ഇബ്‌റാഹീം നബി വിശുദ്ധ ഖുര്‍ആനില്‍
എഴുതപ്പെടേണ്ട ചരിത്രത്തിലെ ഇബ്‌റാഹീം നബി-3
വിശുദ്ധ ഖുര്‍ആന്‍ പൂര്‍വകാല പ്രവാചകന്മാരുടെ ജീവിതം പരാമര്‍ശിക്കുമ്പോള്‍ പൊതുവായ ശൈലിയും രീതിയും സ്വീകരിക്കുന്നത്, അവരുടെ ജീവിതത്തില്‍നിന്ന് പില്‍ക്കാലക്കാര്‍ക്ക് സ്ഥലകാലങ്ങള്‍ക്ക് അതീതമായി പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ, ആ പ്രവാചകന്മാര്‍ ജീവിച്ച കാലവും സ്ഥലവും അവരുടെ വംശവും മാതാപിതാക്കളുമൊന്നും ഖുര്‍ആനിന്റെ ചരിത്ര കഥനത്തില്‍ അധികമൊന്നും ഇടം പിടിക്കുന്നില്ല. അതേസമയം ഓരോ പ്രവാചകന്റെയും പ്രബോധന ശൈലികളില്‍ നിന്നും അഭിസംബോധന രീതികളില്‍ നിന്നും ആ സമൂഹങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസ-ആചാര- സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ അവസ്ഥകളെയും അപചയങ്ങളെയും വിശുദ്ധ ഖുര്‍ആനില്‍ നിന്ന് നമുക്ക് കൃത്യമായി വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. ഇതിനെയെല്ലാം വിശുദ്ധ ഖുര്‍ആന്‍ നോക്കിക്കാണുന്നത്, സര്‍വ പ്രവാചകന്മമാരുടെയും മുഖ്യ പ്രബോധന വിഷയമായ, സാര്‍വ കാലികവും സാര്‍വ ലൗകികവും സാര്‍വ ജനീനവുമായ ഏക ദൈവ വിശ്വാസത്തിന്റെ പരിസരത്തു നിന്നാണ്. ആ അര്‍ഥത്തില്‍, മനുഷ്യനില്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ധാര്‍മിക വ്യതിയാനങ്ങളെ അടയാളപ്പെടുത്തലും, അതിനെതിരെ മനുഷ്യന്റെ സ്വഛപ്രകൃതിയിലെ ധര്‍മനിഷ്ഠ വീണ്ടെടുക്കലുമാണ് ഖുര്‍ആനിക ചരിത്രത്തിന്റെ ഇതിവൃത്തം എന്നു പറയാം.
യഥാര്‍ഥ ചരിത്രത്തിന്റെ മുകളില്‍ കാലവും മനുഷ്യ ഭാവനയും കുന്നുകൂട്ടിയ മിത്തിന്റെ മാറാലകളെയും അതിശയോക്തികളെയും എടുത്തുമാറ്റിയും, കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ട മഹിത മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന ചരിത്ര സംഭവങ്ങളെ യഥാസ്ഥാനത്തു പുനഃസ്ഥാപിച്ചും ഇബ്‌റാഹീം നബിയുള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ കഥ പറയുന്ന വിശുദ്ധ ഖുര്‍ആന്‍, ആ പ്രവാചകന്മാരുടെ ഉദാത്തവും ഉത്തമവും മാതൃകാപരവുമായ ജീവിതത്തിന് യോജിക്കാത്ത ഒരു പരാമര്‍ശം പോലും അവരെ സംബന്ധിച്ച് നടത്തുന്നില്ല. ഈ ചരിത്ര കഥനത്തിന്റെ കേന്ദ്രീയ സ്ഥാനത്തു നില്‍ക്കുന്ന, ഇന്നും ലോകത്തെ ഏറ്റവുമേറെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മഹാ പ്രവാചകനാണ് ഖുര്‍ആനികമായി ഇബ്‌റാഹീം(അ). വിശുദ്ധ ഖുര്‍ആന്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം കേവലം കഥയായി പറഞ്ഞു പോവുകയല്ല ചെയ്യുന്നത്. മറിച്ച്, അദ്ദേഹത്തിന്റെ കര്‍മപഥത്തിലെ പാദമുദ്രകളെ പിന്‍ തലമുറക്കാര്‍ക്ക് ആവേശവും ആശ്വാസവും സമാധാനവും സംതൃപ്തിയും നല്‍കുന്ന ചരിത്ര രേഖയായും, ഓരോ വിശ്വാസിയുടെയും ജീവിതത്തിലെ ദൈനംദിന അനുഷ്ഠാനങ്ങളുടെ ഭാഗമാക്കിയും അതിനെ നിലനിര്‍ത്തി ആ ജീവിതത്തെ നിത്യാനുഭവമാക്കി മാറ്റുകയാണ് ഖുര്‍ആനും ഇസ്‌ലാമും.
വിശുദ്ധ ഖുര്‍ആനില്‍ 25 അധ്യായങ്ങളിലായി 69 ഇടങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രവാചകനാണ് ഇബ്‌റാഹീം നബി. അദ്ദേഹത്തിന്റെ ജീവിതത്തിലെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, സത്യത്തിനു വേണ്ടി നിലകൊള്ളുകയും ജീവിക്കുകയും ചെയ്തപ്പോള്‍ സമൂഹത്തില്‍നിന്ന് നേരിട്ട കടുത്ത പരീക്ഷണങ്ങള്‍, സ്വേഛാധിപതിയായ ഭര ണാധികാരിയുമായുള്ള അദ്ദേഹത്തിന്റെ സംവാദം, അദ്ദേഹത്തിനും സന്തതികള്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍, അവരില്‍ നിന്ന് അല്ലാഹു വാങ്ങിയ കരാര്‍, അദ്ദേഹത്തിന്റെ ധവളിമയാര്‍ന്ന ജീവിതത്തെ സ്ഫുടം ചെയ്തു കടഞ്ഞെടുക്കുന്നതിനു തന്റെ സ്രഷ്ടാവില്‍ നിന്നുണ്ടായ പരീക്ഷണങ്ങള്‍, സത്യ പ്രബോധനത്തിനു വേണ്ടി നടത്തിയ യാത്രകള്‍, ഭൂമിയില്‍ മനുഷ്യരാശിക്ക് വേണ്ടി അദ്ദേഹവും മകന്‍ ഇസ്മാഈലും കൂടി കഅ്ബ പുനര്‍നിര്‍മിച്ചത്, ഹജ്ജിന്റെ മാനവികതയെ അഭിസംബോധന ചെയ്തും ഹജ്ജിലേക്ക് മനുഷ്യരാശിയെ ക്ഷണിച്ചും അദ്ദേഹം നടത്തിയ വിളംബരം തുടങ്ങിയ സംഭവങ്ങളിലൂടെ വിശുദ്ധ ഖുര്‍ആന്‍ അനുവാചകനെ കൂട്ടികൊണ്ട് പോകുന്നു. ഇബ്‌റാഹീം നബി നടത്തിയ പ്രാര്‍ഥനകള്‍ അവയുണ്ടാക്കിയ പില്‍ക്കാല പ്രതിധ്വനികളുടെയും പ്രതിഫലനങ്ങളുടെയും പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് വളര്‍ച്ച നേടിയ ഇസ്രയേലി വംശീയത ബൈബിളില്‍ പ്രവാചകന്‍ ഇബ്‌റാഹീമിനെ പല തലങ്ങളില്‍ ന്യൂനീകരിക്കാന്‍ കാരണമായെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായി വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍ ഇബ്‌റാഹീമിനെ അദ്ദേഹം പ്രബോധനം ചെയ്ത ഇസ്‌ലാമിനെ പോലെ തന്നെ മാനവികതയുടെ ഭൂമികയിലാണ് നോക്കിക്കാണുന്നതും അവതരിപ്പിക്കുന്നതും. വംശീയ വിവേചനത്തിന്റെ ലാഞ്ഛന പോലും ഖുര്‍ആനിക അവതരണത്തില്‍ കാണാന്‍ സാധിക്കില്ല.
ബൈബിള്‍ ഉല്‍പത്തി പറയുന്ന വംശാവലിയില്‍ നിന്ന് വ്യത്യസ്തമായി, വിശുദ്ധ ഖുര്‍ആന്‍ പറയുന്ന ഇബ്‌റാഹീം പ്രവാചകന്‍ നൂഹ് നബിയുടെ കാലത്തെ പ്രളയത്തിനും അദ്ദേഹത്തിന്റെ മരണത്തിനും ഏറെ നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരിക്കണം ജീവിച്ചത്. കാരണം വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന ഇബ്‌റാഹീമിന്റെ കാലം മത രാഷ്ട്രീയ രംഗങ്ങളില്‍ സര്‍വാധികാരവും കൈയടക്കി വെച്ചിട്ടുണ്ടായിരുന്ന ഒരു സ്വേഛാധിപതി ഭരിക്കുന്ന കാലമായിരുന്നു (2:258). ആ സമൂഹത്തില്‍ സൂര്യ-ചന്ദ്ര- നക്ഷാത്രാദികള്‍ ആരാധിക്കപ്പെടുക മാത്രമല്ല ജ്യോതിഷവും പ്രചരിച്ചിരുന്നു (6:76-78; 37:88). ഇബ്‌റാഹീം നബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ എതിര്‍പ്പുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വിഗ്രഹാരാധന വിയോജിപ്പോ വിസമ്മതമോ കൂടാതെ സര്‍വരാലും അംഗീകരിക്കപ്പെട്ടിരുന്നു. ഊറിലെ ശിലാ ശേഖരത്തില്‍നിന്ന് മാത്രം ആയിരക്കണക്കിന്നു ദേവന്മാരുടെ വിഗ്രഹങ്ങളാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ ദേവദാസി സമ്പ്രദായം പോലെ, ദേവന്മാര്‍ക്ക് വേണ്ടി ക്ഷേത്രത്തില്‍ അടിമ വര്‍ഗങ്ങളിലെ ധാരാളം സ്ത്രീകള്‍ ഉഴിഞ്ഞുവെക്കപ്പെട്ടിരുന്നു. ബഹുദൈവത്വം ഇബ്‌റാഹീം നബിയുടെ ജനതയില്‍ ഇന്ത്യയെ പോലെ തന്നെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളെയും, സാമ്പത്തിക സാംസ്‌കാരിക നാഗരിക മേഖലകളെയും അടക്കി വാണിരുന്നു. ഇന്ത്യയിലേത് പോലെ പിരമിഡ് പോലുള്ള ഘടനയില്‍, പുരോഹിതന്മാരും ഭരണവര്‍ഗവും സൈനിക ഓഫീസര്‍മാരുമാണ് ആദ്യ ശ്രേണിയില്‍. അവരാണ് സവര്‍ണ വിഭാഗം. പിന്നെ വ്യാപാരികളും വ്യവസായികളും കര്‍ഷകരുമുള്‍ക്കൊള്ളുന്ന മധ്യ വര്‍ഗം. ഏറ്റവും താഴെ അടിമ വര്‍ഗം. ഇബ്‌റാഹീം നബി ജനിച്ച ഇറാഖിലെ ഊര്‍ നഗരത്തില്‍ മാത്രം അന്ന് രണ്ടര ലക്ഷത്തിനും അഞ്ചു ലക്ഷത്തിനുമിടയില്‍ ജനങ്ങള്‍ ജീവിച്ചിരുന്നതായി സര്‍ ലിയോനാര്‍ഡ് വുള്ളിയെ ഉദ്ധരിച്ചു മൗലാനാ മൗദൂദി പറയുന്നുണ്ട് (തഫ്ഹീം ഒന്നാം വാള്യം അല്‍അന്‍ആം: സൂക്തം 75 ).
ആദര്‍ശ പ്രബോധനാര്‍ഥം ഇബ്‌റാഹീം നബി യാത്ര ചെയ്തിട്ടുണ്ടായിരുന്ന ശാമിലും ഈജിപ്തിലും അറേബ്യയിലും ജനതതികള്‍ അധിവസിച്ചിരുന്നു. അദ്ദേഹം തന്റെ പ്രതിനിധിയായി ട്രാന്‍സ് ജോര്‍ദാനില്‍ സഹോദര പുത്രനായ ലൂത്വ് നബിയെയും, സിറിയയും ഫലസ്ത്വീനും ഉള്‍ക്കൊള്ളുന്ന ശാമിന്റെ മറ്റു ഭാഗങ്ങളിലേക്ക് മകന്‍ ഇസ്ഹാഖിനെയും, അറേബ്യയില്‍ മുതിര്‍ന്ന മകന്‍ ഇസ്മാഈലിനെയും നിശ്ചയിച്ചിരുന്നു. ഇവരെയെല്ലാവരെയും വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരായി വിശേഷിപ്പിക്കുന്നത് കൊണ്ട് അവിടെയൊക്കെ ജനങ്ങള്‍ ജീവിച്ചിരുന്നു എന്ന് മനസ്സിലാക്കാം. നൂഹ് നബിയുടെ കാലത്തെ നാഗരിക സംസ്‌കൃതിയെ ഏറക്കുറെ മുഴുവനായി നശിപ്പിച്ചിട്ടുണ്ടായിരുന്ന ഒരു മഹാ പ്രളയത്തിനു ശേഷം, അതിനു സാക്ഷിയായ പ്രവാചകന്‍ വീണ്ടും നൂറ്റാണ്ടുകള്‍ ജീവിച്ചതില്‍ പിന്നെ ലോകത്ത് മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലും ജനസംഖ്യയിലും ഇത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാകാന്‍ എത്ര നൂറ്റാണ്ടുകള്‍ ആവശ്യമായി വരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇബ്‌റാഹീം ജനിച്ചു വീണ ഗൃഹാന്തരീക്ഷം മണ്ണും കല്ലും ഉപയോഗിച്ചു വിഗ്രഹങ്ങളെ നിര്‍മിക്കുന്ന പുരോഹിത ശില്‍പികളുടേതായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. സ്വാഭാവികമായും, ശിശുവായിരിക്കെ ഈ വിഗ്രഹങ്ങളുടെ മുകളില്‍ കയറി അദ്ദേഹം കളിച്ചിരിക്കാം. താന്‍ കളിപ്പാട്ടങ്ങള്‍ പോലെ ഉപയോഗിക്കുന്ന വിഗ്രഹങ്ങളെ തന്റെ വീട്ടുകാരും കുടുംബക്കാരും ആരാധിക്കുന്നതിലെയും അവയോട് പ്രാര്‍ഥിക്കുന്നതിലെയും വൈചിത്ര്യം അദ്ദേഹത്തിന്റെ കൗതുകവും ജിജ്ഞാസയും വളര്‍ത്തിയിരിക്കാം. വിശുദ്ധ ഖുര്‍ആന്‍ കഥനം ചെയ്ത പ്രവാചക ജീവിതങ്ങളില്‍ പിതാവിനോടും കുടുംബക്കാരോടും നാട്ടുകാരോടും യുക്തി ബോധത്തെ തൊട്ടുണര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രവാചകനായി നാം ഇബ്‌റാഹീമിനെ കാണുന്നത് ഈ പശ്ചാത്തലത്തിലാണ്. അതുകൊണ്ട്, ചെറുപ്പ കാലം മുതലേ സത്യാന്വേഷണത്തിന്റെ പാതയിലായിരുന്നു അദ്ദേഹം എന്ന് മനസ്സിലാക്കാം. അതുകൊണ്ട് കൂടിയാവണം വിശുദ്ധ ഖുര്‍ആന്‍ ഇബ്‌റാഹീമിനെ മാത്രം 'ഹനീഫ്' എന്ന പദം കൊണ്ട് വിശേഷിപ്പിച്ചതും (2;135; 3:67, 95; 6:79,161; 16:120-123). ഇബ്‌റാഹീമിനെ പോലെ മറ്റെല്ലാ വഴികളില്‍നിന്നും വിട്ടൊഴിഞ്ഞു, ഋജുമാനസരായി (ഹനീഫ്) അല്ലാഹു സൃഷ്ടിച്ച പ്രകൃതിയുടെ വഴി മാത്രം തെരെഞ്ഞടുക്കാന്‍ സത്യവിശ്വാസികളോട് ആവശ്യപ്പെടുന്നതും (4:125 ; 10:105; 30:30).
ഇബ്‌റാഹീം നബിയുടെ സത്യാന്വേഷണ പരീക്ഷണത്തിന്റെ ഏറ്റവും സുന്ദരമായ ദൃശ്യമാണ് വളരെ നാടകീയമായി വിശുദ്ധ ഖുര്‍ആന്‍ അല്‍അന്‍ആം അധ്യായത്തില്‍ 76 മുതല്‍ 78 കൂടിയ സൂക്തങ്ങളില്‍ വരഞ്ഞുവെക്കുന്നത്. ആ സൂക്തങ്ങള്‍ അദ്ദേഹത്തിന്റെ ജനത ആരാധിക്കുകയും പൂജിക്കുകയും ചെയ്തിരുന്ന പ്രകൃതി പ്രതിഭാസങ്ങളെ സംബന്ധിച്ച സൂചനകളും ഉള്‍ക്കൊള്ളുന്നുണ്ട്. കൃത്യമായ യുക്തിബോധത്തിന്റെയും, പ്രകൃതി പ്രതിഭാസങ്ങളെ നിരന്തരം നിരീക്ഷിക്കുന്നതില്‍ നിന്ന് ഉത്ഭൂതമാവുന്ന മനസ്സാക്ഷിയുടെ ഭാഷ്യമായ ധര്‍മബോധത്തിന്റെയും പിന്‍ബലത്തോടുകൂടി സാര്‍വലൗകികവും, സാര്‍വജനീനവും സാര്‍വകാലികവുമായ ഏക സത്യത്തെ കണ്ടെത്തുന്ന ഇബ്‌റാഹീം അതില്‍ ദൃഢ വിശ്വാസിയായിത്തീരുന്നു(മൂഖിന്‍). ഈ സത്യം കണ്ടെത്തുന്നതിനു അദ്ദേഹം സ്വീകരിച്ച യുക്തിപരതയുടെയും വിവേകത്തിന്റെയും മാര്‍ഗം കൂടി സൂചിപ്പിച്ചാവണം അദ്ദേഹത്തിനു റുശ്ദ് നല്‍കി എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. ഇവിടെയാണ് അദ്ദേഹം തന്റെ സ്വഛ പ്രകൃതിയുടെ വഴിയിലേക്ക് തിരിഞ്ഞുനടക്കാന്‍ തീരുമാനിച്ചിട്ടുണ്ടാവുക (6:79). സ്വാഭാവികമായും ഖുര്‍ആന്‍ അദ്ദേഹത്തെ സത്യത്തിലേക്ക് മടങ്ങുന്നവന്‍ എന്ന അര്‍ഥത്തില്‍ മുനീബ് (11:75) എന്ന് വിശേഷിപ്പിച്ചു. അറിയുക എന്നതിനേക്കാള്‍ പ്രധാനമാണ് ആ അറിവനുസരിച്ച് ജീവിക്കുക എന്നത്. തനിക്കു ബോധ്യപ്പെട്ട സത്യത്തിനനുസരിച്ചു ജീവിതത്തെ മാറ്റിപ്പണിയുവാന്‍ തയാറായ ഇബ്‌റാഹീം സമൂഹത്തിന്റെ മുമ്പില്‍ അതിനു തന്റെ കര്‍മം കൊണ്ട് സാക്ഷ്യവും തീര്‍ത്തു. അങ്ങനെയാണ് അദ്ദേഹം സ്വിദ്ദീഖ്”എന്ന വിശേഷണത്തിന്നു അര്‍ഹനായത്.
വിശുദ്ധ ഖുര്‍ആന്‍ ഹനീഫ്, മൂഖിന്‍, മുനീബ്, സ്വിദ്ദീഖ് എന്നീ വിശേഷണങ്ങള്‍ക്ക് പുറമേ ഇബ്‌റാഹീമിനെ ഹലീം, അവ്വാഹ്, മുനീബ് (11:75), ഇമാം, സ്വാലിഹ്, മുസ്‌ലിം, മുഹ്‌സിന്‍ എന്നീ നാമങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കുകയും, അല്ലാഹു അദ്ദേഹത്തെ തന്റെ കൂട്ടുകാരനായി സ്വീകരിച്ചതായി പറയുകയും (4:125) ചെയ്യുന്നുണ്ട്. അദ്ദേഹം സംശുദ്ധ ഹൃദയത്തിന്റെ ഉടമയായിരുന്നെന്നും (37:84), ഒരു വ്യക്തി എന്ന നിലയില്‍ പ്രസ്ഥാനം (ഉമ്മത്ത്) തന്നെ ആയിരുന്നുവെന്നും (16:120), തന്നില്‍ ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ണമായും നിര്‍വഹിച്ച (53:37) വിവേകമതിയായ (21:51) മാതൃകാ വ്യക്തിത്വമായിരുന്നുവെന്നും (60:4) വ്യക്തമാക്കുന്നുണ്ട്. ഈ ഓരോ വിശേഷണവും ഇബ്‌റാഹീം എന്ന ധവളിമയാര്‍ന്ന മഹാ വ്യക്തിത്വത്തിന്റെ ഉന്നത സ്വഭാവ ഗുണങ്ങളെയും ഭിന്ന ഭാവങ്ങളെയും ദ്യോതിപ്പിക്കുന്നു. തന്റെ സമൂഹം ആപതിച്ചിരിക്കുന്ന അന്ധവിശ്വാസത്തിന്റെ അട്ടിപ്പേറില്‍ സത്യം തിരിച്ചറിഞ്ഞ കാലം മുതലേ അദ്ദേഹം ഏറെ അസ്വസ്ഥനായിട്ടുണ്ടാവണം. ഇതാണ് അദ്ദേഹം അല്ലഹുവിനാല്‍ പ്രവാചകനായി തെരെഞ്ഞടുക്കപ്പെടുന്ന പശ്ചാത്തലം. പ്രവാചകനായ ഇബ്‌റാഹീമിനെ പിന്നെ നാം ഖുര്‍ആനില്‍ കാണുന്നത് ഏക ദൈവത്വത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും സമഗ്രമായി മാറ്റിപ്പണിയാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ഒരു സമ്പൂര്‍ണ വിപ്ലവകാരിയായാണ്. അദ്ദേഹം തന്റെ പിതാവിനെയും കുടുംബത്തെയും (6:74,75,83; 19:41-48), സമൂഹത്തെയും (6:80,81; 21:51-69) ഏകാധിപതിയായ ഭാരണാധികാരിയെയും (2:258) അഭിസംബോധന ചെയ്യുന്ന രംഗങ്ങള്‍ ഖുര്‍ആന്‍ വരച്ചു കാണിക്കുന്നുണ്ട്.
മനസ്സിന്റെ ആര്‍ദ്രത
അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തിന്റെ തന്നെ ഭാഗമായി ഈ വിപ്ലവകാരിയിലുണ്ടാവുന്ന വികാരം സമൂഹത്തോടുള്ള നന്മേഛയും ആര്‍ദ്രതയുമാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തെ 'ആര്‍ദ്രഹൃദയന്‍' എന്ന് അര്‍ഥമുള്ള 'അവ്വാഹ്' എന്ന് വിശേഷിപ്പിച്ചത്. ഇബ്‌റാഹീമിലെ ഈമാനിക ശക്തിയെ ദുര്‍ബലപ്പെടുത്താത്തതും നിശ്ചയദാര്‍ഢ്യത്തെ മൃദുലപ്പെടുത്താത്തതുമായ ആര്‍ദ്രത. സ്വതന്ത്ര മനസ്സുകളിലെ അവിശ്വാസത്തെയും ശത്രുതയെയും തെറ്റിദ്ധാരണകളെയും ബാഷ്പീകരിച്ചു കളയുന്ന ആര്‍ദ്രത. തത്ത്വചിന്തകളെക്കാളും അക്കാദമിക നേട്ടങ്ങളെക്കാളും വാഗ്‌ധോരണികളെക്കാളും ഏതൊരു മനുഷ്യനെയും വിമലീകരിക്കാന്‍ സഹായിക്കുന്ന സാന്ത്വന സ്പര്‍ശമായി അനുഭവപ്പെടുന്ന ആര്‍ദ്രത. മറ്റുള്ളവരുടെ വേദനകളും ദുഃഖങ്ങളും സ്വന്തം ദുഃഖമായും വേദനയായും അനുഭവിക്കുന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്ന ആര്‍ദ്രത. കുറ്റത്തെ വെറുക്കുമ്പോഴും കുറ്റവാളികളായ മനുഷ്യരെ അവര്‍ അര്‍ഹിക്കുന്നതിലേറെ സ്‌നേഹിച്ച് അവരുടെ മനസ്സില്‍ സൃഷ്‌ട്യോന്മുഖ മാറ്റത്തിന്റെ മന്ദ മാരുതത്തലോടലായി അനുഭവപ്പെടുന്ന ആര്‍ദ്രത...
ട്രാന്‍സ് ജോര്‍ദാനില്‍ ഇസ്‌ലാമിക പ്രബോധനത്തിനു നിയോഗിച്ചിരുന്ന തന്റെ സഹോദര പുത്രനായ ലൂത്വ് നബിയുടെ ജനതയെ, പ്രകൃതി വിരുദ്ധ ലൈംഗികാരാജകത്വം കാരണമായി നശിപ്പിക്കാന്‍ പോകുന്ന വിവരമറിയിച്ചുകൊണ്ട് മാലാഖമാര്‍ ആഗതരാവുമ്പോള്‍, മാലാഖമാരോട് ആ സമൂഹത്തെ ശിക്ഷിക്കുന്നതിലെ ന്യായാന്യായത പറഞ്ഞു തര്‍ക്കിക്കുന്ന ഇബ്‌റാഹീമില്‍ നാം കാണുന്നത് ഈ ആര്‍ദ്രതയുടെയും ദയയുടെയും മനസ്സാണ് (11:74). ആ ആര്‍ദ്ര മനസ്സിന്റെ തന്നെ പ്രതിഫലനമാണ് തന്നെ വീട്ടില്‍നിന്ന് നിര്‍ദാക്ഷിണ്യം പുറത്താക്കുന്ന പിതാവിനോട് അദ്ദേഹത്തിന്റെ സമാധാനത്തിനും സുരക്ഷക്കും വേണ്ടി പ്രാര്‍ഥിച്ച ശേഷം 'ഞാന്‍ നിങ്ങളുടെ പാപമോചനത്തിനു വേണ്ടി എന്റെ നാഥനോട് പ്രാര്‍ഥിക്കുമെന്ന' വാക്കുകൊടുക്കുന്നതും (19:47). ഒരു യഥാര്‍ഥ വിപ്ലവകാരി താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തോട് എന്തുമാത്രം ആര്‍ദ്രതയുള്ളവനായിരിക്കണമെന്ന പാഠമാണ് ഇതിലൂടെ നല്‍കുന്നത്. സത്യവിശ്വാസത്തെ നിത്യഫലദായകമായ, തണലും കുളിരും നല്‍കുന്ന വൃക്ഷത്തോട് ഉപമിച്ചുകൊണ്ടുളള സൂക്തം വിശുദ്ധ ഖുര്‍ആനില്‍ 'ഇബ്‌റാഹീം' എന്ന പേരിലുള്ള അധ്യായത്തിലായത് യാദൃഛികമല്ല(14:24,25). മനസ്സ് ഇത്രയും ആര്‍ദ്രമാകാന്‍ അതിനു മാത്രം നിഷ്‌കളങ്കത വേണം. ആര്‍ദ്രതയാണ് സ്‌നേഹമായി ഉരുകുന്നത്. ആര്‍ദ്രത മനുഷ്യനിലെ സര്‍വ മാനസിക സുകുമാര ഗുണങ്ങളുടെയും പിതാവാണ്. അസൂയ, വെറുപ്പ്, വിദ്വേഷം, കൃതഘ്‌നത തുടങ്ങിയ മനോരോഗങ്ങള്‍ ആര്‍ദ്രതയെയും സ്‌നേഹത്തെയും ദയയെയും നന്ദിബോധത്തെയും ഒക്കെ നശിപ്പിക്കുന്ന കളകളാണ്.
ഇബ്‌റാഹീമിന്റെ മനസ്സ് ഈ കളകളില്‍നിന്നെല്ലാം പൂര്‍ണമായും മുക്തമായി നേരത്തേ പറഞ്ഞ രൂപത്തിലുള്ള എല്ലാ സദ്ഭാവങ്ങളുടെയും സുകുമാര ഗുണങ്ങളുടെയും വിളനിലമായതുകൊണ്ട് കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍ ആ മനസ്സിനെ 'സുരക്ഷിത മനസ്സ്' എന്ന അര്‍ഥത്തിലുള്ള 'ഖല്‍ബുന്‍ സലീം' (37:84) എന്ന് വിശേഷിപ്പിച്ചത്.
ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തില്‍ അദ്ദേഹം കാണിച്ച ക്ഷമയും, വിവേകവും നിശ്ചയദാര്‍ഢ്യവും നിസ്തുലമായിരുന്നു. അതുകൊണ്ട് കൂടിയാണ് അദ്ദേഹം 'ഹലീം' എന്ന് വിശേഷിപ്പിക്കപ്പെട്ടത്. അദ്ദേഹം തന്റെ പ്രബോധനം ഒറ്റയാനായാണ് തുടങ്ങിയത്. കുടുംബത്തില്‍ നിന്ന് തന്നെ കടുത്ത എതിര്‍പ്പ് നേരിട്ടു. പിതാവ് അദ്ദേഹത്തെ സ്വന്തം ഗൃഹത്തില്‍നിന്ന് പുറത്താക്കി. അദ്ദേഹത്തിന്റെ പ്രബോധന ദൗത്യം ഇറാഖില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. അത് ശാമിലേക്കും അറേബ്യയിലേക്കും ഒക്കെ വ്യാപിച്ചിരുന്നു. തന്റെ തന്നെ മക്കളായ ഇസ്മാഈലിനെയും ഇസ്ഹാഖിനെയും യഥാക്രമം അറേബ്യയിലും ശാമിലും, തന്റെ സഹോദര പുത്രനായ ലൂത്വിനെ ട്രാന്‍സ് ജോര്‍ദാനിലും നിയോഗിച്ചു കൊണ്ട് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായ മാനവ വിഭവത്തെ അദ്ദേഹം സമുചിതമായി ഉപയോഗപ്പെടുത്തി.
അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണ് വെള്ളവും വിളയുമില്ലാത്ത മക്കാ മരുഭൂമിയില്‍, മനുഷ്യരാശിക്ക് വേണ്ടി നിര്‍മിക്കപ്പെട്ട ആദ്യ ഗേഹത്തിന്നടുത്ത് ഹാജറയെയും ഇസ്മാഈലിനെയും ഇബ്‌റാഹീം നബി കൊണ്ടാക്കുന്നത് (14:37). (ബൈബിള്‍ പറയുന്നതുപോലെ, സാറയുടെ ഭാഗത്തുനിന്നുമുള്ള അസൂയയും കുശുമ്പും കാരണമായല്ല ഈ മാറ്റിപ്പാര്‍പ്പിക്കല്‍. സാറയെക്കുറിച്ച് അങ്ങനെ ആരോപിക്കുന്നത് മഹാനായ പ്രവാചകന്റെ ഭാര്യയെ ഇകഴ്ത്തലാണ്. ഒന്നാം ഭാര്യയുടെ അസൂയ ശമിപ്പിക്കാന്‍ തന്റെ രണ്ടാം ഭാര്യയെയും മകനെയും ഉപേക്ഷിക്കുന്ന സ്വഭാവമാകട്ടെ ഇബ്‌റാഹീമിനെ പോലുള്ള ഒരു പ്രവാചകനെന്നല്ല, ഒരു സാധാരണ മനുഷ്യനു പോലും യോജിച്ചതുമല്ല). ഇവിടെ, മാനസികമായും ശാരീരികമായും എത്ര തന്നെ പ്രയാസകരമായി അനുഭവപ്പെട്ടിരിക്കാമെങ്കിലും, ദൈവ കല്‍പന അനുസരിക്കുന്നിടത്ത് അദ്ദേഹം ഒരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. അതിലുമേറെയായിരുന്നു അദ്ദേഹത്തിനു അല്ലാഹുവിലുള്ള പ്രതീക്ഷ. അദ്ദേഹം മക്കയില്‍ വിട്ടേച്ചു പോകുമ്പോള്‍ പിഞ്ചു കുഞ്ഞായ ഇസ്മാഈലിനെ മാറോടണച്ച് ഹാജറ അദ്ദേഹത്തോട് ചോദിക്കുന്ന ഒരു രംഗമുണ്ട്.“'നിങ്ങള്‍ എവിടെയാണ്/ ആരിലാണ് ഞങ്ങളെ വിട്ടേച്ചു പോകുന്നത്'”എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു നേരെ ഇബ്‌റാഹീം പാലിക്കുന്ന മൗനം ഭാര്യയെയും പിഞ്ചു കുട്ടിയെയും വേര്‍പിരിഞ്ഞു നില്‍ക്കുന്നതിലെ വേദനയുടേതാണെങ്കില്‍, 'അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണോ നിങ്ങള്‍ ഞങ്ങളെ ഇവിടെ കൊണ്ടാക്കിയത്'”എന്ന ഹാജറയുടെ അവസാന ചോദ്യത്തിനു 'അതെ' എന്ന മറുപടിയും, 'എങ്കില്‍, അല്ലാഹു നമ്മെ കൈവെടിയില്ല'”എന്ന ഹാജറയുടെ പ്രതീക്ഷാനിര്‍ഭരമായ വര്‍ത്തമാനവും (സ്വഹീഹുല്‍ ബുഖാരി), ശേഷമുണ്ടായ സംഭവങ്ങളും എല്ലാം സൂചിപ്പിക്കുന്നത് സാറയുടെ അസൂയ കൊണ്ടല്ല ഇബ്‌റാഹീം ഹാജറയെയും ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടാക്കിയത് എന്ന് തന്നെയാണ്. ചോദിച്ച ഹാജറയുടെയോ ഉത്തരം പറഞ്ഞ ഇബ്‌റാഹീമിന്റെയോ ഭാവനയിലോ ചിന്തയിലോ പോലും ഉണ്ടായിരുന്നിട്ടില്ലാത്ത ഈ ഒരു ആരോപണം, വംശീയ പരിസരത്തുനിന്നു കൊണ്ട് പരാമര്‍ശിച്ചതിലൂടെ ബൈബിള്‍ ഇബ്‌റാഹീമിന്റെയും സാറയുടെയും ധവളിമയാര്‍ന്ന വ്യക്തിത്വത്തെ നിറം കെടുത്തുകയാണ് ചെയ്തത്. വംശീയ വിദ്വേഷവും വെറുപ്പും കൃത്രിമമായി സൃഷ്ടിച്ച് പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിച്ച മത പുരോഹിതന്മാരെ നിരാശപ്പെടുത്തി, ഹാജറയും ഇസ്മാഈലും അനുഗ്രഹിക്കപ്പെട്ടവരായിരുന്നു എന്നതിനുള്ള എന്നും ജീവിക്കുന്ന അത്ഭുത തെളിവായി അല്ലാഹു സംസമിനെ അവശേഷിപ്പിച്ചു. ഇബ്‌റാഹീമീ ചരിത്രത്തില്‍നിന്ന് മക്കയെ തമസ്‌കരിക്കാനുള്ള ശ്രമത്തെ കൂടിയാണ് സംസമിന്റെ സാന്നിധ്യം പരാജയപ്പെടുത്തിയത്.
മക്കയിലെ നാഗരികത
മക്കയില്‍ വളര്‍ന്ന ഇസ്മാഈല്‍ അല്ലാഹു ഇബ്‌റാഹീമിനെ ഏല്‍പിച്ച ദൗത്യത്തെ അറബ് പ്രദേശത്തു പ്രബോധനം ചെയ്യാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനായിത്തീര്‍ന്നു. വറ്റാത്ത സംസം ഉറവ കണ്ടത്തിയതോടുകൂടി നാടോടികളായിരുന്ന ജുര്‍ഹൂം ഗോത്രക്കാര്‍ മക്കയില്‍ അധിവാസം ഉറപ്പിച്ചു. സംസം, മക്കയില്‍ ജനങ്ങള്‍ വളരെ ദീര്‍ഘ കാലത്തെ ഇടവേളക്കുശേഷം വീണ്ടും അധിവസിക്കാന്‍ തുടങ്ങിയത്, ഇസ്മാഈലിന്റെ പ്രവാചകത്വം തുടങ്ങിയവ ഇബ്‌റാഹീമിന്റെ പ്രാര്‍ഥനക്കുള്ള ഉത്തരം കൂടിയായിരുന്നു. ഇസ്മാഈലി പാരമ്പര്യത്തില്‍നിന്ന് മുഹമ്മദ് നബി ആഗതനായതും, മക്കയും അതിന്റെ പരിസര പ്രദേശങ്ങളും കോടിക്കണക്കിനു ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ഥാടന കേന്ദ്രമായി മാറിയതും, ആ മരുഭൂ പ്രദേശത്തു ജീവിക്കുന്ന ആളുകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുന്ന സകലമാന ഭക്ഷ്യവിഭവങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതും ഇബ്‌റാഹീമിന്റെ പ്രാര്‍ഥനക്ക് നല്‍കപ്പെട്ട ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉത്തരങ്ങളാണ്.
മനുഷ്യരാശിക്കുവേണ്ടി നിര്‍മിക്കപ്പെട്ട ആദ്യത്തെ ഗേഹമായ കഅ്ബ ഇബ്‌റാഹീമും ഇസ്മാഈലും കൂടി അതിന്റെ അസ്ഥിവാരത്തില്‍ പുനര്‍നിര്‍മിച്ചപ്പോള്‍ ഇബ്‌റാഹീം നബി നിന്ന സ്ഥലത്തുള്ള അദ്ദേഹത്തിന്റെ പാദമുദ്രയെ പില്‍ക്കാലക്കാര്‍ക്ക് ആവേശം പകരുന്ന ചരിത്രാവശിഷ്ടമായി നിലനിര്‍ത്തുകയും, അദ്ദേഹം അധിവസിച്ച പ്രദേശത്തെ നിസ്‌കാരത്തിന്റെ സ്ഥലമാക്കുകയും, ഹാജറ വെള്ളമന്വേഷിച്ചു നടത്തിയ സ്വഫാ-മര്‍വാക്കിടയിലെ ഓട്ടത്തെ അന്വേഷണത്തിന്റെയും അധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും പ്രതീകമായി നില നിര്‍ത്തുകയും, ഇസ്മാഈലിനെ ബലിയറുക്കാന്‍ ഇബ്‌റാഹീം ഒരുമ്പെട്ട സംഭവത്തെ എല്ലാ കാലത്തെയും മനുഷ്യര്‍ക്ക് നിത്യ പ്രചോദനമാകുന്ന ഒരു ആരാധനയും ആഘോഷവുമാക്കി നിശ്ചയിക്കുകയും ചെയ്ത ഇസ്‌ലാം ചരിത്രത്തിനും അന്ധവിശ്വാസത്തിനുമിടയില്‍ അതിര്‍ വരമ്പിടുക കൂടിയാണ് ഇതിലൂടെ ചെയ്തത്.
ഇബ്‌റാഹീം നബി തന്റെ പ്രബോധന മാര്‍ഗത്തില്‍ കാണിച്ച ധൈര്യവും നിശ്ചയദാര്‍ഢ്യവും തന്ത്രവും അത്ഭുതപ്പെടുത്തുന്നതാണ്. ജനങ്ങളെ അവര്‍ ചെയ്യുന്ന കാര്യങ്ങളിലെ യുക്തിരാഹിത്യം ബോധ്യപ്പെടുത്തുന്നതിനു സകല വിഗ്രഹങ്ങളെയും അദ്ദേഹം നശിപ്പിച്ചു, ഏറ്റവും വലിയ വിഗ്രഹത്തെ ഒഴിച്ച്. ഏറ്റവും വലിയ വിഗ്രഹത്തെ നിലനിര്‍ത്തിയത്, അദ്ദേഹത്തിന്റെ ഉദ്ദേശ്യം വിഗ്രഹം നശിപ്പിക്കല്‍ ആയിരുന്നില്ല എന്നതിനെ കുറിക്കുന്നു. അല്ലെങ്കിലും മനസ്സുകളില്‍ കെട്ടിയുണ്ടാക്കിയ വിഗ്രഹങ്ങളെ നശിപ്പിക്കാതെ കേവലം കെട്ടിടങ്ങളില്‍ കിടക്കുന്നവയെ നശിപ്പിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് വിവേകിയായ അദ്ദേഹം മനസ്സിലാക്കാതിരിക്കില്ല.. സാധാരണക്കാരുടെ ഭാഷയില്‍ സംവദിച്ചുകൊണ്ട് തന്നെ ചര്‍ച്ചയെ ധൈഷണിക തലത്തില്‍ ഉയര്‍ത്തുകയായിരുന്നു അദ്ദേഹം. ഇബ്‌റാഹീം നബിയുടെ യുക്തിഭദ്രമായ ചോദ്യങ്ങള്‍ക്കും സമര്‍ഥമായ സമീപനത്തിനും മുമ്പില്‍ ഇളിഭ്യരായ വ്യാജ മത പൗരോഹിത്യ-സ്വേഛാധിപത്യ കൂട്ടുകെട്ട് ആദ്ദേഹത്തെ അഗ്‌നികുണ്ഡത്തില്‍ എറിയാന്‍ തീരുമാനിക്കുന്നു. ഒരു തരത്തിലുള്ള ഭയവും ബേജാറും വെപ്രാളവും കാണിക്കാതെ വളരെ ശാന്തനായി ഈ പരീക്ഷണത്തെ അഭിമുഖീകരിക്കുന്ന ഇബ്‌റാഹീം നബി ആരിലും അത്ഭുതവും ആദരവും സൃഷ്ടിക്കും. അധികാരം തന്റെ കൈയിലാണ് ഉള്ളത് എന്നതിനാല്‍ തന്റെ അധികാര പരിധിക്കുള്ളില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യരും തന്റെ ആജ്ഞക്കും ഇംഗിതത്തിനുമനുസരിച്ചു മാത്രമേ ജീവിക്കാവൂ എന്നു കരുതിയ ഏകാധിപതിയായ ഭരണാധികാരിയുമായി സംവാദത്തിലേര്‍പ്പെടുന്ന ഇബ്‌റാഹീമിനെ വരച്ചു കാണിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍ (2:258). പ്രകൃതിനിയമങ്ങളുടെ സംവിധായകന്റെ ആജ്ഞാ നിരോധങ്ങള്‍ക്കനുസരിച്ചാണ് മനുഷ്യ സ്വാതന്ത്ര്യത്തെ രൂപപ്പെടുത്തേണ്ടത് എന്ന ഇബ്‌റാഹീമിന്റെ വളരെ യുക്തി ഭദ്രമായ വാദത്തിനു മുമ്പില്‍ ഏകാധിപതിക്ക് ഉത്തരം മുട്ടുന്നത് ആരുടെയും ചിന്തയെ തൊട്ടുണര്‍ത്തും. ഇത് കാണിക്കുന്നതു ആര്‍ദ്ര ഹൃദയത്തിനുടമയായിരുന്ന ഇബ്‌റാഹീം ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം തന്നെ സ്വതന്ത്ര മനുഷ്യരെ പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ കൊണ്ട് വരിഞ്ഞു മുറുക്കുന്ന, അവരുടെ വിഭവങ്ങളെ ചൂഷണം ചെയ്യുന്ന സകലമാന ഏകാധിപത്യ സ്വേഛാധിപത്യ പൈശാചിക ശക്തികള്‍ക്കുമെതിരെ സമരം നയിച്ചിരുന്നു എന്നാണ്. ഈ സമര്‍പ്പണത്തിന്റെയും സമരത്തിന്റെയും സേവനത്തിന്റെയും സമന്വിത ഭാവമാണ്, ഇബ്‌റാഹീമിന്റെ ബലിയെയും ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും സമര്‍പ്പണത്തെയും ആ മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്ന സകലമാന ദുശ്ശക്തികള്‍ക്കുമെതിരിലുള്ള നിരന്തരമായ സമരത്തെയും അനുസ്മരിച്ചും അതിനെ കാലാകാലങ്ങളില്‍ പുനരാവിഷ്‌കരിച്ചും നടത്തപ്പെടുന്ന ഹജ്ജിനോടനുബന്ധിച്ച ബലിയും കല്ലേറും. അല്ലാഹുവിന്റെ കല്‍പനയെ അനുസരിക്കുന്നിടത്തു പുത്ര വാത്സല്യമോ നാട്ടുനടപ്പോ നിയമങ്ങളോ ഭീഷണികളോ പ്രലോഭനങ്ങളോ സ്വന്തം ഇഛ തന്നെയോ തടസ്സമാവാതെ പ്രപഞ്ചനാഥന്‍ തന്റെ സ്വാതന്ത്ര്യത്തെ അവിഭാജ്യമായ രൂപത്തില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഇതാ ഞാന്‍ എന്റെ ജീവിതത്തെ പ്രപഞ്ചനാഥനു സമര്‍പ്പിച്ചിരിക്കുന്നു' എന്ന് പ്രഖ്യാപിച്ച മുസ്‌ലിം ആയിരുന്നു ഇബ്‌റാഹീം(അ). അതുകൊണ്ടാണ് അദ്ദേഹം മനുഷ്യരാശിക്കാകമാനമുള്ള മാതൃകയായും വിശേഷിപ്പിക്കപ്പെട്ടത് (60:4).
(അവസാനിച്ചു)
Comments