Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

സര്‍ഖാവിയും ഭീകരക്കൊലകളും

അശ്‌റഫ് കീഴുപറമ്പ് /പഠനം

ഐസിസ് പുനരുല്‍പാദിപ്പിക്കുന്നത്.... -5

         ഐസിസ് പൊട്ടിമുളച്ചത് അല്‍ഖാഇദയുടെ ആശയപരിസരത്ത് നിന്നായതിനാല്‍, രണ്ട് സംഘങ്ങളും പങ്കുവെക്കുന്ന ഒരു പൊതു ചരിത്രമുണ്ട്. ആ പൊതുചരിത്രത്തെ രണ്ടായി വിഭജിക്കാം. ഒന്ന്, അഫ്ഗാനിസ്താനില്‍ നിന്നുള്ള സോവിയറ്റ് ചെമ്പടയുടെ പിന്‍മാറ്റം മുതല്‍ അമേരിക്കയിലെ ഭീകരാക്രമണം വരെ (1989-2001). രണ്ട്, അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ തകര്‍ച്ച മുതല്‍ ഉസാമാ ബിന്‍ ലാദന്റെ വധം വരെ (2001-2011). ഇതില്‍ ഒന്നാം ഘട്ടത്തിലാണ് അല്‍ഖാഇദയുടെ വേരുകള്‍ വിവിധ നാടുകളിലേക്ക് പടരുന്നതും ആക്രമണത്തിന്റെ സ്ട്രാറ്റജി അവര്‍ രൂപപ്പെടുത്തുന്നതും. അഫ്ഗാന്‍ ജിഹാദില്‍ പങ്കെടുക്കാനായി പല നാടുകളില്‍ നിന്ന് ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. സോവിയറ്റ് പട പിന്‍വാങ്ങിയ ശേഷം, തങ്ങള്‍ വന്ന നാടുകളിലേക്കുള്ള അവരുടെ തിരിച്ച് പോക്ക് അത്ര എളുപ്പമായിരുന്നില്ല. സായുധ പോരാട്ടങ്ങള്‍ നടത്തിയിരുന്ന ആളുകളെന്ന നിലയില്‍ അവരെ സ്വീകരിക്കാന്‍ പല അറബ് നാടുകളും തയ്യാറായില്ല. അവരില്‍ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ അല്‍ഖാഇദക്ക് കഴിഞ്ഞു. അള്‍ജീരിയയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നത് ഈ കാലത്താണ് (1991). പിന്നെയുള്ള പത്ത് വര്‍ഷം അള്‍ജീരിയയുടെ 'കറുത്ത പതിറ്റാണ്ട്' (അല്‍ അശരിയ്യതുസ്സൗദാഅ്) ആയിരുന്നു. ഏകാധിപത്യ ഭരണകൂടവും അതിനെ അട്ടിമറിക്കാന്‍ രംഗത്ത് വന്ന സായുധ സംഘങ്ങളും മത്സരിച്ച് കൂട്ടക്കൊലകള്‍ നടത്തി. അല്‍ഖാഇദയുടെ ആദ്യ പരിശീലന കളരികളിലൊന്നായി അതിനെ കാണാം. ചെച്‌നിയയിലെയും (1994-96) ബോസ്‌നിയയിലെയും (1992-95) ആഭ്യന്തര സംഘര്‍ഷങ്ങളിലും അല്‍ഖാഇദ ബന്ധമുള്ളവര്‍ ഭാഗഭാക്കായിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് ഈജിപ്തില്‍ അല്‍ജമാഅ അല്‍ ഇസ്‌ലാമിയ്യ എന്ന സായുധ സംഘം ശക്തിപ്പെട്ടത് (1992-97); 1997 ല്‍ അവര്‍ 'പുനരാലോചന' നടത്തി അക്രമത്തിന്റെ വഴികള്‍ കൈയൊഴിച്ചെങ്കിലും. ഈ സംഭവങ്ങളില്‍ അല്‍ഖാഇദയുടെ പങ്ക് എത്രത്തോളം എന്ന് നിര്‍ണയിക്കുക പ്രയാസമാണ്. അല്‍ഖാഇദ ബന്ധമുള്ളവര്‍, പിന്നീട് അതിന്റെ നേതൃത്വത്തില്‍ എത്തിപ്പെട്ടവര്‍ ഈ ആഭ്യന്തര യുദ്ധങ്ങളില്‍ പങ്കെടുത്തിരിക്കാമെന്നല്ലാതെ, ചെച്‌നിയക്കാരും ബോസ്‌നിയക്കാരും അതിജീവനത്തിനും സ്വത്വസംരക്ഷണത്തിനും വേണ്ടി നടത്തിയ വിമോചനപ്പോരാട്ടങ്ങളെ മൊത്തം അല്‍ഖാഇദയുടെ ചെലവിലെഴുതുന്ന വിശകലന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത് ചരിത്രത്തെ വികലപ്പെടുത്തി വായിക്കലാണ്. മറുവായനകള്‍ കാര്യമായൊന്നും ഇല്ലാത്തതിനാല്‍ മുസ്‌ലിം മുഖ്യധാരാ സംഘടനകള്‍ വരെ ഈ വിശകലനങ്ങള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. 

അഫ്ഗാനിസ്താനില്‍ നിന്ന് ബിന്‍ലാദന്‍ മടങ്ങുന്നത് സുഡാനിലേക്കാണ്. നാല് വര്‍ഷം അവിടെ താമസിക്കുകയും ചെയ്തു (1992-96). ഈജിപ്തില്‍ അല്‍ജമാഅ അല്‍ ഇസ്‌ലാമിയ്യ തുടരെത്തുടരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലമായതിനാല്‍, അയല്‍നാട്ടില്‍ താമസിക്കുന്ന ബിന്‍ലാദനാണ് അതിന്റെ പിന്നിലെന്ന് ഈജിപ്ഷ്യന്‍ ഭരണകൂടം ആരോപിച്ചിരുന്നു. 'മുജാഹിദ്' (പോരാളി) ആയിട്ടല്ല, 'മുസ്തസ്മിര്‍' (സംരംഭകന്‍) ആയിട്ടാണ് ബിന്‍ലാദന്‍ വന്നിരിക്കുന്നതെന്ന് സുഡാന്‍ ഗവണ്‍മെന്റ് മറുപടി പറയുകയും ചെയ്തു. വെറും സംരംഭകനായിട്ടായിരുന്നില്ല ബിന്‍ലാദന്റെ വരവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. 1994-ല്‍ സുഊദി ഭരണകൂടം ബിന്‍ലാദന്റെ സുഊദി പൗരത്വം റദ്ദാക്കി. 1996 ല്‍ മുല്ലാ ഉമറിന്റെ നേതൃത്വത്തില്‍ താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയപ്പോള്‍, ബിന്‍ലാദന്‍ അഫ്ഗാനില്‍ തന്നെ തിരിച്ചെത്തി. ബിന്‍ലാദന്‍-മുല്ലാഉമര്‍ സഖ്യമാണ് അല്‍ഖാഇദക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിന്‍ബലമായത്. 1998 ല്‍ ബിന്‍ലാദന്‍ 'സയണിസത്തിനും കുരിശ് ശക്തികള്‍ക്കും' എതിരെ യുദ്ധമുന്നണി തുറന്നു. 

2001-ലാണ് അമേരിക്കയില്‍ ഭീകരാക്രമണമുണ്ടാകുന്നത്. അതിന് പിന്നില്‍ അല്‍ഖാഇദയാണ് എന്നാരോപിച്ച് ആ സംഘത്തെ സംരക്ഷിക്കുന്ന താലിബാനെതിരെ അമേരിക്ക ആക്രമണം തുടങ്ങി. ആ വര്‍ഷം തന്നെ താലിബാന്‍ ഭരണം നിലംപൊത്തി. അല്‍ഖാഇദയുടെ ചരിത്രത്തിന്റെ രണ്ടാം ഘട്ടം ഇവിടെ ആരംഭിക്കുന്നു. ബിന്‍ലാദനും അനുയായികളും തുടര്‍ന്നും അഫ്ഗാനിലെ തോറോബോറ ഗുഹകളിലും പാകിസ്താനിലെ ഗോത്രമേഖലകളിലും ഒളിച്ച് കഴിഞ്ഞെങ്കിലും, 2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെ പ്രധാന യുദ്ധമുഖം കാബൂളില്‍ നിന്ന് ഇറാഖിലേക്ക് മാറ്റപ്പെട്ടിരുന്നു. വധിക്കപ്പടുന്നത് വരെ (2011) ബിന്‍ലാദന്‍ അല്‍ഖാഇദ പരിവാറിന്റെ ചോദ്യം ചെയ്യപ്പെടാത്ത ആത്മീയ നേതാവായി തുടര്‍ന്നെങ്കിലും കാര്യങ്ങള്‍ പിടിവിട്ട് പോയിരുന്നു. 'അകന്ന വൈദേശിക ശത്രുക്കള്‍' എന്ന അല്‍ഖാഇദ പരികല്‍പ്പന തന്നെ അപ്രസക്തമായി. കാരണം, 'അകന്ന ശത്രു' അമേരിക്കന്‍ അധിനിവേശ സേനയുടെ രൂപത്തില്‍ ഇറാഖിലെ തെരുവുകളില്‍ തൊട്ട് മുമ്പില്‍ തന്നെയുണ്ട്. പിന്നെയുള്ള ശത്രുക്കള്‍ അറബ് ഭരണകൂടങ്ങളും ഇറാനുമാണ്. അതും ഇറാഖിന്റെ തൊട്ടടുത്ത് തന്നെയാണല്ലോ. മാത്രവുമല്ല, അധിനിവിഷ്ട ഇറാഖില്‍ അറബ് ഭരണകൂടങ്ങള്‍ ധനസഹായം ചെയ്യുന്ന അല്‍ഖാഇദ വിരുദ്ധ മുന്നണി ഉണ്ടായിരുന്നു. 'സ്വഹ്‌വാത്ത്' (ഉണര്‍വുകള്‍) എന്നാണത് അറിയപ്പെട്ടിരുന്നത്. മറ്റു ശത്രുക്കളായ കുര്‍ദുകള്‍ക്കും ശീഈകള്‍ക്കും അവരുടെതായ മിലീഷ്യകളുണ്ട്. കണ്‍മുമ്പിലുള്ള ഈ ശത്രുക്കളെ നേരിടുകയാണ് പ്രധാനം എന്ന ആശയം തീവ്രവാദി ഗ്രൂപ്പുകളില്‍ വ്യക്തമായ മേല്‍ക്കൈ നേടിയതോടെ അല്‍ഖാഇദയുടെ പരമ്പരാഗത നേതൃത്വം ഫലത്തില്‍ ഒറ്റപ്പെട്ടു. ബിന്‍ലാദന്റെ വധത്തിന് ശേഷം, വ്യക്തി പ്രഭാവം (കരിസ്മ) ഒട്ടുമേയില്ലാത്ത അയ്മന്‍ ളവാഹിരി അല്‍ഖാഇദ നേതൃത്വമേെറ്റടുത്തതോടെ പിളര്‍പ്പ് പൂര്‍ണമായി. ഈ അതിതീവ്രധാരയാണ് പിന്നീട് ഐസിസ് ആയി പുനഃസംഘടിപ്പിക്കപ്പെട്ടത്. അതിന് നേതൃത്വം നല്‍കിയ അബൂമുസ്അബ് അല്‍ സര്‍ഖാവിയെക്കുറിച്ച് പറയാതെ ഈ ചരിത്രം പൂര്‍ണമാവുകയില്ല. 

സര്‍ഖാവി (1966-2006)

അഹ്മദ് ഫാദില്‍ നിസാല്‍ ഖലായില എന്നാണ് ഇയാളുടെ ശരിയായ പേര്. ജോര്‍ദാനിലെ സര്‍ഖയിലാണ് ജനനം. അതിലേക്ക് ചേര്‍ത്താണ് സര്‍ഖാവി എന്ന നാമകരണം. തന്‍ളീമു ബൈഅത്തില്‍ ഇമാം എന്ന രഹസ്യ സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സര്‍ഖാവിയെ ജോര്‍ദാന്‍ ഗവണ്‍മെന്റ് ജയിലിലടച്ചിരുന്നു. ജയില്‍ മോചിതനായ ശേഷം 1989ല്‍ സോവിയറ്റ് സൈന്യത്തോട് പോരാടാനായി അഫ്ഗാനിസ്താനിലേക്ക് പോയി. അപ്പോഴേക്ക് സോവിയറ്റ് സേന ഏറക്കുറെ പിന്‍വാങ്ങിക്കഴിഞ്ഞതിനാല്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവിടെവെച്ചാണ് സര്‍ഖാവി ആദ്യമായി ബിന്‍ലാദനെ കണ്ടുമുട്ടുന്നത്. 

ഇതേസമയം ഇറാഖില്‍ സദ്ദാം ഹുസൈന്റെയും സിറിയയില്‍ ഹാഫിസുല്‍ അസദിന്റെയും ഏകാധിപത്യ ഭരണകൂടങ്ങള്‍ പ്രതിപക്ഷത്തെ അതിക്രൂരമായി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ബഅസ് സോഷ്യലിസ്റ്റ് ആശയങ്ങളാണ് ഈ രണ്ട് ഏകാധിപതികളും പിന്തുടര്‍ന്നിരുന്നത്. ഇസ്‌ലാമിക കൂട്ടായ്മകള്‍ അവരുടെ കണ്ണിലെ കരടാവുക സ്വാഭാവികം മാത്രം.സിറിയയില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന സംഘടനയുമായി ഏതെങ്കിലും നിലക്ക് ബന്ധപ്പെടുന്നത് തന്നെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായിരുന്നു. ഇറാഖില്‍ സുന്നീ-ശീഈ ഭേദമില്ലാതെ മുഴുവന്‍ പ്രതിപക്ഷ കുട്ടായ്മകളെയും സദ്ദാം ഹുസൈന്‍ അടിച്ചൊതുക്കി. ശീഈ സംഘമായ 'ഹിസ്ബുദ്ദഅ്‌വ' സ്ഥാപിച്ച ആയത്തുല്ല മുഹമ്മദ് ബാഖിര്‍ സ്വദ്‌റിനെ 1980ല്‍ സദ്ദാം തൂക്കിലേറ്റി. ഒന്നുകില്‍ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനം, അല്ലെങ്കില്‍ മറ്റേതെങ്കിലും രാഷ്ട്രങ്ങളിലേക്ക് കൂടുമാറല്‍-പ്രതിപക്ഷത്തിന് രണ്ടാലൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ.  ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കള്‍ സുഊദിയിലേക്കും ജോര്‍ദാനിലേക്കും പലായനം ചെയ്തപ്പോള്‍ ഹിസ്ബുദ്ദഅ്‌വയുടെ നേതൃത്വം അഭയം കണ്ടെത്തിയത് തെഹ്‌റാനിലും ദമസ്‌കസിലുമായിരുന്നു. അപ്പോഴും ഇറാഖിലെ  ചില മേഖലകള്‍ കേന്ദ്രീകരിച്ച് സദ്ദാം വിരുദ്ധ കൂട്ടായ്മകള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതിലൊന്നാണ് 2001ല്‍ മുല്ല അബൂസയ്യിദ് ഖുത്വ്ബ് എന്നൊരാള്‍ സ്ഥാപിച്ച 'അന്‍സ്വാറുല്‍ ഇസ്‌ലാം'. 

ഇറാന്‍-കുര്‍ദിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് വടക്ക് കിഴക്കന്‍ ഇറാഖിലായിരുന്നു അന്‍സ്വാറുല്‍ ഇസ്‌ലാമിന്റെ താവളം. സായുധപ്പോരാട്ടമായിരുന്നു ഇവരുടെ രീതി. ചില ഗ്രാമങ്ങളും അങ്ങാടികളും കീഴ്‌പ്പെടുത്തി ഈ സംഘം അവിടെ 'ഇസ്‌ലാമിക നിയമങ്ങള്‍' നടപ്പാക്കിയിരുന്നു. 2001-ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി അമേരിക്കന്‍ വിമാനങ്ങള്‍ തോറാബോറയിലും മറ്റു അല്‍ഖാഇദ കേന്ദ്രങ്ങളിലും ബോംബിട്ടപ്പോള്‍ മുന്നൂറോളം വരുന്ന ഒരു അല്‍ഖാഇദ മിലീഷ്യ ഇറാന്‍ അതിര്‍ത്തി കടന്ന് അന്‍സ്വാറുല്‍ ഇസ്‌ലാം 'ഭരിക്കുന്ന' ഇറാഖി ഭൂപ്രദേശത്ത് എത്തി. അത് കേവലം ഒളിച്ചോട്ടമായിരുന്നില്ല. ബഗ്ദാദ് മുതല്‍ മൗസ്വില്‍ വരെ നീളുന്ന ഒരു സുന്നി 'ത്രികോണം' (മുസല്ലസ്) ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇക്കാര്യം പരസ്യപ്പെടുത്തരുതെന്നും അവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒത്ത സന്ദര്‍ഭം വരുമ്പോഴേ അക്കാര്യം പുറത്ത് പറയേണ്ടതുള്ളൂ. അഫ്ഗാനില്‍ നിന്നെത്തിയ ഈ അല്‍ഖാഇദ മിലീഷ്യയുടെ തലവനായിരുന്നു അബൂമുസ്അബ് അല്‍ സര്‍ഖാവി. ഇറാഖിലെത്തിയ സര്‍ഖാവി 'അല്‍ഖാഇദ'യുടെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, സ്വന്തമായി ഒരു ഗ്രൂപ്പിനെ വളര്‍ത്തിക്കൊണ്ട് വരികയാണ് അയാള്‍ ചെയ്തത്. അഫ്ഗാനിലായിരുന്നപ്പോഴും സര്‍ഖാവി അല്‍ഖാഇദയോട് അകലം പാലിച്ചാണ് കഴിഞ്ഞിരുന്നത്. അഫ്ഗാനിലെ അല്‍ഖാഇദ താവളങ്ങള്‍ ഖന്‍ദഹാറിലും ജലാലാബാദിലുമായിരുന്നപ്പോള്‍, നൂറുക്കണക്കിന് മൈല്‍ അപ്പുറമുള്ള ഹീറാത്തില്‍ സ്വന്തമായി താവളമൊരുക്കുകയായിരുന്നു സര്‍ഖാവി. താലിബാന്റെ പിന്തുണയും അയാള്‍ക്ക് ലഭിച്ചിരുന്നു. അറബികളും യൂറോപ്യന്‍മാരുമായ പടയാളികളെ ഇറാന്‍ അതിര്‍ത്തിയിലൂടെ ഇറാഖിലേക്ക് കടത്താനുള്ള എളുപ്പത്തിനായിരുന്നു ഹീറാത്ത് തെരഞ്ഞെടുത്തത്. 

സിറിയ, ഫലസ്ത്വീന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സര്‍ഖാവി സംഘത്തിലെ അധികപേരും. അവര്‍ 'അത്തൗഹീദ് വല്‍ ജിഹാദ്' എന്ന പേരില്‍ അറിയപ്പെട്ടു. ഇറാഖിലെ ആദ്യ ചാവേറാക്രമണം ഈ സംഘമാണ് നടത്തിയത്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ സദ്ദാം സൈന്യത്തിന്റെ ഭാഗമായിരുന്ന അരലക്ഷം സൈനികര്‍ പോര്‍മുഖത്ത് ഉണ്ടായിരുന്നു; പുറമേ, 'അത്തൗഹീദ് വല്‍ജിഹാദ്' ഉള്‍പ്പെടെ ഏഴ് പ്രമുഖ സുന്നീ സംഘടകളും. ശീഈ സംഘടനകള്‍ മുഖ്തദി സദ്‌റിന്റെ നേതൃത്വത്തിലായിരുന്നു അണിനിരന്നിരുന്നത്. സുന്നീ-ശീഈ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന വര്‍ഷമായിരുന്നു ഇത് (2004). 'ജയ്ശു അന്‍സ്വാറിസ്സുന്ന' എന്ന ഒരു പൊതുവേദിക്ക് ശീഈ-സുന്നീ വിഭാഗങ്ങള്‍ രൂപം നല്‍കുകയും ചെയ്തു. ഈ പൊതുകൂട്ടായ്മയില്‍ നിന്ന് വിട്ടുനിന്ന ഏക സംഘടന സര്‍ഖാവിയുടെ 'അത്തൗഹീദ് വല്‍ ജിഹാദ്' ആയിരുന്നു. സ്വന്തമായി ഒരു രാഷ്ട്രമുണ്ടാക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു ആ ഗ്രൂപ്പിന്റെ നീക്കങ്ങള്‍. സുരക്ഷാ കേന്ദ്രങ്ങളില്‍ ചാവേറാക്രമണങ്ങള്‍ സംഘടിപ്പിക്കലായിരുന്നു ഇതിന് സ്വീകരിച്ച ഒരു മാര്‍ഗം. 'എതിരാളികളുടെ മനസ്സില്‍ ഭയം ജനിപ്പിക്കാന്‍' വിദേശ പൗരന്മാരെ പിടികൂടി പരസ്യമായി തലയറുക്കുക എന്നതായിരുന്നു മറ്റൊരു രീതി. 2004ല്‍ അമേരിക്കന്‍ ബിസിനസ്സുകാരനായ നിക് ബെര്‍ഗിനെ ഇറാഖില്‍ വെച്ച് പിടികൂടി സര്‍ഖാവി അയാളെ കഴുത്തറുക്കുന്നതിന്റെയും രക്തം ഇറ്റി വീഴുന്ന തല ഉയര്‍ത്തിക്കാണിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. ഇത്തരം പ്രാകൃതവും ക്രൂരവുമായ കൊലപാതകങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. 

അപ്പോഴും അല്‍ഖാഇദയുടെ ഭാഗം തന്നെയായിരുന്ന സര്‍ഖാവിയുടെ രീതികളെ അയാളുടെ ഗുരുവായ അബൂമുഹമ്മദുല്‍ മുഖദ്ദസി ശക്തമായി വിമര്‍ശിക്കുന്നുണ്ട്.1 അല്‍ഖാഇദ സൈദ്ധാന്തികരുടെ എതിര്‍പ്പുകളെ മറികടന്ന് മൂന്ന് കാര്യങ്ങളാണ് സര്‍ഖാവി നടപ്പാക്കിയത്. 

1. തടവുകാരെയും ബന്ദികളെയും കഴുത്തറുത്ത് കൊല്ലുന്നത് പതിവാക്കി. ഇത്രയധികം ക്രൂരത കാണിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മറ്റൊരു ഭീകര സംഘമുണ്ടായിട്ടില്ല.

2. പുതിയ ഇറാഖി ഗവണ്‍മെന്റിനോട് സഹകരിക്കുകയും അല്‍ഖാഇദയോട് വിയോജിക്കുകയും ചെയ്യുന്ന സുന്നീ സംഘങ്ങളെ (സ്വഹ്‌വാത്ത്) വ്യാപകമായി ടാര്‍ഗറ്റ് ചെയ്യാന്‍ തുടങ്ങി. 

3. ശീഈകള്‍ക്ക് മൊത്തം, സിവിലിയനെന്നോ മിലിട്ടറിയെന്നോ വ്യത്യാസമില്ലാതെ, മതഭ്രഷ്ട് (കുഫ്‌റ്) കല്‍പ്പിച്ചു. 

സര്‍ഖാവിയുടെ ഈ നിലപാടുകളാണ് അധിനിവേശ ശക്തികള്‍ക്കെതിരെ കൈകോര്‍ത്ത സുന്നീ-ശീഈ ഐക്യത്തെ ശിഥിലമാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചത്. ശീഈ പുണ്യകേന്ദ്രങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ തന്നെ നടത്തി സര്‍ഖാവിയുടെ ചാവേറുകള്‍. 2004-ലെ ആശൂറ ആചരണ വേളയില്‍ ബഗ്ദാദിലും കര്‍ബലയിലുമായി 185 ശീഈ തീര്‍ഥാടകരെ അവര്‍ കൂട്ടക്കൊല ചെയ്തു. സുന്നീ പള്ളികള്‍ ബോംബ് വെച്ച് തകര്‍ത്ത് ശീഈ മിലീഷ്യ തിരിച്ചടിച്ചു. അത് തന്നെയായിരുന്നു സര്‍ഖാവിക്ക് വേണ്ടിയിരുന്നതും. സുന്നീ-ശീഈ വിഭാഗങ്ങളെ ഒരിക്കലും അടുക്കാനാവാത്ത വിധം അകറ്റുക. 2005-ല്‍ തന്റെ ജന്മനാടായ ജോര്‍ദാനില്‍ മൂന്ന് ചാവേറാക്രമണങ്ങള്‍ സംഘടിപ്പിക്കാനും സര്‍ഖാവിക്ക് കഴിഞ്ഞു. തീവ്രചിന്താഗതികളില്‍ ആകൃഷ്ടരായ പലനാടുകളില്‍ നിന്നുള്ള അറബ് യുവാക്കള്‍ സര്‍ഖാവീ ചേരിയിലെത്തിച്ചേരുന്നത് അങ്ങനെയാണ്. 

നല്ല ദൂരക്കാഴ്ചയും ആസൂത്രണ പാടവവും ഉണ്ടായിരുന്നു സര്‍ഖാവിക്ക് എന്ന്, ഒരുകാലത്ത് അയാളോടൊപ്പം ഉണ്ടായിരുന്ന, പിന്നീട് ഭീകരവാദത്തോട് വിട പറഞ്ഞ പലരും അനുസ്മരിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് കഴുത്തറുക്കല്‍ പോലുള്ള പ്രാകൃത മുറകള്‍ തുടരുമ്പോള്‍ തന്നെ ഇറാഖിലെ ഏതാണ്ടെല്ലാ പ്രധാന സുന്നീ കേന്ദ്രങ്ങളെയും ഒപ്പം നിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞു. അമേരിക്കന്‍ അധിനിവേശത്തിന് ശേഷം തൊഴിലൊന്നുമില്ലാതെ നടക്കുകയായിരുന്ന സദ്ദാമിന്റെ സൈനികരെയും ബഅസ് പാര്‍ട്ടിക്കാരെയുമെല്ലാം സര്‍ഖാവി കൂടെകൂട്ടി. ഇവര്‍ മതവിരുദ്ധരാണെന്നതോ കൂട്ടക്കശാപ്പിന് കുപ്രസിദ്ധി നേടിയവരാണെന്നതോ ഈ ഒപ്പം കൂട്ടലിന് തടസ്സമായിരുന്നില്ല. ഇങ്ങനെ, ഐസിസിന്റെ മുന്‍ഗാമി എന്ന് പറയാവുന്ന സര്‍ഖാവിയുടെ സംഘം സമൂഹത്തിന്റെ പല തലങ്ങളിലുമുള്ളവരെയും ഒപ്പം നിര്‍ത്തിയാണ് തങ്ങളുടെ അടിത്തറ ഒരുക്കിയതെങ്കില്‍, ആക്രമണത്തിന് പരിശീലനം നേടിയവരുടെ ക്ലസ്റ്ററുകള്‍ വിവിധ നാടുകളില്‍ സംഘടിപ്പിക്കുന്നതിലായിരുന്നു അല്‍ഖാഇദയുടെ ശ്രദ്ധ. 2006-ല്‍ ജോര്‍ദാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ സര്‍ഖാവിയുടെ താവളം കണ്ടെത്തിയ അമേരിക്കന്‍ സൈന്യം അവിടെ ബോംബിടുകയും സര്‍ഖാവിയും ഭാര്യയും അതില്‍ കൊല്ലപ്പെടുകയുമായിരുന്നു. സര്‍ഖാവിയന്‍ ശൈലിയാണ് ഐസിസിന്റെ നേതാവ് അബൂബക്കര്‍ ബഗ്ദാദി കടമെടുക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല. 

(തുടരും)

കുറിപ്പുകള്‍:

1. മുഖദ്ദസിയുമായുള്ള അഭിമുഖം, അല്‍ജസീറ നെറ്റ്, 2005 ജൂലൈ 10

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍