യുവത്വത്തിന് പിടികിട്ടാതെ പോകുന്നത്
ഇന്ത്യയില്‍ സുസ്ഥിര ഭരണം വരണം എന്നാഗ്രഹിച്ചിരുന്നവരാണ് ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന യുവാക്കള്‍. പത്ത് വര്‍ഷത്തെ യു.പി.എ ഭരണകാലത്ത് നടന്ന അധികാര വടംവലിയും അഴിമതി അടക്കമുള്ള കൊള്ളരുതായ്മകളും കാരണം അവര്‍ നിരാശരായിരുന്നു. അവരുടെ പ്രതീക്ഷയായിരുന്നു ജന്ദര്‍മന്ദിറില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍. അതിനു സോഷ്യല്‍ മീഡിയയില്‍ ലഭിച്ച പ്രതികരണം എല്ലാവരുടെയും പ്രതീക്ഷകള്‍ തെറ്റിക്കുന്ന തരത്തിലുള്ളതായിരുന്നു.
ഇന്ത്യയിലെ അധ്വാനിക്കുന്ന, വിദ്യാസമ്പന്നരായ യുവത്വം അവരുടെ പിന്തുണയുമായി ഒഴുകിയെത്തി. നേരിട്ട് വരാന്‍ പറ്റുന്നവര്‍ നേരിലും അല്ലാത്തവര്‍ ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയുള്ള സോഷ്യല്‍ മീഡിയ വഴിയും തങ്ങളുടെ പിന്തുണ അറിയിച്ചു. സ്മാര്‍ട്ട് ഫോണുകളുടെ തള്ളിച്ചയോടെ ഇന്ത്യയിലെ യുവാക്കളുടെ രീതിശാസ്ത്രം മാറിത്തുടങ്ങിയിരുന്നു, കൃത്യമായി രണ്ടോ മൂന്നോ പത്രങ്ങള്‍ വരെ വായിക്കുന്നവരായിരുന്നു മെട്രോകളിലെ അഞ്ചക്ക ശമ്പളം വാങ്ങുന്ന വൈറ്റ് കോളര്‍ ജോലിക്കാര്‍. ഇതിനിടയില്‍ ലോകത്ത് സംഭവിച്ച അറബ് വസന്തവും വാള്‍ സ്ട്രീറ്റ് സമരവും അവരില്‍ ആവേശമുണ്ടാക്കി. ഈ അവസരത്തില്‍ തന്നെ ഗോളടിക്കാന്‍ പറ്റി എന്നുള്ളതായിരുന്നു അണ്ണാ ഹസാരെ ടീമിന്റെ വിജയവും എന്നാല്‍ അവര്‍ക്ക് പിന്നീട് സമവായത്തില്‍ മുന്നോട്ടു പോകാന്‍ പറ്റിയില്ല. പ്രശ്‌നം അവരുടെതായിരുന്നില്ല, പ്രധാനമന്ത്രി കുപ്പായവും തുന്നി നടന്നിരുന്ന മോദിയും ടീമും പഴയ ബ്രിട്ടീഷ്‌കാരന്റെ വിരുതോടെ ആ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. കെജ്‌രിവാളും ടീമും അടിക്കാതെ പിരിയുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍.
ദല്‍ഹിയിലെ ഇലക്ഷന്‍ വിജയം ഈ യുവാക്കളുടെ പ്രത്യക്ഷത്തിലുള്ള പ്രതികരണം തന്നെയായിരുന്നു. അതിനെ മുതലെടുക്കുന്നതില്‍ മോദിയും കൂട്ടരും വിജയിക്കുകയും ചെയ്തു. അതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതും. മോദി എന്നുള്ളത് ഒരു ഐക്കന്‍ ആണ്. മോദിക്ക് അങ്ങനെ ഐക്കന്‍ ആയി ഇരിക്കാനാണ് സ്വയം താല്‍പര്യമെങ്കില്‍ മറ്റു പലര്‍ക്കും അദ്ദേഹത്തെ ഐക്കണായി ഇരുത്തേണ്ടത് അത്യാവശ്യവും. ഇതിനിടയില്‍ അടിയൊഴുക്കുകള്‍ പലതും നാം കാണാതെ പോകുന്നു. വിദ്യാഭ്യാസം, വാര്‍ത്താ വിനിമയം തുടങ്ങി ഒട്ടു മിക്ക കീ പോസ്റ്റുകളിലും തങ്ങളുടെ ആളുകളെ തിരുകി കയറ്റി സംഘ് പരിവാര്‍ അവരുടെ തേരോട്ടം എപ്പോഴേ ആരംഭിച്ചുകഴിഞ്ഞു എന്നുള്ളതാണ് അതിലൊന്ന്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാക്കിസ്താനിലേക്കുള്ള ടിക്കറ്റുമായി സാക്ഷിയെയും കൂട്ടരെയും കളത്തിലിറക്കാനും അവര്‍ മറന്നില്ല. ഇപ്പോള്‍ കാമറ ഫോക്കസ് മോദിയുടെയും സാക്ഷിയുടെയും പിറകെയാണ്. ആയിടക്കാണ് അദ്വാനി വിളിച്ചു പറഞ്ഞത്, ഇന്ത്യ ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന്. ജനാധിപത്യ ഇന്ത്യയിലെ ഭരണ ഘടനയില്‍ മാറ്റം വരുത്താന്‍ ഇരു സഭകളിലും നല്ല പ്രാതിനിധ്യം അത്യാവശ്യമാണ്. അത് ലഭിക്കാന്‍ വേണ്ടിയുള്ള ഗിമ്മിക്കുകളുമായിട്ടാണ് മോദിയും കൂട്ടരും പ്രതിനിധികള്‍ കൂടുതലുള്ള ബിഹാറിലേക്ക് വിമാനം കയറിയത്. അവിടെ ലക്ഷം കോടികളുടെ പ്രോജക്റ്റ് ഓഫര്‍ നല്‍കിയത് കൃത്യമായ ഉദ്ദേശ്യങ്ങളോടെ തന്നെ. ബിഹാറിലെ രാജ്യ സഭാ സീറ്റുകളുടെ വിലയാണ് അത്.
ഭരണ ഘടനയാണ് തങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നത് സംഘ്പരിവാറിന്റെ ഉറക്കം കെടുത്തുന്നുണ്ട്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച യുവത്വത്തിനു ഇതൊന്നും വിഷയമല്ല. അവരില്‍ പലരും ഇന്നും മോദിയുടെ മോടിയുടെ പിന്നാലെയാണ്. യഥാര്‍ഥ അജണ്ടയിലേക്ക് അവര്‍ എത്തുമ്പോഴേക്കും സമയം വൈകിപ്പോയിട്ടുണ്ടാകും. പിന്നീട് നാം, ഏറ്റവും വലിയ സൗകര്യങ്ങളോട് കൂടി ജീവിച്ചിരുന്നവര്‍ എന്നത് ചരിത്രം മാത്രമാവും. സൈബര്‍ ലോകത്തെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കൂച്ചു വിലങ്ങു വീഴുന്നതോടെ തീരും മോദിക്കെതിരെയുള്ള ശബ്ദങ്ങള്‍. അല്ലാത്തവരെയൊക്കെ നേരില്‍ തന്നെ ഒതുക്കാന്‍ ഭരണകൂടം ഇന്ന് ശക്തമാണ്. ഈ വിഷയത്തില്‍ നമ്മുടെ മൗനം ഭയാനകമാണ്. ഇന്നത്തെ മൗനത്തിന്റെ വില ഒരുപക്ഷെ അടിമത്തത്തേക്കാള്‍ കൂടുതലാവും. അത് കൊണ്ട് നിങ്ങള്‍ ശബ്ദിച്ചു കൊണ്ടേയിരിക്കുക; അനീതിക്കെതിരെ, നീതിക്ക് വേണ്ടി.
Comments