അടിച്ചേല്‍പിക്കേണ്ടതല്ല ആഘോഷങ്ങള്‍
അടിച്ചേല്‍പിക്കേണ്ടതല്ല ആഘോഷങ്ങള്‍
ഓണാഘോഷത്തെക്കുറിച്ച പ്രബോധനം ലേഖനം വായിച്ചു. ഓണത്തിന് രണ്ട് തലങ്ങളുണ്ടെന്നും അതിലൊന്ന് കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ടതാണെന്നും അബ്ദുല്‍ ഹകീം നദ്‌വിഎഴുതുന്നു. ഓണത്തെ കാര്‍ഷികോത്സവമായും വസന്തോത്സവമായും പലരും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, കേരളത്തിലെ വിളവെടുപ്പ് കാലം കന്നി, തുലാം മാസങ്ങളിലാണെന്നും, വസന്തകാലം വൃശ്ചികം, ധനു മാസങ്ങളിലാണെന്നും നാമോര്‍ക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ മാവേലിക്കഥയോട് യോജിക്കാനാവാത്തവരെ കൂടി ഓണം ആഘോഷിപ്പിക്കാനാണ് ഈ കൃത്രിമ വിളവെടുപ്പും പൊയ് വസന്തവും സൃഷ്ടിച്ചത്.
ഓണത്തെ വിമര്‍ശിക്കുന്നവരാരും അതാഘോഷിക്കരുതെന്ന് പറയുന്നില്ല. കേരളത്തിന്റെ ദേശീയോത്സവമാണ് ഓണമെന്ന് പറയുന്നതിനോടേ വിയോജിപ്പുള്ളൂ. മാവേലി എന്ന രാജാവ് കേരളം ഭരിച്ചിരുന്നതായി പുരാണങ്ങളിലൊന്നും പരാമര്‍ശമുള്ളതായി കേട്ടിട്ടില്ല. മഹാബലി നര്‍മദാ തീരത്ത് യാഗം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വാമനന്‍ പ്രത്യക്ഷപ്പെട്ടതും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതെന്നുമാണ് ഐതിഹ്യം. പില്‍ക്കാലത്ത് നര്‍മദാ തീരത്തു നിന്ന് കേരളത്തിലേക്ക് കുടിയേറിയ ആര്യന്മാരാണ് മാവേലിക്കഥ കേരളത്തിലെത്തിച്ചത്. അതുകൊണ്ടു കൂടിയാണ് ഓണത്തെ മലയാളിയുടെ ദേശീയോത്സവമാക്കുന്നതിനോട് വിയോജിക്കുന്നത്. യഥാര്‍ഥത്തില്‍ ഓണത്തെ ദേശീയോത്സവ പട്ടം ചാര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ആര്യനിസവും ദേശീയതയും തമ്മിലുള്ള പാരസ്പര്യത്തെ സംബന്ധിച്ചുള്ള ഫാഷിസ്റ്റുകളുടെ വാദത്തെ നാം അറിയാതെ അംഗീകരിച്ചു പോവുകയാണ്.
ഭാഷാപരമായ ഏകതയല്ലാതെ മലയാളിയെ കോര്‍ത്തിണക്കുന്ന ചരടുകളൊന്നുമില്ല. എന്നിരിക്കെ, ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ/ ആചാരങ്ങളെ/ ആഘോഷങ്ങളെ മറ്റൊരു വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. തീര്‍ത്തും സവര്‍ണമായ ഒരു പുരാവൃത്തത്തില്‍ നിന്നാണ് ഓണം പിറവി കൊണ്ടത്. സവര്‍ണ വൃത്തങ്ങളില്‍ മാത്രം അലയടിക്കേണ്ട പൂവിളി മറ്റു വിഭാഗങ്ങളെക്കൊണ്ട് കൂടി ഏറ്റു വിളിപ്പച്ചതിനു പിന്നിലെ ഗൂഢതന്ത്രം അവര്‍ണ ജനത ഉയിര്‍ത്തെഴുന്നേല്‍പിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്ന ഈ ഘട്ടത്തിലെങ്കിലും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.
ഖാലിദ് മോഴിക്കല്‍, പൂക്കോട്ടൂര്‍
ഈ ദുല്‍ഹജ്ജ് മാസത്തിലെങ്കിലും
യുദ്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍
ഹജ്ജിന്റെ സമയം സമാഗതമായിക്കഴിഞ്ഞു. അറബ് മുസ്‌ലിം ലോകം ഇപ്പോഴും അശാന്തിയുടെ കരിനിഴലിലാണ്. യുദ്ധവും ആഭ്യന്തര കലഹവും പ്രതികാര നടപടികളും അതിന്റെ ഉച്ചിയില്‍ എത്തി നില്‍ക്കുന്നു.
ഹജ്ജിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് പരിശുദ്ധ മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന തീര്‍ഥാടകര്‍ക്ക് വെടിയൊച്ചയുടെ ശബ്ദം അലോസരമുണ്ടാക്കുന്നു. ഹജ്ജ് യാത്രികര്‍ക്ക് മാത്രമല്ല അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന ഭൂമിയിലെ എല്ലാ വിശ്വാസികള്‍ക്കും അറബ്-മുസ്‌ലിം ലോകത്തെ ആഭ്യന്തര ശൈഥില്യവും യുദ്ധവും അലോസരമുണ്ടാക്കുന്നു.
യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍ ഒന്നാണ് ദുല്‍ഹജ്ജ്. സമാധാനപൂര്‍ണമായി യാത്ര ചെയ്ത് ഹജ്ജ് നിര്‍വഹിച്ച് അവരവരുടെ സ്വദേശങ്ങളിലേക്ക് നിര്‍ഭയമായി മടങ്ങാനുള്ള മാസമാണ് ദുല്‍ഹജ്ജ്. ഈ മാസത്തില്‍ യുദ്ധം നിഷിദ്ധമാണ്. പവിത്രമായ ഈ മാസത്തെ ആദരിക്കല്‍ ലോക മുസ്‌ലിംകളുടെ ബാധ്യതയും കടമയുമാണ്.
ഹജ്ജ് മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആഭ്യന്തര കലഹങ്ങളും യുദ്ധങ്ങളും താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെക്കാന്‍ അറബ് മുസ്‌ലിം ഭരണാധികാരികളും പ്രക്ഷോഭകാരികളും തയാറാകണം.
അബ്ദുല്‍ മലിക് മുടിക്കല്‍
കല്‍ബുര്‍ഗി, പന്‍സാരെ, ദഭോല്‍ക്കര്‍ വധം വിളിച്ചു പറയുന്നത്
മതങ്ങളെ പറ്റിയുള്ള ചര്‍ച്ചകളിലും സംവാദങ്ങളിലും സെമിറ്റിക് മതങ്ങളായ ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ അവയുടെ അടിസ്ഥാന 'ടെക്സ്റ്റു'കളില്‍ തന്നെ സങ്കുചിതത്വവും അസഹിഷ്ണുതയും ഉള്ളടങ്ങിയതാണ് എന്ന് ഹൈന്ദവ തീവ്രവാദത്തെ അനുകൂലിക്കുന്നവരും അല്ലാത്തവരും പറയാറും എഴുതാറുമുണ്ട്. വിശിഷ്യ ഇസ്‌ലാമിനെ സഹിഷ്ണുതയുടെ പേരില്‍ അവര്‍ ടാര്‍ഗറ്റ് ചെയ്യാറുണ്ട്. ഇസ്‌ലാമിന്റെ കണിശമായ ഏകദൈവ സിദ്ധാന്തവും സദാചാര സങ്കല്‍പവുമാണ് മറ്റു മതങ്ങളെയും ദര്‍ശനങ്ങളെയും അസഹിഷ്ണുതയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നത് എന്ന് അവര്‍ വാദിക്കാറുമുണ്ട്. ആ വാദം സ്ഥാപിക്കാന്‍ ഉദാഹരിക്കാറുള്ളത്, ഇസ്‌ലാം ഒട്ടും കലര്‍പ്പില്ലാത്ത ഒരു തെളിനീര്‍ അരുവിയാണെങ്കില്‍ ഹൈന്ദവ ദര്‍ശനം ശുദ്ധവും അശുദ്ധവുമായ എല്ലാ അരുവികളെയും പ്രവാഹങ്ങളെയും ഉള്‍ക്കൊള്ളാന്‍ വിശാലതയുള്ള മഹാ സമുദ്രങ്ങളാണ് എന്ന ഉപമ പറഞ്ഞാണ്. അതായത് ഹൈന്ദവ ദര്‍ശനം, എല്ലാ കാഴ്ചപ്പാടുകളെയും അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളാന്‍ നൈസര്‍ഗികമായി തന്നെ വിശാലത ഉള്ളതാണ് എന്നര്‍ഥം.
ഗാന്ധിജിയുടെ വധവും ബാബരി മസ്ജിദ് ധ്വംസനവും എണ്ണമറ്റ ന്യൂനപക്ഷ വിരുദ്ധ വര്‍ഗീയ കലാപങ്ങളും മേല്‍ പറഞ്ഞ വാദം പൊള്ളയാണെന്ന് തെളിയിച്ചിട്ടുണ്ട്. 1913 ആഗസ്റ്റ് 20-ന് മന്ത്രവാദ വിരുദ്ധ ബില്ലിന് വേണ്ടി പ്രയത്‌നിച്ച നരേന്ദ്ര ദഭോല്‍ക്കര്‍ കൊല ചെയ്യപ്പെട്ടു. ഛത്രപതി ശിവജിയെ പറ്റി പരമ്പരാഗത രീതിക്കപ്പുറത്തുള്ള ഒരഭിപ്രായം പ്രകടിപ്പിച്ച മഹാരാഷ്ട്രയിലെ സമുന്നതനായ കമ്യൂണിസ്റ്റ് നേതാവും പണ്ഡിതനുമായിരുന്ന ഗോവിന്ദ് പന്‍സാരെ ഈ വര്‍ഷം ഫെബ്രുവരി 20-നും വധിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ ആഗസ്റ്റ് 30-ന് കല്‍ബുര്‍ഗിയും സമാന രീതിയില്‍ കൊല്ലപ്പെട്ടു. അന്ധവിശ്വാസങ്ങളെയും വിഗ്രഹാരാധനയെയും പണ്ഡിതോചിതം വിമര്‍ശിച്ചു എന്നാണ് കല്‍ബുര്‍ഗി ചെയ്ത കുറ്റം. ഇനിയും ഈ ഗണത്തില്‍ പെട്ട ചിലര്‍ക്കെതിരെ പരസ്യമായ വധഭീഷണി നിലനില്‍ക്കുന്നു. വലിയ വര്‍ത്തമാനങ്ങള്‍ പറയുമ്പോഴും ഹൈന്ദവ ഫാഷിസ്റ്റുകള്‍ ആശയപരമായ പാപ്പരത്തവും ഭീരുത്വവും അനുഭവിക്കുന്നു എന്നതല്ലേ ഇതെല്ലാം കാണിക്കുന്നത്?
പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍
അറബിക് സര്‍വകലാശാലയും
അനാവശ്യ വിവാദവും
അറബിക് സര്‍വകലാശാലയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലെ ഒരു പ്രധാന ചര്‍ച്ച. നിഷ്പക്ഷമായി കാര്യങ്ങള്‍ വിലയിരുത്തുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന ഒരു വസ്തുതയാണ് കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു അറബിക് സര്‍വകലാശാല ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയും അതിന് തുരങ്കം വെക്കുന്നവരുടെ ഉള്ളിലിരിപ്പും. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതവും ലഭിക്കാനായി കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വന്ന അനാഥ കുരുന്നുകളുടെ ഭാവി നശിപ്പിക്കാന്‍ കാര്‍മികത്വം വഹിച്ചവരെ കേരളം കണ്ടതാണ്. അവര്‍ തന്നെയാണ് അറബി സര്‍വകലാശാല നിലവില്‍ വന്നാല്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാകുമെന്ന് ഫയലില്‍ കുറിച്ചതും. കേരളത്തില്‍ അഞ്ചു ശതമാനം ജനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സംസ്‌കൃതത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വകലാശാലയുണ്ടാക്കിയത് നല്ല കാര്യം തന്നെ. അതോടൊപ്പം 25 ശതമാനത്തിലധികം ജനങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഒരു ഭാഷയുടെ പേരില്‍ സര്‍വകലാശാല ഉയര്‍ന്നാല്‍ അതിനെക്കാള്‍ നല്ല കാര്യമാണെന്ന തിരിച്ചറിവ് കൂടി ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കുണ്ടാകേണ്ടിയിരിക്കുന്നു. ഇപ്പറയുന്ന അറബിഭാഷയാകട്ടെ കേരളത്തിലെ എല്ലാ മതക്കാരും ജാതിക്കാരും തൊഴില്‍ തേടിപ്പോകുന്ന അറബ് നാടുകളിലെ ഭാഷയുമാണ്. ഒരു വിഭാഗത്തിന്റെ മതഭാഷ എന്നതിനപ്പുറം കേരളീയരുടെ തൊഴിലുമായി ബന്ധപ്പെട്ട ഭാഷയാണ് അതെന്ന് സാരം.
എന്നിട്ടും ലോകത്തെ 27 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും 300 മില്യന്‍ ജനതയുടെ രാഷ്ട്ര ഭാഷയും 200 കോടി മനുഷ്യരുടെ മത ഭാഷയുമായ അറബി പഠിക്കുന്നതിലൂടെ കേരളത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് 'ബൈനോക്കുലര്‍' വെച്ച് 'കണ്ടെത്തുന്നവര്‍' യൂറോപ്പിനെയും അമേരിക്കന്‍ നാടുകളെയും ജപ്പാനെയുമെല്ലാം നോക്കിപ്പഠിക്കേണ്ടിയിരിക്കുന്നു. ഔദ്യോഗിക ഭാഷകള്‍ക്ക് ശേഷം മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വ്യാപകമാണ് ഇന്ന് അറബി ഭാഷാ പഠനം.
എം. അശ്‌റഫ് ഫൈസി കാവനൂര്‍
ആ പരാമര്‍ശം തെറ്റാണ്
ലക്കം 2916-ല്‍ സര്‍ബാസ് റൂഹുല്ല റിസ്‌വിയുടെ സംഭാഷണത്തില്‍ 'ശീഈ പണ്ഡിതനായ ശൈഖ് മഹ്മൂദ് ശല്‍തൂത്ത്' എന്നെഴുതിയത് തെറ്റാണ്. അദ്ദേഹം പ്രമുഖ സുന്നീ പണ്ഡിതനാണ്. ശീഈ അല്ല.
അബൂ തബ്ശീര്‍
Comments