Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

'സമുദായത്തിന്റെ പ്രശ്‌നങ്ങളും ഉത്കണ്ഠകളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരും'

സഫറുല്‍ ഇസ്‌ലാം ഖാന്‍/ അഭിമുഖം

ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ പ്രസിഡന്റായ സഫറുല്‍ ഇസ്‌ലാം ഖാന്‍ ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനും കൂടിയാണ്. മുശാവറ രൂപവത്കരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയായ അഭയ്കുമാര്‍ പ്രബോധനത്തിന് വേണ്ടി അദ്ദേഹവുമായി സംസാരിക്കുന്നു. മുശാവറയുടെ ചരിത്രം, പ്രവര്‍ത്തനങ്ങള്‍, വിവാദങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

പ്രസിഡന്റ് എന്ന നിലക്ക് ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ അമ്പത് വര്‍ഷത്തെ പ്രയാണം എങ്ങനെ വിലയിരുത്തുന്നു? അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണ്?

ഇക്കാലയളവില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും സാധിച്ചിട്ടുണ്ട്. മുന്നോട്ടുള്ള പാതയില്‍ സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്നുകൊടുക്കാനും കഴിഞ്ഞു. മുസ്‌ലിം സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള പൊതുവേദി ഒരുക്കുകയാണ് മുശാവറ ചെയ്തത്. ഒട്ടേറെ പ്രശ്‌നങ്ങളില്‍ ഒരു പൊതു ധാരണയുണ്ടാക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ മുസ്‌ലിം സമൂഹം താമസിക്കുന്ന രാജ്യമെന്ന നിലക്ക് ഇത് വളരെ പ്രധാനമാണ്. പ്രശ്‌നങ്ങളും അവയുടെ പരിഹാര മാര്‍ഗങ്ങളും സമുദായാംഗങ്ങളുടെയും ഗവണ്‍മെന്റിന്റെയും മീഡിയയുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മുശാവറ യത്‌നിച്ചിട്ടുണ്ട്.

മുശാവറ 2002-ല്‍ അംഗീകരിച്ച ഭരണഘടന പ്രകാരം പരിധികളോ വ്യവസ്ഥകളോ വെക്കാതെ മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന (Open - ended) സമീപനമാണ് സ്വീകരിച്ചത്. പ്രായോഗിക തലത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ ഇതുവഴി സാധ്യമായിട്ടുണ്ടോ?

മുശാവറയുടെ പുതിയ ഭരണഘടന പ്രകാരം അധികാരങ്ങളധികവും പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. ഭദ്രമായ ചട്ടക്കൂടുള്ള ഒരു വലിയ സംഘടനയെ സംബന്ധിച്ചേടത്തോളം ഇത് ഗുണകരവുമാണ്. മുശാവറ അങ്ങനെയല്ലല്ലോ. അത് വിവിധ സംഘടനകളുടെ കൂട്ടായ്മയാണ്. സ്വന്തമായി അണികളില്ലാത്തതിനാല്‍ എന്തെങ്കിലും ചെയ്യൂ എന്ന് താഴേക്ക് നിര്‍ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. സംഘടനകളും വ്യക്തികളും സ്വമേധയാ രംഗത്ത് വന്ന് പ്രവര്‍ത്തിക്കണം. എല്ലാം പ്രസിഡന്റ് ചെയ്‌തോളും എന്ന് കരുതി അംഗ സംഘടനകള്‍ മാറിനില്‍ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇത് മാറണം. ആദ്യം സംഘടനക്ക് നല്ലൊരു സെക്രട്ടറിയേറ്റും അതിനെ പ്രവര്‍ത്തിപ്പിക്കുന്ന സംഘടനാ ചട്ടക്കൂടും വേണം. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനാധിപത്യപരവുമാവണം.

മുശാവറയുടെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ മുസ്‌ലിംകളല്ലാത്ത പ്രമുഖരെയും, അവരുടെ ആയുഷ്‌ക്കാല സംഭാവനകള്‍ മാനിച്ച് ആദരിച്ചിരുന്നുവല്ലോ. മുസ്‌ലിംകളല്ലാത്തവരുമായി, പ്രത്യേകിച്ച് അവരിലെ ജനാധിപത്യ, സെക്യുലര്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുമായി അടുത്ത ബന്ധമുണ്ടാക്കാനുള്ള ശ്രമമായി ഇതിനെ കണ്ടുകൂടേ?

മുശാവറ അംഗങ്ങള്‍ക്കോ അല്ലെങ്കില്‍ മുസ്‌ലിം സമുദായത്തിലുള്ളവര്‍ക്കോ മാത്രമായി അത്തരം ആയുഷ്‌കാല പുരസ്‌കാരങ്ങള്‍ നല്‍കുന്നത് ന്യായമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. ഭാവിയിലും, മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തവരെ ആദരിക്കുകയും അവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ട്.

2000-ല്‍ മുശാവറ പിളര്‍ന്നപ്പോള്‍ ഒരു വിഭാഗത്തിന്റെ നേതൃത്വം സയ്യിദ് ശഹാബുദ്ദീന്നായിരുന്നു; മറ്റേ വിഭാഗത്തിന്റേത് മൗലാനാ സലീം ഖാസിമിക്കും. പിളര്‍പ്പിന്റെ കാരണങ്ങള്‍ വിശദീകരിക്കാമോ?

2000-ത്തില്‍ മുശാവറയുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. അത് നടത്തിയ രീതിയെക്കുറിച്ചും ഫലപ്രഖ്യാപനത്തെക്കുറിച്ചുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. സാങ്കേതികമായി ശഹാബുദ്ദീന്‍ ഉന്നയിച്ച വാദമുഖങ്ങള്‍ ന്യായമായിരുന്നെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയാറായില്ല. അതാണ് പിളര്‍പ്പിലേക്ക് എത്തിച്ചത്. വലിയൊരു സമുദായത്തിന്റെ പല അടരുകളുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ വിശാലമായ പരിപ്രേക്ഷ്യത്തില്‍ കാര്യങ്ങളെ നോക്കിക്കാണേണ്ടിവരും. സാങ്കേതികമായി മാത്രമല്ല, നിയമപരമായി ശരിയായ കാര്യങ്ങളില്‍ കൂടി ചിലപ്പോള്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരും. സമുദായത്തിന്റെ ഐക്യവും പൊതുനന്മയും മുന്നില്‍ വെച്ചുള്ള ഉദാരമായ സമീപനങ്ങളാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യം.

സുരക്ഷ, വിദ്യാഭ്യാസം, സംവരണം, മത-സാംസ്‌കാരിക സംരക്ഷണം, ആനുപാതിക പ്രാതിനിധ്യം തുടങ്ങി മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെയെല്ലാം ലിസ്റ്റ് ചെയ്യാന്‍ ഈ സുവര്‍ണ ജൂബിലി സമ്മേളനത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇവയെ എങ്ങനെ അഭിസംബോധന ചെയ്യാം എന്നതാണ് പ്രശ്‌നം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇത്തരം ആവശ്യങ്ങള്‍ എങ്ങനെ അംഗീകരിപ്പിക്കാമെന്നാണ് മുശാവറ കണക്കു കൂട്ടുന്നത്?

ഞങ്ങളുടേത് ഒരു ഉപദേശക സമിതിയാണ്. ഭരണഘടനാപരമോ നിയമപരമോ ആയ അധികാരങ്ങള്‍ ഞങ്ങള്‍ക്കില്ല. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ സജീവമായി നിലകൊള്ളുന്ന വ്യത്യസ്ത തലങ്ങളിലെ കൂട്ടായ്മകള്‍ക്ക് മുന്നില്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുക, സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സമുദായാംഗങ്ങള്‍ക്ക് കരുത്തും പ്രോത്സാഹനവും നല്‍കുക-ഇതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കിലും, കഴിഞ്ഞകാലങ്ങളില്‍ ചിലതെല്ലാം നേടിയെടുക്കാന്‍ ഈ വേദിയിലൂടെ കഴിഞ്ഞിട്ടുണ്ട്. സമുദായത്തിന് ഇനിയും പലതും ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുമുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ കൂട്ടായ്മയല്ലല്ലോ മുശാവറ. മതവും ജാതിയുമൊന്നും നോക്കാതെ മതനിരപേക്ഷ സ്ഥാനാര്‍ഥികളെയാണ് അത് പിന്തുണച്ചു പോന്നിട്ടുള്ളത്. പക്ഷേ, മുസ്‌ലിം സമുദായം ഇന്ന് രാഷ്ട്രീയമായും സാമൂഹികമായും വളരെയേറെ അരികുവത്കരിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്‌ലിമീന്‍ പോലുള്ള മുസ്‌ലിം പാര്‍ട്ടികളെ പിന്തുണക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

അഴിമതിമുക്തരായ സെക്യുലര്‍ സ്ഥാനാര്‍ഥികളെ പിന്തുണക്കുക എന്നതാണ് മുശാവറയുടെ പ്രഖ്യാപിത നയം. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലാവുമ്പോള്‍ ഈ ഗുണങ്ങളുള്ള മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ടാവുമെന്ന് മാത്രം. സംഘടനകളെയോ വ്യക്തികളെയോ പേരെടുത്ത് പറഞ്ഞുള്ള ചര്‍ച്ച ഞങ്ങള്‍ നടത്താറില്ല.

മുശാവറ എല്ലാ മുസ്‌ലിം കൂട്ടായ്മകളുടെയും 'പൊതുവേദി'യാണെന്നും 'പ്രമുഖ വ്യക്തിത്വങ്ങള്‍' അതില്‍ അണിനിരന്നിട്ടുണ്ടെന്നുമാണ് അവകാശവാദം. പക്ഷേ, സുവര്‍ണ ജൂബിലി ആഘോഷ വേളയില്‍ ആ വൈവിധ്യമൊന്നും വേണ്ടപോലെ അനുഭവപ്പെട്ടില്ല. ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

മുശാവറ മാത്രമാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദി എന്ന് പറയാവുന്നത്. മുമ്പും അങ്ങനെയായിരുന്നു; ഇപ്പോഴും അങ്ങനെ തന്നെ. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിനെപ്പോലുള്ള ചില സംഘടനകള്‍ അതില്‍ ഇല്ല എന്നത് നേരാണ്. ഏത് സംഘടനക്കും ഈ പൊതുവേദിയില്‍ ചേരാനോ, ചേര്‍ന്നവര്‍ക്ക് തന്നെ പുറത്ത് പോകാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്. പിരിഞ്ഞുപോയ ശേഷം തിരിച്ചുവന്ന പലരുമുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്, മൂമിന്‍ കോണ്‍ഫറന്‍സ് മുശാവറയില്‍ വീണ്ടും ചേരാന്‍ തീരുമാനിച്ചത്. പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, കുറെ പേര്‍ ഞങ്ങളുടെ കൂടെയുണ്ട് എന്നേ പറയാനാവൂ. ചില ഉപാധികള്‍ക്ക് വിധേയമായി ദേശീയതലത്തിലോ സംസ്ഥാന തലത്തിലോ ഉള്ള വ്യക്തിത്വങ്ങള്‍ക്ക് ഇതുമായി സഹകരിക്കാനുള്ള അവസരമുണ്ട്. വാതിലുകള്‍ അവര്‍ക്കായി തുറന്നിട്ടിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍