മുഖ്യപ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ച് മുശാവറയുടെ സുവര്‍ണ ജൂബിലി സമ്മേളനം
ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ(എ.ഐ.എം.എം.എം) അമ്പതാണ്ട് പിന്നിടുന്നതോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട സുവര്‍ണ ജൂബിലി സമ്മേളന ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത് വര്‍ഗീയ കലാപങ്ങള്‍, പൊതു മണ്ഡലങ്ങളില്‍ നിന്നുള്ള പുറന്തള്ളപ്പെടല്‍, മതസ്വാതന്ത്ര്യം തുടങ്ങി മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങള്‍. കഴിഞ്ഞ ആഗസ്റ്റ് 31-ന് ന്യൂദല്‍ഹിയിലെ ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലായിരുന്നു ആഘോഷ പരിപാടികള്‍. നൂറ് കണക്കിന് മുസ്‌ലിം ബുദ്ധിജീവികളും സംഘടനാ തലവന്മാരും മത- രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും പത്രപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൗരപ്രതിനിധികളും പങ്കെടുത്തു.
പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കുവെച്ചതും വിശാലമായ തലത്തില്‍ മുശാവറയുടെ തന്നെ ഉത്കണ്ഠകളായിരുന്നു. തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഉയര്‍ത്തിയത് 'സ്വത്വവും സുരക്ഷയും', 'വിദ്യാഭ്യാസവും ശാക്തീകരണവും' തുടങ്ങിയ വിഷയങ്ങളാണ്. 'സ്റ്റേറ്റ് നല്‍കുന്ന ആനുകൂല്യങ്ങളില്‍ നീതിയുക്തമായ പങ്ക്' മുസ്‌ലിം സമുദായത്തിനും ലഭിക്കേണ്ടതാണ്. തീരുമാനമെടുക്കുന്ന സമിതികളില്‍ അവര്‍ക്കും ന്യായമായ പങ്കാളിത്തം ഉണ്ടാവണം. അതിനാല്‍ മുസ്‌ലിംകളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള ഒരു കര്‍മപദ്ധതി(Affirmative Action) ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം ഭരണകൂടത്തെ ഉണര്‍ത്തി. സമുദായത്തെ പുറന്തള്ളുന്നതിലോ ഒറ്റപ്പെടുത്തുന്നതിലോ വിവേചനം കാണിക്കുന്നതിലോ (സുരക്ഷ നല്‍കുന്നതിലുള്ള വീഴ്ച ഉള്‍പ്പെടെ) ഗവണ്‍മെന്റോ അതിന്റെ ഏജന്‍സികളോ കുറ്റക്കാരാണെങ്കില്‍ ഭരണകൂടം തന്നെ അത് തിരുത്തണം. അത് എത്രയും നേരത്തെ ആവുന്നോ അത്രയും നല്ലത്. അതിനുവേണ്ട സാമഗ്രികള്‍ വികസിപ്പിച്ചെടുക്കുകയും വേണം.
വൈസ് പ്രസിഡന്റിന്റെ ഈ ആശങ്ക മതേതര പുരോഗമന വിഭാഗങ്ങളെല്ലാം പങ്കുവെച്ചതാണെങ്കിലും, അദ്ദേഹത്തെ ഒറ്റപ്പെടുത്തി തീവ്ര ഹിന്ദുത്വ വലത് പക്ഷം വിഷലിപ്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കുറച്ച് കാലമായി ഈ ടാര്‍ഗറ്റിംഗ് തുടങ്ങിയിട്ട്. 'വര്‍ഗീയ'വും 'രാഷ്ട്രീയ'വുമായ അഭിപ്രായ പ്രകടനം നടത്തിയതിന് അദ്ദേഹം മാപ്പ് പറയുകയോ രാജിവെക്കുകയോ ചെയ്യണമെന്നാണ് വി.എച്ച്.പി ആവശ്യപ്പെട്ടത്. കഴിഞ്ഞ മെയ് 21-ന് ഇന്റര്‍നാഷ്‌നല്‍ യോഗ ദിനാചരണത്തില്‍ ഹാമിദ് അന്‍സാരി പങ്കെടുത്തില്ല, ദേശീയ ഗാനം ആലപിച്ചപ്പോള്‍ സല്യൂട്ട് ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ നേരത്തെ തന്നെ കൊമ്പ് കോര്‍ക്കാന്‍ തുടങ്ങിയിരുന്നു.
ഡോ. അന്‍സാരിയുടെ പ്രസംഗത്തിന് ശേഷം മൂന്ന് സെഷനുകള്‍ നടന്നു. മുശാവറയുടെ ചരിത്രവും നേട്ടങ്ങളുമൊക്കെയാണ് ആദ്യ സെഷനില്‍ ചര്‍ച്ചയായത്. സാമ്പത്തികം, രാഷ്ട്രീയം, വിദ്യാഭ്യാസം, മീഡിയ, കലാപം, ഭീകരത എന്നിവയുമായി ബന്ധപ്പെടുത്തി രാജ്യവും മുസ്‌ലിം സമൂഹവും നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു രണ്ടാം സെഷനിലെ ചര്‍ച്ച. മൂന്നാം സെഷനിലാണ് 23 പ്രമുഖ വ്യക്തിത്വങ്ങളെ അവര്‍ നല്‍കിയ മഹത്തായ സംഭാവനകളുടെ പേരില്‍ ആദരിച്ചത്. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, ടീസ്റ്റ സെറ്റല്‍വാദ്, ജോണ്‍ദയാല്‍, ഹര്‍ഷ് മന്ദര്‍ തുടങ്ങി മുസ്‌ലിംകളല്ലാത്ത പ്രമുഖരും അവരില്‍ ഉള്‍പ്പെടും.
മുശാവറ എന്നാല്‍ അറബിയില്‍ കൂടിയാലോചന എന്നാണര്‍ഥം. വ ശാവിര്‍ഹും (അവരുമായി കൂടിയാലോചിക്കുക) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. മുശാവറയുടെ ലോഗോ ഈ വാക്യമാണ്. സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലേക്ക് അത് കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ട്. വ്യത്യസ്ത മുസ്‌ലിം കൂട്ടായ്മകള്‍ക്ക് പൊതുവേദി ഒരുക്കാനാണ് മുശാവറ യത്‌നിക്കുന്നത്. അങ്ങനെ കൂട്ടായി ചിന്തിച്ച്, സംസാരിച്ച് ഒരു പൊതു മിനിമം പരിപാടിയില്‍ എത്തിച്ചേരുക.
മുസ്‌ലിം സമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളുടെ ഒരു ചാര്‍ട്ടറും ജൂബിലി സമ്മേളനത്തില്‍ പുറത്തിറക്കിയിരുന്നു. ലജിസ്ലേറ്റീവ് സഭകളിലും പൊതുസ്ഥാപനങ്ങളിലും മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ 'ആനുപാതിക പ്രാതിനിധ്യം' എന്ന നിര്‍ദേശവും മുശാവറ മുന്നോട്ടുവെച്ചു. അടുത്ത കാലത്തായി ഇതു സംബന്ധമായ ഒരു കാമ്പയിന്‍ നടന്നുവരുന്നുണ്ട്. 2013-ല്‍ സീഷാന്‍ ശൈഖ് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്, ബി.ജെ.പി ഭരിച്ച പതിമൂന്ന് സംസ്ഥാനങ്ങളില്‍ ഒരൊറ്റ മുസ്‌ലിം മന്ത്രിയും ഉണ്ടായിരുന്നില്ല എന്നാണ്. കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലെ സ്ഥിതിയും ഒട്ടും മെച്ചമല്ല.
മുസ്‌ലിംകളുടെ രാഷ്ട്രീയമായ പുറന്തള്ളപ്പെടലിനെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് നിയോഗിച്ച ഡോ. മഹ്മൂദ് റഹ്മാന്‍ കമ്മിറ്റി മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ സംവരണം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. 'മുസ്‌ലിംകള്‍ക്ക് പേരിനെന്തെങ്കിലും പ്രാതിനിധ്യം നല്‍കി രക്ഷപ്പെടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യാറുള്ളത്. നയങ്ങളെ സ്വാധീനിക്കുന്ന സ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ഇല്ലാതെ പോയതാണ് അവര്‍ ഇന്നെത്തിപ്പെട്ടിരിക്കുന്ന അവസ്ഥക്ക് ഒരു പ്രധാന കാരണം. മുസ്‌ലിം സമുദായത്തെ ഉയര്‍ത്തിക്കൊണ്ട് വരണമെന്നുണ്ടെങ്കില്‍ മന്ത്രിസഭയില്‍ അവര്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കേണ്ടതുണ്ട്.'
മുശാവറ സ്വയം ഒരു 'അരാഷ്ട്രീയ വേദി'യായി വിശേഷിപ്പിക്കാറുണ്ടെങ്കിലും, 'പാര്‍ലമെന്റ്-അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം സമുദായത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും; മതനിരപേക്ഷ കക്ഷികളെ ശക്തിപ്പെടുത്തുകയും പാര്‍ലമെന്റിലും അസംബ്ലികളിലും മുസ്‌ലിംകള്‍ക്ക് മതിയായ പ്രാതിനിധ്യം നേടിക്കൊടുക്കുകയുമാണ് ലക്ഷ്യം' എന്ന് അത് വ്യക്തമാക്കിയിട്ടുണ്ട്. 'മത ജാതി പരിഗണനകള്‍ നോക്കാതെ ഏറ്റവും വിജയ സാധ്യതയുള്ള സെക്യുലര്‍ സ്ഥാനാര്‍ഥികളെ പിന്തുണക്കുക' എന്നതും അതിന്റെ നയമാണ്. വെറുതെയല്ല യുനൈറ്റഡ് ജനതാദളിന്റെ രാജ്യസഭാംഗം കെ.സി ത്യാഗി സമ്മേളന സെഷനുകളില്‍ നിറഞ്ഞുനിന്നത്. വരാന്‍ പോകുന്ന ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്കെതിരെ അണിനിരക്കുന്ന ജെ.ഡി(യു)-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് 'മഹാ സഖ്യം' സംസ്ഥാനത്തെ മുസ്‌ലിം വോട്ടുകളില്‍ തീര്‍ച്ചയായും കണ്ണുവെക്കുന്നുണ്ട്. മുശാവറയുടെ പിന്തുണ അവര്‍ക്കതിന് ആവശ്യമാണ്.
വര്‍ഗീയ കലാപങ്ങളെക്കുറിച്ച് മുശാവറയുടെ നിലപാട് വളരെ വ്യക്തമാണ്. 'വര്‍ഗീയ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റ് വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസമെങ്കിലും നീക്കിവെക്കണം. ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ ഒരു കൂടിച്ചേരലെങ്കിലും ഓരോ വര്‍ഷവും നടന്നിരിക്കണം.' ഒപ്പം, 'ജസ്റ്റിസ് ലിബര്‍ഹാന്‍-ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷനുകളുടെ നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റ് നടപ്പില്‍ വരുത്തുകയും വേണം.' എല്ലാ വിഭാഗങ്ങളുടെയും അഭിമാനവും സുരക്ഷയും ഉറപ്പ് വരുത്താന്‍ ഗവണ്‍മെന്റ് അതിന് മുന്‍കൈയെടുക്കണമെന്നും മുശാവറ ആവശ്യപ്പെടുന്നു.
നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം 'കടുപ്പം കുറഞ്ഞ' വര്‍ഗീയ കലാപങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതും പതിവായിരിക്കുന്നു. ദേശീയ തലസ്ഥാനമായ ന്യൂദല്‍ഹിയിലെ ത്രിലോകപുരി ഏരിയകളില്‍ പോലും ഹിന്ദുത്വ ശക്തികള്‍ പോലീസ് സഹായത്തോടെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. മുസ്‌ലിംകളെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. പലപ്പോഴും ചര്‍ച്ചുകള്‍ കൈയേറ്റം ചെയ്യപ്പെടുകയുണ്ടായി.
മതപരവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ നടക്കുന്ന കൈയേറ്റങ്ങളും മുശാവറ സമ്മേളനം ചര്‍ച്ച ചെയ്തു. 'ഘര്‍വാപസി' എന്ന് പേരിട്ട് മുസ്‌ലിംകളെ ഹിന്ദുമതത്തിലേക്ക് മതം മാറാന്‍ നിര്‍ബന്ധിക്കുകയാണ്. ഇസ്‌ലാം ആശ്ലേഷിച്ചവരോട് ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചുവരണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, 'സൂര്യ നമസ്‌കാര്‍', 'യോഗ' പോലുള്ളതിനെ ചുറ്റിപ്പറ്റി നടന്നുകൊണ്ടിരിക്കുന്ന സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിരാക്കുകയാണ്. മുശാവറ ചാര്‍ട്ടറില്‍ ഈ ഉത്കണ്ഠ പങ്കുവെക്കുന്നുണ്ട്. 'ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത സമൂഹത്തില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം പൂര്‍ണമായി സംരക്ഷിക്കപ്പെടണം. നിര്‍ബന്ധിച്ചുള്ള മതം മാറ്റത്തെ തടഞ്ഞുകൊണ്ടും വിവാഹം, ജനനം, മരണം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളില്‍ കടന്നുകയറുന്നില്ല എന്ന് ഉറപ്പ് വരുത്തിക്കൊണ്ടും എല്ലാ മതസമൂഹങ്ങളുടെയും ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടും മാത്രമേ ഇത് സാധ്യമാകൂ.'
സച്ചാര്‍-മിശ്ര കമീഷനുകള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പതിതാവസ്ഥ വരച്ചു കാണിക്കുന്നുണ്ട്. അത്തരം പിന്നാക്ക വിഭാഗങ്ങള്‍ക്കെല്ലാം സംവരണം നല്‍കണമെന്ന് മുശാവറ ആവശ്യപ്പെടുന്നു. 1950-ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവാണ് ക്രിസ്ത്യാനികളും മുസ്‌ലിംകളുമായ ദലിതുകള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ നിമിത്തമായത്. ആ ഉത്തരവ് പിന്‍വലിക്കാന്‍ ഭരണകൂടം തയാറാകണം.
മുശാവറയുടെ രൂപീകരണ പശ്ചാത്തലവും സമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടു. തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തില്‍ റൂര്‍ക്കല, ജാംഷെഡ്പൂര്‍, ജബല്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വന്ന സന്ദര്‍ഭം. ഇത് ഭയത്തിന്റേതായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. വര്‍ഗീയ കലാപങ്ങള്‍ മാത്രമായിരുന്നില്ല പ്രശ്‌നം. സമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കിയതോടെ പല കുടുംബങ്ങളും സാമ്പത്തികമായി ക്ഷയിച്ചു. സംവരണം പോലുള്ള സംരക്ഷണോപാധികള്‍ മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെട്ടു. കൂടാതെ ഉര്‍ദുവിനോടുള്ള അവഗണനയും. സംസ്‌കൃതവത്കരിക്കപ്പെട്ട ഹിന്ദി അടിച്ചേല്‍പ്പിക്കുകയും ചെയ്തു. മുസ്‌ലിം സംരംഭകര്‍ക്ക് താങ്ങ് നല്‍കുന്നതിലും ഭരണകൂടം പരാജയപ്പെട്ടു. ഈയൊരു പശ്ചാത്തലത്തിലാണ് 1964 ആഗസ്റ്റ് 8,9 തീയതികളില്‍ ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ സുലൈമാനിയ ഹാളില്‍ അന്ന് എം.പിയായിരുന്ന സയ്യിദ് മഹ്മൂദ് ചെയര്‍മാനായി ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ രൂപീകരിക്കപ്പെട്ടത്. മുസ്‌ലിം ലീഗ്, ഖിലാഫത്ത് കമ്മിറ്റി, ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്ത് ഉലമായേ ഹിന്ദ്, തഅ്മീറാത്തി മില്ലത്ത് ഹൈദരാബാദ്, ഇമാറത്ത് ശറഇയ്യ (ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒറീസ) തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള ഒട്ടേറെ പ്രതിനിധികള്‍ ഈ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
മുശാവറയുടെ രൂപവത്കരണ സമ്മേളനത്തില്‍ സ്വാഗത ഭാഷണം നടത്തിയ പ്രമുഖ അറബി സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനുമായ അബുല്‍ ഹസന്‍ അലി നദ്‌വി ഈ പൊതുവേദിയുടെ ലക്ഷ്യം കുറഞ്ഞ വാക്കുകളില്‍ ഇങ്ങനെ കോറിയിട്ടിട്ടുണ്ട്. 'നമ്മള്‍ അടിയന്തരമായും അകറ്റിനിര്‍ത്തേണ്ടത് ശൈഥില്യത്തെ(ഇന്‍തിശാര്‍)യാണ്, സംഘടനാപരമായ ഈഗോ (ജമാഅത്തീ അനാനിയ്യത്ത്)യെയാണ്, വിഭാഗീയമായ മുന്‍ധാരണകളെ (ഗ്രൂഹി അസ്വബിയ്യത്ത്)യാണ്, തങ്ങള്‍ ഉയര്‍ന്നവരെന്ന വൈകാരികാവേശ(ജസ്ബായെ തഫവ്വുഖ്)ത്തെയാണ്.'
ഇങ്ങനെയൊക്കെയാണെങ്കിലും മുശാവറ ശില്‍പികളുടെ സ്വപ്നം പൂവണിഞ്ഞു എന്നു പറയാനാവില്ല. ജംഇയ്യത്ത് ഉലമായേ ഹിന്ദ് പോലുള്ള പല പ്രമുഖ സംഘടനകളും ഇപ്പോഴും ഈ പൊതുവേദിയിലേക്ക് കടന്നുവന്നിട്ടില്ല. മുശാവറ പ്രസിഡന്റ് സഫറുല്‍ ഇസ്‌ലാം ഖാന്‍ ഈ പോരായ്മ അംഗീകരിക്കുന്നുണ്ട്: ''ശരിയാണ്, ചില സംഘടനകള്‍ ഈ പൊതുവേദിയുടെ ഭാഗമല്ല; പ്രത്യേകിച്ച് ജംഇയ്യത്ത് ഉലമായേ ഹിന്ദ്. ഈ പൊതുവേദിയില്‍ നില്‍ക്കാനും അതില്‍ നിന്ന് വിട്ടുനില്‍ക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.'' അതേസമയം, മറ്റു രണ്ട് പ്രമുഖ സംഘടനകളായ ജമാഅത്തെ ഇസ്‌ലാമിയും അഹ്‌ലെ ഹദീസും മുശാവറ സുവര്‍ണ ജൂബിലി പരിപാടിയില്‍ വളരെ സജീവമായിരുന്നു. സമ്മേളനത്തിന്റെ രണ്ടാം സെഷന് ആധ്യക്ഷം വഹിച്ചത് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരിയായിരുന്നു. പല സംഘടനകളെയും ഈ പൊതുവേദിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ആഭ്യന്തര പ്രശ്‌നങ്ങളും ഇടക്കാലത്ത് രൂക്ഷമായിരുന്നു. 2000-ത്തില്‍ സംഘടന പിളര്‍ന്നു. ഒരു ഗ്രൂപ്പിന്റെ നേതാവ് സയ്യിദ് ശഹാബുദ്ദീന്‍, മറ്റേ ഗ്രൂപ്പിന്റേത് മൗലാനാ സലീം ഖാസിമി. നിലവിലുള്ള മുശാവറയഉടെ പ്രസിസഡന്റ് സഫറുല്‍ ഇസ്‌ലാം ഖാന്റെ ശ്രമഫലമായി രണ്ട് വര്‍ഷം മുമ്പ് ഇരു ഗ്രൂപ്പുകളെയും ഒന്നിപ്പിക്കാന്‍ സാധിച്ചു.
രണ്ട് ഗ്രൂപ്പുകളും ഒന്നിക്കുകയും വിജയകരമായി സുവര്‍ണ ജൂബിലി പരിപാടി സംഘടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടാന്‍ ഈ വേദിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. അത് യാഥാര്‍ഥ്യമായി പുലരണമെങ്കില്‍ മുസ്‌ലിം സംഘടനകളുമായും ജനാധിപത്യ മതേതര കൂട്ടായ്മകളുമായും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും അവരുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാനും മുശാവറക്ക് കഴിയണം.
Comments