Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

തിര പറയുന്നത്

ഫൈസല്‍ അബൂബക്കര്‍ /കവിത

സുഗന്ധം പരന്നൊഴുകി
മറ്റൊരു നാകക്കടല്‍ തീര്‍ത്തപ്പോഴാണ്
ഞാനാ കുരുന്നിനെ കണ്ടത്.
 
മാലാഖമാര്‍
സ്വര്‍ഗം തന്നെ കടലിലിറക്കിയാ
കുഞ്ഞിനെ നെഞ്ചിലേറ്റിയപ്പോള്‍
പരന്നതാവാം ആ കസ്തൂരി ഗന്ധം
 
ചുമലില്‍ കയറ്റി ഞാനായോമലിനെ
കരക്കെടുക്കുമ്പോള്‍ പൊടുന്നനെ കടല്‍ മറഞ്ഞതും
പകരം കരള്‍ പിളര്‍ന്നൊഴുകിയ കണ്ണീര്‍ കടല്‍ നിറഞ്ഞതും
ഓര്‍ക്കുന്നുണ്ട്
നെടുവീര്‍പ്പിന്‍ കൊടുങ്കാറ്റിന്‍
ഒരായിരം ഹൃദയമിടിപ്പില്‍
കൊച്ചുടല്‍, കടല്‍ താണ്ടി,  
കര കടന്ന് ആകാശത്തേക്ക്...
ചരിത്രത്തില്‍ അങ്ങനെയാണ്...
ഒരു മൂന്നു വയസ്സുകാരന്‍ പ്രപഞ്ചം കീഴടക്കി
രാജ്യാധിപരോട് കൊഞ്ഞനം കുത്തിയത്.
 
എന്റെയപ്പൂപ്പന്‍ തിരമാല പറയാറുണ്ട്
ദൈവകോപത്തെയാണ് മത്സ്യമാദ്യം വിഴുങ്ങിയത്.
പിന്നെ യൂനുസിന്‍ തിരുവുടല്‍
ശേഷം പ്രായശ്ചിത്തക്കടലാഴം
ഒടുവില്‍ ദൈവസഹായമാം ആകാശം
ഒടുങ്ങാത്തതാണ് തിര
ചരിത്രമിനിയും തിരകളില്‍ പുനര്‍ജനിക്കും
എന്റെയപ്പൂപ്പന്‍ തിരമാല പറയാറുണ്ട്
കടലില്‍ ഇരുമല തീര്‍ത്ത് പാതയൊരുക്കിയതും
മൂസയും കൂട്ടരും ഗമിച്ചിടുംവരെ ശ്വാസമടക്കി നിവര്‍ന്നതും
ഫറോവയുടെ വരവില്‍ ആഞ്ഞടിച്ചതും.....
ഓര്‍മ്മക്കടലിലുണ്ട്
 
ദൈവമേ... എന്ന ഒറ്റ വിളിയിലുതിര്‍ന്നയമ്മയുടെ കണ്ണീരും
വിശക്കുന്നുവെന്ന വയോധികന്റെ പിടച്ചലും
ഒരു വിരല്‍ തുമ്പിന് കൈനീട്ടുന്ന കുഞ്ഞിന്റെ കരച്ചിലും
ചേര്‍ന്ന് ഒരു സൈന്യമായി വരുന്നുണ്ട്
ഒപ്പം അയ്‌ലാനും
എന്റെ മുതുകില്‍ കയറിയവന്‍
അവസാനമായി വിളിച്ചു പറഞ്ഞു...
കാരക്കച്ചീളിന്നരികില്‍ നനയാത്തൊരിത്തിരി
വെടിമരുന്നു തരിക.....
 
ഒടുങ്ങാത്തതാണ് തിര
ചരിത്രമിനിയും തിരമാലകളില്‍ പുനര്‍ജനിക്കും.
 
ഒരേയൊരു തിര ഞാന്‍
ചിലപ്പോള്‍ എണ്ണക്കപ്പലിന്നടിത്തട്ടില്‍
ചെന്നട്ടഹസിക്കാറുണ്ട്
പണം, സുഖം, അധികാരം ഇവയുടെ കനത്ത കാവലില്‍
ഒരിളക്കം പോലുമേകാനാവാതെ ഞാന്‍ തിരിച്ചുവരും
 
ഭൂമിയെ തൊട്ടിലാക്കിയടച്ചയിളം കണ്‍കളില്‍
ഒരായിരം സ്വപ്‌നങ്ങള്‍ ഇടം തേടുന്നുണ്ട്
പച്ചക്കരളുകളേ ഇനിയെങ്കിലും പടിയടക്കരുത്
അഭയത്തിനല്ല.. വിജയത്തിന്...വിപ്ലവത്തിന്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍