ഹജ്ജ് ആത്മാവിന്റെ അനുപമ സഞ്ചാരം
വിശുദ്ധ ഹജ്ജ് കര്‍മത്തിന് പേര് കൊടുത്തതു മുതല്‍ മനസ്സില്‍ ആവേശത്തിന്റെയും ആശങ്കകളുടെയും അലയടികള്‍. പുസ്തകത്തിലും പ്രഭാഷണങ്ങളിലും പ്രതിപാദിച്ച രീതിയില്‍ നന്നായി ഹജ്ജ് ചെയ്തുവരാന്‍ സാധിക്കുമോ? എന്തെങ്കിലും വീഴ്ച പറ്റിപോകുമോ?
ആരോഗ്യമാണ് ആദ്യം ആശങ്കയുണ്ടാക്കിയത്. പ്രായമായി. ശരീരത്തിന് പല ദൌര്‍ബല്യവുമുണ്ട്. യാത്രാപ്രശ്നങ്ങളും, പലേടത്തും അനിവാര്യമായ തിരക്കും എങ്ങനെ മറികടക്കും? പണ്ടാണെങ്കില്‍ ദിനേന ധാരാളം നടക്കുമായിരുന്നു. ഇപ്പോള്‍ ഇരുനൂറുമീറ്റര്‍ പോകാനും വാഹനമാണ്.
നടക്കാന്‍ പദ്ധതിയിട്ടാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പലരും പറഞ്ഞു. നാട്ടില്‍നിന്ന് തന്നെ പരിശീലിക്കണം. പള്ളിയിലേക്കും അങ്ങാടിയിലേക്കും മാത്രമല്ല, നടക്കാന്‍ വേണ്ടിമാത്രം എന്നും അരമണിക്കൂര്‍ നീക്കിവെക്കുക. രാവിലെയാണ് ഏറ്റവും നല്ല സമയം.
വളരെ കൃത്യമായൊന്നും നടപ്പാക്കാനായില്ല. എന്നാലും എന്നും കുറേശ്ശെ നടന്നു. മനസ്സിന്റെ ആവേശവും ശരീരത്തിന്റെ വ്യായാമവും ഒത്തുചേര്‍ന്നു. പുതിയ ഉണര്‍വ് ശരിക്കും അനുഭവപ്പെട്ടു. യാത്രയെക്കുറിച്ച ഭീതി കുറെയേറെ നീങ്ങി.
വായിച്ച ലേഖനങ്ങളിലും ലഘുലേഖകളിലുമെല്ലാം ഊന്നിപ്പറഞ്ഞ കാര്യമാണ് യാത്രാചെലവ്. ഒരുപൈസ പോലും അല്ലാഹു അനുവദിക്കാത്ത മാര്‍ഗത്തില്‍ സമ്പാദിച്ചതാകരുത്. ഹജ്ജ് സ്വീകരിക്കപ്പെടാതിരിക്കാന്‍ ഈ ഒറ്റക്കാരണം മതി. ആലോചിച്ചപ്പോള്‍ മനസ്സില്‍ തീ! അമ്ള പരിശോധനയില്‍ പരിശുദ്ധി തെളിയിക്കാവുന്ന സ്വത്താണോ കൈയിലുള്ളത്? അശ്രദ്ധയില്‍ അസത്യം പറഞ്ഞുപോയിട്ടുണ്ടാവുമോ? ഇടപാടുകളില്‍ മറുകക്ഷിക്ക് അതൃപ്തിയുണ്ടാകുന്ന വല്ലതും സംഭവിച്ചിട്ടുണ്ടാവില്ലേ? ആലോചിക്കുംതോറും അസ്വാസ്ഥ്യം കൂടി വന്നു.
പ്രതിസന്ധികളില്‍ അഭയംതേടി ചെല്ലുന്ന ഒരു സുഹൃത്തുണ്ട്. വളരെ സൂക്ഷ്മതയുള്ള വ്യക്തിയാണ്; പണ്ഡിതനാണ്. പ്രൌഢിയും പ്രസിദ്ധിയുമില്ല. അദ്ദേഹം ഒരു പോംവഴി പറഞ്ഞുതരാതിരിക്കില്ല. അദ്ദേഹത്തിന്റെ സമയവും സൌകര്യവും നോക്കി വീട്ടില്‍ചെന്ന് കണ്ടു. "പലിശയിലൂടെ വല്ലതും സമ്പാദിച്ചിട്ടുണ്ടോ?'' ആദ്യത്തെ അന്വേഷണമതായിരുന്നു. അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്തിട്ടില്ല. "കച്ചവടത്തിന്റെയും മറ്റു വരുമാനങ്ങളുടെയും സകാത്ത് കൃത്യമായി നല്‍കിയിട്ടുണ്ടോ?'' കണക്ക് നോക്കി പരമാവധി കൃത്യമായി സകാത്ത് നല്‍കാറുണ്ട്. "ആര്‍ക്കെങ്കിലും ഇടപാടുകളില്‍ പണം കൊടുക്കാന്‍ ബാക്കിയുണ്ടോ?'' ബോധപൂര്‍വം ഒന്നും ബാക്കിവെച്ചിട്ടില്ല. ഹജ്ജിന് പോകാന്‍ തീരുമാനിച്ച ശേഷം ഇടപാടുകാരെയെല്ലാം നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ട്. സംസാരത്തില്‍ അരോചകമായി എന്തെങ്കിലും വന്നു പോയിട്ടുണ്ടെങ്കില്‍ പൊറുത്തുതരാന്‍ അപേക്ഷിച്ചിട്ടുണ്ട്. കണക്ക് പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ വിട്ടുപോയ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും ആരും പറഞ്ഞിട്ടില്ല.
"അല്ലാഹുവിന്റെ കടമാണ് സകാത്ത്, അടിമകളുടെ കടമാണ് ഇടപാടുകള്‍. ഇത് രണ്ടിലും ബാക്കിയില്ലെങ്കില്‍ താങ്കള്‍ അസ്വസ്ഥനാകേണ്ട കാര്യമില്ല. പിന്നെ പലിശ, ചൂതാട്ടം പോലെയുള്ള നിഷിദ്ധ മാര്‍ഗങ്ങള്‍ അവലംബിച്ച് സമ്പാദിക്കുന്ന വ്യക്തിയല്ലല്ലോ താങ്കള്‍.''
തമാശയിലും അല്ലാതെയും സംസാരത്തില്‍ ആളുകളെ വേദനിപ്പിച്ചിരിക്കാം. അതിനെന്താണ് പ്രായശ്ചിത്തം? ഹജ്ജിന് പോകുമ്പോള്‍ നാം സുഹൃത്തുക്കളെയും പരിചയക്കാരെയും ബന്ധുക്കളെയുമെല്ലാം നേരില്‍കണ്ട് യാത്രചോദിക്കുന്നത് അവരോട് മാപ്പു ചോദിക്കാനും പ്രാര്‍ഥിക്കാന്‍ അപേക്ഷിക്കാനുമാണല്ലോ! യാത്രാ സന്നാഹങ്ങള്‍ പൂര്‍ത്തിയായിവരുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ വല്ലാതെ ചെറുതായി. ഭൂതകാലത്തിന്റെ കെട്ടഴിച്ച് നോക്കുമ്പോള്‍ പോരായ്മകളുടെ കൂമ്പാരം. ഇതെല്ലാം എങ്ങനെ പരിഹരിക്കും? കരുണാവാരിധിയായ അല്ലാഹുവിന്റെ കനിവൊന്നുമാത്രമാണവലംബം. നാഥാ, എല്ലാം പൊറുത്തുതരേണമേ!
പ്രശോഭിത നഗരത്തില്‍
ഞങ്ങളുടെ യാത്രാസംഘം ആദ്യം മദീനയിലേക്കാണ് തിരിച്ചത്. ഇസ്ലാമിക ജീവിതരീതി സമ്പൂര്‍ണമായി നടപ്പാക്കാന്‍ അല്ലാഹു തെരഞ്ഞെടുത്ത കേന്ദ്രമാണ് പുണ്യ മദീന. യസ്രിബ് എന്നാണ് പഴയപേര്‍. 'പ്രശോഭിത പട്ടണം' എന്നര്‍ഥംവരുന്ന അല്‍ മദീന അല്‍ മുനവ്വറ എന്നും, 'തിരുദൂതരുടെ പട്ടണം' എന്നര്‍ഥമുള്ള മദീനത്തുര്‍റസൂല്‍ എന്നും 'വിശുദ്ധ ഭൂമി' എന്നര്‍ഥത്തില്‍ 'ത്വൈബ' എന്നും ഇത് വിളിക്കപ്പെടുന്നുണ്ട്. ഹിജ്റ മുതല്‍ക്കുള്ള സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മഹത്തായ ഈ പുണ്യഭൂമിയിലെ ഓരോ മണല്‍ത്തരിക്കും രോമാഞ്ചജനകമായ അനേകം കഥകള്‍ പറയാനുണ്ട്. നേരത്തെ ഹജ്ജ് ചെയ്ത സുഹൃത്തുക്കള്‍ ഓര്‍മയില്‍നിന്ന് ചിലതെല്ലാം യാത്രക്കിടയില്‍ അയവിറക്കുന്നുണ്ടായിരുന്നു. ഉഹുദ്, ഖന്‍ദഖ്- മുസ്ലിംകള്‍ വളരെ പ്രയാസപ്പെട്ട രണ്ടു യുദ്ധങ്ങള്‍. അവസാനം അല്ലാഹുവിന്റെ സഹായം ലഭിക്കുന്നു. നബിതിരുമേനി(സ)യുടെ പത്ത് വര്‍ഷത്തെ സംഭവ ബഹുലമായ ജീവിതമാണ് സന്ദര്‍ശകര്‍ ഓര്‍ത്തെടുക്കുന്നത്.
താമസ സ്ഥലത്ത് യാത്രാ ഉരുപ്പടികള്‍ ഇറക്കിവെച്ച് ഞങ്ങള്‍ മസ്ജിദുന്നബവി (തിരുമേനിയുടെ പള്ളി) ലക്ഷ്യമാക്കി നടന്നു. അകലെനിന്ന് അംബരചുംബികളായ മിനാരങ്ങള്‍ ദൃഷ്ടിയില്‍പെട്ടു. ശരീരം കോരിത്തരിച്ചു. നടന്നടുക്കും തോറും നെഞ്ചിടിപ്പിന് വേഗതകൂടി. അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) തിരുമേനിയെ മനതാരില്‍ കണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ബിലാല്‍(റ) പൂര്‍ത്തിയാക്കാത്ത ബാങ്കാണ് അപ്പോള്‍ ഓര്‍മ വന്നത്. 'അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാ' (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നതിന് ഞാന്‍ സാക്ഷിയാണ്) എന്ന് ചൊല്ലുമ്പോള്‍ തിരുമേനി(സ) പള്ളിയില്‍ ഇരിക്കുന്ന ദൃശ്യം ബിലാലിന് ആവേശം പകര്‍ന്നു. ഉമറി(റ)ന്റെ ഭരണകാലത്ത് സ്വരമാധുരിയുള്ള ആ ബാങ്കൊലി കേള്‍ക്കാന്‍ ജനങ്ങള്‍ കൊതിച്ചു. ബിലാല്‍(റ) മിനാരത്തില്‍ കയറി ബാങ്കു തുടങ്ങി. 'അശ്ഹദുഅന്ന മുഹമ്മദര്‍റസൂലുല്ലാഹ്' ചൊല്ലുമ്പോള്‍ തിരുമേനിയെ കാണുന്നില്ല. അദ്ദേഹത്തിന്റെ കണ്ഠമിടറി. ശബ്ദം പുറത്ത് വരാതായി. അവിടെ നിത്യസാന്നിധ്യമായിരുന്ന പ്രവാചകന്റെ തിരോധാനം സഹിക്കാനാവാതെ അദ്ദേഹം സ്തബ്ധനായി നിന്നു.
ലോകാനുഗ്രഹിയായ പ്രവാചകനെ മനതാരില്‍ കാണാനേ നമുക്കു യോഗമുള്ളൂ. അതുപോലും ചെയ്യുന്നില്ലെങ്കില്‍ പിന്നെ നാമെന്തിന് മദീനയില്‍ വന്നിറങ്ങുന്നു!
മസ്ജിദുന്നബവിയില്‍ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്റെ ഇമാമത്ത് ഓര്‍മിപ്പിച്ചുകൊണ്ട് ഹൃദയഹാരിയായ ഖുര്‍ആന്‍ പാരായണം! പ്രവാചക ശിഷ്യന്മാര്‍ അനുഭവിച്ചിരുന്ന ആത്മീയ നിര്‍വൃതിയുടെ ഒരംശം മനസ്സില്‍ തെളിയുന്നുണ്ടോ? ആ ധന്യജീവിതത്തിന്റെ സഹവാസം ഒരു നിമിഷമെങ്കിലും ലഭിച്ചിരുന്നെങ്കില്‍!
മദീനയോട് ഞങ്ങള്‍ വിടപറയുകയാണ്. ഒരു വല്ലാത്ത വിരഹം മനസ്സിനെ ബാധിച്ചു. ഒന്നും വേണ്ടപോലെ ആയില്ല എന്നു തോന്നുമ്പോഴും മദീനാ നിവാസികളുടെ സഹവാസം മനസ്സില്‍ പകര്‍ന്ന വശ്യത വറ്റാത്ത നീരുറവ പോലെ കുളിര്‍മയേകി.
അസാധാരണ അതിഥികള്‍
യാത്രയുടെ പ്രധാന ലക്ഷ്യം ഹജ്ജ് കര്‍മമാണ്. മദീനയില്‍നിന്നാണ് നബി(സ) തിരുമേനി ഹജ്ജിന് പോയത്. പലതിലും തിരുമാതൃക പിന്തുടരുവാനൊരവസരമാണ് ഈ ഹജ്ജ് യാത്ര. ദുല്‍ഹുലൈഫ എന്ന് പണ്ട് പേരുണ്ടായിരുന്ന പ്രദേശം ഇന്ന് അറിയപ്പെടുന്നത് അബ്യാര്‍ അലി എന്ന പേരിലാണ്. ദാര്‍ഫൂറിലെ (തെക്കന്‍ സുഡാന്‍) സുല്‍ത്വാന്‍ അലിയ്യുബ്നു ദീനാറാണ് ഈ മീഖാത്ത് വികസിപ്പിച്ച് ഹാജിമാര്‍ക്ക് വേണ്ടി കിണറുകള്‍ കുഴിപ്പിച്ചത്. നബി(സ) നമസ്കരിച്ച പള്ളി പുതുക്കിപ്പണിയുകയും ചെയ്തു. 1898ല്‍ അദ്ദേഹം മദീനയും ദുല്‍ഹുലൈഫയും സന്ദര്‍ശിച്ചിരുന്നു. മീഖാത്തിലെ അസൌകര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ട അദ്ദേഹം പല നിര്‍മാണ പ്രവൃത്തികളും നടത്തി. അദ്ദേഹം കുഴിപ്പിച്ച കിണറുകളുടെ പേരിലാണ് പ്രദേശത്തിന് അബ്യാര്‍ അലി എന്ന പേര്‍ വീണത്. കഅ്ബയുടെ കിസ്വ(വസ്ത്രം) ഇരുപത് വര്‍ഷത്തോളം തയാറാക്കി അയച്ചിരുന്നതും അദ്ദേഹമാണ്.
അവിടെനിന്നാണ് ഞങ്ങളുടെ സംഘം ഇഹ്റാമില്‍ പ്രവേശിക്കുന്നത്. കുളിച്ച് പ്രത്യേകം കരുതിയ രണ്ടു കഷ്ണം വസ്ത്രം മാത്രം അണിഞ്ഞ് പുരുഷന്മാര്‍ ഇഹ്റാമിന് തയാറായി. നല്ല വിലപിടിപ്പുള്ള വസ്ത്രങ്ങളാണ് ഞങ്ങളിലധികപേരും ധരിച്ചിരുന്നത്. മസ്ജിദുന്നബവിയില്‍ നമസ്കരിച്ചിരുന്നത് ആ വസ്ത്രങ്ങളണിഞ്ഞാണ്. എന്നാല്‍ ഹജ്ജിന് ഇഹ്റാം ചെയ്യുമ്പോള്‍ ലളിതമായ, നിസ്സാരവിലയുള്ള രണ്ടു കഷ്ണം വസ്ത്രം മാത്രമേ ധരിക്കാവൂ. പലതവണ ക്ളാസുകളില്‍ കേട്ട കാര്യം. അത് സ്വയം ചെയ്തുനോക്കുമ്പോള്‍ ഒരുള്‍ക്കിടിലം! എല്ലാ അലങ്കാരങ്ങളും അഴിച്ച് വെച്ച് അതീവ ഗൌരവമുള്ള ഒരു സംരംഭത്തിന് ഒരുങ്ങിപ്പുറപ്പെടുകയാണ്. എല്ലാവരുടെയും നാവില്‍ ഒരേ വചനം. "ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്'' അല്ലാഹുവേ നിന്റെ വിളിക്കിതാ ഞങ്ങള്‍ വീണ്ടും വീണ്ടും ഉത്തരം തരുന്നു. അല്ലാഹുവിലേക്ക് ഒരു തിരിച്ചു പോക്ക്. അതിനു വേണ്ടിയായിരുന്നു ഈ സന്നാഹമെല്ലാം. ആത്മാര്‍ഥതതയില്‍ അല്‍പം കുറവു വന്നുപോയാല്‍, നിഷിദ്ധമായ സമ്പാദ്യം കടന്നു കൂടിയാല്‍, പ്രിയപ്പെട്ടവരോ അടുത്ത ബന്ധുക്കളോ പിണങ്ങിനിന്നാല്‍, വാനലോകത്തൊരു വിളംബരമുണ്ടാകും -ലാലബ്ബൈക് (നീ ഉത്തരം തന്നിട്ടില്ല). നിറഞ്ഞ കണ്ണുകളുമായി ചുറ്റും നോക്കി. ഞങ്ങളുടെ പ്രാര്‍ഥനാവിളി എങ്ങനെയാണ് സ്വാഗതം ചെയ്യപ്പെടുന്നത്? "നിങ്ങള്‍ക്കെല്ലാ സൌഭാഗ്യങ്ങളും'' എന്നാണോ വാനലോകത്ത് മുഴങ്ങുന്നത്?
പുരുഷന്മാരെല്ലാം ഒരേ വര്‍ണത്തില്‍ ഒരൊറ്റ വേഷം. സമാധാനത്തിന്റെ പ്രതീകമായ ശുഭ്രവവര്‍ണം. സമത്വത്തിന്റെ പ്രതീകമായ ഏകരൂപം(യൂണിഫോം). നേതാവോ നീതനോ, പണ്ഡിതനോ പാമരനോ, കുബേരനോ കുചേലനോ വ്യത്യാസമില്ല. എല്ലാവരും സമന്മാര്‍. സ്രഷ്ടാവായ തമ്പുരാന് തന്റെ അടിയാറുകളെല്ലാം സമന്മാര്‍. അവരുടെ ഭാഷ കൂടി ഏകീകരിച്ചു എല്ലാവരും ഏകസ്വരത്തില്‍ ചൊല്ലിക്കൊണ്ടിരുന്നു- "ലബ്ബൈകല്ലാഹുമ്മ...''
യാത്രയില്‍ ഇതുവരെ അനുഭവപ്പെടാത്ത സവിശേഷമായ ഒരനുഭൂതി. ഞങ്ങള്‍ക്കു മുമ്പിലും പിമ്പിലും ഹാജിമാര്‍. എല്ലാ വാഹനങ്ങളില്‍നിന്നും ഉയരുന്നത് ഒരേ വചനം- "ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്''
പലരുടെയും ആതിഥ്യം സ്വീകരിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. നാട്ടുകാര്‍, ബന്ധുക്കള്‍, കുബേരര്‍, കുചേലര്‍, അറബികള്‍, അനറബികള്‍ അങ്ങനെ എത്രയെത്ര ആതിഥേയരെ ഓര്‍ക്കാനുണ്ട്. അതിഥിയെ ആദരിക്കുന്നതില്‍ ആരും പിന്നിലല്ല. ചിലര്‍ വളരെ മുന്നിലാണ് താനും. എന്നാല്‍ ഈ ആതിഥേയരെല്ലാം മനുഷ്യരാണ്. അവരുടെ ആദരവ് ക്ഷണികമാണ്. വിരുന്ന് താല്‍ക്കാലികമാണ്. ആതിഥ്യരീതിയും അവരുടേതായ രീതിയിലാണ്.
ഞങ്ങളിപ്പോള്‍ അസാധാരണ അതിഥികളാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ അതിഥികള്‍. അതില്‍പരം അടിമകള്‍ക്കാനന്ദമെന്താണ്? രാജാധിരാജനായ തമ്പുരാന്റെ വിരുന്നാണ് വിശുദ്ധ ഭൂമിയില്‍. ആ ക്ഷണം സ്വീകരിച്ചാണ് നാം ഒരേ ശബ്ദത്തില്‍ പറയുന്നത്: "ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്.''
യാത്രാസംഘം ഹറമിന്റെ അതിര്‍ത്തി കടന്നതോടെ ശബ്ദം ഉയര്‍ന്നു. വികാരം ഉച്ചസ്ഥായിയായി. നാനാഭാഗത്തുനിന്നും വന്നണഞ്ഞ അനേകം ഹാജിമാര്‍. അനേകം വര്‍ണങ്ങള്‍, അനേകം ഭാഷകള്‍! അനേകം രൂപഭേദങ്ങള്‍! എല്ലാം ഒന്നിച്ച് ഒരേ വചനം ഉച്ചരിച്ച് മസ്ജിദുല്‍ ഹറാം ലക്ഷ്യമാക്കി പ്രവഹിക്കുന്നു.
ഞാന്‍ ആരുമല്ല
മക്കയിലെ താമസ സ്ഥലത്തെത്തിയതും സാധനങ്ങള്‍ റൂമിന്റെ അരികില്‍ വെച്ചതുമെല്ലാം പെട്ടെന്നായിരുന്നു. വുദൂ എടുത്ത് എല്ലാവരും മസ്ജിദുല്‍ ഹറാം ലക്ഷ്യമാക്കി നീങ്ങി.
മസ്ജിദുല്‍ ഹറാം-പവിത്രമായ പള്ളി. എന്തൊരു ഗാംഭീര്യമാണാ ഭീമാകാരന്‍ കെട്ടിടത്തിന്! ഒരു നമസ്കാരത്തിന് ഒരുലക്ഷം നമസ്കാരത്തിന്റെ പ്രതിഫലമാണവിടെ. എത്ര മഹത്തരം! ഓരോ നിമിഷവും വിലപ്പെട്ടതാണിവിടെ. വിലപ്പെട്ട ഇത്തരം സുവര്‍ണാവസരങ്ങള്‍ പാഴാക്കുന്ന മനുഷ്യരുണ്ട്. ബന്ധുക്കളുടെ അടുക്കല്‍ പോയി വിശ്രമിക്കാന്‍ അവര്‍ ഹറമില്‍നിന്ന് പുറത്ത് കടക്കുന്നു. "മനുഷ്യന്‍ തന്റെ നാഥനോട് നന്ദികെട്ടവനാണ്'' എന്ന ഖുര്‍ആനിക നിരീക്ഷണം എത്ര അന്വര്‍ഥം.
അകലെയതാ പരിശുദ്ധ കഅ്ബാലയം ഗാംഭീര്യത്തോടെ തലപൊക്കിനില്‍ക്കുന്നു. "അല്ലാഹുവേ ഈ ഗേഹത്തിന് ശ്രേയസ്സും മാഹാത്മ്യവും ഗാംഭീര്യവും പ്രതാപവും വര്‍ധിപ്പിക്കേണമേ. ഇതിന്റെ ശ്രേയസ്സും ഗാംഭീര്യവും വര്‍ധിപ്പിച്ച് ഹജ്ജ് ചെയ്യുന്ന, ഉംറ ചെയ്യുന്ന എല്ലാവര്‍ക്കും ശ്രേയസ്സും മാഹാത്മ്യവും പുണ്യവും വര്‍ധിപ്പിച്ചുകൊടുക്കേണമേ!'' ഞങ്ങള്‍ അറബിയില്‍ ഉരുവിട്ട പ്രാര്‍ഥനയുടെ പൊരുളാണിത്. അര്‍ഥവത്തായ ഒരു ഐക്യദാര്‍ഢ്യം. എല്ലാ തീര്‍ഥാടകര്‍ക്കും വേണ്ടി മനസുതുറന്ന് പ്രാര്‍ഥന.
ഞങ്ങള്‍ കഅ്ബാലയത്തിന്റെ സമീപത്തേക്ക് നടന്നു നീങ്ങുകയാണ്. ദൈവസ്തുതിയില്‍ വ്യാപൃതരായി മറ്റെല്ലാം മറന്ന ആയിരങ്ങളുടെ ആള്‍ക്കൂട്ടത്തില്‍ തനിച്ചാണെന്ന തോന്നല്‍. എന്നെക്കുറിച്ച് ഞാന്‍ വളരെക്കുറച്ചേ ചിന്തിച്ചിരുന്നുള്ളുവെന്ന തിരിച്ചറിയല്‍. സ്വന്തത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, നാം നമ്മിലേക്ക് ചുരുങ്ങുന്നു. എത്രവലിയ ആള്‍ക്കൂട്ടവും ബഹളവും ശ്രദ്ധിക്കാനാവാതെ 'ഞാന്‍ അല്ലാഹുവിന്റെ ഭാഗത്ത് എത്രയാണ് വീഴ്ചവരുത്തിയത്, എത്ര ദുഃഖകരമാണിത്?' എന്ന ഖുര്‍ആന്‍ വചനം മനസ്സില്‍ തെളിഞ്ഞുവന്ന നിമിഷം. 'ഞാന്‍' എന്ന 'ഈഗോ'യെ വെടിഞ്ഞ് യാഥാര്‍ഥ്യബോധത്തോടെ സ്വയം വിലയിരുത്തുന്ന അനര്‍ഘ നിമിഷങ്ങള്‍.
കഅ്ബയുടെ വടക്ക് കിഴക്കു ഭാഗത്തെ മൂലയിലെ ഹജറുല്‍ അസ്വദ് അന്വേഷിക്കുകയാണ് കണ്ണുകള്‍. അതാ, ഹജറുല്‍ അസ്വദിന്റെ ചുറ്റും നൂറ് കണക്കിനാളുകള്‍ തിക്കും തിരക്കും കൂട്ടുന്നു. പുസ്തകത്തില്‍ ഹജറുല്‍ അസ്വദ് ചുംബിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പ്രവാചക ശിരോമണിയുടെ അധര സ്പര്‍ശമേറ്റ സ്ഥലത്ത് നമ്മുടെ ചുണ്ടുകള്‍ പതിയുമ്പോള്‍ അവിടുത്തോടുള്ള സ്നേഹത്തിന്റെ അവാച്യമായ ഒരനുഭൂതി മനസ്സിന് കുളിര് പകരുന്നു. ആദര്‍ശ പ്രതിബദ്ധതയാണാ സ്നേഹത്തിന്റെ നിദാനം. ഭൌതിക വികാരമല്ല, ആത്മീയബന്ധമാണാ സ്നേഹം. "സ്വന്തം പിതാവിനേക്കാള്‍, സന്താനത്തേക്കാള്‍, സകലജനങ്ങളേക്കാള്‍ എന്നെ സ്നേഹിക്കാതെ നിങ്ങളാരും വിശ്വാസിയാവുകയില്ല'' എന്ന പ്രവാചക വചനം ആദര്‍ശ പ്രതിബദ്ധതയില്‍ ഊട്ടിയ സ്നേഹത്തെക്കുറിച്ചാണല്ലോ പറയുന്നത്. വികാരമല്ല അതിന്റെ വിളനിലം, വിചാരമാണ്.
"ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍'' (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു അതിമഹാന്‍) എന്നുരുവിട്ടുകൊണ്ടാണ് കറുത്തശിലയെ ചുംബിക്കുന്നതും കഅ്ബയെ വലം വെച്ച് തുടങ്ങുന്നതും. മനസ്സിന്റെ ബന്ധം കറുത്ത കല്ലിനോടല്ലെന്ന് വ്യക്തമാക്കാനായി ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: "അല്ലാഹുവാണ, ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത കല്ലാണ് നീ എന്നെനിക്ക് നന്നായറിയാം. റസൂല്‍(സ) തിരുമേനി നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല.'' പ്രവാചകനോടുള്ള ആദര്‍ശ പ്രതിബദ്ധതയുടെ പ്രതീകാത്മക പ്രകടനം.
ഞങ്ങള്‍ക്ക് ഹജറുല്‍ അസ്വദ് ചുംബിക്കാനായില്ല. തൊടാനും കഴിഞ്ഞില്ല. ആള്‍ക്കൂട്ടം അലമാലകളായി ആഞ്ഞടിക്കുകയാണ് കഅ്ബക്കു ചുറ്റും. ശാന്ത ഗംഭീരമായ ആ കറക്കത്തിന്റെ ഒരു കണ്ണിയായി ഞങ്ങളും ത്വവാഫ് തുടങ്ങി. അകലെ നിന്ന് ഹജറുല്‍ അസ്വദിന്റെ നേരെ കൈയുയര്‍ത്തി മനസ്സില്‍ ആവുന്നത്ര പ്രവാചകചര്യ അയവിറക്കി. ഞങ്ങള്‍ ആ അലമാലകളില്‍ കണികകളായി.
ഞങ്ങളിപ്പോള്‍ കേന്ദ്രബിന്ദുവിന്റെ സമീപത്താണ്. ഇവിടെ ഈ കേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന വൃത്തങ്ങളാണ് ഞങ്ങള്‍ പണിയുന്നത്. അഞ്ചുനേരത്തെ സംഘടിത നമസ്കാരത്തിന്റെ സമയങ്ങളില്‍ മാത്രമേ ഈ ചലിക്കുന്ന വൃത്തങ്ങള്‍ ശാന്തമാകൂ.
നബിതിരുമേനി സ്പര്‍ശിച്ചേടത്ത് സ്പര്‍ശിച്ചും അവിടുത്തെ പാദസ്പര്‍ശമേറ്റേടത്ത് പാദങ്ങള്‍ പതിച്ചും അക്ഷരാര്‍ഥത്തില്‍ പ്രവാചകന്റെ അനുയായികളാവാന്‍ വെമ്പല്‍ കൊള്ളുകയാണ് ഞങ്ങള്‍.
മനസ് ഭൂതകാലത്തേക്കോടി. അല്ലാഹുവിനോടുള്ള പ്രതിബദ്ധതയില്‍ ധാരാളം വിടവുകള്‍. അനുസരണയുള്ള അടിമയെന്ന വിശേഷണത്തിന് പലേടത്തും മങ്ങലേറ്റിട്ടുണ്ട്. പോരായ്മകള്‍ ഒന്നിനുപിന്നിലൊന്നായി വന്ന് കൂമ്പാരമാവുകയാണോ?
"പറയൂ, തങ്ങളോട് തന്നെ അതിക്രമം ചെയ്തുപോയ എന്റെ അടിയാറുകളേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശപ്പെടരുത്. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരും. ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാണവന്‍.'' സാന്ത്വനമായി മനസ്സില്‍ വന്ന ദിവ്യവചനം. അത് മസ്ജിദുല്‍ ഹറാമിന്റെ മച്ചില്‍ ആലേഖനം ചെയ്തതാരാണ്? ഹൃദയത്തിലെ ദുഃഖഭാരം അശ്രുരൂപത്തില്‍ ബഹിര്‍ഗമിച്ചു. ചുറ്റുമുള്ളവരെല്ലാം ഇങ്ങനെ കണ്ണീര്‍ പൊഴിക്കുകയാണ്. ത്വവാഫിനിടയില്‍ അടുത്തുള്ളവര്‍ ഉച്ചത്തില്‍ ആദര്‍ശവാക്യം ഉരുവിടുന്നത് കേള്‍ക്കാമായിരുന്നു. "ഞങ്ങളുടെ നാഥാ ഞങ്ങളില്‍നിന്ന് സ്വീകരിക്കേണമേ.'' കഅ്ബാലയത്തിന്റെ അടിത്തറ പൊക്കുമ്പോള്‍ ഇബ്റാഹീം(അ) ചൊല്ലിയ പ്രാര്‍ഥന നാവിലൂറി.
ഏഴു ചുറ്റ് നടന്ന് തീര്‍ന്നപ്പോഴേക്കും മനസ്സില്‍ അനേകം ചിന്തകള്‍ ഓളം വെട്ടി. സ്വന്തത്തില്‍ നിന്നാരംഭിച്ച ദുഃഖഭാരം, കുടുംബം, സഹജീവികള്‍, മുസ്ലിം സമൂഹം, ജന്മനാട്, മുസ്ലിംലോകം, ആഗോളപ്രതിസന്ധികള്‍ മുതലായവയില്‍ കൂടി കടന്നുപോയി. പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ. സര്‍വശക്തനായ തമ്പുരാനില്‍ എല്ലാം ഭരമേല്‍പിച്ചു. അവസാനത്തെ ചുറ്റില്‍ ലോകാവസാനവും പുനരുത്ഥാനവും ഓര്‍മവന്നു. ഞാനെവിടെയായിരിക്കും? സ്വര്‍ഗത്തിലോ നരകത്തിലോ? നരകത്തില്‍നിന്ന് രക്ഷിക്കാന്‍ അല്ലാഹുവിനോട് കേണപേക്ഷിച്ചു. അര്‍ഹനല്ലെങ്കിലും സ്വര്‍ഗത്തില്‍ ഒരിടം അനുവദിക്കണമെന്ന് യാചിച്ചു. "ഞങ്ങളെ നരകശിക്ഷയില്‍നിന്ന് രക്ഷിക്കേണമേ, പുണ്യാത്മാക്കളോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ!''
വിജയ പ്രഖ്യാപനത്തിന് കാതോര്‍ത്ത്
മാര്‍ബിളും കെട്ടിടവുമില്ലാത്ത വിജനമായ മരുഭൂമിയില്‍ തനിച്ച് താമസിക്കാന്‍ ധൈര്യം കാണിച്ച ഹാജര്‍(അ). ആ രംഗം ഭാവനയില്‍ കാണാന്‍ ശ്രമിച്ചു. സഫയില്‍ കയറി, പിന്നെ അവര്‍ മര്‍വയിലേക്കോടി. തന്റെ കുഞ്ഞിന് ഒരിറക്ക് വെള്ളമാണ് ഹാജര്‍ തേടുന്നത്. ഏഴു തവണ ഓടിയപ്പോള്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമായി വറ്റാത്ത ഈ നീരുറവയില്‍നിന്ന് അനേകം സവിശേഷതകളുള്ള ശുദ്ധജലം പൊട്ടിവന്നു. അത് പാനജലമാണ്, പോഷകങ്ങളുള്ള പ്രത്യേക വെള്ളമാണ്. പലരോഗങ്ങള്‍ക്കും ശമനമേകാന്‍ കെല്‍പുള്ളതാണ്. ഞങ്ങള്‍ ധാരാളമായി സംസം കുടിച്ചു. മുഖം തുടച്ചു. സംസമിന്റെ ഉത്ഭവത്തിന്റെ പശ്ചാത്തലമായ സഫാ-മര്‍വയാണ് അടുത്ത ഇനം.
സഫയില്‍ കയറിനിന്നപ്പോള്‍ ഇസ്ലാമിന്റെ വിജയപ്രഖ്യാപനമായി തിരുമേനി ഹജ്ജത്തുല്‍ വദാഇല്‍ ചെയ്ത പ്രാര്‍ഥനയാണോര്‍മ വന്നത്.
"അല്ലാഹുവാണ് ഇലാഹ്, ഏകനാണവന്‍. അവന്‍ ചെയ്ത വാഗ്ദാനം പൂര്‍ത്തീകരിച്ചു; തന്റെ ദാസനെ സഹായിച്ചു; ശത്രു സംഘത്തെ അവനൊറ്റക്ക് പരാജയപ്പെടുത്തി.''
ശത്രുക്കളുടെ പീഡനമേറ്റ് രക്തം വാര്‍ന്നൊഴുകുന്ന വ്രണിത ശരീരവുമായി തന്റെ മുമ്പില്‍ വന്ന് നിന്ന് പ്രാര്‍ഥിക്കാനാവശ്യപ്പെട്ട ഖബ്ബാബ് ബ്നുല്‍ അറത്തിനോട് തിരുമേനി പറഞ്ഞു: "അല്ലാഹുവാണ, ഈ പ്രസ്ഥാനം അല്ലാഹു പൂര്‍ത്തീകരിക്കും. സന്‍ആ മുതല്‍ ഹളറമൌത്ത് വരെ അല്ലാഹുവിനെയല്ലാതെ ആരെയും ഭയപ്പെടാതെ യാത്രക്കാരന് സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ജീവിതവ്യവസ്ഥ നടപ്പിലാകും.'' ആ വാഗ്ദാനം പൂര്‍ണമായതിന്റെ ആഘോഷമായിരുന്നു തിരുമേനിയുടെ ഹജ്ജ്.
സഫയില്‍ കയറി വിശുദ്ധ കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞുനിന്നാണ് നബി(സ) പ്രാര്‍ഥിച്ചത്. അതുപോലെ ഞങ്ങള്‍ ദീര്‍ഘമായി പ്രാര്‍ഥിച്ച് തിരിഞ്ഞു മര്‍വയിലേക്ക് നടക്കാനിറങ്ങി. ഇസ്ലാമിന്റെ വിജയപ്രഖ്യാപനത്തിന്റെ നാന്ദിയായി സഫ മുതല്‍ മര്‍വ വരെ നിറഞ്ഞു നില്‍ക്കുന്ന ധവള വസ്ത്രധാരികള്‍.
നടന്നു നീങ്ങുമ്പോള്‍ വിങ്ങുന്ന മനസ്സില്‍ ഒരേ മോഹം. ഇസ്ലാമിന്റെ സുവര്‍ണകാലം തിരിച്ചുവന്ന് ഞങ്ങള്‍ക്കതിന് സാക്ഷികളാകാന്‍ സാധിച്ചെങ്കില്‍! ഒരു വിജയ പ്രഖ്യാപനം കൂടി നടന്നെങ്കില്‍- 130 കോടിയുടെ വിജയപ്രഖ്യാപനം!
നിരന്ന സ്ഥലത്തെത്തിയപ്പോള്‍ നടത്തം ചെറിയ ഓട്ടമായി മാറി. ഹാജര്‍(അ) ഓടിയ അതേ സ്ഥലത്താണ് ഞങ്ങളും ഓടിയത്. അവരുടെ വിശ്വാസദാര്‍ഢ്യവും അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിക്കുന്ന മനസ്സും നേടിയെടുക്കാന്‍. അപ്പോള്‍ അപരിഹാര്യമായി തോന്നുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. അല്ലാഹുവിന്റെ സഹായം നേരില്‍ ലഭിക്കും. സംസം നീരുറവ പോലെ മരുഭൂമിയില്‍ അത് പൊട്ടി വിടരും.
പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി ഞങ്ങള്‍ 400 മീറ്റര്‍ നടന്ന് മര്‍വയിലെത്തി. ജനത്തിരക്കുമൂലം പതുക്കെ നടക്കാനേ സാധിച്ചിരുന്നുള്ളൂ. മര്‍വയില്‍ കയറി കഅ്ബയുടെ നേരെ തിരിഞ്ഞു ദീര്‍ഘനേരം പ്രാര്‍ഥിച്ചു.
ഉമ്മു ഇസ്മാഈലിന്റെ തുടിക്കുന്ന ഹൃദയം സ്വന്തമാക്കാന്‍ ഞങ്ങള്‍ക്കായോ? പ്രാര്‍ഥിക്കാന്‍ ആവശ്യമായ വിശ്വാസദാര്‍ഢ്യം ഞങ്ങള്‍ക്കുണ്ടായോ? എല്ലാം അല്ലാഹുവിനു വിട്ടുകൊടുക്കാനുള്ള സന്നദ്ധത ഞങ്ങള്‍ നേടിയോ?
മര്‍വയില്‍നിന്ന് പതുക്കെ സഫയിലേക്ക് തിരിച്ചു. പ്രാര്‍ഥന തന്നെ പ്രധാനം. മറ്റൊന്നും ചിന്തിക്കാതെ പ്രാര്‍ഥനയില്‍ മുഴുകിയ ആള്‍ക്കൂട്ടത്തിനിടയിലാണ് ഞങ്ങള്‍. സ്വന്തം പ്രശ്നങ്ങള്‍ മുതല്‍ ആഗോള പ്രശ്നങ്ങള്‍ വരെ അല്ലാഹുവിന്റെ മുമ്പില്‍ നിരത്തിവെച്ച് സഹായമര്‍ഥിക്കുന്ന ഭക്തജനങ്ങള്‍. അവരുടെ സഹവാസം ആത്മാവിന് ഉണര്‍വും ഊര്‍ജവും പകരുന്നു.
മര്‍വയില്‍ കയറി ഏറെ നേരം പ്രാര്‍ഥിച്ച ശേഷം ഞങ്ങള്‍ മുടി മുറിച്ച് ഇഹ്റാമില്‍നിന്ന് വിരമിച്ചു. ഹജ്ജിന് മുടി പൂര്‍ണമായും നീക്കാനുള്ളതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ മുടി മുറിക്കുകയാണ് ചെയ്തത്. ചിലര്‍ തലമുണ്ഡനം ചെയ്യുന്നുമുണ്ട്. തനിക്കഭിമാനമായി എണ്ണതേച്ച് വാര്‍ന്നു മിനുക്കി ശിരസ്സില്‍ ദീര്‍ഘകാലം നിലനിര്‍ത്തിപ്പോന്ന മുടി അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് പൂര്‍ണമായും വടിച്ചു കളയുന്നത് ഒരു പ്രതീകാത്മക കര്‍മമാണ്. സാധാരണ വസ്ത്രം ധരിച്ച് ഞങ്ങള്‍ മസ്ജിദുല്‍ ഹറാമിലേക്ക് തിരിച്ചു വന്നു.
ഭൂമിയില്‍ ത്വവാഫ് നിര്‍വഹിക്കാന്‍ പറ്റുന്ന ഏക സ്ഥലമാണ് മസ്ജിദുല്‍ ഹറാം. ത്വവാഫിന്റെ പൊരുളറിഞ്ഞാല്‍ നമുക്കെത്ര തവണ ചെയ്താലും മതിവരില്ല. പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍ അവര്‍ നടന്ന പാതയില്‍ നടക്കുന്നത് പ്രതീകാത്മകമാണ്. മാനവ ജീവിതം സൌഭാഗ്യ പൂര്‍ണമാവാന്‍ പ്രപഞ്ചനാഥന്‍ നിയോഗിച്ച മാര്‍ഗദര്‍ശികളാണ് പ്രവാചകന്മാര്‍. അവര്‍ പഠിപ്പിച്ച രീതിയില്‍ ജീവിക്കാനുള്ള പ്രതിജ്ഞയാണ് ഈ പ്രതീകാത്മക കര്‍മങ്ങളില്‍. ജീവിതം സൌഭാഗ്യ പൂര്‍ണമാക്കാനും പരലോകത്ത് സ്വര്‍ഗമുറപ്പിക്കാനും ആ കാല്‍പാടുകള്‍ പിന്തുടരുകയേ മാര്‍ഗമുള്ളൂ.
Comments