പ്രപഞ്ചത്തിന്റെ തുടക്കവും ഒടുക്കവും
പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്ന് മനുഷ്യരെ പഠിപ്പിച്ചത് മതമാണ്. പ്രപഞ്ചം എന്നെന്നും നിലനിന്നിരുന്നു എന്നും അതിന് ആരംഭമില്ലെന്നും വാദിച്ചുകൊണ്ടിരുന്ന വിവിധതരം ഭൗതികവാദ ആശയങ്ങള്‍ക്ക് മധ്യേ പ്രപഞ്ചത്തിന് നിശ്ചിതമായൊരു ആരംഭമുണ്ടെന്ന് മതം സിദ്ധാന്തിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെയും വലിയൊരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചത്തിന് ആരംഭമില്ലെന്ന വീക്ഷണം ശാസ്ത്രീയമാണെന്ന ധാരണയില്‍ കഴിഞ്ഞു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നതിന് വിവിധതരം ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കോസ്‌മോളജിസ്റ്റുകള്‍ക്കിടയിലെ ഏറ്റവും അംഗീകൃതമായ സിദ്ധാന്തം പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവും ഉണ്ടെന്ന 'ബിഗ് ബാങ്ങ്' സിദ്ധാന്തമാണ്. ശാസ്ത്രത്തിന്റെ പരിമിതി കണക്കിലെടുക്കുമ്പോള്‍ ഈ സിദ്ധാന്തത്തിലും ഒട്ടേറെ പോരായ്മകള്‍ കാണാനാവും. എങ്കിലും പ്രപഞ്ചത്തിന് തുടക്കവും ഒടുക്കവും ഉണ്ടെന്ന മതത്തിന്റെ ചിരപുരാതന പ്രപഞ്ചവീക്ഷണത്തെ സ്ഥിരീകരിക്കാന്‍ ആധുനിക ഗോളശാസ്ത്രം നിര്‍ബന്ധിതമായി എന്നത് തത്ത്വശാസ്ത്ര ചരിത്രത്തിലെ നിര്‍ണായക സംഭവമാണ്. ഇതൊക്കെയാണ് യാഥാര്‍ഥ്യമെങ്കിലും ഒറ്റപ്പെട്ട ചില ശാസ്ത്രജ്ഞര്‍ പ്രപഞ്ചത്തിന് ആരംഭമില്ലെന്ന പഴയ ഭൗതികവാദ നിലപാട് മുറുകെപിടിക്കാനുള്ള വിഫലശ്രമം തുടരുന്നുണ്ട്. കോസ്‌മോളജിസ്റ്റുകള്‍ക്കിടയില്‍ ഇവര്‍ പരിഹാസ്യ കഥാപാത്രങ്ങളാണെങ്കിലും നമ്മുടെ നാട്ടിലെ ചില ശാസ്ത്ര സാഹിത്യകാരന്മാര്‍ക്ക് ഇതൊക്കെ 'വലിയ' ശാസ്ത്ര ചിന്തകളായി തോന്നുന്നത് സ്വാഭാവികമാണ്. ഗോളശാസ്ത്രജ്ഞനായ ജയന്ത് വി. നാര്‍ലികര്‍, ശാസ്ത്രലോകം തിരസ്‌കരിച്ച ഇത്തരം ആശയങ്ങളുടെ വക്താവാണ്. രാജഗോപാല്‍ കമ്മത്ത്, നാര്‍ലികറുടെ വാദങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ലേഖനവും അഭിമുഖവും മാധ്യമം ആഴ്ചപ്പതിപ്പില്‍ (2011 ഏപ്രില്‍ 18) പ്രസിദ്ധീകരിച്ചിരുന്നു. ബിഗ്ബാങ്ങ് സിദ്ധാന്തത്തേക്കാള്‍ ശാസ്ത്രീയമാണ് തന്റെയും സഹഗവേഷകരുടെയും നവസ്ഥിരസ്ഥിതി സിദ്ധാന്തമെന്ന ഡോ. നാര്‍ലികറുടെ അവകാശവാദം വിമര്‍ശനാത്മകമായി വിലയിരുത്തുകയാണിവിടെ.
അഭിമുഖം നടത്തിയ ഡോ. കമ്മത്ത് എഴുതുന്നു: ''ഇന്ന് നിലവിലുള്ള ഒരു സിദ്ധാന്തവും തെറ്റെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. പ്രപഞ്ചത്തെ നാം പൂര്‍ണമായും മനസ്സിലാക്കുന്നതുവരെ എല്ലാ സാധ്യതകളും നാം കണക്കിലെടുക്കണം'' (പേജ് 22). ഈ നിലപാട് പ്രഖ്യാപിക്കുന്ന ലേഖനത്തിന്റെ ശീര്‍ഷകം 'പ്രപഞ്ചത്തിനൊരു തുടക്കവും ഒടുക്കവുമില്ല' എന്നായത് വൈരുധ്യമല്ലേ? പ്രപഞ്ചത്തിന് തുടക്കവും ഒടുക്കവും ഉണ്ടെന്ന ബിഗ്ബാങ്ങ് സിദ്ധാന്തം തെറ്റാണെന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം പ്രപഞ്ചത്തിനൊരു തുടക്കവും ഒടുക്കവുമില്ലെന്ന് അസന്ദിഗ്ധമായി പറയുകയും ചെയ്യുന്ന ലേഖകന്‍ തന്നെയാണ് മേല്‍വരികള്‍ കുറിച്ചത്!! 'ഒരു സിദ്ധാന്തവും തെറ്റെന്ന് പറയാനാവില്ല' എന്ന് പറയുന്ന ആള്‍ തന്നെ ഒരു സിദ്ധാന്തം തെറ്റാണെന്നും മറ്റൊരു സിദ്ധാന്തം ശരിയാണെന്നും പറയുന്നതിലെ വൈരുധ്യം നില്‍ക്കട്ടെ. 'പ്രപഞ്ചത്തെ നാം പൂര്‍ണമായും മനസ്സിലാക്കുന്നതുവരെ എല്ലാ സാധ്യതകളും നാം കണക്കിലെടുക്കണം' എന്ന് പ്രസ്താവിക്കുന്ന ലേഖകന്‍ തന്നെ ശാസ്ത്രലോകത്ത് പൊതുവെ സ്വീകാര്യതയുള്ള പ്രപഞ്ചത്തിന് തുടക്കവും ഒടുക്കവുമുണ്ട് എന്ന ബിഗ്ബാങ്ങ് സിദ്ധാന്തത്തെ തള്ളി പ്രപഞ്ചത്തിന് തുടക്കവും ഒടുക്കവുമില്ല എന്ന് സംശയലേശമന്യേ പ്രഖ്യാപിക്കുന്നു! സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്ത ഇത്തരം അഭിപ്രായങ്ങള്‍ ശാസ്ത്രത്തിന്റെയോ യുക്തിയുടെയോ മേഖലയില്‍ പെടുത്താന്‍ യോഗ്യതയുള്ളവയല്ല എന്ന് ആര്‍ക്കും വ്യക്തമാവും. എങ്കിലും ഇതൊക്കെ ശാസ്ത്രമായും 'ശാസ്ത്രത്തിന്റെ വര്‍ത്തമാനമായും' ചിലരെങ്കിലും ധരിക്കുന്നത് മലയാള വായനക്കാരുടെ നിര്‍ഭാഗ്യമായി കരുതാം.
ലേഖകന്‍ നാര്‍ലികറുടെ ആശയങ്ങള്‍ അവതരിപ്പിച്ച് എഴുതുന്നു: ''1370 കോടി വര്‍ഷം മുമ്പ് ഒരു മഹാ സ്‌ഫോടനത്തില്‍ ഉത്ഭവിച്ച പ്രപഞ്ചം തുടര്‍ന്ന് വികസിച്ച് ഇന്നത്തെ നിലയിലായി എന്നാണ് പരികല്‍പന. എന്നാല്‍ മഹാസ്‌ഫോടനം എന്നൊരു സംഭവം നടന്നിട്ടേയില്ല എന്നും പ്രപഞ്ചം സ്ഥിരമായി നിലനിന്നുവരികയാണെന്നും പ്രപഞ്ച വികാസം അതിന്റെ തനതായ സ്വഭാവമാണെന്നും ഇടക്കിടെ വികാസത്തിനനുസൃതമായി ചെറു സൃഷ്ടി സംഭവങ്ങളില്‍ ദ്രവ്യം തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്നും തന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറയുന്നു'' (പേജ് 20). ഇവിടെ തുടക്കത്തില്‍ ഉദ്ധരിച്ച ലേഖകന്റെ വാചകങ്ങളെ ആസ്പദമാക്കി ന്യായമായും ഒരു സംശയം ഉന്നയിക്കാം: 'പ്രപഞ്ചത്തെ നാം പൂര്‍ണമായും മനസ്സിലാക്കുന്നതുവരെ എല്ലാ സാധ്യതകളും നാം കണക്കിലെടുക്കണം.' എങ്കില്‍ 'മഹാസ്‌ഫോടനം എന്നൊരു സംഭവം നടന്നിട്ടേയില്ല' എന്ന് പറയുന്നതെങ്ങനെ?
നാര്‍ലികറുടെ 'പഠനങ്ങളുടെ വെളിച്ചത്തില്‍' എന്ന നിലക്ക് മുകളില്‍ എഴുതിയ ആശയങ്ങളെല്ലാം ദശകങ്ങള്‍ക്ക് മുമ്പേ ബ്രിട്ടീഷ് ഗോളശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയല്‍ അവതരിപ്പിച്ചതാണ് എന്ന വസ്തുതയിരിക്കട്ടെ. ആശയങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കൂടുതല്‍ കൗതുകങ്ങള്‍ കാണാം. മഹാ വിസ്‌ഫോടനത്തെത്തുടര്‍ന്ന് പ്രപഞ്ചം വികസിക്കാന്‍ തുടങ്ങി എന്ന ബിഗ്ബാങ്ങ് മാതൃക തള്ളുന്ന നാര്‍ലികര്‍ തന്നെ 'പ്രപഞ്ച വികാസം അതിന്റെ തനതായ സ്വഭാവമാണെ'ന്ന് അംഗീകരിക്കുന്നു. പ്രപഞ്ചം വികസിക്കണമെങ്കില്‍ അത് ചുരുങ്ങിയ അവസ്ഥയില്‍ ആദ്യം സ്ഥിതിചെയ്യണ്ടേ? ചുരുങ്ങിയ അവസ്ഥയില്‍ അനന്തകാലത്തോളം സ്ഥിതി ചെയ്ത ശേഷം പിന്നെ വികസിക്കാന്‍ തുടങ്ങി എന്നു കരുതുന്നതിനേക്കാള്‍ എത്രയോ യുക്തിപരമാണ് ഇല്ലായ്മയില്‍ നിന്ന് വിസ്‌ഫോടനത്തോടെ ആവിര്‍ഭവിച്ച് വികാസം തുടങ്ങിയതാണ് പ്രപഞ്ചം എന്നു കരുതുന്നത്. 'ഇല്ലായ്മയില്‍ നിന്നും ഉണ്ടായി' എന്നത് സൃഷ്ടിവാദമാണെന്നും അത് ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതല്ലെന്നും ചിലര്‍ വാദിച്ചേക്കാനിടയുണ്ട്. ഡോ. കമ്മത്തിന്റെ ഈ ചോദ്യവും നാര്‍ലികര്‍ നല്‍കിയ മറുപടിയും നോക്കൂ: ''ചോ: താങ്കളുടെ ക്വാസി സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന് വിദൂരമായ ഭൂതകാലത്തില്‍ ഒരു തുടക്കമില്ലായിരുന്നു. മനുഷ്യര്‍ ദൈനംദിനമായി അനുഭവിച്ചുവരുന്നത് തുടക്കവും ഒടുക്കവുമുള്ള കാര്യങ്ങളാണ്. ആകാശഗോളങ്ങളുടെ ഉദയാസ്തമയങ്ങളും ജീവിതം തന്നെയും ഇപ്രകാരമാണ്. ഈ കാരണങ്ങളാണ് പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവുമുണ്ടെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സിദ്ധാന്തങ്ങള്‍ രൂപവത്കരിച്ചതും ഈ ചിന്തയെ മുന്‍നിര്‍ത്തിയായിരിക്കണം? ഉത്തരം: മനുഷ്യന്റെ ചരിത്രം പരിശോധിച്ചാല്‍ സാമൂഹികപരമായ മുന്‍ധാരണകള്‍ (ഉല്‍പത്തി) പലേടങ്ങളിലും സ്വാധീനം ചെലുത്തുന്നതായി കാണാം. ഇത്തരം സ്വാധീനങ്ങള്‍ ശാസ്ത്രത്തിലുണ്ടാകാന്‍ പാടുള്ളതല്ല. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങളുടെ വിശ്വാസ്യതക്ക് ഭംഗം വരുത്തുന്നവയാണ് ഇത്തരം സ്വാധീനങ്ങള്‍. പ്രപഞ്ച വിജ്ഞാനീയത്തില്‍ ഇത് ധാരാളമായി കടന്നുവരുന്നതായി കാണുന്നു'' (പേജ് 17).
'പ്രപഞ്ചത്തിന്റെ ഉത്ഭവം' എന്നത് സാമൂഹികമായ മുന്‍ധാരണയാണെന്നും അത് ശാസ്ത്രത്തില്‍ പാടില്ലെന്നുമാണ് നാര്‍ലികറുടെ വാദം. എന്നാല്‍ 'പ്രപഞ്ചത്തിന് തുടക്കമില്ല' എന്നതും സാമൂഹികമായ മുന്‍ധാരണ തന്നെയല്ലേ? അതെങ്ങനെയാണ് ശാസ്ത്രമാവുന്നത്? 'തുടക്കമില്ല' എന്നത് 'തുടക്കമുണ്ട്' എന്നതിനേക്കാള്‍ അശാസ്ത്രീയമല്ലേ? പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ ഉത്ഭവം ശാസ്ത്രത്തിന്റെ തന്നെ വിഷയമാണ്. മനുഷ്യന്റെ ഉല്‍പത്തി മുതല്‍ നക്ഷത്രങ്ങളുടെ ഉത്ഭവത്തെപ്പറ്റി വരെയും, കണങ്ങളുടെ ഉത്ഭവം മുതല്‍ മണ്ഡലങ്ങളുടെ ഉത്ഭവം വരെയും കണ്ടെത്താന്‍ ശ്രമിക്കുന്ന ശാസ്ത്രം പ്രഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റി മാത്രം ചിന്തിക്കരുതെന്നും 'പ്രപഞ്ചത്തിന് തുടക്കമില്ല' എന്നതാണ് ശാസ്ത്രമെന്നും പറയുന്നത് ശാസ്ത്രജ്ഞനാണെങ്കിലും അശാസ്ത്രീയതയാണ്.
ഇവിടെ ശ്രദ്ധേയമായ മറ്റൊന്നുണ്ട്. പ്രപഞ്ചം ഒന്നാകെ ഉത്ഭവിച്ചു എന്നത് അശാസ്ത്രീയമായി കാണുന്ന നാര്‍ലികര്‍ തന്നെ. '... ഇടക്കിടെ വികാസത്തിനനുസൃതമായി ചെറുസൃഷ്ടിസംഭവങ്ങളില്‍ ദ്രവ്യം തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്ന്' പറയുന്നുണ്ട് താനും. അതായത് പ്രപഞ്ചം ഒന്നിച്ചുണ്ടായതല്ല, മറിച്ച് അല്‍പാല്‍പമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്! ഒരിക്കല്‍ പ്രപഞ്ചം ഉത്ഭവിച്ചു എന്നത് അശാസ്ത്രീയതയായി കാണുന്ന നാര്‍ലികര്‍ (അനേകം പ്രാവശ്യം) 'ദ്രവ്യം തുടര്‍ച്ചയായി ഉണ്ടാകുന്നു'വെന്ന് സിദ്ധാന്തിക്കുന്നു! ഓരോ രുത്തരും അവരവര്‍ക്ക് തോന്നിയത് പ്രസ്താവിച്ച ശേഷം ശാസ്ത്രമെന്ന ലേബലൊട്ടിച്ചാല്‍ അതൊക്കെ ശാസ്ത്രമാവുന്നതെങ്ങനെ? ചുരുങ്ങിയത് ഉയര്‍ന്ന ശാസ്ത്ര തത്ത്വങ്ങളല്ലെങ്കിലും സാമാന്യബുദ്ധിക്കെങ്കിലും നിരക്കുന്നതാകേണ്ടേ?
മറ്റൊരു ചോദ്യത്തിനുത്തരമായി നാര്‍ലികര്‍ ഇങ്ങനെയും പറയുന്നു: ''പ്രപഞ്ചത്തില്‍ ദ്രവ്യത്തിന്റെ സൃഷ്ടി സ്ഥിരമായി ഉണ്ടാകുന്നു''. ദ്രവ്യത്തിന് ഉത്ഭവമുണ്ടെന്നും ദ്രവ്യം തുടര്‍ച്ചയായി ഉത്ഭവിച്ചുകൊണ്ടിരിക്കുന്നു എന്നും സിദ്ധാന്തിക്കുന്നത് ശാസ്ത്രമാണ്. എന്നാല്‍ പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നോ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്നോ സിദ്ധാന്തിച്ചാല്‍ അത് അശാസ്ത്രീയതയും!
നാര്‍ലികറുടെ ആശയങ്ങള്‍ പരിചയപ്പെടുത്തി ഡോ. കമ്മത്ത് മറ്റൊരിടത്ത് എഴുതുന്നു: ''പ്രാദേശികമായ സൃഷ്ടി സംഭവങ്ങള്‍ പ്രപഞ്ചത്തില്‍ ധാരാളമായി ഉണ്ടാകുന്നു'' (പേജ് 22). ഇങ്ങനെ സിദ്ധാന്തിക്കുന്നത് ശാസ്ത്രവും പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നോ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്നോ സിദ്ധാന്തിക്കുന്നത് അശാസ്ത്രീയതയും!
സൂര്യനേക്കാള്‍ വലിപ്പമുള്ള നക്ഷത്രങ്ങള്‍ സ്വന്തം ഗുരുത്വാകര്‍ഷണത്താല്‍ ചുരുങ്ങുമ്പോഴാണ് തമോഗര്‍ത്തങ്ങള്‍ (Black holes) ഉണ്ടാകുന്നത്. എന്നാല്‍ ചില നക്ഷത്രങ്ങള്‍ ചുരുങ്ങുമെങ്കിലും ബ്ലാക്ക് ഹോളുകളാകാതെ ചുരുങ്ങല്‍ ഇടക്ക് നിന്ന് വികസിക്കാന്‍ തുടങ്ങുന്നു. ഇവയെ നിയര്‍ ബ്ലാക്ക് ഹോളുകള്‍ എന്നാണ് വിളിക്കുക. ഇതേപ്പറ്റി ലേഖകന്‍ കുറിക്കുന്നു: ''ഇവ സൃഷ്ടിയുടെ കേന്ദ്രങ്ങളാണ്. ഇവയിലെ സൃഷ്ടിപ്രക്രിയയില്‍ ഉണ്ടാകുന്ന ദ്രവ്യം ഒരു പൊട്ടിത്തെറിയിലൂടെ പുറത്തേക്കൊഴുകുന്നു. മഹാ സ്‌ഫോടനത്തിന്റെ ചെറിയ പതിപ്പാണിത്'' (പേജ് 22). ചെറിയ സ്‌ഫോടനങ്ങള്‍ എത്രയും ഉണ്ടാകുന്നുവെന്നും ഉണ്ടാകാമെന്നും കരുതുന്നയാള്‍ മഹാ സ്‌ഫോടനം അചിന്ത്യമായി കണക്കാക്കുന്നതിലെ അശാസ്ത്രീയത സാമാന്യ ശാസ്ത്രബോധമുള്ളവര്‍ക്കു പോലും ഗ്രാഹ്യമാവും.
ചെറിയ സ്‌ഫോടനങ്ങള്‍ ശാസ്ത്രമാകുന്നതിന്റെയും മഹാ സ്‌ഫോടനം ശാസ്ത്രമാകാത്തതിന്റെയും കാരണം ലേഖകന്‍ ഇങ്ങനെ വിവരിക്കുന്നു: ''ഇത്തരം സൃഷ്ടിസംഭവങ്ങളെ ഭരിക്കുന്നത് ഭൗതിക ശാസ്ത്ര നിയമങ്ങള്‍ തന്നെയെന്ന് നാര്‍ലികര്‍ പറയുന്നു. .... എന്നാല്‍, മഹാ സ്‌ഫോടനം എന്ന സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭൗതികശാസ്ത്ര നിയമങ്ങളേതൊക്കെയെന്ന് അതിന്റെ വക്താക്കള്‍ക്ക് പറയാനാകുന്നില്ല'' (പേജ് 23).
ഒന്നാമതായി, മഹാ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭൗതികനിയമം ഗുരുത്വാകര്‍ഷണമാണെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് ചൂണ്ടിക്കാട്ടുന്നു.
രണ്ടാമതായി, ഒരു സിസ്റ്റത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നതും അതിന്റെ ഉത്ഭവം (ഒറിജിന്‍) വിശദീകരിക്കുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണെന്ന് മനസ്സിലാക്കാനുള്ള ശാസ്ത്രബോധമെങ്കിലും നമുക്ക് വേണ്ടേ? പ്രാപഞ്ചിക നിരീക്ഷണങ്ങളില്‍ നിന്നു ലഭ്യമായ നിരവധി വസ്തുതകളെ ആധാരമാക്കിയാണ് മഹാ സ്‌ഫോടന സിദ്ധാന്തം രൂപവത്കരിക്കപ്പെടുന്നത്. പ്രപഞ്ചോത്ഭവ ബിന്ദുവായ സിങ്കുലാരിറ്റി (singularity)വരെയും വിശദീകരിക്കാന്‍ ശാസ്ത്രീയമോ ഭൗതികമോ ആയ സങ്കല്‍പങ്ങള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ ഒരു സിസ്റ്റത്തിന്റെയും ഉത്ഭവം ആ സിസ്റ്റത്തിനകത്തെ നിയമങ്ങള്‍ കൊണ്ട് വിശദീകരിക്കാനാവില്ലെന്ന സാമാന്യ ലോജിക്ക് ശാസ്ത്രത്തിനും ബാധകമാണ്. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ സോഫ്റ്റ്-ഹാര്‍ഡ്‌വെയര്‍ നിയമങ്ങള്‍ മതിയാകും. എന്നാല്‍ കമ്പ്യൂട്ടറിന്റെ ഉത്ഭവം വിശദീകരിക്കാനോ? അവക്ക് സാധ്യമേയല്ല. അതുകൊണ്ടുതന്നെ മഹാ സ്‌ഫോടനത്തിനപ്പുറം പ്രവര്‍ത്തിച്ച ഭൗതികനിയമങ്ങള്‍ വ്യക്തമാക്കണമെന്ന് ശഠിക്കുന്നയാള്‍ക്ക് ശാസ്ത്രബോധമില്ല എന്നാണ് കരുതേണ്ടത്.
മൂന്നാമതായി, മഹാ സ്‌ഫോടനം വരെയും പ്രപഞ്ചമാതൃകയെ അവതരിപ്പിക്കാന്‍ അതിന്റെ വക്താക്കള്‍ക്ക് കഴിയുന്നുണ്ടെന്ന് നാര്‍ലികറുടെ കമന്റില്‍ നിന്നും മനസ്സിലാക്കാം. അതിനപ്പുറമുള്ള ഭൗതിക നിയമങ്ങള്‍ വിശദീകരിക്കാനാവുന്നില്ല എന്നു മാത്രമാണല്ലോ അദ്ദേഹത്തിന്റെ പരാതി. മഹാ സ്‌ഫോടനത്തിനപ്പുറം പ്രവര്‍ത്തിച്ച ഭൗതിക നിയമങ്ങള്‍ വിശദീകരിക്കണം എന്ന് പറയുന്നയാള്‍ മഹാ സ്‌ഫോടനത്തിനപ്പുറം ഭൗതികനിയമങ്ങള്‍ തന്നെയാണുള്ളത് എന്ന മുന്‍ധാരണക്കാരനാണെന്ന് വ്യക്തം. ഈ മുന്‍ധാരണ അശാസ്ത്രീയമാണ്. മഹാ സ്‌ഫോടന സിദ്ധാന്തക്കാര്‍ക്ക് ഇത്തരം മുന്‍ധാരണയില്ലാത്തതുകൊണ്ട് അറിയാവുന്ന ഭൗതിക നിയമങ്ങള്‍ മാത്രം അവര്‍ വിശദീകരിച്ച് ശാസ്ത്രീയമായി അറിയാനാകാത്തവയെപ്പറ്റി അവര്‍ മൗനം പാലിക്കുന്നു. നാര്‍ലികറുടെ മുന്‍ധാരണയേക്കാള്‍ ശാസ്ത്രീയം അജ്ഞാതമായതിനെക്കുറിച്ചുള്ള മൗനം തന്നെയാണ്.
ഇവിടെ ഏറെ കൗതുകകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്: 'മഹാസ്‌ഫോടനം എന്ന സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭൗതിക ശാസ്ത്ര നിയമങ്ങളേതൊക്കെയെന്ന് അതിന്റെ വക്താക്കള്‍ക്ക് പറയാനാവുന്നില്ല' എന്നതാണല്ലോ നാര്‍ലികറുടെ വിമര്‍ശനം. പ്രപഞ്ചോത്ഭവ സന്ദര്‍ഭത്തിലെ 'ഒരു മഹാ സ്‌ഫോടന'ത്തിന്റെ പ്രശ്‌നമാണിത്. എന്നാല്‍ പകരം പ്രപഞ്ചത്തില്‍ 'ചെറു സ്‌ഫോടനങ്ങള്‍' തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്നാണ് നാര്‍ലികര്‍ സങ്കല്‍പം. ഇവക്ക് പിന്നിലെ ഭൗതികനിയമങ്ങള്‍ നാര്‍ലികര്‍ വ്യക്തമാക്കിയിട്ടുണ്ടോ? ഇല്ലെന്നതാണ് യാഥാര്‍ഥ്യം. 'അനേകം ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മഹാ സ്‌ഫോടന സിദ്ധാന്തം നിലകൊള്ളുന്നത്' എന്നെഴുതിയ ശേഷം ഡോ. കമ്മത്ത് തന്നെ ഇങ്ങനെ സമ്മതിക്കുന്നു: ''എന്നാല്‍ സൃഷ്ടിമണ്ഡലം മാത്രമാണ് നാര്‍ലികറുടെ മാതൃകയില്‍ ഈ രീതിയില്‍ മുന്നോട്ടുവെക്കുന്ന ഘടകം'' (പേജ് 23). അതായത് നാര്‍ലികര്‍ സിദ്ധാന്തിക്കുന്ന സൃഷ്ടിമണ്ഡലം ഊഹമാണെന്നര്‍ഥം. പ്രപഞ്ചത്തില്‍ നിരന്തരം സൃഷ്ടി നടക്കുന്നു എന്ന ഊഹപരമ്പര തന്നെ മുന്നോട്ടുവെക്കുന്ന നാര്‍ലികര്‍ മഹാ സ്‌ഫോടന സിദ്ധാന്തത്തിലെ പ്രാരംഭ ഊഹത്തെ അശാസ്ത്രീയമെന്ന് വിശേഷിപ്പിക്കുന്നത് രണ്ട് കാലില്‍ മന്തുള്ളയാള്‍ ഒരു കാലില്‍ മന്തുള്ളയാളെ പരിഹസിക്കുന്നതുപോലെയല്ലേ?
യഥാര്‍ഥത്തില്‍, നാര്‍ലികറുടെയും മറ്റും പുതിയ ഭാഷ്യം മുന്നോട്ടുവെക്കുന്നതിന് മുമ്പുള്ള സ്റ്റഡിസ്റ്റേറ്റ് സിദ്ധാന്തത്തിന്റെ പഴയ ഭാഷ്യത്തില്‍ ഈ 'തുടര്‍ച്ചയായ സൃഷ്ടി'യുടെ യാതൊരു വിശദീകരണങ്ങളും നല്‍കിയിരുന്നില്ല. തോമസ് ഗോള്‍ഡോ ഹെര്‍മന്‍ ബോണ്ടിയോ യാതൊരു വിശദീകരണവും നല്‍കാതിരിക്കെ മറ്റൊരു ഉപജ്ഞാതാവായ ഫ്രെഡ് ഹോയിലാണ് 'സൃഷ്ടിമണ്ഡലം' (C-Field) എന്ന സങ്കല്‍പം അഭ്യൂഹിച്ചത്.
ഇനി, ഒരു ചോദ്യോത്തരം പരിശോധിക്കാം. ''ചോ: 1920-കളില്‍ ഹബിള്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഗാലക്‌സികള്‍ അകലുന്നുവെന്നും അതുവഴി പ്രപഞ്ചം വികസിക്കുകയാണെന്നും അനുമാനിച്ചു. ഈ വികാസത്തെ താങ്കള്‍ എങ്ങനെ ഈ ആശയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നു?
ഉ: ഹബിള്‍ മുന്നോട്ടുവെച്ച ചുമപ്പു നീക്കത്തെക്കുറിച്ചുള്ള വ്യാഖ്യാനം തന്നെയാണ് ക്വാസി സ്റ്റഡി സ്റ്റേറ്റ് മാതൃകയും നല്‍കുന്നത്. അതുപ്രകാരം പ്രപഞ്ചം വികസിക്കുന്നു. എന്നാല്‍ ചാക്രികമായി വികാസത്തിനു ശേഷം ഒരു ചുരുക്കവുമുണ്ട്. ഓരോ 5000 കോടി വര്‍ഷം കൂടുമ്പോഴും ഈ ചാക്രിക പ്രക്രിയ ആവര്‍ത്തിക്കുന്നു എന്നതാണ് ആശയം'' (പേജ് 17).
പ്രപഞ്ചം വികസിക്കുമെന്നും അത് ചുരുങ്ങുമെന്നും മഹാ സ്‌ഫോടന സിദ്ധാന്തം പറയുന്നു. എന്നാല്‍ നാര്‍ലികറുടെ ആശയപ്രകാരം ഓരോ 5000 കോടി വര്‍ഷം കൂടുന്തോറും ഇതാവര്‍ത്തിക്കുന്നു. പ്രപഞ്ചത്തിന് തുടക്കവും ഒടുക്കവും ഉണ്ടെന്ന് പറഞ്ഞാല്‍ ശാസ്ത്രമാവില്ല എന്നു വാദിക്കുന്നയാള്‍ തുടക്കവും ഒടുക്കവും അനേകവട്ടം ആവര്‍ത്തിക്കപ്പെടുന്നു എന്നു സിദ്ധാന്തിക്കുന്നത് ശാസ്ത്രമാവുന്നതെങ്ങനെ എന്ന് വിശദീകരിക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ തുടക്കത്തിനും ഒടുക്കത്തിനും അനുകൂലമായ തെളിവുകളാണ് ഗോളശാസ്ത്ര നിരീക്ഷണങ്ങള്‍ നല്‍കുന്നത്. ഇത് ആവര്‍ത്തിക്കുമെന്നതിന് അത്രപോലും ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നതാണ് വസ്തുത.
മറ്റൊരു ചോദ്യോത്തരം നോക്കാം: ''ചോ: താങ്കളുടെ ഗുരുവായ ഫ്രെഡ് ഹോയ്‌ലാണ് മഹാ സ്‌ഫോടന സിദ്ധാന്തത്തെ ബിഗ്ബാങ്ങെന്ന് കളിയാക്കി വിളിച്ചത്. എന്നാല്‍ ആ പേരുതന്നെ പില്‍ക്കാലത്ത് ശ്രദ്ധേയമായി. ബിഗ്ബാങ്ങ് പരികല്‍പനയെ തള്ളിക്കളയുന്ന പ്രധാന തെളിവെന്തായിരിക്കും? ഉ: മഹാ സ്‌ഫോടന സിദ്ധാന്തമനുസരിച്ച് പ്രപഞ്ചമുണ്ടായത് 1370 കോടി വര്‍ഷം മുമ്പാണ്. എന്നാല്‍, ഈ കാലത്തിലുമധികം പ്രായമുള്ള നക്ഷത്രങ്ങളെയും മറ്റു വസ്തുക്കളെയും കണ്ടെത്താനിടയുണ്ട്. ഇത്തരം വസ്തുക്കള്‍, ആ സിദ്ധാന്തം യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നില്ലെന്ന് തെളിയിക്കും'' (പേജ് 18).
ഈ ചോദ്യോത്തരത്തില്‍ നിന്നും എന്താണ് മനസ്സിലാവുന്നത്? മഹാ വിസ്‌ഫോടനത്തെ തള്ളിക്കളയാന്‍ അസന്ദിഗ്ധമായ തെളിവുകളൊന്നും നിലവിലില്ല. ഭാവിയില്‍ ഉണ്ടായേക്കാം എന്ന് ആശ്വസിക്കാനേ നാര്‍ലികര്‍ക്ക് സാധിക്കുന്നുള്ളൂ!
പ്രപഞ്ചോല്‍പത്തിയെന്നല്ല, ഭാഷയുടെ ഉല്‍പത്തിയെക്കുറിച്ചു പോലും ഏതാനും പരികല്‍പനകളാണ് നമുക്കുള്ളത്. ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ അസന്ദിഗ്ധമായി തെളിയിക്കാവുന്നവയല്ല ഇവയൊന്നും. പ്രപഞ്ചോല്‍പത്തി സിദ്ധാന്തങ്ങളില്‍ പൊതുവെ സ്വീകാര്യമായത് മഹാ സ്‌ഫോടന സിദ്ധാന്തമാണ് എന്നേ പറയാനാവൂ. ഇതിന് തന്നെയും വിശദീകരിക്കാനാവാത്ത പല പ്രതിഭാസങ്ങളുമുണ്ട്. എന്നാല്‍ പൊതുവെ ശാസ്ത്രലോകം തിരസ്‌കരിച്ച സ്ഥിര സ്ഥിതി സിദ്ധാന്തമാണ് മഹാ സ്‌ഫോടന സിദ്ധാന്തത്തേക്കാള്‍ ശാസ്ത്രീയം എന്നു വാദിക്കുമ്പോള്‍ അസന്ദിഗ്ധമായ തെളിവുകള്‍ ഹാജാരാക്കാനാവണം. അതിനു നാര്‍ലികര്‍ അടക്കമുള്ളവര്‍ക്ക് സാധിച്ചിട്ടില്ല. അവര്‍ എതിര്‍ സിദ്ധാന്തത്തിന്റെ ദൗര്‍ബല്യങ്ങളായി കാണുന്നത് അവരുടെ തന്നെ സിദ്ധാന്തത്തിലും നിലീനമാണ്.
മഹാ സ്‌ഫോടന സിദ്ധാന്തത്തെ തിരസ്‌കരിച്ച് സ്ഥിരസ്ഥിതി സിദ്ധാന്തം മുന്നോട്ടുവെക്കുന്ന നാര്‍ലികറുടെ സമീപനത്തെക്കുറിച്ച് സാമാന്യമായ ചില വിലയിരുത്തലുകളാണ് മുകളിലേത്. Hoyle, Burbidge, Narlikar, Banerjee എന്നിവരുടെ ഗവേഷണങ്ങളിലെ സാങ്കേതികവും ശാസ്ത്രീയവുമായ തകരാറുകള്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി ഗോളശാസ്ത്ര വകുപ്പിലെ E.L Wright ചൂണ്ടിക്കാട്ടുന്നുണ്ട്. Errors in the Steady and Quasi- SS Models (20 Dec 2010) എന്ന അദ്ദേഹത്തിന്റെ പ്രബന്ധം www.astro.edu എന്ന സൈറ്റില്‍ വായിക്കാം.
Comments