Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

അയ്‌ലാന്‍... സ്വര്‍ഗീയ വൃക്ഷച്ചുവട്ടിലെ കണ്ണിലുണ്ണി

ടി.ഇ.എം റാഫി വടുതല /കവര്‍‌സ്റ്റോറി

         ''ലോകത്തെ മുഴുവന്‍ രാജ്യങ്ങളും പകരം തന്നാലും എനിക്ക് ആവശ്യമില്ല. വില പിടിച്ചതെല്ലാം നഷ്ടമായിരിക്കുന്നു.''

ഇത് ഏതെങ്കിലും നോവലിലെ ഒരു കഥാപാത്രത്തിന്റെ ആത്മഗതമല്ല. ലോകത്തിന്റെ കണ്ണുകളെ ഈറനണിയിച്ച, കരുണയറ്റ ലോകത്ത് നിന്ന് കരുണാര്‍ദ്ര ലോകത്തേക്ക് വിടപറഞ്ഞ അയ്‌ലാന്‍ കുര്‍ദിയുടെയും ഗാലിബിന്റെയും പിതാവ് അബ്ദുല്ല കുര്‍ദിയുടെ കണ്ണീരിന്റെ ഉപ്പുരസമുള്ള വാക്കുകള്‍. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്ന് കാനഡയിലേക്ക് യാത്രയായ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളഖിലവും തിരമാലകള്‍ക്ക് നടുവില്‍ നുരയും പതയുമായി മാറിയ ദുരന്തകഥ. കലാപത്തിന്റെ രണപ്പുഴയില്‍ നിന്ന് കണ്ണീര്‍ കടലില്‍ മുങ്ങിത്താണുപോയ പിഞ്ചു പൈതങ്ങള്‍. രക്ഷയുടെ മറുകര തേടിപ്പോയ നൗക തിരമാലകള്‍ക്ക് നടുവില്‍ മുങ്ങിത്താണ് പോയപ്പോള്‍ കാരുണ്യരഹിതമായ ഒരു ലോകത്തെ അത് നമുക്ക് കാട്ടിത്തന്നു. ഒപ്പം, പവിത്രമായ ഹജ്ജ് മാസങ്ങളില്‍ ആയുധം താഴെ വെച്ച കാട്ടറബിയെപ്പോലും ലജ്ജിപ്പിക്കുന്ന ഐസിസ് ഭീകരവാദികളുടെ ക്രൂരതയുടെ മറ്റൊരു മുഖവും.

അബ്ദുല്ല കുര്‍ദിക്ക് നഷ്ടമായത് ഒരു കുടുംബം. ലോകം തന്നെ പകരം നല്‍കിയാലും നികത്താനാവാത്ത മഹാ നഷ്ടം. പക്ഷേ, തുര്‍ക്കിയുടെ കടല്‍തീരത്ത് തിരമാലകളോട് അടക്കം പറഞ്ഞ് ഓമനത്വമുള്ള വെളുത്ത മുഖം മണലില്‍  കുത്തി അയ്‌ലാന്‍ കിടന്നത് ഒരു ദൈവ നിയോഗമായിരിക്കണം. നിഷ്‌കളങ്ക ബാല്യങ്ങളുടെ നിസ്വാര്‍ഥ ഇടപെടലുകളാല്‍ ലോകത്തെയും നാഗരികതകളെയും പരിവര്‍ത്തിപ്പിച്ച ദൈവിക ഇടപെടലുകളുടെ അനുസ്യൂതമായ തുടര്‍ച്ച. വെളുത്ത മണലില്‍ ചുവന്ന ബനിയനും നീല നിക്കറും ധരിച്ച് അയ്‌ലാന്‍ മുഖം പൊത്തി കിടക്കണമെന്നായിരുന്നു ദൈവവിധി. മൃഗീയതയില്‍ മുഖം കുത്തി വീണ കരുണയറ്റ ലോകത്തിന്റെ മനസ്സും മനസ്സാക്ഷിയും അങ്ങോട്ട് തിരിയാന്‍, ആ നിഷ്‌കളങ്ക ബാല്യം ആ തിരമാലകളില്‍ അലിഞ്ഞു ചേരണമായിരുന്നു. കണ്ണുകള്‍ നനയാനും കരള്‍ പിടക്കാനും ഹൃദയകോണുകളില്‍ കനിവിന്റെ ഉറവ പൊട്ടാനും സര്‍വോപരി ലോകം വാഴുന്ന കങ്കാണിമാരുടെ കണ്‍പോളകള്‍ തുറപ്പിക്കാനും ആ കുഞ്ഞിക്കണ്ണുകള്‍ അടയണമായിരുന്നു.

ലോകത്തെ കണ്ണ് തുറപ്പിച്ച കുരുന്നുകളുടെ കഥ പറയുന്നുണ്ട് ഖുര്‍ആന്‍. ഇളം ചുണ്ടില്‍ തൂമന്ദഹാസം വിരിയിച്ചും കാലിട്ടടിച്ച് കരഞ്ഞും ലോകത്തിന്റെ മുഖത്ത് നോക്കി വാചാലമായി സംസാരിച്ചും ലോകത്തെ വിസ്മയം കൊള്ളിച്ചവര്‍. ലോകം കണ്ട പ്രതിഭകളെക്കാള്‍ വലിയ വലിയ ദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചവര്‍. കാലാതിവര്‍ത്തിയായി കടന്നുപോകുന്ന ജനപദങ്ങളുടെ ഖല്‍ബ് കൊതിക്കുകയും കണ്ണ് കുളിര്‍ക്കുകയും ചെയ്യുന്ന ശുഭ പ്രതീക്ഷയുടെ കഥകള്‍ ആ കുരുന്നുകള്‍ക്ക് പറയാനുണ്ടായിരുന്നു. അയ്‌ലാനും ഗാലിബും ആ മുത്ത് മാലയിലെ തിളങ്ങുന്ന രത്‌നങ്ങളാണ്.

ഫിര്‍ഔന്റെ കിരാത ഭരണത്തില്‍ ഞെരിഞ്ഞമര്‍ന്ന ഇസ്രാഈല്യരുടെ വിമോചനം നാഥന്റെ തീരുമാനമാണ്. പ്രജകള്‍ അഖിലവും ഫിര്‍ഔന്റെ മുന്നില്‍ നമ്രശിരസ്‌കരായി നില്‍ക്കുമ്പോഴും സന്താന സൗഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ആസിയ ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ പിന്നെ മൂസാ നബിയുടെ തൂമന്ദഹാസം ആസിയയുടെ ഖല്‍ബിനെ കവര്‍ന്നെടുക്കുമോ? മൂസാ സ്വന്തം മാതാവിന്റെ മടിത്തട്ടില്‍ താരാട്ട് പാട്ട് കേട്ടുറങ്ങിയാല്‍ ഫിര്‍ഔന്റെ കൊട്ടാരത്തില്‍ ബനൂ ഇസ്രാഈല്യരുടെ വിമോചനത്തിന്റെ ഉണര്‍ത്ത് പാട്ട് കേള്‍ക്കുമോ? അതിനാല്‍ നൈലിന്റെ ഓളങ്ങളില്‍ മൂസ പേടകത്തില്‍ ഒഴുകണമായിരുന്നു. ആസിയയുടെയും തോഴിമാരുടെയും കരങ്ങളിലൂടെ മൂസ ഫിര്‍ഔന്റെ കൊട്ടാരത്തിലേക്ക് ഒരു പ്രവാഹമായി ഒഴുകുകയായിരുന്നു. ഫറോവയുടെ കരങ്ങളിലിരുന്ന് മൂസ പുഞ്ചിരിച്ചു. പനിനീര്‍ പുഷ്പം വിടരുന്ന വശ്യസൗന്ദര്യം. മൂസയുടെ പുഞ്ചിരിയില്‍ ബനൂ ഇസ്രാഈല്യരുടെ വിമോചനത്തിന്റെ നിലാവുദിക്കുകയായിരുന്നു.

തൊട്ടിയില്‍ അതാ ഒരു കുട്ടി കിടക്കുന്നു. അഭിസാരികയെന്നും ദുര്‍നടപ്പുകാരി എന്നും ആക്ഷേപ ഹാസ്യങ്ങളും ആരോപണങ്ങളും കേട്ട് ഒരു മാതാവ് നിസ്സഹായതയില്‍ തൊട്ടില്‍പാലം പിടിച്ച് നില്‍ക്കുന്നു. തൊട്ടിലില്‍ കിടന്ന കുട്ടി അന്നേവരെയും ലോകത്തോട് സംസാരിച്ചിട്ടില്ല. നൊന്ത് പ്രസവിച്ച മാതാവിനെ പോലും ഉമ്മയെന്ന് വിളിക്കാന്‍ കുട്ടി മാസങ്ങളെടുക്കും. പക്ഷേ, ഈസ(അ) സംസാരിച്ചു, മര്‍യമിനു വേണ്ടി, കണ്ണീര്‍കായലില്‍ മുങ്ങിയ ഇംറാന്‍ കുടുംബത്തിനു വേണ്ടി. സര്‍വോപരി അതൊരു ദൗത്യ പ്രഖ്യാപനവും നാഥന്റെ നിയോഗവുമായിരുന്നു.

മക്ക ജന ശൂന്യം. പച്ച വെളളവും പച്ചിലകളുടെ സാന്നിധ്യവുമില്ലാത്ത വെറും കരിമ്പാറക്കൂട്ടം. കറുത്ത പാറയില്‍ ഒരു പിഞ്ചു പൈതല്‍ കരഞ്ഞ് കാലിട്ടടിക്കുന്നു. മാതാവ് സ്വഫാ മര്‍വക്കിടയില്‍ ഓടുന്നു. നാഥന്റെ ആജ്ഞയാല്‍ ഇബ്‌റാഹീമിന്റെ പലായനവും കുടുംബത്തിന്റെ കണ്ണീരും ഒരു നാഗരികതക്ക് ജന്മം നല്‍കുകയായിരുന്നു. സംസം പ്രവാഹമായൊഴുകാന്‍ ഇസ്മാഈല്‍ കരഞ്ഞു. ലോകം മക്കയിലേക്കൊഴുകാന്‍ ഹാജറ ഓടി. ഇസ്മാഈലെന്ന പിഞ്ചു പൈതലിന്റെ കണ്‍കുഴികളില്‍ സംസം പിറവിയെടുത്തു. സ്വഫയും മര്‍വയും നാഥന്‍ തന്നിലേക്ക് ചേര്‍ത്തുവെച്ചു.

മൂസ മന്ദഹസിച്ചതും ഈസ സംസാരിച്ചതം ഇസ്മാഈല്‍ വാവിട്ട് കരഞ്ഞതും... അയ്‌ലാന്‍ കടല്‍ത്തീരത്ത് വെളുത്ത മണലില്‍  മുഖം പൊത്തി കിടന്നതും ദൈവനിയോഗം. ഓ അയ്‌ലാന്‍, നാടും വീടും വിട്ട് രക്ഷാതീരം തേടി നടന്ന ഒരു സമൂഹത്തിനു വേണ്ടി നീ അങ്ങനെ കിടക്കണമായിരുന്നു. ലോകത്തിന്റെ കണ്ണ് തുറപ്പിക്കാന്‍. അതിര്‍ത്തികള്‍ അടച്ചുവെച്ച ഭരണാധികാരികളുടെ ഹൃദയ കവാടങ്ങള്‍ ആ അഭയാര്‍ഥികള്‍ക്ക് വേണ്ടി തുറക്കാന്‍. ജനലക്ഷങ്ങളെ ഇഹ്‌റാമിന്റെ വസ്ത്രമണിയിച്ച് ഹാജിമാരാക്കി സ്വഫ മര്‍വയില്‍ ഓടിക്കുന്ന ഒരു സമുദായത്തിന്റെ നിഷ്‌ക്രിയത്വത്തിന്റെ ആഴം ബോധ്യപ്പെടുത്താന്‍.

ഓ.. അയ്‌ലാന്‍, യൂനുസ് നബിയെ വിഴുങ്ങിയ തിമിംഗലം പോലും നിന്നെ വെറുതെ വിട്ടു. കടല്‍ ജീവികള്‍ നിന്നോട് കരുണ ചെയ്തു. നാഥന്‍ നിനക്ക് രക്തസാക്ഷ്യം നല്‍കി അനുഗ്രഹിച്ചു. നിലോഫര്‍ ഡെമിര്‍ എന്ന പത്രപ്രവര്‍ത്തകയുടെ കാമറ കണ്ണുകളില്‍ നാഥന്‍ നിന്നെ പകര്‍ത്തി. തുര്‍ക്കി തീരത്ത് കടല്‍ ജീവികളുടെ ഭക്ഷണമാകേണ്ട നീ ഇന്ന് ലോകത്തിന്റെ സഹതാപം ഏറ്റുവാങ്ങിയ കണ്ണിലുണ്ണി. സര്‍വോപരി, കരയും കടലും നഷ്ടപ്പെട്ട ഒരു സമൂഹത്തിന് വേണ്ടി പ്രതീക്ഷയുടെ ആകാശം തുറന്നു കൊടുത്ത രക്തസാക്ഷി.

ഓ.. അയ്‌ലാന്‍. ഓ ഗാലിബ്! നിങ്ങള്‍ ഇന്ന് ലോകത്തിന്റെ ഹസനും ഹുസൈനുമാണ്. മസ്ജിദുന്നബവിയില്‍ ഖുത്വ്ബ നടത്തിക്കൊണ്ടിരിക്കെ പള്ളിയില്‍ വീണുപോയ പേരമക്കളെ പ്രവാചകന്‍ ഖുത്വ്ബ നിര്‍ത്തി, 'എന്റെ ഖല്‍ബാണ് വീണുപോയത്' എന്ന് പറഞ്ഞു വാരിപ്പുണര്‍ന്നു. ലോകാനുഗ്രഹിയായ മുഹമ്മദ് നബി(സ). തിരമാലകള്‍ക്ക് നടുവില്‍ നീ മുങ്ങിത്താഴുമ്പോള്‍ ഖല്‍ബ് പിടക്കാന്‍ ഒരു മുഹമ്മദില്ലാതെ പോയി! യൂഫ്രട്ടീസിന്റെ തീരത്ത് ആട്ടിന്‍കുട്ടി മരിച്ചു കിടന്നാല്‍ നാഥന് മുന്നില്‍ ഉത്തരം പറയേണ്ടിവരുമല്ലോ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ഒരു ഉമറും മുസ്‌ലിം രാജ്യങ്ങളില്‍ ഇല്ലാതെ പോയത് കാലത്തിന്റെ ദൗര്‍ഭാഗ്യം. 

ഓ അയ്‌ലാന്‍... ഈ കരുണയറ്റ ലോകത്ത് നിന്ന് കരുണാമയനായ നാഥന്റെ സിംഹാസനത്തിന്റെ ചാരത്തെ വിളക്കുമാടത്തില്‍ പഞ്ചവര്‍ണക്കിളിയായി പാറിപ്പറക്കുക. അകാലത്തില്‍ മകളെ നഷ്ടപ്പെട്ട് വേദന കടിച്ചിറക്കി നാഥന്റെ വിധിയില്‍ സഹനമവലംബിച്ച മാതാപിതാക്കള്‍ക്ക് നാഥന്‍ ഒരുക്കിവെച്ച 'ദാറുല്‍ ഹംദ്' എന്ന സ്വര്‍ഗീയ സ്തുതി ഭവനത്തിനു മുന്നില്‍ ഉമ്മയോടൊപ്പം നീ കാത്തിരിക്കുക, നിങ്ങളില്‍ നിന്നും വേര്‍പ്പെട്ട ആ പിതാവിനെയും കാത്ത്. ലോക രാജ്യങ്ങളെക്കാള്‍ നിങ്ങളെ വില മതിച്ചിരുന്നല്ലോ ആ പിതാവ്!

ഓ... അയ്‌ലാന്‍ നീ ഇന്ന് അഭയാര്‍ഥികളുടെ കണ്ണിലെ പ്രതീക്ഷ. ഇപ്പോള്‍ ജര്‍മനി മനസ്സ് തുറന്നു. ആസ്ട്രിയ പുടവയണിയിച്ചു. ഹംഗറി ഭക്ഷണം വിളമ്പി. കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി ഇതാ സ്വീഡനും ലാറ്റിനമേരിക്കയും. ഓ  അയ്‌ലാന്‍... യൂറോപ്പിന്റെ മാനത്ത് ഇസ്‌ലാമിന്റെ പൊന്നമ്പിളി തെളിയിക്കാന്‍ നാഥന്‍ പറഞ്ഞയച്ച മുഹാജിറുകളാണ് നിങ്ങള്‍. പറക്കുക പഞ്ചവര്‍ണ കിളികളായി... സ്വര്‍ഗീയ വൃക്ഷച്ചുവട്ടില്‍ ആദര്‍ശ പിതാവ് കാത്തിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍