കൂഡാവാലാ ആയാ... കൂഡാവാലാ
ദല്‍ഹിയിലെ ഇടതൂര്‍ന്നു ആകാശം മുട്ടിനില്‍ക്കുന്ന ഫ്‌ളാറ്റുകള്‍ക്കിടയിലുള്ള ഇടുങ്ങിയ ഗലികളില്‍ നിന്ന് എന്നും രാവിലെ കേള്‍ക്കുന്ന ശബ്ദമാണിത്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന കുടുംബക്കാരുടെ വെയിസ്റ്റുകള്‍ ശേഖരിക്കാന്‍ വരുന്ന ചെറുപ്പക്കാരുടെ വിളി. ഓരോ ഫ്‌ളാറ്റിലും പത്തും പതിനഞ്ചും കുടുംബങ്ങള്‍ താമസിക്കുന്നുണ്ടാകും. ഓരോ ദിവസവും അവരുടെ അടുക്കളയിലുണ്ടാകുന്ന വെയിസ്റ്റുകള്‍ എന്നും രാവിലെ ഫ്‌ളാറ്റിനു പുറത്ത് വെച്ചിരിക്കും. സമയത്ത് വെയിസ്റ്റുകള്‍ കാണാതിരിക്കുമ്പോഴാണ് കൂഡാവാലാ എത്തി എന്നറിയിക്കാനായി വിളിച്ചു പറയുന്നത്. ഈ ശബ്ദം കേള്‍ക്കുമ്പോള്‍ വെയിസ്റ്റുകള്‍ വീടിനു പുറത്തെത്തിക്കും. അഞ്ചും ആറും നിലകള്‍ കയറിയാണ് ഈ പാവങ്ങള്‍ ഇതു ശേഖരിക്കുന്നത്.
ഈ കൂഡാവാലകളുടെ അവസ്ഥ വളരെ ദയനീയമാണ്. എന്നും ചണ്ടികളില്‍ മാത്രം ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍. രാവിലെ ആറു മണിക്ക് തുടങ്ങുന്ന ജോലി ഒരുവിധം അവസാനിക്കുമ്പോഴേക്കും രാത്രിയാകും. അടുത്ത ദിവസം വീണ്ടും ഇതേ പണി തണുപ്പോ ചൂടോ മഴയോ ഒന്നും വകവെക്കാതെ ചെയ്യണം. അഞ്ചും ആറും നിലകള്‍ കയറി ഇതു ശേഖരിച്ച് താഴെ എത്തിച്ചാല്‍ പിന്നെ അത് വേര്‍തിരിക്കണം. അതിനു ശേഷമാണ് അടുത്ത ഫ്‌ളാറ്റില്‍ പോവുക. അതില്‍ നിന്ന് വില്‍ക്കാന്‍ പറ്റുന്ന വല്ല പ്ലാസ്റ്റിക്കോ കടലാസ് കഷ്ണങ്ങളോ ഉണ്ടെങ്കില്‍ അവ മാറ്റി വെക്കാന്‍ വേണ്ടിയാണ് തിരച്ചില്‍ നടത്തുന്നത്. അവ പ്രത്യേക ചാക്കുകളില്‍ കെട്ടിവെക്കും. ഇങ്ങനെ അവരവരുടെ ഏരിയ കഴിയുമ്പോഴേക്കും സമയം ഏറെയാകും. അത് കഴിഞ്ഞു തിരഞ്ഞു വെച്ചതിന്റെ ബാക്കി ചണ്ടികള്‍ കൊണ്ട് പോയി തള്ളണം. പിന്നെ അവര്‍ വില്‍ക്കാനായി കരുതി വെച്ച, നമുക്കൊക്കെ അറപ്പ് തോന്നുന്ന, എന്നാല്‍ അവര്‍ക്ക് അന്നം കണ്ടെത്താന്‍ വകയുള്ള ചാക്ക് കെട്ടുകളുമായി താമസ സ്ഥലത്തേക്ക് ഒരുപാട് ദൂരം മുച്ചക്ക്ര സൈക്കിള്‍ ചവിട്ടിയെത്തിക്കണം. ചാക്കുകള്‍ തുന്നിക്കെട്ടി അടുക്കിവെക്കുമ്പോഴേക്കും സമയം ഏറെ വൈകിയിരിക്കും. എല്ലാം കഴിഞ്ഞ് ഒന്ന് വിശ്രമിക്കാമെന്നു വെച്ചാലോ കിടക്കാനുള്ളത് നാലുഭാഗവും മേല്‍ഭാഗവും കീറിപ്പറിഞ്ഞ ഫ്‌ളക്‌സ് ഷീറ്റുകള്‍ കൊണ്ട് മറച്ച ഒറ്റ മുറി കൂര. വെയിലോ മഴയോ മഞ്ഞോ ഒന്നും തടുക്കാന്‍ ഇത് പര്യാപ്തമല്ല. പ്ലാസ്റ്റിക്കു ചാക്കുകള്‍ വിരിച്ചു അതിലാണ് എല്ലാവരുടെയും ഉറക്കം. ഭക്ഷണം പാകം ചെയ്യുന്നതും അതില്‍ വെച്ച് തന്നെ.
വേസ്റ്റ് എടുക്കുന്നതിന് കുലിയായി കിട്ടുന്ന തുഛം വരുമാനമാണ് ഇവരുടെ ജീവിതമാര്‍ഗം. വീടുകളില്‍ നിന്ന് വളരെ കുറഞ്ഞ കൂലിമാത്രമാണ് ലഭിക്കുന്നതെന്ന് അദ്‌നാന്‍ പറയുന്നു. 'ഈ രണ്ടു ഗലികളിലുള്ള മൊത്തം ഇരുനൂറ് കുടുംബങ്ങളുടെ വേസ്റ്റും ഞങ്ങള്‍ രണ്ടാളുകളാണ് എടുക്കുന്നത്. ഒരു വീട്ടില്‍ നിന്ന് മാസത്തില്‍ അന്‍പതു രൂപയാണ് ഞങ്ങള്‍ക്ക് തരുന്നത്.' എച്ചിലുകള്‍ക്കിടയില്‍നിന്ന് അവര്‍ പെറുക്കിയുണ്ടാക്കിയ തുണ്ടം കടലാസുകള്‍ക്കു ഇരുപതും മുപ്പതും രൂപ മാത്രമാണ് ദിവസ വരുമാനം.
യഥാര്‍ഥത്തില്‍ ഇതൊരു തോട്ടിപ്പണിയാണെന്നു പറയാം. കാരണം രാത്രി കാലങ്ങളില്‍ കുട്ടികളെ ഉടുപ്പിക്കുന്ന ഡയാപ്പറുകള്‍ വരെ വേസ്റ്റുകളുടെ കൂട്ടത്തില്‍ ഉണ്ടാകാറുണ്ട്. അതും സ്വന്തം കൈകളാല്‍ എടുത്തു നീക്കേണ്ടതും ഈ പാവങ്ങളാണ്. ഡയാപറുകളുടെ പുറം കവര്‍ അവര്‍ക്ക് വില്‍ക്കാന്‍ പറ്റുന്നതാകയാല്‍ മാലിന്യാവശിഷ്ടങ്ങള്‍ മാറ്റി നന്നാക്കിയെടുക്കണം.
കുഡാവാലകളില്‍ തൊണ്ണൂറു ശതമാനവും മുസ്‌ലിംകളാണ്. ഒരു കാലത്ത് ദല്‍ഹിയില്‍ ഭരണം നടത്തിയവര്‍. ഇന്ത്യയുടെയും മുസ്‌ലിംകളുടെയും പേര് ലോകത്തിനു മുമ്പില്‍ എത്തിച്ചവര്‍. ലോകാത്ഭുതങ്ങള്‍ പണിതീര്‍ത്തു കൊണ്ട് ഊറ്റം കൊണ്ടവര്‍. ദല്‍ഹിയില്‍ തങ്ങള്‍ പണിതുയര്‍ത്തിയ ചെങ്കോട്ടയും ജുമാമസ്ജിദും കുത്തുബ് മിനാറും ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലും ഇന്നും അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഇതിനെ വെല്ലാന്‍ മറ്റാര്‍ക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഷാജഹാന്റെയും ഔറംഗസീബിന്റെയും ഖുത്തുബുദ്ദീന്‍ ഐബകിന്റെയും അനന്തരാവകാശികള്‍ ഇന്നു കുഡാവാലകളും ഘോടാവാലകളും ആയിക്കൊണ്ട് ദല്‍ഹിയിലെ ചേരികളില്‍ ആര്‍ക്കും വേണ്ടത്തവരായി കഴിയുകയാണ്. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് പോലെ 'ന്റുപ്പൂപ്പാക്ക് ആനണ്ടാര്‍ന്നു' എന്ന് പറഞ്ഞ് ഊറ്റം കൊള്ളാന്‍ മാത്രമേ നമുക്ക് കഴിയുന്നുള്ളൂ.
Comments