കഴിഞ്ഞ കാലങ്ങള്‍ പറഞ്ഞ് ഭാവിയെ സ്തംഭിപ്പിക്കരുത്
വ്യതിരിക്തമായ നിലപാടുകൊണ്ട് തുര്‍ക്കിയുടെ ഉര്‍ദുഗാന്‍ ഒരിക്കല്‍കൂടി ലോക രാഷ്ട്ര നേതാക്കളില്‍ നിന്ന് വേറിട്ട് നിന്നു. ഇസ്രയേലിനോടുള്ള ഉറച്ച സമീപനം, മധ്യപൂര്‍വദേശ നാടുകളിലെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഇവയാണ് അദ്ദേഹത്തിന്റെ പ്രശസ്തിയുടെ ഗ്രാഫുയര്‍ത്തിയത്. സത്യസന്ധവും ധീരവുമായ ആ സംസാരങ്ങള്‍ ശ്രവിക്കാന്‍ ഇപ്പോള്‍ പതിവിലേറെ ശ്രോതാക്കളുണ്ട്. ജനവിരുദ്ധവും അധികാരമുഷ്‌കിന്റേതുമായ പല അരോചക ശബ്ദങ്ങളും നിലച്ചുകഴിഞ്ഞ വര്‍ത്തമാനകാല അറബ് നാടുകളില്‍ ഒരനറബി ശബ്ദത്തിനു ഇത്രയേറെ ആദരവുകള്‍ ലഭിക്കുന്നത് ഇതാദ്യമെന്ന് നിരീക്ഷിക്കപ്പെടുന്നു. കൂട്ടത്തില്‍ ഇസ്രയേലിലെ പത്രങ്ങള്‍ അദ്ദേഹത്തിനൊരു വിശേഷണവും നല്‍കി: ഇത് കാലഘട്ടത്തിന്റെ അബ്ദുന്നാസിര്‍.
സെപ്റ്റംബറില്‍ അദ്ദേഹം നടത്തിയ ഈജിപ്ത്, ലിബിയ, തുനീഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിക്കുന്നതിന് മുമ്പ് പ്രസിദ്ധ അറബ് കോളമിസ്റ്റ് ഫഹ്മീ ഹുവൈദിയുമായി അദ്ദേഹം ഉള്ളുതുറന്നു. ദീര്‍ഘസംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങളും വ്യാപാര വാണിജ്യ സഹകരണങ്ങളും ക്രമപ്രവൃദ്ധമായി അവസാനിപ്പിക്കാനുള്ള തുര്‍ക്കിയുടെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു യുദ്ധത്തിന്റെ മണം മേഖലയില്‍ പതുക്കെ പരക്കുന്നതായി ഇസ്രയേലിന്റെ ചില വക്താക്കള്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്
ആരെയും പരിഭ്രാന്തരാക്കുകയോ അത്ഭുതപ്പെടുത്തുകയോ ഞങ്ങളുടെ ലക്ഷ്യമല്ല. ഗസ്സയിലേക്കുള്ള ഞങ്ങളുടെ ദുരിതാശ്വാസ കപ്പലിനെ ആക്രമിച്ചതു മുതല്‍ ഇസ്രയേലിനോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. തുര്‍ക്കി ജനതയോടും സര്‍ക്കാറിനോടും മാപ്പ് പറയുക, അക്രമത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഗസ്സയോടുള്ള മനുഷ്യത്വരഹിതവും അന്യായവുമായ ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് ഇസ്രയേലിന്റെ മുമ്പില്‍ ഞങ്ങള്‍ വെച്ചത്. ഒരു വര്‍ഷത്തിലധികമായി ഈ ആവശ്യങ്ങള്‍ ഞങ്ങളുന്നയിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഇസ്രയേല്‍ ഒന്നും കേട്ടില്ല, കണ്ടില്ല എന്ന് നടിക്കുകയാണ്.
ഇസ്രയേല്‍ ഒരിക്കല്‍ പോലും അതിന്റെ ചെയ്തികളെക്കുറിച്ച് പശ്ചാത്തപിച്ചിട്ടില്ല. നിയമങ്ങള്‍ക്ക് മീതെയാണ് ഇസ്രയേല്‍ സ്വന്തത്തെ പ്രതിഷ്ഠിക്കുന്നത്. തങ്ങള്‍ക്ക് അപ്രമാദിത്വമുണ്ടെന്ന് നടിക്കുകയും ചെയ്യുന്നു. ഈ സ്വയംപരികല്‍പനകള്‍ ഇന്നാ രാജ്യത്തെ ലാളിച്ചു വഷളായ ഒരു കുട്ടിയുടെ മാനസികതലത്തിലേക്കെത്തിച്ചിട്ടുണ്ട്. വികൃതിപ്പയ്യന്മാര്‍ സ്വന്തത്തിനു മാത്രമല്ല, ചുറ്റുപാടുമുള്ളവര്‍ക്കും തലവേദനയാണ്.
ഫലസ്ത്വീന്റെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ട് തീവ്രവാദം കളിക്കുന്നതില്‍ അവസാനിക്കുന്നില്ല ആ രാജ്യത്തിന്റെ തെമ്മാടിത്തങ്ങള്‍. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെയൊക്കെ നിഷ്‌കാസനം ചെയ്ത് ലോകത്തെ ഭോഷ്‌കനും മണ്ടനുമാക്കി നിലനിര്‍ത്തുവോളം അതിന്റെ കളി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ മറ്റുള്ളവരെ ആദരിക്കണമെന്നും പൊതുനിയമങ്ങള്‍ക്ക് വിധേയമാകണമെന്നും ഉപദേശിക്കുന്നത് ആ രാജ്യം ഇഷ്ടപ്പെടുന്നില്ല.
അപ്പോള്‍ ഒരു യുദ്ധ സാധ്യത നിലനില്‍ക്കുന്നില്ല എന്ന് തന്നെയാണോ?
തെറ്റുകള്‍ അംഗീകരിക്കുക എന്നത് ഇസ്രയേലിന്റെ പ്രകൃതമല്ല. ചുറ്റും മാറിയാലും ഞങ്ങള്‍ മാറില്ല എന്ന പിടിവാശിയിലാണാ രാജ്യം. ജനഹിതത്തെ മാനിക്കുകയും അവരുടെ അഭിമാനത്തിന് അങ്ങേയറ്റം വിലകല്‍പിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യവ്യവസ്ഥ തുര്‍ക്കിയില്‍ ഉണ്ടെന്നുള്ളത് അവര്‍ക്ക് പ്രശ്‌നമേയല്ല. അറബ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാനും അവര്‍ മുന്നോട്ട് വരുന്നില്ല. ജനശക്തിയും ജനശബ്ദവും കരുത്ത് നേടിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാനും അവര്‍ ശ്രമിക്കുന്നില്ല. ഈ വായനക്ക് ശ്രമിക്കുന്നവരെ അപമാനിക്കാനും അപായപ്പെടുത്താനുമാണ് ഇസ്രയേലിന്റെ ശ്രമം. എന്നാല്‍ ഇതൊന്നും തുര്‍ക്കിക്ക് പ്രശ്‌നമല്ല, പറയാനുള്ളത് തുര്‍ക്കി പറഞ്ഞുകൊണ്ടിരിക്കും. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമാകണമെന്നും അന്തര്‍ദേശീയ സമാധാന പ്രക്രിയകള്‍ക്ക് തുരങ്കം വെക്കരുതെന്നും സമുദ്ര മേഖലയെ കളങ്കപ്പെടുത്തരുതെന്നുമാണ് തുര്‍ക്കി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, യുദ്ധക്കൊതിയന്മാരായ ചില സയണിസ്റ്റ് തീവ്രവാദികളാണ് യുദ്ധത്തെക്കുറിച്ച് കാലാവസ്ഥാ പ്രവചനം നടത്തിക്കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര തെളിവെടുപ്പ് കമ്മിറ്റി (മുന്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജെഫ്രി ബാല്‍മറിനെ തലവനാക്കിയാണ് ഐക്യരാഷ്ട്ര സഭ കമ്മിറ്റി രൂപവത്കരിച്ചത്) ഇസ്രയേലിനെ കുറ്റവിമുക്തമാക്കുകയുണ്ടായി. യാത്രക്കാര്‍ക്കെതിരെ ആയുധശക്തി തെറ്റായി ഉപയോഗിച്ചു എന്ന് മാത്രമാണ് കമ്മിറ്റി നിരീക്ഷിച്ചിരിക്കുന്നത്
ഈ റിപ്പോര്‍ട്ടിനു ഒരു വിലയുമില്ല. റിപ്പോര്‍ട്ട് നിര്‍മിച്ചവര്‍ക്കും അത് സംവിധാനം ചെയ്തവര്‍ക്കും തന്നെ നാണക്കേടാണിത്. ഗസ്സാ ഉപരോധത്തെ നിയമപരമാക്കാനും അധിനിവേശത്തെ വെള്ളപൂശാനുമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സഹായിക്കുക. റിപ്പോര്‍ട്ട് കുപ്രസിദ്ധമാകുന്നത് അത് നല്‍കിയ വിവരങ്ങളിലുള്ള വൈരുധ്യം കൊണ്ട് മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ തത്ത്വങ്ങള്‍ക്ക് എതിരായതുകൊണ്ട് കൂടിയാണ്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് ഞങ്ങള്‍ അംഗീകരിക്കുന്ന പ്രശ്‌നമില്ല. സര്‍ക്കാര്‍, ജനത എന്നീ രണ്ട് തലങ്ങളിലും ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര മനസ്സാക്ഷിയുടെ മുന്നില്‍ ഞങ്ങളീ പ്രശ്‌നം വെക്കും. ഇസ്രയേലിന്റെ തുറന്ന ആക്രമണത്തെ സാക്ഷ്യപ്പെടുത്തുന്ന സുവ്യക്തമായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്.
ഒന്ന് വിശദീകരിക്കാമോ?
ഗസ്സയുടെ തീരത്ത് നിന്ന് 78 മൈല്‍ അകലെ അന്തര്‍ദേശീയ സമുദ്രാതിര്‍ത്തിയിലായിരുന്നു തുര്‍ക്കി നേതൃത്വം നല്‍കിയ കപ്പല്‍ ഉണ്ടായിരുന്നത്. തീര്‍ത്തും നിരായുധമായിരുന്നു കപ്പലും കപ്പല്‍ യാത്രക്കാരും. ഗസ്സയിലേക്കുള്ള ദുരിതാശ്വാസ ഭക്ഷണ സാധനങ്ങള്‍ മാത്രമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇസ്രയേല്‍ സൈന്യങ്ങള്‍ കപ്പലിനെ കടലില്‍ നിന്നും ആകാശത്ത് നിന്നും ആക്രമിച്ചു. മുപ്പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കപ്പല്‍ യാത്രക്കാര്‍. ഇവരില്‍ ഒമ്പത് തുര്‍ക്കിക്കാരെ കൊലപ്പെടുത്തിയത് ആസൂത്രിതവും ബോധപൂര്‍വവുമായിരുന്നു. കൊല്ലപ്പെട്ട ഒമ്പത് പേരില്‍ തുര്‍ക്കി വംശജനായ 19 വയസ്സുള്ള ഒരു അമേരിക്കക്കാരനുമുണ്ടായിരുന്നു. മുപ്പത് സെ.മീ അകലത്ത് നിന്ന് അഞ്ച് വെടിയുണ്ടകളാണ് ഈ യുവാവിന്റെ നെറ്റിയില്‍ തുളച്ചുകയറിയത്. മറ്റുള്ളവര്‍ക്ക് മുപ്പത് ഉണ്ടകളും ഏറ്റു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചതാണ് ഈ വിവരങ്ങളത്രയും. അമേരിക്കന്‍ പ്രസിഡന്റിനോട് അമേരിക്കന്‍ പൗരന്റെ വധത്തെക്കുറിച്ച് പറഞ്ഞെങ്കിലും അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.
ഈ കടന്നാക്രമണത്തിന്റെ വെളിച്ചത്തില്‍ ഇസ്രയേല്‍ എന്ന തുറന്ന ശത്രുവിനോട് വ്യക്തമായ ഒരു നിലപാടെടുക്കാതെ തുര്‍ക്കിയെ സംബന്ധിച്ചേടത്തോളം മറ്റൊന്നും കരണീയമായിരുന്നില്ല. ഇസ്രയേല്‍ ജനതയോടുള്ള വിദ്വേഷം കൊണ്ടല്ല ഞങ്ങളീ നിലപാടെടുക്കുന്നത്, ഭരണകൂടത്തിന്റെ രാഷ്ട്രീയ സദാചാരമില്ലായ്മക്കെതിരെയുള്ളതാണീ നിലപാട്. ഇസ്രയേലുമായുള്ള ബന്ധത്തേക്കാള്‍ സ്വന്തം ജനതയുടെ അഭിമാനവും അവരുടെ വ്യക്തിത്വവുമാണ് ഞങ്ങള്‍ക്ക് വലുത്. അതിനാല്‍ ഒന്നാമത്തെ ചുവടെന്ന നിലയില്‍ നേരത്തെ സൂചിപ്പിച്ച മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ക്ഷമിക്കുകയും ഫലങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നന്നാകും എന്ന പ്രതീക്ഷയില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വൈകി പ്രസിദ്ധീകരിക്കുന്നതില്‍ പോലും അനുകൂലമായ നിലപാട് സ്വീകരിച്ചു. മാപ്പ് പറയാന്‍ സാധ്യമല്ലെന്ന് ഇതിനിടയിലും ഇസ്രയേല്‍ പരസ്യമായി പറഞ്ഞുകൊണ്ടിരുന്നു. അന്വേഷണകമീഷന്റെ റിപ്പോര്‍ട്ടിന്റെ പ്രകാശനം ഒരാറുമാസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേല്‍ ചരട് വലിച്ചു (ലിബിയന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ അഞ്ചിനു വ്യാഴാഴ്ച പാരീസില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് ഈ താല്‍പര്യം അമേരിക്കന്‍ വിദേശകാര്യമന്ത്രി ഹിലരി ക്ലിന്റന്‍ തുര്‍ക്കി വിദേശകാര്യമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലുവിനോട് പ്രകടിപ്പിച്ചത്. പക്ഷേ, അഹ്മദ് ദാവൂദ് ഈ നിര്‍ദേശം അംഗീകരിച്ചില്ല. ഇസ്രയേലിന്റെ അന്തിമ നിലപാട് അറിയിക്കാന്‍ പരമാവധി നല്‍കുന്ന സമയം ഒരാഴ്ചയാണെന്ന തുര്‍ക്കിയുടെ തീരുമാനം അദ്ദേഹം അറിയിക്കുകയും ചെയ്തു). എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സെപ്റ്റംബര്‍ രണ്ടിനു ഒരമേരിക്കന്‍ പത്രം പുറത്തുവിട്ടപ്പോള്‍ തുര്‍ക്കി വീണ്ടും പ്രതികരിച്ചു.
നയതന്ത്രരംഗത്തും സൈനിക കരാറുകളിലും കാതലായ മാറ്റം വരുത്തിക്കൊണ്ട് ഇസ്രയേലുമായുള്ള ബന്ധങ്ങളില്‍ അഴിച്ചുപണി നടത്തുന്ന രണ്ടാം ഘട്ട പദ്ധതി(ബി)യുമായി തുര്‍ക്കി മുന്നോട്ട് പോയി. ഈ അടിസ്ഥാനത്തില്‍ ഇസ്രയേലിന്റെ അംബാസഡറെ സെപ്റ്റംബര്‍ ഏഴിനു ഞങ്ങള്‍ പുറത്താക്കി. ഇസ്രയേലിലെ ഞങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. നയതന്ത്രരംഗത്തെ ബന്ധം സെക്രട്ടറിതലത്തില്‍ പരിമിതപ്പെടുത്തി. സൈനിക കരാറുകള്‍ മരവിപ്പിച്ചു. തുര്‍ക്കി കപ്പലുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മേഖലയില്‍ നാവികസൈന്യത്തെ സജ്ജമാക്കി. ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബന്ധുക്കള്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര കോടതികളില്‍ ഇസ്രയേലിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മധ്യപൂര്‍വദേശ സമുദ്രത്തിലെ തുര്‍ക്കിയുടെ നാവികസൈന്യ സാന്നിധ്യം ഒരു യുദ്ധസാധ്യതയുടെ തോത് ഉയര്‍ത്തുന്നുണ്ട് എന്ന നിരീക്ഷണം വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു. തുര്‍ക്കി ഇസ്രയേലുമായുള്ള സൈനികകരാറുകള്‍ മരവിപ്പിച്ചതിന്റെ പ്രതിഫലനമെന്നോണം തെല്‍അവീവ് സ്റ്റോക്ക് മാര്‍ക്കറ്റ് തകരുകയുണ്ടായി
ഞങ്ങളുടെ സമുദ്രയാത്രയുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഞങ്ങളുടെ നാവികസേനയുടെ ധര്‍മം. സുഗമമായ യാത്ര എല്ലാവരുടെയും അവകാശമാണെന്നത് പോലെ തുര്‍ക്കിയുടെയും അവകാശമാണത്. ഇതാര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. സമുദ്രം ഒരാളുടെയും കുത്തകയാക്കാന്‍ സാധ്യമല്ല. ഇസ്രയേലിന്റെ കുത്തകയെ ചോദ്യംചെയ്യുന്നത് സ്വാഭാവികമായും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധത്തെക്കുറിച്ച വര്‍ത്തമാനങ്ങള്‍ ദേശീയവും പ്രാദേശികവുമായ നീക്കങ്ങള്‍ ബലപ്പെടുത്തുന്നില്ല. അതേസമയം എതിര്‍ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന ഏത് നടപടികളെയും നേരിടാന്‍ തുര്‍ക്കി സദാ സന്നദ്ധമാണ്. അതെത്രമാത്രം അശുഭകരമാണെങ്കിലും.
തുര്‍ക്കി-ഫലസ്ത്വീന്‍ ബന്ധങ്ങള്‍?
അറബ് ലോകവുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ തെളിവുകളും രേഖകളും ഹാജരാക്കേണ്ടതില്ല. സാമ്പത്തിക താല്‍പര്യങ്ങളേക്കാള്‍ മാനവികവും സാമൂഹികവുമായ ഘടകങ്ങളാണ് അറബ് ലോകവുമായുള്ള തുര്‍ക്കിയുടെ ബന്ധങ്ങള്‍ക്കടിസ്ഥാനം. ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരം തുര്‍ക്കിയുടെ അന്തര്‍ദേശീയ അജണ്ടയുടെ മുന്‍ഗണനാക്രമത്തില്‍ ഒന്നാമതാണ്. അറബ് ലോകത്തെ വര്‍ത്തമാനകാല വിപ്ലവ വിജയങ്ങള്‍ തുര്‍ക്കിയുടേതുകൂടിയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ലോകം അനേകം മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച ഈ മാറ്റങ്ങളുടെ സുപ്രധാനമായ അടയാളങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഈ മാറ്റങ്ങളില്‍ നിന്നെല്ലാം അടുത്തകാലം വരെ അറബ് ലോകം ബഹുദൂരം അകന്നുനില്‍ക്കുകയായിരുന്നു. വിശിഷ്യാ, പൗര സ്വാതന്ത്ര്യ വിഷയങ്ങളില്‍. ഇപ്പോഴത്തെ വിപ്ലവം വഴി ജനതയുടെ സ്വതന്ത്ര യുഗം ആരംഭിക്കുകയും ഏകാധിപത്യയുഗത്തിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുകയാണ്. ഇതില്‍ നിന്ന് എല്ലാവരും പാഠം പഠിക്കേണ്ടതുണ്ട്. പാഠം ഉള്‍ക്കൊള്ളാത്തവരെ സംബന്ധിച്ചേടത്തോളം ഇനി മറ്റൊന്നുകൊണ്ടും അവരെ മാറ്റുക സാധ്യമല്ല. ചരിത്രത്തിന്റെ ചക്രം മുന്നോട്ട് തിരിയുമ്പോള്‍ അതിന്റെ സൂചി പിറകോട്ട് തിരിക്കാം എന്ന് കരുതുന്നത് വ്യര്‍ഥമോഹം മാത്രമാണ്.
ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഈജിപ്ഷ്യന്‍ യാത്രയുടെ സന്ദേശങ്ങള്‍ എന്തൊക്കെയാണ്?
അറബ് ലോകത്തേക്കുള്ള നിരവധി വാതായനങ്ങളില്‍ ഏറ്റവും വലിയ കവാടം ഈജിപ്ത് തന്നെയാണെന്ന് തുര്‍ക്കി മനസ്സിലാക്കുന്നു. അതുകൊണ്ട് ഈജിപ്തുമായുള്ള ബന്ധങ്ങളില്‍ പ്രത്യേക സ്ട്രാറ്റജി രൂപപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തിക മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാനും വിശാലമാക്കാനും തുര്‍ക്കി ആഗ്രഹിക്കുന്നു.
അല്‍പം സൂക്ഷ്മതയോടെയും സംശയ ദൃഷ്ടിയോടെയുമായിരുന്നു ആദ്യകാലങ്ങളില്‍ തുര്‍ക്കിയുടെ ഈജിപ്ഷ്യന്‍ ബന്ധമെന്ന് അനുഭവപ്പെട്ടിട്ടുണ്ടോ?
ശരിയാണ്. പക്ഷേ, ഈ സൂക്ഷ്മത സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചു എന്നനുഭവമില്ല. വിസാ എമിഗ്രേഷന്‍ വിഷയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അതേസമയം വ്യവസ്ഥകള്‍ക്ക് വിധേയമായി ഏതു സമയത്തും തുര്‍ക്കിയില്‍ ഇറങ്ങാന്‍ ഈജിപ്തുകാര്‍ക്ക് വിലക്കുകളില്ല. ഈവക വിഷയങ്ങളില്‍ ഈജിപ്തിന്റെ നിലപാടുകള്‍ മനസ്സിലാക്കാനും അഭിപ്രായങ്ങള്‍ മാനിക്കാനും തുര്‍ക്കി പ്രതിജ്ഞാബദ്ധമാണ്. വിപ്ലവാനന്തര ഈജിപ്തിന്റെ നീക്കങ്ങളും ഗതിയും ശരിയായ ദിശയിലാണെന്ന് തുര്‍ക്കി മനസ്സിലാക്കുന്നു. പുരോഗതിയുടെയും വികസനത്തിന്റെയും ശരിയായ പാതയിലാണവര്‍. ഇത് അറബ് ലോകത്തിനു മുമ്പില്‍ പ്രതീക്ഷയുടെയും ശുഭാപ്തിയുടെയും വഴികളാണ് തുറന്നിരിക്കുന്ത്.
സിറിയയെക്കുറിച്ച് എന്തു പറയുന്നു?
ഇരു രാജ്യങ്ങള്‍ക്കിടയില്‍ എല്ലാ മേഖലകളിലും സഹകരണം ഉറപ്പുവരുത്തുന്ന ഏറ്റവും ഊഷ്മളമായ ബന്ധമായിരുന്നു സിറിയയുമായി ഞങ്ങളുടേത്. പക്ഷേ, കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചത് സാമൂഹികവിപ്ലവത്തിന്റെ സ്വാതന്ത്ര്യക്കാറ്റ് ആഞ്ഞുവീശിയപ്പോഴാണ്. ജനതയുടെ വിപ്ലവബോധത്തെയും ന്യായമായ അവകാശങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിച്ചമര്‍ത്തി തല്ലിക്കെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളുടെ കൂടുതല്‍ ശ്രദ്ധ സിറിയ കവര്‍ന്നു. പക്ഷേ, ഈ അടിച്ചമര്‍ത്തല്‍ സിറിയക്കാരുടെ ആത്മവീര്യം കെടുത്താന്‍ ഉപകരിച്ചില്ല എന്നു മാത്രമല്ല, അവരുടെ രോഷത്തെ ആളിക്കത്തിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. പിന്നെയത് സിറിയന്‍ തെരുവുകളില്‍ രക്തമൊഴുക്കി. അത് ഞങ്ങളെ നിരാശരാക്കി. നിലവിലുള്ള പ്രതിസന്ധിയുടെ ഗൗരവം ബോധ്യപ്പെടുത്തി പ്രസിഡന്റ് ബശ്ശാറുമായി അപ്പോള്‍ സംസാരിച്ചു. ബാഹ്യശക്തികള്‍ സിറിയയെ ലക്ഷ്യമിട്ടുകഴിഞ്ഞതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അനിവാര്യമായ എല്ലാ കാര്യങ്ങളും കൈക്കൊള്ളണമെന്നും പ്രക്ഷോഭകരുടെ ആവശ്യങ്ങളെ പരിഗണിക്കണമെന്നും അദ്ദേഹത്തോട് ഞങ്ങളാവശ്യപ്പെട്ടു.
സംഭാഷണത്തിലൂടെ നല്‍കപ്പെട്ട ഉറപ്പുകള്‍ നടപ്പാക്കുന്നു എന്ന് വിലയിരുത്താന്‍ പിന്നീട് തുര്‍ക്കി വിദേശകാര്യമന്ത്രി ദമസ്‌കസ് സന്ദര്‍ശിച്ചു.
എന്നാല്‍, സിറിയന്‍ മണ്ണില്‍ നടന്നുകൊണ്ടിരിക്കുന്നത് മറ്റൊന്നായിരുന്നു. ഞങ്ങള്‍ക്ക് നല്‍കപ്പെട്ട ഉറപ്പുകള്‍ക്ക് ഒരു വിലയുമുണ്ടായിരുന്നില്ല. മര്‍ദനവും പീഡനവും അവസാനിപ്പിക്കാന്‍ യാതൊരു ശ്രമവും കാണുന്നില്ല. മറുവശത്ത് സിറിയന്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരുന്നു. ആയുധവും ഭീഷണിയും പ്രശ്‌നപരിഹാരമല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതിനിടയിലും സിറിയന്‍ ഭരണാധികാരികളോട് ഞങ്ങളുടെ സംസാരവും ഉപദേശങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. പ്രക്ഷോഭകരുമായി സന്ധിസംഭാഷണം വഴി പ്രശ്‌നപരിഹാരം പ്രതീക്ഷിച്ചെങ്കിലും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ സമയം വെറുതെ ഒടുങ്ങിക്കൊണ്ടിരുന്നു. പ്രതീക്ഷ കൈവിടാതെ, സിറിയന്‍ പ്രസിഡന്റിനെ വീണ്ടും വിളിച്ചു. പട്ടണങ്ങളില്‍ നിന്ന് കവചിത വാഹനങ്ങളെ പിന്‍വലിക്കുക, കല്‍തുറുങ്കിലടക്കപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരെ വിമോചിപ്പിക്കുക, അന്യായമായ അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കുക, ബഅ്‌സ് പാര്‍ട്ടിയുടെ കുത്തക അവസാനിപ്പിച്ച് വിവിധ രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക, ജനാഭിലാഷം മാനിക്കുന്ന, അവരാഗ്രഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപവത്കരണം സാധ്യമാക്കുന്ന വിധത്തില്‍ പൊതുജന സ്വാതന്ത്ര്യം അനുവദിക്കുക ഈ നിര്‍ദേശങ്ങള്‍ സിറിയന്‍ പ്രസിഡന്റിന്റെ മുമ്പില്‍ ഞങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
സിറിയയുടെ പ്രതികരണം എന്തായിരുന്നു?
പ്രവര്‍ത്തനങ്ങളുടെ സ്ഥിരീകരണമില്ലാത്ത കേവലം വാചോടാപങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നത്.
മൂവായിരത്തോളം സിവിലയന്മാരെ കൊന്നൊടുക്കുകയും അതിനേക്കാളേറെ പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും നിരവധി പേരെ കല്‍തുറുങ്കിലടക്കുകയും ചെയ്തുകഴിഞ്ഞിരിക്കേ, സ്ഥിതിഗതികള്‍ എങ്ങനെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്?
സമാധാനശ്രമങ്ങള്‍ അവിരാമമായി തുടരാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. സിറിയയുമായി സാധാരണയില്‍ കവിഞ്ഞ ബന്ധം ഞങ്ങള്‍ക്കുണ്ട്. 910 കിലോമീറ്റര്‍ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന സിറിയയുമായി എല്ലാ മേഖലകളിലും പൂര്‍ണമായ സഹകരണമുണ്ട്. എന്നാല്‍, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു: ആത്യന്തികമായി ഞങ്ങളുടെ കടപ്പാടും പരിഗണനയും സിറിയന്‍ ജനതയോടാണ്. ആ നാടിന്റെ അരക്ഷിതാവസ്ഥ തുര്‍ക്കിയുടെ ഉറക്കം കെടുത്തും. അതിനാല്‍ സിറിയയുടെ ഭാവിയെ സംബന്ധിച്ച ഞങ്ങളുടെ ആശങ്ക മറച്ചുവെക്കുന്നില്ല.
നിങ്ങളെ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്ന ഘടകമെന്താണ്?
സംഭവങ്ങളുടെ ഗതിവിഗതികള്‍ അലവി-സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ആഭ്യന്തരകലാപം വിളിച്ചുവരുത്തുന്ന തലത്തിലേക്ക് നീങ്ങുന്നുവോ എന്നാശങ്കിക്കേണ്ടിയിരിക്കുന്നു. ഭരണരംഗത്തും സൈനിക സുരക്ഷാ മേഖലകളിലും അലവികള്‍ക്കാണ് മേധാവിത്വം. നിലവിലെ പ്രക്ഷോഭം ശക്തിപ്പെടുന്നതിനു കാരണം ഈ മേധാവിത്വത്തിനെതിരായുള്ള രോഷം മാത്രമായിരിക്കില്ല. മറിച്ച്, മദ്ഹബുപരമായ പക്ഷപാതിത്വം കൂടി പ്രക്ഷോഭത്തെ ആളിക്കത്തിക്കും. അപകടകരമായ ഈ കാര്‍ഡാണ് ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ലഭ്യമായ വിവരമനുസരിച്ച് ശബീഹ വിഭാഗത്തില്‍ നിന്ന് ചെറിയൊരു പക്ഷം അലവിയാക്കളോടൊപ്പം ചേര്‍ന്നത് അവര്‍ക്കിടയിലും സുന്നിക്കള്‍ക്കുമിടയിലെ വിടവിനെ വലുതാക്കിയിട്ടുണ്ട്. ഇത്തരം വിദ്വേഷജനകമായ വിടവുകളില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് എത്രമാത്രം നീചമാണ്. മദ്ഹബ് വക്താക്കള്‍ക്ക് ഇത്തരം കളികളില്‍ നിന്ന് നേട്ടമൊന്നും നേടാന്‍ കഴിയില്ല. അധികാര ദുരമൂത്ത രാഷ്ട്രീയ ദല്ലാളന്മാര്‍ കളിതുടര്‍ന്നുകൊണ്ടിരിക്കുന്നത് അവരുടെ നേട്ടങ്ങള്‍ക്ക് മാത്രമാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ദീര്‍ഘവീക്ഷണവും സത്യസന്ധമായ ലക്ഷ്യവുമില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും.
താങ്കള്‍ നിര്‍ദേശിക്കുന്ന പ്രശ്‌നപരിഹാരം?
ജനവികാരം നിര്‍വീര്യമാക്കുകയും ജനഹിതം അത്യാഹിതപ്പെടുത്തുകയും ചെയ്ത് പ്രസിഡന്റ് പദവിയില്‍ ബശ്ശാര്‍ തുടരുവോളം പ്രശ്‌നം അപരിഹാര്യമായി തുടരും. പന്ത് ബശ്ശാറിന്റെ കോര്‍ട്ടിലാണ്. നന്നായി കളിച്ചില്ലെങ്കില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരും. അറബ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ പോസിറ്റീവായെടുത്തുകൊണ്ട് ജനശബ്ദം ശ്രവിക്കണമെന്ന് തുടക്കത്തിലേ ബശ്ശാറുല്‍ അസദിനോട് ആവര്‍ത്തിച്ച് ഞങ്ങള്‍ പറഞ്ഞതാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അദ്ദേഹം ഒന്നും ചെവികൊണ്ടില്ല. ഒന്നും ചെയ്തതുമില്ല.
സിറിയയുടെ സഹായിയും അനുകൂലിയുമാണ് ഇറാന്‍. തുര്‍ക്കിക്കെതിരെയുള്ള മാധ്യമ യുദ്ധം കൊഴുപ്പിക്കുന്നതില്‍ സിറിയന്‍ കോളമിസ്റ്റുകള്‍ മാത്രമല്ല, ചില ഇറാന്‍ തൂലികകളും പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ വാരത്തില്‍, സിറിയന്‍ ജനതക്കെതിരെ ആയുധം ഉപയോഗിക്കുന്നതിനെതിരെ ഇറാന്‍ പ്രസിഡന്റ് അഹ്മദ് നിജാദ് നടത്തിയ പ്രസ്താവന ആശ്ചര്യമുളവാക്കുന്നതാണ്. ഇറാന്റെ നിലപാട് മാറ്റമായി ഇതിന് കാണാമോ?
ഔദ്യോഗിക ബന്ധങ്ങളെ ബാധിക്കുന്ന വിധത്തില്‍ ഇറാന്‍ നിലപാട് മാറിയതായി അനുഭവപ്പെട്ടിട്ടില്ല. സാമ്പത്തിക സഹകരണങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരത്തെതന്നെ ശക്തമാണ്. തുര്‍ക്കിക്ക് ഗ്യാസ് നല്‍കുന്നതില്‍ ഒന്നാം സ്ഥാനം ഇറാനാണ്. നിലവിലെ 10 ബില്യന്‍ കച്ചവട ഇടപാട് 2015-ല്‍ 15 ബില്യനാക്കി ഉയര്‍ത്താന്‍ കരാറായിട്ടുണ്ട്. മീഡിയ മിക്കപ്പോഴും അവരുടെ മനോഗതങ്ങള്‍ മാത്രമാണ് നല്‍കുന്നത്. അവയെ ഔദ്യോഗിക നിലപാടായും സര്‍ക്കാറിന്റെ പത്രക്കുറിപ്പായും തെറ്റിദ്ധരിക്കരുത്.
എന്നാലും നിജാദിന്റെ സിറിയയോടുള്ള ഭാഷയില്‍ സാരമായ മാറ്റം പ്രകടമാണ്. താങ്കളും ശ്രദ്ധിച്ചിരിക്കുമല്ലോ.
അതെ. ഇറാന്റെ ഭാഷയെ യാഥാര്‍ഥ്യബോധ്യമുള്ളതാക്കിയതില്‍ തുര്‍ക്കി ചെറുതല്ലാത്ത പങ്ക് വഹിച്ചു എന്ന് ഞാന്‍ കരുതുന്നു. കൂടിയാലോചനകളും ബന്ധങ്ങളും ഊഷ്മളമായി ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നതിനാല്‍ കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുന്നുണ്ടാകാം. സ്വേഛാധിപത്യത്തിനും മര്‍ദനമുറകള്‍ക്കും കീഴില്‍ സിറിയക്ക് ഭാവിയില്ല. ഭരിക്കുന്നവര്‍ സ്വന്തം ജനതയുടെ വിശ്വാസം നേടേണ്ടത് സ്ഥിരതയാര്‍ന്ന ഭരണത്തിന് അത്യാവശ്യമാണ്. ഇതറിയാതെ സ്ഥിതിഗതികള്‍ പൂര്‍ണമായും വഷളാക്കുന്ന സമീപനം ആരില്‍ നിന്നും ഉണ്ടായിക്കൂടാ. അവസരങ്ങള്‍ കൈവിട്ട് കൈവിരല്‍ കടിച്ചതുകൊണ്ട് കാര്യമില്ല. ഇത്രയും കാര്യങ്ങള്‍ വളരെ ഗൗരവത്തിലും ഗുണകാംക്ഷാപൂര്‍വവും നിജാദിനെ നേരിട്ട് തന്നെ ധരിപ്പിച്ചു. ഞങ്ങളുടെ നിലപാടുകളോട് അനുഭാവപൂര്‍ണമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഉടനെ നടക്കാനിരിക്കുന്ന, തുര്‍ക്കി വിദേശകാര്യമന്ത്രിയുടെ തെഹ്‌റാന്‍ ഔദ്യോഗിക സന്ദര്‍ശനം ഈ രംഗത്തെ വളര്‍ച്ച വിലയിരുത്താന്‍ കൂടിയുള്ളതാണ്. താമസിയാതെ, ഞാനും തെഹ്‌റാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇവയൊക്കെ തീര്‍ച്ചയായും ഞങ്ങള്‍ക്കിടയിലെ ബന്ധങ്ങളെ ബലപ്പെടുത്താന്‍ സാധ്യതയുണ്ട്.
ഖദ്ദാഫിയുമായി വലിയ സാമ്പത്തിക സഹകരണങ്ങള്‍ നിലനിര്‍ത്തുന്ന തുര്‍ക്കി പുതിയ ലിബിയന്‍ സംഭവവികാസങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഹുസ്‌നി മുബാറക്കിന്റെയും സൈനുല്‍ ആബിദീന്റെയും പര്യവസാനത്തില്‍ നിന്ന് ഖദ്ദാഫി ഒരു പാഠവും ഉള്‍ക്കൊണ്ടിട്ടില്ല. തുര്‍ക്കിയുടെ ലിബിയന്‍ സഹകരണങ്ങള്‍ നിലനിന്നതും നിലനില്‍ക്കുന്നതും ആ സര്‍ക്കാറിനോടുള്ള മനോഭാവത്തേക്കാളുപരി ആ ജനതയോടുള്ള കടപ്പാടിന്റെ ഭാഗമാണ്. ഭരണകര്‍ത്താക്കള്‍, ഭരണീയര്‍ ഇവക്കിടയില്‍ ആരെ പിന്തുണക്കുമെന്നത് വിഷയമായി വരുമ്പോള്‍ ഞങ്ങളെപ്പോഴും ഭരണീയരുടെ ഭാഗത്തായിരിക്കും.
ഖദ്ദാഫി ഭരണകൂടത്തെ കടപുഴക്കിയതില്‍ നാറ്റോ സഖ്യവും പടിഞ്ഞാറന്‍ രാജ്യങ്ങളും വഹിച്ച പങ്കിനെക്കുറിച്ചെന്ത് പറയുന്നു? ഇവരുടെ ഇടപെടലുകള്‍ സത്യസന്ധമാണോ, അതോ പെട്രോളില്‍ കണ്ണ് വെച്ച കാപട്യമോ?
രണ്ട് സംഗതികള്‍ പറയട്ടെ. ഒന്ന്, ലിബിയന്‍ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ക്ക് തുര്‍ക്കി എതിരാണ്. രണ്ട്, ലിബിയന്‍ എണ്ണയില്‍ പടിഞ്ഞാറിന് ഒരവകാശവുമില്ല. അതത്രയും ലിബിയന്‍ ജനതയുടെ സ്വത്താണ്. ലിബിയന്‍ ജനകീയ വിപ്ലവത്തെ സഹായിക്കാന്‍ ഫ്രാന്‍സ് അവിടെ സാന്നിധ്യം അറിയിച്ചുവെങ്കിലും ഇതര രാജ്യങ്ങളോടുള്ള അവരുടെ സഹായാഭ്യര്‍ഥന കാര്യമായി ആരും ചെവികൊണ്ടില്ല.
അന്താരാഷ്ട്ര ഇടപെടലിനെ യാഥാര്‍ഥ്യമാക്കിയത് നാറ്റോ സഖ്യമാണ്. തുര്‍ക്കിയും അതില്‍ പങ്കാളിയാണ്?
ഒരുഭാഗത്ത് ജനകീയ വിപ്ലവത്തെ തല്ലിക്കെടുത്താന്‍ നാനാവിധത്തിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന സര്‍വായുധവിഭൂഷിതരായ ഖദ്ദാഫിയന്‍ സൈന്യം, മറുഭാഗത്ത് ഇവയെ പ്രതിരോധിക്കാന്‍ നാറ്റോ സഖ്യത്തിന്റെ സഹായങ്ങളും. അന്തിമ വിശകലനത്തില്‍ രണ്ട് പക്ഷം ചേരുന്നതും തെറ്റാണ്. പക്ഷേ, താരതമ്യേന ദോഷം കുറഞ്ഞ പക്ഷം തെരഞ്ഞെടുക്കാന്‍ നിലവിലെ സാഹചര്യം നിര്‍ബന്ധിച്ചപ്പോള്‍ ലിബിയക്കാര്‍ നാറ്റോ സഖ്യത്തോടൊപ്പം ചേര്‍ന്നു.
ഇനി തുര്‍ക്കിയുടെ പങ്കിനെക്കുറിച്ച്: തുര്‍ക്കിയുടെ ആയുധം ലിബിയക്കാര്‍ക്ക് നേരെ മാത്രമല്ല, ഒരറബിക്കെതിരെയും ഉപയോഗിക്കുന്നതിന് ഞങ്ങള്‍ തീര്‍ത്തും എതിരാണ്. പിന്നെ തുര്‍ക്കിയുടെ നാറ്റോ സഖ്യത്തിലെ അംഗത്വമെന്നത് ചില സാങ്കേതികതകളില്‍ മാത്രം പരിമിതമാണ്.
ലിബിയയെ പുനര്‍നിര്‍മിക്കുന്നതില്‍ പലരും മത്സരത്തിലാണ്. തുര്‍ക്കിയും മത്സരാര്‍ഥിയാണോ?
നിലവില്‍ പ്രാബല്യത്തിലുള്ള കരാറുകള്‍ നടപ്പാക്കുന്നതിലായിരിക്കും ഞങ്ങളുടെ പ്രഥമ പരിഗണന. ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വീസുകള്‍ ഒരാഴ്ചക്കകം പുനരാരംഭിക്കും. ലിബിയ പൂര്‍ണമായ സമാധാനത്തിലേക്ക് മടങ്ങുന്ന മുറക്ക് ഞങ്ങളുടെ ബന്ധങ്ങളും സഹകരണങ്ങളും സാധാരണഗതി പ്രാപിക്കും. ഞങ്ങളുടെ കൊള്ളക്കൊടുക്കകള്‍ പൊടുന്നനെ ഉണ്ടായതല്ല, അത് വ്യക്തിയധിഷ്ഠിതമോ സമയബന്ധിതമോ അല്ല.
പ്രശ്‌നങ്ങളെ പൂജ്യവത്കരിക്കുക(Zero problem policy) എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് തുര്‍ക്കി വിദേശകാര്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പര്യടനപരിപാടികള്‍ക്ക് പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പ്രസക്തിയുണ്ടോ? ഉണ്ടെങ്കില്‍ ഭേദഗതികള്‍ വേണ്ടതുണ്ടോ?
പ്രശ്‌നങ്ങളെ പൂജ്യവത്കരിക്കുക എന്ന് പറഞ്ഞാല്‍ എല്ലാ പ്രതിസന്ധികളെയും പ്രയാസങ്ങളെയും പൂര്‍ണമായും തുടച്ചുനീക്കുക എന്നല്ല ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മറിച്ച്, പ്രതിസന്ധികളെ തിരിച്ചറിയുകയും അവക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതാണ്. പ്രശ്‌നപ്രതിസന്ധികളുടെ നടുവില്‍ ഒരു രാജ്യത്തിനും വികസിക്കാനും പുരോഗതി കൈവരിക്കാനും സാധ്യമല്ല. പ്രതിസന്ധികളെ പൂജ്യവത്കരിക്കുക എന്ന സന്ദേശം ഞങ്ങളുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സന്ദേശമാണ്. ഞങ്ങളുടെയും അയല്‍പക്കങ്ങളുടെയും മൊത്തം ലോകത്തിന്റെയും ആരോഗ്യകരമായ നിലനില്‍പിനായി ഈ സന്ദേശം ഞങ്ങള്‍ എന്നും ഉയര്‍ത്തും.
Comments