നവ ജനാധിപത്യവും പുതുകാല കാമ്പസും പ്രതീക്ഷതന്നെയാണ്
'പൊറോട്ട വിധവയായി' എന്നൊരു വാചകം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. മഹാരാഷ്ട്രയില്‍ ബീഫ് നിരോധമുണ്ടായ ഘട്ടത്തില്‍ അജ്ഞാതനായ ഏതോ ന്യൂജനറേഷന്‍ നടത്തിയ രാഷ്ട്രീയ പരിഹാസമായിരുന്നു അത്. കനമുള്ള ഈ പരിഹാസത്തില്‍ അടങ്ങിയിരിക്കുന്ന രാഷ്ട്രീയത്തെ വിശദീകരിക്കേണ്ടതില്ല. ഏകാധിപതികള്‍ പോലും ചൂളിപ്പോയ ഹാസ്യത്തിന്റെ നാള്‍വഴികളില്‍ രേഖപ്പെടുത്തപ്പെടാവുന്ന ഒന്നാണിത്. ഫേസ്ബുക്കിലും വാട്‌സാപ്പിലും ഒഴുകിപ്പരക്കുന്ന സന്ദേശങ്ങളില്‍ രാഷ്ട്രീയ വിമര്‍ശത്തിന്റെയും ഫാഷിസ്റ്റ് പ്രതിരോധത്തിന്റെയും ഇത്തരം നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താനാകും. എന്നാല്‍ പുതുതലമുറയെ അരാഷ്ട്രീയരെന്ന് മുദ്രകുത്താനാണ് പലര്‍ക്കും താല്‍പര്യം. ന്യൂജനറേഷന്‍ എന്ന വാക്ക് തന്നെയും അരാഷ്ട്രീയതയായി കാണുന്നവരുമുണ്ട്.
പുതുതലമുറയുടെ ആക്ടിവിസം ഒന്നുവേറെ തന്നെയാണ് എന്നറിയാത്തവരാണവര്‍. യഥാര്‍ഥത്തില്‍ രാഷ്ട്രീയമെന്ന് വിശ്വസിക്കപ്പെടുന്ന സംഘങ്ങള്‍ എത്രമാത്രം സാമൂഹിക വിരുദ്ധരാണെന്നതിന്റെ തെളിവാണ് സി.ഇ.ടി കാമ്പസില്‍ തസ്‌നി എന്ന പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ വെളിപ്പെട്ടത്. കാമ്പസിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ എസ്.എഫ്.ഐയുടെ 'ആക്ടിവിസത്തിന്റെ' ഇരയായിരുന്നു തസ്‌നി. കേരളത്തിലെ കാമ്പസുകളില്‍ എതിര്‍ ശബ്ദങ്ങളെ കായികമായി അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ മുഖം ഇനിയും പൊതുസമൂഹത്തില്‍ വേണ്ടത്ര അനാവരണം ചെയ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാലഹരണപ്പെട്ട രൂപങ്ങളായി ദീര്‍ഘകാലം കാമ്പസുകളില്‍ തുടരാമെന്ന ധാരണയെ കാലം തിരുത്തുമെന്ന് തിരിച്ചറിയേണ്ടത് അവര്‍ തന്നെയാണ്. ജാതിയെയും മതത്തെയും വിശകലനം ചെയ്യുന്നതിലടക്കം മാതൃപ്രസ്ഥാനത്തിന്റെ പോലും പിന്നില്‍ നടക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. ഒരു ദശകത്തിനിടക്ക് ഏതെങ്കിലുമൊരു ജൈവികമായ മുദ്രാവാക്യമെങ്കിലും ആ സംഘടനക്ക് കാമ്പസുകളില്‍ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ? അത്രമേല്‍ ഊഷരമാണ് മുഖ്യധാരാ കാമ്പസ് രാഷ്ട്രീയമെന്ന് ചുരുക്കം.
പുതുകാല രാഷ്ട്രീയം പൂവും കായുമായിത്തീരാന്‍, പുതുകാല മുദ്രാവാക്യങ്ങള്‍ക്ക് ജീവന്‍വെക്കാന്‍ കേരളത്തിലെ കാമ്പസുകള്‍ ഇനിയും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ഒരു ദശകത്തിനിടക്ക് കാമ്പസുകളില്‍ വന്ന വലിയ മാറ്റം അതിന്റെ ജനാധിപത്യവത്കരണം തന്നെയാണ്. ഇടത് ഫാഷിസത്തിന്റെ കരാളതയില്‍ ഞെരിഞ്ഞമര്‍ന്ന നിരവധി കാമ്പസുകളില്‍ ജനാധിപത്യത്തിന്റെ വായുസഞ്ചാരമുണ്ടായത് മത സാമൂഹികതയുടെ കാര്‍മികത്വത്തിലായിരുന്നു. വടക്ക് മടപ്പളളി ഗവണ്‍മെന്റ് കോളേജ് മുതല്‍ തെക്ക് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് വരെ ഇന്ന് നവജനാധിപത്യത്തിന്റെ പേറ്റ് നോവനുഭവിക്കുകയാണ്. അധികാരവും സന്നാഹങ്ങളുമുള്ള വിദ്യാര്‍ഥി സംഘങ്ങള്‍ കയറാന്‍ മടിച്ച കാമ്പസുകളില്‍ ആത്മവിശ്വാസത്തോടെ പ്രവേശിക്കാനും ചോരയും നീരും നല്‍കി ജനാധിപത്യത്തിന്റെ തുറസ്സുകള്‍ തീര്‍ക്കാനും എസ്.ഐ.ഒ മുന്‍കൈയെടുത്തു. ഇന്ന് പല കാമ്പസുകളിലും വ്യത്യസ്ത സംഘടനകളുടെ പതാകകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിന് പിന്നില്‍ ഈ ഇടപെടലുകളുടെ പങ്ക് നിഷേധിക്കാനാവാത്തതാണ്. എങ്കിലും കേരളത്തിലെ കാമ്പസുകളില്‍ കാലമാവശ്യപ്പെടുന്ന രാഷ്ട്രീയം ശക്തിപ്പെട്ടുവെന്ന് പറയാനാവില്ല. സംവാദാത്മക ജനാധിപത്യവും സാമൂഹിക നീതിയും മുഖ്യപരിഗണനയായിത്തീരുന്ന നവജനാധിപത്യമുന്നേറ്റങ്ങളാണ് ഇനിയുണ്ടാകേണ്ടത്.
പരമ്പരാഗത രാഷ്ട്രീയ ചേരിയില്‍ നിന്ന് അത്തരമൊരു മുന്നേറ്റം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. പുതിയ രാഷ്ട്രീയത്തിന് പുതിയ സാമൂഹിക വിശകലനങ്ങളും വായനകളും ആവശ്യമാണ്. ഫാഷിസ്റ്റ് ഭീഷണിയുടെ സാഹചര്യം കൂടി പരിഗണിക്കപ്പെടണം. ഇടതുപക്ഷം സവര്‍ണ രാഷ്ട്രീയത്തിന്റെ ബി ടീമായി മാറുകയാണ്. കാനം രാജേന്ദ്രനും വി. മുരളീധരനുമെല്ലാം ചില വിഷയങ്ങളില്‍ തോളോട് തോള്‍ ചേരുന്നതിന്റെ രസതന്ത്രമതാണല്ലോ. ഇടതും വലതും വായിച്ച പുസ്തകങ്ങളില്‍ നിന്നോ പ്രയോഗിച്ച സിദ്ധാന്തങ്ങളില്‍ നിന്നോ പുതുകാലം രൂപപ്പെടില്ല. അടിച്ചമര്‍ത്തപ്പെടുന്നവരും നീതി നിഷേധിക്കപ്പെടുന്നവരും സ്വന്തമായ ചേരിയായി രൂപപ്പെടുകയും പ്രതിരോധങ്ങളുയര്‍ത്തുകയുമാണ് വഴി. സാമൂഹിക നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന എല്ലാവരുടെയും കൂട്ടായ്മയാകണമത്. ഇതിന് കാമ്പസുകളില്‍ നിന്ന് മാതൃകകള്‍ സൃഷ്ടിക്കപ്പെടണം.
പുതിയ തലമുറയുടെ രാഷ്ട്രീയാഭിമുഖ്യത്തെ തിരിച്ചറിയല്‍ ഇക്കാര്യത്തില്‍ പ്രധാനമാണ്. അവരെ കുറ്റപ്പെടുത്തിക്കൊണ്ട്, ഭൂതകാലത്തിന്റെ തടവറയില്‍ നിന്ന് പുറത്ത് കടക്കാതെയുള്ള കാല്‍വെപ്പുകള്‍ക്ക് പ്രസക്തിയില്ല. മാണി ബജറ്റവതരിപ്പിച്ച ദിവസം മലയാളിക്ക് മറക്കാനാവില്ലല്ലോ. അന്ന് നിയമസഭയില്‍ ഭരണകക്ഷിയും പ്രതിപക്ഷവും ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ പെരുമാറിയപ്പോള്‍ വി.ടി ബല്‍റാം എന്ന യുവ എം.എല്‍.എ ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാതിരുന്നത് പല രൂപത്തില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹത്തിന് പരമ്പരാഗത രാഷ്ട്രീയത്തിലെ കോപ്രായങ്ങള്‍ പുതുതലമുറയില്‍ ഒരു ചലനവുമുണ്ടാക്കില്ലെന്ന് ബോധ്യമുണ്ടായിരിക്കണം. എന്നാല്‍ ഈ ബോധ്യം അദ്ദേഹമടക്കം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് പോലുമുണ്ടായിട്ടില്ലെന്നത് വേറെ കാര്യം. ചുവരെഴുത്തുകളെ യാഥാര്‍ഥ്യബോധ്യത്തോടെ അഭിമുഖീകരിക്കാന്‍ നമുക്കാകണം. ഫാഷിസം എല്ലാ ഊര്‍ജവും സംഭരിച്ച് നമ്മുടെ സാമൂഹിക ജീവിതത്തില്‍ വിഷം കലര്‍ത്തികൊണ്ടിരിക്കുകയാണ്. കലാലയങ്ങളില്‍ കാവിപ്പോക്കിരികളെ നിയമിച്ചും പാഠപുസ്തകങ്ങളില്‍ മിത്തുകളും പച്ചക്കള്ളങ്ങളും കുത്തിനിറച്ചും അവര്‍ നമ്മെ അധിനിവേശം ചെയ്യുകയാണ്. ഫാഷിസത്തിന്റെ പ്രത്യക്ഷരൂപങ്ങളെ തിരിച്ചറിയുന്നത് പോലെതന്നെ പ്രധാനമാണ്, അതിന്റെ പരോക്ഷ സാന്നിധ്യത്തെ വായിച്ചെടുക്കുന്നത്. മസ്തിഷ്‌കം പണയപ്പെടുത്താന്‍ തയാറല്ലാത്ത ഒരു കൂട്ടരെക്കൊണ്ട് മാത്രമാണിതിനെ പ്രതിരോധിക്കാനാവുക. വൈജ്ഞാനികമായ പുതിയ വായനകളെ ഏറ്റെടുക്കാനാകണം. പ്രതിരോധം കാമ്പസുകളിലും തെരുവിലും ഒരുപോലെ വളരണം. അതിന് പുതുതലമുറക്ക് കഴിയും. അതെ, നവജനാധിപത്യവും പുതുകാലകാമ്പസും പ്രതീക്ഷതന്നെയാണ്.
(ലേഖകന്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റാണ്)
Comments