ഉത്സാഹം കണക്കുകള്‍ നിരത്തി ഒരു അമുസ്‌ലിം സുഹൃത്ത് വിശദീകരിക്കുകയുണ്ടായി. മറ്റു സമുദായാംഗങ്ങളെ അപേക്ഷിച്ച് ഭാഷയിലും അതിന്റെ മാതൃകകളിലും അവര്‍ നടത്തുന്ന മുന്നേറ്റങ്ങളുടെ പ്രധാന കാരണം മദ്‌റസകളാണെന്നാണ് ആ ഗവേഷക സുഹൃത്തിന്റെ കണ്ടെത്തല്‍. കുട്ടിക്കാലത്തേ മലയാളം പല ലിപികളില്‍ സാധാരണയില്‍ കവിഞ്ഞ കഠിനഭാഷയില്‍ മുസ്‌ലിം കുട്ടികള്‍ അഭ്യസിക്കുന്നുണ്ടല്ലോ. അതിന്റെ ഗുണം കണ്ടല്ലേ തീരൂ.
സംഗതി ശരിയാകാം തെറ്റാകാം, പക്ഷേ ഇനിയും മലയാളഭാഷയുടെ വ്യവഹാരത്തില്‍ കേരളത്തിന്റേതായ സവിശേഷ രാഷ്ട്രീയ ബോധം മുസ്‌ലിം സമുദായം നിര്‍മിച്ചെടുത്തില്ലെങ്കില്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടത്തില്‍ വൈകിപ്പോയ സമുദായമായി അവര്‍ മാറും.
9895 437056 [email protected]
Comments