Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

ഇലക്‌ട്രോണിക് മീഡിയ അടക്കിവാഴുമ്പോഴും വായനയെ സമ്പന്നമാക്കാം

അനീസുദ്ദീന്‍ ചെറുകുളമ്പ് /കുറിപ്പ്

പ്രസിദ്ധീകരണങ്ങളുടെ പരന്ന വായന’മലയാളി കാഴ്ചകളിലൊന്നായിരുന്നു. കൈയില്‍ കിട്ടുന്ന  ഏതു പത്രവും   പ്രസിദ്ധീകരണവും ആര്‍ത്തിയോടെ പെട്ടെന്ന് വായിച്ചു  തീര്‍ക്കുന്ന ഒരു  സംസ്‌കാരം നമ്മുടെ  മുന്‍ തലമുറകള്‍ക്കുണ്ടായിരുന്നു. ഈയൊരു വായന സംസ്‌കാരം ഇപ്പോള്‍ പുതിയ തലമുറയില്‍ കുറഞ്ഞു വന്നിരിക്കുന്നു എന്നതിന്  ഒരു  സ്ഥിതിവിവരക്കണക്ക് ആവശ്യമില്ല. ഇലക്‌ട്രോണിക് മീഡിയയുടെ  അതിപ്രസരം നമ്മുടെ പുസ്തക വായനയെ  സാരമായി ബാധിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ രംഗപ്രവേശത്തിന് മുമ്പ് നമ്മുടെ ഗ്രാമങ്ങളിലും  നഗരങ്ങളിലും  ഗ്രന്ഥാലയങ്ങള്‍ വളരെ സജീവമായിരുന്നു. എന്നാല്‍ ഇന്ന്  ഗ്രന്ഥാലയങ്ങള്‍ പലയിടത്തും ഉണ്ടെങ്കിലും പുസ്തകങ്ങള്‍  നെഞ്ചേറ്റി  വായനാ ലോകത്തേക്ക് കടന്നുവരുന്നവര്‍ വിരളമായിക്കൊണ്ടിരിക്കുന്നു. വൈജ്ഞാനിക വളര്‍ച്ച നല്ല  നിലയില്‍ നടക്കണമെങ്കില്‍ പുസ്തകവായന ശീലമാക്കുക തന്നെ വേണം. ജീവിതത്തിന്റെ  സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ തലങ്ങളെ  കൂടുതല്‍ പുഷ്ടിപ്പെടുത്താന്‍ പുസ്തക വായനയും പഠനവും  ജീവിതത്തില്‍ കൈവിടാതെ സൂക്ഷിക്കേണ്ടത് തന്നെയാണ്.  പുതുതലമുറക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന പുസ്തക  വായനയെ പരിപോഷിപ്പിക്കാനാവശ്യമായ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കേണ്ട  സമയവും അതിക്രമിച്ചിരിക്കുന്നു.

ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും അതിപ്രസരം മനുഷ്യമനസ്സിനെ ഏറെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. ഈ രംഗത്ത് ധാര്‍മിക സനാതന മൂല്യങ്ങള്‍ക്ക്  ഇടം നല്‍കി വിവിധ തലങ്ങളില്‍ ശക്തമായ കാല്‍വെപ്പ് നടത്തുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി വിലയിരുത്തപ്പെടുന്നു. ഇന്ന് നാം കേള്‍ക്കുന്ന പല വാര്‍ത്തകളും വായിക്കുന്ന വര്‍ത്തമാനങ്ങളും  സമൂഹത്തില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നുവെന്നതിനും നമുക്ക് സ്ഥിതിവിവരക്കണക്ക് ആവശ്യമില്ല. 'ആഗോള ഗ്രാമവാസികളാ'യി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ പരസ്പര ബന്ധങ്ങള്‍ക്കും സ്‌നേഹ സൗഹൃദത്തിനും വിള്ളലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അയല്‍പക്കത്തെ മരണവാര്‍ത്ത അറിയുന്നത് സോഷ്യല്‍ മീഡിയയിലെ സംസ്‌കരണ ചടങ്ങുകളുടെ  ദൃശ്യങ്ങള്‍ കാണുമ്പോഴാണ്. സ്വന്തം വീട്ടുകാരോടും ബന്ധുക്കളോടും സംസാരിക്കാന്‍ സമയം  കണ്ടെത്താത്തവര്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ ആളുകളുമായി ആശയ വിനിമയം നടത്താനും ചാറ്റിംഗ് ചെയ്യാനും സമയത്തിന്റെ നല്ലൊരു ഭാഗം ചെലവിടുന്നു. സമകാലിക മനുഷ്യനെ ആമൂലം ഗ്രസിച്ചിരിക്കുന്ന ജീര്‍ണത  കുടുംബ രംഗത്തും പ്രതിഫലിക്കുന്നു. 

ഇലക്‌ട്രോണിക് മീഡിയ വഴിയുള്ള വായനയും പഠനവുമാണ്  പുതു തലമുറ  ഏറെ ഇഷ്ടപ്പെടുന്നത്  എന്നത് വസ്തുതയാണ്. അതിനാല്‍ തന്നെ  ഈ  രംഗത്ത്  നല്ലത് വായിക്കാനും, മൂല്യങ്ങള്‍ അവരില്‍ സന്നിവേശിപ്പിക്കാനമുള്ള കൊണ്ടുപിടിച്ച  ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. പ്രിന്റ് മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കാത്ത പലരും ഇലക്‌ട്രോണിക് മീഡിയ വഴിയുള്ള വായനക്ക് സമയം കണ്ടെത്തുന്നത് കാണാം. ഇത്തരക്കാര്‍ക്ക് നല്ല വായനക്കുള്ള ലിങ്കുകള്‍  നല്‍കി നമുക്ക് ഒരു മാറ്റത്തിന്  ശ്രമിച്ചുകൂടേ? ആവശ്യമില്ലാത്തതിനും  തമാശകള്‍ക്ക്  വേണ്ടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍  പലതും ഷെയര്‍ ചെയ്യാന്‍ നമ്മില്‍ പലരും സമയത്തിന്റെ  നല്ലൊരു ഭാഗം വെറുതെ ചെലവഴിക്കുന്നു. നമ്മുടെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളുടെയും ഇസ്‌ലാം ഓണ്‍ ലൈവിന്റെയുമൊക്കെ പേജുകളും ലിങ്കുകളും അവയില്‍  വരുന്ന നല്ല പോസ്റ്റുകളും നമുക്ക് ബന്ധമുള്ള സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല. ദൈനംദിനം  സോഷ്യല്‍ മീഡിയയില്‍ നാം  കണ്ട് കൊണ്ടിരിക്കുന്ന പല പോസ്റ്റുകളും വിവരങ്ങളും  കാണുമ്പോള്‍ ഇവക്ക് പകരം നല്‍കാന്‍ പറ്റുന്ന നല്ല കാര്യങ്ങളുടെ ലിങ്കുകള്‍ നമ്മുടെ  കൈയില്‍ തന്നെ ഉണ്ടല്ലോ എന്ന് ചിന്തിക്കുന്നവര്‍ വളരെ കുറവാണ്.

പല സന്ദര്‍ഭങ്ങളിലും നമ്മുടെ പ്രസിദ്ധീകരണങ്ങളിലെയും സംവിധാനങ്ങളിലെയും നല്ല പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ഈ കുറിപ്പുകാരന്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ആവശ്യമില്ലാത്തതിനു വാരിക്കോരി ലൈക്ക് ചെയ്യുന്ന നമ്മുടെ സുഹൃത്തുക്കള്‍ ഇത്തരം നല്ല  വായനക്ക് ലൈക്ക് നല്‍കുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നില്ല  എന്നതാണ് ഖേദകരം. നന്മ പ്രചരിപ്പിക്കാനും നല്ല വായനാ  സംസ്‌കാരം നിലനിറുത്താനും നമ്മുടെ കൂടി ആസൂത്രണത്തോടെയുള്ള ശ്രമങ്ങള്‍ കാലഘട്ടത്തിന്റെ   അനിവാര്യതയായി മനസ്സിലാക്കണം. സോഷ്യല്‍ മീഡിയ നന്നായി  ഉപയോഗിക്കുന്ന സഹോദരങ്ങള്‍ നമ്മുടെ പൊതുവായ സംവിധാനങ്ങള്‍ കൂടി വേണ്ടത്  പോലെ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

കേരളീയ മുസ്‌ലിം സമൂഹത്തെ മൊത്തത്തില്‍   പ്രതിനിധീകരിക്കുന്ന ഒരു ന്യൂസ് പോര്‍ട്ടല്‍ എന്ന നിലക്ക് തുടക്കം കുറിച്ച ഇസ്‌ലാം ഓണ്‍ലൈവ്’കുറഞ്ഞ കാലം കൊണ്ട് തന്നെ ഏറെ പ്രചാരം നേടി എന്നത്  ഈ  രംഗത്ത് പ്രത്യേകം  എടുത്തു  പറയണം. ഇസ്‌ലാമിക വിഷയങ്ങളില്‍ സംശയങ്ങള്‍ തീര്‍ക്കാനുതകുന്ന നല്ലൊരു 'റഫറന്‍സ്' സംവിധാനം കൂടിയാണ് ഇസ്‌ലാം ഓണ്‍ലൈവ്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മുഴുവന്‍ മലയാളി സമൂഹത്തിന്റെയും കരങ്ങളിലേക്ക് ഇസ്‌ലാം ഓണ്‍ലൈവ് പോലെയുള്ള  പൊതു സംവിധാനങ്ങളുടെ സന്ദേശം എത്തേണ്ടതുണ്ട്. മറ്റുള്ളവരിലേക്ക് നന്മയുടെ ഈ കൈത്തിരി എത്തിക്കാനുള്ള ഉത്തരവാദിത്തം നാം സ്വയം ഏറ്റെടുക്കണം. 

ഇസ്‌ലാം ഓണ്‍ലൈവ് പേജ് പരസ്പരം ഷെയര്‍ ചെയ്തും ലൈക്ക് ചെയ്തും കൂടുതല്‍ സഹോദരങ്ങളിലേക്ക് എത്തിക്കാനുള്ള ആസൂത്രിതശ്രമം ചെയ്യുന്നതും നമ്മുടെ  ഒരു  ദീനീ ബാധ്യതയായി കരുതുക. ഇസ്‌ലാമിക വായനയെ  സമ്പുഷ്ടമാക്കാനും നന്മയെ പ്രചരിപ്പിക്കാനും സോഷ്യല്‍ മീഡിയ വഴി തീര്‍ച്ചയായും കഴിയും.  ഈ രംഗത്തും  പുതു  തലമുറയെ ബോധവത്കരിക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തണം. അച്ചടി വായനയെക്കാള്‍  ഇലക്‌ട്രോണിക് മീഡിയ വഴിയുള്ള വായനയാണ്  നമ്മുടെ പുതുതലമുറ ഇഷ്ടപ്പെടുന്നതെങ്കില്‍ അവര്‍ക്ക്  നല്ല വായന ശീലമാക്കാനുള്ള കാര്യങ്ങള്‍ ചെയ്ത് വിജ്ഞാന ലോകത്തേക്ക്  ആനയിക്കാന്‍ എന്തുകൊണ്ട് നമുക്ക് ശ്രമിച്ചു കൂടാ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍